മുഖ്യമന്ത്രി പിണറായി വിജയനെതിരെ തോക്കെടുക്കുമെന്ന് പറഞ്ഞത് ഇപ്പോൾ തോന്നുമ്പോൾ കടന്നുപോയെന്ന് പിസി ജോർജ്ജിന്റെ ഭാര്യ ഉഷ ജോർജ്. താൻ അപ്പോഴത്തെ വിഷമത്തിൽ പറഞ്ഞുപോയതാണെന്നും ഉഷ പറയുന്നു. കൊന്തക്കുരിശ് കാര്യമൊക്കെ പെട്ടെന്നുള്ള ദേഷ്യത്തിൽ പറഞ്ഞതാണ്.

പിസി ജോർജിന്റെ അറസ്റ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു കൊന്തയ്ക്ക് ശക്തിയുണ്ടെങ്കിൽ രാജിവെക്കുമെന്ന് ഉഷ പ്രതികരിച്ചത്. ദിവസങ്ങൾക്കകം സജി ചെറിയാന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടപ്പോൾ ഉഷയുടെ പ്രസ്താവന വലിയ രീതിയിൽ പ്രചരിക്കുകയും ചെയ്തിരുന്നു.

ഉഷ ജോർജിന്റെ വാക്കുകൾ;

ഭർത്താവിനെ പീഡനക്കേസിൽ അറസ്റ്റ് ചെയ്ത് കൊണ്ടു പോയി എന്ന് കേട്ടപ്പോൾ വല്ലാത്തൊരു അവസ്ഥയിലായിപ്പോയി. അദ്ദേഹം അങ്ങനെ ചെയ്യില്ലെന്ന് ഉറപ്പുണ്ട്. ആ സാഹചര്യത്തിൽ പ്രധാനമന്ത്രിയായിരുന്നെങ്കിൽ പോലും അങ്ങനെ തന്നെ പറഞ്ഞുപോകുമായിരുന്നു. കൊന്തക്കുരിശ് കാര്യമൊക്കെ പെട്ടെന്നുള്ള ദേഷ്യത്തിൽ പറഞ്ഞതാണ്.

സജി ചെറിയാനെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും ഉഷ പറഞ്ഞു. ഞാൻ കൃഷിയും ചെടിയുമൊക്കെയായി കഴിഞ്ഞുപോവുന്നയാളാണ്. ചാനലിന്റെ മുന്നിൽ പോലും ഞാൻ വരാറില്ല. അന്നത്തെ അവസ്ഥയിൽ വന്നുപോയതാണെന്നും ഉഷ പറഞ്ഞു. പി.സി ജോർജിന്റെ ഭാഗത്തു നിന്ന് അത്തരത്തിലൊരു പെരുമാറ്റം ഉണ്ടാവില്ലെന്ന് ഉറപ്പുണ്ട്. മോളെ എന്ന് വിളിച്ചിട്ട് മാത്രമാണ് സംസാരിക്കുക. ഷോണിന്റെ കുട്ടിയെ ചക്കരക്കൊച്ചേയെന്നാണ് വിളിക്കാറ്. അത്രമാത്രം സ്നേഹമാണ്. ആ രീതിയിലേ മറ്റുള്ളവരോടും സംസാരിക്കുറുള്ളൂ.