Kerala

കൊച്ചി: തൃക്കാക്കര നിയമസഭയില്‍ ചരിത്രം തിരുത്തി ഉമ തോമസ്. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം ഉമ രചിച്ചു കഴിഞ്ഞു. 2011ല്‍ ബെന്നി ബെഹ്നാന്‍ നേടിയ 22406 വോട്ടാണ് ഇതുവരെയുള്ള ഏറ്റവും വലിയ ലീഡ്. അത് വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ഉമ നേടിക്കഴിഞ്ഞൂ.

മണ്ഡലം രൂപീകരിച്ച ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് 2011ലായിരുന്നു. 2009ല്‍ ലോക്‌സഭ തിരഞ്ഞെടുപ്പും 2010ല്‍ തദ്ദേശ ഭരണ തിരഞ്ഞെടുപ്പും മണ്ഡലം കടന്നു. 2016ല്‍ പി.ടി തോമസ് 11,000ല്‍ പരം ഭൂരിപക്ഷം നേടി. 2021ല്‍ അത് 14,000 കടത്തി.

ആകെ വോട്ട് ചെയ്ത 1,35,00 വോട്ടില്‍ ഇതുവരെ ഉമ 55773 നേടിക്കഴിഞ്ഞൂ. 33,290 വോട്ട് ജോയും 10,861 വോട്ട് എ.എന്‍ രാധാകൃഷ്ണനും നേടി.

മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളോടുള്ള തന്റെ ആത്മ ബന്ധത്തെ കുറിച്ച് പറഞ്ഞ് പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍. മമ്മൂട്ടി തന്നെ പാര എന്ന് വിളിക്കുമെന്നും തനിക്ക് ആ വിളി ഇഷ്ടമാണെന്നും സന്തോഷ് ശിവന്‍ പറഞ്ഞു.

‘എന്നെ മമ്മൂട്ടി സാറ് പാര എന്ന് വിളിക്കും. തിരുവനന്തപുരത്ത് നിന്ന് ഒരു പാര എന്ന് വിളിക്കും. അത് എനിക്ക് വലിയ ഇഷ്ടമായിരുന്നു. കളിക്ക് പറയുന്നതാണെന്നും പിന്നീട് ആ വാക്ക് സിനിമയില്‍ ഉപയോഗിച്ചു. മോഹന്‍ലാലിനെക്കൊണ്ട് യോദ്ധയില്‍ ജഗതിയെ പാര എന്ന് വിളിപ്പിച്ചു’ അഭിമുഖത്തില്‍ സന്തോഷ് ശിവന്‍ കൂട്ടിച്ചേര്‍ത്തു.

ശശിധരന്‍ ആറാട്ടുവഴിയുടെ തിരക്കഥയില്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, മാസ്റ്റര്‍ സിദ്ധാര്‍ത്ഥ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1992ല്‍ പുറത്തിറങ്ങിയ ചിത്രമാണ് യോദ്ധാ. കേരളത്തിലും നേപ്പാളിലുമായി ചിത്രീകരിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സന്തോഷ് ശിവനായിരുന്നു.

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തിയ ജാക്ക് എന്‍ ജില്‍ ആണ് ഏറ്റവും പുതിയ സന്തോഷ് ശിവന്‍ ചിത്രം. കോമഡി സയന്‍സ് ഫിക്ഷന്‍ വിഭാഗത്തിലുള്ള ഒരു പരീക്ഷണ ചിത്രമായിരുന്നു ജാക് എന്‍ ജില്‍. കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, എസ്തര്‍ തുടങ്ങിയ വലിയൊരു താരനിരയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പി ടി തോമസിനെക്കാള്‍ ഇരട്ടി ലീഡില്‍ ഉമ തോമസ് മുന്നേറുമ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം ആരംഭിച്ചു. മഹാരാജാസ് കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ മുദ്രാവാക്യം വിളികളുമായാണ് പ്രവര്‍ത്തകരുടെ സന്തോഷ പ്രകടനം.

നിലിവില്‍ ഉമ തോമസിന്റെ ലീഡ് നില 13000 പിന്നിട്ടിരിക്കുകയാണ്. പോസ്റ്റൽ വോട്ട് എണ്ണി തുടങ്ങിയപ്പോൾ മുതൽ തന്നെ ഉമാ തോമസ് മുന്നേറ്റം ആരംഭിച്ചു. ആകെ പത്ത് വോട്ടുകളിൽ മൂന്ന് വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. മൂന്ന് വോട്ടുകൾ അസാധുവായി. രണ്ട് വോട്ടുകൾ എൽഡിഎഫിനും രണ്ട് വോട്ടുകൾ ബിജെപിക്കും ലഭിച്ചു.

ഇലക്ട്രോണിക് വോട്ടുകൾ എണ്ണുമ്പോഴും തുടക്കം മുതൽ തന്നെ ഉമാ തോമസ് ലീഡ് നിലനിർത്തുകയാണ്. 12 റൗണ്ടുകളായിട്ടാണ് വോട്ടെണ്ണല്‍. 21 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്. വിജയപ്രതീക്ഷയിലും തികഞ്ഞ ആത്മവിശ്വാസത്തിലുമാണ് മുന്നണികള്‍. 68.77 ശതമാനം മാത്രമാണ് ഇക്കുറി തൃക്കാക്കരയിലെ പോളിങ് ശതമാനം. ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും തങ്ങളുടെ വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് മുന്നണികള്‍ അവകാശപ്പെടുന്നത്.

യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണ് തൃക്കാക്കര. മണ്ഡലം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞാല്‍ പ്രതിപക്ഷത്തിന്റെ വിജയമായി അത് വിലയിരുത്തപ്പെടും. എല്‍.ഡി.എഫ് മണ്ഡലം പിടിച്ചാല്‍ അത് വന്‍ ചരിത്രമാകും. രണ്ടാം പിണറായി സര്‍ക്കാരിന് കിട്ടുന്ന അംഗീകാരമായി അത് മാറും.

മെയ് 31നായിരുന്നു തിരഞ്ഞെടുപ്പ്. 239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഉമ തോമസാണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിന് വേണ്ടി ജോ ജോസഫും ബിജെപിക്ക് വേണ്ടി എ എന്‍ രാധാകൃഷ്ണനുമാണ് മത്സരരംഗത്തുള്ളത്.

തൃക്കാക്കരയിൽ യുഡിഎഫ് തരംഗം ഉമതോമസ് വൻ വിജയത്തിലേക്ക്. തൃക്കാക്കരയില്‍ ആദ്യ റൗണ്ടില്‍ ഉമയ്ക്ക് 2,453 വോട്ടിന്റെ ലീഡ്. ആദ്യ ഒദ്യോഗിക കണക്കാണിത്. 21 ബൂത്തുകളിലും ഉമ തോമസാണ് മുന്നില്‍. കഴിഞ്ഞ തവണത്തേക്കാള്‍ ഉമ ഭൂരിപക്ഷം ഉയർത്തി.പി.ടി.തോമസിന് 2021ല്‍ ലഭിച്ച വോട്ടിനേക്കാള്‍ ഏറെ മുന്നില്‍.

വോട്ടെണ്ണലിന്റെ ആദ്യ ഘട്ടംമുതല്‍ ഉമാ തോമസ് ക്രമാനുഗതമായി ലീഡ് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. എറണാകുളം മഹാരാജാസ് കോളേജിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.

രാവിലെ 7.30-ന് സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സ്ട്രോങ് റൂം തുറന്ന് വോട്ടിങ് യന്ത്രങ്ങള്‍ പുറത്തെടുത്തു. എട്ടുമണിയോടെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണിയത്. 10 പോസ്റ്റല്‍ ബാലറ്റുകള്‍ മാത്രമേയുള്ളൂ. മുഴുവന്‍ വോട്ടുകളും എണ്ണിത്തീരാന്‍ 12 റൗണ്ട് വേണം. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക.

ആദ്യ റൗണ്ടില്‍ ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ഒന്നു മുതല്‍ 15 വരെയുള്ള ബൂത്തുകളിലെ വോട്ടുകള്‍ എണ്ണും. തുടര്‍ന്ന് മറ്റ് ബൂത്തുകളിലെ വോട്ടുകള്‍ എണ്ണും. ഇത്തരത്തില്‍ 12 റൗണ്ടുകളുണ്ടാകും. ആദ്യ 11 റൗണ്ടുകളില്‍ 21 ബൂത്തുകള്‍ വീതവും അവസാന റൗണ്ടില്‍ എട്ട് ബൂത്തുകളും എണ്ണും. 239 ബൂത്തുകളാണ് തൃക്കാക്കര നിയോജകമണ്ഡലത്തിലുള്ളത്.

ഭർത്താവിന്റെ വീട്ടിലെ കുളിമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കൊല്ലം സ്വദേശിനിയായ 42കാരി ആണ് കഴിഞ്ഞ 26ന് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ചേർത്തല കൊക്കോതമംഗലം അനന്തപുരി അപ്പുക്കുട്ടനെ (50) പോലീസ് അറസ്റ്റ് ചെയ്തു. കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

26ന് പകൽ 11.30ന് കൊക്കോതമംഗലത്തെ വീട്ടിലായിരുന്നു സംഭവം. കുളിമുറിയിൽ തെന്നി വീണെന്ന് പറഞ്ഞ് ഭർത്താവ് ഹേനയെ ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ചു. മരണം സ്ഥിരീകരിച്ചതിനാൽ പൊലീസിനെ അറിയിച്ച് പോസ്റ്റ്‌മോർട്ടം നടത്തി കൊല്ലത്തെ വീട്ടിൽ സംസ്‌കാരവും നടത്തി. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപാതകത്തിന്റെ സൂചനകളുണ്ടെന്നു കണ്ട് നടത്തിയ അന്വേഷണത്തിലാണ് അപ്പുക്കുട്ടന്റെ ക്രൂരത അറിഞ്ഞത്.

തലയ്ക്ക് പരിക്കും കഴുത്തിൽ വിരൽ അമർത്തിയതിന്റെ പാടുമുണ്ടെന്നുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വഴക്കിനിടയിൽ കഴുത്തിന് പിടിച്ചു തള്ളിയിടുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തതായാണ് പ്രതി നൽകിയ മൊഴി. 6 മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ഹേനയ്ക്ക് ചെറുപ്പം മുതലെ മാനസികാസ്വാസ്ഥ്യമുണ്ട്. വീട്ടുകാർ ഇക്കാര്യം വ്യക്തമാക്കിയാണ് വിവാഹം നടത്തിയത്. അടുത്ത സുഹൃത്തുക്കൾ വഴിയാണ് വിവാഹാലോചന വന്നത്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം.

കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളിക്ക് ഡോക്ടർമാർ ശസ്ത്രക്രിയ ഉൾപ്പെടെ വിദഗ്ധ ചികിത്സ നിർദേശിച്ചിട്ടുണ്ടെന്ന് പ്രതിഭാഗം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. ജോളിയുടെ ചികിത്സാരേഖകൾ ആവശ്യപ്പെട്ടാണ് പ്രതിഭാഗം കോടതിയിൽ എത്തിയിരിക്കുന്നത്. ജയിൽവാസത്തിനിടെ ജോളിക്ക് ഇതുവരെ നടത്തിയ ചികിത്സയുടെ രേഖകൾ വേണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

അപേക്ഷ ജൂൺ 16-ന് പരിഗണിക്കും. കൂടത്തായി കൊലപാതക പരമ്പര കേസിൽ അറസ്റ്റിലായ ജോളി കോഴിക്കോട് ജില്ലാ ജയിലിലാണ് വിചാരണത്തടവുകാരിയായി കഴിയുന്നത്. ജയിൽവാസത്തിനിടെ വാതത്തിനടക്കം വിവിധ രോഗങ്ങൾക്ക് ചികിത്സ തേടിയിരുന്നു. ഇതിനിടെയാണ് ശസ്ത്രക്രിയ വേണ്ട രോഗവും കണ്ടെത്തിയതെന്നാണ് വിവരം.

ഡോക്ടർമാർ വിദഗ്ധ ചികിത്സ നിർദേശിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് ചികിത്സയുടെ രേഖകൾ തേടി പ്രതിഭാഗം കോടതിയിൽ അപേക്ഷ നൽകിയത്. ആദ്യ ഭർത്താവ് ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയാണ് ജോളി. കേസിലെ രണ്ടാംപ്രതിയായ എംഎസ് മാത്യുവിന് ആഴ്ചകൾക്ക് മുമ്പ് സുപ്രീംകോടതി ജാമ്യം നിഷേധിച്ചിരുന്നു. ഒരു വ്യക്തിയെ അല്ല, ഒരു കുടുംബത്തെ ഒന്നാകെ കൊലപ്പെടുത്തിയ കേസാണ് ഇതെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്.

മദ്യപാന സദസ്സിലെ പാട്ടിനെ ചൊല്ലിയുണ്ടായ തർക്കത്തിന് ഒടുവിൽ സുഹൃത്തുക്കൾ ഇരട്ടകൊലപാതക കേസിലെ പ്രതിയെ തലക്കടിച്ച് കൊലപ്പെടുത്തി.വഴയില ഇരട്ടകൊലപാതക കേസിലെ പ്രതി വിഷ്ണുരൂപ് എന്ന മണിച്ചനെ (34) യാണ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.

മദ്യപാനത്തിനിടെ പാടിയ പാട്ട് മണിച്ചന് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിനെ ചൊല്ലി തർക്കം ആരംഭിക്കുകയും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയും ആയിരുന്നു.സംഭവുമായി ബന്ധപ്പെട്ട് പ്രതികളായ ദീപക് ലാൽ, അരുൺ ജി രാജീവ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ നേരത്തെ ക്രിമിനൽ കേസുകളിൽ പ്രതികളല്ലെന്നു പോലീസ് പറഞ്ഞു. അരുൺ ക്ഷേത്രത്തിലെ പൂജാരിയാണ്. ഗുണ്ടാപകയല്ല കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

വഴയില ആറാംകല്ലിലെ സ്വകാര്യ ലോഡ്ജിൽ ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. 31–ാം തീയതി മുതൽ മണിച്ചനും സുഹൃത്തുക്കളും മുറിയെടുത്ത് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ പാട്ടുപാടിയത് മണിച്ചന് ഇഷ്ടമായില്ലെന്ന് പറഞ്ഞ് വാക്കേറ്റമായി. മുൻപ് പ്രതികളെ മണിച്ചൻ മർദിച്ചിരുന്നു. ഇതെല്ലാം തർക്കത്തിന് വിഷയമായി. ഒടുവിൽ അടിപിടിയുണ്ടാകുകയും ചുറ്റിക കൊണ്ട് മണിച്ചൻ്റെ തലക്കടിച്ച് പ്രതികൾ കൃത്യം നടത്തുകയും ആയിരുന്നെന്ന് പോലീസ് പറയുന്നു.

മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ മണിച്ചനേയും ഹരിയേയും ആക്രമിച്ച ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നു.പ്രതികളെ പിടികൂടിയത് പിന്നാലെ റൂറൽ എസ്പി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വിഷ്ണുരൂപിന്റെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കൊൽക്കത്തയിലെ നസ്രുൽ മഞ്ചിൽ നടന്ന സംഗീതനിശയിൽ പാടിക്കൊണ്ടിരിക്കെയാണ് ബോളിവുഡ് ഗായകൻ കെകെ അസ്വസ്ഥത ആദ്യം കാണിച്ചത്. വിയർത്തുകുളിച്ച ഗായകൻ എസി പ്രവർത്തിക്കുന്നില്ലേ എന്ന് പലതവണ സംഘാടകരോട് ചോദിച്ചിരുന്നു. ഒടുവിൽ അസ്വസ്ഥത കൂടിയതോടെ ഹോട്ടലിലേക്ക് തിരികെ പോയ കെകെ തളർന്നുവീഴുകയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയുമായിരുന്നു.

ഇനിയും ആരാധകർക്ക് തങ്ങളുടെ പ്രിയഗായകൻ മടങ്ങിവരാത്ത യാത്ര പോയെന്ന് വിശ്വസിക്കാനാകുന്നില്ല. മരണത്തിൽ അസ്വഭാവികതയുണ്ടെന്നാണ് ആരാധകരുൾപ്പടെ ഉന്നയിക്കുന്നത്. സംഭവത്തിൽ ന്യൂമാർക്കറ്റ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുമുണ്ട്.

സൗത്ത് കൊൽക്കത്തയിലെ നസ്രുൽ മഞ്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിക്ക് ശേഷം അവശനായി മടങ്ങുന്ന കെകെയുടെ വീഡിയോ പുറത്തുവന്നതോടെയാണ് പലവിധത്തിലുള്ള ആരോപണങ്ങൾ കളം നിറഞ്ഞത്.

അതേസമയം കെകെയുടെ മരണം പശ്ചിമ ബംഗാളിൽ പുതിയൊരു രാഷ്ട്രീയ പോരിന് തുടക്കം കുറിച്ചിരിക്കുകയാണ്. മരണത്തിലെ ദുരൂഹത ചൂണ്ടിക്കാണിച്ച് മമത സർക്കാരിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. സംഗീത പരിപാടി നടന്ന ഓഡിറ്റോറിയത്തിലെ മോശം ക്രമീകരണത്തിന്റെ പേരിലും അനുവദിക്കാവുന്നതിലും കൂടുതല്‍ കാണികളെ പ്രവേശിപ്പിച്ചതിന്റെ പേരിലുമാണ് വിമര്‍ശനമുയരുന്നത്. കെകെ യുടെ മരണത്തില്‍ പ്രത്യേക അന്വേഷണം നടത്തണമെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു.

പരിപാടിയിൽ അനുവദനീയമായതിനേക്കാൾ അധികം ആൾക്കൂട്ടം ഉണ്ടായിരുന്നുവെന്നാണ് ആരോപണം. 2400 പേർ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയത്തിൽ ഇരട്ടിയോളം ആളുകളെ ഉൾക്കൊള്ളിച്ചതായാണ് വിവരം. അയ്യായിരത്തോളം ആളുകൾ പരിപാടിയിൽ പങ്കെടുത്തതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

ഓഡിറ്റോറിയത്തിലെ എസി പ്രവർത്തിച്ചിരുന്നില്ലെന്നും ഇതുമൂലം കടുത്ത ചൂടായിരുന്നു പരിപാടിയിലെന്നും റിപ്പോർട്ടുകളിൽ പറയുന്നു. കടുത്ത ചൂട് കാരണം പാടുന്നതിനിടെ കെകെ മുഖം തുടക്കുന്നത് കാണികൾ പകർത്തിയ ദൃശ്യങ്ങളിൽ വ്യക്തമാണ്. ‘വല്ലാതെ ചൂടെടുക്കുന്നു’ എന്ന് കെകെ പറയുന്നതും, വേദിയിലുള്ള ഒരാളെ വിളിച്ച് എസി പ്രവർത്തിക്കാത്തതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഗീത പരിപാടി കഴിഞ്ഞ് ആൾക്കൂട്ടത്തിനിടയിലൂടെ വിയർത്ത് കുളിച്ച് അവശനായി കെകെ നടന്നുനീങ്ങുന്നതും ബോഡിഗാർഡ് ആളുകളെ നിയന്ത്രിക്കുന്നതും പുറ്തതുവന്ന ദൃശ്യങ്ങളിലുണ്ട്.

അസ്വസ്ഥത അനുഭവപ്പെട്ട താരം പെട്ടെന്ന് തന്നെ ഹോട്ടലിലേക്ക് എത്തിയെങ്കിലും ഗോവണിപ്പടിയിൽ നിന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു ചികിത്സ ഉറപ്പാക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കെകെയുടെ തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. മരണത്തിന്റെ കാരണം കണ്ടെത്തുന്നതിനായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.

കൊൽക്കത്തയിലെ പരിപാടിയുടെ സംഘാടകരുടേയും ഹോട്ടൽ ജീവനക്കാരുടേയും മൊഴി രേഖപ്പെടുത്തുന്നുമുണ്ട്. ആശുപത്രിയിലേയും മറ്റും സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും.

കൊച്ചിയിലെ ഫ്‌ലാറ്റിലും ആഡംബര ഹോട്ടലിലും വെച്ച് യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ പോലീസ് ചോദ്യം ചെയ്യുന്നു. പരാതിക്കാരിയുമായി ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണെന്ന് ഉണ്ടായതെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും എറണാകുളം സൗത്ത് സ്റ്റേഷനിൽ നടക്കുന്ന ചോദ്യം ചെയ്യലിൽ വിജയ് ബാബു അറിയിച്ചു.

തന്റെ വരാനിരിക്കുന്ന സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നും ഒളിവിൽ പോകാൻ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പോലീസിനോട് പറഞ്ഞു. ഹൈക്കോടതി ഉത്തരവുള്ളതിനാൽ പോലീസ് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യില്ല.

അതേസമയം, വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതിയിൽ എതിർക്കാനുള്ള തെളിവ് സമാഹരിക്കുകയാണ് പോലീസിന്റെ ലക്ഷ്യം. നേരത്തെ, കേസിൽ അന്വേഷണവുമായി സഹകരിക്കുമെന്ന് വിജയ്ബാബു പറഞ്ഞിരുന്നു. ദുബായിയിൽനിന്ന് ബുധനാഴ്ച രാവിലെ ഒമ്പതരയോടെ കൊച്ചിയിലെത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഞാൻ ഇന്ന് വരുമെന്ന് പറഞ്ഞിരുന്നു, ഞാൻ ഇന്ന് വന്നു. ബഹുമാനപ്പെട്ട കോടതിയിൽ പൂർണവിശ്വാസമുണ്ട്. പോലീസുമായി പൂർണമായും സഹകരിക്കും. സത്യം പുറത്തുകൊണ്ടുവരും. എന്നോടൊപ്പം നിന്ന എല്ലാവർക്കും നന്ദി’, വിജയ്ബാബു പ്രതികരിച്ചു.

ഗോപി സുന്ദറും അമൃതയും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത് മുതല്‍ ഇവര്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണങ്ങളും തുടങ്ങിയിരുന്നു. സ്വകാര്യ ജീവിതത്തിലെ കാര്യങ്ങള്‍ പറഞ്ഞ് പലരും ഇവരെ വിമര്‍ശിക്കുകയായിരുന്നു.

മറ്റുള്ളവരുടെ സ്വകാര്യജീവിതത്തില്‍ ഇടപെടുന്ന ഒരു പണിയും ഇല്ലാത്തവര്‍ക്കായി ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു എന്ന ക്യാപ്ഷനോടെയായാണ് ഗോപി സുന്ദര്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. അമൃതയും പോസ്റ്റ് പങ്കുവെച്ചിരുന്നു.

വിവാഹം കഴിഞ്ഞുവെന്ന് ഗോപി സുന്ദര്‍ പ്രതികരിച്ചതായാണ് ക്യാം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഞങ്ങളുടെ വിവാഹം കഴിഞ്ഞു, ഒരുമാസം കൊച്ചിയിലുണ്ടാവും അതുകഴിഞ്ഞ് ഹൈദരാബാദിലേക്ക് പോവുമെന്ന് ഗോപി സുന്ദര്‍ പ്രതികരിച്ചതായായാണ് ക്യാം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗുരുവായൂര്‍ സന്ദര്‍ശനത്തിനിടയിലെ വിശേഷങ്ങള്‍ക്കൊപ്പമായാണ് ഗോപി സുന്ദറിന്റെ പ്രതികരണവും പ്രചരിക്കുന്നത്.

പിറന്നാള്‍ ദിനത്തില്‍ ഗോപി സുന്ദര്‍ ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനം നടത്തിയിരുന്നു. അമൃതയും മകള്‍ അവന്തികയും ഗോപി സുന്ദറിനൊപ്പമുണ്ടായിരുന്നു. ക്ഷേത്ര സന്ദര്‍ശനത്തിന്റെ ചിത്രം ഇരുവരും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

Copyright © . All rights reserved