കൊൽക്കത്തയിലെ നസ്രുൽ മഞ്ചിൽ നടന്ന സംഗീതനിശയിൽ പാടിക്കൊണ്ടിരിക്കെയാണ് ബോളിവുഡ് ഗായകൻ കെകെ അസ്വസ്ഥത ആദ്യം കാണിച്ചത്. വിയർത്തുകുളിച്ച ഗായകൻ എസി പ്രവർത്തിക്കുന്നില്ലേ എന്ന് പലതവണ സംഘാടകരോട് ചോദിച്ചിരുന്നു. ഒടുവിൽ അസ്വസ്ഥത കൂടിയതോടെ ഹോട്ടലിലേക്ക് തിരികെ പോയ കെകെ തളർന്നുവീഴുകയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയുമായിരുന്നു.

ഇനിയും ആരാധകർക്ക് തങ്ങളുടെ പ്രിയഗായകൻ മടങ്ങിവരാത്ത യാത്ര പോയെന്ന് വിശ്വസിക്കാനാകുന്നില്ല. മരണത്തിൽ അസ്വഭാവികതയുണ്ടെന്നാണ് ആരാധകരുൾപ്പടെ ഉന്നയിക്കുന്നത്. സംഭവത്തിൽ ന്യൂമാർക്കറ്റ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുമുണ്ട്.

സൗത്ത് കൊൽക്കത്തയിലെ നസ്രുൽ മഞ്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിക്ക് ശേഷം അവശനായി മടങ്ങുന്ന കെകെയുടെ വീഡിയോ പുറത്തുവന്നതോടെയാണ് പലവിധത്തിലുള്ള ആരോപണങ്ങൾ കളം നിറഞ്ഞത്.

അതേസമയം കെകെയുടെ മരണം പശ്ചിമ ബംഗാളിൽ പുതിയൊരു രാഷ്ട്രീയ പോരിന് തുടക്കം കുറിച്ചിരിക്കുകയാണ്. മരണത്തിലെ ദുരൂഹത ചൂണ്ടിക്കാണിച്ച് മമത സർക്കാരിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. സംഗീത പരിപാടി നടന്ന ഓഡിറ്റോറിയത്തിലെ മോശം ക്രമീകരണത്തിന്റെ പേരിലും അനുവദിക്കാവുന്നതിലും കൂടുതല്‍ കാണികളെ പ്രവേശിപ്പിച്ചതിന്റെ പേരിലുമാണ് വിമര്‍ശനമുയരുന്നത്. കെകെ യുടെ മരണത്തില്‍ പ്രത്യേക അന്വേഷണം നടത്തണമെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു.

പരിപാടിയിൽ അനുവദനീയമായതിനേക്കാൾ അധികം ആൾക്കൂട്ടം ഉണ്ടായിരുന്നുവെന്നാണ് ആരോപണം. 2400 പേർ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയത്തിൽ ഇരട്ടിയോളം ആളുകളെ ഉൾക്കൊള്ളിച്ചതായാണ് വിവരം. അയ്യായിരത്തോളം ആളുകൾ പരിപാടിയിൽ പങ്കെടുത്തതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

ഓഡിറ്റോറിയത്തിലെ എസി പ്രവർത്തിച്ചിരുന്നില്ലെന്നും ഇതുമൂലം കടുത്ത ചൂടായിരുന്നു പരിപാടിയിലെന്നും റിപ്പോർട്ടുകളിൽ പറയുന്നു. കടുത്ത ചൂട് കാരണം പാടുന്നതിനിടെ കെകെ മുഖം തുടക്കുന്നത് കാണികൾ പകർത്തിയ ദൃശ്യങ്ങളിൽ വ്യക്തമാണ്. ‘വല്ലാതെ ചൂടെടുക്കുന്നു’ എന്ന് കെകെ പറയുന്നതും, വേദിയിലുള്ള ഒരാളെ വിളിച്ച് എസി പ്രവർത്തിക്കാത്തതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഗീത പരിപാടി കഴിഞ്ഞ് ആൾക്കൂട്ടത്തിനിടയിലൂടെ വിയർത്ത് കുളിച്ച് അവശനായി കെകെ നടന്നുനീങ്ങുന്നതും ബോഡിഗാർഡ് ആളുകളെ നിയന്ത്രിക്കുന്നതും പുറ്തതുവന്ന ദൃശ്യങ്ങളിലുണ്ട്.

അസ്വസ്ഥത അനുഭവപ്പെട്ട താരം പെട്ടെന്ന് തന്നെ ഹോട്ടലിലേക്ക് എത്തിയെങ്കിലും ഗോവണിപ്പടിയിൽ നിന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു ചികിത്സ ഉറപ്പാക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കെകെയുടെ തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. മരണത്തിന്റെ കാരണം കണ്ടെത്തുന്നതിനായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.

കൊൽക്കത്തയിലെ പരിപാടിയുടെ സംഘാടകരുടേയും ഹോട്ടൽ ജീവനക്കാരുടേയും മൊഴി രേഖപ്പെടുത്തുന്നുമുണ്ട്. ആശുപത്രിയിലേയും മറ്റും സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും.