Kerala

നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ ദിലീപിന് എതിരായ തന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച് പോലീസിന് മൊഴിയും രേഖകളും നൽകിയെന്ന് ബാലചന്ദ്ര കുമാർ. പോലീസ് മൊഴി രേഖപ്പെടുത്തുകയും പരിശോധനയ്ക്കായി തന്റെ ഫോൺ അടക്കം കൈമാറിയെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

കേസിൽ ഐപിസി സെക്ഷൻ 164 പ്രകാരം രഹസ്യ മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചതായും ബാലചന്ദ്ര കുമാർ സ്വകാര്യ മാധ്യമത്തോട് വിശദീകരിച്ചു. കേസിൽ തന്റെ പരാതി അനുസരിച്ച് മൂന്ന് കാര്യങ്ങളാണ് പോലീസ് പ്രധാനമായും ചോദിച്ചറിഞ്ഞതെന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്.

ഒന്ന്, ദിലീപിന്റെ വീട്ടിൽ പൾസർ സുനിയെ കണ്ടു എന്നത്. രണ്ട്, കേസിലെ സാക്ഷിയെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടന്നുവെന്നത്. മൂന്ന്, കേസുമായി ബന്ധപ്പെട്ടുള്ള വിഐപിയുടെ പങ്ക്. ഉന്നതന്റെ പങ്ക് എന്ന് പറയുമ്പോഴും അത് ആരാണ് എന്നതിൽ ഇതുവരെ വ്യക്തമായിട്ടില്ല.

ഈ വിഐപിയാണ് വീഡിയോ അവിടെ എത്തിച്ചതെന്നും അത് അവർ കണ്ടുവെന്നതുമാണ് മൊഴി. അന്വേഷണത്തിന്റെ ഭാഗമായി ചില ശബ്ദരേഖകളും ഫോട്ടോകളും പോലീസ് കാണിച്ചു. ഇതിൽ ഒരു ഫോട്ടോ കണ്ടപ്പോൾ അദ്ദേഹമായിരിക്കാമെന്ന് താൻ പറഞ്ഞു.

നാല് വർഷം മുമ്പ് നടന്ന സംഭവമാണ്. ഒരിക്കൽ മാത്രമാണ് ഈ വിഐപിയെ കണ്ടിട്ടുള്ളത് അദ്ദേഹം എന്റെ അടുത്ത് ഇരുന്നിട്ടുള്ളതുകൊണ്ട് തന്നെ കണ്ടാൽ തിരിച്ചറിയാൻ സാധിക്കുമെന്ന് പോലീസിനെ അറിയിച്ചതായും ബാലചന്ദ്ര കുമാർ വ്യക്തമാക്കി.

ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് ഈ വിഐപി. കാവ്യ മാധവൻ അദ്ദേഹത്തെ ‘ഇക്ക’ എന്നാണ് വിളിച്ചത്. അദ്ദേഹം വന്നിരുന്നിരുന്നപ്പോൾ എല്ലാവരും നല്ല പരിചയം ഉള്ളതായി തന്നെയാണ് തോന്നിയത്. അദ്ദേഹത്തിന്റെ പേര് പ്രതിപാദിക്കുന്ന ഒരു ശബ്ദരേഖയുണ്ടെന്നും അത് പരിശോധിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും ബാലചന്ദ്ര കുമാർ പറയുന്നു.

ഗാർഹിക പീഡനത്തെ തുടർന്ന് മരുമകൾ ആത്മഹത്യ ചെയ്ത കേസിലെ പ്രതിയും, അന്തരിച്ച നടൻ രാജൻ പി.ദേവിന്റെ ഭാര്യയുമായ ശാന്തമ്മയെ പൊലീസ് അറസ്റ്റു ചെയ്തു. മുൻകൂർ ജാമ്യം നൽകിയ കോടതി, അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്പിക്കു മുന്നിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

കഴിഞ്ഞ വർഷം ഏപ്രിൽ 13ന് ആണ് രാജൻ പി.ദേവിന്റെ മകൻ ഉണ്ണിയുടെ ഭാര്യ പ്രിയങ്കയെ വെമ്പായത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിൽ പ്രിയങ്കയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പരാതി.

കേസിൽ രണ്ടാം പ്രതിയാണ് ശാന്തമ്മ. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഭർത്താവ് ഉണ്ണിയെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. പ്രിയങ്കയുടെ സഹോദരൻ വിഷ്ണു നൽകിയ പരാതിയിൽ വട്ടപ്പാറ പോലീസാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.

പ്രണയിതാക്കൾ തമ്മിലെ തർക്കത്തിന് ഒടുവിൽ ആൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ വെളിപ്പെടുത്തൽ നടത്തി പെൺകുട്ടി. ആൺസുഹൃത്ത് തൂങ്ങി മരിക്കുന്നതു കണ്ട് ഭയന്നോടുകയായിരുന്നെന്നും പൊന്തക്കാട്ടിൽ ഒളിച്ചിരിക്കുന്നതിനിടെ നാട്ടുകാർ കണ്ടെത്തുകയായിരുന്നെന്നും പെൺകുട്ടി വെളിപ്പെടുത്തി.

പെൺകുട്ടിയുമായുള്ള തർക്കത്തെ തുടർന്ന് സുഹൃത്ത് വെച്ചൂർ സ്വദേശി ഗോപി വിജയ് ആണ് ആളൊഴിഞ്ഞ കെട്ടിടത്തിൽ തൂങ്ങിമരിച്ചത്. ആ കാഴ്ച കണ്ടാണ് ഓടിപ്പോയതെന്ന് പെൺകുട്ടി പോലീസിനോടു പറഞ്ഞു.

‘നഴ്‌സിങ് പഠനത്തിനു ചേരാൻ ബംഗളൂരുവിൽ പ്രവേശനം ലഭിച്ചിരുന്നു. ഇതിനെ ഗോപി എതിർത്തു. പോകരുതെന്നു പറഞ്ഞു. തിങ്കളാഴ്ച ചീപ്പുങ്കലിലേക്ക് വിളിച്ചുവരുത്തി. ബംഗളൂരുവിലേക്കു പോകരുതെന്ന് വീണ്ടും പറഞ്ഞു.

പോകുമെന്നു ഞാൻ പറഞ്ഞു. ഉടനെ ആത്മഹത്യക്കുറിപ്പ് എടുത്തു തന്നു. അതിനുശേഷം കുരുക്ക് കഴുത്തിൽ അണിഞ്ഞ് ചാടാൻ പോയി. ഗോപിയെ ആദ്യം പിന്തിരിപ്പിച്ചു. ബഹളം വച്ചെങ്കിലും ആരും വന്നില്ല. വിവരം അറിയിക്കാൻ പുറത്തേക്ക് ഓടി. തിരികെ വന്നപ്പോൾ ഗോപി കയറിൽ തൂങ്ങിക്കിടക്കുന്നതു കണ്ടു.

ഇതുകണ്ട് ഭയന്നുപോയി. എങ്ങോട്ടോ ഓടി. കുറ്റിക്കാട്ടിൽ വീണു. ബോധം കെട്ടു വീണു. രാത്രി പാതി ബോധം തെളിഞ്ഞു.’ പെൺകുട്ടി പോലീസിനോടു വിവരിച്ചു.

ഇന്നലെ രാവിലെയോടെയാണ് പെൺകുട്ടിയെ യുവാവ് ആത്മഹത്യ ചെയ്ത സ്ഥലത്തിന് സമീപത്തെ ആളൊഴിഞ്ഞ പൊന്തക്കാട്ടിൽ കണ്ടെത്തിയത്. ഭയന്നോടിയ താൻ ബോധരഹിതയായി കുറ്റിക്കാട്ടിൽ വീണു പോയതാണെന്നു പെൺകുട്ടി മൊഴി നൽകിയതായി ഡിവൈഎസ്പി ജെ സന്തോഷ് കുമാർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ വൈകിട്ടോടെ വീട്ടിലെത്തിച്ചു.

ചീപ്പുങ്കൽ മാലിക്കായൽ ഭാഗത്തെ പകൽ പോലും ആളുകൾ അധികം പോകാൻ മടിക്കുന്ന സ്ഥലത്താണ് പെൺകുട്ടി ഒരു രാത്രി ഒറ്റയ്ക്ക് കഴിഞ്ഞത്. രാവിലെ പാടത്തു പോത്തിനെ കെട്ടാൻ എത്തിയ മാലിക്കായൽ സ്വദേശി വിനോദാണ് പെൺകുട്ടിയെ കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

സംഭവ ദിവസം പോലീസും നാട്ടുകാരും മണിക്കൂറുകൾ തിരച്ചിൽ നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല. പോലീസ് നായ മണം പിടിച്ച് പെൺകുട്ടി കിടന്ന ഭാഗത്ത് എത്തിയിരുന്നു. വെള്ളം നിറഞ്ഞ പ്രദേശമായതിനാൽ ഇവിടേക്ക് ആരും ശ്രദ്ധിച്ചതുമില്ല.

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്കുനേരെ വീണ്ടും ആക്രമണം. കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ വെച്ച് പ്രകോപനമൊന്നുമില്ലാതെ ഒരാള്‍ ആക്രമിക്കുകയായിരുന്നെന്ന് ബിന്ദു അമ്മിണി പറഞ്ഞു.

ബിന്ദു അമ്മിണിയെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു. വീഡിയോയില്‍ ബിന്ദു അമ്മിണി ആക്രമണം ചെറുക്കുന്നതായും മര്‍ദ്ദിച്ചയാളുടെ ഫോണ്‍ തല്ലിത്തകര്‍ക്കുന്നതായും കാണാം. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ബിന്ദു അമ്മിണി തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മര്‍ദ്ദിച്ചയാള്‍ മദ്യലഹരിയിലാണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ വെള്ളയില്‍ പോലീസ് കേസെടുത്തു. ഐപിസി 323,509 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയിലേക്ക് വഴിമാറുകയായിരുന്നെന്ന് പോലീസ് പറയുന്നു.

‘ഒരു കേസിന്റെ ആവശ്യത്തിന് കക്ഷികളുമായി നോര്‍ത്ത് ബീച്ചില്‍ എത്തിയതായിരുന്നു. എന്റെ കൂടെ വന്ന ആളുകളാണെന്ന് മനസ്സിലായതോടെ ആക്രമി അവരുടെ വണ്ടി തടഞ്ഞുവെയ്ക്കുകയും പിന്നാലെ ഓടുകയും ചെയ്തു. അതിനുശേഷം ഞാന്‍ ഒറ്റയ്ക്ക് ആയപ്പോള്‍ ആക്രമണം എന്റെ നേരെയായി’, ബിന്ദു അമ്മിണി പറയുന്നു.

ബിന്ദു അമ്മിണി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ആദ്യത്തെ വീഡിയോയില്‍ സ്‌കൂട്ടറില്‍ വന്ന ഒരാളുടെ ദൃശ്യങ്ങളാണുള്ളത്. കറുപ്പ് ഷര്‍ട്ടും വെള്ള മുണ്ടുമാണ് ഇയാള്‍ ധരിച്ചിരിക്കുന്നത്. അടുത്ത വീഡിയോയില്‍ ഇയാള്‍ ബിന്ദു അമ്മിണിയെ ആക്രമിക്കുന്നതും അവര്‍ തിരിച്ചു പ്രതിരോധിക്കുന്നതും കാണാം. സംഭവത്തില്‍ വെള്ളയില്‍ പോലീസ് കേസെടുത്തു. അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കൈയാങ്കളിയില്‍ എത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു.

ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെ പലപ്പോഴായി ബിന്ദുവിന് നേരെ ആക്രമണം നടന്നിരുന്നു. കഴിഞ്ഞ മാസം കോഴിക്കോട് കൊയിലാണ്ടി പൊയില്‍കാവില്‍ ബിന്ദുവിനെ ഓട്ടോ ഇടിച്ചുവീഴ്ത്തിയിരുന്നു. മന:പൂര്‍വ്വം ഇടിച്ചു വീഴ്ത്തിയ ശേഷം കടന്നുകളയുകയായിരുന്നെന്ന് അന്നു നല്‍കിയ പരാതിയില്‍ ബിന്ദു പറഞ്ഞിരുന്നു. സംഭവത്തില്‍ പരിക്കേറ്റ് ദിവസങ്ങളോളം അവര്‍ ആശുപത്രിയിലായിരുന്നു.

നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലം ഓഫീസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ് നടന്നുവെന്ന് വാർത്ത നിഷേധിച്ച് താരത്തിന്റെ പിതാവ്. ഒറ്റപ്പാലത്തെ ഓഫീസിലെത്തിയത് തങ്ങളെ കാണാനെത്തിയ ഒരു വി.ഐ.പി ആണെന്നാണ് ഉണ്ണി മുകുന്ദന്റെ വിശദീകരിച്ചതെന്ന് റിപ്പോർട്ട്. അതേസമയം താരത്തിന്റെ ഓഫീസിൽ നടന്ന റെയ്ഡ് സംബന്ധിച്ച് റിപ്പോർട്ട് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. വിഷയത്തിൽ ഇ.ഡി വാർത്താക്കുറിപ്പും പുറത്തുവിട്ടേക്കും.

ഇ.ഡി കൊച്ചി, കോഴിക്കോട് യൂണിറ്റുകൾ സംയുക്തമായിട്ടാണ് നടൻ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ ഓഫീസിൽ പരിശോധന നടത്തിയത്. റെയ്ഡ് ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നതായിട്ടാണ് വിവരം. രണ്ട് കാറുകളിലായിട്ടായിരുന്നു ഉദ്യോ​ഗസ്ഥരെത്തിയത്. ഉണ്ണിമുകുന്ദൻ നിർമ്മിക്കുന്ന ആദ്യ ചിത്രം മേപ്പടിയാന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ പണിമിടപാടുകളിൽ പരാതി ഉയർന്നതിനെ തുടർന്നാണ് റെയ്ഡ് എന്നാണ് ഇ.ഡിയിൽ നിന്ന് ലഭിക്കുന്ന സൂചന. ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം വരാനുണ്ട്.

ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മാണ വേഷത്തിലെത്തുന്ന ചിത്രത്തിൽ താരം തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഞ്ജു കുര്യനാണ് മേപ്പടിയാനിൽ നായികാ വേഷത്തിലെത്തുന്നത്. അജു വർഗീസ്, സൈജു കുറുപ്പ്, ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, തുടങ്ങിയവർ മാറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് ഷാമീറാണ് നിർവ്വഹിക്കുന്നത്. ഈരാറ്റുപേട്ട, പാല, എന്നിവിടങ്ങളിലായാണ് ചിത്രം പൂർത്തീകരിച്ചത്. സിനിമ ജനുവരി 14ന് തിയറ്ററുകളിലെത്തും.

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ 25 ദശലക്ഷം ദിർഹത്തിന്റെ (ഏതാണ്ട് 50 കോടിയിലേറെ രൂപ) സമ്മാനം മലപ്പുറം സ്വദേശിയായ ഹരിദാസന്. ബിഗ് ടിക്കറ്റിന്റെ 235 സീരീസ് നറുക്കെടുപ്പാണ് ഹരിദാസനും 15 സുഹൃത്തുക്കൾക്കും പുതുവർഷത്തിൽ വമ്പൻ ഭാഗ്യം കൊണ്ടുവന്നത്.

അബുദാബിയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ് ഹരിദാസൻ. 2008 മുതൽ ഇദ്ദേഹം യുഎഇയിലുണ്ട്. ഡിസംബർ 30ന് എടുത്ത 232976 എന്ന നമ്പറിലെ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. ബിഗ് ടിക്കറ്റിന്റെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ സമ്മാനത്തുകയാണിത്. രണ്ടാം സമ്മാനമായ രണ്ടു ദശലക്ഷം ദിർഹം നേടിയ അശ്വിൻ അരവിന്ദാക്ഷനും ഇന്ത്യക്കാരനാണ്.

‘ഈ സമ്മാനം വിശ്വസിക്കാൻ കഴിയാത്തതാണ്. വിജയി ആണെന്ന് പറഞ്ഞു ഫോൺ വരുമ്പോൾ ഞാൻ വീട്ടിലായിരുന്നു. ആദ്യം കരുതിയത് തമാശയാണെന്നാണ്. ഞാൻ സുഹൃത്തുക്കൾക്കൊപ്പമാണ് ഈ ടിക്കറ്റ് എടുത്തിരുന്നത്. അവരിൽ ചിലർ ലൈവായി നറുക്കെടുപ്പ് കാണുന്നുണ്ടായിരുന്നു. അവരിൽ ഒരാൾ അൽപസമയത്തിനു ശേഷം എന്നെ വിളിക്കുകയും നമ്മൾ കോടീശ്വരന്മാരായെന്ന് പറയുകയും ചെയ്തു. വല്ലാത്തൊരു അനുഭവമായിരുന്നു അത്’–ഹരിദാസൻ പറഞ്ഞു.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്‌ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനേത്തുടര്‍ന്ന്‌ സസ്‌പെന്‍ഷനിലായിരുന്ന മുതിര്‍ന്ന ഐ.എ.എസ്‌. ഉദ്യോഗസ്‌ഥന്‍ എം. ശിവശങ്കര്‍ വീണ്ടും സര്‍വീസിലേക്ക്‌. ചീഫ്‌ സെക്രട്ടറി അധ്യക്ഷനായ പുനരവലോകനസമിതിയുടെ ശിപാര്‍ശപ്രകാരം സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനേത്തുടര്‍ന്നാണിത്‌. നിയമനം പിന്നീട്‌.

ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനു മടങ്ങിവരവില്‍ സെക്രട്ടേറിയറ്റിനു പുറത്താകും നിയമനമെന്നാണു സൂചന. ഇന്‍ഫോ പാര്‍ക്കിലെ അനധികൃതനിയമനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ശിവശങ്കറിനെതിരായ അച്ചടക്കനടപടി. എന്നാല്‍, നയതന്ത്ര സ്വര്‍ണക്കടത്ത്‌ കേസില്‍ കസ്‌റ്റംസ്‌ അദ്ദേഹത്തെ പ്രതിചേര്‍ത്തിരുന്നു.

ഭിന്നശേഷിക്കാരായ മക്കളെ ഒരു കുറവും വരുത്താതെ വളർത്തുകയായിരുന്നു സുരേഷും ഭാര്യ സുനിതയും. സുഹൃത്തുക്കൾക്കും നാട്ടുകാർക്കുമെല്ലാം സുരേഷിനെ കുറിച്ച് പറയാനുള്ളത് നല്ലത് മാത്രം. എന്നാൽ കഴിഞ്ഞദിവസം ചേർപ്പ് വെങ്ങിണിശേരി ഗ്രാമം ഉണർന്നത് സുരേഷ് തന്റെ ഭിന്നശേഷിക്കാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കാൻ ശ്രമിച്ചെന്ന ഞെട്ടിക്കുന്ന വാർത്ത കേട്ടാണ്.

എംഎസ് നഗറിൽ താമസിച്ചുവരികയായിരുന്ന കുടുംബത്തിൽ സംഭവിച്ച ദുരന്തം ഇനിയും നാട്ടുകാർക്ക് ഉൾക്കൊള്ളാനായിട്ടില്ല. സുരേഷിന്റെ മകളും ഭിന്നശേഷിക്കാരിയുമായ ശ്രിദ്യയാണ് (24) കൊല്ലപ്പെട്ടത്. മകളെ വെട്ടിക്കൊലപ്പെടുത്തിയശേഷം വെങ്ങിണിശേരിയിൽ വാടകയ്ക്കു താമസിക്കുന്ന ചേനം പണിക്കശ്ശേരി സുരേഷ് (51) ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നു പോലീസ് പറഞ്ഞു. തലയിൽ വെട്ടേറ്റ നിലയിലാണ് സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തതും് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയതും. മനോനില തെറ്റിയ നിലയിൽ പെരുമാറിയ സുരേഷിന്റെ തലയിൽ ആഴത്തിൽ മുറിവുണ്ട്. ഇന്നലെ രാവിലെ ഒൻപതോടെയാണു നാടിനെ നടുക്കിയ സംഭവം.

വീട്ടിൽ നിന്നും ഉറക്കെയുള്ള കരച്ചിൽ കേട്ട് എത്തിയവർ കണ്ടത് അടച്ചിട്ട മുറിയിൽ വെട്ടേറ്റു കിടക്കുന്ന ശ്രിദ്യയെയും തലയിൽ നിന്നു ചോരയൊലിച്ചു നിൽക്കുന്ന സുരേഷിനെയുമായിരുന്നു. വാതിൽ അകത്ത് നിന്നും പൂട്ടിയിരുന്നതിനാൽ പെട്ടെന്ന് അകത്തേക്ക് കടക്കാനായില്ല. വെട്ടുകത്തിയുമായി നിന്നിരുന്ന സുരേഷ് ആരെയും അടുപ്പിച്ചുമില്ല. ഒടുവിൽ നാട്ടുകാർ വാതിൽ തകർത്തു പുറത്തെടുത്തപ്പോഴേക്കും ശ്രിദ്യ മരിച്ചിരുന്നു.

സുരേഷിനെ പോലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സുരേഷിന്റെ ഭാര്യ സുനിതയും മകൻ സുശീലും കണ്ടുനിൽക്കെയാണ് അതിക്രമമുണ്ടായത്. ശ്രിദ്യയുടെ സംസ്‌കാരം നടത്തി.

ഡിവൈഎസ്പി ബാബു കെ തോമസ്, ഇൻസ്‌പെക്ടർ ടിവി ഷിബു, വിരലടയാള വിദഗ്ധർ, ഫൊറൻസിക് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

രണ്ടു മക്കളും ഭിന്നശേഷിക്കാരായാണ് പിറന്നത്. തനിച്ച് ഒന്നും ചെയ്യാൻ ശേഷിയില്ലാത്ത മക്കൾക്കായി ഉഴിഞ്ഞുവെച്ചതായിരുന്നു സുരേഷിന്റെ ജീവിതം.സുരേഷ് സ്ഥലക്കച്ചവടം നടത്തിയും ഭാഗ്യക്കുറിയും മീനും വിറ്റുമാണു ഭാര്യയെയും മക്കളെയും നോക്കിയിരുന്നത്.

ചേനത്ത് സ്വന്തമായുള്ള ചെറിയ വീട് വാടകയ്ക്കു നൽകി മക്കളുടെ പഠനാവശ്യത്തിനായാണ് 4 മാസം മുൻപ് വെങ്ങിണിശേരിയിലെ വാടകവീട്ടിൽ എത്തിയത്. 2 മക്കളെയും അടുത്തുള്ള ബഡ്‌സ് സ്‌കൂളിൽ ചേർത്തു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്നപ്പോഴും സുരേഷ് ഇതൊന്നും പുറത്ത് കാണിക്കാതെ മക്കൾക്കായി അധ്വാനിക്കുകയായിരുന്നു. കിട്ടുന്ന ജോലികൾ എല്ലാം ചെയ്തു കുടുംബം നോക്കിയിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. ശ്രിദ്യയോട് ഏറെ വാത്സല്യം കാണിച്ചിരുന്ന സുരേഷ് ഈ കടുംകൈ ചെയ്‌തെന്ന് ഇപ്പോഴും സുഹൃത്തുക്കൾക്ക് വിശ്വസിക്കാനാവുന്നില്ല.

ഈയടുത്ത് ഒരുദിവസം കുടുംബസമേതം ആത്മഹത്യ ചെയ്യുകയാണെന്ന് സമീപത്തെ ഓട്ടോ ഡ്രൈവറോട് സുരേഷ് പറഞ്ഞിരുന്നു. ഇക്കാര്യം ഓട്ടോ ഡ്രൈവർ വീട്ടുടമയം അറിയിക്കുകയും അദ്ദേഹം വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകൾക്കും വിപരീതമായിരുന്നു സുരേഷിന്റെ പ്രവർത്തി. സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും മകൾ മരിക്കുകയും ചെയ്തതോടെ ഇനി എന്തു ചെയ്യണമെന്നറിയാതെ തളർന്നിരിക്കുകയാണ് സുനിതയും ഭിന്നശേഷിക്കാരനായ മകൻ സുശീലും.

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് കൗമാരക്കാരുടെ മരണവാർത്തയറിഞ്ഞ ഞെട്ടലിലാണ് തലസ്ഥാനം. ബൈക്ക് യാത്രക്കാരായ നെടുമങ്ങാട് സ്വദേശി സ്റ്റെഫിൻ(16), പേരൂർക്കട സ്വദേശികളായ ബിനീഷ്(16), മുല്ലപ്പൻ(16) എന്നിവരാണ് മരിച്ചത്. പേരൂർക്കട-നെടുമങ്ങാട് റോഡിൽ ആണ് ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് വിദ്യാർത്ഥികളായ മൂന്ന്‌പേർ ദാരുണമായി മരണത്തിന് കീഴടങ്ങിയത്.

വഴയില പെട്രോൾ പമ്പിനു സമീപം ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

വിദ്യാർത്ഥി രണ്ട് പേരെ പുറകിലിരുത്തി ബൈക്ക് അമിത വേഗത്തിൽ ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ നിന്ന് പാളി സമീപത്തെ കുറ്റിക്കാറ്റിലേക്ക് കയറി മരത്തിൽ ഇടിച്ചുകയറുകയായിരുന്നു.

ബിനീഷും മുല്ലപ്പനും നെടുമങ്ങാട് പോയി സ്റ്റെഫിനെ കൂടി ബൈക്കിൽ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പരുക്കേറ്റ മൂവരെയും ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.

പി ആൻഡ് ബി മീഡിയ ക്രീയേഷൻസിന്റെ ബാനറിൽ റ്റിജോ തടത്തിൽ സംവിധാനം ചെയ്ത് ബിജു മോൻ പ്ലാത്തോട്ടത്തിൽ കഥയും തിരക്കഥയും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജനറേഷൻസ്’. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ ബോർഡ് ബീൻ ഹോട്ടലിൽ വച്ചു നടന്നു. ഒട്ടനവധി ഗായകരുടെയും മറ്റു സിനിമ മേഖലയിലെ പ്രഗത്ഭരായ വ്യക്തികളുടെയും സാനിദ്ധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.

 

സംവിധായകൻ സിദ്ധിഖ് മുഖ്യാതിഥിയായിരുന്നു, കൂടാതെ വിധു പ്രതാപ്, ഡോ:എൻ.എം ബാദുഷ, എലിസബത്ത് ബാബു, സാജു കൊടിയൻ, ജയരാജ്‌ സെഞ്ച്വറി, ജ്യൂവൽ ബേബി, രാജ സാഹിബ്‌, മുരളി, ശരത് തെനുമൂല,നെൽസൺ ശൂരനാട് ബൈജു സ്‌ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ചിത്രം ഒടിടി പ്ലാറ്റഫോമുകളിലൂടെ ആയിരിക്കും പ്രേക്ഷകരിലേക്ക് എത്തുക.

ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് എന്നിവ നിർവ്വഹിച്ചിരിക്കുന്നത് നജീബ് ഫോണോ ആണ്. പയസ് വണ്ണപ്പുറംചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ബാഗ്രൗണ്ട് സ്ക്വയർ രാജീവ് തോമസ് ആണ് ചെയ്തിരിക്കുന്നു അസോസിയേറ്റ് ഡയറക്ടർ: സിജു പൈനായിൽ അസിസ്റ്റന്റ് ഡയറക്ടേഴ്സ് ദേവരാജ് ബിന്ദു കുട്ടപ്പൻ പ്രൊഡക്ഷൻ കൺട്രോളർ: ടോജോ കോതമംഗലം പ്രൊഡക്ഷൻ മാനേജർ വിവേക് കണ്ണൂരാൻ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഡോൺ എബ്രഹാം ഇതിൽ ഗാനം ആലപിച്ചിരിക്കുന്നത് വിധു പ്രതാപ് എലിസബത്ത് രാജു അനുഷ ജയൻ ആന്റോ ഇട്ടൂപ്പ് ,വാർത്ത പ്രചാരണം: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

 

Copyright © . All rights reserved