ന്യൂഡൽഹി: ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമ ഭേദഗതിയുടെ കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ. 9 മാസം മുതൽ 4 വയസ്സുവരെയുള്ള കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധമാണ്. ബിഐഎസ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഹെല്‍മറ്റായിരിക്കണം ധരിക്കേണ്ടത്. സൈക്കിൾ സവാരിക്ക് ഉപയോഗിക്കുന്ന ഹെൽമറ്റും അനുവദനീയമാണ്.
4 വയസ്സിൽ താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ ഇരുചക്ര വാഹനം ഓടിക്കുന്നയാളുമായി കുട്ടിയെ സുരക്ഷാബെൽറ്റ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കണം. നാലു വയസ്സുവരെയുള്ള കുട്ടികളുമായി പോകുമ്പോൾ ഇരുചക്ര വാഹനത്തിന്റെ വേഗം പരമാവധി മണിക്കൂറിൽ 40 കിലോമീറ്റർ മാത്രമെ ആകാവൂവെന്നും കരട് നിയമത്തിൽ പറയുന്നു.
പിഡബ്ല്യുഡി റസ്റ്റ് ഹൗസുകള്‍ പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കി മാറ്റുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.ഇതിന്‍റെ ഭാഗമായി മുറികള്‍ പൊതുജനങ്ങള്‍ക്കും ബുക്ക് ചെയ്യാനാകുന്ന തരത്തില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം നവംബര്‍ ഒന്നിന് നിലവില്‍ വരും. റസ്റ്റ് ഹൗസില്‍ ഒരു മുറി വേണമെങ്കില്‍ ഇനി സാധാരണക്കാരന് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യാനാകും.ഉദ്യോഗസ്ഥര്‍ക്ക് നിലവിലുള്ള സൗകര്യം നഷ്ടപ്പെടാതെയാണ് ഓണ്‍ലൈന്‍ സംവിധാനം തയ്യാറാക്കുകയെന്നും മന്ത്രി പറഞ്ഞു.
നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനാണ് ഏറ്റവും വലിയ അക്കമെഡേഷന്‍ സൗകര്യം സ്വന്തമായി ഉള്ളത്.153 റസ്റ്റ് ഹൗസുകളിലായി 1151 മുറികള്‍ ഉണ്ട്. പലതും ഏറ്റവും പ്രാധാന്യമുള്ള സ്ഥലത്തുമാണ് ഉളളത്.ഇവ ജനങ്ങള്‍ക്ക് ഉപയോഗിക്കാനാകുന്ന തരത്തിലേക്ക് മാറുകയാണ്.ഇതിന്‍റെ ഭാഗമായി റസ്റ്റ് ഹൗസുകളെ നവീകരിക്കാനുള്ള പദ്ധതിയും തയ്യാറാക്കി കഴിഞ്ഞു.ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 30 റസ്റ്റ് ഹൗസുകളെ നവീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി കെ ടി ഡി സി മാനേജിംഗ് ഡയറക്ടറെ നോഡല്‍ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
മുറികളുടെ നവീകരണം, ആധുനികവല്‍ക്കരണം, ഫര്‍ണ്ണിച്ചര്‍, ഫര്‍ണിഷിഗ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍ എന്നിവയാണ് നവീകരണത്തിന്‍റെ ഭാഗമായി നടത്തുന്നത്. റസ്റ്റ്ഹൗസുകൾ നവീകരിക്കുന്നതിനൊപ്പം ഭക്ഷണശാലകളും ആരംഭിക്കും. ശുചിത്വം ഉറപ്പു വരുത്തും. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ടോയ് ലറ്റ് ഉള്‍പ്പെടെയുളള കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. നല്ല ഫ്രണ്ട് ഓഫീസ് ഉള്‍പ്പെടെയുള്ള സംവിധാനം ഏര്‍പ്പെടുത്തും. സിസിടിവി സംവിധാനം ഏര്‍പ്പെടുത്തുകയും കേന്ദ്രീകൃത സംവിധാനത്തിലൂടെ നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും എന്നും ജോബ് മൈക്കിള്‍, ഡോ. എന്‍ ജയരാജ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പ്രമോദ് നാരായണന്‍ എന്നിവരുടെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.
ടൂറിസം വികസനത്തിന് ഉപയോഗിക്കാന്‍ കഴിയും വിധം റസ്റ്റ് ഹൗസുകളെ മാറ്റും. ഗസ്റ്റ് ഹൗസുകളിലും വിനോദ സഞ്ചാരികള്‍ക്കുള്ള സൗകര്യം വര്‍ധിപ്പിക്കും. മലമ്പുഴ ഗസ്റ്റ് ഹൗസ്, ചെറുതുരുത്തി ഗസ്റ്റ് ഹൗസ്, എറണാകുളം യാത്രി നിവാസ് എന്നിവിടങ്ങളിലെ ബുക്കിംഗ് വിനോദ സഞ്ചാരികള്‍ക്ക് നേരിട്ട് ഓണ്‍ലൈനായി നടത്താന്‍ കഴിയുന്ന സാധ്യത പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
എടത്വ: വെള്ളപ്പൊക്ക കെടുതി മൂലം തലവടി പഞ്ചായത്ത് 10, 11 വാർഡുകളിലുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ സൗജന്യമെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ ക്ലാസും നടത്തി.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം പ്രിയ അരുൺ അധ്യക്ഷത വഹിച്ചു. സൗഹൃദ വേദി പ്രസിഡൻറ് ഡോ.ജോൺസൺ വി.ഇടിക്കുള മുഖ്യസ സന്ദേശം നല്കി. ഡോ. സംഗീത ജിതിൻ വർഗ്ഗീസ് ബോധവത്ക്കരണ ക്ലാസ് നടത്തി സൗജന്യമായി മരുന്നുകൾ വിതരണം ചെയ്തു.

കമ്യൂണിറ്റി ഡിപ്പാർട്ട്മെൻ്റ് മെഡിസിൻ മാനേജർ അവിരാ ചാക്കോ സ്വാഗതവും ബിൻസു ടി ജേക്കബ് ക്യതജ്ഞതയും പറഞ്ഞു.വിവിധ ഡിപ്പാർട്ട്മെൻറുകളിലെ 10 ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നല്കി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജിൻസി ജോളി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ, ഹെൽത്ത് ഇൻസ്പെക്ടർ അനിൽ, എ എച്ച് ഐ മധു എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
കോഴിക്കോട്: വിശ്വസിക്കുന്ന പ്രത്യയശാസ്ത്രവും പ്രസ്ഥാനവും കൊടിയുടെ നിറവും രണ്ടാണെങ്കിലും അവരുടെ മനസ്സ് ഒന്നായി, പകർന്നുനൽകിയ സ്നേഹത്തിനുമുന്നിൽ. വിദ്യാർഥിരാഷ്ട്രീയത്തിൽ ഇരുസംഘടനകളിൽ പ്രവർത്തിച്ച നിഹാലും ഐഫയും ജീവിതത്തിൽ ഇനി ഒരുമിച്ചുനടക്കും.
കെ.എസ്.യു. ജില്ലാ പ്രസിഡൻറായ വി.ടി. നിഹാലിന്റെയും എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി മുൻ അംഗമായിരുന്ന ഐഫ അബ്ദുറഹിമാന്റെയും വിവാഹനിശ്ചയമായിരുന്നു ഞായറാഴ്ച. കോഴിക്കോട് ഗവ. ലോ കോളേജിൽ നിഹാലിന്റെ ജൂനിയറായിരുന്നു ഐഫ. ചിരിയിൽ മാത്രമൊതുങ്ങിയ സൗഹൃദം കൂടുതൽ വളർന്നത് അഭിഭാഷകരായി ജില്ലാ കോടതിയിലെത്തിയതോടെ. ഐഫയുടെ ബന്ധുവഴിയാണ് വിവാഹാലോചന വന്നത്. രാഷ്ട്രീയവിശ്വാസത്തിലെ വേർതിരിവിനെച്ചൊല്ലി ആദ്യം ചെറിയ ആശങ്ക ഇരുവർക്കുമുണ്ടായിരുന്നു. മനസ്സുതുറന്ന് സംസാരിച്ചപ്പോൾ അതൊന്നും പ്രശ്നമാക്കാതെ ഒരുമിച്ച് മുന്നോട്ടുപോവാൻ തീരുമാനിച്ചു.
നിലവിൽ ഡി.വൈ.എഫ്.ഐ., ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ എന്നിവയിൽ അംഗമാണ് ഐഫ. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പുതിയറ വാർഡിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു നിഹാൽ.
ലോ കോളേജ് യൂണിയൻ ഭാരവാഹിയായിരുന്ന ഐഫയുമായി എസ്.എഫ്.ഐ. നേതാവ് എന്നനിലയിലുള്ള സൗഹൃദമേ ഉണ്ടായിരുന്നുള്ളൂവെന്ന് നിഹാൽ പറഞ്ഞു.
രാഷ്ട്രീയമായ ഭിന്നാഭിപ്രായം മുൻനിർത്തി ചെറിയ ‘അടികൾ’ ഉണ്ടാവാറുണ്ടെങ്കിലും അത് രസമുള്ളതാണെന്ന് ഐഫ പറയുന്നു. വിവാഹശേഷവും വിശ്വസിക്കുന്ന പ്രസ്ഥാനങ്ങൾക്കൊപ്പം മുന്നോട്ടുപോവാനാണ് ഇരുവരുടെയും തീരുമാനം.
മാങ്കാവ് തളിക്കുളങ്ങര പരേതനായ വലിയ തിരുത്തിമ്മൽ മുഹമ്മദ് ഹനീഫയുടെയും സാജിദയുടെയും മകനാണ് നിഹാൽ. കൊടുവള്ളിയിൽ ബിസിനസുകാരനായ അബ്ദുറഹിമാന്റെയും ഷെരീഫയുടെയും മകളാണ് ഐഫ. അടുത്തവർഷമാണ് വിവാഹം.
ഹലാൽ വിരുദ്ധ ഹോട്ടൽ സംരംഭകയ്‌ക്കെതിരെ ആക്രമണം. കാക്കനാട് ഇൻഫോ പാർക്കിന് സമീപം ഹോട്ടൽ ആരംഭിക്കാനായി എത്തിയ തുഷാര അജിത്തിനെതിരെയാണ് അക്രമണം ഉണ്ടായത്. സംഭവത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയോടെയാണ് എറണാകുളം സ്വദേശി തുഷാര അജിത്തിന്റെ കാക്കനാട് ഇൻഫോ പാർക്കിന് സമീപം ആരംഭിക്കാൻ പോകുന്ന നോൺ ഹലാൽ നന്ദൂസ് കിച്ചൻ ഹോട്ടലിന് മുന്നിൽ സംഘർഷമുണ്ടായത്. ഹോട്ടലിന് മുന്നിൽ എത്തിയ രണ്ടു യുവാക്കൾ തങ്ങളെ അസഭ്യം പറയുകയും അക്രമിക്കുകയുമായിരുന്നുവെന്ന് തുഷാര പറയുന്നു. ഗുരുതരമായി പരിക്കേറ്റ തുഷാരായ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
‘ഇരു വിഭാഗവും തമ്മിൽ നടന്ന സംഘർഷത്തിൽ പരിക്കേറ്റ യുവാക്കളും ആശുപത്രിയിൽ ചികിത്സയിലാണ്. അതേ സമയം നോൺ ഹലാൽ ഹോട്ടൽ ആരംഭിക്കാൻ ശ്രമിച്ച തനിക്കെതിരെ ബോധപൂർവ്വം അക്രമം നടത്തുകയായിന്നു വെന്നും പോലിസ് അക്രമികൾക്ക് ഒത്താശ ചെയ്യുകയാണെന്നും തുഷാര ആരോപിക്കുന്നു. ഇരു വിഭാഗങ്ങളും തമ്മിൽ നിലനിൽക്കുന്ന പ്രശ്നത്തിൽ ഇൻഫോപാർക്ക് പോലിസിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്താനിരിക്കെയാണ് ആക്രമണം.
സംഭവത്തിനു ശേഷം തുഷാര തന്നെയാണ് ഫേസ്ബുക്ക് ആക്രമണത്തെകുറിച്ച് വ്യക്തമാക്കിയത്. ഹോട്ടലിൽ പോർക്ക് വിളമ്പിയതാണ് ആക്രമണത്തിന് കാരണമെന്നാണ് തുഷാര പറയുന്നത്. പാലാരിവട്ടത്തു നന്ദുസ് കിച്ചന്‍ എന്ന പേരിലാണ് ഇവര്‍ ഹോട്ടല്‍ ആരംഭിച്ചത്. ടെക്‌നോ പാർക്കിനടുത്തുള്ള ഹോട്ടലിൽ തൊട്ടടുത്ത് പുതിയതായി വന്ന കടക്കാരുടെ നേതൃത്വത്തിലുള്ള ആളുകൾ ആണ് തന്നെയും തന്റെ ജോലിക്കാരെയും ആക്രമിച്ചതെന്നും തുഷാര ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്.
നന്ദൂസ് കിച്ചൻ കാക്കനാട് പുതിയ ഒരു ബ്രാഞ്ച് കൂടി ആരംഭിക്കാൻ ഒരുങ്ങി എല്ലാ തയ്യാറെടുപ്പുകളും നടന്നതാണ്. ഇന്ന് അതിന്റെ ഉദ്ഘാടനം നിശ്ചയിച്ചതുമാണ്.പക്ഷെ പാലാരിവട്ടത്തെ പോലെ നോ ഹലാൽ ബോർഡ് ഇവിടെ വെയ്‌ക്കാൻ പറ്റില്ല എന്ന് പറഞ്ഞ് ഒരാഴ്‌ചയായി തനിക്ക് നേരെ ഭീഷണിയും പ്രശ്നങ്ങളും ഉണ്ടായിരുന്നു. കൂടാതെ പോർക്കു വിളമ്പാൻ പാടില്ലെന്നും ഇവിടെ നിർദ്ദേശമുണ്ടായി. നോ ഹലാൽ ബോർഡും പോർക്ക് ഐറ്റംസും പറ്റില്ല എന്നതാണ് യഥാർത്ഥ ആക്രമണത്തിന്റെ കാരണം എന്നാണ് തുഷാര പറയുന്നത്.
ഇടതുമുന്നണിയിൽ നിന്നും പുറത്തുവന്ന ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുമൊത്ത് പൊതുപരിപാടിയില്‍ പങ്കെടുത്തു. തലസ്ഥാനത്തെ മുസ്ലിം ലീഗ് നേതാവായിരുന്ന അവുക്കാദര്‍ക്കുട്ടി നഹയുടെ പേരിലുള്ള പുരസ്‌കാരം ചെറിയാന്‍ ഫിലിപ്പ് ഉമ്മന്‍ചാണ്ടിയില്‍ നിന്നും ഏറ്റുവാങ്ങി. ചടങ്ങിൽ ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തിക്കൊണ്ടാണ് ചെറിയാന്‍ ഫിലിപ്പ് സംസാരിച്ചത്.
’20 വര്‍ഷത്തിനു ശേഷം ഞങ്ങള്‍ സമാന ചിന്താഗതിക്കാരായി ഒരു വേദിയില്‍ എത്തുകയാണ്. രാഷ്ട്രീയത്തില്‍ ഒന്നും ശാശ്വതമല്ല. 2001-ല്‍ ഞാനുമായി മത്സരിക്കാനുള്ള സാഹചര്യം ചെറിയാന്‍ ഫിലിപ്പിനുണ്ടായി. അതോടെ തനിക്കും ചെറിയാനുമായുള്ള സൗഹൃദം ഇല്ലാതായെന്ന് എല്ലാവരും വിചാരിച്ചത്. എനിക്ക് ചെറിയാനോട് ദേഷ്യമില്ല. എന്റെ ഭാഗത്ത് നിന്നും എന്തോ ഒരു തെറ്റുണ്ടായെന്ന തോന്നലാണ് വന്നത്. ചെറിയാന് ജയിച്ചു വരാന്‍ പറ്റിയ ഒരു സീറ്റ് കൊടുക്കാന്‍ കഴിഞ്ഞില്ല. അത് തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണ്. രാഷ്ട്രീയ രംഗത്തെ ഒരു ആത്മപരിശോധനയ്ക്ക് വിധേയമാക്കാനാണ് ആ സംഭവത്തെ കണ്ടത്. വ്യത്യസ്ത ആശയങ്ങള്‍ വെച്ച് മത്സരിക്കുമ്പോൾ ജനാധിപത്യ വിരുദ്ധമായി പോകാന്‍ പാടില്ല. അന്നത്തെ മത്സരം നല്ല മത്സരമായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മറുപടി പ്രസംഗത്തില്‍ ഉമ്മന്‍ ചാണ്ടിയുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് ചെറിയാന്‍ ഫിലിപ്പ് വാചാലനായി. ‘ഉമ്മൻചാണ്ടിയുടെ എളിമകൊണ്ടാണ് തെറ്റുകാരനായിട്ടും തന്നെ ന്യായീകരിക്കാൻ ശ്രമിച്ചതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. കേരളത്തിലെ എല്ലാ മുഖ്യമന്ത്രിമാരുമായും എനിക്ക് അടുപ്പമുണ്ട് എന്നാൽ അവരിൽ ഉമ്മൻ ചാണ്ടി അത്ഭുത മനുഷ്യനാണെന്ന് തോന്നാറുണ്ട്. ജനങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം ജീവിക്കുന്നത് തന്നെ. ഒച്ചപ്പാടും ബഹളവുമില്ലാതെ അദ്ദേഹത്തിന് ഉറങ്ങാൻ പോലും പറ്റില്ല. എഴുപതുകളില്‍ എംഎല്‍എ ഹോസ്റ്റലിലെ ഉമ്മന്‍ചാണ്ടിയുടെ മുറിയിലായിരുന്നു എന്റെ താമസം. പീഡനങ്ങളുടെയും മര്‍ദ്ദനങ്ങളുടെയും സമയത്ത് തന്നെ സഹായിച്ചത് ഉമ്മന്‍ചാണ്ടിയാണ്. താനൊരു എടുത്തു ചാട്ടക്കാരനാണ്. എന്നാലിപ്പോള്‍ എടുത്തുചാട്ടക്കാരന്റെ എല്ലൊടിഞ്ഞ അവസ്ഥയിലാണ്. ഉമ്മന്‍ ചാണ്ടി തന്റെ രക്ഷകര്‍ത്താവാണ് ആ രക്ഷാകർതൃത്വം ഇനി അങ്ങോട്ടും തന്നോടൊപ്പമുണ്ടാകണമെന്ന്’ ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് സൗന്ദര്യമുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനേക്കാൾ ഭയാനകമായിട്ടുള്ള ചില വർത്തമാനങ്ങളാണെന്ന് അധിക്ഷേപിച്ച് കെ. മുരളീധരൻ എംപി. ഇതൊക്കെ ഒറ്റ മഴയത്ത് മാത്രം കിളിർത്തതാണ്. ആ മഴ കഴിയുമ്പോഴേക്കും സംഭവം തീരും.
ഇങ്ങനെയുള്ള ഒരുപാട് പേരെ കണ്ടിട്ടുള്ള നഗരസഭയാണ് തിരുവനന്തപുരം. ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ മേയറെ നോക്കി ‘കനകസിംഹാസനത്തിൽ…’ എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടി വരുമെന്നും മുരളീധരൻ പറഞ്ഞു. കോർപ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരായ കോൺഗ്രസിന്റെ സമരത്തിലായിരുന്നു മുരളീധരന്റെ വാക്കുകൾ.
ആറ്റുകാൽ പൊങ്കാലയെ പോലും നോൺവെജ് പൊങ്കാല ആക്കിയ ഇന്ത്യയിലെ ഏക മേയർ എന്ന പദവി കൂടി തിരുവനന്തപുരം മേയർക്ക് സ്വന്തമാണെന്നും കെ. മുരളീധരൻ പറഞ്ഞു. ആ സമയത്ത് 5,70,800 രൂപയുടെ പൊറോട്ടയും ചിക്കനുമാണ് ഭരണാധികാരികൾ തിന്നത്. എന്ത് തീറ്റിയാണിതെന്നും മുരളീധരൻ ചോദിക്കുന്നു.
മുഴുക്കള്ളൻ എങ്ങനെ കാൽക്കള്ളനെ കുറ്റം പറയും എന്ന അവസ്ഥയിലാണ് തിരുവനന്തപുരം മേയറെ കാണുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെന്നും മുരളീധരൻ പരിഹസിച്ചു. അവിടെ നടക്കുന്നതിന്റെ മൂന്നിൽ ഒന്നേ ഇവിടെ നടക്കുന്നുള്ളൂ. ഇപ്പോൾ സിൽവർ ലൈനിൽ നിന്നും കോടികൾ മുക്കാനാണ് പിണറായിയുടെ ശ്രമം. സിപിഎം ജില്ലാ കമ്മിറ്റി ആണെങ്കിൽ പണം കക്കൽ, ജനിക്കുന്ന കുഞ്ഞിനെ വിൽക്കൽ അങ്ങനെയുള്ള കാര്യങ്ങളാണ് ഇപ്പോൾ നടത്തുന്നത് എന്നും മുരളീധരൻ പറഞ്ഞു.
മലയാളി വിദ്യാര്‍ത്ഥിയെ ബഹ്‌റൈനിലെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി. തലശ്ശേരി തോട്ടുമ്മല്‍ സ്വദേശി രാജേഷിന്റെ മകന്‍ സുകൃത് ആണ് ഉമ്മുല്‍ ഹസമില്‍ മരിച്ചത്. 17വയസായിരുന്നു. താമസ സ്ഥലത്തുനിന്ന് 500 മീറ്റര്‍ അകലെയുള്ള കെട്ടിടത്തിന്റെ താഴെയാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് അദ്‌ലിയയിലെ വീട്ടില്‍ നിന്ന് നടക്കാനായി സുകൃത് പുറത്തേക്ക് പോയത്. കൈയില്‍ വാട്ടര്‍ ബോട്ടിലുമായി സുകൃത് പുറത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇവിടെ നിന്നും കാണാതായെ സുകൃതിനെ പിന്നീട് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉയരത്തില്‍ നിന്ന് താഴേക്ക് വീണതിന്റെ ഭാഗമായി തലയ്ക്ക് ക്ഷതമേല്‍ക്കുകയും ഇത് കാരണമായുണ്ടായ ഹൃദയാഘാതവുമാണ് മരണത്തിന് കാരണമായത്. അതേസമയം, സുകൃതിന്റെ അസ്വഭാവിക മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ പിയൂഷ് ശ്രീവാസ്തവയ്ക്ക് അപേക്ഷ നല്‍കി. സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ബഹ്‌റൈന്‍ അധികൃതര്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അംബാസഡര്‍ പ്രതികരിച്ചു.
വിവിധ സർവകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളുമായി ലണ്ടനിലേക്ക് കടക്കാൻ ശ്രമിച്ച നാല് വിദ്യാർഥികൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിൽ. കഴിഞ്ഞ ദിവസം ഇത്തരത്തിൽ മൂന്നുപേർ പിടിയിലായിരുന്നു.
മലപ്പുറം സ്വദേശി രഹ്നാബീഗം, പാലക്കാട് സ്വദേശികളായ ഷഹീൻ, മുഹമ്മദ് ഹാഷിർ, അങ്കമാലി സ്വദേശി ബിനോ ജോയ് എന്നിവരാണ് പിടിയിലായത്. സ്റ്റുഡൻറ് വിസയാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. എം.ബി.എ, ഹോട്ടൽ മാനേജ്മെൻറ് തുടങ്ങിയ വിവിധ കോഴ്സുകൾക്ക് പഠിക്കാൻ ലണ്ടനിലെ സർവകലാശാലയിൽ പലരും ലക്ഷക്കണക്കിന് രൂപ അടച്ചവരാണ്.
ബിരുദ കോഴ്സിന് നിശ്ചിത മാർക്കില്ലാത്തതുകൊണ്ടാണ് പലരും വ്യാജ സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തിയത്. പരസ്പരം പരിചയമുള്ളവരല്ല. ഇവർക്ക് വ്യാജ സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തി നൽകിയത് വ്യത്യസ്ത ആളുകളാണ്. ലണ്ടനിൽ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്ത് വരുമാനവും സാധ്യമാകുമെന്ന് കരുതിയാണ് ഇവർ ഇത്തരത്തിൽ കടക്കാൻ ശ്രമിച്ചത്.
എമിഗ്രേഷൻ വിഭാഗമാണ് സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തിയത്. നെടുമ്പാശ്ശേരി പൊലീസിന് കൈമാറിയ ഇവരെ ജാമ്യത്തിൽ വിട്ടു.
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ രാഷ്ട്രീയ വിവാദങ്ങൾക്കൊപ്പം നിയമപരമായ സാധ്യത എന്തെന്നതിന്റെ ആദ്യസൂചന തിങ്കളാഴ്ച അറിയാം. കേസിൽ സർക്കാർ നൽകിയ ഹർജി കുടുംബ കോടതി പരിഗണിക്കുന്നതോടെയാണിത്. ആന്ധ്രാപ്രദേശ് സ്വദേശികൾക്ക് അനുപമയുടേതെന്നു കരുതുന്ന കുഞ്ഞിന്റെ അവകാശവും സംരക്ഷണവും നിയമപരമായി നൽകുന്ന ഉത്തരവ് താത്കാലികമായി തടഞ്ഞുവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. മാതാപിതാക്കളായ അനുപമയും അജിത്തും നൽകിയ പരാതികളിൽ അന്വേഷണം നടക്കുന്നതിനാലാണിതെന്നും ഹർജിയിൽ പറയുന്നു. വിധിപറയുന്നതുവരെ കുട്ടിയുടെ സംരക്ഷണച്ചുമതല ആന്ധ്രാ സ്വദേശികൾക്കുതന്നെ ആയിരിക്കും.
നിർബന്ധപൂർവം കുഞ്ഞിനെ എടുത്തുമാറ്റിയെന്ന് അനുപമ പേരൂർക്കട പോലീസിൽ നൽകിയ പരാതിയിൽ അമ്മ സ്മിത ജെയിംസ്, സഹോദരി അഞ്ജു, അഞ്ജുവിന്റെ ഭർത്താവ് അരുൺ, അനുപമയുടെ അച്ഛൻ പി.എസ്. ജയചന്ദ്രന്റെ സുഹൃത്തുക്കളായ രമേശൻ, മുൻ കൗൺസിലർ അനിൽ കുമാർ എന്നിവർ മുൻകൂർ ജാമ്യഹർജി നൽകി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇത് 28-ന് പരിഗണിക്കും. ജയചന്ദ്രനടക്കം ആറുപേരെയാണ് പ്രതിചേർത്തിട്ടുള്ളത്. ജയചന്ദ്രൻ ജാമ്യഹർജി നൽകിയിട്ടില്ല. അനുപമയുടെ അനുമതിയോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു കൈമാറിയതെന്നാണ് ഹർജിയിലെ വാദം. ജാമ്യഹർജിയിൽ പേരൂർക്കട പോലീസിനോട് കോടതി റിപ്പോർട്ട് തേടി.
വിഷയത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനിൽനിന്ന് വനിത-ശിശുവികസന വകുപ്പ് ഡയറക്ടർ വിശദീകരണം തേടി. വകുപ്പുതല അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടതിന്റെ ഭാഗമായാണ് ഡയറക്ടർ ടി.വി. അനുപമ വിവരങ്ങൾ തേടിയത്. പൂജപ്പുരയിലെ ഓഫീസിൽ നേരിട്ടെത്തി ഷിജുഖാൻ വിവരങ്ങൾ നൽകി. ദത്ത് നിയമപരമായാണ് നടന്നിട്ടുള്ളതെന്ന് ഷിജുഖാൻ മാധ്യമങ്ങളോടു പ്രതികരിച്ചു. മാതാപിതാക്കൾ അവകാശവുമായി വന്നശേഷവും ദത്ത് നടപടികൾ തുടർന്നതെങ്ങനെ എന്നതടക്കമുള്ള വിഷയങ്ങളിലെ വിശദാംശങ്ങൾ തേടിയതായാണ് വിവരം.
അനുപമയുടേതാണെന്ന് അവകാശപ്പെടുന്ന കുഞ്ഞ് ആന്ധ്രാപ്രദേശില്‍ സുഖമായിരിക്കുന്നു. തലസ്ഥാനമായ അമരാവതിക്കു സമീപത്തെ ജില്ലയിലാണ് കുട്ടിയുള്ളത്. മക്കളില്ലാത്ത അധ്യാപക ദമ്പതിമാര്‍ ആണ് കുഞ്ഞിന് ദത്തെടുത്തത് .
കുഞ്ഞിനെ തിരികെ ലഭിക്കണം എന്നാവശ്യപ്പെട്ട് അനുപമ കേരളത്തില്‍ നടത്തുന്ന സമരത്തെക്കുറിച്ച് ഇവര്‍ അറിഞ്ഞിട്ടുണ്ട്. ”ആന്ധ്രയിലെ ശിശുക്ഷേമ സമിതിയും മാധ്യമങ്ങളും വഴിയാണ് വിവരങ്ങള്‍ അറിഞ്ഞത്, എല്ലാ നിയമ നടപടിയും പാലിച്ചാണ് ദത്തെടുത്തത്”- ദമ്പതിമാര്‍ പറഞ്ഞു.
വിവാഹം കഴിഞ്ഞിട്ട് ഏറെക്കാലം കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ നാലുവര്‍ഷം മുന്പാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചത്. അതിനായി ഔദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്നു. ”കേരളത്തില്‍ ഏറെയും അറിവുള്ളവരല്ലേ, നല്ല ആളുകളല്ലേ, അതുകൊണ്ട് അവിടെനിന്ന് കുഞ്ഞിനെ കിട്ടിയപ്പോള്‍ വലിയ സന്തോഷമായിരുന്നു”- അധ്യാപകന്‍ പറഞ്ഞു. നിയമനടപടികള്‍ കൃത്യമായി പൂര്‍ത്തീകരിച്ചെന്നും കുഞ്ഞിനെ വളര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ദമ്പതിമാര്‍ പറഞ്ഞു.