കൊല്ലം പൂരത്തിന്റെ കുടമാറ്റത്തില്‍ ആര്‍എസ്എസ് സ്ഥാപക നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രവും ഇടംപിടിച്ചു. നവോത്ഥാന നായകരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ഹെഡ്ഗേവാറിന്റെ ചിത്രവും ഉയര്‍ന്നത്. പുതിയകാവ് ക്ഷേത്രത്തിന്റെ കുടമാറ്റത്തിലാണ് ആര്‍എസ്എസ് നേതാവ് ഇടംപിടിച്ചത്.
ബി.ആര്.അംബേദ്കര്‍, ശ്രീനാരായണഗുരു തുടങ്ങിയവരുടെ ചിത്രങ്ങളും കുടമാറ്റത്തില്‍ ഉണ്ടായിരുന്നു. ക്ഷേത്രോത്സവങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളോ നേതാക്കളുടെ ചിത്രങ്ങളോ ഉപയോഗിക്കരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്. ഇതിനിടയില്‍ കുടമാറ്റത്തില്‍ ഹെഡ്ഗേവാറുടെ ചിത്രമുയര്‍ന്നത് വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
കൊല്ലം കരുനാഗപ്പള്ളിയില്‍ അമ്മ 2 പെണ്‍മക്കള്‍ക്കൊപ്പം തീ കൊളുത്തി മരിച്ചു. കരുനാഗപ്പള്ളി ആദിനാട് സൗത്തില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം.
പുത്തൻ കണ്ടത്തില്‍ താര (35), മക്കളായ ആത്മിക (6), അനാമിക (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്.
കോട്ടയം പേരൂരില്‍ മീനച്ചിലാറ്റില്‍ ചാടിയ അഭിഭാഷകയും 2 മക്കളും മരിച്ചു. ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കല്‍ ജിമ്മിയുടെ ഭാര്യ ജിസ്മോള്‍ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം.
കരുനാഗപ്പള്ളി ആദിനാട് പെണ്മക്കളെ ഒപ്പം നിർത്തി മണ്ണെണ്ണ ഒഴിച്ച ശേഷം അമ്മയായ താര സ്വയം തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് താരയും തൊട്ട് പിന്നാലെ പെണ്‍കുട്ടികളും മരിച്ചത്.
കുടുംബ പ്രശ്നമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രവാസിയായ ഭർത്താവ് ഇന്ന് വിദേശത്ത് നിന്ന് മടങ്ങിവരാനിരിക്കെയാണ് താര മക്കള്‍ക്കൊപ്പം ജീവനൊടുക്കിയത്. ഭർത്താവിൻ്റെ വീട്ടുകാരുമായി സ്വത്ത് സംബന്ധിച്ച് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. മൂവരുടെയും മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മീനച്ചിലാറ്റില്‍ മക്കളോടൊപ്പം ജീവനൊടുക്കിയ ജിസ്മോള്‍ മുത്തോലി പഞ്ചായത്ത് മുൻ അംഗവും 2019- ’20 കാലയളവില്‍ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും ആയിരുന്നു. ഹൈക്കോടതിയിലും പാലായിലും അഭിഭാഷകയായി പ്രവർത്തിക്കുകയായിരുന്നു.
കോട്ടയം അയർക്കുന്നം റോഡില്‍ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിന്റെ ഉടമയാണ് യുവതിയുടെ ഭർത്താവ്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കുട്ടികള്‍ക്ക് വീട്ടില്‍ വെച്ച് വിഷം നല്കിയ ശേഷം ജിസ്മോള്‍ കയ്യിലെ ഞരമ്പ് മുറിച്ചിരുന്നു. ഇതിന് ശേഷം സ്കൂട്ടറില്‍ കയറി കടവില്‍ എത്തി പുഴയിലേക്ക് ചാടുകയായിരുന്നു. നാട്ടുകാർ ഇവരെ കരയ്ക്കെത്തിച്ച് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാവിലെ ഭർത്താവിൻ്റെ അമ്മയ്ക്ക് അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് വീട്ടുകാർ ആശുപത്രിയില്‍ പോയിരുന്നു. അവർ എത്തുന്നതിന് മുമ്ബാണ് ആത്മഹത്യ. സ്കൂട്ടറില്‍ മക്കളുമായി എത്തിയ ജിസ്മോള്‍, മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു.
ജിസ്മോളുടെ ഭർത്താവില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. ഇതുവരേയും കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല. ബന്ധുക്കളും നാട്ടുകാരും സംഭവത്തിൻ്റെ ഞെട്ടലാണ്.
ഏറ്റുമാനൂർ പേരൂരിൽ മീനച്ചിലാറ്റിൽ ചാടി അഭിഭാഷകയും രണ്ട് പിഞ്ചുമക്കളും മരിച്ചു. ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോൾ തോമസ് (34), മക്കളായ നോഹ (5), നോറ (2) എന്നിവരാണ് മരിച്ചത്. ഹൈക്കോടതിയിലും പാലായിലും അഭിഭാഷകയായി പ്രവർത്തിച്ചു വരുകയായിരുന്നു. നേരത്തെ മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഏറ്റുമാനൂർ പേരൂർ കണ്ണമ്പുരക്കടവിലാണ് ഒഴുകിയെത്തുന്ന നിലയിൽ കുട്ടികളെ ആദ്യം കണ്ടത്. ഇതോടെ നാട്ടുകാർ ചേർന്ന് തിരച്ചിൽ നടത്തുകയും രണ്ടു കുട്ടികളെയും കരയ്ക്കെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സമയത്തുതന്നെയാണ് അമ്മയെ പുഴക്കരയിൽ ആറുമാനൂർ ഭാഗത്തുനിന്ന് നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് ഇവരെയും ആശുപത്രിയിൽ എത്തിച്ചു.
ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് കണ്ണമ്പുര ഭാഗത്തുനിന്ന് ഇവരുടേതെന്നു കരുതുന്ന സ്കൂട്ടർ കണ്ടെത്തിയത്. സ്കൂട്ടറിൽ അഭിഭാഷകയുടെ ചിഹ്നം അടങ്ങിയ സ്റ്റിക്കർ പതിച്ചിരുന്നു. മരണകാരണം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.
വാഴച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു പേര് മരിച്ചു. വാഴച്ചാല്‍ സ്വദേശികളായ അംബിക(30), സതീഷ്(34) എന്നിവരാണ് മരിച്ചത്. അതിരപ്പിള്ളിക്കും വാഴച്ചാലിനും ഇടയ്ക്കുള്ള വഞ്ചിക്കടവിലാണ് സംഭവം. കഴിഞ്ഞ ദിവസം വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയതായിരുന്നു ഇവർ. നാലംഗ സംഘമാണ് കാട്ടിലേക്ക് പോയത്.
താൽക്കാലികമായി ഒരു ഷെഡ് പണിതാണ് അവർ അവിടെ വിശ്രമിച്ചിരുന്നത്. കാട്ടാന വന്നപ്പോൾ നാല് പേരും ചിതറിയോടിയെങ്കിലും അംബികയും സതീഷും കാട്ടാനയുടെ മുന്നിൽപെടുകയായിരുന്നു. രക്ഷപ്പെട്ടവർ ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അംബികയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്നാണ് കണ്ടെത്തിയത്. സതീഷിന്റെ മൃതദേഹം പാറയിൽ കിടക്കുന്ന നിലയിലായിരുന്നു.
ഞായറാഴ്ച രാത്രി അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. അടിച്ചിൽതൊട്ടി മേഖലയിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെ വനത്തിൽനിന്നു സെബാസ്റ്റ്യനും കൂട്ടുകാരും തേൻ ശേഖരിച്ച് തിരിച്ചുവരുമ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ വനംമന്ത്രി എ.കെ ശശീന്ദ്രൻ അന്വേഷണത്തിന് നിർദേശം നൽകി. പ്രാഥമിക അന്വേഷണം ആരംഭിച്ചതായി വനം വകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ അറിയിച്ചു.
മോഹൻലാൽ- പൃഥ്വിരാജ് ചിത്രം ‘എമ്പുരാനെ’തിരെ വീണ്ടും രൂക്ഷവിമർശനവുമായി മുൻ ഡിജിപി ആർ. ശ്രീലേഖ. ബിജെപിയുമായി സാമ്യമുള്ള പാർട്ടി ഇവിടെ വരാൻ പാടില്ലെന്ന് ചിത്രത്തിൽ പറയുന്നു. അത്ര വലിയ മഹത്തരമായിട്ടുള്ള സിനിമയല്ല എമ്പുരാൻ. ആ സിനിമ രാജ്യത്തിനും എല്ലാ രാഷ്ട്രീയ പാർട്ടിക്കും എതിരാണെന്നും അവർ പറയുന്നു. സ്വന്തം യൂട്യൂബ് ചാനലിലെ വീഡിയോയിലാണ് ശ്രീലേഖ ഇക്കാര്യങ്ങൾ പറഞ്ഞത്. ‘എമ്പുരാൻ സിനിമയെ വീണ്ടും ഒന്ന് ചൂഴ്ന്നു നോക്കുമ്പോൾ’ എന്ന ക്യാപ്ഷനിലാണ് വീഡിയോ പങ്കുവെച്ചത്.
ചിത്രം പറയാൻ ഉദ്ദേശിക്കുന്ന സന്ദേശം യാദൃച്ഛികമായി വന്നതല്ലെന്നും പിന്നിൽ മറ്റെന്തോ ഉദ്ദേശലക്ഷ്യമുണ്ടെന്നും ആരോപിച്ചുകൊണ്ട് ശ്രീലേഖ നേരത്തെ രംഗത്തെത്തിയിരുന്നു. ചിത്രം സമൂഹത്തിന് നൽകുന്ന സന്ദേശം അങ്ങേയറ്റം മോശമാണ്. തിരഞ്ഞെടുപ്പുകൾ വരാനിരിക്കന്ന സാഹചര്യത്തിൽ, ബിജെപിയോട് കൂറുകാണിക്കുന്നവരെപിന്തിരിപ്പിക്കണം എന്ന ലക്ഷ്യത്തോടെ എടുത്തതാണോ ചിത്രം എന്ന് പോലും തനിക്ക് സംശയമുണ്ടെന്നും അന്ന് ശ്രീലേഖ പറഞ്ഞു. ‘എമ്പുരാൻ എന്ന സിനിമ വെറും എമ്പോക്കിത്തരം’, എന്ന ക്യാപ്ഷനിലാണ് അന്ന് വീഡിയോ പങ്കുവെച്ചത്.
”എമ്പുരാൻ എന്ന സിനിമയെക്കുറിച്ച് ഞാൻ പറഞ്ഞതിൽ ചില സ്ഥലത്തെങ്കിലും ഒരു ക്ലാരിറ്റി കുറവ് ഉണ്ടായതായിട്ട് എനിക്ക് തോന്നി. ഞാൻ പറയേണ്ട പല കാര്യങ്ങളും വ്യക്തമായി പറയാൻ എനിക്ക് സാധിച്ചിട്ടില്ല എന്ന് സംശയമുണ്ടായി. അത്ര വലിയ മഹത്തരമായിട്ടുള്ള സിനിമയല്ല എമ്പുരാൻ. അതിന് ഞാൻ ആവശ്യമില്ലാതെ ഒരു ഹൈപ്പ് ഞാനും കൂടെ ചേർന്ന് കൊടുക്കേണ്ട കാര്യമില്ല. ആ സിനിമയുടെ ഗതി എങ്ങോട്ടേക്കാണ് എന്ന് പൊതുവെ എല്ലാവർക്കും അറിയാം. ആ സിനിമ രാജ്യത്തിനും എല്ലാ രാഷ്ട്രീയ പാർട്ടിക്കും എതിരാണ്.
ഐയുഎഫ് പാർട്ടി വളരെ മോശം പാർട്ടി ആയിട്ടാണ് കാണിക്കുന്നത്. ആർപിഐഎം പാർട്ടിയെ അതിനേക്കാൾ മോശമായിട്ടാണ് കാണിക്കുന്നത്. ഇവർ രണ്ട് പേർ ഒരു ഗ്രൂപ്പാണെന്നും ആർപിഐഎം നേതാവിന് തിരുവാതിര കളി ഇഷ്ടമാണെന്നുമൊക്കെയുള്ള ധ്വനി ആ ചിത്രത്തിലുണ്ട്. അത് എല്ലാ പാർട്ടിക്കും മോശമാണ്. എന്തുകൊണ്ടാണ് ഒരു രാഷ്ട്രീയ പാർട്ടിക്ക് ഈ സിനിമ ഇഷ്ടമായതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ചിലപ്പോൾ, അതിൽ വികലമായ രീതിയിൽ ഗുജറാത്തിൽ നടന്നതിനെ കാണിക്കുന്നത് കൊണ്ടാകാം. ബിജെപിയെ താഴ്ത്തിക്കാണിക്കുന്ന സിനിമയാണ് അതിനാൽ ഞങ്ങൾ അതിനെ പ്രോത്സാഹിപ്പിക്കണം എന്ന ധാരണ മനസ്സിലുള്ളതുകൊണ്ട് ആണോ എന്നും അറിയില്ല.
ഐക്യത്തോടെയും സഹോദര്യത്തോടുകൂടിയും ജീവിക്കുന്ന ഒരു അവസ്ഥയിൽ ഇതുപോലെ സിനിമ എടുത്തുകൊണ്ട് അധോലോക നായകന്മാർ അല്ലാതെ ബാക്കി എല്ലാവരും മോശക്കാർ എന്ന് കാണിക്കുന്ന രീതി സിനിമയ്ക്ക് ഭൂഷണമല്ല. ലൂസിഫർ എന്ന ചിത്രം എനിക്ക് ഇഷ്ടമായെന്ന് ഞാൻ എവിടേയും പറഞ്ഞിട്ടില്ല. ലൂസിഫറിൽ മയിൽവാഹനം എന്ന കമ്മിഷണറെ മോശമായിട്ടാണ് കാണിച്ചിരിക്കുന്നത്. ഒരു കമ്മിഷണറെ കൊന്നിട്ട് അയാൾ ജയിലിലായില്ലേ, അയാൾ ഇപ്പോഴും പുറത്ത് ഇങ്ങനെ കറങ്ങിനടക്കുവാണോ, അതിന് കേസൊന്നും ഇല്ലേ എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ.
ബിജെപിയുമായി സാമ്യമുള്ള പാർട്ടി ഇവിടെ വരാൻ പാടില്ല, ആ മുഖ്യമന്ത്രിയെ ഇവിടെ നിന്ന് ഒഴിവാക്കിയിട്ട് പകരം മുഖ്യമന്ത്രിയുടെ സഹോദരിയായ സ്ത്രീയെ ഇവിടുത്തെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കൊണ്ടുവരണം. അപ്പോൾ, അതിനുവേണ്ടിയാണ് മോഹൻലാൽ മുണ്ടുടുത്ത് സ്റ്റീഫൻ നെടുമ്പള്ളി ആയി തിരിച്ചുവരുന്നതും അവിടെയുണ്ടാകുന്ന പ്രശ്നത്തിൽ ഇടപെട്ട് പ്രിയദർശിനിയെ കൊണ്ടുവന്ന് ഈ കാര്യങ്ങളൊക്കെ ചെയ്യിപ്പിക്കുന്നതും.
സയീദ് മസൂദ് എന്ന കഥാപാത്രം 13-ഓ 14-ഓ വയസ്സുള്ളപ്പോൾ ഗുജറാത്തിലെ കഥാപാത്രത്തിന്റെ ഇടയിൽ നിന്ന് രക്ഷപ്പെട്ട ഏക പയ്യനായിട്ടാണ് കാണിക്കുന്നത്. അവൻ എങ്ങനെ പാകിസ്താനിലെ ക്യാമ്പിൽ ട്രെയിനിങ്ങിന് ചെന്നു എന്ന കാര്യം ആരും പറയുന്നില്ല. അപ്പോൾ, ലഷ്കർ ഇ തൊയ്ബയുടെ കരം ശക്തമായി ഭാരതത്തിലുണ്ട്. അവർ ഇതൊക്കെ നോക്കിക്കൊണ്ട് ഇരിക്കുകയാണ്. ഭാരതത്തിൽ നിന്ന് ഒരുപാട് കുട്ടികളെ പാകിസ്താനിലെ ടെററിസ്റ്റ് ക്യാമ്പുകളിൽ എത്തിച്ചു ട്രെയിൻ ചെയ്യും എന്നാണ് കാണിക്കുന്നത്. അവരെ ഇന്ത്യക്കെതിരേ മുദ്രാവാക്യം മുഴക്കാനും ഭീകരവാദം പഠിപ്പിക്കാനും ഇന്ത്യയാണ് എല്ലാവരേയും കൊന്നതെന്നും പറഞ്ഞ് പഠിപ്പിക്കുന്നു.
സയീദ് മസൂദിനെ എന്തിനാണ് അബ്രാം ഖുറേഷി രക്ഷപ്പെടുത്തുന്നത്. അവനെ രക്ഷിച്ച് വിദ്യാഭ്യാസം നൽകി ഭാരതീയ പൗരനായിട്ട് വളർത്തിയെടുത്ത് ദേശസേവനം ചെയ്യാൻ വേണ്ടിയാണോ. അല്ല, അയാളുടെ ഗ്യാങ്ങിലേക്ക് റിക്രൂട്ട് ചെയ്യുകയാണ്. അയാളുടെ കള്ളക്കടത്ത് സംഘത്തിലേക്ക് അയാൾക്ക് ഇതുപോലത്തെ ആളുകളെ വേണം. പിന്നീട്, സയീദ് മസൂദും ഇതുപോലുള്ള കുട്ടികളെ രക്ഷിക്കുന്നുണ്ട്. ഒരു പെൺകുട്ടിയും അതിനകത്ത് ഉൾപ്പെടുത്തുന്നു എന്നത് കഷ്ടം’, ആർ. ശ്രീലേഖ പറയുന്നു.
കേണിച്ചിറയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കേണിച്ചിറ സ്വദേശിനി ലിഷ(39) ആണ് കൊല്ലപ്പെട്ടത്. കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് ജിൻസൺ (43) ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഞായറാഴ്ചയായിരുന്നു സംഭവം. വാട്ടർ അതേറിറ്റി ജീവനക്കാരനാണ് ജിൻസൺ. കടബാധ്യതയെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ജിൻസൺ ലിഷയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
രണ്ടു മക്കളെയും മുറിയിൽ പൂട്ടിയിട്ടതിന് ശേഷമായിരുന്നു ജിൻസൺ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ജിൻസൺ എഴുതിയതായി കരുതപ്പെടുന്ന ആത്മഹത്യ കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തിയതായും വിവരമുണ്ട്.
ഫറോക്കിൽ പതിനഞ്ചുകാരിയെ സമപ്രായക്കാരായ രണ്ടുപേർ ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ കുറ്റാരോപിതരായ ആൺകുട്ടികളെ ചൊവ്വാഴ്ച കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യൂസി) മുമ്പിൽ ഹാജരാക്കാൻ നിർദേശം. ഇതുസംബന്ധിച്ച് കുട്ടികളുടെ രക്ഷിതാക്കൾക്ക് നോട്ടീസ് നൽകി.
നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനഞ്ചുകാരിയെ സമപ്രായക്കാരായ രണ്ടുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി ഇക്കാര്യം തുറന്നുപറഞ്ഞത്. പീഡന ദൃശ്യം മൊബൈലിൽ പകർത്തിയിരുന്നു. ഇത് കുട്ടിയുടെ ബന്ധു കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഇവരുടെ ഒപ്പം ഉണ്ടായിരുന്ന പതിനൊന്ന് വയസുള്ള പ്രായമുള്ള ആൺകുട്ടിയാണ് പീഡനദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയത്. കഴിഞ്ഞ ആഴ്ച കുറ്റാരോപിതരായ രണ്ട് ആൺകുട്ടികളിൽ ഒരാളുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം. പെൺകുട്ടിയെ വീട്ടിലെത്തിച്ച് ഇരുവരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പതിനൊന്നുകാരൻ പകർത്തിയ പീഡന ദൃശ്യം പിന്നീട് പലരിലും എത്തിയതായാണ് വിവരം.
പെൺകുട്ടിയുടെ ബന്ധു ദൃശ്യം കാണാനിടയായതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. തുടന്ന് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കുകയായിരുന്നു. കൗൺസിലിങ്ങിനിടെയാണ് ഞെട്ടിക്കുന്ന വിവരം പെൺകുട്ടി പുറത്തുപറഞ്ഞത്. സമപ്രായക്കാരായ രണ്ടുപേർ ചേർന്ന് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ.
സംഭവത്തിൽ നല്ലളം പോലീസ് കേസെടുത്തു. ഫറോക്ക് എസിപിക്കാണ് അന്വേഷണ ചുമതല. ആൺകുട്ടികൾ മൂന്നുപേരും സുഹൃത്തുക്കളാണെന്നാണ് വിവരം. കുറ്റാരോപിതരായ ആൺകുട്ടികളെ ചൊവ്വാഴ്ച കോഴിക്കോട് സിഡബ്ല്യൂസിക്ക് മുമ്പിൽ ഹാജരാക്കാനാണ് നിർദേശം. ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം. സിഡബ്ല്യൂസി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും പോലീസ് നടപടികൾ.
റോഡ് മാർഗ്ഗം യുകെയിൽ നിന്നും കേരളത്തിലേക്ക് യാത്ര. ഏപ്രിൽ പതിനാലാം തിയതി ആരംഭിക്കുന്ന യാത്ര ജൂൺ പതിനഞ്ചാം തീയതിയോടുകൂടി കേരളത്തിൽ എത്തും. ദി ഗ്രേറ്റ് റോഡ് ട്രിപ്പിലെ സഞ്ചാരികളായ സാബു ചാക്കോ , ഷോയി ചെറിയാൻ, റെജി തോമസ്, ബിജു പി മാണി എന്നിവരാണ് യാത്ര നടത്തുന്നത്.
ഈ യാത്രയിലൂടെ മാഞ്ചസ്റ്ററിലെ ക്രിസ്റ്റി കാൻസർ ഹോസ്പിറ്റലിന് വേണ്ടി ചാരിറ്റി ഫണ്ട് റൈസിംഗും നടത്തുന്നു. സൂര്യൻ അസ്തമിക്കാത്ത നാട്ടിലെ മാഞ്ചസ്റ്ററിൽ നിന്നും ഫ്രാൻസ്, ബെൽജിയം, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, കൊറേഷ്യ, ഹംഗറി, ബോസ്നിയ, മോണ്ടനോഗ്രോ, സെർബിയ, റൊമാനിയ, ടർക്കി, ജോർജിയ, റഷ്യ, ഖസാക്കിസ്ഥാൻ, ചൈന, തുടർന്ന് നേപ്പാളിലൂടെ ഇന്ത്യയിൽ എത്തി ഏകദേശം 60 ദിവസങ്ങൾ കൊണ്ട് രണ്ട് കോണ്ടിനെൻ്റുകൾ 20 രാജ്യങ്ങൾ സഞ്ചരിച്ചാണ് നമ്മുടെ സ്വന്തം ഗോഡ്സ് ഓൺ കൺട്രി ആയ കേരളത്തിൽ എത്തുന്നത്.
തിരിച്ച് 2025 ഓഗസ്റ്റ് ഇരുപതാം തീയതി ഇതേ റൂട്ടിലൂടെ തിരികെ മാഞ്ചസ്റ്ററിൽ എത്തും. അനേകായിരം ക്യാൻസർ രോഗികൾക്ക് താങ്ങും തണലും അഭയവുമായ മാഞ്ചസ്റ്റർ ലെ കാൻസർ ഹോസ്പിറ്റൽ ആയ ക്രിസ്റ്റി ഹോസ്പിറ്റലിലേക്കുള്ള ഒരു ഫണ്ട് റൈസിംഗും ഈ യാത്രയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ഈ ചാരിറ്റി പ്രവർത്തനത്തിൽ നിങ്ങൾക്കും പങ്കാളികളാകാം. ഇതിനോടൊപ്പം ഉള്ള ക്യു ആർ കോഡ് സ്കാൻ ചെയ്ത് നിങ്ങൾക്ക് ഇഷ്ടമുള്ള ചെറുതോ വലുതോ ആയ തുക ക്രിസ്റ്റി ഹോസ്പിറ്റലിൽ ചാരിറ്റി ഫണ്ടിലേക്ക് നൽകാം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാനഡയിലെ ലിവിങ്സ്റ്റണ് നോര്‍ത്ത് വെസ്റ്റ് കമ്മ്യൂണിറ്റിയില്‍ നിന്നും കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലയാറ്റൂര്‍ നീലീശ്വരം സ്വദേശി ഫിന്റോ ആന്റണി (39) ആണ് മരിച്ചത്. കഴിഞ്ഞ അഞ്ച് മുതല്‍ ജിപിഎസ് സംവിധാനമുള്ള വാഹനം അടക്കമാണ് ഫിന്റോയെ കാണാതായത്.
കാറിനുള്ളില്‍ നിന്നാണ് ഫിന്റോയുടെ മൃതദേഹം കണ്ടെത്തിയത്. 12 വര്‍ഷമായി കാനഡയില്‍ ജോലി ചെയ്യുന്ന ഫിന്റോയെ ഏപ്രില്‍ അഞ്ച് ശനിയാഴ്ച ലൂക്കാസ് ക്ലോസ് നോര്‍ത്ത് വെസ്റ്റിലെ 100 ബ്ലോക്കിലെ വീട്ടില്‍ നിന്നുമാണ് കാണാതായത്. ഫിന്റോ ആന്റണിയെ കാണാനില്ലെന്ന് കാനഡ പൊലീസ് തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്. കാണാതായ വാര്‍ത്ത ബുധനാഴ്ച കാനഡ പൊലീസ് പത്രങ്ങളിലും നല്‍കിയിരുന്നു.
വാഹനത്തില്‍ പുറത്തു പോയതിന് ശേഷം തിരികെ വന്നില്ലെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. ആല്‍ബര്‍ട്ട ലൈസന്‍സ് പ്ലേറ്റ് സിടിആര്‍ 9938 ഉള്ള ഒരു കറുത്ത 2024 റാം 3500 പിക്കപ്പ് ട്രക്കിലായിരുന്നു ഫിന്റോ വീട്ടില്‍ നിന്ന് പുറപ്പെട്ടത്. ആറ് മാസമായി ഭാര്യയും രണ്ട് കുട്ടികളും ഇദ്ദേഹത്തിന് ഒപ്പം ഉണ്ട്. മൊബൈല്‍ ഫോണ്‍ വീട്ടില്‍ നിന്നും ലഭിച്ചിരുന്നു. നീലീശ്വരം സ്വദേശിനി ധന്യയാണ് ഭാര്യ.
മകളുടെ പ്രണയത്തെച്ചൊല്ലി വീട്ടിലുണ്ടായ തര്‍ക്കത്തിനിടെ അച്ഛന് പെട്രോളൊഴിച്ച് തീ കൊളുത്തി. ഇദ്ദേഹവും ഭാര്യയും മകളുമുള്‍പ്പെടെ മൂന്നുപേര്‍ പൊള്ളലേറ്റ് മരിച്ചു. സാരമായി പൊള്ളലേറ്റ ഇളയമകന് ചികിത്സയിലാണ്. ഇതരജാതിയില്‍പ്പെട്ട യുവാവിനെ മകള്‍ പ്രണയിച്ചതിലുള്ള എതിര്‍പ്പാണ് സംഭവത്തിന് ഇടയാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശ്രീനിപുരം പുത്തന്‍പുരയ്ക്കല്‍ സത്യപാലന് (56), ഭാര്യ ശ്രീജ (സീതമ്മ-48), മകള്‍ അഞ്ജലി(26) എന്നിവരാണ് മരിച്ചത്. ശ്രീജ സംഭവസ്ഥലത്തുവെച്ചും മറ്റ് രണ്ടുപേര്‍ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലുമാണ് മരിച്ചത്. എരുമേലിയിലെ ജൂബിലി ലൈറ്റ് ആന്‍ഡ് സൗണ്ട്സ് ഉടമയാണ് സത്യപാലന്.
പൊള്ളലേറ്റ മകന് അഖിലേഷ് (ഉണ്ണിക്കുട്ടന്-24) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച 12 മണിയോടെയാണ് സംഭവം. വീടിനുള്ളില്‍നിന്നും തീ ഉയരുന്നത് കണ്ട് സമീപവാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാതില്‍ അടച്ച നിലയിലായിരുന്നു.
അഞ്ജലിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി വെള്ളിയാഴ്ച രാവിലെ ഒരു യുവാവ് ഇവരുടെ വീട്ടിലെത്തിയിരുന്നു. വാക്കേറ്റവും ഉണ്ടായി. ഇദ്ദേഹം പോയശേഷമാണ് വീട്ടില്‍ വഴക്കുണ്ടായതെന്നും തുടര്‍ന്ന് തീ ഉയരുന്നതുകണ്ടെന്നും അയല്‍വാസികള്‍ പറയുന്നു.
സമീപവാസികളും കാഞ്ഞിരപ്പള്ളിയില്‍നിന്നും അഗ്നിരക്ഷാസേനയും ചേര്‍ന്ന് തീയണച്ചെങ്കിലും വീടിന്റെ ഉള്‍വശവും വൈദ്യുതിവയറുകളും മേല്‍ക്കൂരയിലെ ഷീറ്റും കത്തിനശിച്ചു. വിദേശത്ത് നഴ്സ് ആയിരുന്ന അഞ്ജലി ഒരാഴ്ചമുമ്പാണ് നാട്ടില്‍ എത്തിയത്.
വീട്ടില്‍വന്ന യുവാവിനെ വിവാഹം കഴിച്ചാല്‍ താന്‍ ജീവനൊടുക്കുമെന്ന് പെണ്‍കുട്ടിയുടെ അച്ഛന് ഭീഷണി മുഴക്കിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പൊള്ളലേറ്റ മകനാണ് സംഭവത്തിലെ ഏക ദൃക്സാക്ഷി. ചികിത്സയിലായതിനാല്‍ അഖിലേഷിന്റെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇദ്ദേഹത്തിന്റെ മൊഴി എടുത്താലേ സംഭവത്തില്‍ വ്യക്തതവരൂവെന്നും പോലീസ് പറഞ്ഞു.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. വിളിക്കുക 1056, 0471 2552056)