സൗദി അറേബ്യയില്‍ സ്ഥിര താമസത്തിനുള്ള പ്രീമിയം റസിഡന്‍സി കാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. സൗദി പൗരന്മാര്‍ക്ക് രാജ്യത്ത് ലഭിക്കുന്ന അവകാശങ്ങളില്‍ ഭൂരിഭാഗവും വിദേശികള്‍ക്ക് കൂടി ലഭിക്കുന്ന പ്രീമിയം ഇഖാമ നടപ്പാക്കാന്‍ കഴിഞ്ഞ മേയ് മാസത്തിലാണ് സൗദി മന്ത്രിസഭ തീരുമാനിച്ചത്. സൗദി പൗരന്‍ സ്‌പോണ്‍സറായി ആവശ്യമില്ലാതെ വിദേശികള്‍ക്ക് രാജ്യത്ത് വ്യവസായങ്ങള്‍ നടത്താനും തൊഴില്‍ ചെയ്യാനും അനുവദിക്കുന്ന പ്രത്യേക താമസ രേഖയാണിത്. സൗദി പ്രീമിയം റെഡിസന്‍സി സെന്റര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് എം.എ യൂസഫലിക്ക് പ്രീമിയം റെസിഡന്‍സി അനുവദിച്ച വിവരം പുറത്തായത്.
സൗദിയിലെ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമാണ് വിദേശികള്‍ക്കുള്ള പെര്‍മെനന്റ് റെസിഡന്‍സി. മക്കയിലും മദീനയിലും അതിര്‍ത്തി പ്രദേശങ്ങളിലും ഒഴികെ സൗദി അറേബ്യയുടെ ഏതു ഭാഗത്തും വ്യാവസായിക, സ്വകാര്യ ആവശ്യങ്ങള്‍ക്ക് സ്വന്തം പേരില്‍ വസ്തുക്കളും കെട്ടിടങ്ങളും വാഹനങ്ങളും വാങ്ങാനും മക്കയിലും മദീനയിലും 99 വര്‍ഷ കാലാവധിയുടെ പാട്ട വ്യവസ്ഥയില്‍ കെട്ടിടങ്ങളോ വസ്തുക്കളൊ എടുക്കാനും പ്രീമിയം ഇഖാണ ഉള്ളവര്‍ക്ക് സാധിക്കും. വിമാനത്താവളങ്ങളിലും പ്രവേശന കവാടങ്ങളിലും സൗദികള്‍ക്ക് മാത്രമായുള്ള പ്രത്യേക പാസ്‌പോര്‍ട്ട് ഡെസ്‌കും ഇവര്‍ക്കുപയോഗിക്കാം. യുഎഇ ഭരണകൂടം പ്രവാസികള്‍ക്ക് സ്ഥിരതാമസാനുമതി നല്‍കുന്ന ഗോള്‍ഡ് കാര്‍ഡ് വിസയും ആദ്യമായി അനുവദിച്ചത് യൂസഫലിക്കായിരുന്നു.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും നന്ദി പറഞ്ഞ എം.എ യൂസഫലി, ഇത് തന്റെ ജീവിതത്തിലെ അഭിമാനം നിറഞ്ഞൊരു മുഹൂര്‍ത്തമാണെന്ന് പ്രതികരിച്ചു. കൂടുതല്‍ നിക്ഷേപങ്ങള്‍ രാജ്യത്തേക്ക് ആകര്‍ഷിക്കാനും മേഖലയിലെ പ്രധാന ബിസിനസ് ഹബ്ബായി സൗദി അറേബ്യയെ കൂടുതല്‍ നേട്ടങ്ങളിലെത്തിക്കാനും സ്ഥിര താമസാനുമതി നല്‍കുന്ന പദ്ധതിയിലൂടെ സാധിക്കുമെന്നും യൂസഫലി പ്രതികരിച്ചു.
പെട്രോൾ പമ്പിനു സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനു തീ പിടിച്ച്, ബസിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന ക്ലീനർ വെന്തുമരിച്ചു. ഏലപ്പാറ ഉപ്പുകുളം എസ്റ്റേറ്റിൽ പാൽരാജിന്റെയും സുശീലയുടെയും മകൻ രാജൻ (23) ആണു മരിച്ചത്. കുമളി–പശുപ്പാറ റൂട്ടിൽ ഓടുന്ന കൊണ്ടോടി ബസാണു കത്തിനശിച്ചത്.
ഇന്നലെ പുലർച്ചെ രണ്ടോടെയാണു സംഭവം. പെട്രോൾ പമ്പിനു സമീപം പാർക്ക് ചെയ്തിരുന്ന ബസിന്റെ ഡീസൽ ടാങ്കിലേക്കു തീ പടരാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. തീപിടിത്തത്തിൽ സമീപത്തെ കെട്ടിടത്തിനു ഭാഗികമായ കേടുപാടുകൾ സംഭവിച്ചു. പൊലീസും നാട്ടുകാരും ചേർന്നു തീ നിയന്ത്രിച്ചതിനാൽ കൂടുതൽ വ്യാപിച്ചില്ല.പീരുമേട്ടിൽ നിന്നും കട്ടപ്പനയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണു തീ പൂർണമായി അണച്ചത്.
വലിച്ച ശേഷം ഉപേക്ഷിച്ച സിഗരറ്റ് കുറ്റിയിൽ നിന്നോ ബസിന്റെ താഴേക്കു കിടന്നിരുന്ന ഇലക്ട്രിക് വയറുകളിൽ നിന്നോ തീ പടർന്നിരിക്കാം എന്നാണു പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. രാവിലെ കുമളിയിൽ നിന്നു സർവീസ് ആരംഭിക്കാറുള്ള ബസ് ചെളിമട പെട്രോൾ പമ്പിനു സമീപമാണു പാർക്ക് ചെയ്യാറുള്ളത്. പമ്പിനോടു ചേർന്നുള്ള കെട്ടിടത്തിൽ ജീവനക്കാർക്കു താമസിക്കാൻ മുറിയുണ്ട്.ബസിലെ ക്ലീനർ രാജൻ മിക്ക ദിവസങ്ങളിലും ബസിനുള്ളിലാണു കിടക്കുന്നത്.
പുലർച്ചെ രണ്ടോടെ ബഹളം കേട്ടു മുറിയിൽ നിന്നു പുറത്തിറങ്ങിയ ബസിലെ ജീവനക്കാർ ബസ് കത്തിയെരിയുന്നതാണു കണ്ടത്. ഇവർ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നു തീ നിയന്ത്രിച്ചെങ്കിലും പൂർണമായി അണയ്ക്കാൻ കഴിഞ്ഞില്ല. പിന്നീടു തീ പൂർണമായി അണച്ച ശേഷം നടത്തിയ പരിശോധനയിലാണു രാജന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. രാജൻ അവിവാഹിതനാണ്.
കുമളി സിഐ വി.കെ.ജയപ്രകാശ്, എസ്ഐമാരായ പ്രശാന്ത് പി.നായർ, വി.സന്തോഷ്കുമാർ തുടങ്ങിയവർ സ്ഥലത്തെത്തി. കോട്ടയത്തു നിന്നെത്തിയ ഫൊറൻസിക് സംഘം പരിശോധന നടത്തി. ഇടുക്കി ജില്ലാ പൊലീസ് മേധാവി പി.കെ.മധു സ്ഥലം സന്ദർശിച്ചു. ക്ലീനറെ അപായപ്പെടുത്താൻ ആരെങ്കിലും ബസിന് തീയിട്ടതാണോ എന്ന സംശയത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. ക്ലീനർ രാജന്റെ തലയോട്ടിയിൽ പൊട്ടലുണ്ടെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ആദ്യ സൂചന.
വയനാട് ബത്തേരിയിൽ കാറുമായി കൂട്ടിയിടിച്ചു ബസ് മറിഞ്ഞു ഒരു മരണം. ബസ് യാത്രക്കാരായ നിരവധി പേർക്ക് പരുക്കേറ്റു. അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി വിപിനാണ് മരിച്ചത്.കൽപറ്റയിൽ നിന്നും ബത്തേരിഭാഗത്തേക്ക് പോവുകയായിരുന്നു ബസ്
രാവിലെയായതിനാൽ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ ബസിൽ ഉണ്ടായിരുന്നു. പിഎസ് സി പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥി നെല്ലാറച്ചാൽ സ്വദേശി വിപിനാണ് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. അറുപതോളം പേർ ചികിത്സയിലാണ്.
പരുക്കേറ്റ കാർ യാത്രക്കാരനെ കോഴിക്കോടേക്ക് കൊണ്ടുപോയി. കച്ചവടക്കാരും നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് പരുക്കേറ്റവരെ പെട്ടന്ന് ആശുപത്രിയിൽ എത്തിച്ചത് അപകടത്തിന്റെ ആഘാതം കുറച്ചു.
ഒതളങ്ങ കഴിച്ചു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചേര്‍ത്തല കുത്തിയതോട് അശ്വതി ഭവനത്തില്‍ മോഹന്‍ദാസ്- ഗിരിജ ദമ്പതികളുടെ മകളും വൈക്കം ഉദയനാപുരം നേരേകടവ് പുതുവല്‍ നികര്‍ത്ത് ശരത്തിന്റെ ഭാര്യയുമായ അശ്വതിയാണ് (23) മരിച്ചത്. വിവാഹശേഷം പെട്ടെന്നുതന്നെ ഭർത്താവിനെ പിരിഞ്ഞിരിക്കേണ്ടി വരുന്നതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണം.
ദിവസങ്ങൾക്ക് മുൻപായിരുന്നു അശ്വതിയുടെയും ശരത്തിന്റെയും വിവാഹം. മധുവിധു തീരും മുൻപ് ശരത്ത് ലക്ഷ്വദ്വീപില്‍ ജോലിയ്ക്ക് പോകാൻ തയാറായത് അശ്വതിയെ മനോവിഷമത്തിലാക്കിയിരുന്നു. ഭർത്താവിനെ വേർപിരിഞ്ഞിരിക്കാൻ കഴിയാതെ വന്നതോടെ യാത്രയിൽ നിന്നും പിന്തിരിപ്പിക്കാൻ അശ്വതി ശ്രമിച്ചു. ഒടുവിൽ ശരത്തിന്റെ യാത്ര താൽക്കാലികമായി മുടക്കാൻ അശ്വതി ഒതളങ്ങ കഴിക്കുകയായിരുന്നു. എന്നാൽ ഉടന്‍തന്നെ യുവതിയെ ആശുപത്രിയിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണവാർത്ത വൈക്കം ജനമൈത്രി പൊലീസ് സ്ഥിരീകരിച്ചു.
വെള്ളിയാഴ്‌ച ഉച്ചയ്‌ക്കു ഭര്‍തൃവീട്ടില്‍ വച്ചാണ് അശ്വതി ഒതളങ്ങ കഴിച്ചത്. ആദ്യം വൈക്കം ഗവ. ആശുപത്രിയിലും തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിക്കുകയായിരുന്നു. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു കൈമാറി. അശ്വതിയുടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭര്‍ത്താവ് ശരത്തിനെതിരെ പരാതി നല്‍കാന്‍ അശ്വതിയുടെ ബന്ധുക്കള്‍ തയാറായിട്ടില്ലെന്നു പൊലീസ് അറിയിച്ചു.
ആഗോള തലത്തില്‍ കൊറോണ വൈറസ് പടരുന്നതിനിടെ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലിന് ഷേക്ക് ഹാന്‍ഡ് നല്‍കാന്‍ വിസ്സമ്മതിച്ച് ആഭ്യന്തരമന്ത്രിയായ ഹോഴ്സ്റ്റ് സീഹോഫര്‍.
ബര്‍ലിനില്‍ കുടിയേറ്റത്തെക്കുറിച്ചുള്ള യോഗത്തിലേക്ക് കടന്ന് വന്ന മെര്‍ക്കല്‍ ഹോഴ്സ്റ്റിന് കൈ കൊടുക്കുമ്പോള്‍ ചിരിച്ചു കൊണ്ട് കൈകൊടുക്കാന്‍ വിസ്സമ്മതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ഇരുവരും ചിരിക്കുകയും മെര്‍ക്കല്‍ കൈപിന്‍വലിക്കുകയും ചെയ്യുന്നു. ഇതാണ് ചെയ്യാവുന്ന ശരിയായ കാര്യമെന്ന് പറഞ്ഞു കൊണ്ട് അവര്‍ കസേരയില്‍ ഇരുന്നു. യോഗത്തിനെത്തിയവരില്‍ പൊട്ടിച്ചിരിയുണര്‍ത്തി ഈ സംഭവം.
വൈറസ് ബാധ തടയാന്‍ ലോകമെമ്പാടും ശ്രമം തുടരവേ കൊറോണ പടരുകയാണ്. ഈ സാഹചര്യത്തില്‍ ഹാന്‍ഡ് ഷേക്ക് നല്‍കാതിരിക്കുന്നത് രോഗബാധ തടയാന്‍ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു.
ആദ്യം ചൈനയില്‍ പ്രത്യക്ഷപ്പെട്ട വൈറസ് അന്റാര്‍ട്ടിക്ക ഒഴിച്ചുള്ള ഭൂഖണ്ഡങ്ങളിലെ 70 രാജ്യങ്ങളില്‍ പടര്‍ന്നു കഴിഞ്ഞു. മരണ സംഖ്യ 3000 കവിഞ്ഞു. ചൈനയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. ചൈനയ്ക്ക് പുറത്ത് ഏറ്റവുമധികം ബാധിച്ചത് ദക്ഷിണ കൊറിയയിലാണ്. 4,335 പേര്‍ക്കാണ് ബാധിച്ചത്.
നിയന്ത്രിക്കാനാകാതെ വൈറസ് പടരുന്നത് ലോക സാമ്പത്തിക വ്യവസ്ഥയെ ബാധിക്കുമെന്ന ഭീതി ഉയര്‍ന്നുകഴിഞ്ഞു. 2008-ലെ സാമ്പത്തിക മാന്ദ്യത്തിന് സമാനമായ അവസ്ഥയാണ് വിദഗ്ദ്ധര്‍ പ്രവചിക്കുന്നത്. വൈറസ് ബാധിച്ച രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് പല രാജ്യങ്ങളും വിസ നിഷേധിച്ചു തുടങ്ങി.
തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്ത്രീയുടെ മൃതദേഹം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. വാലിക്കുന്ന് കോളനിയിൽ സിനി (32) ആണ് മരിച്ചത്. ശുചിമുറിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ വെട്ടേറ്റ പാടുകളുണ്ട്. സംഭവത്തിൽ ഭര്‍ത്താവ് കുട്ടനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും വഴക്കിട്ടിരുന്നതായി മക്കള്‍ മൊഴി നല്കി.
രണ്ടുദിവസം മുന്‍പാണ് കൊലപാതകമെന്നാണ് സൂചന. ശനിയാഴ്ച ഇവര്‍ തമ്മില്‍ വഴക്കിട്ടിരുന്നതായി മക്കള്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു. അതിന് ശേഷമാണ് സിനിയെ കാണാതായത്. അമ്മയെ പറ്റി മക്കള്‍ പിതാവിനോട് ചോദിച്ചപ്പോള്‍ അവളുടെ വീട്ടില്‍ പോയെന്നും രണ്ട് ദിവസം കഴിഞ്ഞ മടങ്ങി വരുമെന്നുമായിരുന്നു മറുപടി.ഇങ്ങനെ കാണാതായപ്പോൾ കുട്ടികൾ അയൽക്കാരോട് പരാതിപ്പെടുകയും തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം മറവ് ചെയ്ത നിലയിൽ കണ്ടെത്തുകയുമായിരുന്നു
കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ വിമത നീക്കം ശക്തമാക്കി സുഭാഷ് വാസു. മുൻ ഡിജിപി ടി.പി. സെൻകുമാർ സുഭാഷ് വാസു വിഭാഗത്തിന്റെ സ്ഥാനാർഥി ആയേക്കുമെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച വൈകീട്ട് നാലിന് കുട്ടനാട്ടിൽ വച്ചാണ് പ്രഖ്യാപനം. എന്നാൽ, മത്സരത്തിനില്ലെന്ന് സെൻകുമാർ അറിയിച്ചാൽ സുഭാഷ് വാസു തന്നെ സ്ഥാനാർഥിയാകും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർഥിയായിരുന്ന സുഭാഷ് വാസു 33,000- ത്തിലധികം വോട്ടുകൾ നേടിയിരുന്നു. സെൻകുമാറിനെ സ്ഥാനാർഥിയാക്കുന്നത് ആർഎസ്എസ് നേതൃത്വത്തിന്റെ പിന്തുണയിലാണെന്ന് സുഭാഷ് വാസു വിഭാഗം അവകാശപ്പെടുന്നു. ബിജെപി നേതൃത്വത്തിന്റെ പിന്തുണയോടെ ശക്തനായ സ്ഥാനാർഥിയെ ബിഡിജെഎസ് മത്സരിപ്പിക്കുമെന്ന് ഔദ്യേോഗിക വിഭാഗവും നേരത്തെ പ്രതികരിച്ചിരുന്നു.
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനെന്ന പേരില്‍ കരുണ സംഗീത നിശ നടത്തി സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ സംഘാടകരായ സംവിധായകൻ ആഷിഖ് അബുവും സംഗീത സംവിധായകൻ ബിജിബാലും കൂടുതല്‍ കുരുക്കിലേക്ക്. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ അടക്കമുള്ളവ പരിശോധിക്കനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. സ്പോണ്‍സര്‍ഷിപ്പായി സ്വകാര്യ അക്കൗണ്ടിലേക്ക് പണം ലഭിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിനാണ് അക്കൗണ്ടുകള്‍ പരിശോധിക്കുന്നത്.
ഫ്രീ പാസുകളുടെ കണക്കുകൾ ഉൾപ്പടെ പരിശോധിക്കാനാണ് പോലീസ് നീക്കം. പരിപാടിയുടെ സൗജന്യ പാസുകള്‍ ഹൈബി ഈഡന് എംപിയുടെ ഓഫീസില്‍ നിന്നും കൈപ്പറ്റിയിരുന്നുവെന്ന് മുമ്പ് ആഷിഖ് ഫേസ്ബുക്കിലൂടെ പ്രതികരിച്ച സാഹചര്യത്തില്‍ എംപിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. പരാതിക്കാരനായ ബിജെപി നേതാവ് സന്ദീപ് വാര്യര്‍, കൊച്ചി മ്യൂസിക് ഫൗണ്ടേഷന് പ്രതിനിധികള്‍ എന്നിവരുടടെ മൊഴികള്‍ ക്രൈംബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
സംഗീത നിശ കാണാന്‍ 4,000 പേരാണ് എത്തിയതെന്നും അതില്‍ 3,000 പേര്‍ സൗജന്യമായാണ് കണ്ടതെന്നുമാണ് സംഘാടകര്‍ പറയുന്നത്. ടിക്കറ്റ് വില്‍പ്പനയിലൂടെ 7,74,500 രൂപയാണ് ലഭിച്ചതെന്നും നികുതി കുറച്ചുള്ള ആറര ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് അടച്ചതെന്നും ഇവര്‍ പറയുന്നു. അതേസമയം സൗജന്യമായി നല്‍കിയെന്ന് സംഘാടകര്‍ പറയുന്ന ടിക്കറ്റുകളുടെ കൗണ്ടര്‍ ഫോയിലുകളും ശേഷിക്കുന്ന ടിക്കറ്റുകളും ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഇംപ്രസാരിയോ പോലീസിനെ ഏല്‍പ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വ നിധിയിലേക്ക് ഫണ്ട് നൽകാനെന്ന പേരിൽ കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് പരിപാടി സംഘടിപ്പിച്ചത്. പണം അടക്കാത്തത് വിവാദമായതിനെ തുടർന്ന് അടുത്തിടെ 6.22 ലക്ഷം രൂപ സംഘാടകർ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചിരുന്നു.
കൊല്ലം: ഏഴുവയസുകാരി ദേവനന്ദയുടേത് മുങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹം കണ്ടെത്തുന്നതിനു 18 മുതൽ 20 മണിക്കൂർ മുന്‍പു മരണം സംഭവിച്ചു. മൃതദേഹം അഴുകി തുടങ്ങിയിരുന്നു. വയറ്റിൽ വെള്ളവും ചെളിയും കലർന്നിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. പോലീസിനു പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൈമാറി.
ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി ലഭിക്കുന്നതോടെ കേസിൽ വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിലാണു പൊലീസ്. ദേവനന്ദയുടെ മരണത്തിൽ ദുരൂഹത നീങ്ങാത്ത സാഹചര്യത്തിൽ കൂടുതൽ ശാസ്ത്രീയ പരിശോധനകളും തെളിവെടുപ്പും നടത്താൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
നേരത്തേ പോസ്റ്റ്മോർട്ടത്തിനു നേതൃത്വം നൽകിയ ഡോ. വൽസല അടക്കമുള്ളവർ പ്രാഥമികമായി വിലയിരുത്തിയിട്ടുള്ളതു മുങ്ങിമരണം തന്നെയാണെന്നാണ്. തടയണയ്ക്കു സമീപം നിർമിച്ചിട്ടുള്ള താത്കാലിക നടപ്പാലം കയറവേ കാൽവഴുതി പുഴയിൽ വീണതാകാമെന്നാണു നിഗമനം.
വെള്ളം കുടിച്ചപ്പോൾ താഴ്ന്നു. പിന്നീട് ഉയർന്നിട്ടുണ്ടാകും. തുടർന്ന് മരണ വെപ്രാളത്തിൽ പുഴയിൽ താഴ്ന്ന് ചെളിയിൽ പൂഴ്ന്നിരിക്കാമെന്നാണ് കരുതുന്നത്. ശ്വാസകോശത്തിൽ ചെളിയുടെ അംശം ഉണ്ടായിരുന്നെങ്കിലും കുറവായിരുന്നു. എന്നാൽ വയറ്റിൽ വെള്ളം കൂടുതലായി ഉണ്ടായിരുന്നു.
എന്നാൽ, പുഴയുടെ ഭാഗം വരെ ദേവനന്ദ ഒറ്റയ്ക്കു പോകില്ല എന്ന നാട്ടുകാരുടെ സംശയം പോലീസും തള്ളിക്കളയുന്നില്ല. ചെരുപ്പ് ധരിക്കാതെയാണ് കുട്ടി പുറത്തു പോയിട്ടുള്ളത്. ഇതും നാട്ടുകാരിൽ സംശയം ജനിപ്പിക്കുന്ന കാര്യമാണ്. എന്നാൽ, ബലപ്രയോഗത്തിലൂടെ കുട്ടിയെ കൊണ്ടുപോയതിന്റെ തെളിവുകൾ ഒന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുമില്ല.
കോട്ടയം കാണക്കാരിയിൽനിന്നു മൂന്നു വിദ്യാർഥികളെ കാണാതായി. കാണക്കാരി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥികളെയാണു കാണാതായത്. ഉച്ചയ്‌ക്കു പരീക്ഷ കഴിഞ്ഞെങ്കിലും വിദ്യാർഥികൾ വീട്ടിൽ എത്തിയിട്ടില്ലെന്ന് കാണാതായ വിദ്യാർഥികളുടെ രക്ഷിതാക്കൾ അറിയിച്ചു.