വീട്ടമ്മമാർ ഒളിച്ചോടുന്ന വാർത്തകളും അവരെ പൂട്ടുന്ന പോലീസും ആയിരുന്നു എന്നും വാർത്തകളിൽ. എന്നാൽ ഇപ്പോൾ 2 കുട്ടികളുടെ പിതാവായ തൃശൂരുലെ പോലീസുകാരൻ കാമുകിയുമായി ഒളിച്ചോടുകയും മരണപെടുകയും ചെയ്ത ദാരുണ വാർത്തയാണ് വന്നിരിക്കുന്നത്. കാമുകിയുടെ കൂടെ ഒളിച്ചോടിയ പോലീസ് ഉദ്യോഗസ്ഥനെ വിഷം ഉള്ളില്‍ ചെന്ന് ജീവനറ്റ നിലയില്‍ കന്യാകുമാരി കടല്‍ തീരത്ത് നിന്നും കണ്ടെത്തുകയായിരുന്നു. മത്സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
തൃശൂര്‍ പോലീസ് അക്കാഡമിയിലെ ഡ്രൈവറായ കൊല്ലം പേരൂര്‍ തടാടാര്‍ക്കോണം പരുത്തിപ്പള്ളി വീട്ടില്‍ ബോസ് എന്ന 37 കാരനെയാണ് കന്യാകുമാരിയില്‍ മരിച്ച നലിയില്‍ മത്സ്യ തൊഴിലാളികള്‍ കണ്ടെത്തിയത്. ഇയാളുടെ കാമുകിയായ 33 കാരി കിളികൊല്ലൂര്‍ സ്വദേശിയായ യുവതിയെ ലോഡ്ജ് മുറിയില്‍ വിഷം കഴിച്ച നിലയിലും കണ്ടെത്തിയിരുന്നു. അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കന്യാകുമാരി ആശാരിപള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ യുവതി. ഇന്നലെ രാവിലെയാണ് സംഭവം ഉണ്ടായത്.
സംഭവത്തെ കുറിച്ച് പോലീസ് നല്‍കുന്നത് ഇങ്ങനെ;
ബോസിനെയും കാമുകി ആയ യുവതിയെയും കഴിഞ്ഞ മാസം നാലാം തീയതി മുതല്‍ കാണാനില്ലെന്ന് കാണിച്ച് ഇവരുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. വിവാഹിതനായ ബോസ് രണ്ട് കുട്ടികളുടെ പിതാവാണ്. കാമുകിയായ യുവതി വിവാഹ മോചിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. ഇവര്‍ നേരത്തെ സഹപാഠികളായിരുന്നു. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് വിവരം.
ഈ മാസം ആറാം തീയതി മുതല്‍ കന്യാകുമാരിയിലെ ഒരു ലോഡ്ജില്‍ ഇരുവരും ചേര്‍ന്ന് റൂം വാടകയ്ക്ക് എടുത്ത് താമസിച്ച് വരികയായിരുന്നു. പകല്‍ മുഴുവന്‍ പുറത്ത് ചുറ്റി നടന്ന ശേഷം രാത്രിയിലാണ് ഇവര്‍ റൂമില്‍ വരാറുള്ളതെന്ന് ലോഡ്ജിലെ ജീവനക്കാര്‍ പറഞ്ഞതായി പോലീസ് പറയുന്നു. ഇന്നലെ രാവിലെ 5.30 ഓടെ കടല്‍ തീരത്ത് ബോസ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവര്‍ കന്യാകുമാരി പോലീസിന് വിവരം നല്‍കി. പോലീസ് പരിശോധനയില്‍ ബോസ് താമസിച്ചിരുന്ന ലോഡ്ജിലെ വിവരവും മറ്റും ലഭിച്ചു. തുടര്‍ന്ന് ലോഡ്ജില്‍ എത്തി മുറി പരിശോധിച്ചപ്പോള്‍ ആണ് യുവതിയെ ആബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ ഇരുവരും വിഷം കഴിച്ചിരുന്നതായി വ്യക്തമായി. ബോസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
സംസ്ഥാനത്ത് രണ്ടുപേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുബായില്‍ നിന്നും ഖത്തറില്‍ നിന്നും വന്നവര്‍ക്കാണ് രോഗം. ഇവര്‍ തൃശൂരിലും കണ്ണൂരിലും ചികില്‍സയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.പൊതുനിയന്ത്രണങ്ങളിലൂടെ വൈറസ് വ്യാപനം തടയാനായെന്ന് മുഖ്യമന്ത്രി.പ്രായമായവര്‍ക്ക് രോഗം വന്നാല്‍ ഗുരുതരമാകും. അതിനാല്‍ പ്രത്യേക ശ്രദ്ധവേണം. വയോജനകേന്ദ്രങ്ങളില്‍ സന്ദര്‍ശകരെ ഒഴിവാക്കണം. ഈ മാസം 31 വരെ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് 19 സ്ഥിരീകരിച്ച കോട്ടയം ചെങ്ങളം സ്വദേശികളായ ദമ്പതികളുടെ സഞ്ചാരപാത പുറത്തുവിട്ടു. പത്തനംതിട്ട, കോട്ടയം കൊല്ലം ജില്ലകളിലായി പതിനാലിടങ്ങളിലാണ് ഇരുവരും സന്ദര്‍ശനം നടത്തിയത്. പരമാവധി ആളുകളെ കണ്ടെത്തി നിരീക്ഷണത്തിലാക്കാന്‍ കഴിഞ്ഞതായും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
റാന്നിയില്‍ രോഗം ബാധിച്ച ദമ്പതികളുടെ മകള്‍ക്കും മരുമകനുമാണ് കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയ മാതാപിതാക്കളെയും സഹോദരനെയും വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്നത് ഇവരാണ്. 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന എട്ടാം തീയതി വരെ മൂന്ന് ജില്ലകളില്‍ ഇവര്‍ സന്ദര്‍ശനം നടത്തി. പത്തനംതിട്ടയിലും കൊല്ലത്തും റാന്നിയിലെ ബന്ധുക്കളോടൊപ്പമാണ് ഇവര്‍ എത്തിയത്.
കോട്ടയം ജില്ലയില്‍ ഒന്‍പതിടങ്ങളിലാണ് രോഗബാധിതര്‍ എത്തിയത്. മാര്‍ച്ച് ഒന്നിന് ചെങ്ങളത്തെ പെട്രോള്‍ പമ്പിലാണ് ആദ്യം എത്തിയത്. മൂന്നാം തീയതി തിരുവാതുക്കലിലെ ക്ലിനിക്കിലെത്തി ഡോക്ടറെ കണ്ടു. നാലിന് ചിങ്ങവനത്തെ വര്‍ക്ഷോപ്പിലെത്തിയ ശേഷം കോടിമതയിലെ കടയിലുമെത്തി. ഇവരുടെ കാറിലായിരുന്നു ഈ ദിവസങ്ങളിലെ യാത്ര. പിന്നീട് റാന്നിയില്‍ പോയ ഇവര്‍ അഞ്ചാം തീയതി കോട്ടയത്ത് മടങ്ങിയെത്തി. രാത്രി സിഎംഎസ് കോളജിന് സമീപത്തെ ബേക്കറിയിലെത്തിയ ഇരുവരും തൊട്ടടുത്ത ദിവസം തിരുവാതുക്കലെത്തി വീണ്ടും ഡോക്ടറെ കണ്ടു. ഏഴാം തീയതി സുഹൃത്തിന്‍റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഇല്ലിക്കലിലും ചെങ്ങളത്തെ തട്ടുകടയിലുമെത്തി.
ക്ലിനിക്കിലെ ഡോക്ടര്‍ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ഭൂരിഭാഗം ആളുകളും ഇതിനോടകം ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തിലുണ്ട്. വിട്ടുപോയവരെ കണ്ടെത്താനാണ് സഞ്ചാരപാത പുറത്തിറക്കിയത്. കോട്ടയതെത്തിയ റാന്നി സ്വദേശികളുടെ യാത്രാ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. രണ്ട് കൂട്ടരും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 74 പേരെ കണ്ടെത്തി. പരോക്ഷ സമ്പര്‍ക്കത്തിലുണ്ടായിരുന്ന മുന്നൂറിലേറെ പേരെയും തിരിച്ചറിഞ്ഞു.
ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ മീഡിയാ മാനിയ ആണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് സംഗീതജ്ഞന്‍ ഷാന്‍ റഹ്മാന്‍. കേരളം അതീവ ജാഗ്രതയോടും കൃത്യതയോടെയും നീങ്ങുമ്പോള്‍ നിയമസഭയില്‍ പ്രതിപക്ഷ ഉണ്ടാക്കിയ നാടകത്തെ പൊളിച്ചടുക്കിയാണ് ഷാനിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ആരോഗ്യ മന്ത്രിയുടെ പ്രസംഗങ്ങളെ ചൂഷണം ചെയ്ത് അവര്‍ നിലവാരമില്ലാത്ത നാടകം കളിക്കുകയാണെന്ന് ഷാന്‍ പറഞ്ഞു. സംസ്ഥാനത്ത് നിപ്പ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സമയത്ത് നിങ്ങള്‍ മാളങ്ങളില്‍ ഒളിച്ചപ്പോഴും അതിനെതിരെ ധീരമായി പൊരുതി വിജയം കൈവരിച്ച ആരോഗ്യമന്ത്രിയാണ് കെ കെ ശൈലജ എന്ന് ഷാന്‍ റഹ്മാന്‍ കുറിച്ചു.
ഷാനിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ ലോകമെമ്പാടും വ്യാപിക്കുന്ന രോഗമായി പ്രഖ്യാപിച്ചിരിക്കുന്നു. വൈറസിനെ പ്രതിരോധിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ച് അധികാരികളില്‍ നിന്നും വിവരങ്ങള്‍ അറിയുവാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ആരോഗ്യ മന്ത്രിക്ക് മീഡിയ മാനിയ ആണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ആരോപിച്ചു. പബ്ലിസിറ്റി നേടാന്‍ വേണ്ടി മന്ത്രി തുടരെ തുടരെ പ്രസ് കോണ്‍ഫറന്‍സ് വിളിക്കുന്നു എന്നും അദ്ദേഹം പറയുന്നു.
പ്രിയപ്പെട്ട സര്‍, നിപ്പ വൈറസ് കാലത്ത് നിങ്ങള്‍ ഓരോരുത്തരും പലയിടങ്ങളില്‍ മാളങ്ങളില്‍ പോയി ഒളിച്ചപ്പോള്‍ ആരോഗ്യ മന്ത്രിയും സംഘവും നിപ്പ വൈറസിനെ നേരിട്ടു. അത്തരം വലിയ പ്രതിസന്ധികളില്‍ പോലും നമ്മള്‍ വിജയിച്ചു. കാരണം വളരെ കഴിവും പ്രാപ്തിയുമുള്ള ആരോഗ്യമന്ത്രിയാണ് കേരളത്തിന്റേത്. തന്റെ ആളുകളെ സേവിക്കാനും പരിചരിക്കാനുമായി രാപകല്‍ വ്യത്യാസമില്ലാതെ അവര്‍ അധ്വാനിക്കുന്നു. ജനങ്ങള്‍ക്കു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നു.
ലോകം മുഴുവന്‍ നമ്മുടെ നാടിനെ ഉറ്റു നോക്കുന്നു. ലോകം നമ്മില്‍ നിന്നു പഠിക്കുന്നു. നിങ്ങള്‍ക്കിതൊന്നും സഹിക്കില്ല എന്നെനിക്കറിയാം. കാരണം ഇവയൊക്കെ കാണുമ്‌ബോള്‍ നിങ്ങള്‍ക്ക് പൊതുജന ശ്രദ്ധ നഷ്ടപ്പെടുകയാണ്. ഒരിക്കലും ജനശ്രദ്ധ ആഗ്രഹിക്കാത്ത ഒരാളിലേക്കാണ് ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ. ഷൈലജ മാഡം സധൈര്യം അവരുടെ കടമ ചെയ്യുന്നു.
പ്രതിപക്ഷത്തെക്കുറിച്ചോര്‍ക്കുമ്‌ബോള്‍ നാണക്കേട് തോന്നുന്നു. എല്ലാവരും ഒരുമിച്ചു നില്‍ക്കുമ്പോഴും ഷൈലജ മാഡം നടത്തുന്ന ആത്മസമര്‍പ്പണത്തെയും പ്രസംഗങ്ങളെയും ചൂഷണം ചെയ്ത് നിലവാരമില്ലാത്ത നാടകങ്ങളാണ് നിങ്ങള്‍ നടത്തുന്നത്. കഷ്ടം തോന്നുന്നു. ഷൈലജ മാഡം പറഞ്ഞതു പോലെ ‘ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്’.
തിരുവനന്തപുരം: ഡോ. ഷിംന അസിസിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തി ടി. പി സെന്‍കുമാര്‍. ഷിംന അസീസ് ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് അറിയാമെന്നും വാക്‌സിന്‍ വിരുദ്ധ പ്രചരണക്കാലത്ത് ഷിംന എവിടെയായിരുന്നുവെന്നുമായിരുന്നു ടി. പി സെന്‍കുമാര്‍ ചോദിച്ചത്.
‘ഷിംന അസീസ് ആര്‍ക്ക് വേണ്ടിയാണു സംസാരിയ്ക്കുന്നത് എന്നൊക്കെ മനസ്സിലായിട്ടുണ്ട്. ഈ ഷിംന മുന്‍പ് വാക്‌സിന്‍ വിരുദ്ധപ്രചരണം നടക്കുമ്പോള്‍ അതിനെതിരെ എന്തെങ്കിലും പറഞ്ഞോ?,’ ടി. പി സെന്‍കുമാര്‍ ചോദിച്ചു.
വാര്‍ത്താ സമ്മേളനത്തിലൂടെയായിരുന്നു ടി. പി സെന്‍കുമാറിന്റെ പ്രതികരണം.
അതേസമയം വാര്‍ത്താ സമ്മേളനത്തിനിടെ ടി. പി സെന്‍കുമാറിന്റെ പരാമര്‍ശത്തെ ചോദ്യം ചെയ്ത് മാധ്യമപ്രവര്‍ത്തക രംഗത്തെത്തി. വാക്‌സിന്‍ വിരുദ്ധ പ്രചാരണകാലത്ത് അതിനെതിരെ ഏറ്റവുമധികം പ്രതികരിച്ചയാളാണ് ഷിംന അസീസ് എന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞു.
സെന്‍കുമാറിന്റെ പ്രചരണങ്ങളെ തള്ളി ഡോ. ജിനേഷ് പി. എസും രംഗത്തെത്തിയിരുന്നു. വാക്‌സിനേഷന്‍ എടുത്താല്‍ കുട്ടികളുണ്ടാവില്ലെന്നും ഓട്ടിസം വരുമെന്നും പറഞ്ഞിരുന്ന കാലത്ത് അതിനെതിരെ പ്രതികരിച്ചയാളാണ് ഷിംന അസീസെന്ന് ജിനേഷ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
വാക്‌സിന്‍ സുരക്ഷിതമെങ്കില്‍ സ്വയം സ്വീകരിക്കാന്‍ വെല്ലുവിളിച്ച ഒരു പിതാവിന് മറുപടിയായി സ്വന്തം ശരീരത്തില്‍ പൊതുസ്ഥലത്ത് വെച്ച് വാക്‌സിന്‍ എടുത്ത് കാണിച്ച വ്യക്തിയാണ് ഷിംനയെന്നും ജിനേഷ് പറഞ്ഞു.
‘എം. ആര്‍ വാക്‌സിനേഷന്‍ കാലം. ഈ നുണപ്രചരണങ്ങള്‍ വിശ്വസിച്ച് മാതാപിതാക്കള്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ മടിച്ച കാലം. വാക്‌സിന്‍ സുരക്ഷിതമെങ്കില്‍ സ്വയം സ്വീകരിക്കാന്‍ വെല്ലുവിളിച്ച ഒരു പിതാവിന് മറുപടിയായി സ്വന്തം ശരീരത്തില്‍ പൊതുസ്ഥലത്ത് വെച്ച് വാക്‌സിന്‍ എടുത്ത് കാണിച്ച വ്യക്തിയാണ് ഷിംന. കേരളത്തിലാകെ വാക്‌സിനേഷന്‍ പദ്ധതികള്‍ക്ക് വലിയ ഊര്‍ജ്ജമായി മാറിയ ഒരു പ്രവൃത്തി,’ ജിനേഷ് പ്രതികരിച്ചു.
വാര്‍ത്താ സമ്മേളനത്തിനിടയില്‍ ടി. പി സെന്‍കുമാര്‍ വര്‍ഗീയതയാണ് പറയുന്നതെന്നും അതൊരു മുസ്‌ലിം ആയതു കൊണ്ടാണെന്നും മാധ്യമ പ്രവര്‍ത്തക പറഞ്ഞു.
‘എന്തൊരു വര്‍ഗ്ഗീയതയാ പറഞ്ഞുകൊണ്ടിരുന്നത്. ആ ഷിംനയുടെ പേരു തന്നെ ഇങ്ങനെ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിയ്ക്കുകയാണു. അതൊരു മുസ്ലിം കൊച്ച് ആയോണ്ട്,’ മാധ്യമപ്രവര്‍ത്തക പറഞ്ഞു.
വാക്‌സിനേഷന്‍ വിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ മറ്റു ധാരാളം ഡോക്ടര്‍മാര്‍ പ്രതികരിച്ചുണ്ടെങ്കിലും സെന്‍കുമാകര്‍ ഷിംന അസീസിന്റെ പേരുമാത്രം പരാമര്‍ശിക്കുകയായിരുന്നു ജിനേഷ് പി. എസ് പറഞ്ഞു.
അതേസമയം വാക്‌സിനേഷന്‍ വിരുദ്ധ പ്രചാരണക്കാലത്ത് അതിനെതിരെ പ്രതികരിച്ചുവെന്ന് ഷിംന വ്യക്തമാക്കി. വാക്‌സിനേഷന്‍ വിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ പ്രതികരിച്ച 30ലധികം വരുന്ന പോസ്റ്റുകളുടെ ലിങ്കുകളും ഷിംന പങ്കുവെച്ചു.
ഇറ്റലിയിൽ നിന്നെത്തിയ റാന്നികുടുംബത്തെ പരിശോധിക്കുന്നതിൽ വിമാനത്താവളത്തിൽ വീഴ്ച വന്നിട്ടില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി രംഗത്ത്. പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച സബ്മിഷന് ആരോഗ്യമന്ത്രി നൽകിയ മറുപടിയിലാണ് മന്ത്രിയുടെ വാക്കുകള്‍. പ്രതിപക്ഷത്തെയും രൂക്ഷമായി വിമര്‍ശിച്ചാണ് മന്ത്രി പ്രസംഗിച്ചത്. .
മന്ത്രിയുടെ വാക്കുകള്‍:
കുടുംബത്തിന്റെ നിസഹകരണമാണ് ഇൗ പ്രശ്നങ്ങൾക്ക് കാരണമെന്ന് കെ.കെ ശൈലജ ആവർത്തിച്ച് വ്യക്തമാക്കുന്നു. എല്ലാ മുന്നറിയിപ്പുകളും നൽകിയിട്ടും വിമാനത്താവളത്തിൽ പരിശോധനയ്ക്ക് വിധേയരാകാതെ ഇവർ കടന്നു കളയുകയായിരുന്നു.
ഇറ്റലിയിൽ നിന്നും ദോഹയിലെത്തിയ ശേഷമാണ് ഇവർ കേരളത്തിലേക്ക് എത്തുന്നത്. വിമാനത്തിനുള്ളിൽ പോലും കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നു. അനൗൺസ്മെന്റ് ഉണ്ടായിരുന്നു. ഇറ്റലിയിൽ നിന്നും വരുന്നവർ പരിശോധനയ്ക്ക് വിധേയമാകണം എന്ന്. എന്നാൽ കുടുംബം ഇതിന് വഴങ്ങിയില്ല. സൂത്രത്തിൽ പോകാൻ താൽപര്യമുള്ളവർക്ക് അതിനുള്ള സംവിധാനങ്ങൾ കണ്ടെത്താനോണോ പ്രായസം. അങ്ങനെയാണ് ഇവർ പരിശോധന കൂടാതെ പുറത്തുകടന്നത്.
പിന്നീട് ഇവർക്ക് പനിയായി സ്വകാര്യ ആശുപത്രിയിലെത്തി. അവിടെയും ഇറ്റലിയിൽ നിന്നും വന്നതാണെന്ന് അവർ വ്യക്തമാക്കിയില്ല. എന്നിട്ടും ഇവർ പലയിടത്തും പോയി. അയൽവാസിയും ബന്ധുവുമായ ഒരാൾക്ക് പനി വന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അയൽക്കാരൻ പനിയുമായി ഗവൺമെന്റ് ആശുപത്രിയിലെത്തി. അയാളോട് ചോദിച്ചപ്പോഴാണ് ഇറ്റലിക്കാർ വന്ന സംഭവം അറിയുന്നത്.
സംഭവം അറിഞ്ഞ് ആരോഗ്യവകുപ്പ് അധികൃതർ വീട്ടിലെത്തിയപ്പോഴും സഹകരിക്കാൻ ഇവർ തയാറായില്ല. ആശുപത്രിയിൽ വരാനോ ആംബുലൻസിൽ കയറാനെ തയാറായില്ല. കാറിൽ വന്നോളാമെന്നാണ് പറഞ്ഞത്. അത്രമാത്രം ബുദ്ധിമുട്ടിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇപ്പോൾ ഇവർക്കെതിരെ കേസെടുക്കാനല്ല സർക്കാർ നീക്കം. ആ ജീവനുകൾ രക്ഷിക്കുക എന്നത് മാത്രമാണ് മുന്നിലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
14 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രതയും നിരീക്ഷണവും ശക്തിപ്പെടുത്തിയതായി മന്ത്രി കെ.കെ.ശൈലജ. നിലവില്‍ 3313 പേര് നിരീക്ഷണത്തിലുണ്ട്. ഇന്ന് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇവരില്‍ 3020 പേര് വീടുകളിലും 293 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1179 സാംപിളുകള്‍ പരിശോധിച്ചു. 273 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇറ്റലിയില്‍ നിന്നും പത്തനംതിട്ടയില്‍ എത്തിയ മൂന്നംഗ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയ 969 പേരെയാണ് കണ്ടെത്തിയത്. ഇതില്‍ 129 പേരെ ഹൈ റിസ്ക് വിഭാഗത്തില്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ 13 ശതമാനം പേര് 60 വയസില്‍ കൂടുതലുള്ളവരാണ്. അവര്‍ക്ക് പ്രത്യേക പരിചരണമാണ് നല്‍കുന്നത്. കോട്ടയത്ത് 60 പേര് കോണ്ടാക്ട് ലിസ്റ്റിലുണ്ട്. എറണാകുളത്ത് കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ള മൂന്ന് വയസുകാരനുമായും മാതാപിതാക്കളുമായും സമ്ബര്‍ക്കം പുലര്‍ത്തിയ 33 ഹൈ റിസ്കുള്ളവര്‍ ഉള്‍പ്പെടെ 131 പേരെയും കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിന്റെ അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരവും കോഴിക്കോടും സാംപിളുകള്‍ ടെസ്റ്റ് ചെയ്ത് തുടങ്ങി. പബ്ലിക് ഹെല്‍ത്ത് ലാബ്, തൃശൂര്‍ മെഡിക്കല്‍ കോളജ്, രാജീവ്ഗാന്ധി ബയോ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ പരിശോധനയ്ക്കായി അനുമതി തേടിയിട്ടുണ്ട്. ഇതിനും കൂടി അനുമതി കിട്ടിയാല്‍ വേഗത്തില്‍ ഫലം ലഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ പേര് കേരളത്തിലേക്ക് വരുന്നുണ്ട്. വിമാനത്താവളത്തില്‍ സ്ക്രീനിംഗ് ശക്തമാക്കി. വിമാനത്താവളത്തില്‍ കൃത്യമായ സ്ക്രീനിംഗ് നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മുൻ ഡിജിപി ടി.പി.സെൻകുമാർ കൊല്ലത്ത് വിളിച്ച പത്രസമ്മേളനം അലങ്കോലമായി. മാധ്യമപ്രവർത്തകർ സെൻകുമാറിനോടു ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ, ഹാളിലുണ്ടായിരുന്നവർ അതു തടസ്സപ്പെടുത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. എസ്എൻഡിപി യോഗം മാവേലിക്കര യൂണിയൻ മുന്‍ പ്രസിഡന്റ് സുഭാഷ് വാസു ഉൾപ്പെടെ നേതാക്കൾ പ്രവർത്തകരെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും അടങ്ങിയില്ല.
തുടർന്ന് മാധ്യമ പ്രവർത്തകർ വാര്‍ത്താസമ്മേളനം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായുള്ള യോഗത്തിൽ പങ്കെടുക്കാനാണ് സെൻകുമാർ കൊല്ലത്ത് എത്തിയത്.
സെൻകുമാർ യോഗതീരുമാനം വിശദീകരിക്കവെ കൊറോണ വൈറസ് സംബന്ധിച്ച് നടത്തിയ പ്രസ്താവനയെ ചൊല്ലി മാധ്യമപ്രവർത്തകർ തുടർ ചോദ്യം ഉന്നയിച്ചു. അത് തെൻറ അഭിപ്രായമല്ലെന്നും ഡോ. പോൾ ഹേലി ഉൾപ്പെെടയുള്ളവരുടെ അഭിപ്രായമാണെന്നും വിശദീകരിക്കവെ മാധ്യമപ്രവർത്തകർ ഈ വിഷയത്തിൽ വീണ്ടും ചോദ്യങ്ങൾ ചോദിച്ചു. ഇതോടെ സെൻകുമാറിനൊപ്പമുണ്ടായിരുന്നവർ മാധ്യമപ്രവർത്തകർക്കെതിരെ തിരിഞ്ഞു.
പലരും മാധ്യമപ്രവർത്തകരോട് മോശം രീതിയിൽ പ്രതികരിക്കാനും തുടങ്ങി. പ്രവർത്തകരെ നേതാക്കൾ ശാന്തരാക്കി വാർത്ത സമ്മേളനം തുടർന്നതോടെ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ ചിത്രം മൊബൈലിൽ പകർത്താൻ ഒരാൾ ശ്രമിച്ചു. ഇതോടെ വീണ്ടും തർക്കമായി. ഇത് മാധ്യമ പ്രവർത്തകർ ചോദ്യം ചെയ്തതോടെ വാക്കുതർക്കം രൂക്ഷമായി.
ഒടുവിൽ മാധ്യമപ്രവർത്തകർ വാർത്ത സമ്മേളനം ബഹിഷ്കരിച്ച് മടങ്ങുകയായിരുന്നു. അതേസമയം, തർക്കത്തിൽ ഇടപെടാനോ കൂടുതലെന്തെങ്കിലും വിശദീകരിക്കാനോ സെൻകുമാറും തയാറായില്ല. മുൻപ് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് സെൻകുമാർ തട്ടിക്കയറിയ സംഭവം ഏറെ വിവാദത്തിനിടയാക്കിയിരുന്നു.
നാട്ടിലേക്ക് മടങ്ങാനാകാതെ നാല്‍പത്തിയഞ്ച് മലയാളികള്‍ ഇറ്റലിയിലെ ഫ്ലുമിച്ചിനോ വിമാനത്താവളത്തില്‍ കുടുങ്ങി. കോവിഡ് ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിര്‍ദേശത്തെത്തുടര്‍ന്ന് ഗര്‍ഭിണികളും കുഞ്ഞുങ്ങളുമടക്കമുള്ളവര്‍ 24 മണിക്കൂറിലേറെയായി വിമാനത്താവളത്തില്‍ കഴിയുകയാണ്. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയ കേന്ദ്ര നടപടി അപരിഷ്കൃതമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് നാല്‍പത്തിയഞ്ച് മലയാളികള്‍ ഫ്ലുമിചിനോ വിമാനത്താവളത്തിലെത്തിയത്. ഇവിടെയെത്തിയശേഷം മാത്രമാണ് രോഗലക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് അറിയിപ്പ് ലഭിക്കുന്നത്. വിമാനത്താവളത്തില്‍ തടഞ്ഞതോടെ കൈക്കുഞ്ഞുമായെത്തിവര്‍ പോലും കുടുങ്ങി.
കയ്യില്‍ കരുതിയിരിക്കുന്ന ലഘുഭക്ഷണങ്ങള്‍ കൂടി തീര്‍ന്നാല്‍ എന്തുചെയ്യുമെന്ന ആശങ്കയും യാത്രക്കാര്‍ പങ്കുവച്ചു. അതേസമയം, കോവിഡ് വ്യാപിച്ച രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്കുള്ള യാത്രാവിലക്ക് പിന്‍വലിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. വിലക്ക് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കും കേന്ദ്ര ആരോഗ്യമന്ത്രിക്കും കത്തയച്ചു.
ആവശ്യത്തെ പിന്തുണച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിദേശകാര്യമന്ത്രിക്കും കത്തുനല്‍കി. ഇക്കാര്യത്തില്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തേയും പ്രതിപക്ഷം പിന്തുണച്ചു.
പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്‌കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. ഇതിനകം അഞ്ച് തവണയാണ് യുവതി ഒളിച്ചോടിയത്. 2015ൽ ആയിരുന്നു യുവതിയുടെ അവസാന ഒളിച്ചോട്ടം. അന്ന് ഇവരെ കണ്ടെത്തിയത് ഡൽഹിയിൽ നിന്നായിരുന്നു. ഓരോ തവണയും വ്യത്യസ്തരായ കാമുകന്മാർക്കൊപ്പമായിരുന്നു യുവതി ഒളിച്ചോടിയിരുന്നത്. ഫോണിലൂടെയും നേരിട്ടും ആണുങ്ങളുമായി സൗഹൃദം സ്ഥാപിക്കുകയും ആ സൗഹൃദം പ്രണയമായി വളർത്തുകയുമാണ് യുവതിയുടെ രീതി.
ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്. ഒരുമിച്ച് ജീവിക്കണം എന്ന രജനിയുടെ ഡിമാന്റ് കാമുകൻ അംഗീകരിച്ചാൽ പിന്നെ വീടും കുഞ്ഞും ഒന്നും രജനിക്ക് പ്രശ്‌നമല്ല. എല്ലാം ഉപേക്ഷിച്ച കാമുകനൊപ്പം പോകും. പരാതിയുമായി വീട്ടുകാർ എത്തുന്നതോടെ കേരള പൊലീസ് രജനിയെ അന്വേഷിച്ചിറങ്ങും. കണ്ടെത്തി വീട്ടിലെത്തിക്കും. ഇത്തവണയും കാമുകനൊപ്പം പോയി വീട് വാടകക്കെടുത്ത് ഒരുമിച്ച് താമസിക്കുന്നതിനിടയിലായിരുന്നു രജനി പിടിയിലായത്. ഈ മാസം രണ്ടാം തീയതി ആയിരുന്നു രജനി കാമുകനൊപ്പം പോയത്.
റാന്നിയിൽ ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന വീടെടുത്ത് താമസവുമായി. ഭാര്യയെ കാണാതായതോടെ ഭർത്താവ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഭർത്താവ് ഗിരീഷ് കുമാർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിഐ എം സുധിലാലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ റാന്നിയിലെ വാടക വീട്ടിൽ നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. 2015 ൽ ഒളിച്ചോടിയ യുവതിയെ ഡൽഹിയിൽ നിന്നുമാണ് അന്ന് കണ്ടെത്തിയത്
ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ പോക്‌സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
ഇറ്റലിയിൽനിന്ന് എത്തിയ കൊറോണ വൈറസ് കുടുംബവുമായി നേരിട്ടു സന്പർക്കത്തിൽ ഏർപ്പെട്ട സിവിൽ പോലീസ് ഓഫീസറുടെ പരിശോധന ഫലം നെഗറ്റീവ്. തിരുവനന്തപുരം ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. പത്തനംതിട്ട എസ്പി ഓഫീസിലെ സിവിൽ പോലീസ് ഓഫീസറാണു നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. ഇറ്റലിയിൽനിന്ന് എത്തിയ പത്തനംതിട്ട സ്വദേശികളുമായി നേരിട്ട് സന്പർക്കത്തിൽ ഏർപ്പെട്ടത് ഇദ്ദേഹമാണ്. പത്തനംതിട്ട എസ്പി ഓഫീസിൽ എത്തിയപ്പോഴാണു കുടുംബവുമായി പോലീസ് ഉദ്യോഗസ്ഥനു സന്പർക്കം പുലർത്തേണ്ടിവന്നത്.
ഇറ്റലി കുടുംബത്തിനു കൊറോണ സ്ഥിരീകരിച്ചശേഷം തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. അതേസമയം, ഇറ്റലിയിൽനിന്നു വന്ന കുടുംബം കൊറോണ സ്ഥിരീകരിക്കപ്പെട്ട് ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയുകയാണ്.
സംസ്ഥാനത്ത് എട്ടു പേർക്കുകൂടി കോവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു. ഇവരിൽ 14 പേരാണു ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കഴിഞ്ഞമാസം രോഗം ബാധിച്ച മൂന്നു പേർ സുഖം പ്രാപിച്ചിരുന്നു. അവർക്ക് ഇപ്പോൾ രോഗമില്ല. സംസ്ഥാനത്ത് 1495 പേര് നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ഇറ്റലിയിൽനിന്നു റാന്നിയിലെത്തിയവരുമായി നേരിട്ടു സന്പർക്കം പുലർത്തിയ ആറു പേർക്ക് തിങ്കളാഴ്ച രാത്രി രോഗം സ്ഥിരീകരിച്ചു. റാന്നി സ്വദേശിയുടെ മാതാപിതാക്കൾ, ഇറ്റലിയിൽനിന്നെത്തിയവരെ വിമാനത്താവളത്തിൽനിന്നു കൂട്ടിക്കൊണ്ടുവരാൻ പോയ കോട്ടയം സ്വദേശികൾ, ഇറ്റലിയിൽനിന്നെത്തിയവരുമായി സന്പർക്കം പുലർത്തിയ റാന്നി സ്വദേശികളായ മറ്റു രണ്ടുപേർ എന്നിവർക്കാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇറ്റലിയിൽനിന്നു കൊച്ചിയിലെത്തിയ രോഗബാധിതനായ മൂന്നുവയസുള്ള കുഞ്ഞിന്റെ മാതാപിതാക്കൾക്ക് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവർ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
പരിശോധനാ സൗകര്യം
ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കൂടാതെ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിലും പരിശോധനാ സംവിധാനം ഒരുക്കും. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ടെസ്റ്റിംഗ് ലാബുകളുടെ എണ്ണം കൂട്ടാൻ കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്. കുവൈറ്റും സൗദി അറേബ്യയും പ്രവേശനത്തിനായി വൈറസ് ബാധിതരല്ലെന്ന സർട്ടിഫിക്കറ്റ് നിഷ്കർഷിക്കുന്നത് പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്ന പശ്ചാത്തലത്തിൽ ഇതിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാനും കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്. വിദേശങ്ങളിൽ ജോലി നോക്കുന്ന മലയാളികൾ ഇന്നത്തെ സാഹചര്യത്തിൽ പ്രയാസങ്ങൾ നേരിടുന്നുണ്ട്.
കൂടുതൽ പേർ വീടുകളിലും മറ്റും നിരീക്ഷണത്തിൽ കഴിയുന്ന സാഹചര്യത്തിൽ സ്വാഭാവികമായി ഇന്റർനെറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ കൂടുതലാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഇന്റർനെറ്റ് ശൃംഖല ശക്തിപ്പെടുത്താനും മുടക്കമില്ലാതെ ഇന്റർനെറ്റ് കിട്ടാനും നടപടിയെടുക്കും. സംസ്ഥാനത്താകെ സർക്കാർ സംവിധാനങ്ങൾ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. എന്നാൽ കോവിഡ്-19 വ്യാപനം നിയന്ത്രിക്കാൻ സാധാരണ തോതിലുള്ള ജാഗ്രതയും ഇടപെടലും പോരാ. സ്ഥിതി നിയന്ത്രിക്കാൻ സർക്കാരും ജനങ്ങളും സംവിധാനങ്ങളും ഒത്തൊരുമിച്ച് രംഗത്തിറങ്ങണം.
മറച്ചുവയ്ക്കരുത്.
രോഗബാധയുള്ള രാജ്യങ്ങളിൽനിന്നെത്തുന്ന കാര്യം മറച്ചുവയ്ക്കുന്നവർക്കെതിരേ നിയമനടപടികളിലേക്കു സർക്കാർ നീങ്ങും. നേരിയ അനാസ്ഥ പോലും നാടിനെയാകെ പ്രതിസന്ധിയിൽ പെടുത്തുമെന്നതാണ് മുന്നിലുള്ള അനുഭവമെന്നും ഇറ്റലിയിൽനിന്നു വന്ന മൂന്നു പേർ വിവരം മറച്ചുവച്ചതിനെ സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരാശുപത്രികൾക്കു പുറമേ സ്വകാര്യ ആശുപത്രികളുടെ സഹായവും തേടുമെന്നും കൂടുതൽ രോഗികൾ വരുന്നതനുസരിച്ച് ആശുപത്രികളിൽ സൗകര്യങ്ങളേർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.