മരിച്ച് സംസ്‌കരിച്ച് സഞ്ചയനം കഴിഞ്ഞ് പരേതന്‍ വീട്ടില്‍ തിരിച്ചെത്തിയ കഥ സിനിമയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. എന്നാലിത് ജീവിതത്തിലും സംഭവിച്ചു. തൃശൂരിലാണ് സംഭവം.

മരിച്ച് ശവസംസ്‌കാരവും സഞ്ചയനവുമെല്ലാം കഴിഞ്ഞു. ലോക്ഡൗണിനിടെയാണ് ഒരാള്‍ വീട്ടിലേക്ക് കയറി വരുന്നത്. മരിച്ചുവെന്ന് പറയുന്നത് വീട്ടിലെ ഗൃഹനാഥന്‍ തന്നെ. തിലകന്‍ (58) ആണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വീട്ടിലെത്തിയത്. നാട്ടുകാരും വീട്ടുകാരും ഒരുനിമിഷം ഭയന്നുവിറച്ചുനിന്നു പോയി.

ഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്ന് നടുവില്‍ക്കരയിലെ വീട്ടില്‍ തിലകന്‍ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. 32 വര്‍ഷം മുമ്പ് പിണങ്ങിപ്പോയ ഭാര്യ മക്കളുമൊത്ത് കൊടുങ്ങല്ലൂരിലെ വീട്ടിലാണ് താമസമെന്ന് പൊലീസ് പറഞ്ഞു. മാര്‍ച്ച് 25ന് പുലര്‍ച്ചെ 1.30ന് കയ്പമംഗലം കാളമുറിയില്‍ വെച്ച് മോട്ടോര്‍ സൈക്കിള്‍ ഇടിച്ച് അജ്ഞാതന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചാനലുകളില്‍ വാര്‍ത്ത കണ്ട വാടാനപ്പള്ളി ഗണേശമംഗലത്തുള്ള ഗോപി എന്നയാള്‍ മൃതദേഹം കണ്ട് തന്റെ ബന്ധുവാണ് മരിച്ചതെന്ന് പറയുകയായിരുന്നു. മാര്‍ച്ച് 26ന് മൃതദേഹപരിശോധന നടത്തി നടുവില്‍ക്കരയില്‍ കൊണ്ടുവന്നു. പിന്നീട് വാടാനപ്പള്ളി പൊതുശ്മശാനത്തില്‍ ശവസംസ്‌കാരം നടത്തുകയും ചെയ്തു.

അസ്ഥി സഞ്ചയനം അടക്കമുള്ള കര്‍മ്മങ്ങളും നടത്തി. കൂലിപ്പണി ചെയ്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന പ്രകൃതക്കാരനായ തിലകനെ ചാവക്കാട് കടപ്പുറത്തുനിന്ന് നഗരസഭാ അധികൃതര്‍ ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ മണത്തല സ്‌കൂളില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. അവിടെനിന്നാണ് വീട്ടില്‍ തിരിച്ചെത്തിയതെന്ന് തിലകന്‍ പറഞ്ഞു. പിന്നെയാരുടൈ മൃതദേഹമാണ് സംസ്‌കരിച്ചതെന്ന് തിരിച്ചറിയാനാകാതെ കുഴഞ്ഞിരിക്കുകയാണ് പോലീസ്.