Kerala

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സംയുക്ത പ്രക്ഷോഭത്തിൽ സിപിഎമ്മുമായി സഹകരിക്കാൻ ഇല്ലെന്ന നിലപാട് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ സിപിഎമ്മിന് ആത്മാര്‍ത്ഥത ഇല്ല. കേരളത്തിൽ നിലവിലുള്ളതും ഭരണകൂട ഭീകരതയാണ്. യോഗി ആദിത്യനാഥും യെദ്യൂരപ്പയുമായി പിണറായിക്ക് വ്യത്യാസമില്ലെന്നും കോൺഗ്രസ് നേതാക്കളെ ജയിലിൽ അടച്ച നടപടിയിലൂടെ ബിജെപിയെ സന്തോഷിപ്പാക്കാനാണ് പിണറായിയുടെ ശ്രമമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു,

കെപിസിസി പ്രസിഡന്‍റ് എന്ന നിലയിൽ പറയുന്നതാണ് പാർട്ടി നിലപാട് . സിപിഎമ്മുമായി സഹകരിച്ച് സമരമില്ലെന്ന നിലപാടിൽ മാറ്റവുമില്ല. നിലപാട് മാറ്റണമെങ്കിൽ പാർട്ടി യോഗം ചേർന്ന് തീരുമാനമെടുക്കണം. രമേശ് ചെന്നിത്തലയുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യുന്നില്ല. വ്യക്തിപരമായ പ്രശ്നങ്ങളൊന്നും പിണറായി വിജയനോട് ഇല്ലെന്നും പിണറായി വലിയ സുഹൃത്താണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു.

സിപിഎമ്മുമായി കൈകോര്‍ക്കുന്നത് പ്രവര്‍ത്തകര്‍ക്കിടയിൽ എതിര്‍ വികാരമുണ്ടാക്കുമെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഎമ്മുമായി സഹകരിച്ച്സംയുക്ത പ്രതിഷേധത്തിനിറങ്ങുന്നതിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ വിഭിന്ന അഭിപ്രായമാണ് നിലവിലുള്ളത്.

ലീഗ് നേതാക്കളിൽ നിന്ന് അടക്കം രമേശ് ചെന്നിത്തലയുടെ നിലപാട് സ്വാഗതം ചെയ്ത് രംഗത്തെത്തുമ്പോഴും സിപിഎമ്മുമായി സഹകരണത്തിന് ഇല്ലെന്ന കെപിസിസി പ്രസിഡന്‍റിന്‍റെ നിലപാടിന് പിന്തുണയുമായ കൂടുതൽ കോൺഗ്രസ് നേതാക്കൾ എത്തിയെന്നതും ശ്രദ്ധേയമാണ്.

തീറ്റ കൊടുക്കുന്നതിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. പന്മന വടക്കുംതല പാലുവിള കിഴക്കതിൽ പരേതനായ മാധവൻ പിള്ളയുടെ മകൻ ബിജു (40) ആണു കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ പരവൂർ കോട്ടേകുന്ന് ക്ഷേത്രത്തിനു സമീപം മീനാട് സ്വദേശിയുടെ ആനക്കൊട്ടിലിലായിരുന്നു സംഭവം. പരിസരം വൃത്തിയാക്കി ആനയ്ക്കു തീറ്റ കൊടുക്കാൻ ബിജു തയാറെടുക്കുന്നതു കണ്ടവരുണ്ട്.

ഏറെ നേരം കഴിഞ്ഞിട്ടും ബിജുവിനെ കാണാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണു തറയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം മൂലം വീണതാണെന്നാണ് ആദ്യം കരുതിയത്. ഒപ്പമുണ്ടായിരുന്നവർ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. വാരിയെല്ലുകൾ പൊട്ടിയതായി ഡോക്ടറുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയപ്പോഴാണ് ആന ചവിട്ടിയതാണെന്നു തിരിച്ചറിഞ്ഞത്.

2 വർഷത്തോളമായി ആനയുടെ ഒന്നാം പാപ്പാനായിരുന്നു ബിജു. സംഭവം നടക്കുമ്പോൾ രണ്ടാം പാപ്പാൻ സ്ഥലത്തില്ലായിരുന്നു. സംഭവത്തിൽ പരവൂർ പൊലീസ് കേസെടുത്തു. ബിജുവിന്റെ സംസ്കാരം നടത്തി. ഭാര്യ: സുനിത. മക്കൾ: ബിനീഷ്, അനീഷ്.

മണ്ഡലത്തിലെ മുഴുവന്‍ വോട്ടര്‍മാരെയും കല്യാണത്തിനു ക്ഷണിച്ച് മൂവാറ്റുപുഴ എംഎല്‍എ. വോട്ടര്‍മാരെ മാത്രമല്ല,കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ, തന്നെ കല്യാണം വിളിച്ച മുഴുവനാളുകളിേലക്കും തന്‍റെ വിവാഹ ക്ഷണക്കത്തെത്തിക്കാനുളള ഓട്ടത്തിലാണ് എല്‍ദോ എബ്രഹാം.

കഴിഞ്ഞ കാല്‍നൂറ്റാണ്ടു കാലം തനിക്കു കിട്ടിയ കല്യാണക്കുറികളുടെയെല്ലാം നടുവിലിരുന്നാണ് എല്‍ദോ എബ്രഹാം തന്‍റെ കല്യാണത്തിന് ആളെ ക്ഷണിക്കുന്നത്. ഇരുപത്തിയഞ്ചു കൊല്ലത്തിനിടെ തന്നെ ക്ഷണിച്ച നാലായിരത്തി അഞ്ഞൂറ്റി എഴുപത്തിയെട്ട് കത്തുകളും എല്‍ദോ സൂക്ഷിച്ചിട്ടുണ്ട്.

ആ കുടുംബങ്ങളെയെല്ലാം തന്‍റെ കല്യാണത്തിനു ക്ഷണിക്കുന്നതിനു പിന്നിലെ കാരണം ചോദിച്ചാല്‍ എല്‍ദോ ഇങ്ങനെ പറയും. തന്നെ കല്യാണത്തിനു വിളിച്ചവര്‍ക്കു മാത്രമല്ല, നിയോജകമണ്ഡലത്തിലെ മുഴുവന്‍ വോട്ടര്‍മാരെയും കല്യാണത്തിന് ക്ഷണിച്ചിട്ടുണ്ട് മൂവാറ്റുപുഴ എംഎല്‍എ.

ജനുവരി 12ന് രാവിലെ 11ന് മൂവാറ്റുപുഴ കുന്നക്കുരുടി സെന്റ് ജോർജ് യാക്കോബായ പള്ളിയിലാണ് സിപിഐക്കാരനായ എൽദോ എബ്രഹാമിന്റെ വിവാഹം. ആയുർവേദ കണ്ണുഡോക്ടറായ ആഗി മേരിയാണ് വധു.

ജനുവരി​യി​ൽ കല്ലൂർക്കാട്ടെ ആഗി​യുടെ ക്ലി​നി​ക്ക് ഉദ്ഘാടനം ചെയ്തത് എൽദോയാണ്. ആദ്യ കാഴ്ചയിൽ തന്നെ ഡോക്ടറെ ഇഷ്ടപ്പെട്ടു. യാക്കോബായ അംഗമായ എൽദോ റോമൻ കത്തോലി​ക്കാ വി​ഭാഗക്കാരായ പെൺ​വീട്ടുകാരോട് വിവാഹക്കാര്യം സംസാരിച്ച് കല്യാണം നി​ശ്ചയി​ച്ചു. മണ്ണാംപറമ്പി​ൽ അഗസ്റ്റി​ന്റെയും മേരി​യുടെ ഏകമകളാണ് 29 കാരി​യായ ആഗി​. പാരമ്പര്യമായി​ ആയുർവേദ നേത്രരോഗ ചി​കി​ത്സകരാണ് ആഗി​യുടെ കുടുംബം.

തൃക്കളത്തൂർ മേപ്പുറത്ത് എബ്രഹാമി​ന്റെയും ഏലി​യാമ്മയുടെയും മകനാണ് 42കാരനായ എൽദോ. രണ്ടു ചേച്ചിമാരെയും വിവാഹം കഴിപ്പിച്ചയച്ചു. എൽദോയെ കല്യാണം കഴി​പ്പി​ക്കാൻ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും തിരക്ക് പറഞ്ഞ് എൽദോ ഒഴിഞ്ഞുമാറി. അങ്ങനെിയിരിക്കെയാണ് ആഗിയെ കാണുന്നതും വിവാഹം നിശ്ചയിക്കുന്നതും. വിവാഹത്തിന്റെ ഭാഗമായി ചെറി​യവീട് ചെറുതായി​ പുതുക്കി​പ്പണി​തു. മരത്തി​ന്റെ കഴുക്കോലും പട്ടികയും മാറ്റി ഇരുമ്പാക്കി​ മാറ്റി​ ഓട് വീണ്ടും മേഞ്ഞു. വിവാഹം തീർത്തും ലളിതമായി നടത്താനാണ് തീരുമാനം.

നിയമസഭയിൽ ബാച്ചിലർ സംഘത്തിന്റെ നേതാവ് കോവൂർ കുഞ്ഞുമോൻ എംഎൽഎയാണ്. കോവൂരിനെ കല്യാണം കഴുപ്പിക്കാൻ ഭരണ- പ്രതിപക്ഷ ഭേദമന്യേ അംഗങ്ങൾ ശ്രമിച്ചെങ്കിലും എംഎൽഎ ഉറച്ചുനിന്നു. കോൺഗ്രസ് എംഎൽഎ റോജി എം ജോൺ ആണ് നിയമസഭയിലെ മറ്റൊരു ബാച്ചിലർ.

എടത്വാ:വാല്യൂ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെയും എടത്വാ കുടുംബ സമിതികളുടെയും നേതൃത്വത്തിൽ നടന്ന എടത്വ പായസമേള പാചക മത്സസരത്തിൽ ഒന്നാം സ്ഥാനം പുലരി കുടുംബ സമിതി നേടി. ഒരുമ കുടുംബ സമിതിയും ഐശ്വര്യ കുടുംബ സമിതിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു.മത്തങ്ങ മുതൽ ക്യാരറ്റ് വരെയുള്ള പ്രകൃതി വിഭവങ്ങൾ കൊണ്ട് പാചകം ചെയ്ത് ഉണ്ടാക്കിയ വിവിധത്തരം പായസങ്ങൾ രുചികരവും കൗതകവുമായിരുന്നു.

പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് എൻ.ജെ. സജീവ് അധ്യക്ഷത വഹിച്ചു. .കുടുംബ സമിതി വാർഷിക സമ്മേളനം വാല്യൂ എഡ്യൂക്കേഷൻ സെന്റർ ഡയറക്ടർ ആൻ എലിസബേത്ത് സാമുവേൽ ഉദ്ഘാടനം ചെയ്തു.ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഡോ.ജോൺസൺ വി. ഇടിക്കുള സമ്മാനദാനം നിർവഹിച്ചു.

ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര, ബിൽബി മാത്യൂ കണ്ടത്തിൽ എന്നിവർ വിധികർത്താക്കളായിരുന്നു.
കോർഡിനേറ്റർ സാമുവൽ കെ.പീറ്റർ,
ഡോ.മിനി വി.ആർ,സജിത ജി.മേനേൻ എന്നിവർ പ്രസംഗിച്ചു..

ദുബായിലുള്ള യുവാവിന്റെ പ്രണയത്തിന്റെ പേരില്‍ നാട്ടിലുള്ള സഹോദരന് ക്രൂര മര്‍ദ്ദനം. കോഴിക്കോട് പതിമംഗലം സ്വദേശി ഉബൈദിനാണ് മര്‍ദ്ദനമേറ്റത്. ഗള്‍ഫിലുള്ള ജ്യേഷ്ഠന്‍ ഫര്‍ഷാദിന്റെ പ്രണയവുമായി ബന്ധപ്പെട്ടാണ് ഒരു സംഘം വീട്ടില്‍ കയറി ആക്രമണം നടത്തിയത്.

ഉബൈദിന്റെ മാതാവ് ഹൈറുന്നീസയ്ക്കും മര്‍ദനമേറ്റു. പരിക്കേറ്റ് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയിട്ടും പ്രതികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തില്ലെന്ന് ഉബൈദ് പറയുന്നു. ഞായറാഴ്ച പതിമംഗംലം അങ്ങാടിയില്‍ വെച്ചും ഇതേ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഒരു സംഘം ഉബൈദിനെ മര്‍ദിച്ചിരുന്നു.

മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചെന്നപ്പോള്‍ ആശുപത്രിയില്‍ പോകാന്‍ ഓട്ടോറിക്ഷ വിളിച്ച്‌ നല്‍കുക മാത്രമാണ് പൊലീസ് ചെയ്തത് എന്നും ഉബൈദ് പറയുന്നു. എന്നാല്‍, സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പരിക്ക് സാരമല്ലാത്തത് കൊണ്ടാണ് ഓട്ടോറിക്ഷ വിളിച്ച്‌ നല്‍കി ആശുപത്രിയില്‍ പോകാന്‍ പറഞ്ഞതെന്നും പൊലീസ് പറയുന്നു.

കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ വ്യാജന്മാര്‍ ആണോയെന്ന് ‘ജനം’ ടിവിയെ ബോധ്യപ്പെടുത്തിക്കൊടുക്കുമെന്ന് ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍. മലയാളി പത്രപ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെ ജനം ടിവി വെല്ലുവിളിക്കുകയാണ്. സഹപ്രവര്‍ത്തകന്‍ മറ്റൊരു സംസ്ഥാനത്ത് സ്വതന്ത്രമായി മാധ്യമ പ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുമ്പോള്‍ അതിനെ വ്യാജമെന്ന് പേരിട്ട് വിളിക്കുന്നത് ഏത് മാധ്യമ ധര്‍മത്തിന്റെ പേരിലാണെന്ന് ജനം ടിവി ആലോചിക്കണം.

അടിയന്തരാവസ്ഥക്കാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ അധികാര വര്‍ഗം കാണിച്ച നടപടികളെ ചെറുത്തു തോല്‍പിച്ചവരാണ് ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍. മലയാളി പത്രപ്രവര്‍ത്തരെന്നും വ്യാജന്മാരെന്നും ഐഡന്റിറ്റിയും ഇന്റഗ്രിറ്റി ഇല്ലാത്തവരെന്നും പറഞ്ഞാണ് കസ്റ്റഡിയില്‍ വച്ചിരിക്കുന്നത്. ജനം ടിവി വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.

മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതിഷേധം ഉയരുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്. രേഖകള്‍ പരിശോധിച്ച് വിട്ടയക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പൊലീസ് ഇവരെ വിട്ടയച്ചിട്ടില്ല.

ട്വന്റിഫോര്‍ കാസര്‍ഗോഡ് ബ്യൂറോ റിപ്പോര്‍ട്ടര്‍ ആനന്ദ് കൊട്ടില, കാമറമാന്‍ രഞ്ജിത്ത് മന്നിപ്പാടി എന്നിവരും ഏഷ്യാനെറ്റ്, മീഡിയാവണ്‍, ന്യൂസ് 18 അടക്കമുള്ള സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരാണ് കസ്റ്റഡിയിലുള്ളത്. കാമറയടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. മൊബൈല്‍ പോലും ഉപയോഗിക്കാന്‍ സമ്മതിക്കുന്നില്ല. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ജോയൽ ചെമ്പോല

സത്യസന്ധമായ വാർത്തകൾ നിഷ്പക്ഷമായി ജനങ്ങൾക്ക് മുമ്പിൽ എത്തിക്കുന്നവരാണ് മലയാള മാധ്യമങ്ങൾ. ഒരു പൗരന് ഇന്ത്യയിൽ എവിടെയും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം ഭരണഘടനയിൽ അനുശ്വാസിക്കുന്നുണ്ട്. പക്ഷെ അതൊന്നും മാനിക്കാതെയുള്ള നടപടിയാണ് കഴിഞ്ഞ ദിവസം കർണാടക പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായത്.

മംഗലാപുരത്ത് പോലീസിന്റെ വെടിയേറ്റ് രണ്ടു പേർ കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ കേരളത്തിൽ നിന്നുമുള്ള മാധ്യമ പ്രവർത്തകരെ മാത്രം അറസ്റ്റ് ചെയ്ത പോലീസിന്റെ വിചിത്ര നടപടി അപലപനീയമാണ്. അക്രിഡിയേഷനും തിരിച്ചറിയൽ കാർഡുമുൾപ്പെടെ എല്ലാ രേഖകളും കൈവശമുണ്ടായിരുന്നിട്ടും അവയെന്നും പരിശോധിക്കാതെ ക്യാമറയും മൊബൈയിൽ ഫോണുൾപ്പെടെ പിടിചെടുത്തത് എന്തിനുവേണ്ടിയാണ് എന്നതിന് പോലീസിന് ക്യത്യമായ മറുപടിയില്ല.

 

നിയന്ത്രണമേർപ്പെടുത്തിയ സ്ഥലത്ത് പ്രവേശിച്ചതിനാലാണ് കസ്റ്റഡിയിലെടുതതെന്ന് പറഞ്ഞ പോലീസിനോട് ഒരു മറു ചോദ്യം. കേരളത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു സമീപം മറ്റ് ദേശീയ മാധ്യമങ്ങളും കർണാടകയിലെ മാധ്യമ പ്രവർത്തകരും വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു. ബി.ജെ.പിയെ പിന്തുണക്കുന്ന മാധ്യമങ്ങൾക്കൊന്നും വിലക്കില്ല. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയടുതെത്തി അഭിപ്രായങ്ങൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലെ മാധ്യമ പ്രവർത്തകരാണ്. ഈ കാരണങ്ങളൊക്കെയാവാം പോലീസിനെ പ്രകോപ്പിപിച്ചത്. ഇവരെ കസ്റ്റഡിയിൽ എടുത്ത ശേഷം ചില ബി.ജെ.പി നേതാക്കളും ബി.ജെ.പി അനുകൂല ചാനലുകളും മാധ്യമ പ്രവർത്തകർ എന്ന വ്യാജേന മാരാകായുധങ്ങളുമായെത്തിയ അമ്പതോളം പേരെ അറസ്റ്റ് ചെയ്തതായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്തു. ഏഴ് മണിക്കുറോളം കസ്റ്റഡിയിൽ വെച്ച ശേഷം സംസ്ഥാന അതിർത്തിയിലെത്തിച്ച് ഇവരെ കേരളാ പോലിസിനു കൈമാറുകയായിരുന്നു. മറ്റൊരു തരത്തിൽ നോക്കിയാൽ നാടുകെടത്തൽ തന്നെ.

അടിയന്തിരാവസ്ഥ കാലത്ത് മാധ്യമസ്വാതന്ത്ര്യം നിഷേധിച്ച ഇന്ദിര ഗാന്ധിയുടെ അവസ്ഥ പിൽക്കാലത്ത് ഇന്ത്യ കണ്ടതാണ്. മാധ്യമങ്ങളെ അടിച്ചമർത്തുമ്പോൾ രാജ്യം ദുർബലമാകും. മാധ്യമസ്വാതന്ത്യം നിഷേധിച്ച് രാജ്യത്തെ ഒരു ഏകാധിപത്യ ഭരണത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണോ ഈ നടപടികൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ജോയൽ ചെമ്പോല

കോട്ടയം മണർകാട് ആണ് സ്വദേശം. കോട്ടയം എറ്റുമാനുരപ്പൻ കോളേജിൽ നിന്നും ബികോമിൽ ബിരുദം. കോട്ടയം പ്രസ് ക്ലബിൽ ജേർണലിസം വിദ്യാർത്ഥിയാണ്. ചെമ്പോലയിൽ ജേക്കബ് ജോർജ്ജിന്റെയും ലളിതമ്മ ജേക്കബിന്റെയും മൂത്ത മകനാണ്. സഹോദരൻ ഡോണൽ.

മോഹൻലാലിന്റെ കൈക്ക് ശസ്‍ത്രക്രിയ നടത്തി. ദുബായില്‍ ബുര്‍ജീല്‍ ആശുപത്രിയില്‍ വെച്ചാണ് ശസ്‍ത്രക്രിയ നടത്തിയത്.ഡോ. ഭുവനേശ്വര്‍ മചാനിയാണ് മോഹൻലാലിന് ശസ്ത്രക്രിയ നടത്തിയത്. ഡോ. ഭുവനേശ്വര്‍ മചാനിക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് മോഹൻലാല്‍ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ പൊതുചടങ്ങുകളില്‍ കൈയില്‍ ബാൻഡേജ് ചുറ്റിയായിരുന്നു മോഹൻലാല്‍ എത്തിയിരുന്നത്. മോഹൻലാലിന്റെ കൈക്ക് പരുക്ക് പറ്റിയതാകാം എന്ന് ആരാധകര്‍ പറയുകയും ചെയ്‍തിരുന്നു. ഇപ്പോള്‍ താരം തന്നെ അക്കാര്യം അറിയിച്ചിരിക്കുകയാണ്.

ആലപ്പുഴ നഗരത്തിൽനിന്ന് താൽക്കാലിക ടാറ്റൂ പതിച്ച 3 വിദ്യാർഥികളുടെ കൈകളിൽ വൃണമുണ്ടായി തൊലി അടർന്നുമാറി. മുല്ലയ്ക്കൽ ചിറപ്പുമായി ബന്ധപ്പെട്ടു കച്ചവടത്തിനെത്തിയ ഇതര സംസ്ഥാനക്കാരുടെയടുത്തുനിന്നാണ് വിദ്യാർഥികൾ അച്ച് ഉപയോഗിച്ചുള്ള രൂപം കൈകളിൽ താൽക്കാലികമായി കഴിഞ്ഞ ദിവസം പതിപ്പിച്ചത്.

ടാറ്റൂ, മെഹന്തി എന്നീ പേരുകളിലാണ് ശരീരത്തിലും കൈവെള്ളയിലും രൂപം പതിപ്പിക്കൽ. 20 രൂപ മുതലാണ് ഇതിന് ഈടാക്കുന്നത്. പതിപ്പിക്കുന്ന രൂപങ്ങൾ ഒരാഴ്ച വരെ ശരീരത്തിൽ കാണുമെന്നാണ് ചെയ്തു നൽകുന്നവർ പറയുന്നത്. ഇതിനായി ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ അലർജി മൂലമാണ് പൊള്ളിയതു പോലുള്ള വൃണങ്ങൾ ഉണ്ടാകുന്നത്. വിദ്യാർഥികളാണ് ഇവരുടെയടുക്കൽ എത്തുന്നവരിൽ ഏറെയും.

ടാറ്റൂ എന്നതു പൂർണമായും അണുവിമുക്തമാക്കി ചെയ്യേണ്ടതാണ്. വഴിവക്കിലും മറ്റും ചെയ്യുമ്പോൾ പല അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. മോശം സാഹചര്യത്തിൽ ചെയ്യുമ്പോൾ ഹെപ്പറ്റൈറ്റിസ് ബി, ക്ഷയം, കുഷ്ഠം, എച്ച്ഐവി പോലുള്ള രോഗങ്ങൾ പടരാം. രോഗബാധയുള്ള വ്യക്തിക്ക് ടാറ്റൂ ചെയ്തശേഷം, അണുവിമുക്തമാക്കാത്ത ഉപകരണങ്ങൾ അടുത്തയാളിൽ ഉപയോഗിക്കുമ്പോഴാണ് രോഗബാധയുണ്ടാകുന്നത്.

കുട്ടികൾ കഴിയുന്നതും ടാറ്റൂ ചെയ്യാതിരിക്കുന്നതാണ് നല്ലത്. വെള്ളപ്പാണ്ട് പോലുള്ള കാര്യങ്ങളിൽ മെഡിക്കൽ ടാറ്റൂ ചെയ്യുമ്പോൾ അതിനു കൃത്യമായ മാർഗനിർദേശമുണ്ട്. അത്തരത്തിലേ ചെയ്യാറുള്ളു.- ഡോ. കെ. ശോഭനകുമാരി, ത്വക്‌രോഗ വിഭാഗം മേധാവി ആലപ്പുഴ മെഡിക്കൽ കോളജ് അറിയിച്ചു.

പൗരത്വഭേദഗതി നിയമത്തിനെതിരെ ഉത്തരേന്ത്യയില്‍ ഇന്നും വന്‍ പ്രതിഷേധങ്ങള്‍. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. യു.പിയില്‍ ഇന്നലെ നടന്ന അക്രമങ്ങളില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. ബിഹാറില്‍ ആര്‍.ജെ.ഡി ബന്ദിനിടെ അക്രമമുണ്ടായി. മധ്യപ്രദേശില്‍ 50 ജില്ലകളില്‍ നിരോധനാജ്ഞ തുടരുകയാണ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ ഇന്നലെയുണ്ടായ അക്രമങ്ങളില്‍ ആറ് പേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നായിരുന്നു പൊലീസ് വിശദീകരണം. എന്നാല്‍ മരണം പത്തില്‍ അധികമായെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവയ്ച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നതെങ്കിലും കൂടുതല്‍ പേരും വെടിയേറ്റാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആറ് പൊലീസുകാര്‍ക്ക് വെടിയേറ്റെന്നും ഒരു പൊലീസുകാരന്‍റെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. പ്രതിഷേധമുണ്ടായ ആദ്യ ദിനത്തില്‍ ലക്നൗവിലും ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.മൊറാദാബാദില്‍ പൊലീസിനുനേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് ന‌ടത്തി. കണ്ണീര്‍വാതകം പ്രയോഗിച്ചു.

പ്രയാഗ്‍രാജില്‍ ഇന്നലത്തെ അക്രമങ്ങളില്‍ പതിനായിരം പേര്‍ക്കെതിരെ കേസെടുത്തു. അക്രമം തുടരുകയാണെങ്കില്‍ നേരിടാന്‍ അര്‍ധസെനികരെ നിയോഗിച്ചേക്കും. വാരാണസി, ല്കനൗ തുടങ്ങി 21 ജില്ലകളില്‍ ഇന്‍റര്‍നെറ്റ് നിര്‍ത്തിവച്ചു. ബിഹാറില്‍ ആര്‍.ജെ.ഡി ബന്ദിനിടെ അക്രമങ്ങളുണ്ടായി. പ്രതിഷേധക്കാര്‍ തീവണ്ടികള്‍ തടഞ്ഞു. പട്നയിലടക്കം റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചാണ് ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. മധ്യപ്രദേശില്‍ 50 ജില്ലകളില്‍ നിരോധനാജ്ഞ തുടരുകയാണ്. അതേസമയം അസമിലെ പ്രതിഷേധങ്ങള്‍ക്ക് അയവ് വന്നതിനെ തുടര്‍ന്ന് കര്‍ഫ്യൂവില്‍ ഇളവ് നല്‍കി.

കോഴിക്കോട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്റ് ഒാഫീസിലേക്ക് തള്ളിക്കയറി. പൊലീസ് ലാത്തിവീശി. ജലപീരങ്കി പ്രയോഗിച്ച പൊലീസ് പ്രക്ഷോഭകരെ അറസറ്റുചെയ്ത് നീക്കി. ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖിനെയും കെഎസ്‌‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലത്തും പോസ്റ്റ് ഒാഫീസിനുമുന്നില്‍ പ്രതിഷേധം, ജലപീരങ്കി പ്രയോഗിച്ചു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടന്നു. പത്തനംതിട്ടയിലും മലപ്പുറത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടയാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.

നൂറുകണക്കിന് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി നടന്ന കോണ്‍ഗ്രസിന്റെ പ്രതിഷേധപ്രകടനങ്ങളില്‍ പങ്കെടുത്തു. മലപ്പുറത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പൗരത്വ നിയമം ചവറ്റുകൊട്ടയില്‍ എറിയേണ്ടിവരുമെന്ന് ചെന്നിത്തല പറഞ്ഞു.

കാസര്‍കോട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും തിരുവനന്തപുരത്ത് എം.എം.ഹസനും പ്രതിഷേധമാര്‍ച്ചുകള്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് പോസ്റ്റ് ഓഫിസിലേക്ക് തളളിക്കയറാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

മലപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡുപരോധിച്ചു. കോഴിക്കോട് റോഡുപരോധം ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു. വയനാട്ടില്‍ കലക്ട്രേറ്റ് മാര്‍ച്ചില്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പത്തനംതിട്ടയിലും തൃശൂരിലും ആലപ്പുഴയിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. പാലക്കാട് വി.ടി. ബല്‍റാം എംഎല്‍എയുടെ നേതൃത്വത്തില്‍ സാമൂഹ്യസാംസ്കാരിക പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ഏകദിന ഉപവാസം ആരംഭിച്ചു.പാലക്കാട് കൽമണ്ഡപത്ത് സംയുക്ത പൗരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു.

RECENT POSTS
Copyright © . All rights reserved