Kerala

ബ്രിട്ടണില്‍ പ്രചാരണത്തില്‍ മുന്നിലെത്തിയ മലയാളം ഓണ്‍ലൈന്‍ പത്രമായ മലയാളം യുകെ ന്യൂസ് നല്‍കുന്ന ഔട്സ്റ്റാന്‍ഡിംഗ് ബയോ ഗ്രാഫി അവാര്‍ഡിന് ഉഴവൂര്‍ കോളേജ് മുന്‍ പ്രന്‍സിപ്പാള്‍ ബാബു തോമസ് പൂഴിക്കുന്നേല്‍ രചിച്ച സഫലം സൗഹൃതം സഞ്ചാരം എന്ന ആത്മകഥ അര്‍ഹമായി.

ഇരുപത്തയ്യായിരം രൂപയും ഫലകവുമാണ് അവാര്‍ഡ്. നവംബര്‍ ആദ്യവാരം കോട്ടയത്തു നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ അവാര്‍ഡ് നല്‍കും. മലയാളം യുകെ ന്യൂസ് ചീഫ് എഡിറ്റര്‍ ബിന്‍സു ജോണാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മലയാളം യുകെ ഡയറക്ടര്‍ ബോര്‍ഡും നിയമോപദേശക സമതിയുമടങ്ങുന്ന പാനലാണ് പ്രൊഫ. ബാബു പൂഴിക്കുന്നേല്‍ എഴുതിയ സഫലം സൗഹൃതം സഞ്ചാരം എന്ന ആത്മകഥ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. കോട്ടയം വര ആർട്ട് ഗാലറിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രന്‍സിപ്പാള്‍, മലയാളം വകുപ്പ് മേധാവി, കോട്ടയം ബി സി എം കോളേജ് മലയാളം വകുപ്പ് മേധാവി എന്നീ നിലകളില്‍ 34 വര്‍ഷത്തെ അധ്യാപക ജീവിതം. എം ജി യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, കൂടാതെ കോട്ടയം അതിരൂപത പി ആര്‍ ഒ , അപ്നാ ദേശ് പത്രാധിപ സമതിയംഗം, കേരളം എക്‌സ്പ്രസ് (ഷിക്കാഗോ) കണ്‍സല്‍ട്ടന്റ് എഡിറ്റര്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. ഇരുപതോളം രാജ്യങ്ങളില്‍ സഞ്ചാരം നടത്തിയിട്ടുണ്ട്. സഫലം സൗഹൃതം സഞ്ചാരം, കല്ലാണപ്പാട്ടുകള്‍, വഴക്കവും പൊരുളും എന്നീ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയാണ്. പ്രൊഫ. വത്സാ ബാബുവാണ് ഭാര്യ. ഡോ. ആതിര ബാബു, അനഘ ബാബു എന്നിവര്‍ മക്കളാണ്.

മലയാളം യുകെ ന്യൂസ് ടീമിന്റെ അഭിനന്ദനങ്ങള്‍.

വാളയാറില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്ക് നീതി നിഷേധിക്കപ്പെട്ടതിലുള്ള പ്രതിഷേധം കേരളക്കരയാകെ നിറഞ്ഞുനില്‍ക്കുമ്പോള്‍ കൊച്ചിയിലെ ഒരു കൂട്ടം കലാകാരന്മാര്‍ ആ മക്കള്‍ക്കായി തെരുവിലിറങ്ങി. നടന്‍ സാജു നവോദയയുടെ നേതൃത്വത്തില്‍ കുട്ടികളെ ഉപദ്രവിക്കാന്‍ തോന്നുന്നവരുടെ മനസില്‍ മാറ്റമുണ്ടാവും എന്ന ആഗ്രഹവുമായി അവര്‍ തെരുവില്‍ നാടകം അവതരിപ്പിച്ചു.

നാടക അവതരണത്തിനുശേഷം സാജു നവോദയ തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെടുത്തിയാണ് വാളയാര്‍ വിഷയത്തെ കുറിച്ച് സംസാരിച്ചത്. ‘ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ ഒരു കുഞ്ഞ് ജനിക്കാതിരിക്കുന്നതാണ് നല്ലത്. പതിനെട്ട് വര്‍ഷമായി കുട്ടികളില്ലാത്തയാളാണ് ഞാന്‍, എങ്കിലും എനിക്കിനി കുട്ടികള്‍വേണ്ട.’ സാജു നവോദയ പറഞ്ഞു.

നിറകണ്ണുകളോടെയായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. ആണ്‍കുഞ്ഞെന്നോ പെണ്‍കുഞ്ഞെന്നോ വ്യത്യാസമില്ലാതെ കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവരാണ് ചുറ്റുമെന്നും. ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ കാണുമ്പോള്‍ ഒരാളെങ്കിലും കുഞ്ഞുങ്ങളെ ഉപദ്രവിക്കാന്‍ മടിക്കുമെന്നും സാജു നവോദയ പറഞ്ഞു.

സംസ്ഥാനത്ത് പരക്കെ കാറ്റും മഴയും. ‘മഹാ’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെയാണ് മഴ കൂടിയത്.അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ‘ മഹാ’ എന്നാണ് ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്. 24 മണിക്കൂറിനകം ഇത് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്തെങ്ങും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

ശക്തിയാർജിച്ച ശേഷം ചുഴലിക്കാറ്റ് ലക്ഷദ്വീപിന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങും

തിരുവനന്തപുരത്തും കൊച്ചിയിലും ശക്തമായ മഴ തുടരുകയാണ്. കടൽക്ഷോഭത്തെ തുടർന്ന് എടവനക്കാട് തീരപ്രദേശത്ത് താമസിക്കുന്നവരെ എടവനക്കാട് യു.പി.സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റുന്നു. പാറശാല–നെയ്യാറ്റിന്‍കര പാതയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് പരശുറാം എക്സ്പ്രസ് പാറശാലയില്‍ അരമണിക്കൂര്‍ നിര്‍ത്തിയിട്ട ശേഷം യാത്ര തുടര്‍ന്നു.

കോഴിക്കോടിന്റെ മലയോരമേഖലകളിലും കനത്ത മഴയുണ്ട്. ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്ന് 210 കിലോമീറ്റർ ദൂരത്തും കവരത്തിയിൽ നിന്ന് 80 കിമീ ദൂരത്തും തിരുവനന്തപുരത്ത് നിന്ന് 440 കിമീ ദൂരത്തുമായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. ഉച്ചയ്ക്ക് മുമ്പ് ‘മഹാ’ ചുഴലിക്കാറ്റ് കൂടുതൽ കരുത്ത് പ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റ് ആയി മാറുമെന്നാണ് കാലാവസ്ഥാ പ്രവചനം. കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ ഇല്ലെങ്കിലും കാറ്റിന്റെ പ്രഭാവത്തിൽ ശക്തമായ കാറ്റും മഴയും തുടരും. മത്സ്യ ബന്ധനത്തിന് പൂർണ നിരോധനം ഏർപ്പെടുത്തി. ഇന്ന് എറണാകുളം, തൃശൂര്‍ , മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്

 

കൊച്ചി/ ഗൂഡല്ലൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ കരാട്ടെ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗികാതിക്രമം നേരിട്ടതിന് അധ്യാപകനെതിരെയും സംഭവം മൂടി വെച്ച വൈദികനെതിരെയും പരാതിയുമായി മുന്നോട്ടു പോയതിന്‍റെ പേരിൽ പെൺകുട്ടി കഴിഞ്ഞ ദിവസം ക്രൂരമര്‍ദ്ദനത്തിന് ഇരയായിരുന്നു. സമയം മലയാളം അടക്കമുള്ള മാധ്യമങ്ങളുടെ ഇടപെടലിന് പിന്നാലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാൻ തയ്യാറായത്. പെൺകുട്ടിയെ മര്‍ദ്ദിച്ചതിന് പിതാവ് ഉള്‍പ്പെടെ ഏഴുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ റിമാൻഡിൽ വിട്ടിരിക്കുകയാണ്.

പോക്സോ നിയമപ്രകാരമാണ് ഗൂഡല്ലൂര്‍ സ്വദേശിയായ കരാട്ടെ അധ്യാപകൻ സാബു എബ്രഹാമിനെ (55) പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമത്തിലെ 7, 8 വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. തന്‍റെ മകളെ സാബു ലൈംഗികമായി ഉപദ്രവിച്ചെന്ന് കാണിച്ച് അമ്മ നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിമലഗിരി സെന്‍റ് മേരീസ് പള്ളിയുടെ പാരിഷ് ഹാളിലായായിരുന്നു ഇയാള്‍ കരാട്ടെ ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നത്. പള്ളി വികാരിയായ ഫാ. ജോണിയെയും കുട്ടി പഠിക്കുന്ന സ്കൂളിലെ പ്രിൻസിപ്പാളിനെയും കുടുംബം നേരത്തെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ ഇയാള്‍ക്കെതിരെ നടപടിയെടുക്കാൻ വൈദികര്‍ തയ്യാറായിരുന്നില്ലെന്നാണ് ഇരയായ പെൺകുട്ടിയുടെ അമ്മയുടെ ആരോപണം. തുടര്‍ന്ന് സംഭവത്തിൽ ഇവര്‍ പോലീസിൽ പരാതി നല്‍കുകയായിരുന്നു. ഇതിനു പിന്നാലെയായിരുന്നു പെൺകുട്ടിയുടെ അച്ഛൻ ഉള്‍പ്പെടെയുള്ള ബന്ധുക്കളും പള്ളിഭാരവാഹികളും ചേര്‍ന്ന് പെൺകുട്ടിയെ വീട്ടിൽ കയറി മര്‍ദ്ദിച്ചത്. ഏഴുപേരോളം വരുന്ന സംഘം വീട് അകത്തു നിന്ന് പൂട്ടിയ ശേഷം നടത്തിയ മര്‍ദ്ദനത്തിൽ പെൺകുട്ടിയുടെ ഇടതുചെവിയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. മര്‍ദ്ദനം തടഞ്ഞ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്.

ആദ്യഘട്ടത്തിൽ പ്രതികളെ രക്ഷിക്കാൻ പോലീസ് ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെയും മാധ്യമങ്ങളുടെയും ഇടപെടലോടെയാണ് പ്രതികള്‍ക്കെതിരെ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും തയ്യാറായതെന്ന് (പേര് വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിച്ച) പ്രദേശവാസിയായ ഒരാള്‍ സമയം മലയാളത്തോട് പറഞ്ഞു. ഇരയെ കുര്‍ബാന മധ്യേ പരസ്യമായി അവഹേളിച്ച വൈദികനെയും സ്കൂള്‍ പ്രിൻസിപ്പാളായ വൈദികനെയും പോലീസ് ഇടപെട്ട് കേസിൽ നിന്നൊഴിവാക്കാൻ ശ്രമിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിൽ മുഖ്യപ്രതിയായ കരാഠേ അധ്യാപകനും പെൺകുട്ടിയെ ആക്രമിച്ച ഏഴുപേരുമാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടലുണ്ടാകാൻ സാധ്യതയുണ്ടെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, സാരമായി പരിക്കേറ്റ പെൺകുട്ടി തിങ്കളാഴ്ച മുതൽ ഊട്ടിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടയിൽ രഹസ്യമൊഴി രേഖപ്പെടുത്താനെന്ന പേരിൽ ആശുപത്രി അധികൃതരുടെ അനുവാദമില്ലാതെ പോലീസ് പെൺകുട്ടിയെ ആശുപത്രിയ്ക്ക് പുറത്തേയ്ക്ക് കൊണ്ടു പോയത് വിവാദമായി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ രോഗിയെ കാണാനില്ലെന്ന് കാണിച്ച് അടുത്തുള്ള പോലീസ് ഔട്ട്പോസ്റ്റിൽ പരാതി നല്‍കുകയും ചെയ്തു. അനുമതിയില്ലാതെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് രോഗിയായ പെൺകുട്ടിയെയും അമ്മയെയും ആശുപത്രി്യിൽ നിന്ന് പോലീസ് കൊണ്ടു പോയതെന്ന് ഊട്ടി സര്‍ക്കാര്‍ ആശുപത്രി സൂപ്രണ്ട് ഡി എച്ച് രവി കുമാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. എന്നാൽ സംഭവത്തിൽ കേസെടുത്തതായി സ്ഥിരീകരിക്കാൻ ഗൂഡല്ലൂര്‍ ഡിഎസ്‍‍പി കെ ആര്‍ ജയ് സിങ് തയ്യാറായില്ല.

കോട്ടയം പിറവം റോഡ് റയിൽവെ സ്റ്റേഷനു സമീപം റയിൽവെ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ രണ്ടു ജീവനക്കാർക്ക് ഷോക്കേറ്റു. എറണാകുളം സെക്ഷനിലെ ജീവനക്കാരായ മഹേഷ്കുമാർ, സാബിറാ ബീഗം എന്നിവർക്കാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ മഹേഷ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

വെള്ളൂരിന് സമീപം ഇരുമ്പയം കല്ലിങ്കലിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. ട്രാക്കിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെയാണ് ജീവനക്കാർക്ക് ഷോക്കേറ്റത്. അപകടം. ഏണിയിൽ കയറി നിന്നിരുന്ന മഹേഷ്കുമാർ ഷോക്കേറ്റ് തെറിച്ചു വീണു. മഹേഷ് കുമാറിന്റെ ദേഹമാസകലം പൊള്ളലേറ്റു.

സാബിറയുടെ കൈക്കാണ് പൊള്ളലേറ്റത്. അപകടം നടക്കുന്ന സമയം ഒരു ലൈനിലെ വൈദ്യുതി വിച്ഛേദിക്കാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന. ഇരുവരെയും ആദ്യം വൈക്കത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി. മഹേഷ് കുമാറിന് അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തെ കുറിച്ച് റയിൽവെ അന്വേഷണം ആരംഭിച്ചു.

കൊ​ച്ചി മേ​യ​ര്‍ സൗ​മി​നി ജെ​യി​ന്‍ ഇന്ന് രാ​ജി പ്ര​ഖ്യാ​പി​ച്ചേ​ക്കും. മേ​യ​റെ നീ​ക്കാ​ന്‍ എ, ​ഐ ഗ്രൂ​പ്പു​ക​ള്‍ ച​ര​ടു​വ​ലി​ക​ള്‍ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സൗ​മി​നി ജെ​യി​ന്‍ രാ​ജി​ക്ക് ത​യാ​റെ​ടു​ക്കു​ന്ന​ത്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നു​മാ​യി സൗ​മി​നി ജെ​യി​ന്‍  കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​നു ശേ​ഷം രാ​ജി പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

മേയറോട് തിരുവനന്തപുരത്ത് എത്താന്‍ കെപിസിസി നിര്‍ദ്ദേശം.  കൊച്ചി മേയറെ മാറ്റണമെന്ന് ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ കെപിസിസിയോട് ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ കാര്യങ്ങള്‍ മേയറോട് വിശദീകരിക്കുമെന്നാണ് സൂചന.

അതിനിടെ സൗമിനി ജയിനിന് പിന്തുണയുമായി രണ്ട് കൗണ്‍സിലര്‍മാര്‍ രംഗത്ത് എത്തിയിരുന്നു. സൗമിനി ജയ്‌നിനെ മേയര്‍ സ്ഥാനത്ത് നിന്ന് നീക്കിയാല്‍ യുഡിഎഫിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് കൗണ്‍സിലര്‍മാരായ ഗീത പ്രഭാകറും ജോസ്‌മേരിയുമാണ് അറിയിച്ചത്. ഗീത പ്രഭാകര്‍ സ്വതന്ത്രയായും ജോസ്‌മേരി യുഡിഎഫ് അംഗമായുമാണ് കോര്‍പ്പറേഷനിലെത്തിയത്.

ആകെ 74 അംഗങ്ങളുള്ള കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന് നിലവില്‍ 37 അംഗങ്ങളുണ്ട്. എല്‍ഡിഎഫിന് 34 ഉം ബിജെപിക്ക് രണ്ട് അംഗങ്ങളുമാണുള്ളത്. നിലവില്‍ ഭീഷണി മുഴക്കിയ രണ്ടംഗങ്ങള്‍ പിന്തുണ പിന്‍വലിച്ചാല്‍ യുഡിഎഫ് അംഗസംഖ്യ 35 ആയി കുറയും. ഇതോടെ, എല്‍ഡിഎഫുമായി ഒരു സീറ്റിന്റെ വ്യത്യാസമേ ഉണ്ടാകു. ബിജെപി എല്‍ഡിഎഫിനൊപ്പം ചേര്‍ന്നാല്‍ യുഡിഎഫിന് ഭരണം നഷ്ടമാകും.

രണ്ടര വര്‍ഷത്തിനിടെ മന്ത്രി എം.എം മണിയുടെ ഒൗദ്യോഗിക വാഹനത്തിന് മാറിയത് 34 ടയറുകള്‍. വനംമന്ത്രിയാണ് ടയര്‍ മാറ്റത്തില്‍ രണ്ടാം സ്ഥാനത്ത്. പത്തൊന്‍പതെണ്ണം. ഒരു ടയര്‍ ശരാശരി നാല്‍പതിനായിരം കിലോമീറ്റര്‍ ഒാടുമെന്നിരിക്കെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈദ്യുതി മന്ത്രിയുടെ കാര്‍ മൂന്നരലക്ഷത്തോളം കിലോമീറ്റര്‍ ഒാടിയോയെന്നതാണ് സംശയം.

കെ.എല്‍ 01 CB 8340. എം.എം മണിയുടെ ഒൗദ്യോഗിക വാഹനം. ഈ വാഹനത്തിന് പത്തുതവണയായി മാറ്റിയത് 34 ടയറുകള്‍. അതായത് ഒാരോ മാസം ഒാരോ ടയര്‍വീതം. കണക്കുവച്ച് നോക്കിയാല്‍ രണ്ടുടയര്‍ ഒന്‍പതുതവണയും മറ്റ് രണ്ടെണ്ണം എട്ടുതവണയും മാറ്റി. ഒരു ടയര്‍ ശരാശരി നാല്‍പതിനായിരം കിലോമീറ്റര്‍ ഒാടിയാല്‍ തന്നെ എട്ടുതവണ മാറ്റണമെങ്കില്‍ 320000 കിലോമീറ്റര്‍ ഒാടിക്കഴിഞ്ഞിരിക്കണം. രണ്ടരവര്‍ഷ മുമ്പ് മാത്രം വാങ്ങിയ ഒരു വാഹനം ഇതിനകം ഇത്രയും ദൂരം ഒാടിയിട്ടുണ്ടാകുമോയെന്നതാണ്സംശയം.

ഒാടിയില്ലെങ്കില്‍ ഇത്രയും തവണ ടയര്‍ മാറ്റാന്‍ മറ്റെന്താണ് കാരണം. അഞ്ചുതവണയായി 19 ടയറുകള്‍ മാറ്റിയ കെ.രാജുവാണ് ടയര്‍ ഉപയോഗത്തിന്റ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. ജലസേചനമന്ത്രിയുടെ വാഹനം നാലുതവണയായി 13 തവണയും മന്ത്രി ജി.സുധാകരന്റെ ഒൗദ്യോഗിക വാഹനം നാലുതവണയായി പതിനൊന്ന് ടയറും മാറ്റി. മുഖ്യമന്ത്രിയുടെ രണ്ട് വാഹനങ്ങള്‍ നാലുതവണയായി മാറ്റിയത് പതിനൊന്ന് ടയറുകള്‍. മന്ത്രി എ.കെ ബാലന്റ വാഹനമാണ് ടയറിനായി ഏറ്റവും കുറച്ച് പണം ചെലവാക്കിയതെന്ന് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നു. രണ്ടരവര്‍ഷത്തിനിടെ വെറും രണ്ട് ടയറുകള്‍. ടയറൊന്നിന് ആറായിരം രൂപ കണക്കാക്കിയാല്‍ പത്തുലക്ഷത്തോളം രൂപ ചെലവാക്കി. രണ്ടായിരത്തി പതിനേഴിലാണ് പത്തുകോടി രൂപ ചെലവിട്ട് മന്ത്രിമാര്‍ക്ക് പുതിയ കാറുകള്‍ വാങ്ങിയത്.

‘ഒരു ടയർ കുത്തിപ്പൊട്ടിച്ചു, ഒന്ന് ഞെക്കി പൊട്ടിച്ചു, ഒന്ന് കടിച്ചു പൊട്ടിച്ചു, എടോ ഡ്രൈവറെ, നിങ്ങൾ ആശാനെയും കൂട്ടി ഹിമാലയം ട്രിപ്പ് നടത്താറുണ്ടോ? പിന്നെ എന്തിനാണ് ഹേ രണ്ടു വർഷം കൊണ്ട് 34 ടയർ മാറ്റിയത്.. ടയറുകൾ കൂട്ടി വച്ച് കൊട്ടാരം പണിയുന്ന ആശാൻ..’ അങ്ങനെ ട്രോൾ പേജുകളിൽ മന്ത്രി എം.എം മണിയും അദ്ദേഹത്തിന്റെ കാറും ടയറും നിർത്താതെ ഒാടുകയാണ്. ഇതിനൊപ്പം മലയാളികളുടെ വക വലിയൊരു പണി വേറെയും. ടൊയോട്ട കമ്പനിയുടെ പേജിൽ പോയി മലയാളി സംഭവം അവതരിപ്പിച്ചു. ഇത്ര മോശം ടയറുകളാണോ നിങ്ങളുടെ കാറിനെന്ന്. ഇതോടെ ഖേദം പ്രകടിപ്പിച്ച് കമ്പനി രംഗത്തെത്തി.

ഇതെപ്പറ്റി എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് മറുപടിയുമായി കമ്പനി നേരിട്ട് രംഗത്തെത്തുകയും ചെയ്തു. ”നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു.നിങ്ങളെ ബന്ധപ്പെടേണ്ട അഡ്രസ് നല്‍കുക. ഞങ്ങള്‍ സഹായിക്കാം, ടീം ടൊയോട്ട” , എന്നാണ് മറുപടി.

ടൊയോട്ട ഇന്ത്യയുടെ പേജില്‍ മലയാളത്തിലും ഇംഗ്ലീഷിലും കമന്‍റുകളുടെ പ്രവാഹമാണ്. ഞങ്ങളുടെ പാവപ്പെട്ട മന്ത്രി ഇന്നോവ ക്രിസ്റ്റയുടെ ടയര്‍ മാറ്റിയത് 34 തവണയാണ്. അതുകൊണ്ട് ഈ വണ്ടി വാങ്ങാന്‍ പാവപ്പെട്ട എനിക്ക് പണമില്ല എന്നൊരാള്‍. ഇന്നോവ വാങ്ങാനായിരുന്നു ഞാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ടയറുകള്‍ മോശമായതിനാല്‍ പ്ലാന്‍ ഉപേക്ഷിച്ചു എന്ന് മറ്റൊരാള്‍. ഇതൊക്കെ ഞങ്ങള്‍ നികുതി അടക്കുന്നവരുടെ പണമാണ് എന്ന സങ്കടം പങ്കുവെയ്ക്കുന്നവരുമുണ്ട്. ഏതായാലും മണിയാശാന്റെ ടയറുമാറ്റല്‍ ഇന്നോവ പേജിലും ചൂടുപിടിച്ച ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ട്രോള്‍ പേജുകളിലും മണിയാശാന്‍ വീണ്ടും താരമായിരിക്കുകയാണ്.

മലപ്പുറം പൂക്കോട്ടുംപാടത്ത് കൊലക്കേസ് പ്രതിയെ വഴിയോരത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഐ.എൻ.ടി.യു.സി പ്രാദേശിക നേതാവായിരുന്ന മുഹമ്മദലിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നിലമ്പൂർ മൈലാടി സ്വദേശി സലീമിന്റെ മൃതദേഹമാണ് പൂക്കോട്ടുംപാടം നിലംപതിയിലെ പാതയോരത്ത് കണ്ടെത്തിയത്.

നിലപതിക്കു സമീപത്തെ ഒാടയില്‍ പുലര്‍ച്ചെയാണ് സലീമിന്റെ മൃതദേഹം കണ്ടെത്തിയത്. സലീം വെട്ടിക്കൊലപ്പെടുത്തിയ മുഹമ്മദലിയുടെ വീട്ടിലേക്കുളള വഴയുടെ ഒാരത്തെ ഒാടയിലായിരുന്നു മൃതദേഹം. പരിസരത്തു നിന്ന് മദ്യക്കുപ്പിയും വിഷക്കുപ്പിയും കണ്ടെടുത്തു. തന്നേയും കുടുംബത്തേയും നശിപ്പിച്ചവർക്ക് മാപ്പില്ലെന്ന് എഴുതിയ കത്ത് മൃതദേഹത്തിൽ നിന്ന് ലഭിച്ചു. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരിലാണ് സലീം മുഹമ്മദലിയെ കൊലപ്പെടുത്തിയത്.

സലീമിൽ നിന്നു വാങ്ങിയ പണം മുഹമ്മദലി തിരിച്ചു നല്‍കിയില്ലെന്നും പലവട്ടം ആവശ്യപ്പെട്ടെങ്കിലും അപമാനിച്ചുവെന്നുമാണ് കൊല ചെയ്യാനുളള കാരണമായി അന്ന് മൊഴി നല്‍കിയിരുന്നത്. കേസില്‍ പരോളില്‍ കഴിയവെയാണ് സലീമിന്റെ മരണം. നിലമ്പൂരിനടുത്ത മൈലായിടില്‍ നിന്ന് 15 കിലോമീറ്ററോളം സഞ്ചരിച്ചാണ് നിലപതിയിലെ മുഹമ്മദലിയുടെ വീടിനു സമീപത്ത് എത്തിയത്.

മരണത്തിന് പിന്നില്‍ മറ്റെന്തിങ്കിലും ഗൂഢാലോചനകളുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൂക്കോട്ടുംപാടം പൊലീസാണ് കേസന്വേഷിക്കുന്നത്.

രോഗം സോറിയാസിസ് ആണെന്ന് വെളിപ്പെടുത്തുന്ന ഘട്ടത്തിൽ പല രോഗികളും ഈ ഡയലോഗ് പറയാതെ പറഞ്ഞതായി തോന്നിയിട്ടുണ്ട്. പൊതുജനം തങ്ങൾക്ക് ഒരിക്കലും വരരുതേ എന്നാഗ്രഹിക്കുന്ന, ആവശ്യത്തിലധികം പേടിയോടെ സമീപിക്കുന്ന ത്വക് രോഗങ്ങളിൽ ഒന്നാണ് സോറിയാസിസ്. അതിനാൽ തന്നെ, അത്ഭുത രോഗസൗഖ്യവും അശാസ്ത്രീയചികിത്സാ വാഗ്ദാനപരസ്യങ്ങളും രംഗം കൊഴുപ്പിക്കുന്നു.

ഇന്ന് ഒക്ടോബർ 29, ലോക സോറിയാസിസ് ദിനം. സോറിയാസിസിനെ കുറിച്ചാകാം…..

ആദ്യം തന്നെ പറയട്ടെ…
സോറിയാസിസ് ഒരു പകർച്ച വ്യാധിയല്ല… സോറിയാസിസ് രോഗിയെ തൊട്ടാലോ, ഒപ്പം താമസിച്ചാലോ രോഗം പകരില്ല.

ചർമ്മത്തിലെ കോശങ്ങൾ വിവിധ പാളികളിലായാണ് കാണപ്പെടുക. ഇതിൽ ഏറ്റവും താഴെയുള്ള പാളിയിലുള്ളവയാണ് (basal layer) വിഭജിക്കുന്ന കോശങ്ങൾ. വിഭജിച്ചുണ്ടാകുന്ന പുതിയ കോശങ്ങൾ 28 മുതൽ 30 ദിവസം കൊണ്ട് ചർമ്മത്തിന്റെ വിവിധപാളികളിലൂടെ സഞ്ചരിച്ച് ചർമ്മപ്രതലത്തിൽ എത്തി കൊഴിഞ്ഞു പോകുന്നു. വളരെ പതുക്കെ നടക്കുന്ന ഈ കൊഴിഞ്ഞു പോക്ക് നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയില്ല.
സോറിയാസിസിൽ ആകട്ടെ ഇതെല്ലാം ദ്രുതഗതിയിൽ നടക്കുന്നു. വെറും 4 ദിവസം കൊണ്ട് പുതിയ കോശങ്ങൾ ചർമ്മപ്രതലത്തിൽ എത്തി കുന്നുകൂടുന്നു. ഇത്‌ വെള്ളി നിറത്തിലുള്ള വേഗത്തിൽ ഇളകുന്ന ശൽകങ്ങളായി കാണാൻ സാധിക്കുന്നു.

ഈ പ്രക്രിയയെ സ്വാധീനിക്കുന്ന ചില ഘടകങ്ങളുണ്ട്

🔷ജനിതക ഘടകങ്ങൾ

ഒരാൾക്ക് സോറിയാസിസ് വരാനുള്ള ആജീവനാന്ത സാദ്ധ്യത മാതാപിതാക്കളിൽ ആർക്കും സോറിയാസിസ് ഇല്ലാത്ത പക്ഷം 4 ശതമാനവും, ഒരാൾക്ക് രോഗമുള്ള പക്ഷം 28 ശതമാനവും, രണ്ടു പേർക്കും രോഗമുണ്ടെങ്കിൽ 65 ശതമാനവുമാണ്.
പാരമ്പര്യമായി രോഗം കണ്ടു വരുന്നവരിൽ രോഗാരംഭം നേരത്തെ ആകുവാനും, രോഗം കൂടുതൽ തീവ്രസ്വഭാവമുള്ളതാകുവാനുമുള്ള സാധ്യത കൂടുതലാണ്.

🔷പരിസ്ഥിതി സംബന്ധമായ ഘടകങ്ങൾ

📌അണുബാധ
ടോണ്സിലൈറ്റിസ്, തൊണ്ടയിലെ അണുബാധ

📌മരുന്നുകൾ
വേദനസംഹാരികൾ,മലേറിയക്കുള്ള മരുന്നുകൾ, രക്തസമ്മർദത്തിനുള്ള ചിലയിനം മരുന്നുകൾ, ലിതിയം

📌മാനസിക സംഘർഷം
80% രോഗികളിൽ മാനസികസമ്മർദ്ദം മൂലം സോറിയാസിസ് കൂടുന്നതായും, ഇതിൽ 20% പേർ മാനസികസംഘർഷത്തിന് ചികിത്സ സ്വീകരിക്കേണ്ടി വരുന്നതായും പഠനങ്ങൾ തെളിയിക്കുന്നു

📌പരിക്കുകൾ / ക്ഷതം

📌പുകവലി

📌മദ്യപാനം

📌സൂര്യപ്രകാശം
സൂര്യരശ്മികൾ പൊതുവെ സോറിയാസിസിനു ഫലപ്രദമായ ഒരു ചികിത്സാ രീതിയാണെങ്കിലും, 5-20 ശതമാനം രോഗികളിൽ ഇതു രോഗം മൂർച്‌ഛിക്കുവാൻ കാരണമാകാം. ഇങ്ങനെയുള്ളവരിൽ സൂര്യരശ്മികളും അൾട്രാ വയലറ്റ് രശ്മികളും ഉപയോഗിച്ചുള്ള ഫോട്ടോതെറാപ്പി ചികിത്സ ചെയ്യാൻ പാടുള്ളതല്ല.

🔷രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ (immunological response) വരുന്ന വ്യതിയാനം

ജനിതകമായ ഘടകങ്ങൾ അനൂകൂലമായ ഒരു വ്യക്തി മേല്പറഞ്ഞ പരിസ്ഥിതി സംബന്ധമായ ഘടകങ്ങളുമായി സമ്പർക്കത്തിൽ വരുമ്പോൾ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നു. ഇതു മൂലം ചർമ്മത്തിലെ കോശങ്ങളുടെ വിഭജനം കൂടുകയും കൊഴിഞ്ഞു പോകൽ മന്ദീഭവിക്കുകയും ചെയ്യുന്നു. തൽഫലമായി ചർമ്മപ്രതലത്തിൽ കോശങ്ങൾ അടിഞ്ഞു കൂടി ശല്കങ്ങൾ രൂപപ്പെടുന്നു. ഒപ്പം ശ്വേത രക്താണുക്കൾ [ പ്രധാനമായും ടി ലിംഫോസൈറ്റുകളും ന്യൂട്രോഫിലുകളും ] ചർമ്മത്തിലെത്തി തടിച്ച പാടുകൾ ഉണ്ടാകുന്നു. ചർമ്മത്തിലെ രക്തക്കുഴലുകൾ വികസിക്കുന്നത് തടിപ്പുകൾക്കു ചുവന്ന നിറം നൽകുന്നു.

ലക്ഷണങ്ങൾ

ചൊറിയുക എന്ന അർഥമുള്ള psora ( സോറാ ) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് സോറിയാസിസ് എന്ന വാക്കിന്റെ ഉത്ഭവം. എന്നാൽ മറ്റുള്ള പല ത്വക് രോഗങ്ങളെ അപേക്ഷിച്ചു സോറിയാസിസിനു ചൊറിച്ചിൽ കുറവാണ്. അസഹനീയമായ ചൊറിച്ചിൽ സോറിയാസിസ് രോഗിയിൽ കണ്ടാൽ ചൊറിച്ചിലിന്റെ മറ്റു കാരണങ്ങൾ തേടേണ്ടതുണ്ട്.

യൗവ്വനാരംഭത്തിലും അറുപതുകളിലുമാണ് സാധാരണ രോഗാരംഭം കണ്ടു വരുന്നത്.

വിവിധ തരത്തിൽ സോറിയാസിസ് പ്രകടമാകാം

🔴ക്രോണിക് പ്ലാക് സോറിയാസിസ് (Chronic plaque psoriasis)

80-90% സോറിയാസിസ് രോഗികളും ഈ ഗണത്തിൽ പെടുന്നു. വ്യക്തമായ അരുകുകൾ ഉള്ള വെള്ളി നിറത്തിലെ ശൽകങ്ങളോടു കൂടിയ ചുവന്ന തടിപ്പുകൾ കൈകാൽമുട്ടുകൾ, നടുവ്, ശിരോചർമ്മം, കൈകാൽ വെള്ള എന്നീ ശരീരഭാഗങ്ങളിൽ കണ്ടു വരുന്നു. അസുഖത്തിന്റെ തീവ്രതയേറുമ്പോൾ കൂടുതൽ ശരീരഭാഗങ്ങളിലേക്ക് പാടുകൾ വ്യാപിക്കുന്നു.

ചില പാടുകൾക്കു ചുറ്റും വെളുത്ത വലയം കണ്ടു വരാറുണ്ട്, പ്രത്യേകിച്ച് ചികിത്സ തുടങ്ങിയ ശേഷം. ഇതിനെ വോർനോഫ്സ് റിങ്ങ് (Wornoff’s ring) എന്നു പറയുന്നു.

പരിക്കുകൾ അല്ലെങ്കിൽ ക്ഷതം ഏൽക്കുന്ന ഭാഗങ്ങളിൽ ക്ഷതം ഏറ്റ അതെ മാതൃകയിൽ പുതിയ തടിപ്പുകൾ ഉണ്ടാകാം, ഇത് കോബ്നർ ഫിനോമിനൻ (Koebner phenomenon) എന്നറിയപ്പെടുന്നു. ഈ പ്രതിഭാസം സജീവമായ രോഗത്തിന്റെ (active disease) ലക്ഷണമാണ്.

പാടുകൾ ശിരോചർമ്മത്തിൽ മാത്രമായി പരിമിതമായിരിക്കുകയും ആകാം, ഇതാണ് scalp psoriasis. ഈ രോഗാവസ്ഥ താരനായി തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത ഏറെയാണ്. അതു പോലെ തന്നെ, നഖങ്ങളെ മാത്രം ബാധിക്കുന്ന അവസ്ഥ nail psoriasis എന്നും കൈകാൽ വെള്ളയെ മാത്രം ബാധിക്കുന്ന രോഗം palmoplantar psoriasis എന്നും അറിയപ്പെടുന്നു. മറ്റുള്ള ഇനം സോറിയാസിസിലും മേല്പറഞ്ഞ ഭാഗങ്ങൾ മറ്റു ശരീരഭാഗങ്ങളോടൊപ്പം ഉൾപ്പെടാം.

മടക്കുകളെ ബാധിക്കുന്ന flexural psoriasis, താരൻ ഉണ്ടാകുന്ന ശരീരഭാഗങ്ങളായ ശിരോചർമ്മം, പുരികം, മൂക്കിന്റെ വശങ്ങൾ, ചെവിയുടെ പുറകു വശം, നെഞ്ച്, തോളുകൾ, കക്ഷം, തുടയിടുക്കുകൾ എന്നിവിടങ്ങളെ ബാധിക്കുന്ന സീബോസോറിയാസിസ് (sebopsoriasis) എന്നിവയും സോറിയാസിസ് എന്ന രോഗത്തിന്റെ വകഭേദങ്ങളാണ്.

🔴അക്യൂട്ട് ഗട്ടേറ്റ് സോറിയാസിസ് (acute guttate psoriasis)

ടോൺസിലൈറ്റീസ് പോലെയുള്ള അണുബാധയെ തുടർന്ന് പൊടുന്നനവെ ശരീരത്തു വെള്ളത്തുള്ളികൾ പോലെ ശൽകങ്ങളോടുകൂടിയ ചെറിയ ചുവന്ന തടിപ്പുകൾ കാണുന്നു. കുട്ടികളിലും യുവാക്കളിലും ആണ് സാധാരണ ഇത്തരം രോഗം കണ്ടു വരുന്നത്. അണുബാധ ഭേദമാകുന്നതോടെ 2-3 മാസം കൊണ്ട് ചർമ്മത്തിലെ പാടുകളും മാറുന്നു. ചെറിയ ശതമാനം രോഗികളിൽ പിന്നീട് ക്രോണിക് പ്ലാക് സോറിയാസിസ് ഉണ്ടാകാൻ സാധ്യതയുണ്ട്.

🔴എരിത്രോടെർമിക് സോറിയാസിസ് (erythrodermic psoriasis)

ത്വക്കിന്റെ 90 ശതമാനത്തിൽ കൂടുതൽ അസുഖം ബാധിച്ചു തീവ്രത കൂടിയ അവസ്ഥയാണിത്. 1-2% രോഗികളിൽ ഈ അവസ്ഥ ഉണ്ടാകാം.

🔴 പസ്റ്റുലാർ സോറിയാസിസ് (pustular psoriasis)

ബയോപ്സി ചെയ്തു മൈക്രോസ്കോപ്പി പരിശോധനയിൽ കാണാവുന്ന ന്യൂട്രോഫിലുകളുടെ കൂട്ടം എല്ലാത്തരം സോറിയാസിസിന്റെയും ലക്ഷണമാണ്.എന്നാൽ രോഗതീവ്രത കൂടുമ്പോൾ ഇത് പ്രത്യക്ഷത്തിൽ നഗ്നനേത്രങ്ങൾ കൊണ്ടു കാണാനാകുന്ന അവസ്ഥയിലെത്തി ചർമ്മത്തിൽ പഴുത്ത കുരുക്കൾ പ്രത്യക്ഷപ്പെടുന്നു. ഇതാണ് പസ്റ്റുലാർ സോറിയാസിസ്.
കൈകാൽ വെള്ളകളിൽ മാത്രം പഴുത്ത കുരുക്കൾ പരിമിതമായിരിക്കുന്ന പാമോപ്ലാന്റാർ പസ്റ്റുലോസിസ്‌ (palmoplantar pustulosis) മുതൽ ചർമ്മത്തിൽ ആസകലം പഴുപ്പ് നിറയുന്ന അക്യൂട്ട് ജനറലൈസ്ഡ് പസ്റ്റുലർ സോറിയാസിസ്(acute generalised pustular psoriasis of von Zumbusch) വരെ ഈ വിഭാഗത്തിൽ പെടുന്നു.
തീവ്രതയേറിയ ഇനങ്ങളിൽ സോറിയാസിസിന്റെ പാടുകളിലോ ചർമ്മത്തിൽ അല്ലാതെ തന്നെയോ നീറ്റലോടു കൂടി ചുവപ്പ് വീഴുന്നു, താമസിയാതെ ചുവപ്പിനു മീതെ പഴുത്ത കുരുക്കൾ രൂപപ്പെടുന്നു. പല കുരുക്കൾ ചേർന്ന് ദേഹമാസകാലം പഴുപ്പിന്റെ പൊയ്കകൾ (lakes of pus) തന്നെ രൂപപ്പെടാം. ഇതോടൊപ്പം പനി, ശരീരം വേദന, ന്യൂമോണിയ, മഞ്ഞപ്പിത്തം, രക്തത്തിലെ കൗണ്ടിലും മറ്റു ഘടകങ്ങളിലും വ്യതിയാനം എന്നിവ ഉണ്ടാകാം. സന്ദർഭോചിതമായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെയും സംഭവിക്കാം.

🔴സോറിയാറ്റിക് ആർത്രോപതി (psoriatic arthropathy)

ത്വക്കിൽ സോറിയാസിസ് ഉള്ള 40% ആളുകളിൽ സന്ധിവേദനയും വീക്കവും ഉണ്ടാകാറുണ്ട്. വാതം എന്നു പറഞ്ഞു തള്ളി കളയുന്ന പല സന്ധി വേദനയും സോറിയാറ്റിക് ആർത്രൈറ്റിസ് ആകാം.
രാവിലെ എഴുന്നേറ്റയുടൻ സന്ധികൾ ചലിപ്പിക്കാനുള്ള വിഷമതയും വേദനയും ഒരു പ്രധാനലക്ഷണമാണ്. കൈകാൽ വിരലുകളുടെ അറ്റത്തെ ചെറിയ സന്ധികളെയാണ് (distal interphalangeal joint) പ്രധാനമായും ഇതു ബാധിക്കുന്നത്. വിരളമായി മറ്റു സന്ധികളെയും നട്ടെല്ലിനേയും സോറിയാറ്റിക് ആർത്രോപതി ബാധിക്കാം. ഇതോടൊപ്പം ത്വക്കിലും നഖത്തിലും സോറിയാസിസ് ഉണ്ടാകാം.

സങ്കീർണതകൾ

എരിത്രോടെർമിക് സോറിയാസിസിലും, പസ്റ്റുലാർ സോറിയാസിസിലും ത്വക്കിന്, ശരീരോഷ്മാവ് നിലനിർത്തുക, അണുബാധ തടയുക, ജലത്തിന്റെയും ലവണങ്ങളുടെയും സന്തുലനാവസ്ഥ നിലനിർത്തുക എന്നീ കടമകൾ ചെയ്യാൻ കഴിയാതെ വന്ന് skin failure എന്ന സങ്കീർണമായ അവസ്ഥയിൽ എത്തുന്നു. തൽഫലമായി രോഗിക്ക് പനി, കുളിര്, രക്തത്തിലെ ലവണങ്ങളിൽ വ്യതിയാനം, അപൂർവമായി രക്തത്തിൽ അണുബാധയുണ്ടാകുന്ന മാരകമായ സെപ്റ്റിസിമിയ (septicemia) എന്ന അവസ്ഥയുമുണ്ടാകാം.
സോറിയാസിസ് രോഗികളിൽ പൊണ്ണത്തടി, പ്രമേഹം, രക്താതിമ്മർദം,ഹൃദയാഘാതം, പക്ഷാഘാതം, കരൾവീക്കം (non -alcoholic steatohepatitis) എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.

പരിശോധന

ലക്ഷണങ്ങളാണ് രോഗനിർണയത്തിന്റെ ആധാരശില. അതിനാൽ തന്നെ മേല്പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ ഒരു ത്വക് രോഗവിദഗ്ദന്റെ സഹായം തേടേണ്ടത് അത്യന്താപേക്ഷിതമാണ്.

ചില സന്ദർഭങ്ങളിൽ മാത്രം പരിശോധനകൾ ആവശ്യമായി വന്നേക്കാം.
ന്യൂട്രോഫിലുകളുടെ കൂട്ടങ്ങളും ,ചർമ്മത്തിലെ വിവിധ പാളികളിലും രക്തക്കുഴലുകളിലും ഉണ്ടാകുന്ന നിശ്ചിത വ്യത്യാസങ്ങളും ത്വക്കിലെ പാടിന്റെ ബയോപ്സി പരിശോധനയിലൂടെ തിരിച്ചറിയാൻ കഴിയും.
പസ്റ്റുലർ സോറിയാസിസ്, എരിത്രോടെർമിക് സോറിയാസിസ് എന്നീ തീവ്രതയേറിയ രോഗാവസ്ഥകളിൽ രക്തത്തിലെ കൗണ്ട്, ഇ എസ് ആർ, കാൽഷ്യം, സോഡിയം, പൊട്ടാഷ്യം, പ്രോട്ടീൻ, വൃക്കകളുടെയും, കരളിന്റെയും പ്രവർത്തനം നിശ്ചയിക്കാനുള്ള പരിശോധനകൾ, പഴുപ്പിന്റെയും, രക്തത്തിന്റെയും കൾച്ചർ എന്നീ പരിശോധനകളും വേണ്ടി വന്നേക്കാം.

ചികിത്സ

ഇടയ്ക്ക് രോഗലക്ഷണങ്ങള്‍ തീവ്രമാവുകയും (Exacerbation) ഇടയ്ക്ക് നന്നായി കുറഞ്ഞു പൂർണമായും അപ്രത്യക്ഷമാവുകയും (Remission) ചെയ്യുന്നത് ഈ രോഗത്തിന്റെ പ്രധാന സവിശേഷതയാണ്. ഈ പ്രത്യേകത മുതലെടുത്താണ് പല അത്ഭുതരോഗസൗഖ്യ പ്രസ്ഥാനങ്ങളും നിലകൊള്ളുന്നത്.

പരിപൂര്‍ണ്ണമായി ചികിത്സിച്ചു മാറ്റാന്‍ കഴിയുന്ന രോഗം അല്ലെങ്കിൽ കൂടിയും സോറിയാസിസിനു ആധുനിക വൈദ്യശാസ്ത്രത്തിൽ ഫലപ്രദമായ ചികിത്സാ രീതികൾ ലഭ്യമാണ്.
ലക്ഷണങ്ങളെ ശമിപ്പിക്കുക, രോഗത്തിന്റെ തീവ്രത കുറയ്ക്കുക, രോഗശമന കാലയളവ്‌ ദീര്‍ഘകാലത്തേക്ക് നീട്ടുക എന്നിവയാണ് ചികിത്സയുടെ പ്രധാന ലക്ഷ്യങ്ങൾ.

രോഗതീവ്രത, രോഗം ബാധിച്ച ഭാഗം (ശിരോചർമ്മം, കൈകാൽ വെള്ള, സന്ധികൾ, നഖം), രോഗിയുടെ പ്രായം എന്നിങ്ങനെ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ചികിത്സ നിർണയിക്കപ്പെടുന്നത്.

ചികിത്സാ രീതികൾ

💊ലേപനങ്ങൾ

സ്റ്റിറോയ്ഡ്, കോൾ ടാർ തുടങ്ങി നിരവധി ലേപനങ്ങൾ ഫലപ്രദമാണ്. തീവ്രത കുറഞ്ഞ പരിമിതമായ ഭാഗങ്ങളെ മാത്രം ബാധിക്കുന്ന അവസ്ഥയിൽ ലേപനങ്ങൾ മാത്രം മതിയാകും.

💊ഫോട്ടോതെറാപ്പി

അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള ചികിത്സയാണിത്. സൂര്യപ്രകാശം ഉപയോഗിച്ചോ പ്രത്യേക തരം ഉപകരണങ്ങൾ ഉപയോഗിച്ചോ ഈ ചികിത്സ ചെയ്യാം. ചില സന്ദർഭങ്ങളിൽ അൾട്രാ വയലറ്റ് രശ്മികളോടുള്ള ചർമ്മത്തിന്റെ പ്രതികരണശേഷി കൂട്ടാനുതകുന്ന ലേപനങ്ങളോ ഗുളികകളോ ഇതോടൊപ്പം ഉപയോഗിക്കാറുണ്ട്.

💊മരുന്നുകൾ (ഗുളികകളും ഇഞ്ചക്ഷനും)

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ നിയന്ത്രിക്കുന്ന മരുന്നുകളാണിവ. സോറിയാറ്റിക് ആർത്രോപതി, എരിത്രോടെർമിക് സോറിയാസിസ്, പസ്റ്റുലാർ സോറിയാസിസ്, ശരീരത്തിന്റെ 10 ശതമാനത്തിൽ കൂടുതൽ ബാധിക്കുന്ന രോഗം, മറ്റു ചികിത്സകൾ ഫലപ്രദമല്ലാതെ വരുക എന്നീ അവസ്ഥകളിലാണ് ഇത്തരം ചികിത്സ വേണ്ടി വരുന്നത്. ഈ മരുന്നുകൾ കഴിക്കുന്നവരിൽ കൃത്യമായ തുടർപരിശോധനകൾ അനിവാര്യമാണ്.

💊ജീവിത ശൈലിയിലെ മാറ്റങ്ങൾ

ഒമേഗാ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണസാധനങ്ങളും സോറിയാസിസ് കുറയാൻ സഹായിക്കും. ഭക്ഷണത്തിൽ പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തണം. ചില രോഗികളിൽ ഗ്ളൂട്ടൻ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ (ഗോതമ്പ്, ബാർലി മുതലായവ) ഒഴിവാക്കുന്നത് ഫലം ചെയ്തു കാണാറുണ്ട്.
കലോറി കുറഞ്ഞ ഭക്ഷണസാധനങ്ങളും, കൃത്യമായ വ്യായാമവും സോറിയാസിസ് രോഗികളിൽകൂടുതലായി കണ്ടു വരുന്ന പൊണ്ണത്തടി, പ്രമേഹം, രക്താതിമ്മർദം,ഹൃദയാഘാതം, പക്ഷാഘാതം, കരൾവീക്കം (non -alcoholic steatohepatitis) എന്നിവയെ പ്രതിരോധിക്കും.

സോറിയാസിസ് രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

✏️ചർമ്മത്തിൽ ക്ഷതമേൽകാതിരിക്കാൻ ശ്രദ്ധിക്കുക.

✏️നിരന്തരമായ ഉരസ്സലുകൾ ഒഴിവാക്കുക. ഉദാഹരണത്തിന് ശക്തിയായി ചുരണ്ടിയോ ചൊറിഞ്ഞോ ശല്കങ്ങൾ ഇളക്കാൻ ശ്രമിക്കാതിരിക്കുക

✏️ചർമ്മം വരണ്ടു പോകാതെ സൂക്ഷിക്കുക. ഇതിനായി മോയ്സചറൈസറുകളോ എണ്ണയോ ഉപയോഗിക്കാം

✏️ടോൺസിലൈറ്റിസ് പോലെയുള്ള അണുബാധ ഉണ്ടായാൽ ഉടനടി ചികിത്സ തേടുക

✏️പുകവലി, മദ്യപാനം ഒഴിവാക്കുക

✏️മാനസ്സികസമ്മർദ്ദം നിയന്ത്രണ വിധേയമാക്കുക

✏️സൂര്യപ്രകാശം മൂലം സോറിയാസിസ് കൂടുന്നു എന്നു കണ്ടാൽ അമിതമായി വെയിൽ കൊള്ളുന്നത് ഒഴിവാക്കുക

✏️ചികിത്സ ഡോക്ടർ നിർദേശിച്ച രീതിയിൽ നിർദിഷ്ട കാലം തുടരുക.

ചുരുക്കി പറഞ്ഞാൽ, സോറിയാസിസിനെ ഭയക്കേണ്ടതില്ല. അത്ഭുതരോഗസൗഖ്യവാഗ്ദാനങ്ങളിൽ മോഹിതരാകാതെ സന്ദർഭോചിതമായ ചികിത്സയിലൂടെ സോറിയാസിസിനെ വരുതിയിലാക്കാം.

അപ്പോൾ, എല്ലാവർക്കും ഹൃദയം നിറഞ്ഞ സോറിയാസിസ് ദിനാശംസകൾ….

എഴുതിയത് കടപ്പാട് : Dr Aswini

കണ്ണൂർ ചക്കരക്കല്ലിൽ പ്ലസ്ടു വിദ്യാർഥിനികളായ കൂട്ടുകാരികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ക്ലാസ് മുറിയിൽ സഹപാഠികൾ തമ്മിലുണ്ടായ ചില നിസ്സാര കളിയാക്കലുകളെ തുടർന്നാണു ജീവനൊടുക്കിയതെന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ചില സഹപാഠികൾ കളിയാക്കിയതായി മൃതദേഹങ്ങൾക്കു സമീപത്തു നിന്നു കിട്ടിയ കത്തിൽ പരാമർശമുണ്ട്.

അവരെ ചോദ്യം ചെയ്തെങ്കിലും ഗൗരവമുള്ള സംഭവങ്ങളുണ്ടായിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കി. മരിച്ച പെൺകുട്ടികളിൽ ഒരാളുടെ സുഹൃത്തിന്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണിൽ പെൺകുട്ടിയുമായി നടത്തിയ വാട്സാപ് ചാറ്റിങ് ഉണ്ടെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലും പെൺകുട്ടികൾ എന്തെങ്കിലും തരത്തിലുള്ള ചൂഷണങ്ങൾക്കു വിധേയരായതായി കണ്ടെത്തിയിട്ടില്ല.

പെൺകുട്ടികൾ രണ്ടു പേരും ഹൈസ്കൂൾ തലം മുതൽ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും ഇരുവീടുകളിലും സ്ഥിരമായി എത്താറുണ്ട്. ശനിയാഴ്ച ഉച്ച വരെ സ്കൂളിൽ സ്പെഷൽ ക്ലാസിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ കുട്ടികൾ മുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നുവെന്നാണു ബന്ധുക്കളുടെ മൊഴി. ഏറെ നേരം കഴിഞ്ഞും പുറത്തു വരാത്തതിനെ തുടർന്നു വീട്ടുകാർ നോക്കിയപ്പോഴാണു മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്.

സ്കൂളിലും ഇരുവരെക്കുറിച്ചും നല്ല അഭിപ്രായമാണ്. എൻഎസ്എസ് വൊളന്റിയർമാരായ ഇരുവരും പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമായിരുന്നു. മാതാപിതാക്കൾക്ക് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമുണ്ടായ കുട്ടികളാണ് ഇരുവരും. വീട്ടിൽ എന്തെങ്കിലും തരത്തിലുള്ള സമ്മർദം ഇരുവർക്കും ഉണ്ടായിരുന്നില്ലെന്നാണു ബന്ധുക്കൾ പറയുന്നത്.

ചക്കരക്കല്ലിൽ വിദ്യാർഥിനികളുടെ ആത്മഹത്യയെത്തുടർന്നു വാട്സാപിൽ പ്രചരിച്ച വാർത്തകൾ വ്യാജമെന്നു പൊലീസ്. സൗഹൃദ ഗ്രൂപ്പുകളിലെ ചാറ്റുകൾ സംബന്ധിച്ച പ്രശ്നങ്ങളാണു മരണകാരണമെന്നു സമൂഹമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിച്ചിരുന്നു. എന്നാൽ അത്തരത്തിൽ ഒന്നും ഉണ്ടായിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കി.

Copyright © . All rights reserved