Kerala

തമിഴ്നാട്ടിലെ നീറ്റ് പരീക്ഷയിലെ ആള്‍മാറാട്ടത്തിന്റെ അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നു. സിബിസിഐഡി സംഘം കേരളത്തിലേക്ക് പുറപ്പെട്ടു. തേനി മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിയും പിതാവും അറസ്റ്റിലായി. എന്‍ട്രസ് പരിശീലന നടത്തിപ്പുകാരനാണ് തട്ടിപ്പിന് പിന്നിലെന്ന് മൊഴി.

പാലായില്‍ വോട്ടെണ്ണല്‍ പ്രക്രിയ തുടങ്ങി. ആദ്യം എണ്ണുന്നത് 15 പോസ്റ്റല്‍ വോട്ടും 14 സര്‍വീസ് വോട്ടുമാണ്.  പോസ്റ്റൽ വോട്ടുകളിൽ ആറും ആറും നേടി യുഡിഫ് എൽഡിഫ് ഒപ്പത്തിനൊപ്പം സ്ട്രോങ് റൂമില്‍ നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ ടേബിളുകളിലേക്ക് വോട്ടെണ്ണല്‍ 13 റൗണ്ടുകളിലാണ്. 14 ടേബിളുകള്‍ സജ്ജമാക്കിയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്.

പാലാ കാര്‍മല്‍ പബ്ലിക് സ്കൂളിലാണ് വോട്ടെണ്ണല്‍. 12 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 176 ബൂത്തുകളാണുളത്. 71.43 ശതമാനമായിരുന്നു പാലായിലെ പോളിങ് ശതമാനം. വോട്ടെണ്ണിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കേ പ്രതീക്ഷയിലാണ് മുന്നണികള്‍.

പാലാ ഉപതെര‍‍ഞ്ഞെടുപ്പിന്‍റെ ഫലമറിയാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കുമ്പോള്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണ് ഇരുമുന്നണികളും. അടിയൊഴുകുകളെ ഭയക്കുമ്പോള്‍ തന്നെ പാലായില്‍ മികച്ച വിജയം നേടാം എന്ന പ്രതീക്ഷയിലാണ് ഇടതുവലതു മുന്നണി സ്ഥാനാര്‍ഥികള്‍.

യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമും എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനും രാവിലെ പള്ളികളിലെത്തി കുര്‍ബാനകളില്‍ പങ്കു ചേര്‍ന്നു. 10,000 -15,000 ത്തിനും ഇടയില്‍ ഭൂരിപക്ഷം ലഭിക്കും എന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. 10,000 വോട്ടുകളുടെ ഭൂരിപക്ഷം ഉറപ്പാണെന്ന് മാണി സി കാപ്പനും പറയുന്നു.

ജോസ് ടോം – യുഡിഎഫ് സ്ഥാനാര്‍ഥി

പ്രചാരണത്തിനിടയ്ക്ക് നിര്‍ഭാഗ്യകരമായ ചില കാര്യങ്ങളുണ്ടായി എന്ന സ്വകാര്യദുഖം എനിക്കുണ്ട് അതു മുന്നണിയിലുമുണ്ട്. എങ്കിലും വിജയം ഉറപ്പാണ്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാംപ്. രണ്ടില ചിഹ്നത്തില്‍ മത്സരിക്കാന്‍ സാധിക്കാത്തതില്‍ ദുഖമുണ്ട് എങ്കിലും മികച്ച പ്രചാരണം കാഴ്ച വയ്ക്കാന്‍ സാധിച്ചു. മാണി സാറിനോടുള്ള സ്നേഹം പാലാക്കാര്‍ എന്നോടും കാണിക്കും.

മാണി സി കാപ്പന്‍ – ഇടതു മുന്നണി സ്ഥാനാര്‍ഥി

മുത്തോലി, കൊഴുവനാല്‍ പഞ്ചായത്തുകളില്‍ മാത്രമേ ഞങ്ങള്‍ക്ക് സംശയമുള്ളൂ ബാക്കി എല്ലാ പഞ്ചായത്തുകളിലും ഞങ്ങള്‍ ലീഡ് ചെയ്യും. പാലാ മുന്‍സിപ്പാലിറ്റിയില്‍ ഞങ്ങള്‍ നന്നായി ലീഡ‍് ചെയ്യും. 58,000 വോട്ട് കഴിഞ്ഞ തവണ എനിക്ക് കിട്ടിയിട്ടുണ്ട്. ഇതില്‍ 3000 വോട്ട് പോയാലും അതിലേറെ വോട്ടുകള്‍ വരാനുണ്ട്.

വ്യക്തിബന്ധങ്ങളിലൂടെ കിട്ടുന്ന വോട്ടുകള്‍ കൂടാതെ ബിഡിജെഎസ് വോട്ടും ഞങ്ങള്‍ക്ക് ലഭിക്കും. പിജെ ജോസഫ് വിഭാഗത്തിന്‍റെ വോട്ടും പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ക്ക് കിട്ടേണ്ട വോട്ടുകള്‍ മാറിപ്പോവാന്‍ ഒരു സാധ്യതയുമില്ല. മാണി സാറിനോട് മൂന്ന് വട്ടം യുദ്ധം ചെയ്തയാളാണ് ഞാന്‍. മാണി സാറിനോളം ശക്തനല്ല ഇപ്പോഴത്തെ സ്ഥാനാര്‍ഥി. ഇക്കാര്യം മണ്ഡലത്തിലെ യുവാക്കളെ സ്വാധീനിക്കുമെന്ന് ഞാന്‍ കരുതുന്നു.

എന്‍.ഹരി – എന്‍ഡിഎ സ്ഥാനാര്‍ഥി

പാലായില്‍ ഉറച്ച വിജയപ്രതീക്ഷയാണുള്ളത്. വോട്ടു മറിച്ചെന്ന ആരോപണം തള്ളിക്കളയുന്നു.

കേരളം എന്തുകൊണ്ട് ‘മോഡി’ഫൈഡ് ആയില്ല എന്ന ചോദ്യത്തിന് നടന്‍ ജോണ്‍ എബ്രഹാം നല്‍കിയ മറുപടി സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. അതാണ് കേരളത്തിന്റെ സൗന്ദര്യം എന്നാണ് ജോൺ പറയുന്നത്. മോഡറേറ്റര്‍ നര്‍മ്മത സക്കറിയയാണ് ഇത് സംബന്ധിച്ച് ജോണിനോട് ചോദിച്ചത് – എന്തുകൊണ്ട് കേരളം മോഡിഫൈഡ് ആകുന്നില്ല, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് അത് വ്യത്യസ്തമാകുന്നു?

ജോൺ എബ്രഹാമിൻ്റെ മറുപടി ഇങ്ങനെ: ഒരു ക്ഷേത്രവും മുസ്ലീം പള്ളിയും ക്രിസ്ത്യന്‍ പള്ളിയുമെല്ലാം അവിടെ നിങ്ങള്‍ക്ക് 10 മീറ്റര്‍ ചുറ്റളവില്‍ കാണാം. യാതൊരു പ്രശ്‌നവുമില്ലാതെ ആളുകള്‍ സമാധാനപരമായി സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്നു. ലോകം മുഴുവന്‍ വര്‍ഗീയമായി ധ്രുവീകരിക്കപ്പെടുമ്പോളും മതങ്ങളും സമുദായങ്ങളും സമാധാനപരമായി കഴിയുന്ന, എല്ലാവര്‍ക്കും മാതൃകയായ ഇടമാണത് – മുരളി കെ മേനോൻ്റെ The God Who Loved Motorbikes എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പാതി മലയാളി കൂടിയായ ബോളിവുഡ് താരം.

ഫിദല്‍ കാസ്‌ട്രോ മരിച്ച സമയത്ത് ഞാന്‍ അവിടെ പോയിരുന്നു. കാസ്‌ട്രോയുടെ മരണത്തില്‍ അനുശോചിക്കുന്ന പോസ്റ്ററുകളും ഹോര്‍ഡിംഗുകളും കാണാന്‍ കഴിയുന്ന ഒരേയൊരു സംസ്ഥാനമാണ് കേരളം. കേരളം ശരിക്കും കമ്മ്യൂണിസ്റ്റ് ആണ് – ജോൺ എബ്രഹാം അഭിപ്രായപ്പെട്ടു. എന്റെ പിതാവ് എനിക്ക് ധാരാളം മാര്‍ക്‌സിസ്‌റ്റ് കൃതികള്‍ വായിക്കാന്‍ തന്നിട്ടുണ്ട്. എല്ലാ ‘മല്ലു’വിന്റെ (മലയാളി) ഉള്ളിലും ഒരു കമ്മ്യൂണിസ്റ്റ് ഉണ്ട്. സമത്വപൂര്‍ണമായ ജീവിതത്തിലും സമ്പത്തിന്റെ തുല്യ വിതരണത്തിലും ഞങ്ങള്‍ വിശ്വസിക്കുന്നു. കേരളം തിളക്കമുള്ളൊരു മാതൃകയാണ് – ജോണ്‍ അഭിപ്രായപ്പെട്ടു.

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള മേല്‍നോട്ടത്തിന് ഒമ്പതംഗ എന്‍ജിനിയര്‍മാരുടെ സംഘത്തെ രൂപീകരിച്ചു. ഇവരുമായി ഇന്ന് സബ്കളക്ടര്‍ ചര്‍ച്ച നടത്തും. ഫ്‌ളാറ്റ് പൊളിക്കാന്‍ ടെന്‍ഡര്‍ നല്‍കിയ 15 കമ്പനികളുമായുള്ള ചര്‍ച്ചയും ഇന്നാണ്. അതിനിടെ മരടിലെ ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.

ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ജോസി ചെറിയാനാണ് അന്വേഷണ ചുമതല. മരട്, പനങ്ങാട് പോലീസ് സ്‌റ്റേഷനുകളിലാണ് ഫ്‌ളാറ്റ് ഉടമകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 406, 420 വകുപ്പുകള്‍ അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇത്. മരടിലെ നാല് ഫ്‌ളാറ്റുകളും പൊളിക്കാന്‍ ഇതുവരെ എന്ത് ചെയ്‌തെന്നും ഇനി എന്താണ് ചെയ്യാന്‍ പോകുന്നതെന്നും സര്‍ക്കാര്‍ ഇന്ന് സുപ്രിംകോടതിയെ ബോധിപ്പിക്കണം. സുപ്രിംകോടതിയുയെ വിശദവിധി നാളെ വരാനിരിക്കെ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന നടപടി സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കി.

നാല് ഫ്‌ളാറ്റുകളിലെയും ജല, വൈദ്യുതി കണക്ഷനുകള്‍ ഇന്നലെ വിച്ഛേദിച്ചിരുന്നു. പുലര്‍ച്ചെ അഞ്ച് മണിക്ക് വന്‍പോലീസ് സന്നാഹത്തിലാണ് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഫ്‌ളാറ്റുകളിലേക്കുള്ള വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിച്ചത്. പാചകവാതവ വിതരണവും ടെലിഫോണ്‍ ബന്ധവും ഇന്ന് മുതല്‍ നിര്‍ത്തലാക്കും.

കെ.എം. മാണിയുടെ പിൻഗാമിയായി ജോസ് ടോം എത്തുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ‍ ഉറച്ച വിശ്വാസം. ജോസ് ടോമിന്റെ സ്വീകരണ സമയവും സ്ഥലവും നിശ്ചയിച്ചു. രാവിലെ 10.30ന് യുഡിഎഫ് തിരഞ്ഞെടുപ്പ്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുമെന്നാണ് അറിയിപ്പ്. വോട്ടെണ്ണൽ പൂർത്തിയായ ശേഷം കെ. എം. മാണിയുടെ വീട്ടിലെത്തി പ്രണാമം അർപ്പിച്ചശേഷം നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ നഗരത്തിലേക്ക് പ്രകടനമായി എത്തും. തുടർന്നു കുരിശുപള്ളിക്കവലയിൽ സ്വീകരണം. വാദ്യമേളങ്ങളും തുറന്ന ജീപ്പും മൈക്കും പടക്കവുമെല്ലാം യു‍ഡിഎഫ് ഏർപ്പാടാക്കി.

യുഡിഎഫ് കേന്ദ്രങ്ങൾ പ്രകടിപ്പിക്കുന്നത് അമിത ആത്മവിശ്വാസമാണെന്നാണ് എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പന്റെയും നേതാക്കളുടെയും പ്രവർത്തകരുടെയും വിലയിരുത്തൽ. ‘കാപ്പൻ 3 തവണ തോറ്റതല്ലേ ഇക്കുറി ജയിക്കട്ടെ, ഒന്നര വർഷത്തെ കാര്യമല്ലേയുള്ളൂ’ തുടങ്ങിയ അഭിപ്രായങ്ങളാണ് പ്രചാരണ വേളയിൽ വോട്ടർമാർ പ്രകടിപ്പിച്ചതെന്ന് എൽഡിഎഫ് പ്രവർത്തകർ പറയുന്നു.

പാലാ എന്തു രാഷ്ട്രീയം പറയുമെന്നറിയാൻ കേരളവും. വോട്ടെണ്ണലിനും വിജയാഹ്ലാദ പ്രകടനത്തിനും കൊഴുപ്പു കൂട്ടാനുള്ള ഒരുക്കവും മുന്നണികൾ നടത്തി. വിജയ പ്രതീക്ഷയിൽ ഇരു മുന്നണികളും ഫ്ലക്സുകൾ സജ്ജമാക്കി.

വോട്ടർമാരുടെ മനസ്സിലെ ഈ വികാരം പ്രാവർത്തികമായിട്ടുണ്ടെന്നും‍ മാണി സി. കാപ്പൻ നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും ജയിക്കുമെന്നുമാണ് എൽഡിഎഫ് പ്രതീക്ഷ. യുഡിഎഫുകാരുടെ അമിത ആത്മവിശ്വാസം അനുകൂലമാകുമെന്ന് സ്ഥാനാർഥി മാണി സി. കാപ്പനും എൽഡിഎഫ് നേതാക്കളും പറയുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാൾ കൂടുതൽ വോട്ടു നേടുമെന്ന് എൻ. ഹരിയും എൻഡിഎയും പറയുന്നു. വോട്ട് മറിച്ചെന്നത് ആരോപണം മാത്രമാണ്. പരമാവധി വോട്ടുകൾ സമാഹരിക്കാൻ ശ്രമിച്ചു. വോട്ട് വിഹിതം വർധിപ്പിച്ച് വരും തിരഞ്ഞെടുകളിൽ പാലായിൽ ത്രികോണ മത്സരത്തിനുള്ള പ്രവർത്തനമാണ് ഇക്കുറി നടത്തിയതെന്നും എൻഡിഎ അവകാശപ്പെടുന്നു.

കൂട്ടിയ കണക്കു ശരിയാണോയെന്ന് അവസാന വട്ടത്തിൽ വീണ്ടും കൂട്ടി മുന്നണികൾ. പന്തയത്തുക കിട്ടുമോ പോകുമോ എന്ന ആശങ്കയിൽ പാർട്ടി പ്രവർത്തകരും നാട്ടുകാരും. യന്ത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന പാലായുടെ മനസ്സ് ഇന്നു തുറക്കുമ്പോൾ ഇതിനെല്ലാം ‘തീരുമാനമാകും’.

വിവിധ പന്തയങ്ങൾ പാലായുടെ അന്തരീക്ഷത്തിൽ പറന്നു നടക്കുന്നു. വിവിധ പാർട്ടി പ്രവർത്തകർ തമ്മിലുള്ള പന്തയങ്ങൾക്കു പുറമേ ഒരേ പാർട്ടിയിൽ തമ്മിലുള്ളവരും പന്തയത്തിലുണ്ട്. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്റെ ഭൂരിപക്ഷത്തെ സംബന്ധിച്ചാണ് ഏറ്റവും അധികം ‘ഉൾപാർട്ടി’ പന്തയങ്ങൾ. ഓരോ പഞ്ചായത്തിലും ജോസ് ടോമിനു കിട്ടുന്ന ഭൂരിപക്ഷം അടക്കം പന്തയത്തിൽ വിഷയങ്ങൾ. ജോസ് ടോം 5000 വോട്ടിന് ജയിക്കും എന്ന് പന്തയം വച്ച ഒരാൾ‍ പാലാ നഗരസഭയിൽ ജോസ് ടോമിന് 1000 വോട്ടിൽ താഴെ മാത്രമേ ഭൂരിപക്ഷം കിട്ടൂ എന്നു പറയുന്നത് അടക്കം രസകരമായ ‘ക്രോസ്’ പന്തയങ്ങളും പാലായുടെ പ്രത്യേകത. വിവിധ ആളുകളോട് ‘കൈ നഷ്ടം’ വരാതെ പന്തയം വച്ച വിരുതന്മാരുമുണ്ട്.

ജോസ് ടോം ജയിക്കുമെന്ന് പറഞ്ഞ് ഒരാളോട് 10,000 രൂപ പന്തയം. മാണി സി.കാപ്പൻ നിസ്സാര വോട്ടിന് ജയിക്കുമെന്ന് പറഞ്ഞ് മറ്റൊരാളോട് 5000 രൂപ പന്തയം, ജോസ് ടോമിന് ഭൂരിപക്ഷം അഞ്ചക്കം കടക്കുമെന്നു പറഞ്ഞ് വേറൊരാളോട് വീണ്ടും പന്തയം. ഇങ്ങനെ കറങ്ങിത്തിരിഞ്ഞ് പൈസ നഷ്ടം വരാതെ പന്തയം വച്ച് കറങ്ങി നടക്കുന്നവരും ഉണ്ട്.

സ്ഥിരം പന്തയങ്ങളായ മീശ വടിക്കൽ‍, തല മൊട്ടയടിക്കൽ എന്നിവയും ഒരു വഴിക്ക് പാലായിൽ നടക്കുന്നു. ഇന്നറിയാം എല്ലാറ്റിന്റെയും ഫലം.

വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കു നിയോഗിച്ച ഏജന്റുമാരുമായി ഇന്നലെ മുന്നണി നേതാക്കൾ ആശയവിനിമയം നടത്തി. വോട്ടെണ്ണൽ ഉദ്യോഗസ്ഥർ രാവിലെ ആറിനു പാലാ കാർമൽ പബ്ലിക് സ്കൂളിൽ എത്തും. കെ.എം. മാണിയുടെ വിടിനു വാരകൾ അകലെയാണ് വോട്ടെണ്ണൽ കേന്ദ്രം. ഏഴരയ്ക്കു സ്ട്രോങ് റൂം തുറന്നു വോട്ടിങ് യന്ത്രങ്ങൾ പുറത്തെടുക്കും.

 

 

പിണറായിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. കാട്ടിലെപ്പീടികയില്‍ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങി. മുഖം പൂര്‍ണമായും കത്തിക്കരിഞ്ഞതിനാല്‍ മൃതദേഹം ആരുടെതാണെന്ന വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

പിറവം പള്ളിയുടെ പൂട്ട് പൊളിച്ചു പൊലീസ് പള്ളിയില്‍ കടന്നു. പള്ളിയുടെ പ്രധാന ഗേറ്റിന്റെ പൂട്ടാണ് പൊലീസ് പൊളിച്ചത്. പള്ളിയില്‍ കൂട്ടമണിയടിച്ച് യാക്കോബായ സഭയുടെ പ്രതിഷേധം. അറസ്റ്റ് ചെയ്യട്ടെയെന്നും സ്വയം ഇറങ്ങില്ലെന്നും മെത്രാപ്പോലീത്തന്‍ ട്രസ്റ്റി നിലപാട് വ്യക്തമാക്കി. അറസ്റ്റ് കലക്ടര്‍ കൂടി എത്തിയശേഷമെന്നാണ് സൂചന. ശ്രേഷ്ഠ കാതോലിക്കയും മെത്രാപ്പോലീത്തമാരും ഉള്‍പ്പെടെ പള്ളിയില്‍ തുടരുകയാണ്.

വന്‍ പൊലീസ് സന്നാഹം പിറവം പള്ളി വളപ്പിലേക്ക് കടന്നു. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പള്ളിയിലുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള പൊലീസിന്റെ നടപടി. പളളിക്കുളളിലുളള ശ്രേഷ്ഠ കാതോലിക്കയും മെത്രാപ്പോലീത്തമാരും ഉള്‍പെടെയുളള യാക്കോബായ സഭ വിശ്വാസികളെ പൊലീസ് ഹൈക്കോടതി നിര്‍ദേശം അറിയിച്ചു. സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.

ഉച്ചയ്ക്ക് ഒന്നേമുക്കാലിന് നടപടിയെക്കുറിച്ച് അറിയിക്കാനും കോടതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പള്ളിയില്‍ നിന്ന് സ്വയം ഇറങ്ങിപ്പോവില്ലെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത വ്യക്തമാക്കി. സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവണമെന്നാണ് ആവശ്യപ്പെടുന്നത്. വിശ്വാസിസമൂഹത്തിന്റെ വേദന നീതിപീഠം കണ്ടില്ലെന്ന് നടിക്കരുത്.

പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പരിമിതി ബോധ്യമുണ്ട്. ആദ്യം മെത്രാപ്പോലീത്തമാരെ അറസ്റ്റ് ചെയ്യട്ടെയെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.

തുടർന്ന് നടന്ന നാടകീയരംഗങ്ങള്‍ക്കും കടുത്ത ബലപ്രയോഗത്തിനുശേഷം അറസ്റ്റ്. സമാധാനപരമായി അറസ്റ്റ് വരിക്കുമെന്ന് യാക്കോബായസഭ നേതൃത്വം വ്യക്തമാക്കി. കലക്ടറുമായുള്ള ചര്‍ച്ചയ്ക്കുശേഷം മെത്രാപ്പോലീത്തമാര്‍ സ്വയം അറസ്റ്റ് വരിച്ചു. പ്രതിഷേധത്തിന് മുന്നില്‍ നിന്ന ചിലരെ നേരത്തെ അറസ്റ്റ് ചെയ്തുനീക്കി. പള്ളിയുടെ ഗേറ്റ് വന്‍ പ്രതിഷേധത്തിനിടെ പൊലീസ് മുറിച്ചുമാറ്റി. വിശ്വാസികളെ ശാന്തരാക്കാന്‍ മെത്രാപ്പോലീത്തമാരുടെ ശ്രമം തുടരുകയാണ്. ശ്രേഷ്ഠ കാതോലിക്കയും മെത്രാപ്പോലീത്തമാരും ഉള്‍പ്പെടെ പള്ളിയില്‍. വിധി നടപ്പാക്കാന്‍ ഹൈക്കോടതി അനുവദിച്ചത് ഇന്ന് 1.45 വരെയാണ്. യാക്കോബായ സഭാ നേതൃത്വവുമായി കലക്ടര്‍ എസ്.സുഹാസ് ചര്‍ച്ച നടത്തിയിരുന്നു.

പള്ളിയില്‍ കൂട്ടമണിയടിച്ചായിരുന്നു യാക്കോബായ സഭയുടെ പ്രതിഷേധം. അറസ്റ്റ് ചെയ്യട്ടെയെന്നും സ്വയം ഇറങ്ങില്ലെന്നും മെത്രാപ്പോലീത്തന്‍ ട്രസ്റ്റി നിലപാട് വ്യക്തമാക്കിയിരുന്നു. ശ്രേഷ്ഠ കാതോലിക്കയും മെത്രാപ്പോലീത്തമാരും ഉള്‍പ്പെടെ പള്ളിയില്‍ തുടരുകയാണ്.

റെയില്‍വേ ട്രാക്കില്‍ പരിശോധനക്കിടെ ബ്രിഡ്ജസ് വിഭാഗം ജീവനക്കാരായ രണ്ടുപേര്‍ ട്രെയിനിടിച്ച് മരിച്ചു. കൊല്ലം ചന്ദനത്തോപ്പ് സ്വദേശി മധുസുതനന്‍(60), രാജസ്ഥാന്‍ സ്വദേശി ജഗ്മോഹന്‍ മീണ എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരത്തിന് സമീപം തമിഴ്നാട് അതിര്‍ത്തിയായ കുഴിത്തുറയിലാണ് അപകടം. കായലിന് മുകളിലൂടെയുള്ള ട്രാക്ക് പരിശോധിക്കുന്നതിനിടെ ട്രെയിന്‍ എത്തുന്നത് കണ്ടു മധുസൂതനന്‍ കായിലേക്ക് ചാടിയെങ്കിലും മുങ്ങി മരിക്കുകയായിരുന്നു. എന്നാല്‍ ട്രയിനിടിച്ച ജഗ്മോഹന്‍ മീണതല്‍ക്ഷണം മരിച്ചു.

റയില്‍വേയില്‍ നിന്നും വിരമിച്ച മധുസൂതനന്‍ പിന്നീട് കരാര്‍ ജീവനക്കാരനായി ചുമതലയേല്‍ക്കുകയായിരുന്നു. വിരമിച്ച ദിവസം റയില്‍വേ ബ്രിഡ്ജസ് വിഭാഗം ഓഫീസില്‍ കല്‍ക്കരി ട്രെയിന്‍ എഞ്ചിന്റെ മാതൃക നിര്‍മിച്ച് റയില്‍വേക്ക് സമ്മാനിക്കുകയും ചെയ്തിരുന്നു. മൂന്നുമാസത്തിന് മുമ്പ് മൂത്തമകന്‍ അഖില്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. വല്‍സലകുമാരിയാണ് ഭാര്യ അനന്ദുവാണ് മകന്‍.

തിരുവല്ല ബഥേല്‍പ്പടിയിലെ വൃദ്ധന്‍റെ ദുരൂഹമരണം കൊലപാതകമെന്ന് ബന്ധുക്കളും നാട്ടുകാരും. സംഭവത്തിന് പിന്നില്‍, മരിച്ചയാളുടെ സ്വന്തം മകനാണെന്നാണ് ഉയരുന്ന ആരോപണം. പിതാവിന്‍റെ മരണാനന്തര ചടങ്ങുകളില്‍പോലും സംബന്ധിക്കാത്ത മകനെതിരെ സമഗ്രാന്വേഷണം വേണമെന്നാണ് ആവശ്യം. പൊലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെടുന്ന നാട്ടുകാര്‍ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. തിരുവല്ല ബഥേല്‍പ്പടി കരിഞ്ഞാലിക്കുളത്തില്‍ വീട്ടില്‍ വിമലന്‍ സ്വയം ജീവനൊടുക്കിയെന്ന് ഇപ്പോഴും ഈ നാട്ടുകാര്‍ക്കോ വീട്ടുകാര്‍ക്കോ വിശ്വസിക്കാനാകുന്നില്ല. അതിന് കാരണങ്ങള്‍ പലതാണ് ഇവര്‍ നിരത്തുന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് അറുപത്തിയെട്ടുകാരനായ വിമലനെ സ്വന്തം വീട്ടിലെ കിണറിനുള്ളില്‍, മരിച്ചനിലയില്‍ കണ്ടെത്തിയത്. കിണറിന്‍റെ തൂണിനോ‌ട്ചേര്‍ന്ന്, സ്വന്തം ലുങ്കിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. എന്നാല്‍, സംശയങ്ങള്‍ നിരവധി ബാക്കിയാക്കുന്ന, ഒരു ദുരൂഹമരണമായി അവശേഷിക്കുകയാണിത്. സംഭവം ആത്മഹത്യയല്ലെന്നും, കൊലപാതകമാണെന്നുമാണ് ഉയരുന്ന ആരോപണം. വീട്ടില്‍നിന്ന് മാറിതാമസിക്കുന്ന മകന്‍ വിബിനാണ് പിന്നിലെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. നേരത്തെ, വിദേശത്തായിരുന്ന സമയത്ത് വിബിന്‍, സഹോദരിയുടെ കല്യാണത്തിനും, വീട്ടുചെലവിനുമായി അയച്ചുകൊടുത്ത പണം മുഴുവന്‍ തിരികെവേണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നതായി വിബിന്‍റെ അമ്മ പറഞ്ഞു. എന്നാല്‍ അത് നല്‍കാനാകാത്തതില്‍ മാതാപിതാക്കളോട് മകന്‍ വൈരാഗ്യം കാട്ടിയിരുന്നു. പ്രത്യേകിച്ച് മാതാവിനോട്. മുന്‍പ് പലതവണ മകന്‍ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും, പ്രാണഭയത്താല്‍ സംഭവദിവസം അയല്‍വീട്ടിലാണ് ഉറങ്ങിയതെന്നും അവര്‍ വ്യക്തമാക്കുന്നു. തന്നെ തേടിയെത്തിയ മകന്‍ സ്വന്തംപിതാവിനെ വകവരുത്തിയതാണെന്ന് ഈ അമ്മ ഉറച്ചുവിശ്വസിക്കുന്നു.

സമാനമാണ് മറ്റുളളവരുടേയും പ്രതികരണം. ബഥേല്‍പ്പടിയില്‍ വിമലന്‍ വര്‍ഷങ്ങളായിനടത്തുന്ന കടയിലേക്ക് തലേദിവസം വില്‍പനയ്ക്കായി സാധനങ്ങള്‍വാങ്ങി വച്ചിട്ട് അന്നുരാത്രി എങ്ങനെ ജീവനൊടുക്കും?. ആരുമില്ലെങ്കിലും മറ്റ് രണ്ട് പെണ്‍മക്കള്‍ക്ക് താനുണ്ടാകുമെന്ന് ഇടയ്ക്കിടെ പറഞ്ഞിരുന്ന വിമലന്‍ ഒറ്റരാത്രികൊണ്ട് ജീവിതം അവസാനിപ്പാക്കാന്‍ തയ്യാറാകുമോ? കിണറിന്‍റെ തൂണില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൂടിയായി ഇരുമ്പുവല ഉപയോഗിച്ചിരുന്നെങ്കിലും മൃതദേഹം കണ്ടെത്തുമ്പോള്‍ അത് മാറ്റിയിരുന്നില്ല. ഇരുമ്പുവലയില്‍ ദ്വാരമുളള ഭാഗത്തുകൂടി ഇറങ്ങി വശത്തേക്ക് മാറി, കഴുത്തില്‍ കുരുക്കിടാന്‍ അറുപത്തിയെട്ടുകാരനായ വിമലന് സാധിക്കില്ലെന്നും ബന്ധുക്കള്‍പറയുന്നു.

പിതാവ് മരിച്ച് ദിവസങ്ങള്‍പിന്നിട്ടിട്ടും വീട്ടിലെത്താന്‍ വിബിന്‍ കൂട്ടാക്കിയിട്ടില്ല. ഇതും സംശയത്തിന് കാരണമാണ്. സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെടുന്ന വീട്ടുകാര്‍ക്കൊപ്പം, ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് നാട്ടുകാരും ഒപ്പമുണ്ട്. വിമലന്‍റേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായി കാട്ടിയുളള പരാതിക്കുമേല്‍ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നും, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലിസെന്നും അവര്‍ ആരോപിക്കുന്നു. ‌

Copyright © . All rights reserved