ആലപ്പുഴ∙ വിനോദസഞ്ചാരികളായ വിദേശികൾ അടക്കമുള്ളവരുമായി പോയ ബോട്ട് സമരാനുകൂലികൾ തടഞ്ഞു. നൊബേൽ സമ്മാന ജേതാവ് ഉൾപ്പെടെയുള്ള വിദേശ സഞ്ചാരികളാണ് ബോട്ടിൽ മണിക്കൂറുകളോളം കുടുങ്ങിയത്. 2013 ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം കരസ്ഥമാക്കിയ മൈക്കേൽ ലെവിറ്റാണ് ബോട്ടിൽ കുടുങ്ങിയത്. അദ്ദേഹത്തിന്റെ ഭാര്യയും ഒപ്പമുണ്ടായിരുന്നു.

വിനോദ സഞ്ചാര മേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ അത് പാലിക്കപ്പെട്ടില്ലെന്ന് ബോട്ട് ഉടമകൾ പറയുന്നു. ആലപ്പുഴ ആർ ബ്ലോക്ക്‌ ഭാഗത്തു ഏഴോളം ഹൗസ്ബോട്ടുകൾ സമരാനുകൂലികൾ പിടിച്ചു കെട്ടി. കുമരകത്തു നിന്ന് ചൊവ്വാഴ്ച പുറപ്പെട്ട ബോട്ടുകൾ രാത്രി ആർ ബ്ലോക്കിൽ നിർത്തിയിരുന്നു. രാവിലെ അവിടെനിന്ന് യാത്ര തുടങ്ങിയപ്പോഴാണ് സമരാനുകൂലികൾ തടഞ്ഞത്. ആലപ്പുഴയിൽ പലയിടത്തും ഹൗസ്ബോട്ട് ഓടിക്കാനും സമരാനുകൂലികൾ സമ്മതിച്ചില്ലെന്ന് വിവരമുണ്ട്.

രാവിലെ ഏഴു മുതൽ ഹൗസ് ബോട്ടുകളിൽ ആളുകൾ കുടുങ്ങിയതായി മണിയറ ബോട്ട് ഓപ്പറേറ്റർ കെൻസ് പറഞ്ഞു. മൂന്നു ബോട്ടുകളിലാണ് വിദേശ ടൂറിസ്റ്റുകൾ കുടുങ്ങിയത്. മണിക്കൂറുകളോളം പിടിച്ചിട്ട ബോട്ടുകൾ ഉച്ചയ്ക്ക് 12.30 ഓടെയാണ് സമരാനുകൂലികൾ വിട്ടുനൽകിയത്.

ബാംഗ്ലൂർ പണിമുടക്ക് ദിനത്തിൽ ഉള്ള കാഴ്ച