Kerala

ചങ്ങനാശേരി ∙ മകൾ ഓടിച്ച സ്കൂട്ടറിന്റെ പിന്നിൽ യാത്ര ചെയ്ത അമ്മ കാർ ഇടിച്ചു മരിച്ചു. അപകടത്തിൽ മകൾക്കു ഗുരുതരമായി പരുക്കേറ്റു. ചങ്ങനാശേരി ബൈപാസ് റോഡിൽ മോർക്കുളങ്ങരയ്ക്കു സമീപം 15നു രാത്രി 7.30നായിരുന്നു അപകടം. ചങ്ങനാശേരി കാക്കാംതോട് മാമ്പറമ്പിൽ പരേതനായ സുരേന്ദ്രന്റെയും ഓമനയുടെയും മകളും കൊടുങ്ങൂർ ഇളമ്പള്ളി കോട്ടേപ്പറമ്പിൽ ബൈജുവിന്റെ ഭാര്യയുമായ ശോഭന (56) ആണു മരിച്ചത്.

സ്‌കൂട്ടർ ഓടിച്ചിരുന്ന മകൾ ഗീതു(27)വിനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനു ശേഷം നിർത്താതെ പോയ കാർ സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കണ്ടെത്തി.അസംപ്ഷൻ കോളജ് ഹോസ്റ്റലിനു സമീപം വാടകവീട്ടിലാണു ഗീതുവും കുടുംബവും കഴിഞ്ഞിരുന്നത്. കാലാവധി കഴിഞ്ഞതിനാൽ മറ്റൊരു വാടകവീട് അന്വേഷിക്കുന്നതിനു വേണ്ടി പോകുമ്പോഴായിരുന്നു അപകടം.

പാലത്രച്ചിറ ഭാഗത്തു നിന്നെത്തിയ കാർ സ്‌കൂട്ടർ ഇടിച്ചു തെറിപ്പിച്ചു. റോഡിലേക്കു വീണ ഇരുവരെയും സമീപവാസിയായ സതീശ് വലിയവീടന്റെ വാഹനത്തിൽ കയറ്റി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശോഭനയെ രക്ഷിക്കാനായില്ല. അസംപ്ഷൻ കോളജ് വിമല ഹോസ്റ്റലിലെ ജീവനക്കാരിയാണു ശോഭന. എസ്ബി കോളജിനു സമീപമുള്ള ബേക്കറിയിലെ ജീവനക്കാരിയാണു ഗീതു. ശോഭനയുടെ സംസ്കാരം ഇന്നു 3നു കൊടുങ്ങൂരിലെ വീട്ടുവളപ്പിൽ. മക്കൾ: ഗീതു, നീതു. മരുമക്കൾ: ജസ്റ്റിൻ, രാഹുൽ. പൊലീസ് കേസെടുത്തു.

ഭൂമി ഡേറ്റാ ബാങ്കിൽ നിന്നു മാറ്റുന്നതിനായി കാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ചങ്ങനാശേരി കൃഷി ഫീൽഡ് ഓഫിസർ വിജിലൻസ് സംഘത്തിന്റെ പിടിയിലായി. കൊല്ലം ആലുംമൂട് മണ്ഡലം ജംക്‌ഷനിൽ തിരുവോണം വീട്ടിൽ വസന്തകുമാരിയെ ആണു വിജിലൻസ് ഡിവൈഎസ്പി എൻ.രാജന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൈക്കൂലിയായി വാങ്ങിയ തുകയ്ക്കു പുറമേ കണക്കിൽപെടാത്ത 55,000 രൂപയും ഇവരുടെ പക്കൽ നിന്നു വിജിലൻസ് സംഘം പിടിച്ചെടുത്തു. 3 ഫോണുകളും 5 സിം കാർഡുകളും ഇവരുടെ ബാഗിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്.

ചങ്ങനാശേരി സ്വദേശിയുടെ ഭൂമി കൃഷിഭൂമിയായാണു രേഖകളിലുള്ളത്. ഇതു കരഭൂമിയാക്കി മാറ്റി നൽകണമെന്ന ആവശ്യവുമായി കൃഷി ഓഫിസിൽ എത്തിയപ്പോൾ ഭൂമി രേഖകളിൽ മാറ്റി നൽകുന്നതിനായി 2 ലക്ഷം രൂപ കൈക്കൂലി നൽകണമെന്നു വസന്തകുമാരി ആവശ്യപ്പെട്ടുവെന്നാണു പരാതി. എന്നാൽ, പണം നൽകാൻ സ്ഥലം ഉടമ വിസമ്മതിച്ചതോടെ 50,000 രൂപ തന്നാൽ മതിയെന്നായി. അതു തന്നെ രണ്ടു ഗഡുക്കളായി നൽകിയാൽ മതിയെന്നും പറഞ്ഞുവത്രേ. തുടർന്നാണു സ്ഥലം ഉടമ പരാതിയുമായി വിജിലൻസ് ഉദ്യോഗസ്ഥരെ സമീപിച്ചത്.

വിജിലൻസ് സംഘം നൽകിയ ഫിനോഫ്തലിൻ പൗഡർ ഇട്ട നോട്ടുകളുമായി ഇന്നലെ എത്തിയ സ്ഥലം ഉടമയുടെ ബന്ധു ഫോണിൽ ബന്ധപ്പെട്ടപ്പോള്‍, ‘ഓഫിസിലേക്കു വരേണ്ട, മറ്റു ജീവനക്കാർ കാണും’ എന്നു വസന്തകുമാരി പറഞ്ഞു. ഒന്നാം നിലയിലെ ഓഫിസിൽ നിന്നു താഴത്തെ നിലയിലേക്കുള്ള പടികൾ ഇറങ്ങിവന്ന് വസന്തകുമാരി 25,000 രൂപ കൈപ്പറ്റുകയായിരുന്നു. ഉടൻ തന്നെ സമീപത്തു കാത്തുനിന്ന വിജിലൻസ് ഉദ്യോഗസ്ഥർ വസന്തകുമാരിയെ പിടികൂടി. തുടർന്ന് കൃഷി ഓഫിസിൽ നടത്തിയ പരിശോധനയിൽ ഫയലുകളിൽ വ്യാപകമായ കൃത്രിമം കണ്ടെത്തി.

നേരത്തേ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വസന്തകുമാരിക്കെതിരെ വകുപ്പുതല നടപടിക്കു വിജിലൻസ് ശുപാർശ നിലനിൽക്കെയാണു കൈക്കൂലിക്കേസിൽ പിടിയിലായത്. ടാക്സ് ഓഫിസർ സി.ബിജുകുമാർ, ഇക്കണോമിക്സ് റിസർച് ഓഫിസർ അഭിലാഷ് കെ.ദിവാകർ, വിജിലൻസ് ഡിവൈഎസ്പി മനോജ് കുമാർ, വിജിലൻസ് സിഐമാരായ വി.നിഷാദ് മോൻ, റിജോ പി.ജോസഫ്, എസ്.ബിനോജ്, എസ്ഐമാരായ കെ.സന്തോഷ്, വിൻസന്റ് കെ.മാത്യു, ഉദ്യോഗസ്ഥരായ തോമസ് ജോസഫ്, അനിൽ കുമാർ, അജിത് ശങ്കർ, പ്രദീപ്, കെ.ഒ.വിനോദ്, സന്തോഷ് കുമാർ, തുളസീധരക്കുറുപ്പ്, ജിജുമോൻ, കെ.എൻ.സാജൻ, ലേഖാകുമാരി, കെ.കെ.ഷീന, സി.എസ്.തോമസ്, ബിജു, ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ ഇന്നു കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

വസന്തകുമാരി സഹായത്തിനായി ചെത്തിപ്പുഴയിലുള്ള ഒരു സ്ത്രീയെ കൃഷി ഓഫിസില്‍ നിയമിച്ചിരുന്നു. ഇവര്‍ക്കുള്ള ശമ്പളം സ്വന്തം നിലയ്ക്കാണു നല്‍കിയിരുന്നത്. വിജിലന്‍സ് സംഘം എത്തുമ്പോള്‍ ഇവരും ഓഫിസില്‍ ഉണ്ടായിരുന്നു. ഈ സ്ത്രീയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൃഷി ഓഫിസിലെ ഫയലുകള്‍ കണ്ടെത്തി.

അനധികൃതമായി കണ്ടെത്തിയ പണം മകന്റെ കോളജ് ഫീസടയ്ക്കുന്നതിനു വേണ്ടിയാണ് ഓഫിസിൽ സൂക്ഷിച്ചിരുന്നതെന്നാണു വസന്തകുമാരി നല്‍കിയ വിശദീകരണം. ചില ഫയലുകൾ ഷെൽഫിൽ നിന്നു മാറ്റി പ്രത്യേകം സൂക്ഷിച്ചിരുന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

മാസങ്ങൾക്കു മുൻപു നഗരസഭാ കൗൺസിൽ യോഗത്തിൽ പതിവായി ഹാജരാകാതിരുന്നതിനെക്കുറിച്ചു വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ വസന്തകുമാരി കൗണ്‍സില്‍ ഹാളില്‍ നിന്ന് ഇറങ്ങിപ്പോയതു വാര്‍ത്തയായിരുന്നു. നേരത്തേയും രേഖകള്‍ ശരിയാക്കുന്നതിനു വസന്തകുമാരി പണം ആവശ്യപ്പെട്ടെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ശബ്ദസന്ദേശവും പ്രചരിച്ചിരുന്നു.

ബേക്കറി നടത്തുന്ന ആളാണെന്നാണു സ്ഥലം ഉടമ വസന്തകുമാരിയോടു പറഞ്ഞിരുന്നത്. ഇതോടെ കൈക്കൂലിയുടെ ആദ്യഗഡു കൈമാറാന്‍ വരുമ്പോള്‍ പണത്തിനൊപ്പം 2 പാക്കറ്റ് റസ്ക് കൂടി കൊണ്ടുവരണമെന്നു വസന്തകുമാരി സ്ഥലം ഉടമയോട് ആവശ്യപ്പെട്ടു. സ്ഥലം ഉടമയുടെ ബന്ധു പണത്തിനു പുറമേ റസ്കുമായാണ് എത്തിയത്.

കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായ ഒരു സ്ത്രീയുടെ മൃതദേഹം കൂടി ലഭിച്ചു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. 20 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. തിരച്ചിലിനായി ഇന്ന് ജിപിആർ സംവിധാനം എത്തിക്കും. ദുരിതത്തിൽ അകപ്പെട്ടവരെ ശാശ്വതമായി സർക്കാർ പുനരധിവാസിപ്പിക്കുമെന്ന് മന്ത്രി എ. കെ. ബാലൻ കാവളപ്പാറയിൽ പറഞ്ഞു.

ജിപിആർ സംവിധാനം എത്തുന്നതോടെ തിരച്ചിലിന്റെ വേഗം കൂടുമെന്നാണ് പ്രതീക്ഷ. ഹൈദരാബാദിൽ നിന്ന് പ്രത്യേക വിമാനത്തിൽ കരിപ്പൂരിൽ എത്തുന്ന റഡാർ സംവിധാനം റോഡ് മാർഗം കവളപ്പാറയിൽ എത്തിക്കും. 6 ശാസ്ത്രജ്ഞരും ഒപ്പമുണ്ടാകും.

മണ്ണുമാന്തി യാന്ത്രം ഉപയോഗിച്ചുള്ള തിരച്ചിൽ കൂടുതൽ ദുഷ്ക്കരമാവുകയാണ്. ഈ ഘട്ടത്തിലാണ് റഡാർ സംവിധാനം എത്തുന്നത്. സംസ്ഥാന സർക്കാർ മതിയെന്ന് പറയുന്നത് വരെ ദേശീയ ദുരന്ത നിവാരണ സേന തിരച്ചിൽ തുടരുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരനും ഉറപ്പ് നൽകി. ഭൂചലന മേഖലയിൽ ഫലപ്രദമായി ഉപയോഗിച്ച് വിജയിച്ചിട്ടുള്ള ജിപിആർ എന്ന റഡാർ സംവിധാനം ഉരുൾപൊട്ടൽ മേഖലയിൽ ഫലപ്രദമാകുമോ എന്നാണ് ഇനി അറിയേണ്ടത്

കവളപ്പാറയിൽ ഉണ്ടായ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവർ അതിവേ​ഗം മരിക്കാനാണ് സാധ്യതയെന്ന് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ . മഞ്ചേരി മെഡിക്കല്‍ കോളേജിലെ നാല് ഡോക്ടര്‍മാരാണു മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത്. ഇപ്പോഴും മൃതദേഹങ്ങള്‍ കണ്ടെത്തുന്നുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ സഞ്ജയ്, ഡോക്ടര്‍ അജേഷ്, ഡോക്ടര്‍ പാര്‍ഥസാരഥി, ഡോ. ലെജിത്ത് എന്നിവരാണു സംഘത്തിലുള്ളത്. ടൗണിലെ മസ്ജിദുല്‍ മുജാഹിദ്ദീന്‍ പള്ളിയിലെ പ്രാര്‍ഥനാമുറിയിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുന്നത്.

ഭാരമുള്ള എന്തോ ഒന്നു ദേഹത്തു വന്നടിഞ്ഞ രീതിയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ശ്വസിക്കാന്‍ പറ്റാതെ, മണ്ണിനടിയില്‍ പെട്ട് 15 സെക്കന്റുകള്‍ കൊണ്ട് അവര്‍ മരിച്ചിട്ടുണ്ടാകും.മിക്കവരുടെയും വായില്‍ മണ്ണും ചെളിയും കാണപ്പെട്ടിരുന്നു. പലതും ജീര്‍ണിച്ചിരുന്നു. ചിലതില്‍ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. ഒരുപാട് വേദന സഹിച്ചായിരിക്കില്ല അവര്‍ മരിച്ചത്. അതു മാത്രമാണ് ആശ്വാസം.’- ഡോക്ടര്‍മാരിലൊരാള്‍ പറഞ്ഞു. ഇതുവരെ മുപ്പതോളം പേരുടെ മൃതദേഹങ്ങളാണ് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. അബോധാവസ്ഥയിലാകും പലരുടെയും മരണമെന്നും പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പറയുന്നു.

പല മൃതദേഹങ്ങളും ജീര്‍ണിച്ചതിനാലും എണ്ണം കൂടുതലായതിനാലും രാത്രി വൈകിയും പോസ്റ്റ്മോര്‍ട്ടം നീണ്ടുപോകുന്നുണ്ടെന്ന് അവര്‍ പറയുന്നു. അവര്‍ ഏറ്റവുമധികം നന്ദി പറയുന്നത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ സ്ഥലം വിട്ടുതന്ന പള്ളിക്കമ്മിറ്റിക്കാര്‍ക്കാണ്.നാട്ടുകാരും വോളണ്ടിയേഴ്സും പൊലീസുമെല്ലാം എല്ലാക്കാര്യങ്ങള്‍ക്കും സഹകരിക്കുന്നുണ്ടെന്ന് അവര്‍ പറയുന്നു.

ഇന്ന് ജിപിആർ സംവിധാനം ഉപയോഗിച്ച് തെരച്ചിൽ നടത്തും.
ചതുപ്പ് പ്രദേശങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. ഏഴുപേർക്കായി തെരച്ചിൽ തുടരുന്ന പുത്തുമലയിലും റഡാർ എത്തിക്കാനാണ് ശ്രമം.

ഹൈദരാബാദിൽ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഉച്ചയോടെ കവളപ്പാറയിലെത്തും. ഇതുവരെ 38 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനി 21 പേരെ കൂടി കണ്ടെത്താനുണ്ട്. മന്ത്രി എ കെ ബാലൻ ഇന്ന് കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദർശിക്കും. പത്തിലേറെ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് തെരച്ചിൽ. മഴ മാറി നിൽക്കുന്നതും തെരച്ചിൽ വേഗത്തിലാക്കിയിട്ടുണ്ട്.

ഏഴു മാസം ഗർഭിണിയായ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ടു ഭർത്താവിനെയും ഇയാളുടെ കൂടെ ജോലി ചെയ്തിരുന്ന വീട്ടമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. എരിമയൂർ മരുതക്കോട് ബിജു (28), എരിമയൂർ മാരാക്കാവ് പുത്തൻവീട്ടിൽ മനോശാന്തി (40) എന്നിവരെയാണ് ആലത്തൂർ ഡിവൈഎസ്പി കെ.എം.ദേവസ്യ, സിഐ ബോബിൻ മാത്യു, എസ്ഐ എം.ആർ അരുൺകുമാർ എന്നിവർ തിരുപ്പൂരിൽവച്ച് അറസ്റ്റ് ചെയ്തത്.

മേയ് 29നു പുലർച്ചെയാണു ബിജുവിന്റെ ഭാര്യ പനയൂർ അത്തിക്കോട് ചന്ദ്രന്റെ മകൾ ഐശ്വര്യ (20) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. കെട്ടിട നിർമാണത്തൊഴിലാളിയായ ഭർത്താവ് ബിജുവും കൂടെ പണിചെയ്തിരുന്ന മനോശാന്തിയും തമ്മിലുള്ള അടുപ്പമാണ് ഐശ്വര്യ മരിക്കാൻ കാരണമായതെന്നു ബന്ധുക്കൾ പൊലീസിൽ മൊഴി നൽകിയിരുന്നു. 28നു ബിജുവും മനോശാന്തിയും നാടുവിട്ടതാണ്. ഇരുവരെയും കാണ്മാനില്ലെന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഒരു വർഷം മുൻപാണു ബിജുവും ഐശ്വര്യയും വിവാഹിതരായത്. പതിനായിരം രൂപയും 8 പവന്റെ സ്വർണവും സ്ത്രീധനമായി നൽകിയിരുന്നു. ഇതു പോരെന്നു പറഞ്ഞു നിരന്തരമായി ഐശ്വര്യയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

സ്ത്രീധന പീഡനം, ഭാര്യാ പീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളിലാണു ബിജുവിനെതിരെ കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായ മനോശാന്തിയും ഐശ്വര്യയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിട്ടുണ്ടത്ര. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് ഇവർക്കെതിരെ കേസ്. രണ്ടു പേരെയും ആലത്തൂർ കോടതി റിമാൻഡ് ചെയ്തു.

ബിജോ തോമസ് അടവിച്ചിറ

ഇന്ന് ചിങ്ങം ഒന്ന്.പൊന്നിന്‍ ചിങ്ങമെന്ന് എക്കാലവും പറയാറുള്ള നമുക്ക് രണ്ട് കൊല്ലമായി ഓണക്കാലം മഹാദുരന്തത്തിന്റെ പ്രളയകാലമാണ് എന്നാലും തിരുവോണം പൊന്നോണം തന്നെയാകുമെന്ന പ്രതീക്ഷയിലാണ് ഒരോ മലയാളിയും .

മലയാള വര്‍ഷാരംഭം കൂടിയാണ് ചിങ്ങം ഒന്ന് കര്‍ഷകദിനം കൂടിയാണ്. പ്രളയക്കെടുതി ബാക്കിവെച്ച ഓര്‍മകളിലാണ് ഇത്തവണ ചിങ്ങം പുലരുന്നത്. പ്രളയദുരിതത്തിന് ഇനിയും അറുതിയായില്ലെങ്കിലും കര്‍ക്കിടകത്തിന്റെ വറുതിയില്‍ നിന്ന് ചിങ്ങത്തിന്റെ പുലരിയിലേക്കെത്തുമ്പോള്‍ പ്രതീക്ഷയിലാണ് കര്‍ഷകര്‍. . മണ്ണില്‍ അധ്വാനിച്ചതെല്ലാം പ്രളയം കവര്‍ന്നെടുത്ത കര്‍ഷകന്റെ നെഞ്ചിലെ വിങ്ങലാണ് ഈ ചിങ്ങപ്പുലരി.

പൊന്നിന്‍ ചിങ്ങമാസത്തിലേക്കുള്ള കാല്‍വെപ്പ്. പഞ്ഞമാസക്കാലത്തെ ദുരിതപ്പെയ്തിലും വിളവിനെ കാത്ത് പരിപാലിച്ച് ചിങ്ങത്തില്‍ വിളവെടുക്കാന്‍ ഒരുങ്ങുന്ന കാലം.വിളഞ്ഞ് നില്‍ക്കുന്ന നെല്‍ക്കതിരുകള്‍ കണ്ണിന് കാഴ്ചയാകുന്ന ആ ചിങ്ങത്തിലേക്കല്ല ഇത്തവണ മലയാളി മിഴി തുറക്കുന്നത്. പേമാരി പെയ്തിറങ്ങി പുഴയും വയലും ഒന്നിച്ച് കര്‍ഷകന്റെ കണ്ണീരായി ഒഴുകുന്ന ഒരു കാലത്തിലൂടെ ഒഴുക്കികൊണ്ട് പോയത് നിരവധി മലയാളികളുടെ പ്രതീക്ഷകളാണ്.  ജീവൻ മുറുകെ പിടിക്കാൻ നെട്ടോടമോടുന്നവർ ചിങ്ങമാസ ഓർമ്മയിലുപരി സ്വപ്നങ്ങളും പ്രതീക്ഷകളും തകർന്ന ചിന്തകൾ അവരിൽ വേട്ടയാടുന്നുണ്ടാവാം. മൂടികെട്ടിയ ആകാശത്തെ ഭീതിയോടെയാണ് പലരും നോക്കുന്നത്. ചെറുതുള്ളി പോലും ഭയപ്പെടുത്തുന്നവയാണ്.

പിന്തിരിഞ്ഞു നോക്കുന്ന നേരം കൊണ്ട് സര്‍വ്വസ്വവും മണ്ണിലൊലിച്ച് പോയതിന്റെ പകപ്പിലാണ് നമ്മളില്‍ പലരും.വീടില്ല, മണ്ണില്ല, നട്ടുനനച്ചതൊന്നുമില്ല.മുറ്റത്ത് പൂക്കളങ്ങള്‍ തീര്‍ക്കുന്ന ഓണക്കാലവുമിങ്ങെത്തി. എന്നാലും മലയാളി എന്നും ശുഭാപ്തിവിശ്വാസിയാണ്. ഒരുമയുടെ കരുത്തിന്‍ ഈ ചിങ്ങത്തെ വരവേല്‍ക്കാന്‍ ഒരുക്കുകയാണ്. കൂട്ടായ്മയിലൂടെ കയ്മെയ് മറന്ന സഹവര്‍ത്തിത്വത്തിലൂടെ ചിങ്ങപ്പുലരിയേയും പൊന്നണിഞ്ഞ ഒരു ഒാണക്കാലത്തേയും വരവേല്‍ക്കാം. മുറ്റംമെഴുകാം പൂവിടാം തുമ്പിതുളളലും വഞ്ചിപ്പാട്ടും വള്ളംകളിയും പുലിക്കളകളിയും.കൈകൊട്ടിക്കളിയും നമ്മുടെ ദൂരിതകാലത്തെ വേദനകളെ ഇല്ലാതാക്കട്ടെ.

 പ്രളയത്തെ ഒന്നായി നേരിട്ട ആ മനസ്സുമായി പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാം.

ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും വൻ ദുരിതത്തിലും പരസ്പരം സഹായിക്കുന്ന നമ്മുടെ മനസിനെ ഓർത്തുകൊണ്ട് പ്രതീക്ഷയുടെ പൊന്നിൻ ചിങ്ങ ആശംസകൾ നേരുന്നു…

മലയാളം യുകെ…

മന്ത്രി മെഴ്‌സിക്കുട്ടിയമ്മ ഗതാഗതക്കുരുക്കില്‍പ്പെട്ടതിന് 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കൊല്ലം ശൂരനാട് സ്റ്റേഷനിലെ പോലീസുകാര്‍ക്കാണ് സസ്‌പെന്‍ഷന്‍. സീനിയര്‍ സിപിഒ ഹരിലാല്‍, സിപിഒ രാജേഷ്, റൂറല്‍ പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചിലെ എഎസ്ഐ നുക്യുദീന്‍ എന്നിവരെ ഗുരുതര സുരക്ഷാ വീഴ്ച ആരോപിച്ചാണ് എസ്പി സസ്പെന്‍ഡ് ചെയ്തത്. വാഹനം കടന്നുപോകുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിട്ടും വേണ്ട സൗകര്യം ഒരുക്കിയില്ലെന്ന് കണ്ടെത്തിയാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.

മന്ത്രി  കുരുക്കില്‍പ്പെട്ടത് സ്വാതന്ത്ര്യദിനച്ചടങ്ങിനുശേഷം മടങ്ങുമ്പോഴായിരുന്നു. മന്ത്രിയുടെ വരവ് മുന്‍കൂട്ടി അറിയിച്ചില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

മലയാളി വൈദികനെ അമേരിക്കയിൽ മരിച്ച നിലയിൽ കണ്ടെത്തി .   തൃശൂർ സ്വദേശി ഫാ . റാഫി കുറ്റുക്കാരനാണ് (57 )മരിച്ചത് . കുർബാന അർപ്പിക്കാൻ എത്താതിരുന്നതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . മലയാളി വൈദികരുടെയും സംഘടനകളുടെയും സഹായത്തോടെ ഉടൻ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വീട്ടുകാർ അറിയിച്ചു.ഇoഫാൽ രൂപതാoഗമായ ഫാ .റാഫി കുറ്റുക്കാരൻ കാൻസാസ് സർവകലാശാലയിലെ ചാപ്ലിനുമായിരുന്നു .

നിലമ്പൂര്‍; തന്റെ പ്രണയിനി ക്യാന്‍സര്‍ ബാധിതയാണെന്നറിഞ്ഞിട്ടും ജീവിതത്തിലേക്ക് കൈപിടിച്ചു നടന്ന ചെറുപ്പക്കാരന്‍ സച്ചിന്‍ കുമാറിനെ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. സച്ചിന്റെയും ഭവ്യയുടെയും വിവാഹം അന്ന് സോഷ്യല്‍ മീഡിയ അടക്കം കയ്യടികളോടെയാണ ആഘോഷിച്ചത്. ഇന്ന് ഈ പ്രളയകാലത്തും നിലമ്പൂര്‍ സ്വദേശിയായ സച്ചിന്‍ ദുരന്ത ഭൂമിയില്‍ നിന്നുകൊണ്ട് വീണ്ടും മാതൃകയാകുകയാണ്. തന്റെ എന്‍ഫീല്‍ഡ് ബൈക്ക് വിറ്റുകിട്ടുന്ന കാശ് മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ ഈ ചെറുപ്പക്കാരന്‍.

യാത്രകളെ സ്നേഹിക്കുന്ന ഭാര്യ ഭവ്യക്കും സച്ചിനും ബന്ധുക്കള്‍ സ്നേഹസമ്മാനമായി നല്‍കിയതാണ് എന്‍ഫീല്‍ഡ് ബുള്ളറ്റ്. ബുളളറ്റ് വിറ്റ് കിട്ടുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് സച്ചിന്‍ അറിയിച്ചു. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയും തന്റെ നാട് പഴയതുപോലെയാകാനും ബുള്ളറ്റ് വില്‍ക്കുകയാണെന്ന് സച്ചിന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.

സച്ചിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഈ അടുത്താണ് എനിക്ക് എന്റെ കുടുംബത്തില്‍ പെട്ട കുറച്ചു ആളുകള്‍ യാത്രകളെ സ്നേഹിക്കുന്ന ഭവ്യക്ക്, ഭവ്യയുടെ യാത്ര സുരക്ഷിതമാക്കാന്‍ ബുള്ളറ്റ് 350 ബൈക്ക് എനിക്ക് സമ്മാനിച്ചത്.. ഇപ്പോള്‍ ഞങ്ങളെ നാടും നഗരവും എല്ലാം തകര്‍ന്നടിഞ്ഞു,, ഒരുപാട് ജീവനുകള്‍ നഷ്ട്ടപ്പെട്ടു, ഒരുപാട് ആളുകളെ ഇനിയും മണ്ണിനടിയില്‍ നിന്നും കിട്ടാനുമുണ്ട്.. എന്റെ നാട് പഴയതുപോലെയാവാന്‍ ഈ ബൈക്ക് കൊടുത്തുകിട്ടുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കാന്‍ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു..
നമ്മള്‍ അതിജീവിക്കും…

അതോടൊപ്പം തന്നെ വായിച്ചെടുക്കാം ശരണ്യയുടെ സംഭവനയും…..

ട്യുമര്‍ ബാധയെ തുടര്‍ന്ന് ഏഴാമതും ശസ്ത്രക്രിയ കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ് ശരണ്യ. തന്റെ ചികിത്സയ്ക്കായി സ്വരൂക്കൂട്ടിവെച്ച തുകയില്‍ നിന്ന് പതിനായിരം രൂപയാണ് ഈ താരം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. തന്റെ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച തുകയില്‍ നിന്നും ഒരു പങ്കാണ് താരം ദുരിതമനുഭവിക്കുന്നവര്‍ക്കായി തിരിച്ചുനല്‍കിയത് .

സ്വാതന്ത്ര്യ ദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു പങ്കു നല്‍കാനായതില്‍ തനിക്ക് സന്തോഷമുണ്ടെന്നും തനിക്ക് ലഭിച്ച തുകയില്‍ നിന്നും ഒരു പങ്ക് തിരിച്ചുനല്‍കുകയാണെന്നും ശരണ്യ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ജൂണിലാണ് ട്യൂമര്‍ ബാധയെ തുടര്‍ന്ന് ശരണ്യയ്ക്ക് ഏഴാമതും ശസ്ത്രക്രിയ വേണ്ടി വന്നത്. സാമ്ബത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ശരണ്യയെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച്‌ സീരിയല്‍ താരം സീമ.ജി.നായര്‍ രംഗത്തുവന്നതും വാര്‍ത്തയായിരുന്നു.

ആറ് വര്‍ഷം മുന്‍പാണ് ശരണ്യയ്ക്ക് ട്യൂമര്‍ബാധ സ്ഥിരീകരിക്കുന്നത്… തുടര്‍ന്ന് രോഗം ഭേദമായെന്ന് കരുതിയെങ്കിലും ഓരോ വര്‍ഷവും ട്യൂമര്‍ മൂര്‍ധന്യാവസ്ഥയില്‍ തന്നെ തിരികെ വരികയും ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും ചെയ്യേണ്ട അവസ്ഥയായിരുന്നു. ഏഴ് മാസം മുന്‍പാണ് ശരണ്യയ്ക്ക് ആറാമത്തെ ശസ്ത്രക്രിയ നടക്കുന്നത്.

കേരളത്തില്‍നിന്ന് കാണാതായ ജര്‍മ്മന്‍ യുവതി ലിസ വെയ്സിന്‍റെ സുഹൃത്തിനെ ചോദ്യം ചെയ്യുന്നതിനായി കേരള പൊലീസ് സ്വീഡനിലേക്ക്. ലിസയുടെ ബന്ധുക്കളിൽ നിന്ന് വീഡിയോ കോൺഫറൻസിംഗ് വഴി കൂടുതൽ വിവര ശേഖരിക്കാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ജർമ്മൻ കോൺസുലേറ്റിന് കത്തയച്ചിരുന്നെങ്കിലും മറുപടി കിട്ടിയിട്ടില്ല. അലി മുഹമ്മദിൽ നിന്ന് കാര്യങ്ങൾ അറിയാനായി ചോദ്യാവലി തയ്യാറാക്കി ഇന്‍റപോളിന് കൈമാറിയിരുന്നു. ഇന്‍റപോളിൽ നിന്നും മറുപടി കിട്ടിയില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം സ്വീഡനിലേക്ക് പോകുന്നത്.

മാർച്ച് ഏഴിനാണ് സുഹൃത്തായ അലി മുഹമ്മദിനൊപ്പം ലിസ വെയ്സ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. കേരളത്തിലെത്തി ഒരാഴ്ചയ്ക്കകം അലി മുഹമ്മദ് മടങ്ങി. എന്നാൽ ലിസയെ കുറിച്ച് പിന്നീട് ഒരു വിവരവും ഇല്ല. ലിസയെ കാണാനില്ലെന്ന അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണത്തിൽ ലിസയെ കുറിച്ച് ഒരു തുമ്പും ഇതുവരെയും കിട്ടിയിട്ടില്ല. വർക്കലയിലെ ഒരു ഹോട്ടലിൽ ലിസ മൂന്ന് ദിവസം തങ്ങിയതായി കണ്ടെത്തിയിരുന്നു.

എന്നാൽ കേരളത്തിൽ ലിസ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ സംബന്ധിച്ച വിവരങ്ങളൊന്നും ശേഖരിക്കാനായില്ല. ഇസ്ലാംമതം സ്വീകരിച്ച ശേഷം ലിസ ജർമ്മനിയിൽ നിന്നും സ്വീഡനിലേക്ക് താമസം മാറിയിരുന്നു. യുകെ പൗരനായ അലിമുഹമ്മദും സ്വീഡനിലാണ്. അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ഷീൻ തറയിലിനെയും ശംഖുമുംഖം എഎസ്പി ഇളങ്കോയെയും സ്വീഡനിലേക്ക് അയക്കാൻ ഡിജിപി സർക്കാരിനോട് അനുമതി തേടി. ലിസ രാജ്യത്തെ ഏതെങ്കിലും വിമാനത്താവളം വഴി മടങ്ങിയതായി രേഖകളില്ല. ആത്മീയ, മതപഠന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷിച്ച് നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

RECENT POSTS
Copyright © . All rights reserved