കട്ടപ്പന: ഓട്ടോറിക്ഷ കത്തി ഡ്രൈവര്‍ മരിച്ചു. കട്ടപ്പന എ.കെ.ജി പടിയില്‍ ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. വെള്ളയാംകുടി ഞാലിപറമ്പില്‍ ഫ്രാന്‍സിസ് (റെജി-50) ആണ് മരിച്ചത്. എ.കെ.ജി പടിക്ക് സമീപത്തെ വളവില്‍ റോഡിനു വശത്തേക്ക് ചരിഞ്ഞ ഓട്ടൊറിക്ഷ കത്തുകയായിരുന്നു. സംഭവം കണ്ട് ഒടിയെത്തിയ നാട്ടുകാര്‍ ഫ്രാന്‍സിസിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായി ഓട്ടോറിക്ഷയ്ക്ക് തീപിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കട്ടപ്പന പോലീസ് മേല്‍നടപടി സ്വീകരിച്ചു.
പ്രളയമേഖലകളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തിന് സഹായവുമായി നടൻ ജയസൂര്യയും രംഗത്തെത്തി. ലിനുവിന്റെ അമ്മയെ വിളിച്ച് സംസാരിച്ച ജയസൂര്യ ബാങ്ക് അക്കൗണ്ടിലേക്ക് അഞ്ചുലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കി. ലിനു ചെയ്തത് മഹത്തായ പ്രവൃത്തിയാണെന്നും ഇതൊരു മകന്‍ നല്‍കുന്നതായി മാത്രം കണ്ടാല്‍ മതിയെന്നും ജയസൂര്യ ലിനുവിന്റെ അമ്മയോട് പറഞ്ഞു. ലിനുവിന്റെ അമ്മ പുഷ്പലതയെ ഫോണില്‍ വിളിച്ച് നടൻ മമ്മൂട്ടിയും ഈ കുടുംബത്തിന്റെ തീരാ ദുഃഖത്തില്‍ പങ്കുച്ചേര്‍ന്നിരുന്നു.
ലിനുവിന്റെ കുടുംബത്തിന് നടന്‍ മോഹന്‍ലാല്‍ ചെയര്‍മാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ വീട് നിര്‍മിച്ച് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. അടിയന്തര സഹായമായി ഒരു ലക്ഷം രൂപ ലിനുവിന്റെ അമ്മയ്ക്ക് നല്‍കി. ലിനുവിന്റെ കടം വീട്ടാനുള്ള സഹായവും വിശ്വശാന്തി ഫൗണ്ടേഷന്‍ നല്‍കുമെന്നും മേജർ രവി വ്യക്തമാക്കി.
അച്ഛനും അമ്മയ്ക്കുമൊപ്പം ക്യാംപിലേക്കു വന്നതാണ് കുണ്ടായിത്തോട് എരഞ്ഞിരക്കാട്ടു പാലത്തിനു സമീപം പൊന്നത്ത് ലിനു (34). വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താനാണ് ക്യാംപിൽ നിന്നു രാവിലെ പോയത്. ഒരു രാത്രി വെളുത്തപ്പോൾ തിരികെയെത്തിച്ചത് ലിനുവിന്റെ ചേതനയറ്റ ശരീരം.
ചാലിയാർ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്ത് രക്ഷാപ്രവർത്തനത്തിനാണ് യുവാക്കൾ രണ്ടു സംഘമായി 2 തോണികളിൽ പോയത്. ഇരുസംഘവും ലിനു അടുത്ത തോണിയിലുണ്ടാവുമെന്നു കരുതി. തിരികെ വന്നപ്പോഴാണ് യുവാവിനെ കാണാനില്ലെന്നറിഞ്ഞത്. ബന്ധുവീടുകളിൽ അന്വേഷിച്ചു. തുടർന്ന്, അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. അമ്മയും സഹോദരങ്ങളും കഴിയുന്ന ക്യംപിൽ ലിനുവിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു.
കവളപ്പാറയിൽ ഇന്നത്തെ തിരച്ചിലിൽ 7 മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ആകെ 30 മൃതദേഹങ്ങൾ ലഭിച്ചു. മഴ തുടങ്ങിയതോടെ ഉരുൾപൊട്ടൽ ഭീഷണിയെത്തുടര്‍ന്ന് തിരച്ചിൽ അൽപസമയം നിർത്തി വയ്ക്കേണ്ടി വന്നു.
കുന്നിൻചെരുവിൽ മൂന്നു മൃതദേഹങ്ങൾ ചൊവ്വാഴ്ച കണ്ടെത്തിയ സ്ഥലത്തു നിന്നാണ് ഇന്ന് 7 മൃതദേഹങ്ങൾ കൂടി കണ്ടത്. റെഡ് അലർട്ടിനൊപ്പം മഴ ശക്തമായ സാഹചര്യത്തിൽ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് അൽപസമയം തിരച്ചിൽ നിർത്തിവച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. 8 വയസുകാരി വിഷ്ണുപ്രിയ, ഭവ്യ, സ്വാതി, ചക്കി എന്നിവരുടേതും മൂന്നു പുരുഷമൃതദേഹങ്ങളുമാണ് ഇന്നു കണ്ടെത്തിയത്.
കവളപ്പാറയിൽ ആകെ 59 പേരെ കാണാതായെന്നാണ് ഔദ്യോഗിക കണക്ക്. 29 പേരെ കൂടി കണ്ടെത്താനുണ്ട്. തിരച്ചിലിൽ സജീവമായുണ്ടായിരുന്ന സൈന്യം ജോലികൾ നിർത്തിവച്ച് മറ്റു സ്ഥലങ്ങളിലേക്ക് സേവനത്തിന് പോയത് കവളപ്പാറയിലെ തിരച്ചിലിനെ അൽപം ബാധിച്ചിട്ടുണ്ട്.
പ്രളയക്കെടുതിയിൽ കേരളം കരകയറാനുള്ള ശ്രമത്തിലാണ്. ദുരിതബാധിതരെ സഹായിക്കാൻ പ്രവാസികളടക്കം സജീവമായി രംഗത്തുണ്ട്. കാലവർഷക്കെടുതി ദുരന്തം വിതച്ച കേരളത്തിനു കൈത്താങ്ങായി ഒട്ടേറെ സുമനസ്സുകളും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നൽകുമെന്നു ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലി അറിയിച്ചു. ഒരു കോടി രൂപ നൽകുമെന്ന് കല്യാൺ ജ്വല്ലറി ഗ്രൂപ്പ് അറിയിച്ചു. വീടു നഷ്ടപ്പെട്ടവർക്കു വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്നു കല്യാൺ വീടുവച്ച് കൊടുക്കുമെന്നും ചെയർമാൻ ടി.എസ്.കല്യാണരാമൻ പറഞ്ഞു.
കാരുണ്യക്കരങ്ങള്‍ പലതും നീളുകയാണ് കേരളത്തിലേക്ക്. സഹോദരി അതിക്രൂരമായി കൊല്ലപ്പെട്ട നാട്ടിലേക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് ഇലിസ് സര്‍ക്കോണ എന്ന യുവതി. കേരളത്തില്‍ വെച്ച് ക്രൂര ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട ലാത്വിയൻ യുവതിയുടെ സഹോദരിയാണ് ഇലിസ്. ഇപ്പോള്‍ അയർലണ്ടിലുള്ള ഇലിസ് തന്റെ വരുമാനത്തിന്റെ ഒരു ഭാഗമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
ഈ ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്ന മലയാളികളോട് ഇലിസ് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഈ ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് ഉണ്ടാകട്ടെയെന്നും വേഗം അതിജീവക്കട്ടെയെന്നും ആശംസിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ ഇലിസിന്റെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. ”ഇലിസ് സർക്കോണ എന്ന പേര് മലയാളികൾക്ക് അധികം പരിചയം കാണില്ല. കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട, നമ്മുടെ എല്ലാം നൊമ്പരമായി മാറിയ ലാത്വിയൻ യുവതിയുടെ സഹോദരിയാണ് ഇലിസ്. നമ്മൾ ഒരുവിഷമഘട്ടത്തിലൂടെ നീങ്ങുമ്പോൾ കേരളത്തിന് പിന്തുണ അറിയിച്ചുള്ള ഇലിസയുടെ സന്ദേശം എത്തിയിരിക്കുന്നു. അയർലണ്ടിൽ നിന്നും തന്റെ വരുമാനത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയ ശേഷമാണ് ഇലിസ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സന്ദേശം അയച്ചത്.
ഈ വിഷമമേറിയ അവസ്ഥയിൽ കേരളീയർക്കൊപ്പമെന്നാണ് ഇലിസയുടെ സന്ദേശം. ഇപ്പോഴത്തെ ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന ആശംസയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുകയും ഇലിസ പങ്കുവെക്കുന്നു.
സമാനതകൾ ഇല്ലാത്തതാണ് ഈ അനുഭവം. ഈ ദുരന്തകാലത്ത് നമുക്കൊപ്പം നിൽക്കാൻ തോന്നുന്ന ഇലിസയുടെ മനസ് വലുതാണ്. ഇലിസയുടെ സന്ദേശം മലയാളികൾക്കാകെ ആത്മവിശ്വാസം നൽകും. ആ നല്ല മനസിന് സംസ്ഥാനത്തിന്റെ ആദരവ്”, മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
മോസ്കോ: റഷ്യയിൽ കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ 53 ഇടങ്ങളിൽ കാട്ടുതീ പടർന്നു. ഏരിയൽ ഫോറസ്റ്റ് പ്രൊട്ടക്ഷൻ സർവീസാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 53 ഇടങ്ങളിലായി 61,211 ഹെക്ടർ സ്ഥലമാണ് അഗ്നിക്കിരയായത്. ഇക്കഴിഞ്ഞ ജൂലൈ മുതൽ സൈബീരിയ അടക്കമുള്ള റഷ്യൻ പ്രദേശങ്ങളിൽ വൻതോതിൽ കാട്ടുതീ പടരുന്നുണ്ട്. ഇതേത്തുടർന്ന് ഏഴിടങ്ങളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സമീപകാലത്ത് രാജ്യത്തൊട്ടാകെ 6.7 മില്യൺ ഏക്കർ സ്ഥലമാണ് തീ വിഴുങ്ങിയത്. റഷ്യൻ പ്രതിരോധമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വ്യോമമാർഗം ഉൾപ്പെടെ നിരവധി മാർഗങ്ങളിലൂടെ തീയണയ്ക്കാൻ ശ്രമം നടന്നെങ്കിലും വലിയ തോതിൽ ഫലം കണ്ടിരുന്നില്ല.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവത്താൽ ഇന്നും നാളെയും കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്നു വടക്കൻ കേരളത്തിലും നാളെ തെക്കൻ കേരളത്തിലുമാണു കനത്ത മഴയ്ക്കു സാധ്യത. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതിതീവ്രമഴയ്ക്കു സാധ്യതയുണ്ട്.
20 സെന്റിമീറ്ററിൽ കൂടുതലുള്ള അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും എറണാകുളം ജില്ലയിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയും കനത്ത മഴ. ഇതേത്തുടർന്ന്, പാലാ- ഈരാറ്റുപേട്ട റോഡിൽ വീണ്ടും വെള്ളം കയറി ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കഴിഞ്ഞ ദിവസം ഇവിടെ വെള്ളം കയറി ഗതാഗതം പൂർണമായി തടസപ്പെട്ടിരുന്നു. എന്നാൽ മഴയ്ക്ക് നേരിയ ശമനമായതോടെ വെള്ളമിറങ്ങുകയും ചെയ്തിരുന്നു. മീനിച്ചിലാറ്റിൽ നേരിയതോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ജില്ലയുടെ കിഴക്കൻ മേഖലകളിലും രാത്രി ശക്തമായ മഴയാണ് പെയ്തത്. എസി റോഡിലെ ഗതാഗതം ഇന്നും തടസപ്പെടും. ഇവിടെയും വെള്ളമിറങ്ങിയിട്ടില്ല.
പ്രളയത്തിൽ നിന്ന് കരകയറും മുൻപ് മലയോര ജനതയെ ഭീതിയിലാഴ്ത്തി സോയിൽ പൈപ്പിംഗ് പ്രതിഭാസവും. കൊടിയത്തൂർ വില്ലേജിന്റെയും കുമാരനല്ലൂർ വില്ലേജിന്റെയും അതിർത്തി പ്രദേശമായ തോട്ടക്കാട് പൈക്കാടൻമലയിലാണ് ഈ പ്രതിഭാസം കണ്ടെത്തിയത്. തോട്ടുമുക്കം സ്വദേശി ബാലകൃഷ്ണൻ പാട്ടത്തിനെടുത്ത സ്ഥലത്താണ് ഇന്നലെ സംഭവം ശ്രദ്ധയിൽ പെട്ടത്. മണ്ണിനടിയിൽ നിന്ന് മണലും ചീടിമണ്ണും ഉൾപ്പെടെ പൊങ്ങിവരുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ പരിശോധിക്കുകയായിരുന്നു. സംഭവത്തിന്റെ അപകടാവസ്ഥ മനസിലാക്കിയ ബാലകൃഷ്ണൻ ഉടൻ തന്നെ ഇവിടെ നിന്ന് രക്ഷപ്പെട്ടു.
വലിയ തോതിൽ മലയിടിച്ചിലിന് സാധ്യത ഉള്ളതാണ് സോയിൽ പൈപ്പിംഗ് എന്ന് സോയിൽ ഫോർ എർത്ത് സ്റ്റഡീസിലെ മുൻ ഉദ്യോഗസ്ഥൻ ശ്രീകുമാർ പറഞ്ഞു. ജനങ്ങൾ പരിഭ്രാന്തരാവേണ്ട അവസ്ഥയില്ലെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതൽ പഠനം നടത്തിയെങ്കിൽ മാത്രമേ വ്യക്തമായ കാരണം മനസിലാക്കാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ധനസഹായം പ്രവഹിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പേരില്‍ തട്ടിപ്പിനു ശ്രമം. യുപിഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) വഴിയാണു തട്ടിപ്പിനു ശ്രമം നടന്നത്. keralacmdrf@sbi എന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ഔദ്യോഗിക ഐഡി. അതിനു പകരം kerelacmdrf@sbi എന്ന ഐഡി നിർമിച്ചാണ് തട്ടിപ്പ്.
ഒരു അക്ഷരത്തില്‍ വ്യത്യാസം വരുത്തിയാണ് വലിയ തട്ടിപ്പിന് അരങ്ങൊരുക്കിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്കു പകരം ഒരു പ്രത്യേക ഐഡി (യുപിഐ) ഉപയോഗിച്ച് പണമിടപാട് നടത്താൻ ഇപ്പോൾ സൗകര്യമുണ്ട്. ഭീം ആപ്, ഗൂഗിൾ പേ, ഫോൺ പേയ് തുടങ്ങിയവയിൽ യുപിഐ സംവിധാനമുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 28 ആയി. ഒരാളെ അറസ്റ്റു ചെയ്തു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അന്വേഷണവും നിയമനടപടികളും ഊജിതപ്പെടുത്തിയതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.
തൃശൂര്‍ സിറ്റിയിൽ മൂന്ന്, തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ രണ്ടു വീതവും കൊല്ലം സിറ്റി, കൊല്ലം റൂറല്‍, ഇടുക്കി, എറണാകുളം സിറ്റി, എറണാകുളം റൂറല്‍, തൃശൂര്‍ റൂറല്‍, പാലക്കാട്, കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍, കണ്ണൂര്‍, കാസർകോട് എന്നിവിടങ്ങളില്‍ ഒന്നു വീതവും കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്.
ഇലക്ട്രോണിക് പെയ്മെന്റ് സംവിധാനങ്ങളിലൂടെ ദുരിതാശ്വാസ നിധിയിലേക്ക് ചൊവ്വാഴ്ച വൈകിട്ട് 8 വരെ എത്തിയത് 1.61 കോടി. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 18 മുതല്‍ ഇലക്ട്രോണിക് പെയ്മെന്റ് സംവിധാനങ്ങളിലൂടെ നിധിയിലേക്ക് എത്തിയത് 205.51 കോടി. നിധിയിലേക്ക് ആകെ ലഭിച്ച തുക 4359.68 കോടിരൂപ. സര്‍ക്കാര്‍ ജീവനക്കാര്‍ സാലറി ചാലഞ്ചിലൂടെ സമാഹരിച്ചതും ഇതര സംസ്ഥാന സര്‍ക്കാരുകളും ജനങ്ങളും സംഭാവന നല്‍കിയതുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
വീടു വയ്ക്കാനും ചികില്‍സയ്ക്കും ആശ്വാസധനമായും നിധിയില്‍നിന്ന് ഇതുവരെ നല്‍കിയത് 2008 കോടി രൂപയാണ്. സാധാരണ രീതിയില്‍ ശരാശരി 25 മുതല്‍ 35 ലക്ഷംവരെയാണ് ദുരിതാശ്വാസനിധിയിലേക്ക് ഒരു ദിവസം ലഭിക്കാറുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന പ്രചാരണം കഴിഞ്ഞ ദിവസങ്ങളിലുണ്ടായതോടെയാണു ജനം ‘ഡൊണേഷൻ ചാലഞ്ച്’ ഏറ്റെടുത്തത്.
ആർഭാട ജീവിതം നയിച്ചത് ജീവയുടെ പണം ഉപയോഗിച്ചെന്നു പൊലീസ്. കൈവശം ഉണ്ടായിരുന്ന പണം തീർന്നപ്പോൾ ഇവർക്കിടയിൽ ഉണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പൊലീസ് നിഗമനം.ജീവയുടെ പേരിൽ 10 ലക്ഷം രൂപ ബാങ്കിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ 80 പവന്റെ സ്വർണാഭരണങ്ങളും കൈവശം ഉണ്ടായിരുന്നു എന്നാണ് മകളുടെ മരണവിവരം അറിഞ്ഞെത്തിയ മാതാപിതാക്കൾ പൊലീസിനു നൽകിയ വിവരം. ഇതു മുഴുവൻ ചെലവാക്കി എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
ജീവ ധരിച്ചിരുന്ന ആഭരണങ്ങൾ മുക്കുപണ്ടമാണെന്നു കണ്ടെത്തിയിരുന്നു. നേരത്തെ 6.5 ലക്ഷം രൂപ മാതാപിതാക്കൾ മകളുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചു. ഇതിന് പുറമേ ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ചപ്പോൾ 3.5 ലക്ഷം രൂപ കൂടി ലഭിച്ചു. ഈ തുകയും ബാങ്കിൽ നിക്ഷേപിച്ചു.ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശേഷം മറ്റൊരു വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചെങ്കിലും ജീവ തയാറായില്ല. വീട്ടുകാർ ഒരു സ്ഥാപനത്തിൽ ജോലി ശരിയാക്കിയെങ്കിലും ജോലിക്ക് പോകാനും കൂട്ടാക്കിയില്ല.
ഇതിന്റെ പേരിൽ വീട്ടുകാരുമായി പിണങ്ങി ഒരു ഹോസ്റ്റലിലേക്ക് താമസം മാറ്റി. ഈ സമയത്താണ് പ്രമോദുമായി അടുക്കുന്നത്. ഫോണിലാണ് ആദ്യം പരിചയപ്പെട്ടത്. അതോടെ വീട്ടുകാരുമായി എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു. ഒരുവർഷമായി മകളുടെ ഒരു കാര്യങ്ങളും അറിയില്ല എന്നും മാതാപിതാക്കൾ പറഞ്ഞു.പ്രമോദിന് വഴിവിട്ട ബന്ധങ്ങളും വീസ തട്ടിപ്പ് സംബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ കേസുകളും ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആദ്യ ഭാര്യയുമായി ബന്ധം വേർപെടുത്തിയ പ്രമോദിന് ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ട്. മാർത്താണ്ഡത്തുള്ള ഒരു സ്ത്രീയുടെ കൂടെയായിരുന്ന താമസം. ഈ ബന്ധത്തിലും ഒരു കുട്ടിയുണ്ട്. ഈ ബന്ധവും ഉപേക്ഷിച്ച ശേഷമാണ് ജീവയുമായി അടുക്കുന്നത്.
വിദേശത്ത് ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നതായും കൈവശം 5 കോടി രൂപ ഉണ്ടെന്നും, ആ തുക ഉപയോഗിച്ച് കൃഷി ഭൂമി വാങ്ങാം എന്നുമായിരുന്നു പ്രമോദ് ജീവയെ വിശ്വസിപ്പിച്ചിരുന്നതെന്നാണ് സൂചന. ഇക്കാര്യം മറ്റുപലരോടും പ്രമോദ് പറഞ്ഞിരുന്നു. മേയിൽ കുമളിയിൽ ലോഡ്ജിൽ താമസം തുടങ്ങിയ ഇവർ സ്ഥലം ഇടപാടുകാരെ ബന്ധപ്പെട്ട് ഇടുക്കി, തേനി ജില്ലകളിൽ ഒട്ടേറെ സ്ഥലങ്ങൾ കണ്ടെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ജീവയുടെ പുതുപ്പെട്ടിയിലുള്ള ബന്ധുക്കളെ സ്വാധീനിച്ച് കുടുംബ വിഹിതം വാങ്ങാനും പ്രമോദ് ശ്രമം നടത്തിയിരുന്നു. എന്നാൽ മകളുടെ ബന്ധത്തിൽ എതിർപ്പുണ്ടായിരുന്ന ജീവയുടെ മാതാപിതാക്കളിൽ നിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ല.
തേക്കടിയിൽ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ 3 പേരിൽ തമിഴ്നാട് സ്വദേശി ജീവയുടേത് കൊലപാതകമാണെന്നും മറ്റു 2 പേരും തൂങ്ങി മരിച്ചതാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ആദ്യ സൂചന. തിരുവനന്തപുരം പെരുങ്ങഴ ആഴൂർ ദ്വാരകയിൽ പ്രകാശന്റെ ഭാര്യ ശോഭന( 60), മകൻ കരിക്കാട്ടുവിള പ്രമോദ് (40), ഭാര്യ തമിഴ്നാട് ചെന്നൈ കാഞ്ചിപുരം സ്വദേശി ജീവ (39) എന്നിവരെയാണ് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടത്. മേയ് മുതൽ മൂവരും ലോഡ്ജിൽ താമസിക്കുകയായിരുന്നു.
ജീവയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്തു എന്നാണ് സൂചനകൾ. മരണം നടന്ന സമയം സംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കൂ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ജീവയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. ശേഭനയുടെയും മകന്റെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
ഓസ്ട്രേലിയയിലെ സിഡ്നിയില്‍ പട്ടാപ്പകല്‍ ആയുധവുമായി പരിഭ്രാന്തി പരത്തുകയും ഒരു സ്ത്രീയെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്ത യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി. ഇയാളുടെ കുത്തേറ്റ മറ്റൊരു സ്ത്രീ ഗുരുതരാവസ്ഥയിലാണ്. ആയുധവുമായി നിരത്തിലൂടെ നടന്ന അക്രമി മുന്നില്‍ കണ്ട പലരെയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാവിലെയാണ് കൊലപാതക പ്രവണതയുമായി യുവാവ് കിങ് സ്ട്രീറ്റ് നഗരത്തിലെത്തിയത്. തുടര്‍ന്നാണ് അക്രമ പരമ്പര തന്നെ നടന്നത്. നിരവധിപേരെ യുവാവ് ആക്രമിച്ചതകായാണ് വിവരം. അതിവേഗത്തില്‍ അക്രമം നടത്തി മറയുന്ന യുവാവ് നഗരത്തിലാകെ ഭീതി പരത്തി. വിവരമറിഞ്ഞെ്തിയ പൊലീസ് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഉച്ചയ്ക്ക് രണ്ടുമണിയോടെ യോക്ക് സ്ട്രീറ്റിലൂടെ ആയുധമേന്തി ഒരു യുവാവ് നടന്നുപോകുന്നുവെന്ന വിവരം ലഭിച്ചെത്തിയ പൊലീസ് അവിടെവച്ച് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
സമീപത്തെ ഹോട്ടലില്‍നിന്ന് കുത്തേറ്റ നിലയില്‍ കണ്ടെത്തിയ യുവതിയെ പൊലീസ് ആശുപത്രിയിലെത്തിച്ചു. എന്താണ് ആക്രമണത്തിന് കാരണം എന്നത് വ്യക്തമായിട്ടില്ല. ഇയാള്‍ക്ക് ഭീകരബന്ധം ഉള്ളതായാണ് സൂചന. ഇയാളെ ചോദ്യംചെയ്താലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവൂ. നഗരത്തില്‍ ഇപ്പോഴും പൊലീസ് പട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും ജനങ്ങള്‍ക്ക് സുരക്ഷാഭീഷണിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.