Kerala

ഒരു മാസം മുന്‍പ് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പലില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ മോചനത്തിന് നടപടിയില്ല. കപ്പലില്‍ കഴിയുന്ന ജീവനക്കാര്‍ ഇറാന്‍ സൈനികരില്‍ നിന്ന് കടുത്ത മാനസിക പീഡനമാണ് നേരിടുന്നത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.

ജുലൈ 19നാണ് ബ്രിട്ടിഷ് എണ്ണകപ്പലായ സ്റ്റെനോ എംപറോ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുത്തത്. ഹോര്‍മൂസ് കടലിടുക്കിലെ ബന്തര്‍ അബ്ബാസ് തുറമുഖത്ത് സേനയുടെ കസ്റ്റഡിയിലാണ് നിലവില്‍ ഈ കപ്പല്‍. മലയാളികളടക്കം 23 ജീവനക്കാരാണ് കപ്പലിലുള്ളത്. ആദ്യമൊക്കെ നല്ല രീതിയില്‍ പെരുമാറുന്നു എന്ന് തോന്നിയിരുന്നെങ്കിലും പിന്നീടങ്ങോട്ട് ഇറാന്‍ സൈന്യത്തിന്റെ പെരുമാറ്റം മോശമായിതുടങ്ങി.

ജീവനക്കാരുടെ കൈയ്യില്ലുള്ള ലാപ്പ്ടോപ്പും മൊബൈല്‍ഫോണും അടക്കം എല്ലാം പിടിച്ചെടുത്തു. ഓരോ ദിവസവും കപ്പലില്‍ കാവലിനായി മാറിമാറിവരുന്ന സേനാംഗങ്ങള്‍ അവര്‍ക്ക് തോന്നിയ രീതിയിലാണ് പെരുമാറുന്നത് കുടുങ്ങികിടക്കുന്നവര്‍ക്ക് വീട്ടിലേക്ക് ദിവസവും ഒരു തവണ വീട്ടിലേക്ക് വിളിക്കാന്‍ അവസരം ഉണ്ട് അങ്ങനെ വിളിച്ചപ്പോഴാണ് മലയാളിയായ സിജു വിറ്റല്‍ ഷേണായ് അച്ഛനോട് കപ്പലിലെ പീഡനങ്ങള്‍ തുറന്നുപറഞ്ഞത്.

ജീവനക്കാര്‍ ഒരു കുഴപ്പവുമില്ലാതെ സന്തോഷത്തോടെ ഇരിക്കുന്നു എന്ന് കാണിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. ഇത് തോക്ക് ചൂണ്ടി ചിത്രീകരിച്ചതാണെന്നും സിജു വീട്ടുകാരോട് പറഞ്ഞു.എത്രയും പെട്ടന്ന് കപ്പലിലെ ജീവനക്കാരെ ഇറാന്റെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കാന്‍ വേണ്ടത് ചെയ്യണം എന്ന് സര്‍ക്കാരിനോട് അപേക്ഷിക്കുകയാണ് ഇവര്‍.

കൊല്ലം: കൊല്ലത്ത് സുനാമിയുണ്ടാകുമെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചാരണം. കൊല്ലം ജില്ലയില്‍ സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഓഖിക്ക് സമാനമായ കാറ്റ് വീശുമെന്നും കടല്‍ കയറുമെന്നാണ് പ്രചരിപ്പിക്കുന്നത്. വാട്സ് ആപ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍മീഡിയകളിലൂടെ സര്‍ക്കാര്‍ അറിയിപ്പായാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്.

പബ്ലിക് റിലേഷന്‍ വകുപ്പും ഫിഷറീസ് വകുപ്പും അറിയിപ്പ് നല്‍കിയെന്ന തരത്തിലാണ് ശബ്ദ സന്ദേശം പ്രചരിക്കുന്നത്. വ്യാജ സന്ദേശങ്ങള്‍ പരത്തി പരിഭ്രാന്തി സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കൊല്ലം കലക്ടര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

നിലമ്പൂർ∙ കവളപ്പാറയില്‍ എത്രമാത്രം അപ്രതീക്ഷിതമായാണ് മരണം തേടിയെത്തിയതെന്ന് വ്യക്തമാക്കുന്ന കാഴ്ചകളാണ് ഓരോ മൃതദേഹവും പുറത്തെടുക്കുമ്പോള്‍ കാണാനാകുന്നത്. വീടിന് മുന്നിലെ ബൈക്കില്‍ മഴക്കോട്ടിട്ട് ഇരിക്കുന്ന തരത്തിലായിരുന്നു പ്രിയദര്‍ശന്‍ എന്ന യുവാവിന്റെ മൃതദേഹം കണ്ടത്. അമ്മയെ കണ്ടിട്ട് വരാമെന്ന് പറഞ്ഞ് ബൈക്കില്‍ വീട്ടുമുറ്റത്തേക്ക് കയറിയപ്പോഴാണ് ഉരുള്‍പൊട്ടി വന്നതെന്ന് ദൃക്സാക്ഷിയായ സുഹൃത്ത് ഓര്‍ത്തെടുക്കുന്നു.

മൃതദേഹങ്ങളുണ്ടാകാൻ സാധ്യതയുള്ള മൂന്ന് സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവിടെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ തിരച്ചിൽ നടത്തുന്നത്. ഇടിഞ്ഞു വീണ മുത്തപ്പൻ മലയുടെ താഴ്‌വാരത്തെ ഷെഡ്ഡിൽ എട്ട് പേരുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് വ്യാപക തിരച്ചിൽ നടക്കുന്നുണ്ട്.

കേള്‍ക്കുമ്പോള്‍ തന്നെ ഞെട്ടലുണ്ടാക്കുന്ന സംഭവമാണ് കവളപ്പാറയില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളില്‍പ്പെട്ടവരെ പാര്‍പ്പിച്ചിരിക്കുന്ന ഭൂദാനത്തെ ദുരിതാശ്വാസ ക്യാംപ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെവിന്‍ വധക്കേസില്‍ നാളെ വിധി. കെവിന്‍റെ ഭാര്യ നീനുവിന്‍റെ സഹോദരന്‍ സാനു ചാക്കോ, അച്ഛന്‍ ചാക്കോ ജോണ്‍ എന്നിവരടക്കം പതിനാല് പ്രതികളാണ് കേസിലുള്ളത്. കോട്ടയം സെഷന്‍സ് കോടതിയില്‍ മൂന്നു മാസം കൊണ്ടാണ് കേസിന്‍റെ വിചാരണ പൂര്‍ത്തിയാക്കിയത്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. നീനുവും കെവിനും പിന്‍മാറില്ലെന്ന് ഉറപ്പായതോടെയാണ് തട്ടിക്കൊണ്ട് പോയി െകവിനെ കൊലപ്പെടുത്തിയത്.

‌തെന്മല ഒറ്റക്കൽ സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറയിൽ കെവിൻ പി. ജോസഫിനെ (23) നീനുവിന്റെ സഹോദരൻ സാനുവിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണു കേസ്.

താഴ്ന്ന ജാതിയിൽപെട്ടതെന്ന് നീനുവിന്റെ ബന്ധുക്കൾ കരുതുന്ന കെവിനെ നീനു വിവാഹം കഴിച്ചതിലുള്ള പ്രതികാരമായാണു കൊലപാതകമെന്നും ഇതു ദുരഭിമാനക്കൊലയാണെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. 2018 മേയ് 27നു കോട്ടയത്തു നിന്നു തട്ടിക്കൊണ്ടു പോയ കെവിന്റെ മൃതദേഹം പിറ്റേന്നു രാവിലെ കൊല്ലം ചാലിയക്കര പുഴയിൽ കണ്ടെത്തുകയായിരുന്നു.നീനുവിന്റെ സഹോദരൻ സാനു ചാക്കോ, പിതാവ് ചാക്കോ ജോൺ എന്നിവർ ഉൾപ്പെടെ 14 പ്രതികളുണ്ട്.

വടക്കന്‍ജില്ലകളില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും മധ്യകേരളത്തിലും തെക്കന്‍ജില്ലകളിലും മഴ തുടരുന്നു. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലവിലുണ്ട്. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. നാളെ മലപ്പുറത്തും കോഴിക്കോടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കെടുതികളില്‍ മരണമടഞ്ഞവരുടെ എണ്ണം 93 ആയി

തീവ്രമഴ വടക്കന്‍ജില്ലകളില്‍ നിന്ന് ഇന്ന് പകലും ഒഴിഞ്ഞു നിന്നു. കാസര്‍കോടുമുതല്‍ തൃശ്ശൂര്‍വെരയുള്ള ജില്ലകളില്‍ 10 സെന്‍റി മീറ്ററില്‍താഴെ മഴയെ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയിട്ടുള്ളൂ. പക്ഷെ അതിനിടയിലും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഒഡീഷ തീരത്തുകൂടി കരയിലേക്ക് കടന്ന ന്യൂന മര്‍ദ്ദം തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും മഴകൊണ്ടുവന്നു. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ അതി തീവ്രമഴക്ക് സാധ്യത ഉയര്‍ന്നതോടെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഒാറഞ്ച് അലേര്‍ട്ടും നിലവിലുണ്ട്. നാളെ മലപ്പുറം കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒാറഞ്ച് അലേര്‍ട്ടുമുണ്ട്.

മഴ അല്‍പ്പം മാറിയതോടെ ദുരിതാശ്വാസക്യാമ്പുകളില്‍ നിന്ന് ആളുകള്‍വീടുകളിലേക്ക് മടങ്ങി തുടങ്ങി . ഇപ്പോള്‍ 1243 ക്യാമ്പുകളിലായി 2,24,000 പേരാണുള്ളത്. 1057 വീടുകള്‍ പൂര്‍ണമായും 11,142 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ശനിയാഴ്ചയോടെ മഴയുടെ തീവ്രത കുറയുമെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാലാവസ്ഥ കൂടുതല്‍മെച്ചപ്പെടുമെന്നാണ് കാല്വസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.

എട്ട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി. കോഴിക്കോട്, എറണാകുളം, തൃശൂര്‍, വയനാട്, മലപ്പുറം,കണ്ണൂര്‍, കോട്ടയം,ആലപ്പുഴ ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ക്ക് അവധിയില്ല.
എറണാകുളം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നു ജില്ലാ കലക്ടർ അറിയിച്ചു.

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. കോഴിക്കോട് ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും.

വയനാട് ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. മോഡല്‍ റസി‍ഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമല്ല. സര്‍വകലാശാലാ പരീക്ഷകള്‍ക്കു മാറ്റമില്ല.

കൊച്ചി: പ്രശസ്ത ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇടപ്പിള്ളി കുന്നുംപുറം ശ്രീലകത്ത് വീട്ടില്‍ വച്ച് സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം 7 .30 -ന് നടക്കും.

എറണാകുളം ചേരാനല്ലൂർ സ്വദേശിയാണ് ശ്രീലത . 1998 ജനുവരി 23 -നാണ് ബിജുവും ശ്രീലതയും വിവാഹിതരായത് . സിദ്ധാര്‍ത്ഥ് , സൂര്യ എന്നിവർ മക്കളാണ്. മഹാരാജാസ് കോളജില്‍ ബിജു നാരായണന്റെ സഹപാഠിയായിരുന്ന ശ്രീലത.

കൊച്ചി: എട്ട് ജില്ലകളിലെ പ്രൊഫഷണൽ കോളജ് ഉൾപ്പടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, എറണാകുളം, വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് അവധി. ഈ ജില്ലകളിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതും സ്കൂളുകളിൽ ഭൂരിഭാഗവും ദുരിതാശ്വാസ ക്യാന്പുകളായി പ്രവർത്തിക്കുന്നതുമാണ് അവധി നൽകാൻ കാരണം. കേന്ദ്രീയ വിദ്യാലയങ്ങൾ ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമായിരിക്കും.  ആരോഗ്യവിദ്യാഭ്യാസ കാര്യാലയം ചൊവ്വാ, ബുധൻ ദിവസങ്ങളിൽ നടത്താനിരുന്ന പാരാമെഡിക്കൽ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ മതത്തിന്റെ അതിരുകളെ മുക്കിക്കളഞ്ഞ കാഴ്ചയാണ് ശ്രീകണ്ഠാപുരത്ത്. വെള്ളത്തിനടിയിലായ ദേവീ ക്ഷേത്രം പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ക്ഷേത്ര കമ്മിറ്റിക്കാരും കൈകോർത്തപ്പോൾ തീരാ നഷ്ടങ്ങൾക്കിടയിലും നന്മയുള്ള കാഴ്ചകളായി അത് മാറി.

നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീകണ്ഠാപുരം പഴയങ്ങാടി അമ്മകോട്ടം മഹാദേവീ ക്ഷേത്രത്തിൽ ആദ്യമായാണ് വെള്ളം കയറുന്നത്. ശ്രീകോവിലടക്കം മുങ്ങി. വെള്ളം ഇറങ്ങിയപ്പോൾ ക്ഷേത്ര നവീകരണം വെല്ലുവിളിയായി. ചളിവന്നടിഞ്ഞ ക്ഷേത്രവും പരിസരവും വൃത്തിയാക്കാൻ ജാതിമത വ്യത്യാസമില്ലാതെ മനുഷ്യർ ഒന്നിച്ചു. നടന്‍ ആസിഫ് അലി ഉൾപ്പെടെയുള്ളവർ ഇതുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു.

ഇന്നത്തെ പെരുന്നാൾ നമസ്കാരത്തിന് മുൻപ് പുലർച്ചെ അഞ്ച് മണിക്കുള്ള ദീപാരാധനയും പൂജയും നടക്കണമെന്ന് ഈ മനുഷ്യര്‍ ഉറച്ചു. മുസ്‌ലിം ലീഗിന്റെ സന്നദ്ധസംഘടനയായ വൈറ്റ് ഗാർഡ് ടീ‌മാണ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്. ക്ഷേത്രം വൃത്തിയാക്കാൻ അനുവാദം ചോദിച്ചപ്പോള്‍ പൂർണ സന്തോഷമെന്ന് പൂജാരിയുടെ മറുപടി.

കവളപ്പാറയിൽ വീട് ഇരുന്നിടത്ത് അടയാളം വച്ച് രക്ഷാ പ്രവര്‍ത്തകരെ കാത്തിരിക്കുകയാണ് സഹോദരങ്ങളായി സുമോദും സുമേഷും. ആ മണ്ണിനടിയിൽ അവരുടെ അച്ഛനും അമ്മയും ഉണ്ട്. മണ്ണിൽ പുത‌ഞ്ഞ നിലയിൽ അമ്മയുടെ പേരെഴുതിയ ഒരു തുണ്ട് കടലാസ് ഇവർക്ക് കിട്ടി. അത് മാത്രമാണ് വീട് അവിടെയായിരുന്നുവെന്ന് ഉറപ്പിക്കാൻ ഇവർക്ക് കിട്ടിയ അടയാളം.

മുത്തപ്പൻ മല ഉരുൾപൊട്ടി വീടുകൾക്ക് മുകളിലേക്ക് ഇടിച്ചിറങ്ങുമ്പോൾ ഇവരുടെ അച്ഛൻ സുകുമാരനും അമ്മ രാധാമണിയും മാത്രമാണ് ഇവരുടെ വീട്ടിലുണ്ടായിരുന്നത്. മഴ കനത്തപ്പോൾ മരുമക്കളെയും ചെറുമക്കളെയും സുകുമാരനും രാധാമണിയും അവരുടെ വീടുകളിലേക്ക് പറഞ്ഞയച്ചു. ഇവരെ കൊണ്ടുവിടാൻ പോയതായിരുന്നു സഹോദരങ്ങൾ. തിരിച്ചെത്തിയപ്പോൾ വീടിരുന്ന സ്ഥലം പോലും തിരിച്ചറിയാനാകാത്ത വിധം മൺകൂന മാത്രം.

കൈക്കോട്ടുപയോഗിച്ച് മണ്ണ് മാറ്റി നോക്കിയിട്ട് കാര്യമില്ലെന്ന് ഇവർ തിരിച്ചറിയുന്നു. മണ്ണുമാന്തികളെത്താതെ ഒന്നും സാധ്യമല്ല. അവസാനമായി ഒരു നോക്ക് മാതാപിതാക്കളുടെ മ‍ൃതദേഹം കാണണമെന്ന് മാത്രമാണ് ആഗ്രഹമെന്ന് രണ്ട് പേരും പറയുന്നു. ഇവരെ പോലെ ഇനിയുമുണ്ട് ഒരുപാട് പേർ കവളപ്പാറയിൽ.

RECENT POSTS
Copyright © . All rights reserved