വെള്ളറട: മോഷണക്കേസുകളിൽ കുടുക്കി ഹൃദ്രോഗിയായ നിരപരാധിയെ ജയിലിലടച്ച സംഭവത്തിൽ 2 സിഐമാരെ സസ്പെൻഡ് ചെയ്തു. ചെറിയകൊല്ല അമ്പലത്തുവിളാകം റോഡരികത്തുവീട്ടിൽ റജിനി(23)നെയാണ് കള്ളക്കേസിൽ കുടുക്കി ക്രൂരമായി മർദിച്ച് 21 ദിവസം ജയിലിലടച്ചത് . തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ സർക്കിൾ ഇൻസ്പെക്ടർ ജി. അജിത്കുമാർ, കൊല്ലം പുത്തൂർ സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ടി.വിജയകുമാർ എന്നിവർക്കെതിരെയാണു നടപടി. പൊലീസ് മർദനത്തുടർന്ന് ആരോഗ്യ നില കൂടുതൽ മോശമായ റജിന് ഹൃദയ ശസ്ത്രക്രിയ നടത്തിയത് സർക്കാരിന്റെ കാരുണ്യപദ്ധതിയിൽ ഉൾപ്പെടുത്തിയാണ്.
2017 ഒക്ടോബർ 6ന് ആയിരുന്നു സംഭവങ്ങളുടെ തുടക്കം. പുളിയറക്കോണത്തു പ്രവർത്തിക്കുന്ന ടെറുമോ പെൻപോൾ കമ്പനിയിലെ ജീവനക്കാരനായിരുന്നു റജിൻ.തന്നെ പൊലീസ് തിരക്കിയെന്നറിഞ്ഞ് വെള്ളറട സ്റ്റേഷനിലെത്തിയ റജിനെ ഒരു സിസി ടിവി ദൃശ്യം കാണിച്ച് ഇത് നീയല്ലേ എന്ന് എസ്ഐ ചോദിച്ചു. വ്യക്തമാകുന്നില്ലെന്നു പറഞ്ഞ ഉടൻ സിഐയുടെ അടുത്തേയ്ക്ക് കൊണ്ടുപോയി. അവിടെവച്ച് ഇരുവരും ചേർന്ന് മർദിച്ചു.
തുടർന്ന് 5 ദിവസം വെള്ളറട,ആര്യങ്കോട്, പൂവാർ, പൊലീസ് സ്റ്റേഷനുകളിലും കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻെറ പരിസരത്തുള്ള ഇടിമുറി എന്നിവിടങ്ങളിലും വച്ച് ക്രൂര മർദനത്തിനിരയാക്കി.
കുന്നത്തുകാൽ ജംക്ഷനിലുള്ള പുഷ്പരാജിൻെറ മലഞ്ചരക്കുകടയിൽ നിന്നു മോഷ്ടിച്ച 65,000രൂപയും, തോലടി ജംക്ഷനിലെ പലവ്യഞ്ജന കടയുടെ ഷട്ടർ താഴ്ത്താൻ ശ്രമിക്കുകയായിരുന്ന ഉടമ കൃഷ്ണൻനായരുടെ കയ്യിൽനിന്നു തട്ടിയെടുത്ത 1,14,500രൂപയും എവിടെയെന്നു ചോദിച്ചായിരുന്നു മർദനം.
രണ്ടു പേർ ബൈക്കിലെത്തിയ സിസി ടിവി ദൃശ്യത്തിൽ ഒരാൾക്ക് റജിനിൻെറ രൂപസാദൃശ്യമുണ്ടെന്ന ചിലരുടെ അഭിപ്രായമാണ് പൊലീസ് പീഡനത്തിനു കാരണമായത്. അഞ്ചു ദിവസത്തെ ക്രൂരമർദനത്തിനു ശേഷം അറസ്റ്റു രേഖപ്പെടുത്തി രണ്ടുകേസുകളിലും പ്രതിയാക്കി നെയ്യാറ്റിൻകര കോടതിയിലെത്തിച്ച് റിമാൻഡ് ചെയ്തു.
അവശനായ റജിൻെറ മൊഴി ജയിൽ അധികൃതർ രേഖപ്പെടുത്തിയിരുന്നു. അടുത്ത ദിവസം ആശുപത്രിയിൽ എത്തിച്ചു. 21 ദിവസമാണ് ജയിലിൽ കഴിഞ്ഞത്. മോഷണവാർത്തയും അറസ്റ്റും പുറത്തറിഞ്ഞതോടെ നാട്ടിൽ അപമാനിതനായി കമ്പനി ജോലിയിൽനിന്നു പിരിച്ചുവിട്ടു.
കള്ളക്കേസിൽ കുടുക്കിയവർക്കെതിര സർക്കാരിലും മനുഷ്യവകാശകമ്മിഷനിലും കോടതിയിലും റജിൻ പരാതിനൽകി. തുടർന്ന് സ്പെഷൽബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയത്. ബാഗ് തട്ടിപ്പറിച്ചത് രണ്ടംഗ സംഘമാണെന്ന് പണം നഷ്ടപ്പെട്ട കൃഷ്ണൻനായർ പറഞ്ഞിരുന്നു. എന്നാൽ പൊലീസ് റജിനെമാത്രമാണ് പ്രതിയാക്കയത്.
മുളക് അരച്ചുപുരട്ടി, നഖത്തിൽ മൊട്ടുസൂചി കയറ്റി…
കൊടിയ പീഡനമാണ് പൊലീസ് നടത്തിയതെന്ന് റജിൻ പറഞ്ഞു. ആദ്യദിവസം സിഐയും എസ്ഐയുെ ചേർന്ന് മർദിച്ചു. രാത്രിയിൽ സ്റ്റേഷൻ കെട്ടിടത്തിൻെറ ഒന്നാം നിലയിൽ കൊണ്ടുപോയി നാലുപേർചേർന്ന് ഇടിച്ചു.
ചെറിയ ഇരുമ്പു കമ്പിയും തടിക്കഷണവും ഉപയോഗിച്ചായിരുന്നു ഇടിച്ചത്.ഹൃദ്രോഗ ബാധിതനാണെന്ന് കരഞ്ഞുപറഞ്ഞിട്ടും മർദനത്തിന് അയവുണ്ടായില്ല. പിറ്റേന്ന് ആര്യങ്കോട് സ്റ്റേഷനിൽ കൊണ്ടുപോയി കണ്ണിലും സ്വകാര്യഭാഗത്തും മുളക് അരച്ചുപുരട്ടി.അടുത്തദിവസം കാഞ്ഞിരുംകുളത്ത് കൊണ്ടുപോയി അവിടത്തെ നാലു പൊലീസുകാരെ കൊണ്ട് മർദിപ്പിച്ചു. മുളക് സ്പ്രേയും നടത്തി.
അടുത്ത ദിവസം പൂവാർ സ്റ്റേഷനിൽ കൊണ്ടുപോയി മർദിച്ചു. കാൽവിരലുകളിലെ നഖത്തിനിടയിൽ മൊട്ടുസൂചിയും കയറ്റി. മർദനത്തിനിടെ നാലുവട്ടം തലചുറ്റിവീണു.തുടർച്ചയായി തലയിൽ തണുത്തവെള്ളമൊഴിച്ചാണ് ബോധം തെളിയിച്ചത്.
കുറ്റം സമ്മതിക്കാനും പണം സൂക്ഷിച്ചിരിക്കന്ന സ്ഥലം പറയാനും നിർബന്ധിച്ചായിരുന്നു മർദനമെന്നും ജയിലിലും ബോധം കെട്ടുവീണുവെന്നും റജിൻ പറഞ്ഞു.
തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയെ കടന്നാക്രമിച്ച് കെ.മുരളീധരന് എംപി. “പിണറായി വിജയന് എവിടെ നിന്ന് കിട്ടി ഇങ്ങനെയൊരു ….. ഡിജിപിയാക്കാന്” എന്ന് മുരളീധരന് ചോദിച്ചു. കെപിസിസി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രനെതിരെയുള്ള മാനനഷ്ടക്കേസുമായി ബന്ധപ്പെട്ടായിരുന്നു പരാമര്ശം. മാനത്തിന് നഷ്ടം സംഭവിച്ചാലല്ലേ മാനനഷ്ട കേസ് കൊടുക്കുക എന്നും കെ.മുരളീധരന് പരിഹസിച്ചു.
“മാനത്തിന് നഷ്ടം സംഭവിച്ചാലല്ലേ മാനനഷ്ടക്കേസ് നല്കുക. ഈ സാധനം ഇല്ലെങ്കിലോ? മാനമില്ലാത്ത ആള്ക്ക് മാനനഷ്ടക്കേസ് കൊടുക്കാന് സാധിക്കോ. ഞാന് ആരെയും വ്യക്തിപരമായി പറയുകയില്ല. മാര്ക്സിസ്റ്റ് പാര്ട്ടിയിലെ നേതാക്കള്ക്ക് മുന്പില് ബെഹ്റ കുനിഞ്ഞുനില്ക്കുന്ന നില്പ്പ് കണ്ടാല്, ഇങ്ങനെയൊരു മനുഷ്യന് കുനിയോ?. പിണറായി വിജയനോട് ചോദിക്കാ, എവിടെ നിന്ന് കിട്ടി ഇങ്ങനെയൊരു മക്കുണനെ ഡിജിപിയാക്കാന്?. കെപിസിസി അധ്യക്ഷന് മാത്രമല്ല നമുക്കൊക്കെ ഇരിക്കട്ടെ ഒരു മാനനഷ്ടക്കേസ്.” കെ.മുരളീധരന് പറഞ്ഞു.
ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ നടത്തിയ പരാമർശത്തിലാണ് കെപിസിസി അധ്യക്ഷനെ പ്രോസിക്യൂട്ട് ചെയ്യാൻ ആഭ്യന്തര വകുപ്പ് നേരത്തെ അനുമതി നൽകിയത്. ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു. മുല്ലപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്യാന് അനുമതി നല്കിയ ആഭ്യന്തര വകുപ്പും അനുമതി തേടിയ ഡിജിപിയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വായ് മൂടിക്കെട്ടുകയാണെന്ന് എഐസിസി ജനറല് സെക്രട്ടറിയും മുന് മുഖ്യമന്ത്രിയുമായ ഉമ്മന് ചാണ്ടി പറഞ്ഞു. പ്രോസിക്യൂട്ട് ചെയ്ത് കോണ്ഗ്രസിനെ നിശബ്ദമാക്കാം എന്നു കരുതിയാല് അതു കേരളത്തില് നടപ്പാകില്ല. വിമര്ശനങ്ങളെ ഭയക്കുന്നവരാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്ത്തുന്നതെന്നും ഉമ്മന് ചാണ്ടി പറഞ്ഞു.
ഡിജിപി ലോക്നാഥ് ബെഹ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പ്രവര്ത്തിക്കുന്നെന്ന പരാമര്ശത്തിലാണ് കെപിസിസി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാന് അനുമതി നൽകിയത്. പോസ്റ്റല് ബാലറ്റ് ഉപയോഗിക്കുന്ന പൊലീസുകാരുടെ വിവരങ്ങള് ശേഖരിക്കുന്നത് ഇടത് അനുകൂല അസോസിയേഷന് നല്കാനാണെന്ന് ആരോപിച്ചതിനാണ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്ടക്കേസ് നല്കാന് ആഭ്യന്തര വകുപ്പ് ഡിജിപിക്കു അനുമതി നല്കിയത്.
85 കോടി രൂപയുടെ ബിറ്റ്കോയിന് ഇടപാടു നടത്തിയ കമ്പനി ഉടമ അബ്ദുല് ഷുക്കൂറിനെ കൊലപ്പെടുത്തും മുന്പെ കോടികളുടെ ആസ്തി ബലപ്രയോഗത്തിലൂടെ കൊലയാളിസംഘം കൈക്കലാക്കി. കൊലപാതത്തിലെ ഗൂഢാലോചന കൂടി കേരള പൊലീസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കുടുംബവും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
പുലര്ച്ചെ എത്തിയ സംഘം തട്ടിക്കൊണ്ടുപോവാതിരിക്കാന് എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉമ്മയോടും കുടുംബത്തോടും അബ്ദുല് ഷുക്കൂര് കരഞ്ഞു പറഞ്ഞതായി ഉമ്മയുടെ പിതാവ് ഉണ്ണീന്കുട്ടി ഒാര്ക്കുന്നു. വടക്കന് പാലൂരിലെ വീട്ടില് നിന്ന് തട്ടിക്കൊണ്ടുപോയ അതേ വാഹനത്തിലാണ് ഡെറാഡൂണിലെ ആശുപത്രിയില് എത്തിച്ചതെന്നും സി.സി.ടി.വി ദൃശ്യങ്ങളില് വൃക്തമാണ്.
അബ്ദുല് ഷുക്കൂറിന്റെ പേരിലുളള നിര്മാണത്തിലിരിക്കുന്ന വടക്കാന്പാലൂരിലെ 6000 ചതുരശ്രഅടി വിസ്തീര്ണമുളള വീടും ഭൂമിയും കൊലക്കേസിലെ പ്രതിയായ മഞ്ചേരി സ്വദേശി ആഷിഖിന്റെ പേരില് എഴുതി വാങ്ങിയിട്ടുണ്ട്. തായ്്ലന്റിലെ നാലു കോടി രൂപ മുതല്മുടക്കുളള ഹോട്ടല് പങ്കുകച്ചവടക്കാരനായ മിന്റു ശര്മ സ്വന്തമാക്കിയിട്ടുണ്ട്. വേങ്ങരയിലെ ഭൂമിയും ബലമായി എഴുതി വാങ്ങിയെന്ന് ബന്ധുക്കള് പറയുന്നു. ഷുക്കൂറിന്റെ കമ്പനിയില് പണം നിക്ഷേപിച്ചവരുടെ പേരില് പ്രശ്നങ്ങളുണ്ടാക്കി കോടികളുടെ സ്വത്തുക്കള് കൈക്കലാക്കാന് ഒരു സംഘം ഗൂഢാലോചന നടത്തിയെന്നാണ് ആക്ഷന് കമ്മിറ്റിയുടെ ആരോപണം. നിലവില് ബിറ്റ്്കോയിന് ഇടപാടുകള് അന്വേഷിക്കാന് ഡി.ജി.പി പ്രത്യേകസംഘം രൂപീകരിച്ചിട്ടുണ്ട്. ഷുക്കൂറിന്റെ കൊലപാതകം കൂടി അന്വേഷണത്തിന്റെ പരിധിയില് വരണമെന്നാണ് ആവശ്യമുയരുന്നത്.
അഗളി /കൽക്കട്ട :വെന്തെരിഞ്ഞ അമ്മയുടെയും അതിന് മുമ്പ് വിട പറഞ്ഞ അച്ഛന്റെയും ഓർമ്മകൾ ഉള്ളിലൊതുക്കി ജന്മവൈകല്യങ്ങളെ അതിജീവിച്ച് 17 വയസ്സിനുള്ളിൽ നാലായിരത്തിലധികം വിശുദ്ധ കുർബാനകളിൽ പ്രധാന ശുശ്രൂഷ ചെയ്ത അട്ടപ്പാടി സെന്റ് തോമസ് ആശ്രമ അംഗം സച്ചുവിന് യൂണിവേഴ്സൽ റിക്കോർഡ് ഫോറത്തിന്റെ പ്രത്യേക അംഗികാരത്തിനായി ശിപാർശ.
സാമൂഹ്യ – ജീവകാരുണ്യ പ്രവർത്തകനും ജനകീയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അനി വർഗ്ഗീസ് മാവേലിക്കര നല്കിയ നോമിനേഷൻ പ്രകാരം അഭി.ഫാദർ.എം.ഡി.യൂഹാനോൻ റമ്പാൻ സമർപ്പിച്ച വിശദമായ രേഖകൾ പരിശോധിച്ചാണ് സച്ചുവിനെ ശിപാർശ ചെയ്തത്.
ഡോ. ജോൺസൺ വി.ഇടിക്കുള നാഷണൽ ജൂറിയായതിന് ശേഷമുള്ള ആദ്യ ശിപാർശയാണ് സച്ചുവിന്റെതെന്നും അർഹതയ്ക്കുള്ള അംഗികാരമാണ് സച്ചുവിനുള്ള ശിപാർശയെന്നും യു.ആർ.എഫ് വേൾഡ് റിക്കോർഡ് ചീഫ് എഡിറ്റർ ഗിന്നസ് ഡോ.സുനിൽ ജോസഫ്, സി.ഇ.എ :ഡോ സൗദീപ് ചാറ്റർജി എന്നിവർ പറഞ്ഞു.
സച്ചുവിന്റെ മാതാപിതാക്കൾ പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു.ഏലമല സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഇടവകങ്ങൾ ആയിരുന്നു സച്ചുവിന്റെയും സ്നേഹയുടെയും മാതാപിതാകക്കളായ ബിനുവും ഷീജയും.ഇവർക്ക് ആദ്യ കൺമണിയായി പിറന്ന പെൺകുഞ്ഞിന് ആറ് മാസം പ്രായമായപ്പോൾ ആണ് കുഞ്ഞിന്റെ ജന്മ വൈകല്യം ഇവർ തിരിച്ചറിഞ്ഞത്. മകൾക്ക് കേൾവി ശക്തിയും സംസാരശേഷിയും ഉണ്ടാവണമെന്ന അതിശക്തമായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ചികിത്സക്കു വേണ്ട പണം കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടയിൽ ആയിരുന്നു സച്ചുവിന്റെ ജനനം.എന്നാൽ സച്ചുവും മൂത്ത മകളെ പോലെ കേൾവിയുടെയും സംസാരത്തിന്റെയും വാതായനത്തിന് പുറത്താണെന്ന സത്യം അവർ തിരിച്ചറിഞ്ഞു. വിധി അവരെ ഇരുവരെയും മാനസീകമായി തളർത്തിയത് മൂലം പുനർചിന്തനത്തിന് തയ്യാർ ആകാതെ ഈ പിഞ്ചോമനകളെ തനിച്ചാക്കി ബിനുവും ഷീജയും 2003-ൽ ആത്മഹത്യ ചെയ്തു. കൺമുന്നിൽ നടന്ന ദുരന്തത്തിന്റെ തിരിച്ചറിയാൻ പ്രാപ്തി ഇല്ലാതിരുന്ന കുരുന്നുകളുടെ സംരക്ഷണം ആശ്രമം ഏറ്റെടുക്കുവായിരുന്നു. ആശ്രമ അധികൃതരുടെ കഠിനമായ പരിശ്രമത്തിന്റെയും സുമനസുകളായവരുടെ സഹായം കൊണ്ടും മാധ്യമ സുഹൃത്തുക്കളുടെ പിന്തുണയും കൂടി ആയപ്പോൾ സച്ചുവിനും സഹോദരിക്കും സ്നേഹവും ലാളനയും പരിചരണവും, ചികിത്സയും കിട്ടി. ലക്ഷകണക്കിന് തുക ചിലവഴിച്ച് ഇരുവർക്കും ഡോ.എം.പി. മനോജിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ ചികിത്സയും ശസ്ത്രക്രിയയും നല്കി കേൾവിയുടയുടെയും സംസാരത്തിന്റെയും ശക്തി തിരിച്ചെടുത്തു.
2005 സെപ്റ്റംബർ 23 ന് ആശ്രമത്തിനുള്ളിൽ പുതിയ ചാപ്പൽ കൂദാശ ചെയ്തു. അന്ന് മുതൽ കഴിഞ്ഞ 14 വർഷമായി എല്ലാ ദിവസവും മുടക്കം കൂടാതെ വി.കുർബാന അർപ്പിക്കുന്നുണ്ട്. സച്ചുവിന്റെ ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷം മടങ്ങിയെത്തിയപ്പോൾ ആൾത്താര ബാലൻ ആയി ആദ്യം ശുശ്രൂഷ ചെയ്യുവാൻ സച്ചുവിനെ നിയോഗിക്കുകയായിരുന്നു.7 വയസ് മുതൽ എല്ലാ ദിവസവും കുർബാനയ്ക്ക് നേതൃത്വം കൊടുത്തു വരികയും ചെയ്യുന്നു. അട്ടപ്പാടി സെന്റ് ജംസ് സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ് സച്ചു. സച്ചുവിന്റെ സഹോദരി ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തിന് ശേഷം കമ്പ്യൂട്ടർ ഡിപ്ലോമാ കോഴ്സ് പഠിക്കുന്നു.
സച്ചുവിനെ കുറിച്ച് യൂണിവേഴ്സൽ റിക്കോർഡ് ഫോറത്തിലേക്ക് ലഭിച്ച ഈ പരാമർശം ആശ്രമത്തിന് ലഭിച്ച ഓണ സമ്മാനമായി കാണുന്നതെന്ന് ആശ്രമം അധികൃതരായ അഭി.ഫാദർ എം.ഡി. യൂഹാനോൻ റമ്പാൻ ,ഫാദർ.എസ്.പോൾ റമ്പാൻ, ഫാ.വർഗ്ഗീസ് ജോസഫ്, ഫാദർ വർഗ്ഗീസ് മാത്യൂ എന്നിവർ പറഞ്ഞു.
കുട്ടനാട്: ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് സാധനങ്ങൾ വാങ്ങിയശേഷം പിഞ്ചുകുഞ്ഞുമായി വീട്ടിലേക്ക് വരുന്നതിനിടെ കാൽവഴുതി തോട്ടില് വീണ് യുവതി മരിച്ചു. കൈനകരി ഗ്രാമപഞ്ചായത്ത് 14ാം വാര്ഡില് മൂലശ്ശേരി വീട്ടില് ലിനോജിന്റെ ഭാര്യ നീതു ജോര്ജ് (26) ആണ് മരിച്ചത്. ഒന്നേമുക്കാൽ വയസുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിന് ശേഷം കുഞ്ഞ് കമഴ്ന്ന് തോട്ടിലൂടെ ഒഴുകിവരുന്നത് കണ്ട സമീപവാസികളായ ജോയല്, മാര്ട്ടിന് എന്നീ യുവാക്കളാണ് കുഞ്ഞിനെ വെള്ളത്തില് നിന്ന് രക്ഷപ്പെടുത്തിയത്.
തുടർന്ന് നടത്തിയ തെരച്ചിലിൽ മാതാവ് നീതുവിനെ വെള്ളത്തിൽനിന്ന് തപ്പിയെടുക്കുകയായിരുന്നു ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മീനപ്പള്ളി വട്ടക്കായലിന് സമീപമുള്ള പാടശേഖരത്തിന്റെ പുറംബണ്ടിൽ താമസിച്ചുവന്നിരുന്ന കുടുംബം ദുരിതാശ്വാസ വിതരണ കേന്ദ്രത്തില് നിന്നും സാധനങ്ങള് വാങ്ങി വീട്ടില് വച്ച ശേഷം സമീപത്തെ വീട്ടിലെ റേഷന് കാര്ഡ് കൊടുക്കാനായി കുഞ്ഞുമായി പോയിവരവേ കാൽവഴുതി തോട്ടിൽ വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള് പറയുന്നത്.
പഠനകാലത്ത് കവി ചങ്ങമ്പുഴ തന്നോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നെന്ന് കെആർ ഗൗരി. മാതൃഭൂമി ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് ഗൗരി ഇക്കാര്യം പറഞ്ഞത്. ഇന്റർമീഡിയറ്റിന് എറണാകുളം മഹാരാജാസിൽ പഠിക്കുമ്പോഴായിരുന്നു സംഭവം.
ക്ലാസ്സെടുക്കുന്നതിനിടയിൽ കുറ്റിപ്പുഴ കൃഷ്ണപിള്ളയാണ് പഠിക്കാനായി എത്തിയവർക്കിടയിൽ ചങ്ങമ്പുഴയുമുണ്ടെന്ന് പറയുന്നത്. ചങ്ങമ്പുഴയെ കാണണോയെന്ന് ചോദിച്ചപ്പോൾ വേണമെന്ന് ക്ലാസ് മുഴുവൻ വിളിച്ചു കൂവി. കുറ്റിപ്പുഴ അദ്ദേഹത്തോട് എഴുന്നേൽക്കാൻ ആവശ്യപ്പെട്ടു. ജുബ്ബയിട്ട മെലിഞ്ഞൊരാൾ എഴുന്നേറ്റു നിന്നു. പെൺകുട്ടികൾ പിന്നീട് കവിയുടെ പിന്നാലെയായിരുന്നെന്ന് ഗൗരിയമ്മ പറയുന്നു.
“ഒരുദിവസം കവി എന്നോടച് പ്രണയാഭ്യർത്ഥനയുമായി വന്നു. ഞാൻ നിരസിച്ചു. അന്ന് മറ്റൊരാളോട് എനിക്ക് ഉള്ളിൽ അടുപ്പമുണ്ടായിരുന്നു,” ഗൗരി വിശദീകരിച്ചു.
എംഎൻ ഗോവിന്ദൻ നായർ, എകെജി തുടങ്ങിയവരൊക്കെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് തന്നെ സമീപിച്ചിരുന്നെന്നും കെആർ ഗൗരി പറഞ്ഞു. ടിവി തോമസ് തന്നെ പിന്നാലെ നടന്ന് വീഴ്ത്തിയതാണെന്നും അവർ പറഞ്ഞു.
ടി വി തോമസുമായി പിരിയേണ്ടിയിരുന്നില്ല എന്ന് ഇപ്പോള് തോന്നുന്നു എന്ന് കെ ആര് ഗൗരിയമ്മ. മുതിര്ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന് മന്ത്രിയുമായ ഗൗരിയമ്മ ഇക്കാര്യം പറഞ്ഞത്. പാര്ട്ടി പിളര്ന്നപ്പോള് സിപിഎമ്മില് നില്ക്കാനാണ് ഞാനും ടിവിയും തീരുമാനിച്ചത്. ആലപ്പുഴയില് നിന്ന് തിരുവനന്തപുരത്തേയ്ക്ക് ഞങ്ങള് ഇങ്ങനെ തീരുമാനിച്ചാണ് ഒരുമിച്ച് ട്രെയിന് കയറിയത്. എന്നാല് അവിടെയെത്തിയപ്പോള് എംഎന് (എംഎന് ഗോവിന്ദന് നായര്) ടിവിയെ വിളിച്ചുകൊണ്ടുപോയി. തിരിച്ചെത്തിയപ്പോളേക്കും ടിവി മറുകണ്ടം ചാടിയിരുന്നു. ഞങ്ങളിരുവരും സിപിഎം മന്ത്രിമാരാകേണ്ടതായിരുന്നു – ഗൗരിയമ്മ പറഞ്ഞു.
ഒരിക്കല് എംഎല്എ ക്വാര്ട്ടേഴ്സില് ആലപ്പുഴയില് നിന്നുള്ള ഒരു സ്ത്രീയുമായി ടിവി വന്നു. ഇത് സംബന്ധിച്ച വഴക്കില് നിന്നാണ് ഞാനും ടിവിയും തമ്മിലുള്ള അകല്ച്ച തുടങ്ങിയത്. കല്യാണമേ വേണ്ട എന്ന് വിചാരിച്ച് നടന്നിരുന്ന സമയത്ത് ടിവി എന്നെ പിന്നാലെ വന്ന് വീഴ്്ത്തുകയായിരുന്നു. പൂജപ്പുര സെന്ട്രല് ജയിലില് ഞങ്ങളിരുവരും കഴിയുമ്പോളാണ് പ്രണയം മൂത്തത്. ജയിലിന്റെ മതിലിന് മുകളിലൂടെ കല്ലില് ചുരുട്ടിയാണ് പ്രേമലേഖനങ്ങള് കൈമാറിയിരുന്നത്. പിന്നീട് വചില കാര്യങ്ങളെപ്പറ്റി അറിഞ്ഞപ്പോള് ഞാന് വിവാഹം വേണ്ടെന്ന് വച്ചതാണ്. എന്നാല് പിന്നീട് പാര്ട്ടി നിര്ബന്ധിച്ചു.
വളരെയധികം വേദനയും അതുപോലെ സന്തോഷവും എനിക്ക് ടിവിയുമായുള്ള ബന്ധം ഉണ്ടാക്കിയിട്ടുണ്ട്. ടിവിയുടെ സുഹൃത്തുക്കളാണ് ഞങ്ങളുടെ ബന്ധം തകര്ത്തത്. ഇപ്പോള് ആലോചിക്കുമ്പോള് പിരിയേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. ടിവിയോട് ഞാന് അല്പ്പം വിധേയ ആകേണ്ടിയിരുന്നോ എന്നൊരു തോന്നല് – ഗൗരിയമ്മ പറഞ്ഞു. ചങ്ങമ്പുഴ കൃഷ്ണപ്പിള്ള, എംഎന് ഗോവിന്ദന് നായര് എന്നിവര് പ്രണയാഭ്യര്ത്ഥനയും എകെജി വിവാഹാഭ്യര്ത്ഥനയും നടത്തിയിട്ടുണ്ട് എന്നും ഗൗരിയമ്മ പറഞ്ഞു.
ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ അഞ്ചിരട്ടിയാക്കിയതോടെ കുടുങ്ങിയത് ജനവും പൊലീസും ഒരുപോലെയാണ്. നിങ്ങൾ കേസ് കോടതിയിലേക്ക് വീടൂ. അവിടെ തീർത്തോളാം എന്നുപറഞ്ഞ് ജനം വണ്ടിയും കൊണ്ടുപോകുന്ന കാഴ്ചയാണ് ഇപ്പോൾ റോഡിൽ. ഉയർന്ന പിഴ അടയ്ക്കാൻ അധികമാരും തയാറാവുന്നില്ല.
മുൻപു തർക്കിക്കാൻ മിനക്കെടാതെ 100 രൂപ പിഴ നൽകി പോയിരുന്നവർ ഇപ്പോൾ പിഴ 1000 രൂപയായതോടെ കോടതിയിൽവച്ചു കാണാമെന്ന നിലപാടിലാണ്. കേസ് കോടതിയിലേക്കു നീങ്ങിയാൽ സമൻസ് നൽകാനും മറ്റും മോട്ടർവാഹന വകുപ്പിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരുമില്ല. ഒരാഴ്ചയ്ക്കകം പിഴത്തുകയുമായി ആർടി ഓഫിസിലെത്താൻ അറിയിച്ചാണ് ഇന്നലെ ഉദ്യോഗസ്ഥർ പ്രശ്നം പരിഹരിച്ചത്. പണം അടച്ചില്ലെങ്കിൽ എന്തു ചെയ്യുമെന്ന കാര്യത്തിൽ തീരുമാനമില്ല.
സംസ്ഥാനത്ത് ഒരു ദിവസം പതിനായിരത്തിലേറെപ്പേരാണ് ഹെൽമറ്റ് വയ്ക്കാത്തതിനു പിടിയിലാകുന്നത്. ഇവർ കേസ് കോടതിയിലേക്കു വിടണമെന്നാവശ്യപ്പെട്ടാൽ പൊലീസിന് മറ്റു പണി ചെയ്യാനാവില്ല. പിടികൂടിയ ഉടൻ ശിക്ഷ നിർണയിച്ചു പിഴ ഇൗടാക്കിയിരുന്ന മൊബൈൽ കോടതികളാകട്ടെ നിർത്തലാക്കിയിട്ട് 2 വർഷമായി.
സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവർ പിടിയിലാകുമ്പോൾ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നുവെന്ന നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്. മുൻപ് പൊലീസും മോട്ടർവാഹന വകുപ്പും ലംഘനങ്ങൾ ക്യാമറയിൽ പകർത്തിയിരുന്നു. എന്നാൽ, ഇപ്പോൾ 2 വിഭാഗങ്ങൾക്കും ഡിജിറ്റൽ ക്യാമറയില്ല. ചില ഉദ്യോഗസ്ഥർ സ്വന്തം മൊബൈൽ ഫോണിൽ ദൃശ്യം പകർത്തിയാണു നിയമലംഘകരെ ബോധ്യപ്പെടുത്തുന്നത്. തലസ്ഥാന ജില്ലയിൽപോലും പൊലീസിന് ആവശ്യത്തിനു ക്യാമറയില്ല. പ്രധാനവീഥികളിൽ സ്ഥാപിച്ച ക്യാമറകളിൽ മുക്കാൽ പങ്കും പ്രവർത്തിക്കുന്നുമില്ല.
മഴക്കാലമായതിനാൽ റോഡുകളെല്ലാം തകർന്ന അവസ്ഥയിലാണ്. നിയമലംഘനത്തിനു പിടിയിലാകുന്നവരിൽ നല്ലൊരു പങ്കും ഇക്കാര്യം ചൂണ്ടിക്കാട്ടി തട്ടിക്കയറാനും തുടങ്ങി. ഇൗയാഴ്ച പിഴ ഇൗടാക്കുന്നതിൽ മെല്ലെപ്പോക്കു സമീപനം സ്വീകരിക്കാനാണു പൊലീസിന്റെയും മോട്ടർവാഹന വകുപ്പിന്റെയും തീരുമാനം. ബോധവൽക്കരണത്തിനാണു മുൻതൂക്കം.
കാർ തലകീഴായി മറിഞ്ഞു. അപകടം അറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും ഡ്രൈവറെ കണ്ടെത്താനായില്ല. കോട്ടയം – എറണാകുളം റോഡിൽ ആപ്പാഞ്ചിറ മാന്നാറിൽ ഞായറാഴ്ച പുലർച്ചെ 2 നാണു അപകടം.
കടുത്തുരുത്തിയിൽ നിന്നു പൊലീസ് എത്തിയെങ്കിലും വാഹനത്തിൽ ആരെയും കണ്ടെത്താനായില്ല. കാർ സമീപമുള്ള തോട്ടിലേക്ക് വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. സമീപമുള്ള ആശുപത്രികളിൽ രാത്രി തിരക്കിയെങ്കിലും കാർ ഡ്രൈവറേയോ യാത്രക്കാരേയോ കണ്ടെത്താനായില്ല. കാർ തകർന്ന നിലയിലാണ്. നാട്ടുകാർ ചേർന്ന് കാർ റോഡരികിൽ നിവർത്തി വച്ചു.
കുതിരയെ കണ്ട ആന വിരണ്ടോടി. ആനയെക്കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മൂന്നു പേർക്ക് വീണു പരുക്കുമേറ്റു. തൈക്കാട് സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള കണ്ണൻ എന്ന ആനയാണ് വിരണ്ടത്. ആനയുടെ ഓട്ടത്തിനിടയിൽ മുന്നിൽ പെട്ടുപോയ അമ്പലംമുക്ക് സ്വദേശി ശാന്ത, ഓമന, ജോർജ്ജ് ബാബു എന്നിവർക്കാണ് ഓടി മാറുന്നതിനിടെ വീണു പരുക്കേറ്റത്.
ഇന്നലെ രാവിലെ കീഴായിക്കോണത്തായിരുന്നു സംഭവം. അമ്പലം മുക്ക് ക്ഷേത്രത്തിൽ ആനയൂട്ടിനു കൊണ്ടുപോയതായിരുന്നു. കീഴായിക്കോണം പെട്രോൾ പമ്പിനടുത്തെത്തിയപ്പോൾ സമീപത്തെ പറമ്പിൽ കെട്ടിയിരുന്ന കുതിരയെ കണ്ട് വിരണ്ടോടുകയായിരുന്നുവെന്നാണ് പാപ്പാന്മാർ പറയുന്നത്. പിന്നീട് ശ്രമകരമായി അനുനയിപ്പിച്ച് ആനയെ തളച്ചു.
ഹിന്ദു പെണ്കുട്ടിയുടെ ക്രിസ്ത്യന് പേര് വിവാഹ രജിസ്ട്രേഷന് തടസം പറഞ്ഞ് ഗുരുവായൂര് നഗരസഭ. ഓഗസ്റ്റ് 24 ന് ഗുരുവായൂര് വച്ച് വിവാഹിതരായ ദമ്പതികള്ക്കാണ് ഗുരുവായൂര് നഗരസഭയില് നിന്ന് ഇത്തരമൊരു ദുരനുഭവം നേരിട്ടത്.
പ്രമുഖ മാധ്യമപ്രവര്ത്തകനായിരുന്ന അന്തരിച്ച കെ ജയചന്ദ്രന്റേയും അഭിഭാഷകയായ ആനന്ദ കനകത്തിന്റേയും മകളായ ക്രിസ്റ്റീനയുടെ പേരാണ് വിവാഹ രജിസ്ട്രേഷന് വേളയില് പൊല്ലാപ്പായത്. ക്രിസ്റ്റീന എമ്പ്രെസ്സ് എന്നാണ് വധുവിന്റെ മുഴുവന് പേര്. ഹിന്ദു വിവാഹനിയമപ്രകാരം രജിസ്ട്രര് ചെയ്യാന് കഴിയില്ലെന്നായിരുന്നു നഗരസഭ അധികൃതര് പറഞ്ഞത്.
രജിസ്ട്രേഷന് വേണ്ട എല്ലാ രേഖകളുമായി എത്തിയിട്ടും ദമ്പതികളോട് വധു ഹിന്ദുവാണെന്ന് തെളിയിക്കുന്ന രേഖ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു അധികൃതര്. എസ്എസ്എല്സി സര്ട്ടിഫിക്കറ്റില് ഹിന്ദു എന്ന് അടയാളപ്പെടുത്തിയത് ശ്രദ്ധയില്പ്പെടുത്തിയിട്ടും സ്വീകരിക്കാന് നഗരസഭ രജിസ്ട്രേഷന് വകുപ്പ് അധികൃതര് തയ്യാറായില്ല. സാസ്കാരികപ്രവര്ത്തകനായ വേണു എടക്കഴിയൂരായിരുന്നു ഇവര്ക്ക് സാക്ഷിയായി എത്തിയത്.
മത നിരപേക്ഷമായി പ്രവര്ത്തിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് ജാതി ചോദിക്കുന്നുവെന്ന പരാതിയുമായി വേണു എടക്കഴിയൂരാണ് സംഭവത്തെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പിട്ടത്. നവോത്ഥന മൂല്യങ്ങള് വീണ്ടെടുക്കാന് ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ സര്ക്കാരിന് മാനക്കേടുണ്ടാക്കുന്ന കാര്യമാണ് ഇതെന്നന്നും, ഇത്തരം അസംബന്ധങ്ങളായ നിയമങ്ങള് മാറ്റാന് എന്തുകൊണ്ട് ഇടത് പക്ഷം ശ്രമിക്കുന്നില്ലെന്നും വേണു എടക്കഴിയൂര് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില് പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണരൂപം:
അച്ഛന്: പ്രമുഖ മാധ്യമ പ്രവര്ത്തകന്, അകാലത്തില് അന്തരിച്ച കെ ജയചന്ദ്രന്; ‘അമ്മ: കോഴിക്കോട്ടെ അഭിഭാഷക ആനന്ദകനകം. മകളുടെ പേര്: ക്രിസ്റ്റീന എമ്പ്രെസ്സ്. വരന്: ദീപക് രാജ്. വിവാഹം നടന്നത് ഗുരുവായൂര് ക്ഷേത്ര സന്നിധിയില് ആഗസ്ത് 24, 2019. വിവാഹ സല്ക്കാരം: ഔട്ടര് റിങ് റോഡിലെ ഗോകുലം ശബരിയില്; പിന്നെ കോഴിക്കോടും ഉണ്ടായിരുന്നു.
കാര്യങ്ങള് കുഴഞ്ഞു മറിഞ്ഞത് ഇന്ന് അവര് ഗുരുവായൂര് നഗരസഭയില് വിവാഹം രജിസ്റ്റര് ചെയ്യാന് വന്നപ്പോഴായിരുന്നു. ജയന്റെ അടുത്ത സുഹൃത്തുക്കളില് ഒരാളായ ഞാനായിരുന്നു സാക്ഷി. രേഖകള് പരിശോധിച്ച ഉദ്യോഗസ്ഥന് വധുവിന്റെ പേരില് ഉടക്കി. ക്രിസ്റ്റീന എന്നത് ക്രിസ്ത്യന് പേരാണ്; ഇത് ഹിന്ദു വിവാഹ നിയമപ്രകാരം രജിസ്റ്റര് ചെയ്യാന് പറ്റില്ല. അതല്ല, അങ്ങനെവേണമെങ്കില് ക്രിസ്റ്റീന ഹിന്ദുവാണ് എന്ന് തെളിയിക്കുന്ന രേഖകള് ഹാജരാക്കണം. രേഖകള് അപ്പോള് അവരുടെകയ്യില് ഇല്ല. എസ് എസ് എല് സി സെര്ട്ടിഫിക്കറ്റില് ഹിന്ദു എന്ന് ചേര്ത്തിട്ടുണ്ട്; (അത് പാടില്ല എന്ന് ജയന് വാശിപിടിച്ചിട്ടും സ്കൂള് അധികാരികള് അത് ചേര്ത്തുകയായിരുന്നു എന്ന് ആനന്ദകനകം) വിവരം കൗണ്സിലറും സുഹൃത്തുമായ സുരേഷ് വാര്യരോട് പറഞ്ഞുനോക്കി, അയാള് സെക്ഷനിലെ ഒരാളുമായി സംസാരിക്കുകയും ചെയ്തു; നടന്നില്ല. പിന്നെ പലരോടും പറഞ്ഞുനോക്കി; ഒന്നും നടന്നില്ല, അവര് തിരിച്ചു കോഴിക്കോട്ടേക്ക് പോയി.ഇനി മറ്റൊരു ദിവസം വരും.
മത നിരപേക്ഷമായി പ്രവര്ത്തിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് ജാതി പറയുന്നു; പറയിപ്പിക്കുന്നു എന്നതാണ് ഇവിടുത്തെ കാതലായ പ്രശ്നം. നിങ്ങള് ഹിന്ദുവാണെങ്കില് ഹിന്ദുക്കളുടെ പേര് ഇടണം (അവ ഏതൊക്കെ എന്ന് പക്ഷെ ആര്ക്കും അറിയില്ല; പ്രത്യക്ഷത്തില് ഹിന്ദു പേരാണ് എന്ന് ബോധ്യപ്പെട്ടാല് മതി എന്നാണ് ഉദ്യോഗസ്ഥരുടെ ന്യായം!) അതാണ് റൂള്, അതില് കടുകിട മാറ്റം വരുത്താന് ആര്ക്കും ആകില്ല!
ഇത്തരം അസംബന്ധങ്ങളായ നിയമ ങ്ങള് മാറ്റാന് എന്തുകൊണ്ട് ഇടത് പക്ഷം ശ്രമിക്കുന്നില്ല? (പല ജനപ്രതിനിധികള്ക്കും ഒരു നിയമവും അറിയില്ല, അവര് ഉദ്യോഗസ്ഥര് പറയുന്നത് അപ്പാടെ ശരിവെക്കുന്നു; ജനകീയ ഭരണമാണ് എന്ന് പറയുന്നത് ഭംഗി വാക്ക് പറയലാണ്; നടക്കുന്നത് അന്തവും കുന്തവുമില്ലാത്ത ഉദ്യോഗസ്ഥരുടെ ഭരണമാണ്! വകുപ്പ് മന്ത്രിയുടെ ശ്രദ്ധ അടിയന്തിരമായി പതിയേണ്ട വിഷയമാണ് ഇത്. ദയവായി തദ്ദേശ സ്വായംഭരണ സ്ഥാപനങ്ങളെക്കൊണ്ട് ജാതി ചോദിപ്പിക്കരുത്; പറയിപ്പിക്കരുത്. നവോത്ഥന മൂല്യങ്ങള് വീണ്ടെടുക്കാന് ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ സര്ക്കാരിന് മാനക്കേടുണ്ടാക്കുന്ന കാര്യമാണ് ഇത്!
(ഇക്കാര്യം അറിഞ്ഞു രണ്ടു ലാര്ജ്ജ് വെള്ളം ചേര്ക്കാതെ അടിച്ചു ജയന് ഇപ്പോള് എവിടെയോ ഇരുന്ന് ചിരിക്കുന്നുണ്ടാകും!)