Kerala

പിറവം പള്ളിയുടെ പൂട്ട് പൊളിച്ചു പൊലീസ് പള്ളിയില്‍ കടന്നു. പള്ളിയുടെ പ്രധാന ഗേറ്റിന്റെ പൂട്ടാണ് പൊലീസ് പൊളിച്ചത്. പള്ളിയില്‍ കൂട്ടമണിയടിച്ച് യാക്കോബായ സഭയുടെ പ്രതിഷേധം. അറസ്റ്റ് ചെയ്യട്ടെയെന്നും സ്വയം ഇറങ്ങില്ലെന്നും മെത്രാപ്പോലീത്തന്‍ ട്രസ്റ്റി നിലപാട് വ്യക്തമാക്കി. അറസ്റ്റ് കലക്ടര്‍ കൂടി എത്തിയശേഷമെന്നാണ് സൂചന. ശ്രേഷ്ഠ കാതോലിക്കയും മെത്രാപ്പോലീത്തമാരും ഉള്‍പ്പെടെ പള്ളിയില്‍ തുടരുകയാണ്.

വന്‍ പൊലീസ് സന്നാഹം പിറവം പള്ളി വളപ്പിലേക്ക് കടന്നു. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പള്ളിയിലുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള പൊലീസിന്റെ നടപടി. പളളിക്കുളളിലുളള ശ്രേഷ്ഠ കാതോലിക്കയും മെത്രാപ്പോലീത്തമാരും ഉള്‍പെടെയുളള യാക്കോബായ സഭ വിശ്വാസികളെ പൊലീസ് ഹൈക്കോടതി നിര്‍ദേശം അറിയിച്ചു. സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.

ഉച്ചയ്ക്ക് ഒന്നേമുക്കാലിന് നടപടിയെക്കുറിച്ച് അറിയിക്കാനും കോടതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പള്ളിയില്‍ നിന്ന് സ്വയം ഇറങ്ങിപ്പോവില്ലെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത വ്യക്തമാക്കി. സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവണമെന്നാണ് ആവശ്യപ്പെടുന്നത്. വിശ്വാസിസമൂഹത്തിന്റെ വേദന നീതിപീഠം കണ്ടില്ലെന്ന് നടിക്കരുത്.

പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പരിമിതി ബോധ്യമുണ്ട്. ആദ്യം മെത്രാപ്പോലീത്തമാരെ അറസ്റ്റ് ചെയ്യട്ടെയെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.

തുടർന്ന് നടന്ന നാടകീയരംഗങ്ങള്‍ക്കും കടുത്ത ബലപ്രയോഗത്തിനുശേഷം അറസ്റ്റ്. സമാധാനപരമായി അറസ്റ്റ് വരിക്കുമെന്ന് യാക്കോബായസഭ നേതൃത്വം വ്യക്തമാക്കി. കലക്ടറുമായുള്ള ചര്‍ച്ചയ്ക്കുശേഷം മെത്രാപ്പോലീത്തമാര്‍ സ്വയം അറസ്റ്റ് വരിച്ചു. പ്രതിഷേധത്തിന് മുന്നില്‍ നിന്ന ചിലരെ നേരത്തെ അറസ്റ്റ് ചെയ്തുനീക്കി. പള്ളിയുടെ ഗേറ്റ് വന്‍ പ്രതിഷേധത്തിനിടെ പൊലീസ് മുറിച്ചുമാറ്റി. വിശ്വാസികളെ ശാന്തരാക്കാന്‍ മെത്രാപ്പോലീത്തമാരുടെ ശ്രമം തുടരുകയാണ്. ശ്രേഷ്ഠ കാതോലിക്കയും മെത്രാപ്പോലീത്തമാരും ഉള്‍പ്പെടെ പള്ളിയില്‍. വിധി നടപ്പാക്കാന്‍ ഹൈക്കോടതി അനുവദിച്ചത് ഇന്ന് 1.45 വരെയാണ്. യാക്കോബായ സഭാ നേതൃത്വവുമായി കലക്ടര്‍ എസ്.സുഹാസ് ചര്‍ച്ച നടത്തിയിരുന്നു.

പള്ളിയില്‍ കൂട്ടമണിയടിച്ചായിരുന്നു യാക്കോബായ സഭയുടെ പ്രതിഷേധം. അറസ്റ്റ് ചെയ്യട്ടെയെന്നും സ്വയം ഇറങ്ങില്ലെന്നും മെത്രാപ്പോലീത്തന്‍ ട്രസ്റ്റി നിലപാട് വ്യക്തമാക്കിയിരുന്നു. ശ്രേഷ്ഠ കാതോലിക്കയും മെത്രാപ്പോലീത്തമാരും ഉള്‍പ്പെടെ പള്ളിയില്‍ തുടരുകയാണ്.

റെയില്‍വേ ട്രാക്കില്‍ പരിശോധനക്കിടെ ബ്രിഡ്ജസ് വിഭാഗം ജീവനക്കാരായ രണ്ടുപേര്‍ ട്രെയിനിടിച്ച് മരിച്ചു. കൊല്ലം ചന്ദനത്തോപ്പ് സ്വദേശി മധുസുതനന്‍(60), രാജസ്ഥാന്‍ സ്വദേശി ജഗ്മോഹന്‍ മീണ എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരത്തിന് സമീപം തമിഴ്നാട് അതിര്‍ത്തിയായ കുഴിത്തുറയിലാണ് അപകടം. കായലിന് മുകളിലൂടെയുള്ള ട്രാക്ക് പരിശോധിക്കുന്നതിനിടെ ട്രെയിന്‍ എത്തുന്നത് കണ്ടു മധുസൂതനന്‍ കായിലേക്ക് ചാടിയെങ്കിലും മുങ്ങി മരിക്കുകയായിരുന്നു. എന്നാല്‍ ട്രയിനിടിച്ച ജഗ്മോഹന്‍ മീണതല്‍ക്ഷണം മരിച്ചു.

റയില്‍വേയില്‍ നിന്നും വിരമിച്ച മധുസൂതനന്‍ പിന്നീട് കരാര്‍ ജീവനക്കാരനായി ചുമതലയേല്‍ക്കുകയായിരുന്നു. വിരമിച്ച ദിവസം റയില്‍വേ ബ്രിഡ്ജസ് വിഭാഗം ഓഫീസില്‍ കല്‍ക്കരി ട്രെയിന്‍ എഞ്ചിന്റെ മാതൃക നിര്‍മിച്ച് റയില്‍വേക്ക് സമ്മാനിക്കുകയും ചെയ്തിരുന്നു. മൂന്നുമാസത്തിന് മുമ്പ് മൂത്തമകന്‍ അഖില്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. വല്‍സലകുമാരിയാണ് ഭാര്യ അനന്ദുവാണ് മകന്‍.

തിരുവല്ല ബഥേല്‍പ്പടിയിലെ വൃദ്ധന്‍റെ ദുരൂഹമരണം കൊലപാതകമെന്ന് ബന്ധുക്കളും നാട്ടുകാരും. സംഭവത്തിന് പിന്നില്‍, മരിച്ചയാളുടെ സ്വന്തം മകനാണെന്നാണ് ഉയരുന്ന ആരോപണം. പിതാവിന്‍റെ മരണാനന്തര ചടങ്ങുകളില്‍പോലും സംബന്ധിക്കാത്ത മകനെതിരെ സമഗ്രാന്വേഷണം വേണമെന്നാണ് ആവശ്യം. പൊലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെടുന്ന നാട്ടുകാര്‍ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. തിരുവല്ല ബഥേല്‍പ്പടി കരിഞ്ഞാലിക്കുളത്തില്‍ വീട്ടില്‍ വിമലന്‍ സ്വയം ജീവനൊടുക്കിയെന്ന് ഇപ്പോഴും ഈ നാട്ടുകാര്‍ക്കോ വീട്ടുകാര്‍ക്കോ വിശ്വസിക്കാനാകുന്നില്ല. അതിന് കാരണങ്ങള്‍ പലതാണ് ഇവര്‍ നിരത്തുന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് അറുപത്തിയെട്ടുകാരനായ വിമലനെ സ്വന്തം വീട്ടിലെ കിണറിനുള്ളില്‍, മരിച്ചനിലയില്‍ കണ്ടെത്തിയത്. കിണറിന്‍റെ തൂണിനോ‌ട്ചേര്‍ന്ന്, സ്വന്തം ലുങ്കിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. എന്നാല്‍, സംശയങ്ങള്‍ നിരവധി ബാക്കിയാക്കുന്ന, ഒരു ദുരൂഹമരണമായി അവശേഷിക്കുകയാണിത്. സംഭവം ആത്മഹത്യയല്ലെന്നും, കൊലപാതകമാണെന്നുമാണ് ഉയരുന്ന ആരോപണം. വീട്ടില്‍നിന്ന് മാറിതാമസിക്കുന്ന മകന്‍ വിബിനാണ് പിന്നിലെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. നേരത്തെ, വിദേശത്തായിരുന്ന സമയത്ത് വിബിന്‍, സഹോദരിയുടെ കല്യാണത്തിനും, വീട്ടുചെലവിനുമായി അയച്ചുകൊടുത്ത പണം മുഴുവന്‍ തിരികെവേണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നതായി വിബിന്‍റെ അമ്മ പറഞ്ഞു. എന്നാല്‍ അത് നല്‍കാനാകാത്തതില്‍ മാതാപിതാക്കളോട് മകന്‍ വൈരാഗ്യം കാട്ടിയിരുന്നു. പ്രത്യേകിച്ച് മാതാവിനോട്. മുന്‍പ് പലതവണ മകന്‍ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും, പ്രാണഭയത്താല്‍ സംഭവദിവസം അയല്‍വീട്ടിലാണ് ഉറങ്ങിയതെന്നും അവര്‍ വ്യക്തമാക്കുന്നു. തന്നെ തേടിയെത്തിയ മകന്‍ സ്വന്തംപിതാവിനെ വകവരുത്തിയതാണെന്ന് ഈ അമ്മ ഉറച്ചുവിശ്വസിക്കുന്നു.

സമാനമാണ് മറ്റുളളവരുടേയും പ്രതികരണം. ബഥേല്‍പ്പടിയില്‍ വിമലന്‍ വര്‍ഷങ്ങളായിനടത്തുന്ന കടയിലേക്ക് തലേദിവസം വില്‍പനയ്ക്കായി സാധനങ്ങള്‍വാങ്ങി വച്ചിട്ട് അന്നുരാത്രി എങ്ങനെ ജീവനൊടുക്കും?. ആരുമില്ലെങ്കിലും മറ്റ് രണ്ട് പെണ്‍മക്കള്‍ക്ക് താനുണ്ടാകുമെന്ന് ഇടയ്ക്കിടെ പറഞ്ഞിരുന്ന വിമലന്‍ ഒറ്റരാത്രികൊണ്ട് ജീവിതം അവസാനിപ്പാക്കാന്‍ തയ്യാറാകുമോ? കിണറിന്‍റെ തൂണില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൂടിയായി ഇരുമ്പുവല ഉപയോഗിച്ചിരുന്നെങ്കിലും മൃതദേഹം കണ്ടെത്തുമ്പോള്‍ അത് മാറ്റിയിരുന്നില്ല. ഇരുമ്പുവലയില്‍ ദ്വാരമുളള ഭാഗത്തുകൂടി ഇറങ്ങി വശത്തേക്ക് മാറി, കഴുത്തില്‍ കുരുക്കിടാന്‍ അറുപത്തിയെട്ടുകാരനായ വിമലന് സാധിക്കില്ലെന്നും ബന്ധുക്കള്‍പറയുന്നു.

പിതാവ് മരിച്ച് ദിവസങ്ങള്‍പിന്നിട്ടിട്ടും വീട്ടിലെത്താന്‍ വിബിന്‍ കൂട്ടാക്കിയിട്ടില്ല. ഇതും സംശയത്തിന് കാരണമാണ്. സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെടുന്ന വീട്ടുകാര്‍ക്കൊപ്പം, ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് നാട്ടുകാരും ഒപ്പമുണ്ട്. വിമലന്‍റേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായി കാട്ടിയുളള പരാതിക്കുമേല്‍ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നും, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലിസെന്നും അവര്‍ ആരോപിക്കുന്നു. ‌

പാനീയം നല്‍കി കോഴിക്കോട് നഗരത്തില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എന്‍ഐഎ കേസെടുത്തു. വിദ്യാര്‍ഥിനിയെ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ അറസ്റ്റിലായ നടുവണ്ണൂര്‍ സ്വദേശി മുഹമ്മദ് ജാസിമിനെ റിമാന്‍ഡ് ചെയ്തു.

19 കാരനാണ് പ്രതിയായ മുഹമ്മദ് ജാസിം. കോഴിക്കോട്ടെ പ്രമുഖ പാര്‍ക്കില്‍ ലഹരി കലര്‍ന്ന പാനീയം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ജാസിം അറസ്റ്റിലായത്. തുടര്‍ന്ന് മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. പണവും സ്വര്‍ണവും കൈക്കലാക്കി. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് മതംമാറ്റാന്‍ നിര്‍ബന്ധിച്ചുവെന്ന പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് എന്‍ഐഎ അന്വേഷണം തുടങ്ങിയത്. ഫോണില്‍ വിളിച്ച് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു.

നഗരത്തില്‍ സി.എയ്ക്ക് പഠിക്കാനെത്തിയ പെണ്‍കുട്ടിയെയാണ് കെണിയില്‍ കുടുക്കിയത്. പീഡനത്തിന് ശേഷം പെണ്‍കുട്ടി മാനസിക പ്രശ്നങ്ങളില്‍ അകപ്പെട്ടു. തുടര്‍ന്ന് കൗണ്‍സിലിങ്ങിന് ശേഷം തിരിച്ച് ഹോസ്റ്റലില്‍ എത്തിയപ്പോള്‍ ജാസിം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്നും പരാതിയുണ്ട്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്.

മസ്‌കറ്റില്‍നിന്ന് അവധിക്കായി നാട്ടിലെത്തിയ യുവാവ് മരിച്ചനിലയില്‍. ക്ഷേത്രക്കുളത്തില്‍ നിന്നാണ് പ്രവാസിയുടെ മൃതദേഹം കണ്ടെത്തിയത്. 35 വയസുകാരന്‍ സനേഷാണ് മരിച്ചത്. ഇന്നലെ രാത്രി 11 ഓടെയാണ് കണ്ണൂര്‍ കാഞ്ഞിരോട് തെരു ഗണപതി മണ്ഡപം കുളത്തില്‍ സനേഷിന്റെ കണ്ടത്.

ചൊവ്വാഴ്ച രാത്രി സനേഷ് വീട്ടില്‍ എത്താതാകുകയും നാട്ടുകാരും വീട്ടുകാരും തെരച്ചില്‍ നടത്തുകയുമായിരുന്നു. കണ്ണൂരില്‍ നിന്ന് അഗ്നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മസ്‌ക്കറ്റില്‍ ജോലിയുണ്ടായിരുന്ന സനേഷ് അവധിക്ക് നാട്ടിലെത്തിയതാണ്. ഭാര്യ മസ്‌ക്കറ്റില്‍ നഴ്‌സാണ്. ഒരു മകളും ഇവര്‍ക്കുണ്ട്.

തിരുവനന്തപുരം: പോലിസ് തലപ്പത്ത് അഴിച്ചുപണി നടത്തി ആഭ്യന്തരവകുപ്പ്. ടോമിന്‍ ജെ തച്ചങ്കരിയെ ക്രൈംബ്രാഞ്ച് എഡിജിപിയായി നിയമിച്ചു. ആംഡ് പോലിസ് ബറ്റാലിയന്റെ ചുമതല തച്ചങ്കരി തുടര്‍ന്നും നിര്‍വഹിക്കും.

എസ്പിമാരായ ചൈത്ര തെരേസ ജോണിനും ദിവ്യ ഗോപിനാഥിനും സ്ഥാനമാറ്റമുണ്ട്. എസ്പി ചൈത്ര തെരേസയെ റിസർവ് ബറ്റാലിയൻ കമാണ്ടൻറായി നിയമിച്ചു. എസ്പി ഡോ. ദിവ്യ ഗോപിനാഥിന് വനിതാ ബറ്റാലിയന്‍റെ ചുമതല നൽകി.

കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മുഹമ്മദ് ഹനീഷിനെയും മാറ്റി. തൊഴില്‍ നൈപുണ്യംവകുപ്പ് സെക്രട്ടറിയായാണ് പുതിയ നിയമനം. നികുതി എക്‌സൈ സെക്രട്ടറിയുടെ അധികചുമതലയുമുണ്ട്.

കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിയെത്തിയ അല്‍ക്കേഷ് കുമാര്‍ ശര്‍മ്മയെ കൊച്ചി മെട്രോ എംഡിയായി നിയമിച്ചു. കൊച്ചി -ബംഗല്ലൂരി വ്യവസായ ഇടനാഴിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും. ദേവികുളം സബ കളക്ടറായിരുന്ന വി.ആര്‍.രേണുരാജനെ പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായ നിയമിച്ചു.

മരട് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തു. നാല് നിര്‍മ്മാണക്കമ്പനികളുടെ ഉടമകളെ പ്രതി ചേര്‍ത്ത് മരട്, പനങ്ങാട് എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തിരിക്കുന്നത്. ആല്‍ഫാ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത്, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ നിര്‍മ്മാണക്കമ്പനികളാണ് കേസിലെ പ്രതികള്‍.

നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി ഉടമകള്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായുള്ള കര്‍മ്മപദ്ധതി ചീഫ് സെക്രട്ടറി മന്ത്രിസഭായോഗത്തെ അറിയിച്ചു. ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ തദ്ദേശ സ്വയംഭരണവകുപ്പ് ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ വിദഗ്ധരുടെ സഹായം തേടിയതായി നഗരസഭ സെക്രട്ടറിയായി ചുമതലേയറ്റ സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംങ് അറിയിച്ചു.

ഫ്ളാറ്റ് സമുച്ചയങ്ങള്‍ ഒക്ടോബര്‍ നാലിന് പൊളിച്ചുതുടങ്ങുമെന്ന് നഗരസഭ. 60 ദിവസത്തിനകം പൂര്‍ത്തിയാക്കും. ചീഫ് എന്‍ജിനിയര്‍ നല്‍കിയ രൂപരേഖ ചെറിയ ഭേദഗതികളോടെ നഗരസഭാ സെക്രട്ടറി സര്‍ക്കാരിന് നല്‍കും. ഇതാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലത്തിനൊപ്പം നല്‍കുക.

നാല് ഫ്‌ളാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും മൂന്ന് ദിവസത്തിനകം വിച്ഛേദിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് നഗരസഭ കെ.എസ്.ഇ.ബിക്കും വാട്ടര്‍ അതോറിറ്റിക്കും കത്ത് നല്‍കിയിരുന്നു. ഇവിടേക്കുള്ള പാചകവാതക വിതരണം നിര്‍ത്തിവെക്കാന്‍ വിതരണക്കമ്പനികളോടും ആവശ്യപ്പെടും.

ഫ്‌ളാറ്റ് പൊളിക്കലിന് ഫോര്‍ട്ട് കൊച്ചി സബ് കളക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാറിനാണ് ചുമതല. പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിനും പകരം താമസ സൗകര്യം ഒരുക്കുന്നതിനും ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതും ഉള്‍പ്പടെയുള്ള ചുമതലകള്‍ സ്‌നേഹില്‍ കുമാര്‍ ഐഎഎസിനായിരിക്കും.

അതേസമയം ഫ്ലാറ്റ് പൊളിക്കുന്നതിനെതിരെ ശക്തമായ സമരം നടത്താനൊരുങ്ങുകയാണ് ഫ്ലാറ്റ് ഉടമകൾ. പുനരധിവാസം ഉറപ്പാക്കാതെ കുടിയൊഴിപ്പിക്കാനുള്ള ശ്രമം എന്ത് വില കൊടുത്തും എതിർക്കുമെന്ന് ഫ്ലാറ്റ് ഉടമകൾ വ്യക്തമാക്കി.

ഇംഗ്ലണ്ടിൽ നഴ്സ് ജോലി വാഗ്ദാനം ചെയ്ത് 68 േപരിൽ നിന്നായി 2.18 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ കാസർകോട് ആവിക്കര പൊക്കണ്ടത്തിൽ വീട്ടിൽ മാർഗരറ്റ് മേരി അലക്കോക്കിനെ (43) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ധ്യാനകേന്ദ്രങ്ങളിലെ പ്രാർഥനാ കൂട്ടായ്മകളിൽ പങ്കെടുക്കുന്നവരുടെ, കാഞ്ഞങ്ങാട്ടെ ഒരു വാട്സാപ് ഗ്രൂപ്പിലൂടെയാണു പരാതിക്കാർ പ്രതിയെ പരിചയപ്പെട്ടതെന്നു പൊലീസ് പറഞ്ഞു.

പ്രാർഥനയ്ക്കു നേതൃത്വം നൽകുന്ന ജിമ്മി, ബിജു എന്നിവരും തട്ടിപ്പിനു കൂട്ടുനിന്നു. 1.5 ലക്ഷം രൂപ മുതൽ ഏഴു ലക്ഷം രൂപ വരെ ഇവർക്കു നൽകിയവരുണ്ട്. അഞ്ചു തമിഴ്നാട്ടുകാരും വഞ്ചിക്കപ്പെട്ടവരിലുണ്ട്. മഞ്ജു എന്നാണു മാർഗരറ്റ് മേരി അപേക്ഷകരോടു പേരു പറഞ്ഞത്.

കഴിഞ്ഞദിവസം രവിപുരത്തെ വീസ അറ്റസ്റ്റേഷൻ കേന്ദ്രത്തിനു സമീപത്തെത്തി 55,000 രൂപ നേരിട്ടു കൈമാറാൻ ഇവർ അപേക്ഷകരോട് ആവശ്യപ്പെട്ടിരുന്നു. 40 പേർ തുക നൽകി. മാർഗരറ്റ് പണം വാങ്ങി, ഒരു ഓട്ടോറിക്ഷക്കാരനെ ഏൽപിച്ചു. സംശയം തോന്നിയ അപേക്ഷകർ, മാർഗരറ്റിനെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തുകയും പരാതി നൽകുകയുമായിരുന്നു.

നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ അരൂരില്‍ മനു സി.പുളിക്കല്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകും. സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിലാണ് തീരുമാനം. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ് മനു. വെള്ളിയാഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനം.

സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു സെക്രട്ടേറിയറ്റ് യോഗം. നിലവിൽ ഫിഷറീസ് സർവകലാശാല ജനറൽ കൗൺസിലിലും യുവജനക്ഷേമ ബോർഡിലും അംഗമാണ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ മനു മുൻപ് ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കടുത്തത്രികോണ മല്‍സരം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ മേയര്‍ വി.കെ.പ്രശാന്താണ് സ്ഥാനാര്‍ഥി. മണ്ഡലത്തിന്റെ ചുമതലയുള്ള ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രഖ്യാപിച്ച പേര് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു.

കോന്നിയിലേക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് ജില്ലാ സെക്രട്ടേറിയറ്റിന്റെ പരിഗണനയ്ക്കായി ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ജനീഷ്കുമാറിന്റെ പേര് മാത്രമാണ് നല്‍കിയിരുന്നത്. എന്നാല്‍ എം.എസ് രാജേന്ദ്രന്റെ പേരുകൂടി സെക്രട്ടേറിയറ്റ് ചര്‍ച്ചയ്ക്കെടുത്തു. എതിര്‍പ്പുകള്‍ ഉണ്ടായതോടെ അന്തിമമായി ജനീഷ്കുമാറിന് നറുക്കുവീണു. പൊതുസ്വതന്ത്രനെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ച എറണാകുളത്ത് മാധ്യമപ്രവര്‍ത്തകന്‍ കെ.എം.റോയിയുടെ മകന്‍ മനു റോയി സ്ഥാാര്‍ഥിയാകും.

2006ല്‍ മഞ്ചേശ്വരത്തുനിന്ന് എം.എല്‍.എയായ സി.എച്ച്.കുഞ്ഞമ്പുവിനെ വീണ്ടും പോരിനിറക്കാന്‍ കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. രണ്ടായിരത്തിയാറിലേതിന് സമാനമായ സാഹചര്യമാണ് മഞ്ചേശ്വരത്ത് നിലനില്‍ക്കുന്നതെന്ന് സി.എച്ച്. കുഞ്ഞമ്പു മനോരമ ന്യൂസിനോട് പറഞ്ഞു. ഞായറും തിങ്കളുമായി നടക്കുന്ന മണ്ഡലം കണ്‍വന്‍ഷനുകളോടെ എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് പ്രചാരണത്തിന് തുടക്കമാകും.

അതേസമയം അരൂരില്‍ അഡ്വ. എസ്. രാജേഷിന്റെ പേരാണ് കോൺഗ്രസ് പരിഗണിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മല്‍സരിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടികയായി. വട്ടിയൂര്‍ക്കാവില്‍ എന്‍. പീതാംബരക്കുറുപ്പും കോന്നിയില്‍ റോബിന്‍ പീറ്ററും സ്ഥാനാര്‍ഥികളാകും. ടി.ജെ. വിനോദാണ് എറണാകുളത്തെ സ്ഥാനാര്‍ഥി. സംസ്ഥാന നേതൃത്വം തയാറാക്കിയ പട്ടിക അന്തിമ തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡിന് കൈമാറും.

കൊച്ചി ഇടപ്പള്ളി അമൃത ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി വയോള റസ്‌തോഗി ആണ് മരിച്ചത്. ഡൽഹി സ്വദേശിനിയാണ്. പരീക്ഷക്ക് മാർക്ക് കുറഞ്ഞതാണ് ആത്മഹത്യാ കാരണമെന്നാണ് പ്രാഥമിക വിവരം.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കോളേജിലെ സി ബ്ലോക്ക് കെട്ടിടത്തിലെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടിയാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി വയോള റസ്‌തോഗി ഒന്നാം വർഷ പരീക്ഷയിൽ രണ് വിഷയങ്ങൾക്ക് തോറ്റിരുന്നു. പിന്നീട് ഇന്ന് റിവാല്യൂവേഷൻ ഫലം പുറത്തുവന്നപ്പോഴും മാർക്കിൽ വ്യത്യാസം ഉണ്ടായില്ല. ഇതിന്റെ മനോവിഷമത്തിൽ പെൺകുട്ടി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു എന്നാൽ കോളേജ് മാനേജ്‌മെന്റ് നൽകുന്ന വിശദീകരണം.

സംഭവത്തിൽ ചേരാനല്ലൂർ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ പരീക്ഷക്ക് മാർക്ക് കുറഞ്ഞതാണ് ആത്മഹത്യാ കാരണമെന്നും മറ്റു ദുരൂഹതയില്ലെന്നുമാണ് പൊലീസ് നൽകുന്ന വിവരം. മൃതദേഹം അമൃത ആശുപത്രിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഡൽഹിയിൽ നിന്ന് ബന്ധുക്കൾ എത്തിയ ഉടൻ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടു പോകും.

RECENT POSTS
Copyright © . All rights reserved