Kerala

യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്. ഐ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. കോളജ് വിദ്യാഭ്യാസ ഡയറക്ടറോടാണ് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം, വിദ്യാര്‍ഥിക്ക് കുത്തേല്‍ക്കുന്നതിലേക്ക് നയിച്ച കാര്യങ്ങള്‍ , തുടര്‍ സംഭവങ്ങള്‍ എന്നിവ അന്വേഷിച്ച ശേഷമാകണം റിപ്പോര്‍ട്ട് നല്‍കേണ്ടതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഒാഫീസ് നിര്‍ദ്ദേശിച്ചു. കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഹരിതാ വി.കുമാര്‍ അവധിയിലാണ്. അഡിഷണല്‍ ഡയറക്ടര്‍ കെ.കെ.സുമയാവും അന്വേഷണം നടത്തുക.

എസ്.എഫ്.ഐയ്ക്കെതിരെ എ.ഐ.എസ്.എഫ് രംഗത്ത്. യൂണിവേഴ്സിറ്റി കോളജ് കൊടുംക്രിമിനലുകളുടെ താവളമായെന്ന് എ.ഐ.എസ്.എഫ് കുറ്റപ്പെടുത്തി. സാമൂഹ്യവിരുദ്ധര്‍ കോളജില്‍ അഴിഞ്ഞാടുന്നു. വിദ്യാര്‍ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണം. ഏകസംഘടനാവാദത്തിന്‍റെ അനന്തരഫലമാണ് ഇപ്പോഴത്തെ സംഭവമെന്നും അവര്‍ കുറ്റപ്പെടുത്തി.

യൂണിേവഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രിന്‍സിപ്പലിന് പരാതി നല്‍കാനെത്തിയ കെ.എസ്.യുക്കാരെ പൊലീസ് തടഞ്ഞു. കോളജ് കവാടത്തിന് മുന്നില്‍ കുത്തിയിരുന്ന ഇവരെ അറസ്റ്റു ചെയ്യാനുള്ള നീക്കം നേരിയസംഘര്‍ഷത്തില്‍ കലാശിച്ചു. തൊട്ടുപിന്നാലെ എം.എസ്.എഫ്,എ.ബി.വി.പി പ്രവര്‍ത്തകരും എത്തിയതോടെ പ്രതിഷേധം കൂടുതല്‍ ശക്തമായി. ഒടുവില്‍ പൊലീസ് ബലം പ്രയോഗിച്ച് എല്ലാവരേയും നീക്കി.

ഇന്ന് കാമ്പസില്‍ നടന്നത്

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ നേതാക്കളും അനുഭാവികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ വിദ്യാര്‍ഥിക്ക് നെഞ്ചില്‍ കുത്തേറ്റു. ഡിഗ്രി വിദ്യാര്‍ഥിയെ കുത്തിയ യൂണിറ്റ് പ്രസിഡന്റിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. യൂണിറ്റ് പ്രസിഡന്റ് നസീം ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെയാണ് കേസ്. പൊലീസുകാരെ മര്‍ദിച്ച കേസില്‍ പ്രതിയാണ് നസീം.

യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ പുറമെ നിന്ന് ഗുണ്ടകളെ വിളിപ്പിച്ചായിരുന്നു ആക്രമണമെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. നേതാക്കളുടെ അതിക്രമത്തിനെതിരെ പൊട്ടിത്തെറിച്ച് പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.

ക്യാംപസിലെ മരച്ചുവട്ടില്‍ ഇരുന്ന് മൂന്നാം വര്‍ഷ ബി.എ വിദ്യാര്‍ഥികളില്‍ ചിലര്‍ പാട്ടുപാടി. ഇത് എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. സഹപാഠിയുടെ നെഞ്ചത്ത് കത്തി കുത്തിയിറക്കിയ പ്രതികാരത്തിന്റെ കാരണം ഇതാണ്.

മൂന്നാം വര്‍ഷ ബി.എ പൊളിറ്റിക്സ് വിദ്യാര്‍ഥി അഖില്‍ ചന്ദ്രനാണ് കുത്തേറ്റ് മെഡിക്കല്‍ കോളജില്‍ കഴിയുന്നത്. പാട്ടുപാടിയതിന്റെ പേരില്‍ അറബിക് വിദ്യാര്‍ഥി ഉമയറിനെ ആക്രമിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു കത്തിക്കുത്തിലെത്തിയത്.

കുത്തേറ്റ അഖിലും മര്‍ദനമേറ്റ വിദ്യാര്‍ഥികളുമെല്ലാം എസ്.എഫ്.ഐ പ്രവര്‍ത്തകരാണ്. ഇതോടെ നേതാക്കളുടെ അതിക്രമത്തില്‍ മനംമടുത്ത വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിലേക്കും കോളജിലേക്കും മാര്‍ച്ച് നടത്തി.

ഒരുമണിക്കൂറിലേറെ നീണ്ട പരസ്യപ്രതിഷേധത്തിനൊടുവില്‍ എസ്.എഫ്.ഐ ജില്ലാ നേതാക്കളെത്തി അനുനയിപ്പിച്ച് വിദ്യാര്‍ഥികളെ ക്യാംപിസില്‍ കയറ്റിയെങ്കിലും യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാതെ വഴങ്ങില്ലെന്ന് വിദ്യാര്‍ഥികള്‍ നിലാപെടെടുത്തി. യൂണിയന്‍ കമ്മിറ്റി ഓഫീസ് പിടിച്ചെടുക്കാനും ശ്രമിച്ചതോടെ ക്യാംപസിനുള്ളില്‍ വീണ്ടും നേതാക്കളും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷമായി.

ഒടുവില്‍ പ്രശ്നം ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായിമാധ്യമങ്ങളെ ക്യാംപസില്‍ നിന്നൊഴിവാക്കാനായി എസ്.എഫ്.ഐയുടെ ശ്രമം. അതുവരെ വിഷയത്തിലിടപെടാതിരുന്ന പ്രിന്‍സിപ്പല്‍ ഇതിനായി നേരിട്ടെത്തി. എന്നാല്‍ സ്വന്തം വിദ്യാര്‍ഥിക്ക് കുത്തേറ്റ സാഹചര്യം അപ്പോഴും അദേഹം അറിഞ്ഞിരുന്നില്ല.

എന്നാല്‍ പ്രതികളായ എസ്.എഫ്.ഐ നേതാക്കളുടെ പേര് സഹിതം മുന്നൂറ് വിദ്യാര്‍ഥികള്‍ ഒപ്പിട്ട പരാതി നല്‍കിയതോടെ പ്രിന്‍സിപ്പലും എസ്.എഫ്.ഐയും വീണ്ടും പ്രതിരോധത്തിലായി.

കൂടെ നില്‍ക്കുന്നവരെപ്പോലും കുത്തിവീഴ്ത്തി യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.െഎ

അടിമകളായില്ലെങ്കില്‍ കൂടെ നില്‍ക്കുന്നവരെപ്പോലും കുത്തിവീഴ്ത്തും യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.െഎ നേതാക്കള്‍. പ്രസ്ഥാനത്തിന് വേണ്ടി ദിവസങ്ങളോളം നിരാഹാരം രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ ഉമൈറിനെ കഴിഞ്ഞവര്‍ഷം നേതാക്കള്‍ അതിക്രൂരമായി തല്ലിച്ചതച്ചു. ഇതേ നേതാക്കള്‍ തന്നെയാണ് ഇന്ന് പാട്ടുപാടിയതിന്റ പേരില്‍ ഉമൈറിനെ വീണ്ടും മര്‍ദിച്ചത്.

എസ്.എഫ്.െഎയ്ക്കുവേണ്ടി രാപ്പകലില്ലാതെ പ്രവര്‍ത്തിച്ച ഉമൈറിന് യൂണിവേഴ്സിറ്റി കോളജിലെ നേതാക്കള്‍ കഴിഞ്ഞവര്‍ഷം സമ്മാനിച്ചതാണിത്. ക്രൂരമായ മര്‍ദനമേറ്റ് ദേഹമാസകലം മുറിഞ്ഞു. നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ ഉമൈര്‍ പതിനഞ്ച് ദിവസത്തോളം ആശുപത്രിയില്‍ കിടന്നു.

സി.പി.എം ജില്ലാ കമ്മിറ്റിയില്‍പോയി മാതാപിതാക്കള്‍ പരാതി പറഞ്ഞു. യൂണിയന്‍ പ്രവര്‍ത്തനത്തിന് ഇനി മകനെ വിളിക്കരുതെന്ന് അപേക്ഷിച്ചു. പൊലീസില്‍ പരാതിപ്പെടാതിരിക്കാന്‍ ചികില്‍സയ്ക്കായി കുറച്ച് പണം കൊടുത്ത് പാര്‍ട്ടി പ്രശ്നം ഒതുക്കി. അതേ എസ്.എഫ്.െഎ നേതാക്കള്‍ തന്നെയാണ് ഇത്തവണയും ഉമൈറിനെ മര്‍ദിച്ചത്.

ഇത്തവണ ഉമൈറും കൂട്ടുകാരും വെറുതെയിരുന്നില്ല.നേതാക്കളുടെ ഗുണ്ടായിസത്തിനെതിരെ പരസ്യമായി തെരുവിലിറങ്ങി.

ആലുവ കീഴ്മാട് കീരൻകുന്ന് ഭാഗത്ത് വീടുകളുടെ വരാന്തയിലും പരിസരങ്ങളിലും രക്തം കണ്ടത് പരിഭ്രാന്തി പരത്തി . എട്ടോളം വീടുകളിലാണ് രക്തതുള്ളികൾ കണ്ടത്. വലിയ മൃഗത്തിന്റേതെന്ന് തോന്നിക്കുന്ന കാൽപാടുകളും ചില ഭാഗത്ത് കണ്ടു.

പുലർച്ചെ വീട് തുറന്ന് പുറത്തിറങ്ങിയ നാട്ടുകാരെ ഞെട്ടിക്കുന്നതായിരുന്നു ഈ ചോര പാടുകൾ. വീടുകളുടെ വരാന്തയിലും മുറ്റത്തുമെല്ലാം രക്തം നിൽക്കുന്നു. റോഡിലും രക്തം വാർന്നുപോയ പാടുകൾ കണ്ടതോടെ പരിഭ്രാന്തരായ നാട്ടുകാർ പൊലീസിനെ വിളിച്ചു.

ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിൽ സമീപത്തെ ചെറിയ ചവറുകൂനയിൽ നിന്ന് ഒരു മൊബൈൽ ഫോണും കണ്ടെത്തിയതോടെ ദുരൂഹത വർധിച്ചു. സിം കാർഡ് ഇടുന്ന ഭാഗത്ത് നിന്ന് കാർഡ് എടുത്ത് ബാറ്ററിക്കൊപ്പം ഫോണിനകത്ത് തന്നെ വച്ച നിലയിലായിരുന്നു ഫോണിൽ ഇട്ടുനോക്കിയപ്പോൾ ബുധനാഴ്ച രാത്രി ഒരു നമ്പറിൽ നിന്ന് മാത്രം 28 ഓളം മിസ്ഡ് കോളുകൾ വന്നതായും കണ്ടു.

പൊലീസ് അന്വേഷണം ഊർജിതം ആക്കി. രക്ത സാമ്പിൾ പരിശോധനക്ക് അയച്ചു. വലിയ മൃഗത്തിന്റേതെന്ന് തോന്നിക്കുന്ന കാൽപാടുകളും ചില ഭാഗത്ത് കണ്ടു. മുറിവേറ്റ നായയുടേതാകാം രക്തം എന്ന പ്രാഥമിക നിഗമനത്തിൽ ആണ് പൊലീസ്

ബിജെപിയുടെ മെമ്പര്‍ഷിപ്പ് ക്യാംപെയിന്റെ ഭാഗമായി ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ച് പ്രത്യേക ടീം. മുസ്‍ലിം ലീഗ് സ്ഥാപകനേതാക്കളിലൊരാളായ സെയ്ദ് ബാഫഖി തങ്ങളുടെ കുടുംബവും ബിെജപിയിലേക്കെന്ന് സൂചന. ബാഫഖി തങ്ങളുടെ മകന്റെ മകനും ബാഫഖി തങ്ങള്‍ ട്രസ്റ്റ് ചെയര്‍മാനുമായ സെയ്ദ് താഹ ബാഫഖി തങ്ങള്‍ ബി.ജെ.പി നേതാവ് എം.ടി രമേശുമായി കോഴിക്കോട് ചര്‍ച്ച നടത്തി.

അബ്ദുള്ളക്കുട്ടിക്ക് പിന്നാലെ പ്രമുഖന്യൂനപക്ഷ നേതാക്കളെ ലക്ഷ്യം വെച്ചാണ് ബിജെപിയുടെ നീക്കം. ലീഗിന്റെ സമുന്നതനേതാവായിരുന്ന ബാഫഖി തങ്ങളുടെ കുടുംബത്തെ തന്നെ പാര്‍ട്ടിയിെലത്തിക്കുന്നതോടെ മുസ്‍ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാനാകുെമന്നാണ് ബിജെപിയുടെ പ്രതീക്ഷ. ബാഫഖി തങ്ങളുടെ പേരമകനും ബാഫഖി തങ്ങള്‍‌ ട്രസ്റ്റ് ചെയര്‍മാനുമായ സെയ്ദ് താഹ ബാഫഖി തങ്ങള്‍ എംടി രമേശുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അദേഹം വെളിപ്പെടുത്തി.

മെമ്പര്‍ഷിപ്പ് ക്യംപെയിന്‍ അവസാനിക്കും മുമ്പ് കൂടുതല്‍ ന്യൂനപക്ഷ സമുദായ നേതാക്കള്‍ പാര്‍ട്ടിയിലെത്തുമെന്ന് സംസ്ഥാന ജനറല്‍സെക്രട്ടറി എംടി രമേശും പറയുന്നു. അനുകൂലസാഹചര്യത്തില്‍ പോലും ലോകസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒരു സീറ്റിലും ജയിക്കാന്‍ സാധിക്കാതിരുന്നത് ന്യൂനപക്ഷങ്ങള്‍ക്കിടയിലുള്ള വിരോധമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ബിജെപിയുെട ന്യൂനപക്ഷവേട്ട.

വളാഞ്ചേരിയിലെ വാടക വീട്ടിൽ ഹോംനഴ്‍സ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. വെട്ടിച്ചിറ പുന്നത്തല സ്വദേശി കരിങ്കപ്പാറ അബ്ദുൾ സലാമിനെ (36 ) ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 52 കാരിയായ പൂന്തറ സൂഫി മന്‍സിലിൽ നഫീസത്തിന്‍റെ മൃതദേഹം ഇന്നലെയാണ് വളാഞ്ചേരി വൈക്കത്തൂരിലെ വാടക വീട്ടില്‍ കണ്ടെത്തിയത്. മോഷണത്തിനിടെയായിരുന്നു കൊലപാതകമെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. അറസ്റ്റ് നാളെ രേഖപ്പെടുത്തും.

മൂന്നു ദിവസം പഴക്കം ചെന്ന നിലയിരുന്നു നഫീസത്തിന്‍റെ മൃതദേഹം. വിരലടയാള വിദഗ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വാടക വീടിന്‍റെ വാതിലുകള്‍ തുറന്നിട്ട നിലയിലായിരുന്നു. വീടിനകത്ത് ടെലിവിഷന്‍ ശബ്ദം കൂട്ടി വെച്ചിരുന്നു. 30 വര്‍ഷത്തിലധികമായി ഹോം നഴ്‌സിങ് രംഗത്തുള്ള നഫീസത്ത് മലപ്പുറത്തിന്‍റെ വിവിധ ഭാഗങ്ങളിലായി താമസിച്ച് വരികയായിരുന്നു. നാലു മാസത്തോളമായി വൈക്കത്തൂരിലായിരുന്നു താമസം.

വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീടിനകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. സ്ത്രീ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്നും സംശയിക്കുന്നു. മോഷണശ്രമത്തിനിടെയാകാം കൊലപാതകം സംഭവിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മലപ്പുറത്തുനിന്നുള്ള ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

തിരുവനന്തപുരം സ്വദേശിയായ സ്ത്രീ വര്‍ഷങ്ങളായി വളാഞ്ചേരിയിലെ വാടകവീട്ടില്‍ ഒറ്റയ്ക്കാണ് താമസം. വിവിധയിടങ്ങളില്‍ ഹോം നഴ്‌സായി ഇവര്‍ ജോലിചെയ്തിരുന്നു.

ദുബായ്: ദുബായില്‍ ബസപകടത്തില്‍ മരിച്ച 17 പേരുടെ കുടുംബംത്തിന് 2 ലക്ഷം ദിര്‍ഹം (37.25 ലക്ഷം രൂപ) വീതം സഹായധനം നല്‍കാന്‍ യുഎഇ പരമോന്നത കോടതി ഉത്തരവിട്ടു. ബസിന്റെ ഡ്രൈവറായിരുന്ന ഒമാനി പൗരന് കോടതി 7 വര്‍ഷം തടവ് വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടു കടത്താനും കോടതി ഉത്തരവിട്ടു.

ഒമാനില്‍ നിന്നും ദുബായിലേക്ക് 30 യാത്രക്കാരെ കൊണ്ട് പോയ ബസ് ജൂണ്‍ 6നാണ് അപകടത്തില്‍ പെട്ടത്. കേസില്‍ ആദ്യം ഡ്രൈവര്‍ കുറ്റം സമ്മതിച്ചിരുന്നു. വെയിൽ കൊളളാതിരിക്കാനായി ബസിനകത്തെ ബോര്‍ഡ് താഴ്ത്തിയിരുന്നതായും ഇത് കാരണം സ്റ്റീല്‍ തൂൺ കണ്ടില്ലെന്നുമാണ് ഡ്രൈവര്‍ നേരത്തെ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ സ്റ്റീല്‍ തൂൺ സ്ഥാപിച്ചതിലെ പിഴവാണ് കാരണമെന്ന് ഇദ്ദേഹം കോടതിയില്‍ നിലപാട് മാറ്റി. റോഡിലെ വേഗ പരിധി 60 കിലോമീറ്ററാണെങ്കില്‍ ഇത്തരം തൂണുകള്‍ ഉണ്ടെന്ന് കാണിക്കുന്ന ബോര്‍ഡ് 60 മീറ്റര്‍ അകലെ സ്ഥാപിച്ചിരിക്കണമെന്നാണ് ജിസിസി ചട്ടമെന്ന് അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ദുബായില്‍ അപകടം നടന്ന സ്ഥലത്തിന് 12 മീറ്റര്‍ മാത്രം അകലെയാണ് മുന്നറിയിപ്പ് ബോര്‍ഡുണ്ടായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിന് പുറമെ ഇത്തരം തൂണുകള്‍ കോണ്‍ക്രീറ്റ് കൊണ്ടോ സമാന സ്വഭാവത്തിലുള്ള വസ്തുക്കള്‍ കൊണ്ടോ ആയിരിക്കണമെന്നും സ്റ്റീല്‍ കൊണ്ടാവാന്‍ പാടില്ലെന്നുമാണ് ചട്ടം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയില്‍ നിന്നുള്ള വിദഗ്ധരുടെ സംഘത്തെ നിയോഗിച്ച് അപകട സ്ഥലവും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് തേടണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

അതേസമയം, റോഡില്‍ രണ്ട് മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉണ്ടായിരുന്നെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. തൂണ്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത് നിന്ന് 342 മീറ്റര്‍ അകലെതന്നെ ആദ്യ ബോർഡ് സ്ഥാപിച്ചിരുന്നു. വാഹനങ്ങളുടെ ഉയരം സംബന്ധിച്ച നിര്‍ദേശങ്ങള്‍ അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ തൂണിന് തൊട്ടടുത്ത് മറ്റൊരു ബോര്‍ഡ് കൂടി സ്ഥാപിച്ചിട്ടുണ്ടായിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

അപകടത്തിൽ മരിച്ച 17 പേരിൽ 12 പേര്‍ ഇന്ത്യക്കാരാണ്. തൃശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍ (47), തിരുവനന്തപുരം സ്വദേശി ദീപകുമാര്‍ (40), കോട്ടയം പാമ്പാടി സ്വദേശി വിമല്‍ കാര്‍ത്തികേയന്‍ (35), തലശേരി ചേറ്റംകുന്ന് സ്വദേശി എ.ടി. ഉമ്മര്‍ (65), മകന്‍ നബീല്‍ ഉമ്മര്‍ (21), വാസുദേവന്‍ വിഷ്ണുദാസ്, തൃശൂര്‍ ചെമ്പൂക്കാവ് സ്വദേശി കിരണ്‍ ജോണി (25), കണ്ണൂര്‍ മൊറാഴ സ്വദേശി രാജന്‍ (49) എന്നിവരാണു മരിച്ച മലയാളികള്‍.

ഒമാനിലെ മസ്‌കറ്റില്‍ നിന്നും ജൂണ്‍ 6ന് ദുബായിലേക്ക് വന്ന ബസാണ് യുഎഇ സമയം വൈകുന്നേരം 5.40-ന് ദുബായിലെ റാഷിദിയ മെട്രോ സ്റ്റേഷനു സമീപം അപകടത്തില്‍പെട്ടത്. ബസുകള്‍ക്കും വലിയ വാഹനങ്ങള്‍ക്കും പ്രവേശനമില്ലാത്ത റോഡില്‍ ഹൈറ്റ് ബാരിയറില്‍ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. ആകെ 31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

മരടില്‍ അനധികൃതമായി നിര്‍മ്മിച്ച അഞ്ച് ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന വിധിക്കെതിരെ നല്‍കിയ പുന:പരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചാണ് തള്ളിയില്‍. വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഉത്തരവില്‍ പറയുന്നു.

തീരദേശ നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച അഞ്ച് ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന വിധിക്കെതിരായ പുന:പ്പരിശോധന ഹര്‍ജി ഇന്നലെയാണ് കോടതി പരിഗണിച്ചത്. പുന:പരിശോധന ഹര്‍ജി സൂക്ഷ്മമായി തന്നെ പരിഗണിച്ചുവെന്നും വിധിയില്‍ ഇടപെടേണ്ട എന്തെങ്കിലും സാഹചര്യമില്ലാത്തതിനാല്‍ ഹര്‍ജി തള്ളുന്നുവെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഇതോടെ അഞ്ച് ഫ്ലാറ്റുകളും പൊളിച്ച് നീക്കേണ്ടി വരും.

ഇത് തടയാന്‍ തിരുത്തല്‍ ഹര്‍ജി നല്‍കുകയെന്ന മര്‍ഗമേ നിര്‍മ്മാതാക്കള്‍ക്ക് മുന്നിലുള്ളു. അതും ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന് മുന്‍പാകെയാണ് എത്തുക. വിധിയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് താമസക്കാര്‍ നല്‍കിയ റിട്ട് ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഒരുമാസത്തെ സമയമാണ് കോടതി അനുവദിച്ച സമയം നേരത്തെ അവസാനിച്ചിരുന്നു.

നെട്ടൂര്‍ കൊലക്കേസില്‍ പൊലീസ് അന്വേഷണം വഴിതെറ്റിച്ചത് പ്രതികളുടെ സിനിമാ സ്റ്റൈല്‍ നീക്കങ്ങള്‍. മൃതദേഹം കുഴിച്ചിട്ട സ്ഥലം മുതല്‍, ചോദ്യം ചെയ്യലില്‍വരെ അന്വേഷണം വഴിതിരിച്ചുവിടുന്നതിനായി കൃത്യമായ ആസൂത്രണമാണ് പ്രതികള്‍ നടത്തിയത്.

പൊലീസിന് പ്രതികള്‍ നല്‍കിയ മൊഴി പ്രകാരം രണ്ടാം തീയതി രാത്രിതന്നെ അര്‍ജുനെ കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നെട്ടൂര്‍ റയില്‍വേ ട്രാക്കിന് സമീപമുള്ള ചതുപ്പില്‍ മൃതദേഹം ചവിട്ടിത്താഴ്ത്തി. പൊങ്ങിവരാതിരിക്കാന്‍ മുകളില്‍ വേലിക്കല്ലുകളും ഉറപ്പിച്ചു. ഒരു തെരുവുനായയെ തല്ലിക്കൊന്ന് മൃതദേഹം മറവുചെയ്ത സ്ഥലത്തിന് സമീപം കൊണ്ടിട്ടു. ദുര്‍ഗന്ധം വമിച്ചാലും നായ ചത്തുകിടക്കുന്നതുകൊണ്ടാണെന്ന് കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

സ്വാഭാവികമായും ഇവരുടെ ശ്രമം പ്രാഥമികമായി ഫലം കണ്ടു. ദുര്‍ഗന്ധമുണ്ടായെങ്കിലും കൊലപാതകം നടന്നതായോ, മൃതദേഹം ആ ഭാഗത്ത് കിടക്കുന്നതായോ നാട്ടുകാര്‍ സംശയിക്കാതിരുന്നത് പ്രതികളുടെ ഈ നീക്കം മൂലമാണ്. പിന്നീട് കലൂരിലെത്തിയ പ്രതികള്‍ അർജുന്റെ മൊബൈൽ ഫോൺ ഒരു ലോറിയിൽ കയറ്റി വിട്ടു.

പരാതി ലഭിച്ച ശേഷമുള്ള ആദ്യ ദിവസങ്ങളിൽ പൊലീസ് അന്വേഷണം സ്വാഭാവികമായും ഈ ഫോണിൽ നിന്നുള്ള സിഗ്‌നലുകളെ പിന്തുടർന്നായിരുന്നു. മുട്ടം, കോതമംഗലം തുടങ്ങിയ സ്ഥലങ്ങളിലൂടെ തമിഴ്നാട് ഭാഗത്തേക്കായിരുന്നു ലോറിയുടെ സ‍ഞ്ചാരം. ലഹരിമരുന്നു വിൽപനയുമായി ബന്ധപ്പെട്ട് അർജുൻ ഈ മേഖലയിൽ പോകാറുണ്ടെന്നു പ്രതികൾ തന്നെ പൊലീസിനോടു വെളിപ്പെടുത്തുകയും ചെയ്തു.

പനങ്ങാട്, മറയൂർ എന്നീ സ്റ്റേഷനുകളുടെ പരിധിയിൽ ഇത്തരം കേസുകളിൽ അർജുൻ മുൻപ് ഉൾപ്പെട്ടിരുന്നതിനാൽ പൊലീസ് ഈ മൊഴി സംശയിച്ചുമില്ല. കൊലപാതകത്തിനുശേഷം കൃത്യമായ കൂടിയാലോചന പ്രതികള്‍ നടത്തിയിരുന്നു. മൂന്നുപ്രാവശ്യം പ്രതികളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും മൊഴികളില്‍ വൈരുധ്യമുണ്ടാകാതിരുന്നതും പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി.

അർജുൻ ജീവനോടെയുണ്ടെന്ന ധാരണയിൽ വെറുമൊരു കാണാതാകൽ കേസ് മാത്രമായി ആദ്യം പരിഗണിക്കപ്പെടാനുള്ള കാരണവും ഇതു തന്നെ. ഒടുവിൽ കൊല്ലപ്പെട്ട അർജുന്റെ സുഹൃത്തുക്കൾ പ്രതികളിലൊരാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണു കൊലപാതക വിവരം പുറത്തായത്.

എറണാകുളം നെട്ടൂരിൽ യുവാവിനെ െകാന്ന് ചതുപ്പിൽ താഴ്ത്തിയ സംഭവത്തില്‍ പ്രതികളെ കണ്ടെത്തി പൊലീസിൽ ഏൽപ്പിച്ചത് കൊല്ലപ്പെട്ട അർജുന്റെ സുഹൃത്തുക്കളെന്ന് ബന്ധുക്കൾ. സംശയം തോന്നിയവരെ ചോദ്യം ചെയ്ത അർജുന്റെ സുഹൃത്തുക്കൾ പൊലീസിന് മൊഴി നൽകാൻ പ്രതികളെ നിർബന്ധിച്ചു. സ്റ്റേഷനിലെത്തിച്ച ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുളഴി‍ഞ്ഞത്.

പ്രതികളിലൊരാളായ നിപിൻ, തന്റെ സഹോദരന്റെ അപകടമരണത്തിനു കാരണക്കാരൻ അർജുനാണെന്ന് സുഹൃത്തുക്കളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. തന്റെ ചേട്ടന്റെ മരണത്തിനു പ്രതികാരം ചെയ്യുമെന്ന് നിപിൻ പറഞ്ഞതായി വിവരം ലഭിച്ചതോടെ പ്രതികളെ അർജുന്റെ വീട്ടിൽ വിളിച്ചു വരുത്തി ബന്ധുക്കളും സുഹൃത്തുക്കളും ചോദ്യം ചെയ്തിരുന്നു.

ജൂലൈ രണ്ടാം തീയതി രാത്രിയോടെ സമീപപ്രദേശത്തുള്ള ഒരാളാണ് അർജുനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി പ്രതികളുടെ അടുത്ത് എത്തിച്ചത്. ഉടൻ തന്നെ അയാൾ സംഭവസ്ഥലത്തുനിന്നു മടങ്ങിയതായി വിവരം ലഭിക്കുകയും ചെയ്തു. അർജുന്റെ തിരോധാനത്തിൽ സുഹൃത്തുക്കളായ നിപിൻ, റോണി എന്നിവരെ സംശയം ഉണ്ടെന്ന് കാണിച്ച് ജൂലൈ മൂന്നിന് പൊലീസിൽ പരാതി നൽകിയെങ്കിലും വേണ്ട വിധം ഗൗനിച്ചില്ലെന്ന് അർജുന്റെ പിതാവ് വിദ്യൻ പറയുന്നു.

ബുധനാഴ്ച ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തതോടെയാണ് അന്വേഷണം ആരംഭിച്ചത്. സ്വന്തം നിലയ്ക്ക് കേസ് അന്വേഷിക്കാൻ പൊലീസ് പറഞ്ഞതായും വിദ്യൻ ആരോപിക്കുന്നു. നിപിന്റെ സഹോദരന്റേത് അപകട മരണമായിരുന്നു. അർജുനും ഗുരുതരമായി പരുക്ക് പറ്റി. പത്ത് ലക്ഷം രൂപയോളം മുടക്കിയാണ് അർജുനെ രക്ഷിച്ചത്– കണ്ണീരോടെ വിദ്യൻ പറയുന്നു. ഞങ്ങൾ കണിയാൻമാരല്ല നിങ്ങളും അന്വേഷിക്കൂ.. ഞങ്ങൾ വേണ്ടത് ചെയ്തോളാമെന്നാണ് പൊലീസ് പറഞ്ഞതെന്ന് അർജുന്റെ ഇളയച്ഛൻ  പറഞ്ഞു.

അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. പൊലീസിന്റെ ഭാഗത്തു നിന്ന് ആത്മാർഥമായ ശ്രമം ഉണ്ടായില്ലെന്ന് കുമ്പളം കൗണ്‍സിലര്‍ രതീഷ്, പാപ്പന മരട് കൗണ്‍സിലര്‍ എന്നിവർ മാധ്യമങ്ങളോട് പ്രതികരിച്ചു. അഞ്ചാം തീയതി പ്രതികളെ അർജുന്റെ ബന്ധുക്കളും സുഹൃത്തുക്കളും അർജുന്റെ വീട്ടിലേക്കു വിളിച്ചു വരുത്തിയിരുന്നു. ഞങ്ങൾ ഒന്നും ചെയ്തില്ല ആന്റി, എന്ന് യാതൊരു ഭാവവ്യത്യാസവും കൂടാതെ പ്രതികൾ അർജുന്റെ അമ്മയോട് പറഞ്ഞതായി ഇളയ്ചഛൻ പറയുന്നു. പെട്രോൾ വാങ്ങാൻ പോയി, ബാറിൽ പോയി, അവനെ ഞങ്ങൾ കണ്ടില്ല തുടങ്ങിയ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പ്രതികൾ ബന്ധുക്കളോടു പറഞ്ഞതെന്ന് മരട് കൗണ്‍സിലര്‍ ജബ്ബാർ പറഞ്ഞു.

പ്രതികളെന്ന് സംശയിക്കുന്നവർ അടുത്തുണ്ടെന്നും ചോദ്യം ചെയ്യാനുള്ള മനസ് ഉണ്ടാകണമെന്ന് പറഞ്ഞ് ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ പൊലീസ് സ്റ്റേഷനിലേക്കു വിളിക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിക്കാനായിരുന്നു മറുപടി. ഏറെ നേരത്തിനു ശേഷമെത്തിയ പൊലീസുകാർ പ്രതികളെ സ്റ്റേഷനിലേക്കു കൊണ്ടു പോയെങ്കിലും ചോദ്യം ചെയ്തതിനു ശേഷം അന്ന് വൈകിട്ടോടെ വിട്ടയച്ചു.

കൊലയ്ക്കു ശേഷം പ്രതികള്‍ ‘ദൃശ്യം’ സിനിമ മോഡലില്‍ അർജുന്റെ ഫോൺ ലോറിയിൽ കയറ്റി വിട്ടതായി പനങ്ങാട് പൊലീസ് സ്ഥിരീകരിച്ചു. അർജുനെ കണ്ടെത്താൻ ആത്മാർത്ഥമായി ശ്രമിക്കുകയായിരുന്നുവെന്നും മറ്റ് ആക്ഷേപങ്ങളിൽ കഴമ്പില്ലെന്നുമായിരുന്നും പൊലീസ് ഭാഷ്യം. അന്വേഷണം വഴിതെറ്റിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഈ ഫോണിന്റെ സിഗ്നലുകള്‍ പിന്തുടര്‍ന്ന പൊലീസ് അര്‍ജുന്‍ ജീവിച്ചിരിക്കുന്നതായി തെറ്റിദ്ധരിച്ചതാണ് അന്വേഷണം വൈകാന്‍ കാരണമെന്നും പറയപ്പെടുന്നു.

നെട്ടൂർ റെയിൽവേ സ്റ്റേഷൻ വരുമാനമില്ലെന്ന ന്യായം പറഞ്ഞ് അടച്ചു പൂട്ടിയതോടെയാണ് സാമൂഹികവിരുദ്ധരുടെ താവളമായി അത് മാറിയത്. റെയിൽവേ സ്റ്റേഷന്റെ സമീപമുള്ള ചതുപ്പിലാണ് അർജുന്റെ മൃതദേഹം പ്രതികൾ കുഴിച്ചിട്ടത്. സാമൂഹിക വിരുദ്ധരുടെ ശല്യം കാരണം വൈകിട്ട് അഞ്ചിനു ശേഷം ഇതിലെ വഴിനടക്കാൻ പോലും പറ്റാത്ത അവസ്ഥയാണുള്ളതെന്നും മരട് കൗണ്‍സിലര്‍ ജബ്ബാർ പറഞ്ഞു.

സംഭവദിവസം പെട്രോൾ തീർന്നുവെന്ന കാരണം പറഞ്ഞ് വിളിച്ചു വരുത്തി ക്രൂരമായി മർദിച്ച ശേഷം ചതുപ്പിൽ കെട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് പ്രതികൾ‌ സമ്മതിച്ചതായാണ് സൂചന. പിടിയിലായവരിൽ ഒരാൾ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്. ഇയാളാണ് മർദനത്തിനു നേതൃത്വം കൊടുത്തത്. പട്ടിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. മറ്റൊരാൾ കല്ലുകൊണ്ടും തലയ്ക്കടിച്ചു. യുവാവിനെ കാണാതായ ജൂലൈ രണ്ടിനു രാത്രി 10ന് വീട്ടിൽ നിന്നിറക്കി രണ്ടര മണിക്കൂറിനുള്ളിൽ കൃത്യം ചെയ്തതായാണു മൊഴി.

കുമ്പളത്ത് ഒരാഴ്ച മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ ചവിട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തിയെന്ന വൈകിയെത്തിയ വാർത്തയുടെ ഞെട്ടലിലായിരുന്നു നെട്ടൂർ. വിവരമറിഞ്ഞു നെട്ടൂരും കുമ്പളത്തുമുള്ളവർ സംഭവ സ്ഥലത്തേക്ക് ഒഴുകിയെങ്കിലും ആർക്കും മൃതദേഹം കിടക്കുന്ന സ്ഥലത്തേക്കു പോകാനായില്ല. വാഹനം പോകാൻ പറ്റാത്ത സ്ഥലമായതിനാൽ പലരും ഒരു കിലോമീറ്ററോളം നടന്നെങ്കിലും 150 മീറ്റർ അടുത്തെത്താനേ കഴിഞ്ഞുള്ളു.

കുറച്ചു ദിവസമായി ദുർഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിലും മാലിന്യം തള്ളുന്നതിന്റേതാണെന്നു കരുതിയതായി പരിസരത്തുള്ളവർ പറഞ്ഞു.റെയിൽവേ ട്രാക്ക് ബലപ്പെടുത്താൻ പൂഴിമണൽ അടിച്ചിട്ടുള്ളതു കൊണ്ടാണ് കൃത്യം നടന്നതിന്റെ 150 മീറ്റർ അടുത്തെങ്കിലും എത്താൻ കഴിയുന്നത്. റെയിൽവേ പാളത്തിനു പടിഞ്ഞാറുവശം ഭൂമാഫിയ നികത്തിയിട്ട ഏക്കർ കണക്കിനു സ്ഥലമാണു ചതുപ്പും കണ്ടലും നിറഞ്ഞു കിടക്കുന്നത്.

ആൾപ്പൊക്കത്തിലാണ് പുല്ല് വളർന്നിട്ടുള്ളത്. ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായ ഇവിടെ പകൽപോലും കടക്കാൻ ആളുകൾക്കു പേടിയാണ്. ഇതു തരമാക്കിയാണ് ലഹരിമാഫിയ ഇവിടം താവളമാക്കിയത്. ഒരാളെ കൊന്നിട്ടാൽ പോലും തിരിച്ചറിയാത്ത വിധം കാടുംപടർപ്പുമാണിവിടെ. കൃത്യം നടത്തിയെന്നു സമ്മതിച്ചയാളുമായി നാലരയ്ക്കു തന്നെ സ്ഥലത്ത് എത്തിയെങ്കിലും കൂടുതൽ അടുത്തേയ്ക്കു പോകാനായില്ലെന്ന് പൊലീസ് പറയുന്നു.

അത്രയ്ക്കും ദുർഗന്ധമായിരുന്നു. കൊലപാതകം സ്ഥിരീകരിച്ചതോടെ 150 മീറ്റർ ചുറ്റളവിൽ റിബൺ കെട്ടി പൊലീസ് സ്ഥലം ബന്തവസാക്കി. രാത്രിയിലും കാവലുണ്ട്. മൃതദേഹം കിടക്കുന്ന സ്ഥലത്തേക്കു വഴിയൊരുക്കാൻ സ്ഥലമുടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നു രാവിലെ തന്നെ ഫോറൻസിക് വിദഗ്ധർ എത്തും.

അന്വേഷണം ലഹരിമാഫിയയിലേക്കാണു നീളുന്നത്. പിടിയിലായവരിൽ ഒരാൾ നെട്ടൂരുള്ള ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് എന്നാണു സൂചന. ഇയാളാണ് മർദനത്തിനു നേതൃത്വം കൊടുത്തത്. പട്ടിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. മറ്റൊരാൾ കല്ലുകൊണ്ടും തലയ്ക്കടിച്ചു. 2നു രാത്രി 10ന് വീട്ടിൽ നിന്നിറക്കി രണ്ടര മണിക്കൂറിനുള്ളിൽ കൃത്യം ചെയ്തതായാണു മൊഴി. കൃത്യം നടത്തിയെന്നു കരുതുന്നവരില്‍ ഒരാളുടെ സഹോദരന്‍ അര്‍ജുനുമൊത്തു പോകുമ്ബോള്‍ കളമശേരിയില്‍ വച്ച്‌ ഒരു വര്‍ഷം മുന്‍പ് ബൈക്കപകടത്തില്‍ മരിച്ചിരുന്നു. ഇത് അപകടമരണം അല്ലെന്നും അര്‍ജുനെയും ഇതേ രീതിയി‍ല്‍ വധിക്കുമെന്നും ഇയാള്‍ പറഞ്ഞതായി അര്‍ജുന്റെ ബന്ധുക്കള്‍ പറയുന്നു. അര്‍ജുനുമായി അടുത്ത കാലത്ത് സൗഹൃദത്തിലായ ഇയാള്‍ 2നു രാത്രി മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ അര്‍ജുനെ വീട്ടില്‍ നിന്നു വിളിച്ചിറക്കിക്കൊണ്ടു പോവുകയായിരുന്നത്രേ. നെട്ടൂരില്‍ എത്തിച്ച ശേഷം മര്‍ദിച്ചു കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തുകയായിരുന്നെന്നാണു സൂചന.അന്വേഷണം നടക്കുന്നതിനാൽ പൊലീസ് കൂടുതൽ വിവരം പുറത്തു വിട്ടില്ല.

മലപ്പുറം: ഓരോദിവസവും റോഡപകടങ്ങളില്‍ നിരവധി ജീവനുകളാണ് പൊലിയുന്നത്. നിരവധി നിരപരാധികള്‍ അംഗഭംഗത്തിനും ഇരയാകുന്നു. അപ്പോഴും നമ്മുടെ ഡ്രൈവര്‍മാരുടെ താന്‍പോരിമയ്ക്കും അശ്രദ്ധയ്ക്കും അക്ഷമയ്ക്കുമൊന്നും ഒരു കുറവുമില്ലെന്ന് തെളിയിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ.

മലപ്പുറം ഇടപ്പാളിൽ ചങ്ങരംകുളത്ത് അടുത്തിടെ ഉണ്ടായ ഒരപകടത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളം മാർസ് തിയേറ്ററിനു സമീപമായിരുന്നു അപകടം. യൂടേൺ എടുക്കാൻ ശ്രമിച്ച കാറുകാരന്‍ അപകടത്തിലാക്കിയത് നിരപരാധിയായ ഒരു പെണ്‍കുട്ടിയുടെ ജീവനാണ്.

യൂടേണ്‍ എടുത്ത കാറുകാരനെ രക്ഷിക്കാനുള്ള ബസ് ഡ്രൈവറുടെ ശ്രമത്തിനിടെ ബസ് നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ ഇടിച്ചുതെറിപ്പിച്ച ശേഷം ഇലക്ട്രിക് പോസ്റ്റും ബൈക്കും തകര്‍ത്താണ് നിന്നത്. ബസിനടിയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോയിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്

യൂടേൺ എടുക്കുമ്പോൾ റോ‍ഡിൽ മറ്റുവാഹനങ്ങളില്ലെന്ന് ഉറപ്പുവരുത്തണം എന്ന ഡ്രൈവിങ്ങിന്റെ പ്രാഥമികപാഠം പോലും മറന്നാണ് കാര്‍ ഡ്രൈവര്‍ പെരുമാറുന്നതെന്നും കാര്‍ ഡ്രൈവറുടെ അക്ഷമ തന്നെയാണ് അപകടത്തിന്‍റെ മുഖ്യ കാരണമെന്നും വീഡിയോയില്‍ നിന്നും വ്യക്തമാണ്.

Copyright © . All rights reserved