Kerala

അബുദാബി ∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പന്തളം കുടശ്ശനാട് സ്വദേശിയും അബുദാബിയിൽ സ്വകാര്യ കമ്പനി ഡിസൈനറുമായ സഞ്ജയ് നാഥിന് ഒരു കോടി ദിർഹം (18.85 കോടി രൂപ) സമ്മാനമായി ലഭിച്ചു. ഒന്നു മുതൽ 10 വരെയുള്ള സമ്മാനങ്ങളിൽ ഭൂരിഭാഗവും മലയാളികൾക്കായതിനാൽ കോടികൾ ഇന്ത്യയിലേക്ക് ഒഴുകും. പത്ത് സമ്മാനങ്ങളില്‍ ഒൻപതും ഇന്ത്യക്കാർക്കാണ്. ഒരു സമ്മാനം പാക്കിസ്ഥാൻ സ്വദേശി സ്വന്തമാക്കി.

ബിനു ഗോപിനാഥ് (1,00,000 ദിർഹം) ആഷിഖ് പുള്ളിശ്ശേരി (90,000), അനസ് ജമാൽ (80,000), സാഖിബ് നാസർ മുഹമ്മദ് നാസർ (70,000), സുഭാഷ് നായപാക്കിൽ തിക്കൽവീട് (50,000), അബ്ദുൽ അസീസ് വലിയപറമ്പത്ത് (30,000), സുനിൽകുമാർ (20,000), അബ്ദുൽ മുത്തലിബ് ചുള്ളിയോടൻ കോമാച്ചി (10,000), ഒഫൂർ കൂട്ടുങ്ങൽ മാമു (10,000) എന്നിവരാണ് മറ്റു വിജയികൾ. ലാൻഡ് റോവർ വാഹനം ലഭിച്ചത് ബംഗ്ലദേശുകാരനായ ഷിപക് ബാരുവയ്ക്കാണ്.

പേടിയല്ല നീലകണ്ഠാ, എനിക്ക് സന്തോഷമാ, നീയിറങ്ങണം, പഴയ കണക്കുകളൊക്കെ തീർക്കേണ്ടെ’ എന്ന ദേവാസുരത്തിലെ ഡയലോഗിന്റെ അകമ്പടി, കേരള പോലീസ് ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോ വൈറലാകുന്നു.ദേവാസുരത്തിലെ ഡയലോഗിന്റെ അകമ്പടി ചേർത്താണ് പൊലീസ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

വൻ ബ്ലോക്കിനിടെ അമിതവേഗത്തിൽ കുതിച്ചു കയറി എത്തിയ സ്വകാര്യ ബസിന് ട്രാഫിക് പൊലീസ് കൊടുത്ത പണിയാണ് വിഡിയോയിലുള്ളത്. മണിക്കൂറുകളായുള്ള ബ്ലോക്കിൽ നിരന്നു കിടന്നിരുന്ന വാഹനങ്ങളെയെല്ലാം കബളിപ്പിച്ച് വലിയ മിടുക്കനായി മുന്നോട്ട് പോകവുകയായിരുന്നു സ്വകാര്യ ബസ് ഡ്രൈവർ. ഒടുവിൽ മറ്റെല്ലാ വണ്ടികളെയും പിന്നിലാക്കി ഡ്രൈവർ പൊലീസിന് മുന്നിലെത്തി. അപ്പോഴാണ് സ്മാർട്ടാ പൊലീസിന് മുന്നിൽ ഒാവർ സ്മാർട്ടായ ഡ്രൈവറുടെ മാനം പോയത്. ഡ്രൈവറെക്കൊണ്ട് വന്നതിലും വേഗത്തിൽ ബസ് പിന്നോട്ടെടുപ്പിച്ചാണ് പൊലീസ് മാസ് കാണിച്ചത്. റിവേഴ്സ് എടുക്കുന്ന ബസും ഒപ്പം നീങ്ങുന്ന പൊലീസ് വാഹനവും അടങ്ങുന്ന വിഡിയോ വൈറലാവുകയാണ്. ദേശീയപാത 47ൽ തൃശൂർ – പാലക്കാട് റൂട്ടില്‍ കുതിരാനു സമീപമാണ് സംഭവം. ബ്ലോക്കിൽ കിടന്നിരുന്ന വാഹനങ്ങളിലൊന്നിലെ ഒരു യാത്രക്കാരനാണ് ഈ ദൃശ്യം പകർത്തിയത്. വിഡിയോ കാണാം.

നിപ വൈറസ് രോഗ ബാധയെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയ സംഭവത്തില്‍ പോലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊച്ചി സിറ്റി പോലീസ് ആണ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തത്. സന്തോഷ് അറക്കല്‍, മുസ്തഫ മുത്തു, അബു സല എന്നിവര്‍ക്കെതിരെയാണ് കേസ്.

ഇവര്‍ ഫേസ്ബുക്ക് വഴി വ്യാജ പ്രചരണം നടത്തിയെന്ന് പോലീസ് കണ്ടെത്തി. വ്യാജ പ്രചാരണങ്ങള്‍ നടത്തി വരുന്നവരെക്കുറിച്ചള്ള പോലീസ് അന്വേഷണം തുടരുകയാണ്. ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നവരുടെ അക്കൗണ്ടുകള്‍ പരിശോധിക്കുന്നുണ്ടെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം നിപ ബാധിച്ചപ്പോഴും ഇത്തരത്തില്‍ ഫെയ്‌സ്ബുക്കിലൂടെ വ്യാജപ്രചരണം ശക്തമായിരുന്നു. അന്ന് 25 പേര്‍്‌ക്കെതിരെയാണ് കേസെടുത്തത്. 10 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത്തവണയും സമാനമായ സംഭവങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചിട്ടുണ്ട്.

എയർ ഇന്ത്യ വിമാനത്തിൽ വച്ച് യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം പാച്ചലൂർ സ്വദേശി സന്തോഷ് കുമാർ (56) ആണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് ഷാർജയിലേക്ക് പോവുകയായിരുന്ന വിമാനം പറന്നുയർന്ന് മുക്കാൽ മണിക്കൂറിനുള്ളിലാണ് സന്തോഷ് കുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ വിമാനം തിരിച്ച് പറന്നെങ്കിലും യാത്രക്കാരന്‍റെ ജീവൻ രക്ഷിക്കാനായില്ല.

മുക്കാൽ മണിക്കൂറിനകം പത്ത് മണിയോടെ വിമാനം തിരികെ തിരുവനന്തപുരത്തേക്ക് എത്തിച്ചെങ്കിലും സന്തോഷ് കുമാർ മരിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന്‍റെ മൃതദേഹം ഇറക്കിയ ശേഷം രാത്രി പതിനൊന്നേകാലോടെ വിമാനം തിരികെ യാത്ര തിരിച്ചു.

രാത്രി എട്ടരയ്ക്കാണ് യുഎഇ ഷാർജയിലേക്കുള്ള എയർ ഇന്ത്യ AI 967 തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നത്. ഏതാണ്ട് ഒമ്പതേകാലോടെ സന്തോഷ് കുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിമാനത്തിൽ വച്ച് തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും നില ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞതോടെ വിമാനം തിരിച്ച് തിരുവനന്തപുരത്തേക്ക് തന്നെ തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു.

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതിൽ ഭയാനകമായ സാഹചര്യം നിലവിൽ ഇല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പനി ബാധിച്ച് അഞ്ച് പേർ കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡില്‍ ചികിത്സയിലാണ്. ഇതിൽ മൂന്ന് പേർ രോഗിയെ ചികിത്സിച്ച നഴ്സുമാരാണ്. പറവൂർ സ്വദേശിയും യുവാവിന്റെ സഹപാഠിയും ചാലക്കുടിക്കാരനായ മറ്റൊരു യുവാവുമാണ് ചികിത്സയിലുള്ളത്. ആരുടെയും നില ഗുരുതരമല്ല. യുവാവുമായി ഇടപഴകിയിട്ടുണ്ടെന്ന് സംശയിക്കുന്ന 311 പേരുടെ പട്ടികയും തയാറാക്കിയെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിലവിലെ അവസ്ഥയിൽ ഭയാനകമായി ഒന്നുമില്ല. വരും ദിവസങ്ങളിൽ അതീവശ്രദ്ധ വേണം. സ്കൂളുകൾക്ക് അവധി നൽകുന്നത് സംബന്ധിച്ച് അടുത്ത ദിവസത്തെ സ്ഥിതികൂടി പരിഗണിച്ച ശേഷം തീരുമാനമുണ്ടാകും. അവധി നൽകിയാലും മുൻകരുതൽ എന്ന നിലയിൽ മാത്രമാകും. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നാളെയും താൻ കൊച്ചിയിൽ തങ്ങി സ്ഥിതി വിലയിരുത്തുമെന്ന് മന്ത്രി പറഞ്ഞു.

എറണാകുളത്ത് നിപ സ്ഥിരീകരിച്ച ഇരുപത്തിമൂന്നുകാരന്റെ നില മെച്ചപ്പെട്ടു. യുവാവിന്റെ പനി കുറഞ്ഞു. പറവൂര്‍ സ്വദേശിക്കാണ് നിപ ബാധിച്ചത്. ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ പരിശോധനകള്‍ ഊര്‍ജിതമാക്കി. തൊടുപുഴയിലും,തൃശൂരിലും ,എറണാകുളത്തും പരിശോധനകള്‍ നടത്തിയെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായിട്ടില്ല. നിപ ബാധിതനായ യുവാവുമായി ഇടപഴകിയിട്ടുണ്ടെന്ന് സംശയിക്കുന്ന മുന്നൂറ്റി പതിനൊന്ന് പേരുടെ പട്ടികയും തയാറാക്കി. അതേസമയം നിപയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് രണ്ട് കേസ് റജിസ്ററര്‍ ചെയ്തു.

കേരളത്തില്‍ ചെറിയ പെരുന്നാള്‍ ഇന്ന്. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. ഇരുപത്തിയൊൻപതു നോമ്പ് പൂർത്തിയാക്കിയാണ് പ്രവാസി മലയാളികളടക്കമുള്ളവർ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. മക്കയിലും മദീനയിലും ലക്ഷക്കണക്കിനു വിശ്വാസികളാണ് പെരുന്നാളിൻറെ പുണ്യം തേടുന്നത്.

ഇരുപത്തിയൊന്പതു നാൾ നീണ്ട റംസാൻ വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷമാണ് സൗദി, യുഎഇ, കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി മലയാളികൾ അടക്കമുള്ള വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. ഗൾഫിലെ വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും രാവിലെ നടന്ന നിസ്കാര പ്രാർഥനകളിൽ ആയിരങ്ങൾ ഭാഗമായി. ഷാർജ അൽഷാബിലെ വില്ലേജ് സ്റ്റേഡിയം മൈതാനിയിൽ നടന്ന ഈദ് ഗാഹിന് മതപണ്ഡിതൻ ഹുസൈൻ സലഫി നേതൃത്വം നൽകി.

ദുബായ് അൽഖൂസ്‌ അൽമനാർ സെൻററിൽ മലയാളം ഈദ് ഗാഹിന് അൽമനാർ സെന്റർ ഡയറക്ടർ മൗലവി അബ്ദുൽ സലാം മോങ്ങം നേതൃത്വം നൽകി. ഗൾഫ് രാജ്യങ്ങളിലെ ഭരണാധിപൻമാർ വിശ്വാസികൾക്കു ഈദ് ആശംസ നേർന്നു. മക്കയിലേയും മദീനയിലേയും ഇരു ഹറമുകളിലും പ്രത്യേകപ്രാർഥനകളോടെയാണ് തീർഥാടർ പെരുന്നാളിൻറെ ഭാഗമാകുന്നത്. അതേസമയം, ഈദ് നമസ്‌കാര സ്ഥലങ്ങൾ, ഷോപ്പിങ് മാളുകൾ, മാർക്കറ്റുകൾ, പൊതു പാർക്കുകൾ, കടൽത്തീരങ്ങൾ എന്നിവിടങ്ങളിലെല്ലാം പോലീസ് പെട്രോളിംഗ് ശ്കതിപ്പെടുത്തിയിട്ടുണ്ട്. ഇന്നു ശവ്വാൽ പിറ കണ്ടാൽ ഒമാനിൽ നാളെയായിരിക്കും ചെറിയ പെരുന്നാൾ.

ഒഡീഷയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി മകളെ ബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതി പെരുമ്പാവൂരില്‍ പിടിയില്‍. ഒരുമാസം മുമ്പാണ് ഇയാള്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം മകളെ ബലാത്സംഘം ചെയ്ത ഒളിവില്‍ പോയത്. ഒ‍ഡീൽ സ്വദേശി ബിജയകുമാര്‍ ബെഹ്റയാണ് പിടിയിലായത്. കേരള ഒഡീഷ പൊലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലാവുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിന് ജയിലിലായിരുന്നു പ്രതി. ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ ശേഷം സുഹൃത്തിനോടൊപ്പം വീണ്ടും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് ക്രൂര കൊലപാതകവും പീഡനവും നടത്തിയത്. പെണ്‍കുട്ടിയുടെ വീട്ടലെത്തിയ ബിജയകുമാര്‍ കുട്ടിയെയും അമ്മയെയും ആളൊഴിഞ്ഞ കുന്നിലേക്ക് പിടിച്ചുകൊണ്ടുപോയി കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ടു.

ഇത് അമ്മ നിരസിച്ചതോടെ അമ്മയുടെ മുന്നിലിട്ട് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. തടയാന്‍ ശ്രമിച്ച അമ്മയെ ബിജയകുമാറും സുഹൃത്ത് ബിക്കിയും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയെ കുന്നിന്‍മുകളില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. വിക്കിയെ പിടികൂടി ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് ബിജയകുമാര്‍ കേരളത്തിലുണ്ടെന്ന് വിവരം കിട്ടിയത്. തുടര്‍ന്ന് കേരള പൊലീസിന്‍റെ സഹായത്തോടെ ഒഡീഷ പൊലീസ് പെരുമ്പാവൂരിലെത്തി ഇയാളെ പിടികൂടുകയായിരുന്നു.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽനിന്ന് വിരമിക്കുന്നവരുടെ യാത്രയയപ്പ് ചടങ്ങിലേക്ക് മുന്നറിയിപ്പുകളില്ലാതെയാണ് തൃശ്ശൂർ ജില്ലാ കളക്ടർ ടി.വി. അനുപമ എത്തിയത്. വിരമിക്കുന്നവരുടെ കൂട്ടത്തിൽ അമ്മകൂടി ഉണ്ടായിരുന്നതിനാൽ കളക്ടറായല്ല, മകളായിട്ടായിരുന്നു അനുപമയുടെ വരവ്.

ദേവസ്വം മരാമത്ത് വിഭാഗത്തിൽനിന്ന് വിരമിക്കുന്ന അസി. എക്സി. എൻജിനീയർ ടി.വി. രമണിയുടെ മകളാണ് ടി.വി. അനുപമ. ഈ വർഷം വിരമിക്കുന്ന 13 പേരുടെ യാത്രയയപ്പ് ചടങ്ങ് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഘടിപ്പിച്ചിരുന്നത്.

താൻ സദസ്സിൽ ഇരുന്നോളാമെന്ന് അനുപമ അഭ്യർഥിച്ചെങ്കിലും സംഘാടകർ സമ്മതിച്ചില്ല. അവരെ നിർബന്ധപൂർവം വേദിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അമ്മയെ പൊന്നാട അണിയിക്കാൻ ക്ഷണിച്ചപ്പോഴും അനുപമ വിട്ടുനിന്നു. അത് ചെയർമാൻ നിർവഹിച്ചാൽ മതിയെന്നും ആശംസാപ്രസംഗം നടത്താമെന്നും അവർ പറഞ്ഞു.

തന്നെ ഇത്രയും വലിയനിലയിലേക്കെത്തിച്ചത് അമ്മയുടെ കഠിനധ്വാനമായിരുന്നുവെന്ന് അനുപമ പറഞ്ഞു. അമ്മയ്ക്ക് കിട്ടുന്ന ശമ്പളംകൊണ്ടാണ് താൻ പഠിച്ച് കളക്ടറായതെന്നും അതിന് ദേവസ്വത്തോടുള്ള കടപ്പാട് എന്നും മനസ്സിലുണ്ടാകുമെന്നും അവർ പറഞ്ഞു. അമ്മയ്ക്കുള്ള സർപ്രൈസ് കൂടിയായിരുന്നു ചടങ്ങിൽ അനുപമയുടെ സാന്നിധ്യം.

കൊച്ചിയില്‍ ചികില്‍സയിലുള്ള യുവാവിന് നിപ സ്ഥിരീകരിച്ചു. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് അന്തിമതീര്‍പ്പ് വന്നത്. ആരും ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിപയെന്ന് സംശയിക്കുന്ന ഘട്ടത്തില്‍ തന്നെ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. രോഗത്തെ നേരിടാന്‍ ആരോഗ്യവകുപ്പിന് ധൈര്യമുണ്ട്. ‘റിബാവറിന്‍’ മരുന്ന് ആവശ്യത്തിനുണ്ട്.

നിപ നേരിടുന്നതിന് ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ അറിയിച്ചു. മരുന്നുകള്‍ എത്തിക്കാന്‍ വിമാനം ലഭ്യമാക്കും. കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് മന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഓസ്ട്രേലിയന്‍ മരുന്ന് കേന്ദ്രസര്‍ക്കാര്‍ ഉടനെ എത്തിക്കും. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. എയിംസിലെ ഡോക്ടര്‍മാരുള്‍പ്പെടെ ആറംഗ സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്.

രോഗിയുമായി ബന്ധപ്പെട്ടെ നാലു പേർക്ക് പനി ബാധിച്ചിട്ടുണ്ട്. ഇവർ രോഗിയുടെ ബന്ധുക്കളല്ല. സുഹൃത്തുക്കളിൽ രണ്ടു പേർക്കും ആദ്യം രോഗിയെ പരിചരിച്ച രണ്ടു നഴ്സുമാര്‍ക്കുമാണ് പനി. ഒരാളെ ഐസലേഷന്‍ വാര്‍ഡിലാക്കി. ആരുടേയും സ്ഥിതി ഗുരുതരമല്ല. ഇവര്‍ക്കും മരുന്ന് നല്‍കുന്നു. ഇവരുടെ സ്രവവും പരിശോധനയ്ക്ക് അയക്കും. സമീപകാലത്ത് ‘നിപ’ ലക്ഷണങ്ങളോടെ മരണമുണ്ടായോ എന്നും പരിശോധിക്കും.

വവ്വാല്‍ ധാരാളമുള്ള പ്രദേശത്തുള്ളവര്‍ സൂക്ഷിക്കുക. വവ്വാല്‍ കടിച്ചതോ തുറന്നിരിക്കുന്നതോ ആയ ഭക്ഷണം കഴിക്കരുതെന്നും ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സംഘം യുവാവിന്‍റെ നാട്ടിലെത്തി കൂടുതല്‍ പരിശോധനകളും നടത്തും. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വൈദഗ്ധ്യം നേടിയ കോഴിക്കോടു നിന്നുളള വൈദ്യസംഘം യുവാവിന്‍റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പരിശോധിക്കും.

മന്ത്രിയടക്കം ആരോഗ്യവകുപ്പിലെ ഉന്നതര്‍ കൊച്ചിയില്‍ ഇന്നും ക്യാംപ് ചെയ്യുന്നുണ്ട് . പൊതുജനങ്ങളുെട സംശയ നിവാരണത്തിനായി എറണാകുളം കലക്ടറേറ്റില്‍ വിദ്ഗധ വൈദ്യസംഘത്തെ ഉള്‍പ്പെടുത്തിയുളള കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനവും തുടങ്ങി. 1077 എന്ന നമ്പരില്‍ വിളിച്ചാല്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം

ജനങ്ങൾക്കിടയിൽ ‍നിപ്പയെക്കുറിച്ചുള്ള ആശങ്കകൾ വ്യാപകമാകുകയാണ്. ഇതിനിടയിൽ ചില വ്യജ പ്രചാരണങ്ങളും ജനങ്ങളെ ആശങ്കയിലാക്കുന്നു. നിപ്പയെ സംബന്ധിച്ച പ്രചാരണവും വാസ്തവവും അറിയം.

∙ മാസ്ക് ധരിച്ചുമാത്രം പുറത്തിറങ്ങുക. വായ‍ുവിലൂടെ രോഗം പകരും

(വാസ്തവം: രോഗികളോടു നേരിട്ട് ഇടപഴകുന്നവരും ചികിത്സിക്കുന്നവരും മാത്രം മാസ്ക് ധരിച്ചാൽ മതി. വായുവിലൂടെ പകരുന്ന രോഗമല്ലിത്. വൈറസ് ബാധയുള്ള ഒരു വ്യക്തിയുമായോ ജീവിയുമായോ നേരിട്ടു ബന്ധപ്പെടുന്നതിലൂടെ മാത്രമാകും വ്യാപനം.)

∙ ചിക്കൻ കഴിക്കരുത്. നിപ്പയുടെ ഉറവിടം കോഴിയാണ്

(വാസ്തവം: കഴിഞ്ഞ വർഷം നിപ്പ വൈറസ് ബാധയുണ്ടായപ്പോഴും ഇതേ പ്രചാരണം നടന്നിരുന്നു. കോഴിയും നിപ്പയുമായി ഒരു ബന്ധവുമില്ല. പ്രതിസ്ഥാനത്ത് വവ്വാലാണ്. വവ്വാലിന്റെ വിസർജ്യങ്ങളിലൂടെയും സ്രവങ്ങളിലൂടെയും രോഗാണു വ്യാപിക്കുന്നു എന്നാണു കണ്ടെത്തൽ.)

∙ നായ്ക്കളെയും പൂച്ചകളെയും തൊടരുത്. രോഗം പരത്തും

(വാസ്തവം: പശുവും പൂച്ചയും നായ്ക്കളും അടക്കം വീട്ടിൽ വളർത്തുന്ന അരുമ ജീവികളെല്ലാം വൈറസ് വസിക്കാൻ സാധ്യതയുള്ളവ തന്നെയാണ്. എന്നാൽ, ഇവ നിപ്പ പരത്തുന്നവയ‍ാണെന്നു സ്ഥിര‍ീകരിച്ചിട്ടില്ല. വളർത്തു മൃഗങ്ങളുടെ ശരീര സ്രവങ്ങൾ ദേഹത്തു സ്പർശിച്ചാൽ സോപ്പ് ഉപയോഗിച്ചു നന്നായി വൃത്തിയാക്കണമെന്നു മാത്രം.)

∙ പഴങ്ങൾ തൊട്ടുപോകരുത്, നിപ്പ ഉറപ്പ്

(വാസ്തവം: പക്ഷിമൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറലേറ്റതുമായ പഴങ്ങൾ കഴിക്കരുത്. മറ്റു പഴങ്ങൾ നന്നായി തൊലി കളഞ്ഞു കഴിക്കാം. നിലത്തു വീണ‍ുകിടക്കുന്ന പഴങ്ങളും കഴിക്കാതെ ഒഴിവാക്കണം. വിറ്റമിൻ സി അടങ്ങിയ പഴങ്ങൾ പനിയുള്ളവർ കഴിക്കുന്നതു നല്ലതാണ്.)

∙ രോഗിയെ പരിചരിക്കുന്നവർ രോഗവാഹകരാണ്

(വാസ്തവം: രോഗത്തിന്റെ ആദ്യഘട്ടത്തിൽ നിപ്പ വൈറസ് ബാധയാണെന്ന‍ു തിരിച്ചറിയാതെ പരിചരിക്കുന്നവരിൽ മാത്രമേ രോഗം പകരാൻ സ‍ാധ്യതയുള്ളു. നിപ്പയുടെ ലക്ഷണങ്ങളാണെന്നു കണ്ടെത്തിയാൽ ചികിത്സകർ പിപിഇ (പേഴ്സനൽ പ്രൊട്ടക്ടീവ് എക്വിപ്മെന്റ്) എന്ന ശരീര കവചം ധരിക്കും. ഇതു പകർച്ചാ സാധ്യത ഒഴിവാക്കും. പിപിഇ ധരിക്കാതെ രോഗിയെ സന്ദർശിക്കൽ, രോഗി ഉപയോഗിച്ച വസ്ത്രങ്ങളും സാധനങ്ങളും അലക്ഷ്യമായി കൈകാര്യം ചെയ്യൽ എന്നിവയും വ്യാപന സാധ്യത സൃഷ്ടിക്ക‍ാം.)

∙ കിണർ വെള്ളം കുടിക്കരുത്; വവ്വ‍ാൽ മൂത്രം കാണ‍ും

(വാസ്തവം: കിണറുകളിലും മറ്റു ജലസ്രോതസുകളിലും വവ്വാലുകളുടെ വിസർജ്യം വീഴുന്ന സ്ഥിതി ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിക്കുന്നുണ്ട്. എന്നാൽ, വെള്ളം ത‍ിളപ്പിച്ച ശേഷം ഉപയോഗിക്കുന്നതിൽ ഒരു തകരാറുമില്ല.

പനിയും തലവേദനയുമുണ്ടോ, സംശയിക്കേണ്ട നിപ്പ തന്നെ

(വാസ്തവം: പനിയും തലവേദനയുമൊക്കെ നിപ്പയുടെ ലക്ഷണങ്ങൾ തന്നെ. പക്ഷേ, ഇവ പിടിപെട്ടവരെല്ലാം നിപ്പ ബാധിച്ചെന്നു പേടിക്കേണ്ട. പനി, തലവേദന, ശക്തിയായ ക്ഷീണം, ചുമ, ഛർദി, പേശീവേദന, വയറിളക്കം, മനോശക്തി ദുർബലമാകൽ, മസ്തിഷ്ക ജ്വരം എന്ന‍ീ ലക്ഷണങ്ങളും കാണുന്നുണ്ടെങ്കിൽ പേടിക്കണം. പനിയുള്ളവർ സ്വയം ചികിത്സ ഒഴിവാക്കണം.)

നിപ്പയെ പ്രതിരോധിക്കാൻ സോപ്പ് മികച്ച ആയുധമാണ്.

ദിവസവും പലവട്ടം സോപ്പിട്ടു കൈകൾ തമ്മിലുരച്ചു നന്നായി കഴ‍ുകുക. ഭക്ഷണം കഴിക്കുന്നതിനു മുൻപു പ്രത്യേകിച്ചും. 40 സെക്കൻഡ് വരെ കൈകൾ കഴുകണം. എൻവലപ്ഡ് ആർഎൻഎ വൈറസ് ആണ് നിപ്പ. വൈറസിനെ പൊതിഞ്ഞ് ഒരു സൂക്ഷ്മസ്തരത്തിന്റെ പാളിയുണ്ട്. ആൽക്കലി, ആസിഡ്, ആൽക്കഹോൾ ഇവയുടെ സ്പർശത്തിൽ ഈ മൂടൽസ്തരം പൊട്ടിപ്പോകും. അതോടെ വൈറസ് നശിക്കും. സോപ്പ് ആൽക്കലി സ്വഭാവമുള്ള വസ്തുവാണെന്നതിനാൽ അതിന്റെ സ്പർശം തന്നെ വൈറസിനെ നശിപ്പിക്കുമെന്നർഥം. പക്ഷേ, രോഗികളുമായി നേരിട്ടു ബന്ധപ്പെടാൻ ശരീര കവചം (പിപിഇ) അടക്കമുള്ള മുൻകരുതലെടുക്കണം.

ആശുപത്രിയിൽ പോകുമ്പോൾ..

∙ ആശുപത്രിയിൽ പോകുമ്പോൾ നിർബന്ധമായി തൂവാല കയ്യിൽ കരുതണം.

∙ ചുമയ്ക്കുമ്പോൾ ഒപി ടിക്കറ്റ്, പത്രക്കടലാസ് എന്നിവ കൊണ്ടു മുഖംമറയ്ക്കുന്ന രീതി ഒഴിവാക്കണം. തൂവാല കൊണ്ടു മൂക്കും വായും പൊത്തണം.

∙ ചുമച്ചുകഴിഞ്ഞാൽ സോപ്പ് ഉപയോഗിച്ചു കൈകൾ കഴുകണം.

∙ ഉപയോഗിച്ച ടിഷ്യു പേപ്പറുകൾ, മാസ്ക് എന്നിവ അലക്ഷ്യമായി വലിച്ചെറിയരുത്.

∙ കാണുന്നിടത്തെല്ലാം തുപ്പരുത്.

RECENT POSTS
Copyright © . All rights reserved