തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. തിരഞ്ഞെടുപ്പ് അവലോകനമാണ് പ്രധാന അജണ്ട. കേരളാ കോൺഗ്രസ് എമ്മിലെ ഭിന്നതയും പോസ്റ്റൽ ബാലറ്റ് വിവാദവും കള്ളവോട്ടുമുൾപ്പെടെ യോഗത്തിൽ ചർച്ചയാകും.
വോട്ടർ പട്ടികയിലെ വെട്ടിമാറ്റൽ, പൊലീസിലെ പോസ്റ്റൽ വോട്ടിലെ തിരിമറി, കള്ളവോട്ട് തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റു കാര്യങ്ങളും യോഗം ചർച്ച ചെയ്യും. ഇക്കാര്യങ്ങളിലൊക്കെ നിയമ പോരാട്ട സാധ്യതകൾ ഉൾപ്പെടെ ചർച്ച ചെയ്യും. രാവിലെ 11ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ആണ് യുഡിഎഫ് യോഗം ചേരുക.
യുഡിഎഫിന്റെ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള അവലോകന യോഗങ്ങൾ നേരത്തേ പൂർത്തിയായിരുന്നു. ചുരുങ്ങിയത് 16 സീറ്റുകൾ ലഭിക്കുമെന്നതാണ് മുന്നണി നേതൃത്തിന്റെ കണക്കു കൂട്ടൽ. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ സംസ്ഥാനതല അവലോകനം ഇന്നത്തെ യോഗത്തിലുണ്ടാകും. കെ.എം.മാണിയുടെ വിയോഗത്തിനു പിന്നാലെ കേരളാ കോൺഗ്രസ് എമ്മിൽ ഉടലെടുത്തിരിക്കുന്ന ഭിന്നതയും യോഗത്തിൽ ചർച്ചയായേക്കും.
മുസ്‌ലിം ലീഗ് പ്രവർത്തകരുടെ കള്ളവോട്ട് മുന്നണിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ കൈക്കൊള്ളേണ്ട നിലപാടും യോഗത്തിൽ ധാരണയാകും. പോസ്റ്റൽ ബാലറ്റ് വിവാദവും ക്രൈംബ്രാഞ്ച് അന്വേഷണവും ഇടതുമുന്നണിക്കും സർക്കാരിനുമെതിരെ ആയുധമാക്കാനുള്ള ആലോചനയും യുഡിഎഫിനുണ്ട്.
കോട്ടയം: കെവിൻ വധക്കേസിൽ രണ്ടാംഘട്ട വിസ്താരം കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തിങ്കളാഴ്ച ആരംഭിക്കും. ഇനി തുടർച്ചയായി ജൂൺ അവസാനം വരെ വിചാരണ നടത്താനാണ് തീരുമാനം. കെവിന്റെ പിതാവ് ജോസഫ്, ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന ടി.എം. ബിജു, സിപിഒ അജയകുമാര്‍ ഉള്‍പ്പെടെ എട്ട് പേരെ ഇന്ന് വിസ്തരിക്കും.
കേസിലെ നിര്‍ണായക സാക്ഷികളാണ് ബിജുവും അജയകുമാറും. ഒന്നാം പ്രതി സാനു ചാക്കോ സഞ്ചരിച്ച കാര്‍ പരിശോധിച്ചതും ഇവരുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതും 2000 രൂപ കൈക്കൂലി വാങ്ങി വിട്ടയച്ചതും ബിജുവാണ്.
കെവിൻ കൊല്ലപ്പെട്ടശേഷം ഒളിവിൽപോയി താമസിച്ച കുമളിയിലെ ഹോംസ്റ്റേ നടത്തിപ്പുകാരനടക്കം ഒമ്പത് സാക്ഷികളും പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. താഴ്ന്ന ജാതിക്കാരനായതിനാലാണ് പിതാവ് ചാക്കോയും സഹോദരൻ ഷാനുവും ചേർന്ന് കെവിന്റെ ജീവനെടുത്തതെന്ന് ഭാര്യ നീനുവും നിർണായക മൊഴി നൽകി. മാതാപിതാക്കൾ ക്രൂരമായാണ് പെരുമാറിയിരുന്നതെന്ന് പറഞ്ഞ നീനു, മർദിച്ചതിന്റെയും പിതാവ് പൊള്ളലേൽപിച്ചതിന്റെയും പാടുകൾ കോടതിയിൽ കാണിച്ചു.
കെവിന്റെ മൃതദേഹം ഇൻക്വസ‌്റ്റ‌് നടത്തിയ പുനലൂർ തഹസിൽദാർ ജയൻ എം. ചെറിയാനും മൃതദേഹം പുറത്തെടുത്ത ഫയർഫോഴ‌്സ‌് ജീവനക്കാരൻ ഷിബുവും കെവിൻ സ്വയം മുങ്ങിമരിച്ചെന്ന പ്രതിഭാഗം വാദത്തെ ദുർബലപ്പെടുത്തുന്ന മൊഴികളാണ് നൽകിയത്. ആദ്യഘട്ട വിചാരണയിൽ 28ാം സാക്ഷിയും പ്രതികളുടെ സുഹൃത്തുമായ അബിൻ കൂറുമാറിയിരുന്നു. പത്ത് ദിവസത്തെ അവധിക്ക് ശേഷമാണ് വിചാരണ പുനരാരംഭിക്കുന്നത്
ഇടുക്കി ഉപ്പുതറയിൽ എട്ടു വയസുകാരിയെ ക്രൂരമായി മര്‍ദിച്ച അമ്മയുടെ കാമുകന്‍ അറസ്റ്റില്‍. കുട്ടിയുടെ പിതാവ് തളര്‍വാതം ബാധിച്ച് കിടപ്പിലാണ്. അനീഷുമായുള്ള ബന്ധം പിതാവിന്‍റെ മാതാപിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞതിനായിരുന്നു മര്‍ദനം.
പത്തേക്കർ, കുന്നേൽ, ശിവദാസിന്റെ മകൻ അനീഷ് ആണ് അറസ്റ്റിലായത്. കുട്ടിയുടെ പിതാവ് തളർവാദം വന്നു കിടപ്പിലാണ്. ഭാര്യയും എട്ടും, അഞ്ചും, രണ്ടും വയസുള്ള പെൺകുട്ടികൾ മറ്റൊരു വീട്ടിൽ അനീഷിനൊപ്പമാണ് താമസം. ഭാര്യയുമായി പിരിഞ്ഞു കഴിയുകയായിരുന്ന അനീഷ് കഴിഞ്ഞ ഒരു വർഷമായി യുവതിയുടെയും മക്കളുടെയും ഒപ്പമുണ്ട്.
അനീഷ് വീട്ടിൽ വരുന്നത് എട്ടുവയസുകാരിക്ക് ഇഷ്ടമല്ലായിരുന്നു. അമ്മയുടെ അനീഷുമൊത്തുള്ള ബന്ധത്തെപ്പറ്റി കുട്ടികളുടെ പിതാവിന്റെ മാതാപിതാക്കളോട് പറയും എന്ന് പറഞ്ഞായിരുന്നു മർദ്ദനം. അനീഷ് ചൂരൽ വടി കൊണ്ടാണ് കുട്ടിയെ മർദ്ദിച്ചത്. കുട്ടിയെ അനീഷ് മർദ്ദിക്കുന്നത് കണ്ടിട്ട് അമ്മ പ്രതികരിച്ചില്ലെന്നും പരാതിയുണ്ട്. മർദനം സഹിക്കാതെ വന്നപ്പോൾ കുട്ടി വല്യമ്മമാരെ വിവരം അറിയിച്ചു. കുട്ടിയുടെ പിതാവിന്റെ അമ്മയുടെ പരാതിയിൽ ആണ് പൊലീസിൽ കേസ് എടുത്തത്. കുട്ടിയുടെ മൊഴിയിലും, വൈദ്യ പരിശോധനയിലും മർദ്ദനമേറ്റിട്ടുള്ളതായി സ്ഥിരീകരിച്ചെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സൗദിയിൽ ഉംറ നിർവഹിച്ചു മടങ്ങുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞു പെൺകുട്ടി മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി അബ്ദുൽ റസാഖിൻറെ മകൾ സനോബറാണ് മരിച്ചത്. ഇരുപതു വയസായിരുന്നു. ഗുരുതരമായി പരുക്കറ്റ ഇളയ മകൾ തമന്നയെ ജിദ്ദയിലെ നസീം കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദമാമിലെ സ്വകാര്യ കമ്പനിയിലാണ് അബ്ദുൽ റസാഖ് ജോലി ചെയ്യുന്നത്. കുടുംബം അടുത്തിടെ സന്ദർശകവീസയിലെത്തിയതായിരുന്നു
പാലാ: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് അച്ഛനും മകനും മരിച്ചു. മറ്റത്തിപ്പാറ പുതിയമഠത്തിൽ ജെൻസ് (33), മകൻ അഗസ്റ്റോ (ഒരു വയസ്സ്) എന്നിവരാണു മരിച്ചത്. കടനാട് പഞ്ചായത്ത് ഓഫീസിന് സമീപമാണ് അപകടം നടന്നത്.
ദിവസങ്ങള്‍ക്ക് മുൻപാണ് ജെന്‍സ് പുതിയ ഓട്ടോ വാങ്ങിയത്. ചെറുകിട കാര്‍ഷിക ജോലിക്കൊപ്പം വാഹനങ്ങള്‍ ഓടിക്കാനും മറ്റും പോകുമായിരുന്നു. 2 ദിവസമായി അഗസ്റ്റോയ്ക്ക് പനിയായിരുന്നതിനാല്‍ അടുത്തുള്ള ഹോമിയോ ആശുപത്രിയിലെത്തി മരുന്നു വാങ്ങാനായാണ് നാലുപേരും പുതിയ ഓട്ടോയില്‍ യാത്ര പുറപ്പെട്ടത്. ജെന്‍സ് അഗസ്റ്റിന്റെ പേരിലുള്ള ഓട്ടോയില്‍ നമ്പർ പോലും എഴുതിയിട്ടില്ല. ജോസ്മിയുടെ കൈയ്യിലായിരുന്നു കുഞ്ഞ്.
ഒരു കൺസ്ട്രക്ഷൻ സ്ഥാപനത്തിന്റെ ലോറിയായിരുന്നു നിർത്തിയിട്ടിരുന്നത്. വല്യാത്ത് ഭാഗത്തുനിന്നും കൊല്ലപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ പെട്ടന്ന് ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ശബ്ദം കോട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തിൽപെട്ടവർക്ക് രക്ഷകരായത്. പിന്നാലെയെത്തിയ വാഹനങ്ങളിൽ പരുക്കേറ്റവരെ ആശുപത്രിലേക്ക് എത്തിച്ചു
ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിക്കും നേരെ താൻ മോശം പരാമർശം നടത്തിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ സംബന്ധിച്ച വിവാദം വാർത്തകളിൽ നിറഞ്ഞുനിൽക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
ഒരു പ്രധാനമന്ത്രിക്കും നേരെ ഞാൻ മോശം പരാമർശങ്ങൾ നടത്താറില്ല. ഇക്കാര്യത്തിൽ അവരുടെ രാഷ്ട്രീയ പാർട്ടി ഏത് എന്നത് എനിക്കു വിഷയമല്ല. രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവ വെറും വ്യക്തികളല്ല, അവർ ഓരോ സ്ഥാപനങ്ങളാണ്- ബിഹാറിലെ റോഹ്താസിൽ തെരഞ്ഞടുപ്പ് റാലിയിൽ സംസാരിക്കവെ രാജ്നാഥ് സിംഗ് പറഞ്ഞു.
പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയ സ്ഥാപനങ്ങളുടെ കരുത്ത് വർധിപ്പിക്കുന്നതിനായി പ്രയത്നിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. ഈ സ്ഥാപനങ്ങൾ ദുർബലമായി തുടങ്ങിയാൽ ജനാധിപത്യം ദുർബലമാകും. ജനാധിപത്യം ദുർബലമായാൽ രാജ്യം വിഭജിക്കപ്പെടുന്നത് തടയാൻ ഒരു ശക്തിക്കും കഴിയില്ലെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പാർട്ടികൾ രാജ്യത്തിന്റെ വികസനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്ന് താൻ പറയില്ല. എല്ലാ പാർട്ടികളും എന്തെങ്കിലും സംഭാവനകൾ നൽകിയിട്ടുണ്ട്. അവരുടെ പ്രവർത്തന ശൈലികൾ മാത്രമാണ് വ്യത്യാസപ്പെട്ടിരിക്കുന്നതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
രാജീവ് ഗാന്ധി വിഷയത്തിൽ കോണ്‍ഗ്രസും ബിജെപിയും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ തുടരവെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി പാർട്ടി നേതൃത്വത്തെ പരോക്ഷമായി തള്ളി രംഗത്തെത്തുന്നത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒന്നാം നന്പർ അഴിമതിക്കാരനായിരുന്നെന്നും നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് വിരാട് അവധി ആഘോഷിക്കാൻ ഉപയോഗിച്ചെന്നും മോദി ആരോപിച്ചിരുന്നു.
തിരുവനന്തപുരം: അവയവുമായി തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ട പുഷ്പഗിരിയിലേക്ക് ആംബുലന്‍സ് പുറപ്പെട്ടു. കിംസ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച ആളിന്‍റെ അവയവം തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കാവാലം കൊച്ചു പുരയ്‌ക്കൽ ഹൗസിൽ കെ ആര്‍ രാജീവ് (40) എന്ന ആൾക്ക്വേണ്ടിയാണ് കൊണ്ടു പോകുന്നത്. 8.00 മണിയോടെ ആംബുലൻസ് കിംസ് ആശുപത്രിയിൽ നിന്ന് യാത്ര തിരിച്ചു. കേരള പൊലീസ് , കേരള ആംബുലൻസ് ഡ്രൈവേഴ്സ് & ടെക്നിഷ്യൻസ് അസോസിയേഷൻ (കെഎഡിടിഎ) എന്നിവർ സംയുക്തമായി റോഡ് ക്ലിയർ ചെയ്ത് അവയവം എത്തിക്കാനുള്ള സംവിധാനം ചെയ്യുന്നുണ്ട്. കേരള പൊലീസിന്‍റെ തല്ലാതെ മറ്റ് വാഹനങ്ങള്‍ ആംബുലൻസുകളുടെ എസ്‌കോർട്ട്, പൈലറ്റ് എന്നിവ ഏറ്റെടുക്കാന്‍ പാടില്ലെന്ന് അധികൃതർ അറിയിച്ചു. 122 കിലോമീറ്റര്‍ ദൂരമാണ് തിരുവനന്തപുരം കിംസില്‍ നിന്ന് തിരുവല്ല പുഷ്പഗിരിയിലേക്ക് ഉള്ളത്.
ആംബുലൻസ് പോകുന്ന കടന്ന് പോകുന്ന വഴി
1 കിംസ്.
2 കഴക്കൂട്ടം
3 വെട്ടുറോഡ്
4 പോത്തൻകോട്
5 വെഞ്ഞാറമൂട്
6 കിളിമാനൂർ
7 നിലമേൽ
8 ആയൂർ
9 കൊട്ടാരക്കര
10 ഏനാത്ത്
11 അടൂർ
12 പന്തളം
13 ചെങ്ങന്നൂർ
14 തിരുവല്ല
15 പുഷ്പ ഗിരി മെഡിക്കൽ കോളേജ്.
തൃശൂര്‍; തൃശൂര്‍ പൂരത്തിന്റെ ആദ്യ ചടങ്ങായ പൂരവിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തി. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേ ഗോപുര നട തള്ളിത്തുറക്കുന്ന ചടങ്ങിനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിച്ചത്. തെച്ചിക്കോട്ടുകാവ് ദേവീദാസനില്‍ നിന്നാണ് രാമചന്ദ്രന്‍ തിടമ്പ് ഏറ്റുവാങ്ങിയത്. പടിഞ്ഞാറേ നടയിലൂടെ ഉള്ളില്‍ പ്രവേശിച്ച് തെക്കേഗോപുരം തള്ളിത്തുറന്ന ശേഷം പടിഞ്ഞാറേ നടയിലെത്തിയാണ് പൂരവിളംബരം നടന്നത്.
കര്‍ശന ഉപാധികളോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാന്‍ അനുമതി നല്‍കിയത്. ഇതനുസരിച്ച് ആളുകളെ മാറ്റി നിര്‍ത്തിയിരുന്നു. ബാരിക്കേഡുകള്‍ക്കുള്ളില്‍ നിന്നാണ് പൂരവിളംബരം ആളുകള്‍ കണ്ടത്. കുറ്റൂര്‍ ക്ഷേത്രത്തില്‍ നിന്ന് തെച്ചിക്കോട്ടുകാവ് ദേവീദാസനാണ് എഴുന്നെള്ളത്തിനായി തിടമ്പേറ്റിയത്. പിന്നീട് വടക്കുംനാഥനില്‍ വെച്ച് തിടമ്പ് കൈമാറി.
വടക്കുംനാഥനിലെ ചടങ്ങുകള്‍ക്ക് മാത്രമായി ഒരു മണിക്കൂര്‍ മാത്രമേ തെച്ചിക്കോട്ട് രാമചന്ദ്രന് അനുമതി നല്‍കിയിരുന്നുള്ളു. രാവിലെ 9.30 മുതല്‍ 10.30 വരെയായിരുന്നു അനുമതി. തെച്ചിക്കോട്ടുകാവില്‍ നിന്ന് ലോറിയിലാണ് ആനയെ മണികണ്ഠനാല്‍ പരിസരത്ത് എത്തിച്ചത്. ചടങ്ങ് 2.10 കോടി രൂപയ്ക്ക് ഇന്‍ഷ്വര്‍ ചെയ്തിരുന്നു.
കുമളി: പെൻഷൻ തുക നൽകാത്തത്തിന് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ പിടിയിൽ. കുമളി ചെങ്കര എച്ച്എംഎൽ എസ്റ്റേറ്റ് പത്താം നമ്പർ ലയത്തിൽ താമസിക്കുന്ന രാജേന്ദ്രൻ (47) ആണ് പിടിയിലായത്. 70കാരിയായ അമ്മ വീട്ടിൽ നിന്നും പുറത്തുപോയ സമയം നോക്കി വീട് രണ്ട് താഴിട്ട് പൂട്ടി, ഈ താഴുകളിലേക്ക് വൈദ്യുതി കണക്ഷൻ നൽകുകയായിരുന്നു.
രാജേന്ദ്രനും അമ്മ മരിയ സെൽവവും മാത്രമാണ് ഈ വീട്ടിൽ താമസം. വീട്ടിൽ തിരിച്ചെത്തിയ അമ്മ, മകൻ തനിക്കായി കുരുക്കിയ കെണിയറിയാതെ വാതിലിൽ തൊട്ടതും ഷോക്കടിച്ച് തെറിച്ച് വീണു. കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തിയാണ് കണക്ഷൻ വിച്ഛേദിച്ചത്.
തയ്യൽത്തൊഴിലാളിയാണ് രാജേന്ദ്രൻ. ഭാര്യയോടും മക്കളോടും പിണങ്ങി അമ്മയ്ക്ക് ഒപ്പമാണ് ഇയാൾ താമസിച്ചിരുന്നത്. അമ്മയ്ക്ക് ലഭിക്കുന്ന പെൻഷൻ തുകയ്ക്ക് വേണ്ടി ഇവർ തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ തർക്കം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ മൊഴി നൽകി. എന്നാൽ മരിയ പണം നൽകില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. ഇതാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്
ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണ പശ്ചാത്തലത്തില്‍ ക്രിസ്ത്യാനികളുടെ സംരക്ഷകരാകാന്‍ ബിജപി. ആഗോളതലത്തിലുള്ള ക്രിസ്തീയ മതവിശ്വാസികളെ സംരക്ഷിക്കാനായി ക്രൈസ്തവ സംരക്ഷണ സേന രൂപീകരിക്കാനാണ് നീക്കം.
കൊച്ചിയില്‍ ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന സമ്മേളനം നടന്നു കൊണ്ടിരിക്കുകയാണ്. ഇതില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പങ്കെടുക്കും. ഇതിന് ശേഷം ക്രൈസ്തവ സംരക്ഷണ സേനയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
ഇതിന്റെ ഭാഗമായി മെയ് 29 ന് ശ്രീലങ്കന്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ വെച്ചു കൊണ്ടുള്ള പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിക്കുന്നതോടൊപ്പം ഉപവാസവും നടത്തും.
കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമമാണ് ഇതിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്. ക്രൈസ്തവ സംഘടനകളുടെ പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ട്. ഇനി പാര്‍ട്ടി വളരണമെങ്കില്‍ ക്രിസ്ത്യന്‍ വോട്ടുകളുടെ പിന്തുണ വേണമെന്നാണ് ബിജെപി കരുതുന്നത്.