Kerala

ഐഎസില്‍ ചേര്‍ന്ന കാസര്‍കോട് സ്വദേശി റാഷിദ് അബ്ദുള്ള വ്യോമാക്രമണത്തില്‍ മരിച്ചതായി സൂചന. അഫ്ഗാനിസ്ഥാനിലെ കുറാസന്‍ പ്രവിശ്യയിലെ ഐഎസ് കേന്ദ്രത്തിലായിരുന്നു റാഷിദ് പ്രവര്‍ത്തിച്ചിരുന്നത്. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചെന്നാണ് വിവരം.

കേരളത്തില്‍നിന്നുള്ള ഐഎസ് റിക്രൂട്ട്മെന്‍റ് നടത്തിയിരുന്നത് റാഷിദ് ആണെന്നായിരുന്നു എന്‍ഐഎ കണ്ടെത്തല്‍. നേരത്തേ കേരളത്തില്‍നിന്ന് ഐഎസില്‍ ചേര്‍ന്നവരുടെ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നത് റാഷിദ് ആയിരുന്നു. ഇയാളുടെ സന്ദേശങ്ങള്‍ മൂന്ന് മാസമായി കിട്ടുന്നില്ല.

 

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്ക് നിപയെന്ന് സൂചന. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലമാണ് നിപയെന്ന സംശയം ഉയര്‍ത്തിയത്. കൂടുതല്‍ പരിശോധനയ്ക്കായി റിപ്പോര്‍ട്ട് അയച്ചിരിക്കുകയാണ്. അതിനുശേഷമേ സ്ഥിരീകരണം ഉണ്ടാകുകയുള്ളൂ. സംസ്ഥാനത്ത് 22 പേര്‍ നിരീക്ഷത്തിലാണ്. നിപ സംശയം തൊടുപുഴ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിക്കാണ്. പറവൂര്‍ സ്വദേശിയാണ്. അതേസമയം, വിദ്യാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നവരും നിരീക്ഷണത്തിലാണ്. വിദ്യാര്‍ത്ഥി തൃശ്ശൂരിലെത്തിയിരുന്നതായും വിവരമുണ്ട്.

യുവാവ് രണ്ട് ആഴ്ചത്തെ തൊഴില്‍ പരിശീലനത്തിനായാണ് തൃശൂരെത്തിയത്. തൃശൂരെത്തുമ്പോള്‍ പനി ഉണ്ടായിരുന്നു. തൃശൂരില്‍ നിന്ന് നാലാം ദിവസം യുവാവ് മടങ്ങി. യുവാവിന്റെ ഒപ്പമുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികള്‍ക്കും ഇതുവരെ പനിയുടെ ലക്ഷണമുണ്ടായിട്ടില്ല. പനിയുടെ ഉറവിടം തൃശൂരല്ലെന്നും ഡിഎംഒ വ്യക്തമാക്കി.

വിദ്യാര്‍ത്ഥി പഠിച്ച കോളേജും പരിസരവും നിരീക്ഷണത്തിലാണെന്ന് ഇടുക്കി ഡിഎംഒ. മുന്‍കരുതല്‍ നടപടികള്‍ എടുത്തുവെന്നും ഡിഎംഒ വ്യക്തമാക്കി. കോഴിക്കോട് നിന്ന് മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങിയ ആറംഘ സംഘം കൊച്ചിയിലെത്തും.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചെന്ന പരാതിയിൽ കല്ലറയിൽ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുന്നു. സംസ്കരിച്ച് 20 ദിവസത്തിന് ശേഷം ഇന്നലെ കല്ലറയിൽ നിന്ന് പുറത്തെടുത്ത മൃതദേഹം ഇന്ന് പോസ്റ്റ് മോർട്ടം ചെയ്യും. മരണകാരണം ചികിൽസാ പിഴവാണെന്ന യുവതിയുടെ ഭർത്താവിന്‍റെ പരാതിയിലാണ് നടപടി. ശസ്ത്രക്രിയയിൽ പിഴവില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

കഴിഞ്ഞമാസം പതിനൊന്നിനാണ് വടക്കൻ പറവൂർ കൂട്ടുകാട് സ്വദേശി റിൻസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഗർഭാശയ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ശസ്ത്രക്രിയയെ തുടർന്ന് റിൻസിക്ക് ഹൃദയസ്തംഭനമുണ്ടായി മരിച്ചുവെന്നാണ് ബന്ധുക്കളെ ആശുപത്രി അധികൃതർ അറിയിച്ചത്. എന്നാൽ ശ്വാസതടസമാണ് മരണകാരണമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശസ്ത്രക്രിയക്കിടെ ഉണ്ടായ പിഴവാണ് റിൻസിയുടെ ജീവനെടുത്തതെന്ന് വ്യക്തമായതായി ബന്ധുക്കൾ പറയുന്നു.

ഭർത്താവിൻറെ പരാതിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ ഉത്തരവിട്ടത്. തുടർന്ന് സബ് കലക്ടറുടെ സാന്നിധ്യത്തിൽ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.

അതേസമയം റിൻസിയുടെ ശസ്ത്രക്രിയയിലും ചികിൽസയിലും പിഴവുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ശ്വാസതടസത്തെ തുടർന്നുള്ള ഹൃദയസ്തംഭനമാണ് മരണത്തിന് കാരണമായത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാമെന്ന് അറിയിച്ചിരുന്നുവെങ്കിലും, യുവതിയുടെ ബന്ധുക്കൾ താൽപര്യം കാണിച്ചില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

കേരളകോൺഗ്രസിലെ ഇരുവിഭാഗത്തിന്റയും അടി തീർക്കാൻ സഭ ഇടപെടുന്നു. സമവായമുണ്ടാക്കാൻ കത്തോലിക്കാ സഭാ നേതൃത്വം ശ്രമം തുടങ്ങിയതായാണ് വിവരം. പി ജെ ജോസഫും ജോസ് കെ മാണിയുമായി ചില ബിഷപ്പുമാർ ചർച്ച നടത്തിയതായാണ് വിവരം. കേരളകോൺഗ്രസിന്‍റെ പാ‍ർലമെന്‍ററി പാർ‍ട്ടി യോഗം അടുത്തയാഴ്ച അവസാനം ചേർന്നേക്കും. യോഗത്തിന് മുന്നോടിയായി സമവായമുണ്ടാക്കാനല്ല ശ്രമങ്ങളാണ് സഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.

സംസ്ഥാനകമ്മിറ്റി വിളിക്കണമെന്ന നിലപാടിലുറച്ച് നിൽക്കുമ്പോഴും അനുരഞ്ജനത്തിന് ജോസ് കെ മാണിയും തയ്യാറാണ്. യറിംഗ് കമ്മിറ്റിയും പാർലമെന്‍ററി പാർട്ടി യോഗവും വിളിച്ച ശേഷം സംസ്ഥാനകമ്മിറ്റി വിളിക്കാമെന്നാണ് പി ജെ ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്.

വിദേശത്തുള്ള മോൻസ് ജോസഫ് അ‍ഞ്ചിന് എത്തും. ആറാം തീയതി എറണാകുളത്ത് വച്ച് പാർലമെന്‍ററി പാർട്ടി യോഗം വിളിക്കാമെന്നാണ് നിർദ്ദേശം. അതിന് മുൻപ് ഏകദേശ ധാരണയുണ്ടായില്ലെങ്കിൽ പാ‍ർലമെന്‍ററി പാർ‍ട്ടിയിലെ നാടകങ്ങൾ പാർട്ടിയുടെ ഭാവി നിശ്ചയിക്കും.

നടന്‍ കുഞ്ചാക്കോ ബോബന് നേരെയുണ്ടായ വധശ്രമത്തില്‍ പ്രതിക്ക് ശിക്ഷ വിധിച്ചു. കുഞ്ചാക്കോ ബോബനു നേരെ കഠാര വീശി ഭീഷണിപ്പെടുത്തുകയായിരുന്നു. തോപ്പുംപടി മൂലങ്കുഴി അത്തിക്കുഴി സ്റ്റാന്‍ലി ജോസഫിനെയാണു (75) ആണ് പ്രതി. മജിസ്‌ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം 2018 ഒക്ടോബര്‍ 5നു പാതിരാത്രിയാണു സംഭവം ഉണ്ടായത്. കുഞ്ചാക്കോ ബോബനു നേരെ കഠാര വീശി അടുത്ത പ്രതി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. കുഞ്ചാക്കോ അടക്കം എട്ട് സാക്ഷികളെ വിസ്തരിച്ച കോടതി നിരീക്ഷണ ക്യാമറാദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച ശേഷമാണു ശിക്ഷ വിധിച്ചത്.

വധഭീഷണിക്ക് ഒരു വര്‍ഷവും ആയുധ നിരോധന നിയമപ്രകാരം ഒരു വര്‍ഷവും ശിക്ഷ ലഭിച്ചെങ്കിലും രണ്ടും ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

വിയ്യൂർ ജയിലിന് സ്വന്തമായി ടിവി ചാനൽ. വാർത്തകൾ വായിക്കാനും എഡിറ്റ് ചെയ്യാനും തടവുകാർ. ഫ്രീഡം ചാനലിലൂടെ ആഴ്ചയില്‍ രണ്ട് ദിവസം തടവുകാര്‍ക്ക് വാര്‍ത്തകളും വിശേഷങ്ങളും കാണാം. ഇന്ത്യയില്‍ ആദ്യമായാണ് ജയിലില്‍ ഇത്തരമൊരു സംരംഭം ഒരുക്കുന്നത്. ഒന്നരക്കോടി രൂപയുടെ ഹൈടെക് അടുക്കള ഒരുക്കിയും വിയ്യൂർ ജയിൽ ശ്രദ്ധ നേടിയിരുന്നു.

തടവുകാര്‍ നിര്‍മ്മിക്കുന്ന ഹ്രസ്വചിത്രങ്ങള്‍, കോമഡി ഷോ, മിമിക്രി എന്നിവയും ഇതോടൊപ്പമുണ്ട്. മൂന്ന് മാസം മുമ്പാണ് ഫ്രീഡം ചാനല്‍ സംപ്രേഷണം തുടങ്ങിയത്. ടിവി കാണുന്നതിന് തടവുകാര്‍ക്ക് പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ക്യാമറയ്ക്ക് പിന്നിലും സാങ്കേതിക വൈദഗ്ധ്യമുളള തടവുകാര്‍. എഡിറ്റിംഗിനായി പ്രത്യേക സംഘം വേറെ. തടവുകാരുടെ നിയമ സംബന്ധമായ സംശയങ്ങള്‍ക്ക് ജയില്‍ അധികൃതര്‍ മറുപടി നല്‍കുന്ന ലോ പോയൻറാണ് മറ്റൊരു ആകര്‍ഷണം. മൊത്തത്തിൽ പറഞ്ഞാൽ ജയിൽ വിഷയങ്ങളെല്ലാം ചാനലിൽ ച‍ർച്ചയാവുന്നുണ്ട്.

തടവുകാര്‍ക്ക് ഫ്രീഡം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളെ പ്രതികരണം അറിയിക്കുന്നതിന് എല്ലാ ബ്ലോക്കുകളിലും ഫ്രീഡം ബോക്സുകളും സ്ഥാപിച്ചിട്ടുണ്ട്. ഫ്രീഡം ചാനലിന്‍റെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നതോടെ ജയിലിന് പുറത്തിറങ്ങിയാലും നല്ലൊരു വരുമാനമാർഗം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് തടവുകാർ.

 
ട്രെയിനില്‍ യാത്ര ചെയ്തിരുന്ന മകളെ കാണാനില്ലെന്നും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ച്‌ പിതാവിന്റെ ഫേസ്‌ബുക്ക് കുറിപ്പ്.ശിവാജി എന്നയാളാണ് ഷൊര്‍ണൂര്‍ വഴി മംഗലാപുരം പോകുന്ന ട്രെയിനില്‍ യാത്ര ചെയ്തിരുന്ന മകളെ കാണാതായതായും സഹായിക്കണമെന്നും അഭ്യർത്ഥിച്ച് ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

പതിനേഴുകാരിയായ വിഷ്ണുപ്രിയയെയാണ് കാണാതായത്.
ഷൊര്‍ണൂര്‍ വഴി മംഗലാപുരം പോകുന്ന ട്രെയിനില്‍ യാത്ര ചെയ്തിരുന്ന പെണ്‍കുട്ടി ആറ് മണിക്ക് കോഴിക്കോട് എത്തേണ്ടതായിരുന്നു. നീല ചുരിദാറാണ് പെണ്‍കുട്ടി ധരിച്ചിരിക്കുന്നത്. വിഷ്ണുപ്രിയയെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്നും അതിനായി നമ്പറും പോസ്റ്റില്‍ കൊടുത്തിട്ടുണ്ട്.

ശിവാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്

എന്റെ മകൾ വിഷ്ണുപ്രിയ 17വയസ്സ് ;ഷൊർണുർ വഴി മംഗലാപുരം പോകുന്ന ട്രെയിനിൽ ഉണ്ടായിരുന്നു 6മണിക്ക് കോഴിക്കോട് എത്തേണ്ട ട്രെയിൻ ആണ് അവൾ വീട്ടിൽ എത്തിയിട്ടില്ല സ്റ്റേഷനിൽ പരാതി പെട്ടിട്ടുണ്ട് നീല ചുരിദാർ ആണ് ധരിചിരിക്കുന്നത്… വിവരം കിട്ടുന്നവർ അറിയിക്കുക phn: sivaji 9605964319..sahre ചെയ്യുക

സ്വർണക്കടത്തുകേസിലെ പ്രതികളായ വിഷ്ണുവിനും പ്രകാശ് തമ്പിക്കും ബാലഭാസ്ക്കറുമായി അടുപ്പമുണ്ടായിരുന്നതായി പിതാവ് കെ.സി.ഉണ്ണി പറഞ്ഞു. മകന്റെ മരണത്തിന് പിന്നിലും ഇവർക്ക് പങ്കുള്ളതായി സംശയിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയുണ്ട്. ഒരു ക്രിമിനല്‍ സംഘത്തിന്റെ രൂപത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. പാലക്കാട്ടെ ഡോക്ടറുമായി ബാലഭാസ്കര്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു സംശയമുണ്ടെന്നും ഉണ്ണി പറഞ്ഞു.

ഇപ്പോൾ താമസിക്കുന്ന റോഡിൽ നിന്നും ഉള്ളിലേക്കുള്ള വീടിന് പകരം മറ്റൊന്ന് വാങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ റോഡരികിലെ വീട് വാങ്ങാൻ പണം തടസമായിരുന്നു. ബാലുവിനോട് സംസാരിച്ചപ്പോൾ പണത്തിനു വിഷമിക്കേണ്ടെന്നും പണം അവന്‍ തരാമെന്നും പറഞ്ഞു. തന്റെ അക്കൗണ്ടില്‍ പണമുണ്ടെന്നും പാലക്കാട്ടെ ഡോക്ടര്‍ക്ക് നല്ലൊരു തുക കൊടുത്തിട്ടുള്ളതായും ബാലു പറഞ്ഞു. തുക എത്രയെന്നു ബാലു പറഞ്ഞില്ല. ഞാന്‍ ചോദിച്ചതുമില്ല. ബാലഭാസ്കര്‍ കുറേ പണം പാലക്കാട് നിക്ഷേപിച്ചതായി പാലക്കാട്ടെ ആയുര്‍വേദ ഡോക്ടറുടെ കോണ്‍ട്രാക്റ്റര്‍ ബാലുവിന്റെ മരണശേഷം തന്നോടു പറഞ്ഞിരുന്നു. കോണ്‍ട്രാക്റ്റര്‍ക്ക് കൊടുക്കാനുള്ള പണം നല്‍കാത്തതിനാല്‍ അയാള്‍ ഡോക്ടര്‍ക്കെതിരെ ചെറുപ്പളശേരി പൊലീസിനു പരാതി നല്‍കിയിരുന്നു. പണം നല്‍കാമെന്നു പറഞ്ഞ് ഡോക്ടര്‍ പറ്റിക്കുകയായിരുന്നെന്നാണ് കോണ്‍ട്രാക്റ്റര്‍ പറഞ്ഞത്.

കോളജില്‍ പഠിക്കുന്ന കാലം മുതല്‍ വിഷ്ണു ബാലഭാസ്കറിന്റെ കൂടെയുണ്ട്. പ്രകാശ് തമ്പി കൂട്ടുകാരനായിട്ട് 6-7 വര്‍ഷമാകുന്നതേയുള്ളൂ. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇയാള്‍ കന്റീന്‍ നടത്തിയിരുന്നു. അവിടെവച്ചാണ് ബാലഭാസ്കറുമായി പരിചയത്തിലാകുന്നത്. ബാലുവിനെ ജിമ്മില്‍ കൊണ്ടുപോയത് ഇയാളായിരുന്നു. ജിമ്മില്‍ ട്രെയിനറാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ തടിച്ച ശരീരമുള്ള പ്രകാശ് തമ്പി ജിം ട്രെയിനറാണെന്ന് വിശ്വസിക്കുന്നില്ല.

ബാലുവിന്റെ മരണത്തിനു മുന്‍പ് ഇവരെല്ലാം സ്ഥിരമായി വീട്ടില്‍ വരുമായിരുന്നു. ഇപ്പോള്‍ ആരും വരാറില്ല. ബാലുവിന്റെ മരണശേഷം ഫോണില്‍പോലും വിളിച്ചിട്ടില്ല. ബാലുവിന്റെ ഭാര്യ ഇപ്പോള്‍ അവരുടെ വീട്ടിലാണ്. ഇടയ്ക്ക് അവിടെ പോയപ്പോള്‍ പാലക്കാടുള്ള ഡോക്ടറുടെ ഭാര്യ ആ വീട്ടില്‍വന്നു താമസിക്കുന്നതായി മനസിലായി. അതു ചോദ്യം ചെയ്തതിനുശേഷം ആ വീട്ടിലേക്ക് പോയിട്ടില്ല. ബാലുവിന്റെ പേര് ഒന്നിലേക്കും വലിച്ചിഴയ്ക്കാന്‍ താല്‍പര്യമില്ല. പക്ഷേ അപകടത്തിനു പിന്നിലെ വസ്തുതകള്‍ പുറത്തുവരണം.

ബാലഭാസ്കറിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയമുയര്‍ത്തി പുതിയ വെളിപ്പെടുത്തല്‍. ബാലഭാസ്കറും കുടുംബവും അപകടത്തില്‍പ്പെട്ട അതേസമയത്ത് രണ്ടു പേരെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്നും ഇക്കാര്യം ബാലഭാസ്കറിന്റെ സഹായിയായിരുന്ന പ്രകാശ് തമ്പിയെ അറിയിച്ചിരുന്നെന്നും കൊച്ചിന്‍ കലാഭവനിലെ സൗണ്ട് റെക്കോര്‍ഡിസ്റ്റായിരുന്ന സോബി ജോര്‍ജ് െവളിപ്പെടുത്തി. പ്രകാശ് തമ്പി സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായതിനു പിന്നാലെയാണ് വെളിപ്പെടുത്തല്‍. അതേസമയം സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അഡ്വക്കേറ്റ് എം.ബിജു അന്വേഷണ സംഘവുമായി സഹകരിക്കുന്നില്ല.

ബാലഭാസ്കറിന്‍റെ അപകടം നടന്ന് പത്തു മിനിറ്റിനുളളില്‍ താന്‍ അപകട സ്ഥലത്തു കൂടി കടന്നു പോയിരുന്നെന്നും ഈ സമയം രണ്ടു പേരെ ദുരൂഹ സാഹചര്യത്തില്‍ കണ്ടിരുന്നെന്നുമാണ് സോബി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. അപകടം നടന്ന സ്ഥലത്തിനു മുന്നിലൂടെ ഒരാള്‍ ഓടി നീങ്ങുന്നതും വലതുവശത്തു കൂടി മറ്റൊരാള്‍ ബൈക്ക് തളളിക്കൊണ്ടു പോകുന്നതും കണ്ടിരുന്നെന്ന് സോബി പറയുന്നു. ഇക്കാര്യം അപ്പോള്‍ തന്നെ ബാലുവിന്‍റെ അടുത്ത സഹായിയായിരുന്ന പ്രകാശ് തമ്പിയെ വിളിച്ചു പറഞ്ഞിരുന്നു. എന്നാല്‍ പ്രകാശ് പിന്നീട് ഇതിനോട് പ്രതികരിച്ചിരുന്നില്ലെന്നും ഇതില്‍ സംശയമുണ്ടെന്നുമാണ് സോബി പറയുന്നത്.

തിരുവനന്തപുരം വിമാനത്താവളം വഴിയുളള സ്വര്‍ണക്കടത്ത് കേസില്‍ പ്രകാശ് അറസ്റ്റിലാവുകയും ബാലഭാസ്കറിന്റെ മറ്റൊരു സഹായിയായിരുന്ന വിഷ്ണു ഒളിവില്‍ പോവുകയും ചെയ്ത പശ്ചാത്തലത്തിലാണ് സോബിയുടെ വെളിപ്പെടുത്തല്‍ പ്രസക്തമാകുന്നത്. എന്നാല്‍ സ്വര്‍ണക്കടത്തു കേസും ബാലഭാസ്കറിന്‍റെ മരണവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തില്‍ സോബിക്ക് വ്യക്തതയില്ല താനും.

അതേസമയം സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതിയായ അഭിഭാഷകന്‍ എം.ബിജു ചോദ്യം ചെയ്യലില്‍ സഹകരിക്കുന്നില്ലെന്ന് ഡിആര്‍ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വിദേശത്തു നിന്ന് കടത്തിയ സ്വര്‍ണം തിരുവനന്തപുരത്തെ പിപിഎം ജ്വല്ലറിയിലാണ് വിറ്റതെന്നു മാത്രമാണ് ബിജു വെളിപ്പെടുത്തിയിട്ടുളളത്.രണ്ടായിരം ദിര്‍ഹം വാഗ്ദാനം ചെയ്താണ് ബിജു സ്ത്രീകളടക്കമുളളവരെ ഉപയോഗിച്ച് സ്വര്‍ണം കടത്തിയിരുന്നതെന്ന് വ്യക്തമാക്കി കേസിലെ മറ്റൊരു പ്രതി സെറീനയും അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

ഫ്ലാറ്റ് നിര്‍മാണം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആക്ട് നടപ്പാക്കാതെ സംസ്ഥാന സര്‍ക്കാര്‍. ഫ്ലാറ്റ് നിര്‍മാതാക്കളുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് കേരളം നിയമം നടപ്പാക്കാന്‍ നടപടിയെടുക്കാത്തതെന്നാണ് ആക്ഷേപം. റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുകള്‍ നിയന്ത്രിക്കാനും ഫ്ലാറ്റ് വാങ്ങുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് 2016ല്‍ റിയല്‍ എസ്റ്റേറ്റ് റഗുലേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് ആക്ട് പാര്‍ലമെന്റ് പാസാക്കിയത്. നിയമം പാസാക്കി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും അതില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി രൂപവല്‍ക്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. തമിഴ്നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങള്‍ നിയമം നടപ്പിലാക്കാന്‍ നടപടിയെടുത്തിട്ടും കേരളം നിസ്സംഗത തുടരുകയാണെന്നാണ് ആക്ഷേപം.

പുതിയ നിയമപ്രകാരം, പരിസ്ഥിതി ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളില്‍ നിന്നും അനുമതി ലഭിച്ചാല്‍ മാത്രമേ ഫ്ലാറ്റ് നിര്‍മാണം തുടങ്ങാന്‍ കഴിയൂ. പ്രൊജക്ട് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടാല്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. മരടിലേതുപോലെയുള്ള വിഷയങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ റിയല്‍ എസ്റ്റേറ്റ് നിയമം എത്രയും വേഗം കേരളത്തില്‍ നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

Copyright © . All rights reserved