അതിരുവിട്ട ഓണാഘോഷത്തിനിടെ ജീപ്പിൽ നിന്ന് തെറിച്ച് വീണ് കോളേജ് വിദ്യാർഥികൾക്ക് പരിക്കേറ്റു. കോഴിക്കോട് ദേവഗിരി കോളേജിലെ വിദ്യാർഥികളാണ് ജീപ്പിന് മുകളിൽ കയറി ഓണാഘോഷം നടത്തുന്നതിനിടെ അപകടത്തിൽപ്പെട്ടത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം തുടങ്ങി.

വെള്ളിയാഴ്ച രാവിലെയാണ് ആഘോഷം നടന്നത്. ഓണാഘോഷത്തിന്‍റെ ഭാഗമായി രണ്ടാം വർഷ ബിരുദ വിദ്യാർഥികൾ കോളേജിലേക്ക് എത്തിയത് ജീപ്പിന് കൂട്ടമായി ഇരുന്നായിരുന്നു. മെഡിക്കൽ കോളേജ് ജങ്ഷനിൽ നിന്ന് ആരംഭിച്ച് കോളേജ് ഗേറ്റ് വരെ നടത്തിയ യാത്രയ്ക്കൊടുവിലായിരുന്നു അപകടം. മൂന്നാം വർഷ വിദ്യാർഥികളും ഇതേ ദിവസം സമാനമായ രീതിയില്‍ അഭ്യാസങ്ങൾ നടത്തിയതായി വിദ്യാർഥികൾ പറഞ്ഞു.

റാലി നടത്തിയ റോഡിന് സമീപം ഒരു സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് മെഡിക്കൽ കോളേജ് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. തിരുവനന്തപുരത്ത് ഓണാഘോഷത്തിനിടെ വിദ്യാർഥികൾ ഓടിച്ച ജീപ്പിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റതിന് പിറ്റേന്നാണ് കോഴിക്കോട്ടെ സംഭവം. ആഘോഷങ്ങൾ പരിധിവിട്ടാല്‍ കർശന നടപടിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ മുന്നറിയിപ്പ് നല്‍കിയിരുന്നു.