Kerala

നഗരമധ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ 16നു കോടിമതയ്ക്കു സമീപം കൊല്ലപ്പെട്ടതു ബംഗാൾ ജയ്പാൽഗുരി സ്വദേശി പുഷ്പനാഥ് സൈബിയാണെന്നും ( പുഷ്കുമാർ) ഇയാളെ സുഹൃത്ത് അപ്പു റോയ് കൊലപ്പെടുത്തിയതാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ഇന്നലെ ഉച്ചയോടെ ബെംഗളൂരു വൈറ്റ് ഫീൽഡിൽ നിന്നു അപ്പു റോയിയെ പൊലീസ് അറസ്റ്റു ചെയ്തു. പണത്തിനു വേണ്ടിയാണു സുഹൃത്തായ പുഷ്കുമാറിനെ കൊന്നതെന്നു അപ്പു സമ്മതിച്ചു. പുഷ് കുമാറിന്റെ എടിഎം കാർഡ് ഉപയോഗിച്ചു അപ്പു പണം പിൻവലിച്ചതായും കണ്ടെത്തി. ജയ്പാൽഗുരി സ്വദേശികളായ പുഷ് കുമാർ എരുമേലിയിലും അപ്പു റോയ് കോട്ടയത്തുമാണു ജോലി ചെയ്തിരുന്നത്. പുഷ് കുമാർ 4 ലക്ഷത്തോളം രൂപ സമ്പാദിച്ചിരുന്നതായി അപ്പു മനസിലാക്കി. ജോലി സ്ഥലത്തു നിരന്തരം വഴക്കുണ്ടാക്കി മാറുന്ന അപ്പുവിന് ആരും സ്ഥിരം ജോലി നൽകിയിരുന്നില്ല

പണം ആവശ്യത്തിന് ആയെന്നും നാട്ടിലേക്കു തിരികെ പോയി കൃഷി തുടങ്ങുമെന്നും പുഷ് കുമാർ അപ്പുവിനോടു പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കോട്ടയത്തേക്കു പുഷ് കുമാറിനെ വിളിച്ചുവരുത്തിയ അപ്പു നഗരത്തിലെ കെട്ടിടത്തിന്റെ മുകളിൽ വച്ചു കൊലപ്പെടുത്തിയെന്നു പൊലീസ് പറഞ്ഞു. എടിഎം കാർഡിൽ പുഷ് കുമാർ പിൻ നമ്പർ എഴുതിയിരുന്നതു പണം എടുക്കാനും സൗകര്യമായി. കോടിമതയിലെ ഹോട്ടലിനു സമീപത്തെ സിസിടിവി ക്യാമറയിൽ നിന്നു ലഭിച്ച ചിത്രമാണ് തുമ്പായത്.

ഇരുവരും ഒരുമിച്ച് നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിൽ കോട്ടയത്തെയും പരിസരത്തെയും ലേബർ കരാറുകാരുടെ യോഗം വിളിച്ചു ചേർത്തതിൽ നിന്നാണു അപ്പു റോയിയെ കുറിച്ചു സൂചന ലഭിച്ചത്. പ്രതിയെ ഇന്നു കോട്ടയത്ത് എത്തിക്കും

തിരുവനന്തപുരം: 13 ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യൂറോപ്പിലേക്ക് തിരിച്ചു. മെയ് 13ന് ജനീവയിൽ ഐക്യരാഷ്ട്ര സഭ സംഘടിപ്പിക്കുന്ന ലോക പുനർനിർമ്മാണ സമ്മേളനമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രധാന പരിപാടി. സമ്മേളനത്തിൽ മുഖ്യ പ്രാസംഗികനായാണ് പിണറായി വിജയൻ പങ്കെടുക്കുന്നത്. 13 ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി മെയ് 20 ന് തിരിച്ചെത്തും.

ഒമ്പതാം തീയതി നെതർലൻഡ്സിലാണ് അദ്ദേഹത്തിന്റെ ആദ്യ പരിപാടി. ഐ.ടി മേഖലയിലെ കൂട്ടായ്മയായ ടി.എന്‍.ഒവിന്‍റെ പ്രതിനിധികളുമായും വ്യവസായ കോണ്‍ഫെഡറേഷന്‍റെ പ്രതിനിധികളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. പ്രകൃതി ക്ഷോഭത്തെ നേരിടുന്നതിന് നെതർലൻഡ്സ് സർക്കാർ നടപ്പിലാക്കിയ ‘റൂം ഫോർ റിവർ’ പദ്ധതി പ്രദേശവും മറ്റ് പദ്ധതികളും അദ്ദേഹം സന്ദർശിക്കും. നെതര്‍ലൻഡ്സിലെ മലയാളി കൂട്ടായ്മയുമായി അദ്ദേഹം സംവദിക്കും.

പിന്നീട് ഇംഗ്ലണ്ട്, ഫ്രാൻസ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലും മുഖ്യമന്ത്രി സന്ദർശനം നടത്തും. മെയ് 14ന് സ്വിറ്റ്‌സര്‍ലൻഡിലെ ധനകാര്യം, വിദ്യാഭ്യാസം, ടൂറിസം മേഖലകളുടെ ചുമതല വഹിക്കുന്ന ഫെഡറല്‍ കൗണ്‍സിലര്‍ ഗൈ പാര്‍മീലിനുമായി മുഖ്യമന്ത്രി സംസാരിക്കും. സ്വിസ് പാര്‍ലമെന്‍റിലെ ഇന്ത്യന്‍ അംഗങ്ങളുമായും പിണറായികൂടിക്കാഴ്ച നടത്തുന്നുണ്ട്. യു.എന്‍.ഡി.പി. ക്രൈസിസ് ബ്യൂറോ ഡയറക്ടര്‍ അസാകോ ഒകായുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്.

മെയ് 16ന് പാരിസ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പ്രസിദ്ധ സാമ്പത്തിക വിദഗ്ധന്‍ തോമസ് പിക്കറ്റി, ലൂക്കാസ് ചാന്‍സല്‍ എന്നിവരുമായി ചര്‍ച്ച നടത്തും.

ഇംഗ്ലണ്ടിലെത്തുന്ന മുഖ്യമന്ത്രി മെയ് 17ന് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പിണറായി പങ്കെടുക്കും. ധനകാര്യമന്ത്രി തോമസ് ഐസക്കും, കിഫ്ബി സിഇഒ കെ.എം.എബ്രഹാമും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ വിദേശപര്യടനത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. വി. വേണു, ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് എന്നിവരും അനുഗമിക്കും. മെയ് 20നാണ് മുഖ്യമന്ത്രി തിരിച്ചെത്തുക. ഇതുവരെയുള്ള മുഖ്യന്ത്രിയുടെ വിദേശപര്യടനങ്ങളിൽ ചുമതല മറ്റ് മന്ത്രിമാർക്ക് നൽകിയിരുന്നില്ല. ഇക്കുറിയും അത് ഉണ്ടാകില്ല എന്നാണ് കരുതുന്നത്.

തിരുവല്ലം: പ്രഭാത സവാരിക്കിടെ വനിതാ ഐപിഎസ് ട്രെയിനിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിലായി. പൂന്തുറ മാണിക്കവിളാകം സ്വദേശി പാച്ചല്ലൂർ ലാല നിവാസിൽ വാടകയ്ക്കു താമസിക്കുന്ന സലിം (29) നെയാണ് ഫോർട്ട് അസി.കമ്മിഷണർ ആർ.പ്രതാപൻ‍ നായരുടെ നേതൃത്വത്തിൽ ഷാഡോ പൊലീസിന്റെ സഹായത്തോടെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവല്ലം സ്റ്റേഷൻ എസ്എച്ച്ഒയായ ഐപിഎസ് ട്രെയിനി ഐശ്വര്യ പ്രശാന്ത് ഡോംഗ്രെയുടെ കഴുത്തിൽ നിന്നാണ് ബൈക്കിലെത്തിയ യുവാവ് മാല പൊട്ടിക്കാൻ ശ്രമിച്ചത്. കോവളം ബൈപാസിൽ പാച്ചല്ലൂർ കൊല്ലന്തറ ഭാഗത്തെ സർവീസ് റോഡിൽ ശനി രാവിലെയുണ്ടായ സംഭവത്തെ തുടർന്ന് പ്രതിയുടെ സിസിടിവി ക്യാമറ ദൃശ്യം പൊലീസ് പുറത്തുവിട്ടിരുന്നു. ക്യാമറ ദൃശ്യം പരിശോധിച്ച പൊലീസ്, പ്രതി ഇതേ പ്രദേശത്തെ താമസക്കാരനാണെന്ന നിഗമനത്തിലെത്തി.

എസ്എച്ച്ഒ നൽകിയ ബൈക്കിന്റെ റജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് തലസ്ഥാനത്തെ കൂടാതെ കൊല്ലം ജില്ലയിലെ വാഹനങ്ങളുടെ നമ്പരുകളും പരിശോധിച്ചു. തുടർന്ന് കെഎൽ 02 എ എഫ് 1361 എന്ന നമ്പരുള്ള ബൈക്ക് ഉടമയുടെ പൂന്തുറ വിലാസം കിട്ടിയതോടെ പ്രതിയെ തിരിച്ചറിഞ്ഞു.

തിങ്കൾ രാത്രി വൈകി വീടിനു സമീപത്തു നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ വിശദമായി ചോദ്യം ചെയ്തു. മോഷണശ്രമത്തിനാണ് കേസെന്നു പൊലീസ് പറഞ്ഞു. സ്വകാര്യ കേറ്ററിങ് സഥാപനത്തിലെ ജീവനക്കാരനാണ്. നേരത്തെ സ്ത്രീകളെ ശല്യം ചെയ്ത പരാതികൾ ഇയാൾക്കെതിരെ ഇപ്പോൾ ഉയർന്നിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

താൻ മാല പിടിച്ചുപറിക്കാൻ ശ്രമിച്ചത് വനിതാ ഐപിഎസ് ട്രെയിനിയുടേതാണെന്നതോ തന്നെ തേടി പൊലീസ് വലവിരിക്കുന്നുണ്ടെന്നതോ അറിയാതെയായിരുന്നു തുടർന്നുള്ള ദിവസങ്ങളിൽ പ്രതിയുടെ ജീവിതം. തിങ്കൾ രാത്രി വൈകി പാച്ചല്ലൂർ തോപ്പടി ലാലാ നിവാസിൽ വാടകയ്ക്കു താമസിക്കുന്ന പ്രതിയുടെ വീട്ടിനു സമീപം പൊലീസ് പിടികൂടാനെത്തുമ്പോൾ ആദ്യം ഓടി രക്ഷപ്പെടാൻ ശ്രമിച്ചു

കുറച്ചൊരു ബലപ്രയോഗം വേണ്ടി വന്നു കീഴടക്കാനെന്നു പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യമടക്കം മാല പിടിച്ചുപറിക്കൽ സംഭവം സംബന്ധിച്ച് വാർത്തകൾ വന്നതൊന്നും പ്രതി അറിഞ്ഞിരുന്നില്ല. നേരത്തെ ഇയാളുടെ പേരിൽ ക്രിമിനൽ കേസുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നു പൊലീസ് പറയുന്നു

സേനാംഗം കൂടിയായ ഉന്നത ഉദ്യോഗസ്ഥക്കു നേരെ നടന്ന അതിക്രമത്തിലെ പ്രതിയെ പിടികൂടാൻ പൊലീസ് സംഘം അരയും തലയും മുറുക്കി രംഗത്തിറങ്ങി.ഫലം, സംഭവം നടന്നു രണ്ടര ദിവസത്തിനള്ളിൽ പ്രതി പിടിയിലായി. തീക്കട്ടയിൽ ഉറുമ്പരിച്ചുവെന്ന പേരിൽ സംഭവം പൊലീസിനു വെല്ലുവിളിയും അഭിമാനപ്രശ്നമായതും അന്വേഷണ വേഗത കൂടാൻ കാരണമായി.

ഫോർട്ട് അസി.കമ്മിഷണർ ആർ.പ്രതാപൻ നായരുടെ നേതൃത്വത്തിൽ തിരുവല്ലം, ഷാഡോ, സൈബർ വിഭാഗങ്ങളിലെ പൊലീസുകാരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘമായി രാവും പകലും പ്രതിക്കായി തിരഞ്ഞു. സംഭവം നടന്ന് ആദ്യ മണിക്കൂറിൽ തന്നെ പ്രതിയെക്കുറിച്ചു സൂചന ലഭിച്ചുവെന്ന് അഭിമാന പ്രശ്നമെന്ന നിലയ്ക്ക് പൊലീസ് പറഞ്ഞുവെങ്കിലും ആദ്യം ഒന്നും വ്യക്തമായിരുന്നില്ല.

മാല പൊട്ടിക്കാൻ നടത്തിയ വിജയിക്കാത്ത ആക്രമണത്തിനു ശേഷം ബൈക്കോടിച്ചു പോയ പ്രതിയുടെ പിന്നാലെ ഓടിയ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ പൊലീസ് കഴിവാണ് പ്രതിയിലേക്കുള്ള ആദ്യ വഴി തുറന്നത്. ബൈക്കിനു പിന്നാലെ കുറേ ദൂരമോടിയ ഉദ്യോഗസ്ഥ റജിസ്ട്രേഷൻ നമ്പരായ 1361 എന്ന അക്കങ്ങളും ‘ഹീറോ പാഷൻ പ്രോ’ ബൈക്കാണെന്നതും മനസിൽ കുറിച്ചിട്ടു. ഈ വിവരങ്ങൾ നിർണായകമായി.

പൂന്തുറ മുതൽ കോവളം വരെയുള്ള സിസിടിവികളിലെ ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ സംഭവ സ്ഥലത്തിനോടടുത്ത 8 ക്യാമറകൾ പൊലീസ് വിശദമായി പരിശോധിച്ചു. സംഭവ സ്ഥലത്തിനു സമീപം കുറച്ചു ദൂരത്തു മാത്രമേ ബൈക്ക് ക്യാമറയുടെ പരി​ധിയിൽ ഉള്ളുവെന്നത് പ്രധാന റോഡ് വി‌ട്ട് ബൈക്ക് ചെറുറോഡിലേക്ക് കടന്നിരിക്കമാമെന്ന സാധ്യത വെളിവാക്കി. അതുകൊണ്ടു തന്നെ പ്രദേശവാസിയാണ് പ്രതിയെന്ന നിലപാടിലേക്കും പൊലീസെത്തി. ബൈക്കിന്റ‌ റജിസ്ട്രേഷൻ നമ്പരിനു പുറകെയായി അടുത്ത അന്വേഷണം.

തലസ്ഥാനത്തെ ഏതാണ്ട് മുക്കാൽ ലക്ഷത്തോളം പാഷൻ പ്രോ ബൈക്കുകളുടെ നമ്പരുകളാണ് പരിശോധിച്ചത്. പിന്നീട് അന്വേഷണം കൊല്ലം ജില്ലയിലേക്ക് നീട്ടി. അവിടെയും ഏതാണ്ട് മുപ്പതിനായിരത്തിൽപ്പരം വാഹന നമ്പരുകൾ പരിശോധിച്ചു. അവിടെ നിന്ന് ലഭിച്ച കെഎൽ02 എ എഫ് 1361 എന്ന നമ്പർ പരിശോധനയിൽ പൂന്തുറ മാണിക്യവിളാകം സ്വദേശിയാണ് ആർ.സി ഉടമയെന്നു അറിയാനായതോടെ പ്രതിയുടെ ചിത്രം തെളിഞ്ഞു.

ദുബായ് പൊലീസിലെ മലയാളി ഉദ്യോഗസ്ഥനെ കാണാതായെന്നു പരാതി. തട്ടിക്കൊണ്ടുപോയത് സ്വർണക്കള്ളക്കടത്ത് സംഘമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിനു സൂചന. രണ്ടാഴ്ച മുൻപ് വിദേശത്തു നിന്നെത്തിയ അരക്കിണർ പതിയേരിക്കണ്ടി പറമ്പിൽ മുസഫർ അഹമ്മദിനെയാണ് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ തട്ടിക്കൊണ്ടുപോയത്.

ദുബായ് പൊലീസിൽ താൽക്കാലിക ഉദ്യോഗസ്ഥനായിരുന്നു മുസഫർ അഹമ്മദെന്ന് മാറാട് പൊലീസ് പറഞ്ഞു. മുസഫറിനെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് സംഭവത്തിൽ സ്വർണക്കള്ളക്കടത്ത് സംഘത്തിനു പങ്കുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്. ഡിസംബർ രണ്ടാം വാരം നാട്ടിലെത്തി തിരികെ പോയതാണ് മുസഫർ അഹമ്മദ്. വീണ്ടും ഏപ്രിൽ 22ന് നാട്ടിലെത്തി. 24ന് കരിപ്പൂരിൽ എത്തിയെന്നും വീട്ടിലേക്കു വരികയാണെന്നും മുസഫർ ബന്ധുക്കളെ വിളിച്ചു പറഞ്ഞു. തുടർന്ന് ഫോൺ സ്വിച്ചോഫ് ആയി. ഡിസംബറിൽ നാട്ടിലെത്തിയ മുസഫറിന്റെ കൈവശം കള്ളക്കടത്തു സംഘം സ്വർണം കൊടുത്തുവിട്ടതായാണ് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരം

എന്നാൽ, നാട്ടിലെത്തിയ മുസഫർ സ്വർണം കൈമാറിയില്ല. വിദേശത്തേക്കു തിരികെപ്പോയ മുസഫർ നാട്ടിലെത്തുന്നതു സംഘം കാത്തിരിക്കുകയായിരുന്നു. ഈ സംഘമാണ് മുസഫറിനെ തട്ടിക്കൊണ്ടുപോയത് എന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച സൂചനകൾ.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയിതാക്കളായി മാറി ഒടുവിൽ വിവാഹിതരായ പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റേയും വിവാഹത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വിമർശനം.ക്രിസ്ത്യന്‍ ആചാര പ്രകാരം കൊച്ചിയിലെ പള്ളിയില്‍ വച്ചായിരുന്നു ആദ്യം വിവാഹം,എന്നാൽ അന്യ മതസ്ഥനെ പള്ളിയിൽ വെച്ച് വിവാഹം ചെയ്തതുമായി ബന്ധപ്പെട്ടാണ് വിമർശനങ്ങൾ ഉയരുന്നത്.

കാശ് നല്‍കിയാല്‍ ഏതുതരം കല്യാണവും പള്ളിയില്‍ വച്ച് നടത്തും. സമ്പന്നര്‍ക്ക് മാത്രമുള്ളതാണ് ഈ ആനുകൂല്യം പാവപ്പെട്ടവന് എന്നും സഭാനിയമം അനുസരിക്കണം – സെലിബ്രിറ്റികള്‍ക്ക് അതിന്‍റെ ആവശ്യമില്ല. അവിടെ സഭ നിയമം നോക്കില്ല തുടങ്ങിയവയാണ് പ്രധാന വിമര്‍ശനങ്ങള്‍

എന്നാൽ പേളിയുടെയും ശ്രീനിഷിന്റെയും വിവാഹം കൗദാശികവിവാഹമല്ല”എന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് വൈദികനായ നോബിള്‍ തോമസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ സഭ ഇത്തരം വിവാഹങ്ങൾ എങ്ങനെ കാണുന്നുവെന്നും വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം

“പേളി മാണിയുടേത് കൗദാശികവിവാഹമല്ല”

മിനിസ്ക്രീനിലെ താരമായ പേളി മാണിയും അക്രൈസ്തവനായ ശ്രീനിഷും തമ്മിലുള്ള വിവാഹം സീറോ മലബാര്‍ സഭയുടെ ദേവാലയത്തില്‍ ആശീര്‍വ്വദിക്കപ്പെട്ടതിനെ തുടര്‍ന്ന് വ്യാപകമായ ചര്‍ച്ചകള്‍ സാമൂഹ്യമാധ്യമങ്ങള്‍നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. സാധാരണപോലെ തന്നെ കാര്യത്തെപ്പറ്റി വലിയ അറിവൊന്നുമില്ലാത്ത ചിലരുടെ തട്ടുപൊളിപ്പന്‍ അടിക്കുറിപ്പുകളോടെ ചൂടുള്ള പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുന്നു. ക്രിസ്ത്യന്‍ ട്രോള്‍സ് തുടങ്ങിവച്ച ട്രോള്‍ പലരും ഏറ്റുപിടിച്ച് വളരെ അക്രൈസ്തവമായ രീതിയില്‍ യാഥാര്‍ത്ഥ്യങ്ങളറിയാതെ ആരോടൊക്കെയോ ഉള്ള കലിപ്പ് തീര്‍ത്തുകൊണ്ടിരിക്കുന്നു. ചില ആരോപണങ്ങള്‍ ഇതാണ്:

– കാശുനല്കിയാല്‍ ഏതുതരം കല്യാണവും പള്ളിയില്‍ വച്ച് നടത്തും. സന്പന്നര്‍ക്ക് മാത്രമുള്ളതാണ് ഈ ആനുകൂല്യം (അവശ്യസന്ദര്‍ഭങ്ങളില്‍ ഈ ആനുകൂല്യം രൂപതാമെത്രാന്‍ആര്‍ക്കും നല്കും)
– പാവപ്പെട്ടവന് എന്നും സഭാനിയമം അനുസരിക്കണം – സെലിബ്രിറ്റികള്‍ക്ക് അതിന്‍റെ ആവശ്യമില്ല. അവിടെ സഭ നിയമം നോക്കില്ല (ഇപ്പോള്‍ പരാമര്‍ശിക്കപ്പെടുന്ന കേസിലും കൃത്യം സഭാനിയമമനുസരിച്ച് തന്നെയാണ് വിവാഹം നടന്നിട്ടുള്ളത് – താഴോട്ട് വായിക്കുക)
– ക്രൈസ്തവ ദേവാലയങ്ങളില്‍ ഇത്തരം അശ്ലീലം നടത്താന്‍പാടുള്ളതല്ല (മതാന്തരവിവാഹം സഭാനിയമപ്രകാരം നിര്‍വ്വചിക്കപ്പെട്ടിട്ടുള്ളത് തന്നെയാണ് – അതിന് അതിന്‍റേതായ നടപടിക്രമങ്ങളുണ്ട് – അത് അശ്ലീലമല്ല).

പശ്ചാത്തലം ഇത്രയും വിശദീകരിച്ച് കാര്യത്തിലേക്ക് കടക്കട്ടെ. ക്രൈസ്തവവിവാഹം എന്നതും അതു സംബന്ധമായ സഭാനിയമങ്ങളും വ്യക്തമായി മനസ്സിലാക്കാത്തതിനാലാണ് ഇത്തരം തരംതാണം ആരോപണങ്ങളിലേക്ക് ട്രോള്‍ പേജുകളും നാമമാത്ര സഭാസ്നേഹികളും വീണുപോകുന്നത്.

മൂന്ന് രീതിയില്‍ കത്തോലിക്കാസഭയില്‍ നടത്തപ്പെടുന്ന വിവാഹങ്ങളെ മനസ്സിലാക്കാന്‍ സാധിക്കും.

1. രണ്ട് കത്തോലിക്കര്‍ തമ്മിലുള്ള വിവാഹം – മാമ്മോദീസ സ്വീകരിച്ച രണ്ട് കത്തോലിക്കര്‍ തമ്മില്‍ നിയമാനുസൃതം നടത്തപ്പെടുന്ന ഈ വിവാഹം ഒരു കൂദാശയാണ് (Sacrament). കേരളത്തില്‍ ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കര സഭാഗംങ്ങള്‍ തമ്മില്‍ത്തമ്മില്‍ നടത്തപ്പെടുന്ന ഏതു വിവാഹവും ഇത്തരത്തില്‍ കൗദാശികമാണ്. ഇതില്‍ ഏതു റീത്തിലുള്ള ആള്‍ക്കും മറ്റൊരു റീത്തിലൊരാളെ ജീവിതപങ്കാളിയായി നിയമാനുസൃതം സ്വീകരിക്കാവുന്നതാണ്. അതില്‍ നിയമവിരുദ്ധമായി യാതൊന്നുമില്ല. എങ്കിലും സ്വന്തം റീത്തില്‍ തന്നെയുള്ളവരെ വിവാഹം കഴിക്കാന്‍ വിശ്വാസികള്‍ പരിശ്രമിക്കണമെന്ന് സഭ ഓര്‍മ്മിപ്പിക്കാറുണ്ട്.

2. മിശ്രവിവാഹം (Mixed Marriage) – കത്തോലിക്കരും മാമ്മോദീസാ സ്വീകരിച്ചിട്ടുള്ള അകത്തോലിക്കരും തമ്മിലുള്ള വിവാഹത്തെയാണ് മിശ്രവിവാഹമെന്ന് പറയുന്നത്. ഇപ്രകാരമുള്ള വിവാഹത്തിന് രൂപതാദ്ധ്യക്ഷന്‍റെ അനുവാദം ആവശ്യമുണ്ട്. മിശ്രവിവാഹം ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള മാനസികഐക്യത്തെയും അവരുടെ വിശ്വാസജീവിതത്തെയും ബാധിക്കുമെന്നതിനാല്‍ അത്തരം വിവാഹങ്ങള്‍ നിരുത്സാഹപ്പെടുത്താറുണ്ട്. എങ്കിലും രൂപതാദ്ധ്യക്ഷന്‍റെ അനുവാദത്തോടെ നടത്തപ്പെടുന്ന ഇത്തരം വിവാഹങ്ങള്‍ പങ്കാളികള്‍ ഇരുവരും മാമ്മോദീസ സ്വീകരിച്ച ക്രൈസ്തവരായതിനാല്‍ കൗദാശികവിവാഹങ്ങളാണ് (Sacramental Marriages).

3. മതാന്തരവിവാഹങ്ങള്‍ (Disparity of cult Marriage) – കത്തോലിക്കരും മാമ്മോദീസാ സ്വീകരിച്ചിട്ടില്ലാത്ത ഇതരമതസ്ഥരും തമ്മിലുള്ള വിവാഹത്തിനാണ് മതാന്തരവിവാഹം എന്ന് പറയുന്നത്. ഇപ്രകാരമുള്ള വിവാഹങ്ങള്‍ വളരെ അവശ്യസന്ദര്‍ഭങ്ങളില്‍ മാത്രമാണ് രൂപതാമെത്രാന്മാര്‍ അനുവദിക്കാറുള്ളത്. ഈ വിവാഹം കൗദാശികമല്ല (not sacramental). ഇത്തരം വിവാഹങ്ങള്‍ക്ക് അതിന്‍റേതായ നടപടിക്രമങ്ങള്‍ ഉണ്ട്. വിശുദ്ധ കുര്‍ബാനയോടു കൂടി അവ നടത്തപ്പെടാന്‍ പാടില്ല.

മേല്‍വിവരിച്ചതില്‍ നിന്നും കഴിഞ്ഞ ദിവസം നടന്ന സെലിബ്രിറ്റി വിവാഹം മതാന്തരവിവാഹമാണെന്ന് മനസ്സിലാക്കാം. എറണാകുളം അതിരൂപതാ ജാഗ്രതാസമിതിയുടെ വിശദീകരണക്കുറിപ്പിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വിവാഹങ്ങള്‍ സാധാരണ വിവാഹത്തിന്‍റെ മുഴുവന്‍ ക്രമത്തോടും വിശുദ്ധ കുര്‍ബാനയോടും കൂടിയല്ല നടത്തപ്പെടുന്നത്. വൈദികന്‍റെ സാന്നിദ്ധ്യം, ആശീര്‍വ്വാദം, രണ്ട് സാക്ഷികള്‍, പരസ്പരമുള്ള വിവാഹസമ്മതം എന്നിവയുള്‍ക്കൊള്ളുന്ന ഒരു പ്രാര്‍ത്ഥനാകര്‍മ്മം മാത്രമാണ് മതാന്തരവിവാഹങ്ങളുടെ ആശീര്‍വ്വാദം എന്നത്.

എന്തുകൊണ്ട് സഭ മതാന്തരവിവാഹം അനുവദിക്കുന്നു?

വളരെ അവശ്യസന്ദര്‍ഭങ്ങളില്‍ മാത്രമാണ് സഭ ഇത്തരം വിവാഹങ്ങള്‍ (കൗദാശികമല്ലാത്ത വിവാഹങ്ങള്‍) അനുവദിക്കാറുള്ളത്. സഭാംഗത്തിന്‍റെ ആത്മീയജീവിതം മുന്നില്‍ക്കണ്ടുകൊണ്ടാണ് അത് അനുവദിക്കുന്നത്. ചില പ്രത്യേകസാഹചര്യങ്ങളില്‍ മാമ്മോദീസാ സ്വീകരിക്കാത്ത ജീവിതപങ്കാളിയെ സ്വീകരിക്കേണ്ടിവരുന്ന സാഹചര്യങ്ങളുണ്ടാകുന്പോള്‍ അത് തിരുസ്സഭയുടെ അനുവാദത്തോടെ നടത്തിയാല്‍ പ്രസ്തുത വ്യക്തിക്ക് തുടര്‍ന്നും സഭാംഗമെന്ന നിലയില്‍ സഭയുടെ കൂട്ടായ്മയില്‍നിലനില്‍ക്കുകയും കൂദാശകള്‍ സ്വീകരിക്കുകയും ചെയ്യാവുന്നതാണ് (ഇതരമതസ്ഥനാ/യായ ജീവിതപങ്കാളിക്ക് കൂദാശാസ്വീകരണം സാദ്ധ്യമല്ല). എന്നാല്‍ അനുവാദമില്ലാതെ ഇത്തരം വിവാഹങ്ങളിലേര്‍പ്പെടുന്പോള്‍ ആ പ്രവര്‍ത്തിയാല്‍ത്തന്നെ പ്രസ്തുത വ്യക്തിക്ക് കൂദാശകള്‍(കുര്‍ബാന, കുന്പസാരം) സ്വീകരിക്കാനുള്ള അവകാശം നഷ്ടപ്പെടുന്നു. പ്രത്യേകസന്ദര്‍ഭങ്ങളില്‍ ഇതരമതസ്ഥരെ വിവാഹം ചെയ്യേണ്ടി വരുന്നതിലൂടെ സഭാംഗത്തിന് കൂദാശാസ്വീകരണത്തിനുള്ള അവകാശം നഷ്ടപ്പെടരുതെന്ന അജപാലനപരമായ കാരണമാണ് മതാന്തരവിവാഹം വളരെ കര്‍ശനമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍അനുവദിക്കുന്നത്.

എന്തൊക്കെയാണ് വ്യവസ്ഥകള്‍?

1. കത്തോലിക്കാവിശ്വാസി തന്‍റെ വിശ്വാസത്തിന് കോട്ടം വരുത്തിയേക്കാവുന്ന സാഹചര്യങ്ങളെ ഒഴിവാക്കാന്‍തയ്യാറാണെന്ന് പ്രതിജ്ഞ ചെയ്യണം. സന്താനങ്ങളെ കത്തോലിക്കാസഭയില്‍ മാമ്മോദീസായും ശിക്ഷണവും നല്കി വളര്‍ത്താന്‍ ശ്രമിക്കുമെന്ന് ആത്മാര്‍ത്ഥതയോടെ വാഗ്ദാനം ചെയ്യണം.
2. കത്തോലിക്കാവിശ്വാസി ചെയ്യേണ്ടതായ വാഗ്ദാനങ്ങളെയും അതുവഴിയുണ്ടാകുന്ന കടമകളെയും കുറിച്ച് മറുഭാഗം പങ്കാളി വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.
3. വിവാഹത്തിന്‍റെ ഉദ്ദേശലക്ഷ്യങ്ങളെയും ഗുണലക്ഷണങ്ങളെയും കുറിച്ച് ഇരുവരെയും ധരിപ്പിക്കണം.
4. മതപരമായ മറ്റ് വിവാഹആചാരങ്ങള്‍ നടത്തുകയില്ല എന്ന് വാഗ്ദാനം ചെയ്യണം
5. ഈ വ്യവസ്ഥകള്‍ രേഖാമൂലം നല്കേണ്ടവയാണ്. എന്തുകൊണ്ട് ഇപ്രകാരമൊരു വിവാഹം കഴിക്കുന്നുവെന്നതിന്‍റെ കാര്യകാരണങ്ങള്‍ സഹിതം രൂപതാദ്ധ്യക്ഷന് സമര്‍പ്പിക്കുന്ന അപേക്ഷയില്‍ ഇക്കാര്യങ്ങള്‍ഉള്‍പ്പെടുത്തി ഒപ്പിടേണ്ടതാണ്. മറുഭാഗം പങ്കാളിയും കാര്യങ്ങള്‍വായിച്ചു മനസ്സിലാക്കി ഒപ്പുവെക്കുന്നത് കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമാണ്.
(ഈ വ്യവസ്ഥകളുടെ മേലാണ് മതാന്തരവിവാഹങ്ങള്‍ക്ക് സഭ അനുമതി നല്കുന്നതെങ്കിലും ചിലര്‍ ദേവാലയത്തിലെ വിവാഹശേഷം മറ്റ് ആചാരപ്രകാരവും വിവാഹം നടത്തുന്നതായി കാണാറുണ്ട്. ഇപ്രകാരം വ്യവസ്ഥകള്‍ലംഘിച്ചാല്‍ അതിനാല്‍ത്തന്നെ ആ വ്യക്തി കത്തോലിക്കാസഭയുടെ കൂട്ടായ്മയില്‍ നിന്ന് പുറത്താവുകയും വിശുദ്ധ കുര്‍ബാന, കുന്പസാരം എന്നീ കൂദാശകള്‍സ്വീകരിക്കാന്‍ അയോഗ്യ/നാവുകയും ചെയ്യുന്നു. ഇപ്പോള്‍ചര്‍ച്ചയിലിരിക്കുന്ന കേസിലും ഈ സാഹചര്യം സംജാതമാകാനുള്ള സാദ്ധ്യതയുണ്ട്).

ഇത്തരം വിവാഹങ്ങള്‍ എല്ലായ്പോഴും കൗദാശികമല്ലാത്തതായിരിക്കുമോ?

കത്തോലിക്കാവിവാഹം കൗദാശികമാകണമെങ്കില്‍ദന്പതികളിരുവരും മാമ്മോദീസ സ്വീകരിച്ചവരായിരിക്കേണ്ടതുണ്ട് (കത്തോലിക്കാസഭയിലോ ഏതെങ്കിലും ക്രൈസ്തവസഭയിലോ). അങ്ങനെയല്ലാത്ത പക്ഷം സഭാവിശ്വാസപ്രകാരം വിവാഹം കൗദാശികമാവുകയില്ല. എന്നാല്‍ ഏതെങ്കിലും കാലത്ത് അക്രൈസ്തവനാ/യായ ജീവിതപങ്കാളി മാമ്മോദീസ സ്വീകരിക്കുകയാണെങ്കില്‍അപ്പോള്‍ മുതല്‍ അവരുടെ വിവാഹവും കൗദാശികമായി കണക്കാക്കപ്പെടും. വിവാഹമെന്ന കൂദാശ പിന്നീട് സ്വീകരിക്കേണ്ടതില്ല.

പണം കൊടുത്താല്‍ സഭാനിയമത്തില്‍ നിന്ന് ഒഴിവു കിട്ടുമോ?

തികച്ചും വ്യാപകമായ ഒരു തെറ്റിദ്ധാരണയാണ് മഞ്ഞപ്പത്രങ്ങളും പേജുകളും ഈ വിഷയത്തില്‍ പരത്തുന്നത്. കത്തോലിക്കന് ഇതരക്രൈസ്തവസഭകളില്‍ നിന്നും ഇതരമതങ്ങളില്‍ നിന്നും വിവാഹം കഴിക്കേണ്ട സാഹചര്യം വരുന്പോള്‍ എപ്രകാരമാണ് അത് കൈകാര്യം ചെയ്യേണ്ടതെന്ന് ഹ്രസ്വമായി മുകളില്‍ വിവരിച്ചിട്ടുണ്ട്. നിയമപരമായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്താല്‍ പണക്കാരനായാലും പാവപ്പെട്ടവനായാലും രൂപതാദ്ധ്യക്ഷന്‍റെ അനുവാദത്തോടു കൂടി ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാവുന്നതാണ്. തിരുസ്സഭ ഇത്തരം വിവാഹങ്ങളെ -പ്രത്യേകിച്ച് മതാന്തരവിവാഹത്തെ – നിരുത്സാഹപ്പെടുത്തുന്നുവെങ്കിലും ആത്മാക്കളുടെ രക്ഷയെപ്രതി നല്കുന്ന അനുവാദങ്ങള്‍(നിയമത്തില്‍ നിന്നുള്ള ഒഴിവുകള്‍) ദുരുപയോഗം ചെയ്യാനോ പണംകൊടുത്ത് വാങ്ങാനോ സാധിക്കുകയില്ല. ഇത്തരം അപേക്ഷകള്‍ രൂപതാദ്ധ്യക്ഷന് നല്കുന്നതിനും അനുവാദം കരസ്ഥമാക്കുന്നതിനും യാതൊരുവിധ സാന്പത്തികച്ചിലവുകളുമില്ല (അപേക്ഷാപത്രത്തിന്‍റെ തുച്ഛമായ തുകയൊഴികെ).

സെലിബ്രിറ്റികള്‍ക്ക് മാത്രമേ ഇത്തരം അനുവാദങ്ങള്‍കൊടുത്തിട്ടുള്ളോ?

സെലിബ്രിറ്റികള്‍ മാത്രമല്ല സാധാരണക്കാര്‍ക്കും കൊടുത്തിട്ടുണ്ട്. എല്ലാ ഇടവകപ്പള്ളികളിലും കുറഞ്ഞത് ഒരു വിവാഹമെങ്കിലും ഇത്തരത്തില്‍ നടന്നിട്ടുണ്ടാകാന്‍സാദ്ധ്യതയുണ്ട്. ആയതിനാല്‍ സാന്പത്തികമാണ് ഇത്തരം വിവാഹഅനുവാദങ്ങള്‍ക്ക് പിന്നിലെന്ന് പ്രചരിപ്പിക്കുന്നത് തികച്ചും ദുരുദ്ദേശപരവും തെറ്റിദ്ധാരണാജനകവുമാണ്.

ഉപസംഹാരം

ഒരു കത്തോലിക്കന് ഇതരമതത്തില്‍പ്പെട്ടൊരാളെ വിവാഹം കഴിക്കാന്‍ സഭ അനുവാദം നല്കുന്നുവെന്ന് ഈപ്പറയുന്നതിന് അര്‍ത്ഥമില്ല. ഇവിടെ മനസ്സിലാക്കേണ്ടത് സഭാനിയമപ്രകാരം കത്തോലിക്കര്‍ തമ്മിലും മെത്രാന്‍റെ അനുവാദത്തോടെ ആവശ്യസന്ദര്‍ഭങ്ങളില്‍ മറ്റ് ക്രൈസ്തവസഭാംഗങ്ങളുമായും വിവാഹം നിയമപരമാണ്, സാധുവാണ്, കൗദാശികമാണ് (legal, valid and sacramental). എന്നാല്‍ ഇതരമതസ്ഥരുമായുള്ള വിവാഹം നിയമപ്രകാരം അനുവദനീയമല്ലാത്തതിനാല്‍ അത്തരം വിവാഹങ്ങള്‍ കത്തോലിക്കാവിശ്വാസപ്രകാരം അസാധുവാണ് (invalid). മെത്രാന്‍റെ അനുവാദം വാങ്ങി, മേല്‍പ്പറഞ്ഞ വ്യവസ്ഥകളോടെ ദേവാലയത്തില്‍ വച്ച് ഈ വിവാഹകര്‍മ്മ നടത്തുകയാണെങ്കില്‍ ആ വിവാഹം സാധുവായിരിക്കും പക്ഷേ, കൗദാശികമായിരിക്കുകയില്ല (valid but non-sacramental).

(പൗരസ്ത്യസഭകളുടെ കാനന്‍ നിയമവും സീറോ മലബാര്‍സഭയുടെ പ്രത്യേക നിയമവും മാനന്തവാടി രൂപതയുടെ നിയമാവലിയും അവലംബിച്ചാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്)

ഗർഭിണിയായ മകളെയും മരുമകനെയും അച്ഛനും അമ്മാവന്മാരും ചേർന്ന് മുറിയിലിട്ട് പൂട്ടി പെട്രോളൊഴിച്ച് കത്തിച്ചു.അപകടത്തിൽ ഭാര്യ മരിച്ചു, ഭർത്താവ് 50 ശതമാനം പൊള്ളലോടെ ആശുപത്രിയിലാണ്. രുക്മിണി രൺസിങ്ങും ഭർത്താവ് മൻഗേഷ് രൺസിങ്ങും കഴിഞ്ഞ വർഷമാണ് വിവാഹിതരായത്. രണ്ട് ജാതിയിൽപ്പെട്ടവരാണ് ഇരുവരും. രുക്മിണിയുടെ വീട്ടുകാരുടെ എതിർപ്പുള്ളതിനാൽ നഗരത്തിൽ നിന്നും അകന്നാണ് ഇവർ വിവാഹിതരായത്. രുക്മിണിയുടെ അമ്മ ഒഴികെ മറ്റാരും വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല.

വിവാഹം കഴിഞ്ഞ നാൾ മുതൽ ഇരുവർക്കും വീട്ടുകാരുടെ വക വധഭീഷണിയുണ്ടായിരുന്നു. ഈ കഴിഞ്ഞ ഏപ്രിൽ 30ന് ഇരുവരും തമ്മിൽ നിസാരകാര്യത്തിന് വഴക്കുണ്ടാക്കി, രുക്മിണി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. എന്നാൽ ഒരു ദിവസത്തിനുള്ളിൽ വഴക്ക് തീർന്നു. മെയ് 1ന് രുക്മിണി തിരികെ വിളിച്ചുകൊണ്ടുപോകാൻ മൻഗേഷ് എത്തിയപ്പോൾ വീട്ടുകാർ എതിർത്തു. രുക്മിണിയെ കൂടെ വിടില്ലെന്ന് പറഞ്ഞു. ഇതേ തുടർന്ന് മൻഗേഷും രുക്മിണിയുടെ വീട്ടുകാരും തമ്മിൽ വഴക്കായി. വഴക്ക് മൂർച്ഛിച്ചതോടെ രുക്മിണിയുടെ അമ്മാവൻ ദമ്പതികളുടെ ദേഹത്ത് പെട്രോൾ ഒഴിച്ച്, മുറിക്കുള്ളിൽവെച്ച് ഇരുവരെയും കത്തിക്കുകയായിരുന്നു.

ഇവരുടെ നിലവിളി കേട്ട് എത്തിയ അയൽവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. 70 ശതമാനം പൊള്ളലേറ്റ രുക്മിണി ആശുപത്രിയിൽവെച്ച് മരിച്ചു. മൻഗേഷിന് കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലുമാണ് പൊള്ളലേറ്റത്. സഹോദരങ്ങൾക്കൊപ്പം മേസ്തിരിപ്പണിയാണ് മൻഗേഷിന്.

കുവൈറ്റ് എയർ വെയ്‌സ് വിമാനത്തിന്റെ ചക്രത്തിനടിയിൽപ്പെട്ടു മലയാളി ജീവനക്കാരൻ കൊല്ലപ്പെട്ടു. സാങ്കേതിക വിഭാഗത്തിൽ ജോലി ചെയുന്ന തിരുവനതപുരം സ്വദേശി ആനന്ദ് രാമചന്ദ്രൻ ആണ് മരിച്ചത്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആയിരുന്നു സംഭവം.

ടെർമിനൽ നാലിൽ ബോയിങ് 777-330 ഇ-ആർ എന്ന വിമാനം പാർക്കിങ് ഏരിയയിലേക്ക് മാറ്റുമ്പോൾ ആണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച വൈകിട്ട് മുന്ന് മണിയോട് അപകടം സംഭവിച്ചത്. അപകടസമയത് വിമാനത്തിനുള്ളിൽ യാത്രക്കാരോ ജോലിക്കാരോ ഉണ്ടായിരുന്നില്ല. ഭാര്യയും മകളും ഒപ്പം അനന്ദു കുവൈറ്റിൽ ആയിരുന്നു. എന്ന് മൃതദേഹം കുടുംബത്തോടൊപ്പം നാട്ടിൽ എത്തിക്കും

കോട്ടയം: പാലായില്‍ നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ജനപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി ഷോണ്‍ ജോര്‍ജ് മത്സരിക്കുമെന്ന് സൂചന. പി.സി.ജോര്‍ജ് രൂപീകരിച്ച പാര്‍ട്ടി ഇതിനായുള്ള നീക്കങ്ങള്‍ ആരംഭിച്ചുവെന്നാണ് വിവരം. എന്‍ഡിഎയുടെ ഭാഗമായ ജനപക്ഷത്തിന് പാലാ സീറ്റ് ലഭിച്ചാല്‍ മകന്‍ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കാനാണ് പിസി ജോര്‍ജിന്റെ നീക്കം.

ഷോണ്‍ ജോര്‍ജിനെ പാര്‍ട്ടി അധ്യക്ഷനാക്കി നേതൃത്വത്തില്‍ അഴിച്ചുപണി നടത്താനും ജോര്‍ജ് ലക്ഷ്യമിടുന്നുവെന്നും വിവരമുണ്ട്. ജോര്‍ജ് പാര്‍ട്ടിയുടെ രക്ഷാധികാരിയായി മാറും. ഇതോടൊപ്പം ജനപക്ഷത്തിന്റെ സംസ്ഥാന നേതൃത്വത്തിലും ജില്ലാ ഘടകങ്ങളിലും തലമുറ മാറ്റം കൊണ്ടു വരും. ജനപക്ഷം പാര്‍ട്ടിയുടെ പേര് ജനപക്ഷം സെക്കുലര്‍ എന്ന് മാറ്റാനും ആലോചനയുണ്ട്.

പാര്‍ട്ടി നേതൃയോഗം ഇന്ന് കോട്ടയത്ത് നടക്കുന്നുണ്ട്. യുഡിഎഫിലേക്ക് ചേക്കേറാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട ജോര്‍ജും ജനപക്ഷവും പിന്നീട് എന്‍ഡിഎക്കൊപ്പം ചേരുകയായിരുന്നു. കോഴിക്കോട് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയിലും ജോര്‍ജ് പങ്കെടുത്തിരുന്നു. പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന് വേണ്ടി പിസി ജോര്‍ജും ജനപക്ഷവും സജീവമായി രംഗത്തുണ്ടായിരുന്നു.

പൂരങ്ങളുടെ പൂരത്തിന് ഇന്ന് കൊടിയേറ്റം. ആദ്യം തിരുവമ്പാടി ക്ഷേത്രത്തിലും തൊട്ടു പുറകെ പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റം നടക്കും. പൂരത്തില്‍ പങ്കാളികളാകുന്ന മറ്റ് ദേശക്ഷേത്രങ്ങളിലും കൊടികളുയരും. ഈ മാസം പതിമൂന്നിനാണ് തൃശൂര്‍ പൂരം.

രാവിലെ 11.15നും 11.45നും ഇടയ്ക്കുള്ള മുഹൂർത്തത്തിലാണ് തിരുവമ്പാടി ക്ഷേത്രത്തിലെ കൊടിയേറ്റം. കാനാട്ടുകര താഴത്തുപുരയ്ക്കൽ കുടുംബമാണ് രാജകാലം മുതല്‍ പൂരക്കൊടിമരത്തിന്‍റെ ആശാരി. 10 കോലും ആറ് വിരലുമാണ് തിരുവമ്പാടി കൊടിമരത്തിന്‍റെ ഉയരം. ഭൂമി പൂജ കഴി‍‌ഞ്ഞ് രാശി നോക്കി ലക്ഷണം പറ‍ഞ്ഞ ശേഷമാണ് കൊടി ഉയർത്തുക. മുകളിൽ നിന്ന് 13 വിരൽ താഴെയാണ് കൊടിക്കൂറ കെട്ടുന്നത്.

ഇത്തവണ പൂരത്തിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കേണ്ടവര്‍ക്ക് പ്രത്യേക പാസ്സ് ജില്ലാ ഭരണകൂടം ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇവര്‍ക്ക് യൂണിഫോമുമുണ്ട്. തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നഗരത്തില്‍ പൊലീസ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി.

സരിത എസ് നായരെ കൊച്ചിയില്‍ വച്ച് ആക്രമിച്ചതായി പരാതി. കാറില്‍ സഞ്ചരിക്കുമ്പോള്‍ ചക്കരപ്പറമ്പില്‍ വെച്ച് ബൈക്കിലെത്തിയ അജ്ഞാത സംഘം ആക്രമിച്ചതായാണ് സരിതാ എസ് നായരുടെ പരാതി. കാറിന്റെ മുന്നിലും പിന്നിലുമായി ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയും വാഹനത്തിന്റെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തുവെന്നാണ് പരാതി.

തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് തന്റെ കാറിന് നേരെ രണ്ട് ബൈക്കുകളിലായെത്തിയ സംഘം ആക്രമണം അഴിച്ചുവിട്ടതെന്ന് സരിത പരാതിയില്‍ പറയുന്നു. ബുള്ളറ്റിലെത്തിയ അക്രമികളില്‍ ഒരാള്‍ കാറിന് മുന്നിലെത്തി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെന്നും ഈ സമയം മറ്റൊരു ബൈക്കിലുണ്ടായിരുന്ന സംഘം മാരകായുധങ്ങളുമായി കാറിന്റെ ഗ്ലാസ് തകര്‍ത്തുവെന്നും സരിത പൊലീസിനോട് പറഞ്ഞു.

ആക്രമണത്തില്‍ കാറിന്റെ ഇടതുവശത്തെ ഗ്ലാസ് തകര്‍ന്നുവെന്നും പല ഭാഗങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചുവെന്നും സരിത പറഞ്ഞു. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് സരിത പരാതി നല്‍കിയിരിക്കുന്നത്.
ബുള്ളറ്റിലെത്തിയ ആള്‍ മുഖം മറച്ചിരുന്നില്ലെന്നും അയാളെ വ്യക്തമായി തിരിച്ചറിഞ്ഞെന്നും സരിത പൊലീസിന് മൊഴി നല്‍കി. ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനിലുള്ള ബുള്ളറ്റിന്റെ നമ്പറും പൊലീസിന് കൈമാറി.

തനിക്കെതിരെ ആരോ നല്‍കിയ ക്വട്ടേഷനാണ് ആക്രണത്തിന് പിന്നിലെന്ന് സരിത ആരോപിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും സരിത പരാതിയില്‍ ആവശ്യപ്പെടുന്നു.

RECENT POSTS
Copyright © . All rights reserved