രണ്ടു ദിവസം തുടർച്ചയായ ചോദ്യം ചെയ്യലിൽ പൂർണസമയവും ഭർത്താവ് പ്രണവിനെ കുറ്റപ്പെടുത്തുകയായിരുന്നു ശരണ്യ. പുലർച്ചെ മൂന്നരയ്ക്ക് ഉണർന്ന് ചുമച്ച കുഞ്ഞിനു വെള്ളം കൊടുത്തശേഷം ഭർത്താവിന്റെ അടുത്തു കിടത്തിയെന്ന മൊഴിയിൽ ശരണ്യ ഉറച്ചുനിന്നു.
തന്നെയും കുഞ്ഞിനെയും നോക്കാത്ത ഭർത്താവു തന്നെയാണു കൊലപാതകിയെന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. എന്നാൽ കാമുകനുമായി നടത്തിയ ഫോൺവിളികളുടെ വിശദാംശങ്ങളും പിന്നാലെ ഫൊറൻസിക് പരിശോധനാഫലത്തിലെ സൂചനകളും പുറത്തുവന്നതോടെ ശരണ്യ പരുങ്ങി. മറച്ചുവച്ച സത്യങ്ങൾ ഓരോന്നായി ഏറ്റു പറഞ്ഞു.
ശരണ്യ പറഞ്ഞത്…….
∙ മൂന്നു മാസത്തിനുശേഷമാണു കഴിഞ്ഞ ശനിയാഴ്ച പ്രണവ് വീട്ടിൽ വന്നത്.
∙ അന്നു വീട്ടിൽ തങ്ങണമെന്നു നിർബന്ധം പിടിച്ചു. അച്ഛന് ഇഷ്ടമല്ലാത്തതിനാൽ, അച്ഛൻ മീൻപിടിക്കാൻ കടലിൽ പോകുന്ന ഞായറാഴ്ച വരാൻ ആവശ്യപ്പെട്ടു.
∙ ഞായറാഴ്ച പ്രണവ് വീട്ടിലെത്തി.
∙ ശരണ്യയും പ്രണവും കുഞ്ഞും രാത്രിയിൽ ഒരു മുറിയിൽ ഉറങ്ങാൻ കിടന്നു.
∙ പുലർച്ചെ മൂന്നോടെ കുഞ്ഞ് എഴുന്നേറ്റു കരഞ്ഞു. കുഞ്ഞിന് വെള്ളം കൊടുത്ത ശേഷം പ്രണവിനൊപ്പം കിടത്തി.
∙ ചൂടുകാരണം താൻ ഹാളിൽ കിടന്നു.
∙ രാവിലെ ആറരയ്ക്ക് അമ്മ വിളിച്ചുണർത്തുമ്പോഴാണു കുഞ്ഞിനെ കാണാനില്ലെന്നു മനസ്സിലായത്.
തെളിവുകൾ എതിരായതോടെ……
∙ ഭർത്താവു ഞായറാഴ്ച രാത്രി വീട്ടിൽ തങ്ങുമെന്ന് ഉറപ്പായതോടെ കുഞ്ഞിന്റെ കൊലപാതകവും താൻ ആസൂത്രണം ചെയ്തു.
∙ ഞായറാഴ്ച രാത്രി മൂന്നു പേരും ഒരു മുറിയിൽ ഉറങ്ങാൻ കിടന്നു.
∙ പുലർച്ചെ മൂന്നിന് എഴുന്നേറ്റ് കുഞ്ഞുമായി ഹാളിലെത്തി.
∙ കുഞ്ഞിനെ എടുക്കുന്നതു കണ്ട പ്രണവിനോട്, മുറിയിൽ ചൂടായതിനാൽ ഹാളിൽ കിടക്കുന്നുവെന്നു മറുപടി നൽകി.
∙ ഹാളിലെ കസേരയിൽ കുറച്ചുനേരം ഇരുന്നശേഷം പിൻവാതിൽ തുറന്നു കുഞ്ഞുമായി പുറത്തേക്ക്.
∙ 50 മീറ്റർ അകലെയുള്ള കടൽഭിത്തിക്കരികിൽ എത്തിയശേഷം മൊബൈൽ വെളിച്ചത്തിൽ താഴേക്കിറങ്ങി.
∙ കുഞ്ഞിനെ കടൽഭിത്തിയിൽ നിന്നു താഴേക്കു വലിച്ചിട്ടു.
∙ കല്ലുകൾക്കിടയിൽ വീണ കുഞ്ഞു കരഞ്ഞു.
∙ കരച്ചിൽ ആരും കേൾക്കാതിരിക്കാൻ കുഞ്ഞിന്റെ മുഖം പൊത്തി.
∙ വീണ്ടും ശക്തിയായി കരിങ്കൽക്കൂട്ടത്തിനിടയിലേക്കു വലിച്ചെറിഞ്ഞു.
∙ തിരിച്ചുവീട്ടിലെത്തി അടുക്കളവാതിൽ വഴി അകത്തു കയറി ഹാളിൽ ഇരുന്നു, കുറച്ചു നേരം കഴിഞ്ഞു കിടന്നു.
സ്വന്തം ലേഖകൻ
ലണ്ടൻ : ബോറിസ് ജോൺസൻ സർക്കാരിൽ പുതുതായി നിയമിതനായ ഋഷി സുനക് ഇന്ത്യക്കാരുടെ അഭിമാനം ആയി മാറുന്നു. കഴിഞ്ഞ വ്യാഴാഴ്ച ആണ് മന്ത്രിസഭാ പുനഃസംഘടനയിൽ രാജിവെച്ച ചാൻസിലർ സാജിദ് ജാവീദിന് പകരമായി ഋഷി സുനക് എത്തിയത്. ബ്രെക്സിറ്റ് പ്രചാരണത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന ഇദ്ദേഹം ബ്രിട്ടന്റെ പുതിയ ധനമന്ത്രി ആയാണ് സ്ഥാനമേറ്റത്. ഒരു ഇന്ത്യൻ വംശജൻ കൂടി ബ്രിട്ടൻ മന്ത്രിസഭയിൽ എത്തിയത് ഇന്ത്യൻ മാധ്യമങ്ങൾ ആഘോഷമാക്കി മാറ്റി.
ഇൻഫോസിസ് സ്ഥാപകന്റെ മരുമകൻ യുകെ ചാസിലർ എന്നാണ് ടൈംസ് ഓഫ് ഇന്ത്യ കുറിച്ചത്. ബ്രിട്ടനിലെ “കാത്തിരിക്കുന്ന പ്രധാനമന്ത്രി” സുനാക്കാണെന്നും സുനക് തന്റെ തിളക്കമാർന്ന കരിയറിലൂടെ കടന്നുപോകുമെന്നും ഡെക്കാൻ ഹെറാൾഡ് പറഞ്ഞു. വാഴ്ത്തലുകളോടൊപ്പം പല വിമർശനങ്ങളും ഉയർന്നുകേട്ടു. ഋഷിയെ അദേഹത്തിന്റെ ഇൻഫോസിസ് ബന്ധത്തിൽ വിവരിക്കുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തി. അദ്ദേഹത്തിന് ഈ പദവി ലഭിച്ചത് ഇൻഫോസിസും ആയുള്ള ബന്ധത്തിലൂടെ അല്ല എന്ന് അവർ വ്യക്തമാക്കി. മന്ത്രിസഭയിൽ സുനാക്കിനൊപ്പം പ്രീതി പട്ടേൽ , അലോക് ശർമ , സുവല്ല ബ്രേവർമാൻ എന്നീ ഇന്ത്യൻ വംശജരും ഉൾപ്പെടുന്നു .
സതാംപ്ടണിലാണ് ഋഷി ജനിച്ചത്. വിൻചെസ്റ്റർ കോളേജിലും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലും വിദ്യാഭ്യാസം നേടിയ അദ്ദേഹം അതിനുശേഷം ഒരു നിക്ഷേപ സ്ഥാപനം തുടങ്ങുകയുണ്ടായി. 2015ൽ യോർക്ക്ഷയറിലെ റിച്ച്മോണ്ടിൽനിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ഋഷി, തെരേസ മേയ്, ബോറിസ് ജോൺസൺ മന്ത്രിസഭകളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്നു. 2009ലാണ് ഇൻഫോസിസ് സ്ഥാപകൻ നാരയണ മൂർത്തിയുടെ മകളെ വിവാഹം ചെയ്യുന്നത്.
കണ്ണൂര്‍ തയ്യിലില്‍ ഒരുവയസുകാരനെ കടല്‍ ഭിത്തിയിലേക്ക് എറിഞ്ഞാണ് അമ്മ കൊലപ്പെടുത്തിയതെന്നു പൊലീസ്. രണ്ടുവട്ടം കരിങ്കല്ലിന് മുകളിലേക്ക് കുട്ടിയെ എറിഞ്ഞു. മരണം ഉറപ്പാക്കിയശേഷമാണ് ശരണ്യ മടങ്ങിയതെന്നും പൊലീസ് വിശദീകരിച്ചു. കടല്‍ഭിത്തിക്കു മുകളില്‍ ഇന്നലെ രാവിലെയാണ് പൊലീസ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
കൊല്ലപ്പെട്ട വിയാന്റെ അച്ഛന് പ്രണവും, അമ്മ ശരണ്യയും പൊലീസ് കസ്റ്റഡിയിലായിരുന്നു. ഇവരില്‍ ഒരാള്‍ കുഞ്ഞിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കടല്‍ഭിത്തിയിലെ പാറക്കൂട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നെന്നു എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ കസ്റ്റഡിയിലുള്ള അച്ഛന്റെയും, അമ്മയുടേയും മൊഴികളിലെ വൈരുധ്യമാണ് പൊലീസിനെ കുഴച്ചത്. വിയാനെ കൊലപ്പെടുത്തിയ രീതി മനസിലാക്കുമ്പോഴും, ആരാണ് കൃത്യം നടത്തിയത് എന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ സാധൂകരിക്കാനായിരുന്നു അന്വേഷണസംഘത്തിന്റെ ശ്രമം.
കുട്ടി അമ്മയോടൊപ്പമാണ് ഉറങ്ങാന്‍ കിടന്നതെന്നും പുലര്‍ച്ചെ മൂന്നുമണിക്ക് കരഞ്ഞപ്പോള്‍ ശരണ്യ ഉറക്കിയെന്നുമാണ് പ്രണവിന്റെ മൊഴി. എന്നാല്‍ കുഞ്ഞ് ഉണര്‍ന്നശേഷം, ശ്രദ്ധിക്കണമെന്ന് പ്രണവിനോട് പറഞ്ഞിരുന്നതായി ശരണ്യപറയുന്നു. ഈ മൊഴികളില്‍ വ്യക്ത വരുത്തുന്നതിന് കിടക്കവിരികളും, കുട്ടിയുടെ പാല്‍ക്കുപ്പിയുമാടക്കം ഫൊറസിക് പരിശോധനയ്ക്ക് അയച്ചു. കുഞ്ഞിനെ കാണാതായ സമയത്ത് ശരണ്യയും, പ്രണവും ധരിച്ചിരുന്ന വസ്ത്രങ്ങളും ശാസ്ത്രീയ പരിശോധനയ്ക്ക് നല്കി. അതിൽ ശരണ്യയുടെ വസ്ത്രത്തിൽ നിന്നും കടൽ വെള്ളത്തിന്റെ അംശം പരിശോധനയിൽ തെളിഞ്ഞിരുന്നതായി ലാബിൽ നിന്നും പോലീസിന് വിവരം കിട്ടിയിരുന്നു.
തുടര്‍ച്ചയായ ചോദ്യം ചെയ്യലിൽ പരസ്പരം കുറ്റം ആരോപിക്കുന്നതല്ലാെത ഇരുവരും കുറ്റസമ്മതം നടത്താന്‍ തയ്യാറായില്ല. പോസ്റ്റുമോര്‍ട്ടത്തില്‍ കൂട്ടിയുടെ വയറ്റില്‍ നിന്ന് കടല്‍വെള്ളം കണ്ടെത്തിയില്ല. ഇതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം പാറക്കൂട്ടത്തില്‍ ഉപേക്ഷിച്ചതാണെന്ന് അന്വേഷണസംഘം ഉറപ്പിച്ചത്. കാമുകനും ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണ് എങ്കിലും കൊലപാതകത്തിൽ പങ്കില്ല എന്നാണ് പുറത്തുവരുന്ന വിവരം.
അരഞ്ഞാണം മോഷ്ടിച്ചത് പിടികൂടിയതിന്റെ വൈരാഗ്യത്തിൽ തൃശ്ശൂർ പാഴായിയിൽ നാല് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ ബന്ധുവായ സ്ത്രീക്ക് ജീവപര്യന്തം തടവ് ശിക്ഷ. 50,000 രൂപ പിഴയും വിധിച്ചു. ഒല്ലൂർ സ്വദേശി ഷൈലജയ്ക്കാണ് തൃശ്ശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
2016 ലാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ആ കൊലപാതകം നടന്നത്. ഓക്ടോബർ 13 നാണ് കണ്ണൂർ സ്വദേശി രഞ്ജിത്തിന്റെയും പാഴായി സ്വദേശിനി നീഷ്മയുടേയും മകൾ മേഭയെ മണലിപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ തേടി വീട്ടുകാര്‍ പരക്കംപാഞ്ഞു. കുട്ടിയെ വീടിന്റെ പുറകിലുളള പുഴയില്‍ എറിഞ്ഞ ശേഷം രക്ഷിതാക്കള്‍ക്കൊപ്പം തെരച്ചിലിന് പ്രതിയും കൂടി. കുട്ടിയെ ചിലർ തട്ടിക്കൊണ്ടുപോയത് കണ്ടുവെന്നും ഷൈലജ ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചു.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് കുട്ടിയെ അമ്മായി ഷൈലജ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. കുഞ്ഞിന്റെ മാതാപിതാക്കളോടുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അരഞ്ഞാണം മോഷ്ടിച്ചത് പിടിച്ചതിന്റെ വിരോധമാണ് ഷൈലജയെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പച്ചതെന്ന് പൊലീസ് പറയുന്നു. മൊഴിയിലെ വൈരുദ്ധ്യമാണ് ഷൈലജയെ കുരുക്കിലാക്കിയത്.
കുഞ്ഞിന്റെ അരഞ്ഞാണം ഒരിക്കല്‍ മോഷണം പോയിരുന്നു. അന്ന്, ഷൈലജ വീട്ടില്‍ വന്ന ശേഷമായിരുന്നു അരഞ്ഞാണം നഷ്ടപ്പെട്ടത്. അരഞ്ഞാണം മോഷ്ടിച്ചത് ഷൈലജയാണെന്ന് കുടുംബാംഗങ്ങള്‍ സംശയിച്ചു. കുടുംബവീട്ടില്‍ കയറരുതെന്ന് വിലക്കുകയും ചെയ്തു. ഷൈലജയുടെ മനസിലെ ഈ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ബന്ധു മരിച്ചതിന്റെ പേരില്‍ ഒരിക്കല്‍ കൂടി വീട്ടിലേയ്ക്ക് പ്രവേശനം കിട്ടിയപ്പോഴായിരുന്നു പ്രതിയുടെ ക്രൂരമായ പകവിട്ടൽ.
ജില്ലാ കോടതിയിലെ ചരിത്രത്തിലാദ്യമായി പ്രധാന സാക്ഷികളുടെ വിചാരണയും തെളിവെടുപ്പും വീഡിയോ കോൺഫറൻസിംഗ് വഴിയാണ് നടത്തിയത്. കൊല്ലപ്പെട്ട മേഭയുടെ രക്ഷിതാക്കളായ രഞ്ജിത്തും, നീഷ്മയും ആസ്ട്രേലിയയിലെ മെൽബണിലാണ് ജോലി ചെയ്തിരുന്നത്. ഇവർക്ക് നാട്ടിലെത്താൻ ആകാത്തതിനാലാണ് തെളിവെടുപ്പ് വീഡിയോകോൺഫറൻസിംഗ് വഴിയാക്കിയത്.
വാവ സുരേഷിനു പാന്പുകടിയേറ്റതു മുതൽ അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള വ്യാജ വാർത്തകൾ പ്രചരിക്കുകയാണ്. അത്യാസന്ന നിലയിലാണെന്നും എപ്പോൾ വേണമെങ്കിലും മരണത്തിനു കീഴടങ്ങാമെന്നും മറ്റുമുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. എന്നാൽ വൈകുന്നേരം മൂന്നിന് ലഭിച്ച ഏറ്റവും പുതിയ വിവരമനുസരിച്ച് അദ്ദേഹം ആരോഗ്യവാനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ട്. മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് മൾട്ടി ഡിസിപ്ലിനറി ഐസിയുവിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. വിഷത്തിന്റെ തീവ്രത കൂടിയതിനാൽ നാലു പ്രാവശ്യമാണ് വിഷം നിർവീര്യമാക്കാനുള്ള ആന്റി സ്നേക്ക് വെനം നൽകിയത്. ഇതോടൊപ്പം അവശ്യ മരുന്നുകളും പ്ലാസ്മയും നൽകി. വിഷം വൃക്കകളെ ബാധിക്കാതിരിക്കാനും ആന്തരിക രക്തസ്രാവം ഉണ്ടാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പാന്പുകടിയേറ്റ് വാവ സുരേഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയിൽ തന്നെ വലതുകൈയിൽ നീരും വിഷബാധയേറ്റ ലക്ഷണങ്ങളും കണ്ടു. രക്തപരിശോധനയിലും വിഷബാധയേറ്റതിന്റെ വ്യതിയാനങ്ങൾ കണ്ടെത്തിയിരുന്നു. ഉടൻ തന്നെ വാവ സുരേഷിനെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിഷബാധ നിർവീര്യമാക്കാനുള്ള ആന്റി സ്നേക്ക് വെനം നൽകി നിരന്തരം നിരീക്ഷിച്ചു. പാന്പുകടിയായതിനാൽ അതീവ ശ്രദ്ധ ആവശ്യമായിരുന്നു.
ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദിന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്. മെഡിസിൻ വിഭാഗം മേധാവി ഡോ. രവികുമാർ കുറുപ്പ്, മെഡിസിൻ വിഭാഗം പ്രഫസർ ഡോ. അരുണ, ക്രിട്ടിക്കൽ കെയർ അസോ. പ്രഫസർ ഡോ. അനിൽ സത്യദാസ്, ഹെമറ്റോളജി വിഭാഗം അഡീ. പ്രഫസർ ഡോ. ശ്രീനാഥ് എന്നിവരാണ് മെഡിക്കൽ ബോർഡിലുള്ളത്. ഇന്നു വൈകുന്നേരത്തോടെ വാവ സുരേഷിനെ പ്രത്യേക മുറിയിലേക്ക് മാറ്റും. ഈ മുറിയുടെ വാടകയും മറ്റു ചെലവുകളും ചികിത്സാ ചെലവുമെല്ലാം ആരോഗ്യവകുപ്പ് സൗജന്യമായാണ് നൽകുന്നത്. അപകടനില തരണം ചെയ്തെങ്കിലും അണുബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ സന്ദർശകർക്ക് കർശന നിയന്ത്രണമുണ്ടായിരിക്കും. ആരോഗ്യ മന്ത്രി കെ.കെ.ശൈലജ വാവ സുരേഷിനെ അൽപം മുൻപ് ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു.
വാവ സുരേഷിന് സൗജന്യ ചികിത്സ നൽകുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇതു സംബന്ധിച്ചു വാവ സുരേഷ് ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദിന് നിർദേശം നൽകിയെന്നും മന്ത്രി അറിയിച്ചു. ആശുപത്രിയിലെ മൾട്ടി സ്പെഷാലിറ്റി ബ്ലോക്ക് മൾട്ടി ഡിസിപ്ലിനറി ഐസിയുവിലാണ് വാവയെ പ്രവേശിപ്പിച്ചിരിക്കുന്നത്. വാവ സുരേഷിന്റെ ആരോഗ്യ നില തൃപ്തികരമാണ്. വൈകുന്നേരത്തോടെ പ്രത്യേക മുറിയിലേക്ക് മാറ്റും. ഈ മുറിയുടെ വാടക സൗജന്യമായിരിക്കും. അപകടനില തരണം ചെയ്തെങ്കിലും അണുബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ സന്ദർശകർക്ക് കർശന നിയന്ത്രണമുണ്ടായിരിക്കും. ഭയപ്പെടേണ്ട കാര്യമില്ലെന്നും ഉടൻ സുഖം പ്രാപിച്ച് തിരിച്ചുവരുമെന്നും മന്ത്രി അറിയിച്ചു.
മുംബൈ ഭീകരാക്രമണത്തെ ഹിന്ദു തീവ്രവാദ ആക്രമണമാക്കാൻ ലഷ്കർ ഇ തൊയിബ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. ഇതിനായി കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് അജ്മൽ അമീർ കസബ് ബെംഗളുരു സ്വദേശിയായ സമീർ ദിനേശ് ചൗധരി എന്ന പേരിൽ മരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എത്തിയതെന്നും ഇയാളുടെ കൈത്തണ്ടയിൽ ചുവന്ന നൂല് കെട്ടിയിരുന്നുവെന്നും മുൻ മുംബൈ പൊലീസ് കമ്മീഷണർ രാകേഷ് മരിയ പറയുന്നു.
ലെറ്റ് മീ സേ ഇറ്റ് നൗ എന്ന തന്റെ പുസ്തകത്തിലാണ് മരിയ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ആക്രമണത്തെ ഒരു ‘ഹിന്ദു തീവ്രവാദ’മായി ചിത്രീകരിക്കാനാണ് ലഷ്കർ തീവ്രവാദ സംഘടന ശ്രമിച്ചത്. ഇത് ഫലം കണ്ടിരുന്നെങ്കിൽ ഹിന്ദു തീവ്രവാദികൾ മൂംബൈയിൾ മുംബൈയിൽ ആക്രമണം നടത്തി എന്ന തലക്കെട്ടാകും പത്രങ്ങളിൽ വരേണ്ടിയിരുന്നത്. ഇതോടെ പ്രമുഖ മാധ്യമങ്ങളെല്ലാം കസബിന്റെ ബെംഗളുരുള്ള കുടുംബത്തെയും അയൽവാസികളെയും പറ്റി വാർത്തകൾ കൊടുക്കേണ്ടി വന്നേനെ. എന്നാൽ ആ പദ്ധതി നടപ്പായില്ലെന്നും മരിയ പറയുന്നു.
ഹൈദരാബാദിലെ അരുണോദയ കോളജിലെ വ്യാജ ഐഡി കാർഡുകൾ അക്രമികള്‍ കൈവശം വച്ചിരുന്നതായി മുന്‍പ് റിപ്പോർട്ട് ചെയ്തിരുന്നു. കസബിന്റെ കയ്യിലും കാർഡ് ഉണ്ടായിരുന്നു. ജിഹാദിയെ കുറിച്ച് അറിഞ്ഞുകൊണ്ടല്ല കവർച്ച നടത്താനാണ് കസബ് ലഷ്കറിനൊപ്പം ചേർന്നത്. പെട്ടെന്ന് പണമുണ്ടാക്കാൻ വേണ്ടി കസബും സുഹൃത്ത് മുസാഫുർ ഖാനും ഇതിലേക്ക് വരികയായിരുന്നു.
ഇന്ത്യയിൽ മുസ്ലിം പള്ളികൾ നിസ്കരിക്കാൻ പോലും അനുവദിക്കാതെ അധികാരികൾ പൂട്ടിയിട്ടിരിക്കുകയാണെന്നായിരുന്നു കസബ് വിശ്വസിച്ചിരുന്നത്. ക്രൈംബ്രാഞ്ച് ലോക്കപ്പിൽ കിടന്നപ്പോള്‍ താൻ പുറത്തു നിന്നും അഞ്ചുനേരം കേട്ട ബാങ്ക് വിളി വെറും തോന്നലാണെന്നായിരുന്നു കസബ് കരുതിയിരുന്നത്. ഇത് മനസ്സിലാക്കിയ ഞങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ രമേശ് മഹേലിനോട് കസബിനെ പൊലീസ് വാഹനത്തിൽ മെട്രോ സിനിമയ്ക്ക് സമീപമുള്ള മുസ്ലീം പള്ളിയില്‍ കൊണ്ടുപോകാൻ പറഞ്ഞു. അവിടെ നമസ്ക്കാരം നടക്കുന്നത് കണ്ടപ്പോൾ കസബ് പരിഭ്രാന്തനായെന്നും മുൻ കമ്മീഷണർ പുസ്തകത്തിൽ പറയുന്നു.
തിരൂരിൽ ഒരു വീട്ടിൽ ആറ് കുട്ടികൾ ഒമ്പത് വർഷത്തിനിടെ മരിച്ച സംഭവത്തിൽ ഏറ്റവുമൊടുവിൽ മരിച്ച കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് മലപ്പുറം എസ്പി. ഇന്ന് പുലർച്ചെയാണ് ചെമ്പ്ര തറമ്മൽ റഫീഖ് – സബ്ന ദമ്പതികളുടെ 93 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചത്. അതേസമയം, കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്നും മൂന്നാമത്തെ കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടത്തിയിരുന്നുവെന്നും പിതൃസഹോദരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇന്ന് പുലർച്ചെയോടെ മരിച്ച കുഞ്ഞിന്റെ സംസ്കാരച്ചടങ്ങുകൾ രാവിലെ പത്തരയോടെ തന്നെ ധൃതിപിടിച്ച് നടത്തുകയായിരുന്നു. ഇതിൽ സംശയം തോന്നിയ അയൽവാസികളുൾപ്പടെ ചിലരാണ് ഇവിടെ കുട്ടികൾ തുടർച്ചയായി മരിച്ചതിൽ ദുരൂഹതയുണ്ടെന്ന് കാട്ടി പൊലീസിനെ സമീപിക്കുന്നത്. മരിച്ച കുട്ടികളുടെ രക്ഷിതാക്കളിലൊരാളുടെ ബന്ധു തന്നെയാണ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
2010-ലാണ് റഫീഖ് – സബ്ന ദമ്പതികളുടെ വിവാഹം കഴിഞ്ഞത്. 2011 മുതൽ 2020 വരെ ഒമ്പത് വർഷത്തെ ഇടവേളകളിലാണ് മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും മരിക്കുന്നത്. ആറ് കുട്ടികൾ മരിച്ചതിൽ അഞ്ച് കുട്ടികളും ഒരു വയസ്സിന് താഴെ പ്രായമുള്ളപ്പോഴാണ് മരിക്കുന്നത്. ഒരു പെൺകുട്ടി മാത്രമാണ് നാലര വയസ്സുവരെ ജീവിച്ചിരുന്നത്.
മൂന്ന് മാസം, ആറ് മാസം, എട്ട് മാസം, 60 ദിവസം, ഏറ്റവുമൊടുവിലുള്ള കുഞ്ഞ് 93 ദിവസം എന്നിങ്ങനെ വളരെക്കുറച്ച് ദിവസങ്ങളുടെ ആയുസ്സു മാത്രമാണ് ഇവരുടെ കുഞ്ഞുങ്ങൾക്കുണ്ടായിരുന്നത്. ഏറ്റവുമൊടുവിൽ മരിച്ച ആൺകുഞ്ഞിനെ തിരൂർ കോരങ്ങത്ത് പള്ളിയിലാണ് മറവ് ചെയ്തിരിക്കുന്നത്. ബന്ധുക്കളിൽ ചിലരും അയൽവാസികളും മരണങ്ങളിൽ സംശയം പ്രകടിപ്പിച്ചതിനാൽ, കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുമെന്നും പോസ്റ്റ്മോർട്ടം നടത്തുമെന്നും മലപ്പുറം എസ്പി അബ്ദുൾ കരീം വ്യക്തമാക്കി.
മരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കുന്നതിനായി തഹസിൽദാർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് സംശയമുയർന്നതിനാൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ദുരൂഹതയുണ്ടോ എന്ന പ്രാഥമിക പരിശോധന മാത്രമാണ് ഇപ്പോൾ നടക്കുന്നത്. മരിച്ച വീടായതിനാൽ അച്ഛനമ്മമാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തില്ല. പിന്നീട് രേഖപ്പെടുത്തണോ എന്ന കാര്യം പരിശോധിക്കും. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. മറ്റ് കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യണോ എന്ന കാര്യം പിന്നീടേ തീരുമാനിക്കൂ.
കിട്ടിയ പരാതിയിലും പ്രാഥമിക വിവരങ്ങളിലും വ്യക്തമായ ചിത്രങ്ങളോ തെളിവുകളോ ഇല്ലാത്തതിനാൽ ഇപ്പോൾ അഭ്യൂഹങ്ങൾ പരത്തരുതെന്നും മലപ്പുറം എസ്പി ആവശ്യപ്പെട്ടു.
അതേസമയം, കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് മരിച്ച കുട്ടികളുടെ പിതൃസഹോദരി മാധ്യമങ്ങളോട് പറഞ്ഞത്. എല്ലാ അന്വേഷണവുമായും സഹകരിക്കുമെന്നും അവർ പറഞ്ഞു. ”കുട്ടികളുടെ തുടർച്ചയായ മരണത്തിൽ ഞങ്ങൾക്കും ബുദ്ധിമുട്ട് തോന്നിയിരുന്നു. അന്ന് ഞങ്ങൾ ഡോക്ടർമാരോട് അങ്ങോട്ട് പോസ്റ്റ്മോർട്ടം നടത്തണമെന്നാണ് ആവശ്യപ്പെട്ടത്. മൂന്നാമത്തെ കുഞ്ഞ് മരിച്ചപ്പോൾ പോസ്റ്റ്മോർട്ടം നടത്തിയതാണ്. അന്ന് ഒന്നും കണ്ടെത്തിയിരുന്നില്ല. ഡോക്ടർമാരോട് അങ്ങോട്ട് ആവശ്യപ്പെട്ടാണ് പോസ്റ്റ്മോർട്ടം നടത്തിയത്. മരിച്ച കുഞ്ഞുങ്ങൾക്കെല്ലാം അപസ്മാരമായിരുന്നു. ഒരു ദുരൂഹതയും ഞങ്ങൾ ബന്ധുക്കൾക്ക് കണ്ടെത്താനായിട്ടില്ല. ഇന്ന് മരിച്ച കുട്ടിയ്ക്കും അനാരോഗ്യമൊന്നും ഉണ്ടായിരുന്നില്ല. ഇന്നലെ വൈകിട്ടും സന്തോഷത്തോടെ ഇരുന്ന കുഞ്ഞാണ്. എന്ത് അന്വേഷണം നടത്തിയാലും സഹകരിക്കാൻ തയ്യാറാണ്”, അവർ പറഞ്ഞു.
ഇന്ത്യയുടെ ജമ്മു കാശ്മീര്‍ നയത്തേയും നടപടികളേയും വിമര്‍ശിച്ച ബ്രിട്ടീഷ് എംപി ഡെബ്ബി അബ്രഹാംസിന് വിസ നിഷേധിച്ച നടപടി വ്യാപക വിമര്‍ശനമുയര്‍ത്തവേ ഇതിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്വി. ഡെബ്ബി അബ്രഹാംസിനെ ഡീപോർട്ട് ചെയ്തത് ആവശ്യമായ നടപടി ആയിരുന്നെന്നും അവർ എംപി മാത്രമല്ലെന്നും ഒരു പാക്ക് പ്രതിനിധി ആണെന്നും അഭിഷേക് മനു സിംഗ്വി അഭിപ്രായപ്പെട്ടു. പാകിസ്താൻ ഗവൺമെൻ്റുമായും ഐഎസ്ഐയുമായും അവർക്കുള്ള ബന്ധം വ്യക്തമാണ്. ഇന്ത്യയുടെ പരമാധികാരത്തിന് എതിരായ ഏതൊരു ആക്രമണത്തേയും ചെറുത്തുതോൽപ്പിക്കണം – സിംഗ്വി ട്വീറ്റ് ചെയ്തു.
അതേസമയം സര്‍ക്കാര്‍ വിമര്‍ശകരെ ഭയപ്പെടുകയാണ് എന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. കാശ്മീരില്‍ എല്ലാം സാധാരണനിലയിലാണെങ്കില്‍ വിമര്‍ശകരെ സാഹചര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുകയല്ലേ വേണ്ടത് എന്ന് തരൂര്‍ ചോദിച്ചു.
ന്യൂഡല്‍ഹി എയര്‍പോര്‍ട്ടില്‍ വച്ച് ഡെബ്ബി അബ്രഹാംസിന്റെ ഇ വിസ അംഗീകരിക്കാതെ അവരെ ഡീപോര്‍ട്ട് ചെയ്യുകയായിരുന്നു. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഈ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജമ്മു കാശ്മീരിന്റെ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടിയെ ഡെബ്ബി അബ്രഹാംസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഡല്‍ഹി വിമാനത്താവളത്തിലെത്തിയപ്പോള്‍ വിസ വാലിഡ് അല്ലെന്ന് അറിഞ്ഞത്. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ജമ്മു കാശ്മീര്‍ വിഷയം കൈകാര്യം ചെയ്യുന്ന ഓള് പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് ചെയര്‍പേഴ്സണാണ് ഡെബ്ബി അബ്രഹാംസ്. തന്റെ വിസ 2020 ഒക്ടോബര്‍ വരെ വാലിഡ് ആണ് എന്ന് ഡെബ്ബി പറയുന്നു. അതേസമയം വനേരത്തെ തന്നെ വിസ റദ്ദാക്കിയ കാര്യം ഡെബ്ബിയെ അറിയിച്ചിരുന്നു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേരള കൗമുദി മുന്‍ ചീഫ് എഡിറ്ററും കലാകൗമുദി സ്ഥാപക ചീഫ് എഡിറ്ററുമായ എം എസ് മണി അന്തരിച്ചു. 79 വയസ്സായിരുന്നു. സാമൂഹ്യപരിഷ്കര്‍ത്താവും പൊതുപ്രവര്‍ത്തകനും കേരള കൗമുദി സ്ഥാപകനുമായ സി വി കുഞ്ഞുരാമന്റെ കൊച്ചുമകനും പത്രാധിപര്‍ കെ സുകുമാരന്റെ മകനുമാണ്. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം കുമാരപുരത്തുള്ള കലാകൗമുദി ഗാര്‍ഡന്‍സിലാണ് അന്ത്യം. ഏറെനാളായി അസുഖബാധിതനായിരുന്നു.
കേരളകൗമുദിക്ക് വേണ്ടി ഡല്‍ഹിയിലടക്കം റിപ്പോര്‍ട്ടറായി ജോലി ചെയ്തു. കലാകൗമുദി പ്രസിദ്ധീകരണങ്ങളും മുംബൈയില്‍ നിന്ന് കലാകൗമുദി ദിനപ്പത്രവും തുടങ്ങി. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍സൊസൈറ്റി (ഐഎന്‍എസ്) ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും ഓള് ഇന്ത്യ ന്യൂസ് പേപ്പര്‍ എഡിറ്റേഴ്സ് കോണ്‍ഫറന്‍സ് അംഗമായും പ്രവര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സ്വദേശാഭിമാനി-കേസരി പുരസ്കാരം നേടിയിട്ടുണ്ട്. കസ്തൂരിയാണ് ഭാര്യ, വത്സാമണി, സുകുമാരൻ എന്നിവർ മക്കൾ. അദ്ദേഹത്തിൻ്റെ സംസ്കാരം പിന്നീട് നടക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ ആറു ജില്ലകളിൽ ഇന്നു കനത്ത ചൂട് അനുഭവപ്പെടുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാൽ പകൽ താപനിലയിൽ വലിയ വർധനയുണ്ടാകാമെന്നാ ണു മുന്നറിയിപ്പ്. കൂടിയ താപനില രണ്ടു മുതൽ മൂന്നു വരെ ഡിഗ്രി സെൽഷസ് കൂടി 38 ഡിഗ്രിക്കു മുകളിലെത്തുമെന്നാണ് റിപ്പോർട്ട്.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകള്‍:
താപനില ഉയരാനുള്ള സാധ്യത മുന്നറിയിപ്പ്
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ 2020 ഫെബ്രുവരി 17, 18 തീയതികളിൽ ഉയർന്ന ദിനാന്തരീക്ഷ താപനില (Daily Maximum Temperature) സാധാരണ താപനിലയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പൊതുവെ സംസ്ഥാനത്തെ ചൂട് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാനത്തെ പൊതുജനങ്ങൾക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക മുൻകരുതൽ നിർദേശങ്ങൾ.*
കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ താപനില മാപിനികളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഉയർന്ന ദിനാന്തരീക്ഷ താപനിലകൾ സർവകാല റെക്കോർഡുകൾ ഭേദിക്കുന്നതിൻറെ പശ്ചാത്തലത്തിലും ഉയർന്ന ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിനെക്കാൾ ഉയരുന്ന സാഹചര്യമുള്ളതിനാലും ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിനായുള്ള ജാഗ്രത പുലർത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. കടലോര സംസ്ഥാനമായതിനാൽ ഉയർന്ന അന്തരീക്ഷ ആർദ്രതയും (Humidity) താപസൂചിക (Heat Index) ഉയർത്തുന്ന ഘടകമാണ്. *സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ വേണ്ടി താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ് *
-ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ കുപ്പിയിൽ വെള്ളം കയ്യിൽ കരുതുകയും ചെയ്യേണ്ടതാണ്. അത് വഴി നിർജ്ജലീകരണം ഒഴിവാക്കാൻ സാധിക്കും.
-നിർജ്ജലീകരണം വർധിപ്പിക്കാൻ ശേഷിയുള്ള മദ്യം പോലെയുള്ള പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
-അയഞ്ഞ, ലൈറ്റ് കളര്‍, കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
-വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികൾക്ക് സ്കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും നിർബന്ധമായും ശ്രദ്ധിക്കണം.
– അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
-പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്.
-പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ തൊപ്പിയോ കുടയോ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
-നിർമാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പോലീസുകാർ, മാധ്യമ റിപ്പോർട്ടർമാർ, മോട്ടോർ വാഹന വകുപ്പിലെ വാഹന പരിശോധന വിഭാഗം, PWD ഉദ്യോഗസ്ഥർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ഇരുചക്ര വാഹന യാത്രക്കാർ, കർഷകർ, കർഷക തൊഴിലാളികൾ തുടങ്ങിയ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ പകൽ സമയങ്ങളിൽ തൊഴിലിൽ ഏർപ്പെടുമ്പോൾ ആവശ്യമായ വിശ്രമം എടുക്കാൻ ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യേണ്ടതാണ്.
– ചൂട് കൂടിയ സമയങ്ങളിൽ കൂടുതൽ നേരം സൂര്യ രശ്മികളുമായി സമ്പർക്കത്തിലേർപ്പെടുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് സൂര്യരശ്മികൾ ശരീരത്തിൽ ഏൽക്കാതെയിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
-സംസ്ഥാനത്തെ തൊഴിൽ സമയം പുനഃക്രമീകരിച്ചു കൊണ്ട് ലേബർ കമ്മീഷ്ണർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അവ പാലിക്കുവാൻ തൊഴിൽ ദാതാക്കൾ സന്നദ്ധരാവേണ്ടതാണ്.
-പുറം തൊഴിലുകളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും കുടിവെള്ളം ലഭ്യമാക്കുന്ന രീതിയിയിലുള്ള മാതൃകപരമായ ജനകീയ പ്രവർത്തനങ്ങൾ യുവജന, സാംസ്കാരിക, സാമൂഹിക സംഘടനകൾക്കും കൂട്ടായ്മകൾക്കും ഏറ്റെടുക്കാവുന്നതാണ്.
-നല്ല പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാനും ധാരാളമായി പഴങ്ങൾ കഴിക്കാനും നിർദേശിക്കുന്നു.
-നിർജ്ജലീകരണം തടയാൻ ORS ലായനി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.
-വളർത്തു മൃഗങ്ങൾക്ക് തണൽ ഉറപ്പു വരുത്താനും പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ്.
-ചൂട് മൂലമുള്ള തളർച്ചയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയിൽ പെട്ടാൽ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നൽകാനും വൈദ്യ സഹായം എത്തിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രതിരോധിക്കുന്നതിനായുള്ള മുൻകരുതൽ നിർദേശങ്ങൾ കാഴ്ച പരിമിതർക്കായി ബ്രെയിൽ മെറ്റീരിയലുകളിൽ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. ആവശ്യക്കാർക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്. ശബ്ദ സന്ദേശത്തിനായി sdma.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
*കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പുള്ള ജില്ലകളിൽ മാത്രമല്ല, ചൂട് വർധിക്കുന്ന മുഴുവൻ ജില്ലകളിലും സുരക്ഷാ നിർദേശങ്ങൾ പാലിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അഭ്യർത്ഥിക്കുന്നു.*
*KSDMA-ദുരന്തനിവാരണ അതോറിറ്റി-IMD*
പുറപ്പെടുവിച്ച സമയം: 1 pm 17-02-2020