ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്. ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. ഒരു ഘട്ടത്തിൽ തെരഞ്ഞെടുപ്പ് അവസാനിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 14-ന് പുറപ്പെടുവിക്കും. 21 ആണ് നാമനിർദേശം സമർപ്പിക്കാനുള്ള അവസാന തീയതി. 22-ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. 24 ആണ് നാമനിർദേശങ്ങൾ പിൻവലിക്കാനുള്ള അവസാന ദിവസം. ഫെബ്രുവരി എട്ടിന് തെരഞ്ഞെടുപ്പ് നടക്കും. പതിനൊന്നിനാണ് വോട്ടെണ്ണൽ. 70 മണ്ഡലങ്ങളിലേക്കാണു തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഡൽഹിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ദേശീയ രാഷ്ട്രീയം വീണ്ടും ചൂടുപിടിക്കുകയാണ്. ഏഴുമാസം മുന്‍പു നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം വരുന്ന പ്രധാന തെരഞ്ഞെടുപ്പെന്ന നിലയിൽ മാത്രമല്ല, രാജ്യത്തെ ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ ഏറെ സൂചനകൾ നൽകുന്ന തെരഞ്ഞെടുപ്പു ഫലം കൂടിയായിരിക്കുമിത്. കേന്ദ്രത്തിലെ ബിജെപി സർക്കാർ രാജ്യവ്യാപകമായി പ്രക്ഷോഭത്തെ നേരിടുന്ന അവസരത്തിൽ ഈ തെരഞ്ഞെടുപ്പ് എല്ലാ രാഷ്ട്രീയപാർട്ടികളെ സംബന്ധിച്ചും ഏറെ നിർണായകമാണ്. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ളവരും താമസിക്കുന്ന ഡൽഹിയിൽ സർക്കാരിന്റെ നയങ്ങളും ഭരണവും എത്രത്തോളം ജനകീയമായിരുന്നു എന്നു കൂടി തെളിയിക്കാൻ ഈ തെരഞ്ഞെടുപ്പിലൂടെ കഴിയും. പ്രാദേശിക വിഷയങ്ങളാണ് സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ഏറെയും പ്രതിഫലിക്കുക എന്നു പറയാറുണ്ടെങ്കിലും ഡൽഹി സംസ്ഥാന തെരഞ്ഞെടുപ്പിൽ മറ്റു പല ഘടകങ്ങളും നിർണായകമാവാറുണ്ട്. ഡൽഹിയെ സംബന്ധിച്ച് തലസ്ഥാനമെന്ന രീതിയിൽ അധികാരങ്ങൾ സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് വിഭജിച്ചു നിൽകിയിരിക്കുകയാണ്.
പോലീസും ആഭ്യന്തരവുമെല്ലാം ഇപ്പോഴും കൈകാര്യം ചെയ്യുന്നത് കേന്ദ്രമാണ്. എന്തായാലും ബിജെപിയെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് നിർണായകമാണ്. ഡൽഹി ഞങ്ങൾ എടുക്കും എന്ന പ്രസ്താവനയുമായി ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ രംഗത്തു വന്നു കഴിഞ്ഞു. ദീർഘകാലം കോണ്‍ഗ്രസും ബിജെപിയും മാറി മാറി ഭരിച്ച ഡൽഹിയിൽ ഇപ്പോൾ ആം ആദ്മി പാർട്ടിയാണ് ഭരണത്തിൽ. മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഏറെ ജനകീയനായ നേതാവായാണ് അറിയപ്പെടുന്നത്. ജനപ്രിയ പദ്ധതികളും അഴിമതി രഹിത ഭരണവുമെല്ലാം ചേർന്ന് തികഞ്ഞ ആത്മവിശ്വാസത്തിലാണ് കേജരിവാൾ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ആം ആദ്മി പാർട്ടിക്ക് നല്ല വേരോട്ടമുള്ള ഡൽഹിയിൽ വീണ്ടും ഭരണത്തിലെത്താമെന്നാണ് അവരുടെ കണക്കുകൂട്ടൽ. എന്നാൽ ബിജെപിയും കോണ്‍ഗ്രസും ഡൽഹിയിൽ ഏറെ സ്വാധീനമുള്ള പാർട്ടികൾ തന്നെയാണെന്നതും വസ്തുതയാണ്. കഴിഞ്ഞ ലോക്സഭാ തെരഞെടുപ്പിൽ ഡൽഹി തൂത്തുവാരിയ ബിജെപി ഇപ്പോഴും ആ പ്രതീക്ഷയാണ് വച്ചുപുലർത്തുന്നത്. കോണ്‍ഗ്രസാകട്ടെ ഷീലാദീക്ഷിത്തിലൂടെ തങ്ങൾ നേടിയ സ്വാധീനം ഇനിയും അസ്തമിച്ചിട്ടില്ലെന്നു കരുതുന്നു. ഡൽഹി സംസ്ഥാനം രൂപീകരിച്ചതിനുശേഷം 1993ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിയായിരുന്നു അധികാരത്തിൽ വന്നത്. മദൻലാൽ ഖുറാനയായിരുന്നു ആദ്യ മുഖ്യമന്ത്രി. പിന്നീട് 98ൽ നടന്ന തെരഞ്ഞെടുപ്പിൽ ഷീലാ ദീക്ഷിത്തിന്റെ നേതൃത്വത്തിൽ കോണ്‍ഗ്രസ് അധികാരത്തിലെത്തി. തുടർച്ചയായി മൂന്നു ടേം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് പിന്നീട് ആം ആദ്മി പാർട്ടിക്ക് വഴിമാറിക്കൊടുക്കുകയായിരുന്നു.
2015ൽ ആം ആദ്മി പാർട്ടി രണ്ടാം തവണ അധികാരത്തിലേറിയത് 70ൽ 67 നിയമസഭാ മണ്ഡലങ്ങളും നേടിക്കൊണ്ടായിരുന്നു. കോണ്‍ഗ്രസ് ആകട്ടെ നാമാവിശേഷമാവുകയും ചെയ്തു. 2020ലെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ സമവാക്യങ്ങൾ എങ്ങനെ രൂപപ്പെടുമെന്ന് ഇനിയും പറയാറായിട്ടില്ല. ഒറ്റയ്ക്ക് പൊരുതി നേടാനൂള്ള ശേഷി കോണ്‍ഗ്രസിനില്ല. ഷീലാദീക്ഷിത്തിനു ശേഷം മികച്ചൊരു നേതാവിനെ ഡൽഹിയിൽ ഇനിയും കോണ്‍ഗ്രസിന് കണ്ടെത്താനായിട്ടില്ല. മരിക്കുന്നതുവരെ ഷീലയായിരുന്നു ഡൽഹി കോണ്‍ഗ്രസിന്‍റെ അവസാന വാക്ക്. ആം ആദ്മി പാർട്ടിയും കോണ്‍ഗ്രസുമായുള്ള സഖ്യം ഇരുപാർട്ടികൾക്കും ഗുണം ചെയ്യുമെങ്കിലും ഇതുസംബന്ധിച്ച് ഇരു പാർട്ടി നേതാക്കൾക്കുമിടയിൽ അഭിപ്രായ ഭിന്നതകളുണ്ട്. ബിജെപിയാകട്ടെ ഏതുവിധേനയും ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ്. പൗരത്വ നിയമത്തിനെതിരേയുള്ള വിദ്യാർഥി പ്രക്ഷോഭം ഏറ്റവും ശക്തമായി നടന്ന ഡൽഹിയിൽ ഇപ്പോഴത്തെ രാഷ്ട്രീയം എങ്ങനേയും തങ്ങൾക്ക് അനുകൂലമാക്കാനുള്ള കരുനീക്കങ്ങളിലാണ് ബിജെപി.
ഡല്‍ഹി ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥികൾക്കു നേരെ ഞായറാഴ്ച നടന്ന മുഖംമൂടി സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ മലയാളികളിൽ ഇഎംഎസിന്റെ കൊച്ചുമകനും. ഇഎംഎസിന്റെ കൊച്ചുമകൻ പ്രഫ. അമീത് പരമേശ്വരനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന് പുറമെ മലയാളി വിദ്യാർത്ഥികളായ നിഖിൽ മാത്യു, ഐശ്വര്യ പ്രതാപ് എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
അതേസമയം, ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജെഎൻയു യുണിയൻ ചെയർമാൻ ഐഷി ഘോഷിനെ എയിംസിലേക്ക് മാറ്റി. സര്‍വകലാശാലയിലെ സെന്‍റര്‍ ഓഫ് സ്റ്റഡി ഓഫ് റീജണൽ ഡെവലപ്മെന്‍റിലെ അധ്യാപിക പ്രൊഫ. സുചിത്ര സെൻ തുടങ്ങിയവർക്കും തലയ്ക്കു ഗുരുതര പരുക്കേറ്റിരുന്നു. എബിവിപി സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ജെഎൻയു യൂണിയൻ പ്രതിനിധികളുടെ ആരോപണം.
മുഖം മറച്ചവർ ഇരുമ്പുകമ്പികളും വടിവാളും മറ്റ് മാരകായുധങ്ങളുമായി വിദ്യാർഥികളെ ക്രൂരമായി മർദിക്കുകയും ഹോസ്റ്റൽ മുറികളും മറ്റും അടിച്ചു തകർക്കുകയുമായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നു. അക്രമികൾക്ക് പൊലീസും ഒത്താശ ചെയ്തതായി ആരോപണമുണ്ട്. അക്രമി സംഘത്തിൽ മുഖം മറച്ച് ആയുധങ്ങളുമായി എത്തിയ സംഘത്തിൽ പെൺകുട്ടികളുമുണ്ടായിരുന്നു.
ക്യാംപസിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപം അധ്യാപക സംഘടന നടത്തിയ പ്രതിഷേധ പരിപാടിക്കിടെ നടന്ന ആക്രമണം ആസൂത്രിതമെന്ന് വ്യക്തമാക്കുന്ന തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. മൂന്ന് മണിക്കൂറോളമാണ് ക്യാപസിൽ ആക്രമണം അരങ്ങേറിയത്. അക്രമത്തിന് എതിരെ വ്യാപക പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയർന്നിട്ടുള്ളത്.
അതിനിടെ സംഭവത്തില്‍ കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമനും എസ് ജയശങ്കറും പ്രതിഷേധിച്ചു. അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രി അമിത്ഷാ ഉത്തരവിട്ടു.രജിസ്ട്രാറെയും പ്രോക്ടറെയും മാനവ വിഭവ ശേഷി മന്ത്രാലയം വിളിപ്പിച്ചു. മന്ത്രാലയം സെക്രട്ടറിക്ക് മുന്നില്‍ ഇന്ന് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
സര്‍വകലാശാലയിൽ നടന്ന അക്രമ സംഭവങ്ങള്‍ ഞെട്ടിക്കുന്നതെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. അതേസമയം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ എയിംസ് ആശുപത്രിയിൽ നേരിട്ടെത്തി പ്രിയങ്ക ഗാന്ധി, സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് തുടങ്ങിയവര്‍ കണ്ടു. ഡി രാജ അടക്കമുള്ള ഇടതുനേതാക്കൾ ജെഎൻയുവിലെത്തി വിദ്യാര്‍ത്ഥികളെ കാണുകയും ചെയ്തു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ അധ്യാപകര്‍ വിസിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു.
ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നടി മഞ്ജു വാര്യര്‍. “ടിവിയിൽ ചോരയിൽ കുതിർന്ന പലരുടെയും മുഖങ്ങൾ കാണുമ്പോൾ ആ അമ്മമാരുടെ മനസ്സിന്റെ അവസ്ഥ എന്താകും. നമുക്ക് ആ കുട്ടികളുടെ കൂടെ നിൽക്കാതിരിക്കാനാകില്ല. ഞാനും കൂടെ നിൽക്കുന്നു.” എന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
ജെ.എൻ.യുവിൽനിന്നുള്ള മുഖങ്ങൾ രാവിലെ ടിവിയിൽ കണ്ടപ്പോൾ ഞെട്ടിപ്പോയി. ചോര ഒലിച്ചുകൊണ്ടുള്ള കുറെ മുഖങ്ങൾ. രാത്രി അവരെ മൂന്നു മണിക്കൂറോളം പലരും ചേർന്ന് അക്രമിച്ചിരിക്കുന്നു. ജെഎൻയു എന്നതു ഈ രാജ്യത്തിന്റെ അറിവിന്റെ അടയാളമായിരുന്നു. അവിടെ പഠിക്കുക എന്നതു അറിവിന്റെ മാനദണ്ഡമായിരുന്നു. അവിടെ പഠിച്ച പലരുമാണ് ഇന്നും നമ്മളെ നയിക്കുന്നതും ഭരിക്കുന്നതും. അവരുടെ രാഷ്ട്രീയം പലതായിരുന്നുവെങ്കിലും അവരുടെ രാജ്യസ്നേഹം ചോദ്യം ചെയ്യാനാകില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനിടയിലും അവർ അവിടെ കലാപമുണ്ടാക്കുകയല്ല ചെയ്തത്. പുറത്തുനിന്നുള്ളവർ കൂടി ചേർന്നു ഇരുളിന്റെ മറവിൽ അക്രമം നടത്തുന്നുവെന്നു പറയുമ്പോൾ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ല. കുട്ടികളെ അവിടെ പഠിപ്പിക്കാൻ വിട്ട അമ്മമാരിൽ ഭൂരിഭാഗവും സാധാരണക്കാരാകും. ടിവിയിൽ ചോരയിൽ കുതിർന്ന പലരുടെയും മുഖങ്ങൾ കാണുമ്പോൾ ആ അമ്മമാരുടെ മനസ്സിന്റെ അവസ്ഥ എന്താകും. നമുക്ക് ആ കുട്ടികളുടെ കൂടെ നിൽക്കാതിരിക്കാനാകില്ല. ഞാനും കൂടെ നിൽക്കുന്നു.
ഉല്ലാസം സിനിമ ഡബ് ചെയ്യാന്‍ നിര്‍മാതാക്കള്‍ അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെ എല്ലാ കാര്യങ്ങളിലും താരസംഘടനയായ അമ്മയുടെ തീരുമാനം അനുസരിച്ച് മുന്നോട്ടുപോകുമെന്ന് നടന്‍ ഷെയിന്‍ നിഗം. ഇക്കാര്യം വ്യക്തമാക്കി ഷെയിന്‍ നിര്‍മാതാക്കളുടെ സംഘടനയ്ക്കും അമ്മയ്ക്കും കത്ത് നല്‍കി. എന്നാല്‍ ഷെയിന്‍ ഡബ്ബിങ് പൂര്‍ത്തിയാക്കാതെ അമ്മയുമായി ചര്‍ച്ചയ്ക്കില്ലെന്ന ഉറച്ചനിലപാടിലാണ് നിര്‍മാതാക്കളുെട സംഘടന.
ഡബ്ബിങ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ‘അമ്മ’യുടെ തീരുമാനം അനുസരിച്ച് മുന്നോട്ടുപോകുമെന്ന് നടന്‍ ഷെയിന്‍ നിഗം. ഒമ്പതിന് അമ്മയുടെ എക്സിക്യൂട്ടീവ് യോഗം കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ അംഗീകരിക്കും.
നിര്‍മാതാക്കള്‍ക്ക് ഇതുസംബന്ധിച്ച് ഷെയിന്‍ കത്ത് നല്‍കി; പകര്‍പ്പ് ‘അമ്മ’യ്ക്ക് കൈമാറി.ഡബ്ബിങ് തീര്‍ക്കാതെ ഷെയിന്‍ വിഷയത്തില്‍ ‘അമ്മ’യുമായി ചര്‍ച്ചയ്ക്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന. ഷെയിന് ‘ഉല്ലാസം’ സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കാന്‍ നിര്‍മാതാക്കള്‍ അനുവദിച്ച സമയം ഇന്നവസാനിക്കും.
മരടില്‍ രണ്ടാം ദിവസം പൊളിക്കുന്ന ഫ്ലാറ്റാണ് നെട്ടൂര്‍ കായലോരത്തെ ജെയിന്‍ കോറല്‍ കോവ്. പൊളിക്കുന്നതില്‍ ഏറ്റവും വലിയ കെട്ടിടമായ ജെയിന്‍ കോറല്‍ കോവില്‍ ജനുവരി 12ന് രാവിലെ 11 മണിക്ക് സ്ഫോടനം നടക്കും. 96 കുടുംബങ്ങളെ സ്ഫോടന സമയത്ത് ഫ്ലാറ്റിന്റെ പരിസരത്തുനിന്ന് ഒഴിപ്പിക്കും.
പൊളിക്കുന്നതില്‍ ഏറ്റവും വലിയ ഫ്ലാറ്റാണ് മരട് കായലില്‍ നിന്ന് 9 മീറ്ററില്‍ മാത്രം അകലത്തിലുള്ള പടുകൂറ്റന്‍ കെട്ടിടം. 16 നിലകള്‍, 50 മീറ്ററിനുമുകളില്‍ ഉയരം. ജെയിന്‍ കോറല്‍ കോവില്‍ 125 അപ്പാര്‍ട്ട്മെന്റുകള്‍ ഉണ്ടായിരുന്നു. മുംബൈയില്‍ നിന്നുള്ള എഡിഫൈസ് എന്‍ജിനിയറിങ് കമ്പനി ആഫ്രിക്കന്‍ കമ്പനിയായ ജെറ്റ് ഡെമോളിഷനുമായി ചേര്‍ന്നാണ് ജെയിന്‍ കോറല്‍ കോവ് പൊളിക്കുന്നത്
മുകളില്‍ നിന്ന് താഴോട്ട് 14, 8, രണ്ട് ഒന്ന്, നിലകളിലും ഏറ്റവും താഴത്തെ നിലയിലുമാണ് സ്ഫോടനം. ഒപ്പം കോണ്‍ക്രീറ്റ് ഷിയര്‍ വാള്‍ തകര്‍ക്കാന്‍ അഞ്ചാമത്തെ നിലയിലും പതിനൊന്നാമത്തെ നിലയിലും സ്ഫോടനം നടത്തും. ഏകദേശം 1800ഓളം ദ്വാരങ്ങളാണ് ജെയിന്‍ കോറല്‍ കോവിന്റെ തൂണുകളില്‍ സ്ഫോടകവസ്തുകള്‍ നിറയ്ക്കാനായി തുളച്ചിരിക്കുന്നത്.
ഒന്നിന് പിന്നാലെ ഒന്നായി രണ്ടു ഫ്ലാറ്റുകളും തകർന്നു വീഴുമ്പോൾ ഉയരുന്ന ഭീമാകാരമായ പൊടി ഫയർ ഫോഴ്സ് വെള്ളം ചീറ്റി ഒഴിവാക്കും. ഇരു ഫ്ലാറ്റുകളും അടുത്തടുത്തായതിനാൽ ജോലികൾ എളുപ്പമാക്കുകയാണ് ലക്ഷ്യം. ആദ്യം പൊളിക്കുന്ന H20 ഫ്ലാറ്റിൽ വെടിമരുന്ന് നിറച്ചു കഴിഞ്ഞു.
സ്ഫോടനതിന്റെ തലേ ദിവസം ഇവ ഡിറ്റനേറ്ററുകളുമായി ബന്ധിപ്പിക്കും. 100 മീറ്റർ അകാലത്തിൽ സ്ഥാപിക്കും ഭാഗത്തു നിന്നാണ് സ്ഫോടനം നിയന്ത്രിക്കുക. സ്ഫോടനത്തിൽ ഉണ്ടാവുന്ന പ്രകമ്പനം പഠിക്കാൻ എത്തിയ ഐ ഐ ടി സംഘത്തിന്റെ ജോലികളും പുരോഗമിക്കുകയാണ്.
തിരുവനന്തപുരം കാരക്കോണത്ത് യുവതിയെ കഴുത്തറുത്ത് കൊന്നു. കൊലയ്ക്കുശേഷം സ്വയം കഴുത്തറത്ത കാമുകന്‍ ആശുപത്രിയിൽ മരിച്ചു. കാരക്കോണം സ്വദേശി അഷിതയും (21) കാരക്കോണം സ്വദേശി അനുവും ആണ് മരിച്ചത്. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം.
കാരക്കോണത്തു ഓട്ടോറിക്ഷ ഡ്രൈവറായ അനു എന്നയാളാണ് കൃത്യം നടത്തിയത്. സമീപവാസിയായ ഇയാൾ അഷിതയുടെ വീട്ടിലെത്തുമ്പോൾ വല്യമ്മ മാത്രമാണ് ഉണ്ടായിരുന്നത്. അനു പെട്ടെന്ന് വീട്ടിനകത്തേക്കു കയറി കതകടച്ചു. പിന്നെ കേൾക്കുന്നത് അഷിതയുടെ കരച്ചിലാണ്. വാതിൽ തുറന്നു നോക്കുമ്പോൾ നാട്ടുകാർ കണ്ടത് ഇരുവരുടേയും കഴുത്തറത്ത നിലയിലാണ്.
രണ്ടു പേരേയും കാരക്കോണം ആശുപത്രിയിലേക്കു കൊണ്ടു പോയി. അഷിത ആശുപത്രിയിലെത്തും മുൻപു തന്നെ മരിച്ചു. അനു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നു.
അടുത്ത കാലത്തായി, വാട്സ്ആപ്പിൽ കൈമാറുന്ന ധാരാളം ഉള്ളടക്കങ്ങൾ ട്വിറ്റർ, ഫെയ്സ്ബുക്ക് പോലുള്ള മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത് നാം കാണാറുണ്ട്. ഇതെല്ലാം കണ്ണടച്ച് വിശ്വസിച്ച് ഷെയർ ചെയ്യുക വഴി അബദ്ധം പിണഞ്ഞ നിരവധി പേരുണ്ട്. അവരിൽ പ്രശസ്തരും അല്ലാത്തവരുമുണ്ട്. അത്തരത്തിലൊരു അബദ്ധമാണ് ഇപ്പോൾ പുതുച്ചേരി ഗവർണർ കിരൺ ബേദിക്കും സംഭവിച്ചത്.
നാസ സൂര്യന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്‌തെന്നും അത് ‘ഓം’ എന്നാണെന്നും പറയുന്ന വ്യാജ വീഡിയോ ഷെയര്‍ ചെയ്ത് പുലിവാലു പിടിച്ചിരിക്കുകയാണ് മുൻ ഐപിഎസ് ഓഫീസർ കൂടിയായ കിരൺ ബേദി. കഴിഞ്ഞ ഒരു വര്‍ഷമായി സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോയാണ് നാസയുടെ കണ്ടുപിടിത്തമെന്ന പേരിൽ കിരൺ ബേദി ട്വീറ്റ് ചെയ്തത്.
നിരവധി പേരാണ് കിരണ്‍ ബേദിയുടെ ട്വീറ്റിനെ ട്രോളി രംഗത്തെത്തിയത്. ഉത്തരവാദിത്തപ്പെട്ട ചുമതല വഹിക്കുന്ന താങ്കളെപ്പോലുള്ളവര്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ ഒരു തവണയെങ്കിലും അതില്‍ എന്തെങ്കിലും യാഥാർഥ്യമുണ്ടോയെന്ന് പരിശോധിക്കേണ്ടതല്ലേയെന്നാണ് പലരും ചോദിക്കുന്നത്.
നാസ തന്നെ നേരത്തെ സോളാര്‍ ശബ്ദം റെക്കോര്‍ഡ് ചെയ്തത് പുറത്തുവിട്ടിരുന്നു. ഇവ യൂട്യൂബ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ ലഭ്യമാണെന്നിരിക്കെയാണ് കിരൺ ബേദിക്ക് ഇത്തരമൊരു അബദ്ധം പിണഞ്ഞിരിക്കുന്നത്.
സൂര്യന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്‌തെടുത്ത നാസയ്ക്ക് നന്ദിയെന്നും ഞങ്ങളുടെ ഐഎസ്ആര്‍ഒ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അറിയില്ലെന്നുമായിരുന്നു ട്വിറ്ററില്‍ മറ്റൊരാളുടെ പരിഹാസം.
സൂര്യന്‍ വരെ ഹിന്ദു സംസ്‌കാരം പിന്തുടരുന്നു.. അതില്‍ നമുക്ക് അഭിമാനിക്കാം. മറ്റെല്ലാ സംസ്‌കാരങ്ങളും ഇതിന് മുന്‍പില്‍ നമസ്‌ക്കരിക്കട്ടെ. പക്ഷേ മാഡം താങ്കള്‍ സൂര്യന്‍ ജയ് ശ്രീറാം വിളിക്കുന്നത് കേട്ടില്ലെന്നത് ഉറപ്പല്ലേ”- എന്നായിരുന്നു രോഹിത് തയ്യില്‍ എന്നയാള്‍ ട്വിറ്ററില്‍ കുറിച്ചത്.
— Kiran Bedi (@thekiranbedi) January 4, 2020
The Sun is not silent. The low, pulsing hum of our star’s heartbeat allows scientists to peer inside, revealing huge rivers of solar material flowing, along with waves, loops and eruptions. This helps scientists study what can’t be seen. Listen in: https://t.co/J4ZC3hUwtL pic.twitter.com/lw30NIEob2
— NASA (@NASA) July 25, 2018
നെയ്യാറ്റിന്‍കര: യാത്രാ പാസ് ചോദിച്ച വനിതാ കണ്ടക്ടറോട് കെഎസ്ആര്‍ടിസി സൂപ്രണ്ട് അപമര്യാദയായി പെരുമാറി. ഇരുവരും തമ്മില്‍ നടന്ന വാക്കുതർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വിവാദമായി.
വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി സൂപ്രണ്ടിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നെയ്യാറ്റിൻകര ഡിപ്പോയിലെ മഹേശ്വരിയമ്മയ്‌ക്കെതിരെയാണ് എംഡി അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലൻസ് വിഭാഗമാണ് ഇവർക്കെതിരെയുള്ള പരാതി അന്വേഷിക്കുക.
ഇന്നു രാവിലെ തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിൻകരയിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം. സൂപ്രണ്ടിനോട് യാത്രാ പാസ് കാണിക്കണമെന്ന് ബസിലെ വനിതാ കണ്ടക്‌ടർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, പാസ് കാണിക്കാൻ കഴിയില്ലെന്നും പരാതി കൊടുക്കാനുമായിരുന്നു സൂപ്രണ്ടിന്റെ മറുപടി. ഇരുവരും തമ്മിൽ ഇതേചൊല്ലി ഏറെനേരം തർക്കിച്ചു.
https://www.facebook.com/100963357973712/videos/2559231274361213/
തോമസ് ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്നും തിരിച്ചെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാവുന്നു.സ്ഥിരമായി കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റാണെങ്കിലും ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് നിലവില്‍ പാര്‍ട്ടി പിളര്‍ന്ന അവസ്ഥയാണ് ഉള്ളത്.
ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് ഏതെങ്കിലും ഒരു വിഭാഗം കുട്ടനാട്ടില്‍ മത്സരിച്ചാല്‍ പാലായ്ക്ക് സമാനമായ തിരിച്ചടിയുണ്ടാവുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്.അതിനാല്‍ കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്ന് തിരിച്ചെടുക്കണമെന്നാണ് ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്.ഇതോടൊപ്പം തന്നെ പൊതുസമ്മതനായ സ്വതന്ത്രന്‍ എന്ന ആലോചനയും കോണ്‍ഗ്രസിനുണ്ട്.
പാലായും വട്ടിയൂര്‍ക്കാവും കൈവിട്ടത് പാര്‍ട്ടിക്കും മുന്നണിക്കും വലിയ ക്ഷീണമാണ്. ഇതിന് മറുപടി നല്‍കാന്‍ കുട്ടനാട്ടില്‍ വിജയം അനിവാര്യമാണെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനകത്ത് ശക്തമാണ്നിയമസഭാ തിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലും കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ഏറെ നിര്‍ണ്ണായകമാവുന്നു.
പാര്‍ട്ടി സീറ്റ് ഏറ്റെടുത്ത് ഈഴവ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്നാണ് ജില്ലയില്‍ നിന്നുള്ള ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടത്.രാഷ്ട്രീയ വോട്ടുകള്‍ക്ക് പുറമെ വ്യക്തിപരമായ വോട്ടുകള്‍ കൂടി നേടിയായിരുന്നു ആലപ്പുഴയില്‍ നിന്ന് തോമസ് ചാണ്ടി ജയിച്ചു വന്നത്.
തോമസ് ചാണ്ടി ഇല്ലാത്ത കുട്ടനാട്ടില്‍ മണ്ഡലത്തില്‍ സുപരിചിതനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയാല്‍ വിജയിക്കാമെന്നാണ് പ്രാദേശിക നേതാക്കള്‍ അവകാശപ്പെടുന്നത്.കേരള കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത് സ്വന്തം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതിനേക്കാള്‍ നല്ലത് പൊതുസമ്മതനായ സ്വതന്ത്രനെ നിര്‍ത്തുന്നതാണെന്ന ആലോചനയും കോണ്‍ഗ്രസില്‍ ശക്തമാണ്.
യുഡിഎഫിലെ സംസ്ഥാന നേതൃത്വത്തിനിടയിലാണ് ഇത്തരത്തിലൊരു ആലോചന നടക്കുന്നത്.കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗവും സീറ്റിനായി അവകാശ വാദം തുടരുകയാണെങ്കില്‍ പൊതു സമ്മതനായ സ്വതന്ത്രന്‍ തന്നെ കുട്ടനാട്ടില്‍ മത്സിച്ചേക്കുമെന്നാണ് യുഡിഎഫ് നേതൃത്വം നല്‍കുന്ന സൂചന.
അതേസമയം, കഴിഞ്ഞ തവണ ഞങ്ങള്‍ മത്സരിച്ച സീറ്റ് എന്ന നിലയില്‍ കുട്ടനാട് തങ്ങള്‍ക്ക് തന്നെ കിട്ടുമെന്നാണ് കേരളകോണ്‍ഗ്രസിലെ പിജെ ജോസഫ് പ്രതീക്ഷിക്കുന്നത്.സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ജനുവരി ആറിന് യോഗം ചേരുമെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ അംഗീകാരം ലഭിക്കുന്ന സ്ഥാനാര്‍ത്ഥി മാത്രമെ കേരള കോണ്‍ഗ്രസിന്‍റെ രണ്ടില ചിഹ്നം ലഭിക്കുകയുള്ളു എന്നതാണ് ജോസഫ് വിഭാഗം നേതാക്കളുടെ പ്രധാന അവകാശവാദം.
കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെ തന്നെ ഇത്തവണയും കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് പിജെ ജോസഫ് പക്ഷത്തിന്‍റെ നീക്കം.എന്നാല്‍ ഈ നിക്കത്തിനെതിരെ തുടക്കത്തില്‍ തന്നെ തടയിടുകയാണ് ജോസ് കെ മാണി വിഭാഗം. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിയായി മണ്ഡലത്തിലിറങ്ങിയിട്ടുള്ള ജേക്കബ് എബ്രഹാമിനെ അംഗീകരിക്കില്ലെന്നാണ് ജോസ് പക്ഷം വ്യക്തമാക്കുന്നത്.
കുട്ടനാട്ടുകാരനായ അധ്യാപകനെ സ്ഥാനാര്‍ഥിയാക്കുമെന്ന് ജോസ് വിഭാഗം മുതിര്‍ന്ന നേതാവ് ജേക്കബ് തോമസ് അരികുപുറം കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതോടെ വിഷയത്തില്‍ പരസ്യ അഭിപ്രായപ്രകടനം പാടില്ലെന്ന അഭ്യര്‍ഥനയുമായി യുഡിഎഫ. ആലപ്പുഴ ജില്ലാ ചെയര്‍മാന്‍ എം. മുരളി രംഗത്തെത്തി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ ആയിരുന്ന കെസി ജോസഫ് ഫ്രാന്‍സിസ് ജോര്‍ജ്ജ് ജനാധിപത്യ കേരള കോണ്‍ഗ്രസിലേക്ക് മാറിയ സാഹചര്യത്തിലായിരുന്നു കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കിയത്.
ഇപ്പോഴത്തെ സാഹചര്യം അതല്ലെന്നും സീറ്റില്‍ ആര് മത്സരിക്കണമെന്ന് ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമതി കൂടി തീരുമാനിക്കുമെന്നാണ് ജോസ് പക്ഷം പറയുന്നു.
ഇതിനിടയില്‍ കുട്ടനാട് സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന വാദവുമായി ചില ജേക്കബ് ഗ്രൂപ്പ് നേതാക്കളും രംഗത്തെത്തിയിരുന്നു. യുഡിഎഫില്‍ ജേക്കബ് ഗ്രൂപ്പ് മത്സരിച്ച് വന്നിരുന്ന സീറ്റായിരുന്നു കുട്ടനാട്.
2005 ല്‍ ടിഎം ജേക്കബ് കെ കരുണാകരന്‍റെ ഡിഐസിയില്‍ ചേര്‍ന്നതോടെയാണ് അവര്‍ മത്സരിച്ചിരുന്ന സീറ്റ് അവര്‍ക്ക് നഷ്ടപ്പെട്ടതെങ്കിലും ഈ അവകാശവാദം യുഡിഎഫ് അംഗീകരിച്ചേക്കില്ല.ഈ സാഹചര്യത്തിലാണ് കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായത്. എന്നാലിത് ഘടകകക്ഷി സീറ്റ് അടിച്ചുമാറ്റിയെന്ന ആക്ഷേപത്തിനു ഇടയാക്കും.
ഇതിനുള്ള പോംവഴിയായിട്ടാണ് പൊതുസമ്മതനായ സ്വതന്ത്രനെ പരിഗണിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന നടൻ ദിലീപിന്റെ ഹരജി കോടതി തള്ളി. വിശദമായ വാദം കേട്ടതിനു ശേഷമാണ് പ്രത്യേക കോടതിയുടെ ഈ തീരുമാനം. പത്താംപ്രതി വിഷ്ണുവിന്റെ വിടുതൽ ഹരജിയും കോടതി തള്ളിയിരിക്കുകയാണ്.
പ്രഥമദൃഷ്യട്യാ ഇവർക്കെതിരെ തെളിവുണ്ടെന്നും ഇക്കാരണത്താൽ തന്നെ പ്രതിപ്പട്ടികയിൽ നിന്നും നീക്കം ചെയ്യുക സാധ്യമല്ലെന്നും പ്രത്യേക കോടതി ജഡ്ജി ഹണി വർഗീസ് ഉത്തരവിട്ടു. തനിക്കെതിരെ കേസിൽ വ്യക്തമായ തെളിവില്ലെന്നും ചുമത്തിയ ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിനുള്ള സാഹചര്യത്തെളിവുകളൊന്നും ഇല്ലെന്നും ദിലീപ് വാദിച്ചു. ഒന്നാംപ്രചതി സുനിൽകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് തനിക്കെതിരെ കേസുള്ളതെന്ന് അദ്ദേഹം വാദിച്ചു. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല.
തനിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന വസ്തുതകൂടി പരിഗണിച്ച് കുറ്റപത്രത്തിൽ നിന്നും പേര് നീക്കം ചെയ്യണമെന്നായിരുന്നു ദിലീപിന്റെ വാദം.
ദിലീപടക്കം മുഴുവൻ പ്രതികളും കോടതിയിൽ തിങ്കളാഴ്ച ഹാജരാകണമെന്നും ഉത്തരവുണ്ട്. തിങ്കളാഴ്ചയാണ് പ്രതികൾക്കു മേല്‍ കുറ്റം ചുമത്തുക. കുറ്റം ചുമത്തുന്നത് വൈകിക്കണമെന്ന ദിലീപിന്റെ ആവശ്യവും തള്ളിയിട്ടുണ്ട്. പത്ത് ദിവസത്തേക്ക് നടപടി വൈകിക്കണമെന്നായിരുന്നു ആവശ്യം. കുറ്റപത്രം മുഴുവൻ പ്രതികളെയും തിങ്കളാഴ്ച വായിച്ചു കേൾപ്പിക്കും.
അതെസമയം ദിലീപ് വിടുതൽ ഹരജിയുമായി ഹൈക്കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുണ്ട്. അടുത്തയാഴ്ചയാണ് ഹരജി നൽകുക.