India

സോഷ്യൽ മീഡിയ വ്യാപകമായതോടെ പല അപകടങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറംലോകത്തു വൈറലാകുന്നു. അതിലൂടെ അപകടത്തിൽ തെറ്റുകൾ ആരുടെ ഭാഗത്തു എന്ന് ജനം മനസിലാക്കുകയും ന്യായികരങ്ങൾ നിരത്തി പ്രതികരിക്കാനും തുടങ്ങി. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാർത്തകൾ നിറയുന്നത്. നിറയെ യാത്രികരുമായി കൊടുംവളവില്‍ വച്ച് ഒരു ജീപ്പിനെ അതിവേഗം ഓവര്‍ടേക്ക് ചെയ്യുന്ന കെഎസ്ആര്‍ടിസി ബസും എതിരെ വരുന്ന ഒരു ചരക്ക് ലോറിയും രണ്ട് കാറുകളുമാണ് ഈ വീഡിയോയിലെ മുഖ്യ കഥാപാത്രങ്ങള്‍.

അപകടകരമായ വേഗത്തിൽ ജീപ്പിനെ മറികടക്കുകയാണ് ബസ്. അതിനിടെ വളവിൽ മെയിന്‍ റോഡിലേക്ക് കയറിവരാന്‍ ശ്രമിക്കുകയാണ് ഒരു കാര്‍. മറ്റൊരു കാര്‍ കൃത്യമായി വളവിലെ ബ്ലൈന്‍ഡ് സ്‍പോട്ടില്‍ തന്നെ അപകടകരമായി നിലയില്‍ പാര്‍ക്കും ചെയ്‍തിരിക്കുന്നു. സകല റോഡുനിയമങ്ങളും കാറ്റില്‍പ്പറത്തി പാഞ്ഞു വരുന്ന ബസില്‍ ഇടിക്കാതിരിക്കാന്‍ ലോറി ഡ്രൈവര്‍ വണ്ടി ഇടത്തേക്ക് വെട്ടിക്കുന്നു. ലോറിക്ക് വേഗം കുറവായിരുന്നതിനാലും സമയോചിതമായി വെട്ടിച്ചതിനാലും ബസിലെ നിരവധിയാളുകളുടെ ജീവനാണ് ലോറി ഡ്രൈവര്‍ രക്ഷിച്ചതെന്ന് വീഡിയോ വ്യക്തമാക്കുന്നു. പക്ഷേ ഇടതുവശത്ത് ഒട്ടും സ്ഥലമില്ലാത്തതിനാല്‍ അപകടകരമായി പാര്‍ക്ക് ചെയ്‍തിരിക്കുന്ന കാറിന്‍റെ പിന്നില്‍ ഇടിച്ചാണ് ലോറി നിന്നത്.

തുടര്‍ന്ന് കാറിലുള്ളവരും ഓടിക്കൂടിയവരില്‍ ചിലരുമൊക്കെച്ചേര്‍ന്ന് ലോറി ഡ്രൈവറെ ക്രൂരമായി തല്ലിച്ചതയ്ക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. വന്‍ ദുരന്തം ഒഴിവാക്കിയ ലോറി ഡ്രൈവറെ കാര്യമറിയാതെ പലരും മര്‍ദ്ദിക്കുമ്പോഴും അപകടത്തിന്‍റെ മൂലകാരണക്കാരനായ കെഎസ്ആര്‍ടിസി ബസും ഡ്രൈവറും അമിതവേഗതയില്‍ തന്നെ അകന്നുപോകുന്നതും കാണാം.

എവിടെ എപ്പോള്‍ നടന്ന സംഭവമാണ് ഇതെന്ന് വ്യക്തമല്ലെങ്കിലും നാട്ടിലെ തീരാശാപങ്ങളെയെല്ലാം ഈ വീഡിയോയില്‍ കാണാം എന്ന അടിക്കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയയിലും യൂടൂബിലുമൊക്കെ ഈ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.

കർണാടക നിയമസഭയിൽ ഇന്ന് വിശ്വാസവോട്ടെടുപ്പ്. 15 വിമത എം.എൽ.എമാരെ അനുനയിപ്പിക്കാൻ സാധിക്കാതെ വന്നതോടെ സർക്കാരിന്റെ വീഴ്ച ഉറപ്പായി. കോണ്‍ഗ്രസും ജെഡിഎസും വിമതരുള്‍പ്പെടെ മുഴുവന്‍ എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ രാജി പിന്‍വലിക്കില്ലെന്നും നിയമസഭയില്‍ ഹാജരാകില്ലെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വിമത എംഎല്‍എമാര്‍ . 16 എം.എല്‍.എമാര്‍ രാജിനല്‍കുകയും രണ്ട് സ്വതന്ത്രര്‍ എതിര്‍ചേരിയിലേക്ക് പോവുകയും ചെയ്തതോടെയാണ് സര്‍ക്കാര്‍ ന്യൂനപക്ഷമായത്. 107 എം.എല്‍.എമാരുടെ പിന്തുണയുള്ള ബി.ജെ.പി സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചേക്കും

കൈയില്‍ തോക്കുകളേന്തി നൃത്തം ചെയ്ത് വിവാദത്തില്‍പെട്ട ഉത്തരാഖണ്ഡിലെ ബിജെപി എംഎല്‍എ പ്രണവ് സിങ് ചാംപ്യനെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. മദ്യപിച്ച് ലക്കുകെട്ട് കൈയില്‍ തോക്കേന്തി നൃത്തംചെയ്യുന്ന പ്രണവ് സിങിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മദ്യപിച്ചാല്‍ ആരും ഇത്തരത്തില്‍ നൃത്തം ചവിട്ടുമെന്നും അതില്‍ തെറ്റില്ലെന്നുമായിരുന്നു, പാര്‍ട്ടി വിശദീകരണം തേടിയതിന് ശേഷവും പ്രണവ് പ്രതികരിച്ചത്. മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ നേരത്തെ പ്രണവ് സിങിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു

കുൽഭൂഷൺ ജാദവിന്റെ വിഷയത്തിൽ ഇന്ത്യ നൽകിയ ഹർജി പരിഗണിക്കാൻ പാടില്ലെന്നു പറഞ്ഞ് പാക്കിസ്ഥാൻ ഉന്നയിച്ച ഒരു വാദം പോലും അംഗീകരിക്കാനാവില്ലെന്നു രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ).

എന്നാൽ, പാക്ക് സൈനികക്കോടതിയുടെ വിധി റദ്ദാക്കി കുൽഭൂഷണെ സ്വതന്ത്രനാക്കാൻ നിർദേശിക്കണമെന്ന ഇന്ത്യയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

സൈനികക്കോടതിയുടെ നടപടികൾക്കെതിരെ മാപ്പപേക്ഷ ഉൾപ്പെടെയുള്ള മാർഗങ്ങൾ അവശേഷിക്കുമ്പോഴാണ് ഇന്ത്യ ഐസിജെയെ സമീപിച്ചതെന്നാണ് പാക്കിസ്ഥാൻ വാദിച്ചത്.

എന്നാൽ, വിയന്ന കരാർ ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ ലംഘിച്ചാൽ സൈനിക കോടതിയുടെ തീരുമാനം പുനഃപരിശോധിക്കാവുമോ എന്നതിൽ അവ്യക്തതയുണ്ടെന്ന് ഐസിജെ വിലയിരുത്തി.

അധികാരമില്ലാതെയോ, ദുരുദ്ദേശ്യത്തോടെയോ തീരുമാനമെടുക്കുമ്പോൾ മാത്രമേ സൈനികക്കോടതിയുടെ നടപടിയിൽ സുപ്രീം കോടതിയും ഹൈക്കോടതികളും ഇടപെടാൻ പാടുള്ളൂവെന്ന് പാക്ക് ഭരണഘടനയുടെ 199 ാം വകുപ്പു വ്യാഖ്യാനിച്ച് സുപ്രീം കോടതി നൽകിയ വിധി ഐസിജെ ചൂണ്ടിക്കാട്ടി.

മതിയായ തെളിവില്ലാതെയാണ് സൈനികക്കോടതിയുടെ തീരുമാനമെങ്കിൽ ഇടപെടാമെന്ന് പെഷാവർ ഹൈക്കോടതി വിധിച്ചെങ്കിലും അതിനെതിരെ സർക്കാർതന്നെ അപ്പീൽ നൽകിയിട്ടുണ്ടെന്നും ഐസിജെ ചൂണ്ടിക്കാട്ടി.

പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെയുടെ നേതൃത്വത്തിലാണ് ഇന്ത്യൻ സംഘം ഫെബ്രുവരിയിൽ വാദമുഖങ്ങൾ അവതരിപ്പിച്ചത്. ജാദവിനു നീതിയുക്തമായ വിചാരണ ഉറപ്പാക്കാനാണ് ഇനി ശ്രമിക്കേണ്ടതെന്ന് വിധി അറിഞ്ഞശേഷം അദ്ദേഹം ലണ്ടനിൽ പ്രതികരിച്ചു.

നയതന്ത്ര ബന്ധങ്ങൾ സംബന്ധിച്ച വിയന്ന കരാർ, ചാരന്മാർക്ക് അവകാശ സംരക്ഷണം നിർദേശിക്കുന്നില്ലെന്നു പാക്കിസ്ഥാൻ വാദിച്ചിരുന്നു.

എന്നാൽ, കരാറിലെ 36 ാം വകുപ്പിനെ വ്യാഖ്യാനിക്കുമ്പോൾ ചാരവൃത്തി ആരോപിക്കപ്പെടുന്നവരും അതിൽ ഉൾപ്പെടുമെന്ന് ഐസിജെ വ്യക്തമാക്കി.

2008ൽ ഉണ്ടാക്കിയ ഉഭയകക്ഷി കരാറനുസരിച്ച്, ചാരപ്പണിയുടെ പേരിൽ പിടിക്കപ്പെടുന്നവരുടെ കാര്യത്തിൽ ഉചിതമായ തീരുമാനത്തിന് തങ്ങൾക്ക്് അവകാശമുണ്ടെന്നും പാക്കിസ്ഥാൻ വാദിച്ചിരുന്നു.

ഈ വാദവും തള്ളപ്പെട്ടു. വിയന്ന കരാറിന്റെ അടിസ്ഥാനത്തിലുള്ളതാണ് 2008ലെ കരാറെന്നും, വിയന്ന കരാർ ലംഘിക്കാൻ അതിനെ കാരണമാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

വധശിക്ഷ തടഞ്ഞുകൊണ്ടുള്ള രാജ്യാന്തരകോടതി വിധിെയ വരവേറ്റ് രാജ്യം. ജാദവിന് നീതി ലഭിക്കുമെന്ന് ഉറപ്പുനല്‍കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അതേസമയം വിധിയെ മാനിക്കുന്നുവെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
ഇന്ത്യയെ തുണച്ച് ഹേഗിലെ രാജ്യാന്തര കോടതി വിധിയെഴുതിയത് രാജ്യം ഒറ്റക്കെട്ടായി സ്വാഗതം ചെയ്തു. യഥാര്‍ഥ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് വിധിയെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി കുല്‍ഭൂഷണ്‍ ജാദവിന് ഉറപ്പായും നീതി ലഭിക്കുമെന്ന് ട്വീറ്റ് ചെയ്തു. വന്‍വിജയമെന്നായിരുന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്‍റെ പ്രതികരണം.

kulbh-court

ഇന്ത്യയ്ക്ക് വേണ്ടി രാജ്യാന്തരകോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വേയ്ക്ക് മുന്‍ വിദേശകാര്യമന്ത്രി സുഷമസ്വരാജ് നന്ദി പറഞ്ഞു. ഒടുവില്‍ നീതി വിജയിച്ചുവെന്നു പറഞ്ഞ പ്രിയങ്കഗാന്ധി കുല്‍ഭൂഷന്‍റെ കുടുംബത്തിന്‍റെ സന്തോഷത്തില്‍ രാജ്യം മുഴുവന്‍ പങ്ക് ചേരണമെന്ന് ആഹ്വാനം ചെയ്തു. വിധി വന്നയുടന്‍ തന്നെ മുംബൈയില്‍ കുല്‍ഭൂഷന്‍ ജാദവിന്‍റെ സുഹൃത്തുക്കള്‍ ആഘോഷം തുടങ്ങിയിരുന്നു.
അതേസമയം കരുതലോടെയാണ് പാകിസ്ഥാന്‍ പ്രതികരിച്ചത്. നിയമപ്രകാരം മുന്നോട്ട് പോകുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

രാജ്യാന്തര കോടതിവിധി സത്യത്തിന്റെയും നീതിയുടേയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യാന്തര കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നു. വസ്തുതകളെ കുറിച്ച് വിപുലമായ പഠനം നടത്തി വിധി പ്രസ്താവിച്ച രാജ്യാന്തര കോടതിയെ അഭിനന്ദിക്കുന്നു. കുൽഭൂഷൺ ജാദവിന് നീതി ലഭിക്കുമെന്ന് ഉറപ്പുണ്ട്. എല്ലാ ഇന്ത്യക്കാരന്റെയും സുരക്ഷയ്ക്കായി എല്ലായ്പ്പോഴും തന്റെ സർക്കാർ പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷമായി തുടരുകയാണ്. പ്രളയക്കെടുതിയില്‍ വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 55 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ഏകദേശം 70 ലക്ഷം പേരെയാണ് ദുരിതം ബാധിച്ചത്. പ്രളയക്കെടുതി രൂക്ഷമായതോടെ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

മഴക്കെടുതിയില്‍ അസമില്‍ മാത്രം 20 പേരാണ് മരിച്ചത്. അസമിലെ പ്രധാനപ്പെട്ട സ്ഥലങ്ങളൊക്കെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കാസിരംഗ ദേശീയ പാർക്കിൽ ഇതുവരെ 30 മൃഗങ്ങൾ ചത്തൊടുങ്ങി. ഉയരമുള്ള സ്ഥലത്തേക്ക് മൃഗങ്ങളെ നേരത്തെ മാറ്റിയെങ്കിലും ജലനിരപ്പ് ഉയരുന്നത് ഇവയുടെ സുരക്ഷയില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ബ്രഹ്മപുത്ര, കോസി, കമല, ഗംഗ തുടങ്ങിയ നദികള്‍ കര കവിഞ്ഞതോടെ അസം, ബിഹാർ, യുപി സംസ്ഥാനങ്ങളിലെ നാലായിരത്തിലധികം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. അസമിൽ ഒരു ലക്ഷം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഗ്രാമങ്ങളിൽ ഒറ്റപ്പെട്ടവരെ വ്യോമമാർഗ്ഗം രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. അസമിലെ 33 ജില്ലകളിൽ 30 ഉം പ്രളയബാധിതമാണ്. വീടുകളും കെട്ടിടങ്ങളും തകർന്നു.

ബിഹാറിലെ 13 ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. ബിഹാറിൽ മാത്രം 33 പേരാണ് മരിച്ചത്. സീതാമാർഹി, അരാരിയ ജില്ലകളില്‍ സ്ഥിതി രൂക്ഷമാണ്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അമ്പത് വർഷത്തിനിടെ ബിഹാ‍ര്‍ നേരിടുന്ന വലിയ പ്രളയമാണിത്. സംസ്ഥാനത്ത് 199 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നെന്ന് ബിഹാ‍ര്‍ മുഖ്യമന്ത്രി നീതീഷ് കുമാ‍ർ നിയമസഭയെ അറിയിച്ചു. 26 കമ്പനി ദുരന്തനിവാരണ സേനാംഗങ്ങൾ സംസ്ഥാനത്ത് രക്ഷപ്രവർത്തനം നടത്തുന്നു. എന്നാൽ പ്രളയം നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. രക്ഷാപ്രവർത്തനങ്ങൾ കാര്യമല്ലെന്ന് ആരോപിച്ച് ജനങ്ങൾ പലയിടങ്ങളിലും പ്രതിഷേധിച്ചു.

ഉത്തർപ്രദേശിൽ മഴയിലും മിന്നലിലും മരണ സംഖ്യ 14 ആയി. മിസോറാമിലും മേഘാലയിലും ത്രിപുരയിലും പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു. രക്ഷപ്രവർത്തനത്തിന് കൂടുതൽ സേനയെ അയക്കുമെന്ന് കേന്ദ്രസർക്കാർ‍ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപ്പിപ്പിക്കാൻ ദില്ലിയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. പ്രളയക്കെടുതി നേരിടാൻ കേന്ദ്രസ‍ർക്കാർ‍ 251 കോടിയുടെ അടിയന്തരസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

മുംബൈയിലെ ദോംഗ്രിയില്‍ നൂറ് വര്‍ഷം പഴക്കമുള്ള കെട്ടിടം പൊളിഞ്ഞ് വീണ് മരിച്ചവരുടെ എണ്ണം 14 ആയി. നാല്‍പ്പതോളം പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ടെങ്കിലും രണ്ട് കുട്ടികളുള്‍പ്പെടെ ഒമ്പത് പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയിരിക്കുന്നത്.

തെക്കന്‍ മുംബൈയിലെ പ്രദേശവാസികള്‍ക്കൊപ്പം ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. ഇന്നലെ അര്‍ദ്ധരാത്രിയിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇവര്‍ തെരച്ചില്‍ നടത്തി. നിരവധി പഴയ കെട്ടിടങ്ങള്‍ക്കിടയിലുള്ള ഇടുങ്ങിയ വഴികളിലൂടെയാണ് ഈ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലേക്ക് എത്താനാകൂവെന്നതാണ് രക്ഷാപ്രവര്‍ത്തനം വൈകിപ്പിക്കുന്നത്. കൈകൊണ്ടും ചെറിയ യന്ത്രങ്ങള്‍ കൊണ്ടുമാണ് കോണ്‍ക്രീറ്റ് കഷണങ്ങളും കല്ലുകളും നീക്കം ചെയ്യുന്നത്. വലിയ യന്ത്രങ്ങള്‍ ഇവിടേക്ക് എത്തിക്കാനാകില്ല.

കഴിഞ്ഞയാഴ്ച കനത്ത മഴയില്‍ വലിയ തോതിലുള്ള വെള്ളക്കെട്ടുണ്ടായ സ്ഥലമാണ് ഇത്. നാട്ടുകാര്‍ ചെങ്ങല പോലെ നിന്നാണ് അവശിഷ്ടങ്ങള്‍ പുറത്തേക്ക് എത്തിച്ചത്. ദോംഗ്രി മേഖലയിലെ ടാന്‍ഡല്‍ സ്ട്രീറ്റിലുള്ള നാല് നിലകെട്ടിടമായ കേസര്‍ബായി ബില്‍ഡിംഗാണ് തകര്‍ന്ന് വീണത്. ഏകദേശം 90-100 വര്‍ഷം പഴക്കമുള്ള കെട്ടിടമാണിതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എണ്‍പതോളം കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. ഈ കെട്ടിടം അനധികൃതമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് മഹാരാഷ്ട്ര ഹൗസിംഗ് ആന്‍ഡ് ഏരിയ ഡെവലപ്പ്‌മെന്റ് അതോറിറ്റി അറിയിച്ചത്.

തിരുവനന്തപുരം; കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ക്ക് ഇടനിലക്കാരില്ലാതെ യുകെയില്‍ തൊഴില്‍ അവസരം ലഭിക്കുന്നതിന് സഹായമാകുന്നവിധത്തില്‍ യുകെ അധികൃതരുമായി സംസ്ഥാന സര്‍ക്കാര്‍ കരാറൊപ്പിട്ടു. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും, ഐഇഎല്‍ടിഎസ്, ഒഇടി എന്നിവ പാസാവുകയും ചെയ്ത നഴ്സുമാര്‍ക്ക് കരാര്‍ പ്രകാരം ഇംഗ്ലണ്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിയമനം ലഭിക്കും. വിവിധ കോഴ്സുകള്‍ക്ക് ചെലവാകുന്ന തുകയും വിസചാര്‍ജ്ജും വിമാനടിക്കറ്റും സൗജന്യമായിരിക്കും. യുകെയില്‍ മൂന്നുമാസത്തെ സൗജന്യതാമസവും നല്‍കും.

അയ്യായിരത്തിലധികം നഴ്സുമാരെ യുകെ സര്‍ക്കാരിന് നിയമിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുകെയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കേരളത്തില്‍ നിന്ന് നഴ്സുമാര്‍ക്ക് നിയമനം നല്‍കുന്നതു സംബന്ധിച്ച കരാര്‍ യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ അനുബന്ധസ്ഥാപനമായ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ടുമായി(എച്ച്ഇഇ) സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചു. തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ തിങ്കളാഴ്ച മാഞ്ചസ്റ്റില്‍ എച്ച്ഇഇ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് കരാര്‍ ഒപ്പിട്ടത്. ഇടനിലക്കാരില്ലാതെ യുകെയിലേക്ക് നഴ്സുമാര്‍ക്ക് അവസരം ലഭിക്കുന്നത് വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. ഈ അവസരം എല്ലാ നഴ്സുമാരും ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ സര്‍വീസിലുള്ള നഴ്സുമാര്‍ക്കും അവധിയെടുത്ത് ഈ അവസരം പ്രയോജനപ്പെടുത്താം.

യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ മന്ത്രിയും സംഘവും ചൊവ്വാഴ്ച സന്ദര്‍ശിച്ചു. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനു കീഴിലുള്ള ഈസ്റ്റ് ലങ്കാഷെയര്‍ ട്ര്സ്റ്റിന്റെ റോയല്‍ ബ്ലാക്ക് ബേണ്‍ ആശുപത്രിയും റോയല്‍ പ്രസ്റ്റണ്‍ ആശുപത്രിയും സന്ദര്‍ശിച്ച മന്ത്രി ഗ്ലോബല്‍ ലേണേഴ്സ് പ്രോഗ്രാം പ്രകാരം നിയമിതരായ നഴ്സുമാരുമായി ആശയവിനിമയം നടത്തി. ഗ്ലോബല്‍ ലേണേഴ്സ് പ്രോഗ്രാം മുഖേന നിയമിതരായ നഴ്സുമാര്‍ക്ക് മികച്ച സൗകര്യങ്ങളാണ് യുകെ ഗവണ്‍മെന്റ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഗ്ലോബല്‍ ലേണിങ് പ്രോഗ്രാം വഴിയുള്ള നിയമനത്തിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി കേരളത്തില്‍ നിന്ന് കൂടുതല്‍ നഴ്സുമാരെ ഒഡെപെക് മുഖേന യുകെയിലേക്ക് അയക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസ്, ഒഡെപെക് ചെയര്‍മാന്‍ എന്‍ ശശിധരന്‍ നായര്‍, മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദീപു പി നായര്‍ എന്നിവരാണ് യുകെയിൽ ഇപ്പോൾ  സന്ദര്‍ശനത്തിൽ ഉള്ളത്. ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് ഗ്ലോബല്‍ എന്‍ഗേജ്മെന്റ് ഡയറക്ടര്‍ പ്രഫ. ജെഡ് ബയണ്‍, ഗ്ലോബല്‍ മാനേജ്മെന്റ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ജൊനാഥന്‍ ബ്രൗണ്‍, ബിന്‍ ഹൂഗസ്, മിഷേല്‍ തോംസണ്‍ എന്നിവരും ചര്‍ച്ചകളില്‍ സംബന്ധിച്ചു.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ ലോട്ടറി വിൽപനക്കാരിയായ സ്ത്രീയെ തലയ്ക്ക് അടിച്ച കൊന്ന കേസിൽ പ്രതി പിടിയിൽ. കോഴഞ്ചേരി നാരങ്ങാനം സ്വദേശി ടി.പി. സത്യനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്ന ഇവര്‍ തമ്മില്‍ ഉടലെടുത്ത വൈരാഗ്യത്തെ തുടര്‍ന്നാണ് കൊലപാതകം അരങ്ങേറിയതെന്ന് പൊലീസ് പറഞ്ഞു.

തൃക്കൊടിത്താനം കോട്ടാശേരി പടിഞ്ഞാറെ പറമ്പിൽ പൊന്നമ്മയെ തലയ്ക്ക് അടിച്ചു കൊന്ന കേസിലാണ് സത്യനെ പൊലീസ് പിടികൂടിയത്. കഴി‍ഞ്ഞ 13നാണു മെഡിക്കൽ കോളജ് കാൻസർ വാർഡിനു സമീപത്തെ കാടുപിടിച്ച സ്ഥലത്തു നിന്ന് അഴുകിയ നിലയിൽ പൊന്നമ്മയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സത്യനെ പിന്തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങിയത്. കസ്റ്റഡിയിലെടുത്ത സത്യന്‍ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി.

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ-

ലോട്ടറി വില്‍പ്പനക്കാരായ സത്യനും പൊന്നമ്മയും തമ്മില്‍ നേരത്തെ ബന്ധമുണ്ടായിരുന്നു. പത്തുവര്‍ഷമായി മെഡിക്കല്‍കോളജിലാണ് സത്യന്‍റെ താമസം. കഴിഞ്ഞ ഒരു വർഷമായി ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സത്യന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പൊന്നമ്മ ഇയാളെ ആക്രമിച്ചിരുന്നു. കാലിൽ വെട്ടിപ്പരുക്കേൽപ്പിക്കകയും തലയ്ക്ക് കല്ലു കൊണ്ട് ഇടിക്കുകയും ചെയ്തിരുന്നു. ഒരുവര്‍ഷമായി പൊന്നമ്മ അടുപ്പം കാണിക്കാതിരുന്നതോടെ സത്യന് വൈരാഗ്യമായി. എട്ടാം തിയതി രാത്രി പൊന്നമ്മയെ വിളിച്ചുവരുത്തി കാന്‍സര്‍ വാര്‍ഡിനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഇരുമ്പുവടികൊണ്ട് അടിച്ചു കൊലപ്പെടുത്തി. ഒാടുന്നതിനിടെ പൊന്നമ്മ കാടുപിടിച്ച സ്ഥലത്തേക്ക് വീണെങ്കിലും പ്രതി പിന്നാലെയെത്തി വീണ്ടും അടിച്ച് മരണം ഉറപ്പാക്കി.

പൊന്നമ്മയുടെ കഴുത്തിൽ കിടന്ന 2 പവൻ വരുന്ന മാലയും ബാഗിലുണ്ടായിരുന്ന 3000 രൂപയുടെ ലോട്ടറിയും 40 രൂപയും പ്രതി കൈവശപ്പെടുത്തി രക്ഷപെട്ടു. പിറ്റേന്ന് അതിരാവിലെ പ്രദേശത്ത് എത്തിയ ഇയാൾ കാർഡ്ബോർഡ് കൊണ്ടു മൃതദേഹം മറച്ചു വെച്ചു. കോഴഞ്ചേരിയിലേക്ക് പോയ പ്രതിയെ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുിന്നു. പ്രതിയുമായി പൊലീസ് സംഘം കോഴഞ്ചേരിയിലെ ജ്വല്ലറിയിൽ എത്തി മാല വീണ്ടെടുത്തു. മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തും തെളിവെടുപ്പു നടത്തി.

പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ വിധി ഇന്നറിയാം. ഈ മറ നീക്കി കുല്‍ഭൂഷന് അമ്മയെയും ഭാര്യയെയും കാണാനാകുമോ? ഇന്ത്യന്‍ മണ്ണില്‍ കാലുകുത്താനാകുമോ? രണ്ട് വര്‍ഷമായി തുടരുന്ന ചോദ്യങ്ങള്‍ക്ക് ഇന്ന് ഉത്തരം ലഭിക്കും. ഹേഗിലെ രാജ്യാന്തര മധ്യസ്ഥ കോടതിയാണ് വിധി പ്രഖ്യാപിക്കുക. ലോക നീതി ദിനത്തില്‍ കുല്‍ഭൂഷണനെ കാത്തിരിക്കുന്ന വിധിയെന്താണെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

ഹേഗിലെ പീസ് പാലസില്‍ ജഡ്ജി അബ്ദുള്‍ഖവി അഹമ്മദ് യൂസഫ് വിധി വായിക്കുമ്പോള്‍ പ്രാര്‍ഥനകളോടെ ഇന്ത്യന്‍ ജനത കാത്തിരിക്കും. ഇന്ത്യന്‍ ചാരനെന്ന് മുദ്രക്കുത്തി 2017 ഏപ്രിലിലാണ് പാക്കിസ്ഥാന്‍ പട്ടാള കോടതി കുല്‍ഭൂഷനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഏതൊരു വിദേശതടവുകാരനും ലഭിക്കേണ്ട നയതന്ത്ര പരിരക്ഷ നിഷേധിച്ചതോടെ പാക്കിസ്ഥാനെതിരെ ഇന്ത്യ രാജ്യാന്തര മധ്യസ്ഥ കോടതിയെ സമീപിച്ചു.

കേസില്‍ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ ശിക്ഷ നടപ്പാക്കരുതെന്ന് കോടതി ഉത്തരവിട്ടു. ഫെബ്രുവരിയില്‍ നാല് ദിവസം തുറന്ന കോടതിയില്‍ വാദം കേട്ടു. വിധി ഇന്ന് പ്രഖ്യാപിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഇന്ത്യക്ക് വേണ്ടി ഹാജരാകുന്നത്. കുല്‍ഭൂഷനൊപ്പം ഇന്ത്യ–പാക് നയതന്ത്ര ബന്ധത്തിന്റെ ഭാവി കൂടിയായിരിക്കും നിശ്ചയിക്കപ്പെടുക.

ഭക്തിയുടേയും ആധ്യാത്മികതയുടേയും നിറവിൽ രാമായണ മാസത്തിന് ഇന്ന് തുടക്കം. ഇനി ഒരു മാസം നീളുന്ന രാമജപം. രാമായണ മന്ത്രങ്ങൾ മുഴങ്ങുന്ന മനസ്സുമായി ഒരു മാസക്കാലം പ്രാർത്ഥനാ നിരതമാകുന്ന നിമിഷങ്ങൾ. കർക്കിടകമാസം രാമായണ മാസമായി ആഘോഷിക്കുകയാണ് ഓരോ ഹൈന്ദവ കുടുംബങ്ങളും.

കാര്‍മേഘക്കീറുകള്‍ക്കുപകരം ജ്വലിക്കുന്ന സൂര്യനെ നമ്മള്‍ നേരിടേണ്ടി വരുന്നത് കാലത്തിന്റെ മാറ്റം. കഴിഞ്ഞ കര്‍ക്കടകം കൊടുപ്രളയം കൊണ്ടുന്നെങ്കില്‍ ഈ കര്‍ക്കടകം വന്‍വരള്‍ച്ചയാണോ തരാന്‍പോകുന്നതെന്ന ഭയത്തിലാണ് മലയാളികള്‍. കാലക്കേടുകളെ അതിജീവിക്കാന്‍ മലയാളികൾ ആധ്യാത്മികപാതയിൽ കൂടുതൽ കഴിയുന്ന മാസം . വീടുകളിലും ക്ഷേത്രങ്ങളിലും ഇനി രാമായണശീലുകൾ നിറയും.

മിഥുനത്തിൽ തന്നെ കാറുംകോളും നിറഞ്ഞ ഇടവപ്പാതിക്കാലത്തായിരുന്നു കഴിഞ്ഞ കര്‍ക്കടത്തിന്റെ പിറവി. വരാന്‍ പോകുന്ന കൊടിയ ദുരന്തത്തിന്റെ സൂചനപോലെ. ആ കര്‍ക്കടകം മലയാളിയെ ജലം കൊണ്ടാണ് മുറിവേല്‍പ്പിച്ചതെങ്കില്‍ ഇക്കുറി കൊടിയ ചൂടുകൊണ്ട് മുറിവേല്‍പ്പിക്കുമോയെന്ന ആശങ്കയാണ് മുന്നില്‍.

കാറുംകോളും കെടുതികളും കൊണ്ടുവരും. അതിനെക്കാള്‍ ഭയനകമാകും മഴയില്ലായ്മയുടെ ദുരിതം. ചിലത് സ്വയം നേരിടാം . മറ്റുചിലതിന് കാലത്തിന്റെ പിന്തുണകൂടി വേണ്ടിവരും. കാലക്കേട് തീർക്കാൻ പ്രാർഥനതന്നെ ശരണം. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ആധികളെ ശമിപ്പിക്കുന്നു.

ബോധവാതായനപ്പഴുതിലൂടെ പാറിവരുന്ന ശാരികപ്പൈതൽ വാഴ്വിന്റെ വാക്കാകുന്നു, ആത്മശക്തിയാകുന്നു പത്തിലത്തോരനിൽ പട്ടിണിമാറ്റാനുള്ള ശ്രമം കർക്കടകത്തിന്റെ ശീലവും ശൈലിയുമായി. മലയാളിയുടെ ആയുർവേദകാലം കൂടിയായി കർക്കകം മാറിയത് അങ്ങനെയാണ്. പെയ്യട്ടെ മഴ എന്ന് ആശിക്കാം. എങ്കിലേ കുളിച്ച് കോടിയുടുത്ത് വരുന്ന പൊന്നുംചിങ്ങപ്പുലരിയില്‍ മലയാളിക്ക് മനസ്സുനിറയെ ചിരിക്കാനാകൂ

RECENT POSTS
Copyright © . All rights reserved