പ്രായമായ അമ്മയ്ക്കു വേണ്ടി വീല്‍ചെയര്‍ ആവശ്യപ്പെട്ട യാത്രക്കാരിയെ ഭീഷണിപ്പെടുത്തിയ ഇന്‍ഡിഗോ പൈലറ്റിനെതിരെ നടപടി. ജയിലിലാക്കുമെന്ന് പൈലറ്റ് ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി സുപ്രിയ ഉണ്ണി നായര്‍ എന്ന മലയാളി യാത്രക്കാരിയാണ് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്.
ജനുവരി 13ന് ബെംഗളൂരുവിലെത്തിയ ഇവര്‍ വിമാനത്തില്‍ നിന്നിറങ്ങനായി 75 വയസ്സുള്ള പ്രമേഹരോഗിയായ അമ്മയ്ക്ക് വേണ്ടി വീല്‍ ചെയര്‍ ആവശ്യപ്പെട്ടു. ചെന്നൈയില്‍ നിന്നെത്തിയതായിരുന്നു ഇവര്‍. എന്നാല്‍ വീല്‍ചെയര്‍ ആവശ്യപ്പെട്ടതിന് ഇന്‍ഡിഗോ 6E 806 പൈലറ്റായ ജയകൃഷ്ണ മോശമായി പെരുമാറിയെന്നും ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സുപ്രിയ ട്വിറ്ററില്‍ കുറിച്ചു. ഇതിന് മുമ്പും വിമാനമിറങ്ങുമ്പോള്‍ അമ്മയ്ക്കു വേണ്ടി വീല്‍ചെയര്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിമാന ജീവനക്കാര്‍ സഹകരിച്ചിട്ടുണ്ടെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇതറിഞ്ഞ ഉടന്‍ വിഷയത്തില്‍ ഇടപെട്ടെന്നും പൈലറ്റിനെ താല്‍ക്കാലികമായി ചുമതലയില്‍ നിന്ന് നീക്കിയതായി ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചെന്നും മന്ത്രി ഹര്‍ദീപ് സിങ് പുരി പ്രതികരിച്ചു. സംഭവത്തില്‍ തുടരന്വേഷണം നടക്കുകയാണ്.
ഇനി ഒരിക്കലും ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ യാത്ര ചെയ്യില്ലെന്ന് നടി സോനം കപൂര്‍. തന്റെ ലഗേജുകള്‍ കാണാതായതാണ് താരത്തെ ഇത്തരത്തിലൊരു തീരുമാനം എടുത്തത്. ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ മൂന്നാമത്തെ പ്രാവശ്യമാണ് സഞ്ചരിക്കുന്നത്. ഈ മാസം രണ്ടാം തവണയും എനിക്ക് ബാഗ് നഷ്ടപ്പെട്ടു. ഇതില്‍ നിന്നും ഞാന്‍ ഒരു പാഠം പഠിക്കേണ്ടിയിരിക്കുന്നു. ഇനി ഒരിക്കലും ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ യാത്ര ചെയ്യില്ല. സോനം ട്വീറ്റ് ചെയ്തു. സോനത്തിന്റെ ട്വീറ്റിന് മറുപടിയുമായി ബ്രിട്ടീഷ് എയര്‍വേയ്‌സ് അധികൃതര്‍ രംഗത്തെത്തി. ലഗേജുകള്‍ ലഭിക്കുവാന്‍ താമസം നേരിട്ടുവെന്ന് അറിഞ്ഞതില്‍ ഖേദം പ്രകടിപ്പിക്കുന്നു. വിമാനത്താവളത്തില്‍ അറിയിച്ചപ്പോള്‍ ട്രാക്കിംഗ് വിവരം ലഭിച്ചിരുന്നോ എന്ന് കമ്പനി മറുപടി നല്‍കി.
നാളെ പൊങ്കല്‍ നടക്കാനിരിക്കെ കേരളത്തിലും പൊതുഅവധി. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിലെ വിളവെടുപ്പ് ഉത്സവമായ പൊങ്കല്‍ ജനുവരി 13ന് തുടങ്ങി നാലുദിവസമാണ് ആഘോഷിക്കുന്നത്. ബോഗി പൊങ്കലോടെ ആഘോഷത്തിന് ഇന്നലെ തുടക്കമായി. പ്രധാന ആഘോഷം നാളെയാണ് നടക്കുക. നാളെയാണ് തൈപ്പൊങ്കല്‍. വീടിന് മുന്നില്‍ അടുപ്പ് കൂട്ടി പൊങ്കല്‍ പായസമുണ്ടാക്കും. അരി, കരിമ്പ്, പഴം, നാളികേരം എന്നിവ സൂര്യന് സമര്‍പ്പിക്കുന്ന ചടങ്ങാണിത്.
വ്യാഴാവ്ച കര്‍ഷകര്‍ ആവേശപൂര്‍വ്വം മാട്ടുപ്പൊങ്കല്‍ ആഘോഷിക്കും. കന്നുകാലികളെ കുളിപ്പിച്ച് ഭസ്മവും വര്‍ണപ്പൊടികളും അണിയിച്ച് പൂജ നടത്തും.
ബെംഗളൂരുവിലെ കനകപുരയിൽ യേശുക്രിസ്തുവിന്റെ 114 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനയായ ഹിന്ദു ജാഗരണ വേദികെ പദയാത്ര നടത്തി. കനകപുര അയ്യപ്പക്ഷേത്രത്തിൽ നിന്നും തഹസിൽദാർ ഓഫീസ് വരെയായിരുന്നു പദയാത്ര. നൂറുകണക്കിനു ഹിന്ദു ജാഗരണ വേദികെ പ്രവർത്തകർ പദയാത്രയിൽ പങ്കെടുത്തു.
സർക്കാർ അധീനതയിലുള്ള ഭൂമിയിൽ അനധികൃതമായാണ് പ്രതിമ നിർമ്മിക്കുന്നതെന്നും മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡികെ ശിവകുമാർ വർഗ്ഗീയ ചേരി തിരിവിനു ശ്രമിക്കുകയാണെന്നും പ്രക്ഷോഭത്തിൽ പങ്കെടുത്ത മുൻമന്ത്രിയും ബിജെപി നേതാവുമായ സിപി യോഗേശ്വർ ആരോപിച്ചു. യേശുക്രിസ്തുവിന്റെ പ്രതിമ സ്ഥാപിക്കുന്ന കനകപുക ഹരോബെലെയിലെ ‘കപാലിബെട്ട’യെ (കുന്ന്) ‘യേശുബെട്ട’ എന്നാക്കി മാറ്റാനാണ് ഡികെ ശിവുമാർ ശ്രമിക്കുന്നതെന്നും യോഗേശ്വർ കുറ്റപ്പെടുത്തി.
ശിവകുമാർ പ്രതിമനിർമ്മാണവുമായി മുന്നോട്ട് പോവുകയാണെങ്കിൽ ഹിന്ദു സമൂഹത്തിന്റെ ശക്തി എന്താണെന്നു തിരിച്ചറിയുമെന്നും തങ്ങളുടെ പ്രതിഷേധം യേശുക്രിസ്തുവിനെതിരെയല്ലെന്നും അദ്ദേഹത്തിന്റെ പേരിലുള്ള മതപരിവർത്തനത്തിനെതിരെയാണെന്നും പദയാത്രയെ അഭിസംബോധന ചെയ്തു സംസാരിച്ച ആർഎസ്എസ് നേതാവ് കല്ലട പ്രഭാകർ ഭട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഹിന്ദു സമൂഹത്തിനെതിരെയുള്ള ഏതു പ്രവർത്തിക്കെതിരെയും തങ്ങൾ പ്രതിഷേധിക്കുമെന്നും പ്രഭാകർ ഭട്ട് വ്യക്തമാക്കി.
സ്വന്തം മണ്ഡലമായ കനകപുരയിൽ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പത്തേക്കർ സ്ഥലം വാങ്ങിയാണ് ശിവകുമാർ പ്രതിമ നിർമ്മിക്കുന്ന ട്രസ്റ്റിന് കൈമാറിയത്. കഴിഞ്ഞ മാസം നടന്ന പ്രതിമയുടെ ശിലാസ്ഥാപന ചടങ്ങിൽ സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖകൾ ശിവകുമാർ ട്രസ്റ്റിന് കൈമാറിയിരുന്നു.
പാർട്ടി ഹൈക്കമാൻഡിനെ പ്രീതിപ്പെടുത്താനാണ് ശിവകുമാർ പ്രതിമ നിർമ്മിക്കുന്നതെന്ന് ആരോപണവുമായി ബിജെപി നേരത്തേ രംഗത്തെത്തിയിരുന്നു. ക്രിസ്ത്യൻ സമുദായത്തിന് സ്വാധീനമുള്ള മേഖലയിലാണ് പ്രതിമ സ്ഥാപിക്കുന്നത്. കനകപുരയിലുളള വൊക്കലിഗ സമുദായക്കാരെ മതപരിവർത്തനം നടത്തുന്നതിനുവേണ്ടിയാണ് പ്രതിമ നിർമ്മിക്കുന്നതെന്നായിരുന്നു ബിജെപി എംപി പ്രതാപ് സിംഹയുടെ ആരോപണം.
എന്നാൽ സ്വന്തം മണ്ഡലമായ കനപുരയിൽ ഇതിനു മുൻപ് ഒട്ടേറെ ക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്നും അത്തരത്തിലുള്ള ഒന്നുമാത്രമാണ് യേശുക്രിസ്തുവിന്റെ പ്രതിമയെന്നുമായിരുന്നു ശിവകുമാറിന്റെ പ്രതികരണം. 400 വർഷങ്ങളോളമായി ക്രിസ്ത്യൻ സമൂഹം ആരാധന നടത്തുന്ന സ്ഥലത്താണ് പ്രതിമ നിർമ്മിക്കുന്നത്. അവരുടെ ആഗ്രഹപ്രകാരം പ്രതിമ സ്ഥാപിക്കാൻ താൻ സഹായിക്കുകയായിരുന്നുവെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. തന്റേ മതേതര കാഴ്ച്ചപ്പാടിനോടുള്ള അസഹിഷ്ണുതയാണ് ബിജെപിയുടെ പ്രതിഷേധത്തിനു കാരണമെന്നും ശിവകുമാർ ആരോപിച്ചു.
മലയാളി നഴ്സ് സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ചു. കോട്ടയം ചിങ്ങവനം കുഴിമറ്റം കുരുവിളയുടെ മകളും ഖഫ്ജിയിലെ ജലാമി കമ്പനി ജീവനക്കാരൻ ജോജോയുടെ ഭാര്യയുമായ (34) മേരി ഷിനോയാണു മരിച്ചത്.
സൗദി അറേബ്യയിലെ ദമാമിന് സമീപം അൽ-ഖഫ്ജിൽ വെച്ചുണ്ടായ വാഹാനാപകടത്തിൽ ആണ് സ്റ്റാഫ് നേഴ്സ് മേരി ഷിനോ കൊല്ലപ്പെട്ടത്.ഇവർ സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. മേരി ഷിനോ സംഭവസ്ഥലത്തു തന്നെ മരിച്ചു.സഫാനിയയിലെ എം ഒ എച്ച് ക്ലിനിക്കിൽ നാലു വർഷമായി നഴ്സായിരുന്നു മേരി ഷിനോ.
നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലുപ്രതികളില്‍ രണ്ടുപേര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എന്‍.വി. രമണ, അരുണ്‍ മിശ്ര, ആര്‍.എഫ്. നരിമാന്‍, ആര്‍. ബാനുമതി, അശോക് ഭൂഷന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിനയ് ശര്‍മ്മയുടെയും മുകേഷ് കുമാറിെന്റയും പുനഃപരിശോധന ഹരജികള്‍ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റുപ്രതികള്‍.
പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ കേസില്‍ ആകെ ആറ് പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ഒന്നാം പ്രതി രാം സിങ് തിഹാര്‍ ജയിലില്‍ തടവില്‍ കഴിയവേ തൂങ്ങിമരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജൂവനൈല്‍ നിയമപ്രകാരം മൂന്നുവര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. മറ്റു നാലുപേര്‍ക്കുള്ള മരണ വാറന്റ് ഡല്‍ഹി അഡീഷണല്‍ കോടതി ജനുവരി ഏഴിന് പുറപ്പെടുവിച്ചിരുന്നു. ജനുവരി 22ന് രാവിലെ ഏഴുമണിക്ക് തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കണമെന്നാണ് വാറന്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി തിഹാര്‍ ജയിലില്‍ കഴിഞ്ഞ ദിവസം പ്രതികളുടെ ഡമ്മി തൂക്കിലേറ്റിയിരുന്നു.
മലയാള സിനിമയിൽ യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ എത്തി,പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് ആസിഫ് അലി,എന്നാൽ ഇപ്പോൾ ആസിഫ് തിളങ്ങുകയാണ് മാത്രവുമല്ല 2019 ആസിഫ് അലിയ്ക്ക് ഭാഗ്യമുള്ള വര്‍ഷമാണ്. ഇനി താരത്തിന്റേതായി വരാനിരിക്കുന്ന സിനിമകളെല്ലാം വലിയ പ്രതീക്ഷ നല്‍കുന്നവയാണ്.ഇഎന്നാൽ ഇപ്പോൾ ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ് താരം മറ്റൊന്നുമല്ല അത്,തനിക്ക് വേണ്ടി തിരക്കഥ എഴുതപ്പെട്ടിരുന്നില്ലെന്നും മറ്റ് താരങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ സിനിമകളിലായിരുന്നു താന്‍ അഭിനയിച്ചിരുന്നതെന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് പറഞ്ഞിരിക്കുകയാണ്.
താരം പറയുന്നത് സിനിമയായിരുന്നു എന്റെ എന്നാണ് പക്ഷേ അത് ഇന്ന് യാഥാര്‍ഥ്യമായി., കൂടാതെ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാന്‍ പറ്റുകയും, അത് തന്നെയാണ് ഏറ്റവും വലിയ എക്‌സൈറ്റ്‌മെന്റ്മ എന്നും പറയുന്നു.മെഗാസ്റ്റാർ മമ്മുക്ക പറഞ്ഞ കാര്യം ഇപ്പോഴും ഓര്‍മയിലുണ്ടെന്നും “പണ്ട് സിനിമയില്‍ വരാന്‍ വലിയ പ്രയാസമായിരുന്നു പക്ഷേ എത്തിയാല്‍ എങ്ങനെ എങ്കിലും നിന്ന് പോകും, ഇപ്പോള്‍ നേരെ മറിച്ചാണ്. വരാന്‍ എളുപ്പമാണ്, പക്ഷേ നിലനില്‍ക്കാനാണ് പാട്”.ഇങ്ങനെയാണ് താരം പറഞ്ഞത്.
മറ്റൊരു കാര്യം താരം എടുത്തു പറയുന്നു ,സിനിമയില്‍ വന്നതിന് ശേഷമാണ് സിനിമ എന്താണെന്ന് മനസിലാക്കുന്നതെന്നും, താൻ കാണിച്ച് കൊണ്ടിരിക്കുന്നത് ഉഴപ്പാണെന്ന് എനിക്ക് അറിയില്ലായിരുന്നെന്നും,മോശം സിനിമകള്‍ തേടിപ്പിടിച്ച് അഭിനയിക്കുന്ന ആളാണ് ഞാനെന്ന് ചിലര്‍ പറയാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.അതുമാത്രമല്ല കഥ പറയുമ്പോള്‍ എവിടെയൊക്കെയോ പുതുമ കാണുന്നത് കൊണ്ടാണ് പല പ്രോജക്ടുകള്‍ക്കും കൈകൊടുക്കുന്നത്.
പക്ഷേ ചിത്രീകരിച്ച് വരുമ്പോള്‍ കഥ ആകെ മാറി മറിഞ്ഞിരിക്കുമെന്നും,അങ്ങനെയാണ് എനിക്ക് ചെയ്യാന്‍ പറ്റാത്ത കഥാപാത്രങ്ങള്‍ ചെയ്ത് പോയതെന്നും താരം പറയുന്നു,ഒപ്പം മറ്റൊരു വെളിപ്പെടുത്തലും താരം നടത്തുകയുണ്ടായി അതിങ്ങനെ, “പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും കുഞ്ചാക്കോ ബോബനും” വേണ്ടെന്ന് വെക്കുന്ന തിരക്കഥകളാണ് പണ്ട് എന്നെ തേടി അധികവും വന്നത്. ഞാനത് എന്നെ കൊണ്ട് പറ്റുന്ന രീതിയില്‍ നന്നായി ചെയ്തു. അന്ന് എനിക്ക് വേണ്ടി എഴുതപ്പെട്ട തിരക്കഥകള്‍ ഉണ്ടായിരുന്നില്ല എന്നും ആസിഫ് പറയുന്നു.
പത്തനംതിട്ട: മകരവിളക്ക് ദർശിക്കാനൊരുങ്ങി സന്നിധാനവും അയ്യപ്പ ഭക്തരും. നാളെയാണ് മകരവിളക്ക്. ശബരിമല സന്നിധാനവും പരിസരപ്രദേശവും തീർത്ഥാടകരെ കൊണ്ട് നിറയുകയാണ്. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ഇന്ന് പൂർത്തിയാകും. മകരസംക്രമപൂജ കണക്കിലെടുത്ത് ഇന്ന് രാത്രി നട അടക്കില്ല. മകരവിളക്കിനോട് അനുബന്ധിച്ചുള്ള പമ്പവിളക്കും പമ്പ സദ്യയും ഇന്ന് നടക്കും.
കനത്ത സുരക്ഷയിൽ ശബരിമല തിരുവാഭരണ ഘോഷയാത്ര തിങ്കളാഴ്ച പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘ ഘോഷയാത്ര ഉച്ചക്ക് ഒരുമണിയോടെയാണ് പുറപ്പെട്ടത്.
പരമ്പരാഗത പാതയിലൂടെ സഞ്ചരിക്കുന്ന ഘോഷയാത്രക്ക് വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും സ്വീകരണമൊരുക്കും. മകരവിളക്ക് ദിവസം വൈകിട്ട് സന്നിധാനത്തെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ തന്ത്രിയും മേൽശാന്തിയും ദേവസ്വം അധികൃതരും വരവേൽക്കും. തുടർന്ന് തിരുവാഭരണം ചാർത്തി ദീപാരാധനയും പൂജയും നടക്കും.
മകരവിളക്കിനോടനുബന്ധിച്ച് കൂടുതൽ പോലീസ് സേനാംഗങ്ങളെ ശബരിമലയിൽ വിന്യസിച്ചിട്ടുണ്ട്. പമ്പ ഹിൽട്ടോപ്പിൽ മണ്ണിടിയാൻ സാധ്യത ഉള്ളതിനാൽ വിളക്ക് ദർശിക്കാൻ തീർത്ഥാടകർ പ്രവേശിക്കുന്നത് വിലക്കി കലക്ടർ പി ബി നൂഹ് ഉത്തരവിറക്കി. മകരവിളക്ക് സമയത്തെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ പാർക്കിംഗ് സൗകര്യം ഏർപ്പടുത്തിയിട്ടുണ്ട്.
മകരവിളക്ക് തീർഥാടനം കഴിഞ്ഞ് അയ്യപ്പ ക്ഷേത്രനട അടയ്ക്കുന്നത് 21നായിരിക്കും. ദേവസ്വം ബോർഡ് ആദ്യം ഇറക്കിയ ഉത്തരവ് അനുസരിച്ച് 20നു രാവിലെ അടയ്ക്കുമെന്നായിരുന്നു. മകരവിളക്കിന് മാളികപ്പുറത്തു നിന്ന് അഞ്ച് ദിവസത്തെ എഴുന്നള്ളിപ്പാണു വേണ്ടത്. മകരവിളക്ക് 15നായതിനാൽ ഗുരുതി ദിവസം എഴുന്നള്ളിപ്പ് ഉണ്ടാകില്ല. 20ന് നട അടച്ചാൽ നാല് എഴുന്നള്ളിപ്പു മാത്രമേ നടക്കൂ.
20ന് നടയടച്ചാൽ അത് ആചാരലംഘനമാകുമെന്നതിനാൽ അത് പാടില്ലെന്നു കാണിച്ചു തന്ത്രി കണ്ഠര് മഹേഷ് മോഹനര് ദേവസ്വത്തിനു കത്ത് നൽകിയതിനെത്തുടർന്നാണു നീട്ടിയത്. ഇതനുസരിച്ചു 19 വരെ നെയ്യഭിഷേകം ഉണ്ട്. പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ അന്നു കളഭാഭിഷേകവും നടക്കും. തീർഥാടനത്തിനു സമാപനം കുറിച്ചുള്ള ഗുരുതി 20നു നടക്കും. അന്നു വരെ മാത്രമേ തീർഥാടകർക്കു ദർശനമുള്ളൂ. 21നു രാവിലെ ഏഴിനു നട അടയ്ക്കും.
ചരിത്ര പ്രസിദ്ധമായ വിക്ടോറിയ മെമ്മോറിയലിന്റെ പേര് മാറ്റാന്‍ ബിജെപി നീക്കം. വിക്ടോറിയ സ്മാരകത്തിന്റെ പേര് റാണി ജാന്‍സി സ്മാരക് മഹല്‍ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.
ഇന്ത്യയെ 90 വര്‍ഷം ചൂഷണം ചെയ്ത വിക്ടോറിയ രാജ്ഞിയുടെ പേരിലല്ല, സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി മരിച്ച ഝാന്‍സി റാണി ലക്ഷ്മി ഭായിയുടെ പേരിലാണ് മെമ്മോറിയല്‍ അറിയപ്പെടേണ്ടതെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തത്.
കോല്‍ക്കത്ത തുറമുഖം ശ്യാമ പ്രസാദ് മുഖര്‍ജി തുറമുഖം എന്ന് പുനര്‍നാമകരണം ചെയ്തതിനു പിന്നാലെയാണ് ബിജെപി നീക്കം. കോല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ പേര് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി എന്നാക്കിയാണ് പുനഃര്‍നാമകരണം ചെയ്തത്.
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിന്റെ അവസാനഘട്ട ഒരുക്കങ്ങളിലാണ് പാര്‍ട്ടികള്‍. ഇപ്പോഴിതാ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടെന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ ആദ്യ ലിസ്റ്റ് പുറത്തുവിട്ടെന്ന കുറിപ്പോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പട്ടിക പ്രചരിച്ചത്. 27 പേരുള്‍പ്പെടുന്ന പട്ടികയിലെ 21 സ്ഥാനാര്‍ത്ഥികളും മുസ്ലിംകളാണെന്നും കുറിപ്പില്‍ പറയുന്നു.
‘ഡല്‍ഹി നിവാസികള്‍ കരുതിയിരിക്കണം, ഇല്ലെങ്കില്‍ ഡല്‍ഹി മറ്റൊരു കശ്മീരാകുന്ന കാലം വിദൂരമല്ല. സീലാംപുര്‍, ഓഖ്‌ല, ഷഹീന്‍ബാഗ്, ജസോല, എന്നിവ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വോട്ട് ചെയ്യാന്‍ തയ്യാറായി. വികസനത്തിനും സത്യസന്ധതയ്ക്കും കാര്യമില്ല’- ഫേസ്ബുക്കില്‍ പ്രചരിച്ച കുറിപ്പില്‍ പറയുന്നു.
എന്നാല്‍ ആം ആദ്മി ഇത്തരമൊരു സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ ലിസ്റ്റാണെന്നും ആം ആദ്മിയുടെ ഐടി സെല്‍ തലവന്‍ അങ്കിത് ലാല്‍ സ്ഥരീകരിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പട്ടികയും ജനുവരി 14-ന് മുന്‍പ് പുറത്തു വിടുമെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഫെബ്രുവരി 8നാണ് ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ജനുവരി 14-ന് മുന്‍പ് പുറത്തു വിടും എന്നാണ് വിവരം.ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക ജനുവരി മൂന്നാം വാരം പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കുന്നത്.