India

ഭാര്യയെ കിടപ്പുമുറിയില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ വൈശാഖ് ബൈജുവിന്റെ മൊഴി പുറത്തായിരിക്കുകയാണ്. മുളവന ചരുവിള പുത്തന്‍ വീട്ടില്‍ കൃതി (25)യെയാണ് ഭര്‍ത്താവ് കൊല്ലം കോളജ് ജംക്ഷന്‍ ദേവിപ്രിയയില്‍ വൈശാഖ് ബൈജു (28) ശ്വാസം മുട്ടിച്ച്‌ കൊന്നത്. കുടുംബ പ്രശ്‌നങ്ങളുടെ പേരിലുണ്ടായ വഴക്കിനെ തുടര്‍ന്ന് താനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് വൈശാഖ് ബൈജു പൊലീസില്‍ മൊഴിനല്‍കി. ദേഷ്യം വന്നപ്പോള്‍ തല തലയിണയില്‍ അമര്‍ത്തുകയായിരുന്നെന്നും കൊല്ലാന്‍ വേണ്ടി ചെയ്തതല്ലെന്നുമാണ് ബൈജു മൊഴി നല്‍കിയത്. ബൈജുവിനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് വീട്ടിലെത്തിയ വൈശാഖ് കിടപ്പുമുറിയില്‍ ഭാര്യ കൃതിയുമായി സംസാരിച്ച്‌ വഴക്കായി. ദേഷ്യം വന്നതോടെ കട്ടിലില്‍ ഇരുന്ന കൃതിയെ തലയ്ക്ക് പിടിച്ച്‌ തലയിണയില്‍ അമര്‍ത്തി പിടിച്ചു. പിന്നീട് പിടിവിട്ട് നോക്കിയപ്പോള്‍ ചലനമറ്റ നിലയിലായിരുന്നു. കൊലപ്പെടുത്താന്‍ വേണ്ടി ചെയ്തതല്ലെന്നും അപ്പോഴത്തെ ദേഷ്യത്തില്‍ ചെയ്തതാണെന്നും ബൈജു പറഞ്ഞു. ഭാര്യ മരിച്ചെന്നറിഞ്ഞപ്പോള്‍ മാനസികമായി തകര്‍ന്ന ബൈജു പിന്നീട് ഏതു മാര്‍ഗവും അവിടെ നിന്ന് രക്ഷപെടാനുള്ള ശ്രമത്തെക്കുറിച്ച്‌ ആലോചിക്കുന്നതിനിടെയാണ് കൃതിയുടെ അമ്മ കതകില്‍ തട്ടി വിളിച്ചത്. പെട്ടെന്ന് വിവരം പറഞ്ഞ് മുറി വിട്ട് ഇറങ്ങി കാറോടിച്ച്‌ പോയി. കൊല്ലത്തെ സ്വന്തം വീട്ടില്‍ ഫോണ്‍ ചെയ്ത് വിവരം പറഞ്ഞെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. പിന്നീട് ഒരു സുഹൃത്തു വഴി പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

അതേസമയം, ഇവര്‍ തമ്മില്‍ സുഖകരമായ ദാമ്പത്യ ജീവിതമല്ലെന്നും,  സാമ്പത്തിക താല്‍പര്യം മാത്രമാണ് വൈശാഖിന്റെ ലക്ഷ്യമെന്നും കൃതിയുടെ ഡയറി കുറിപ്പില്‍ എഴുതിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. നാല് വര്‍ഷം മുന്‍പ് കൃതി തലച്ചിറ സ്വദേശിയെ വിവാഹം കഴിച്ച്‌ കുഞ്ഞിന് നാലു മാസം പ്രായമുള്ളപ്പോള്‍ വിവാഹമോചിതയായതാണ്. തുടര്‍ന്ന് വൈശാഖുമായി ഫേസ്ബുക് വഴി പരിചയപ്പെട്ട് അടുപ്പത്തിലായി. കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന് വൈശാഖ് സജീവമായി മുളവനയിലെ വീട്ടിലുണ്ടായിരുന്നു. പിന്നീട് 2018ല്‍ ഇവര്‍ തമ്മില്‍ റജിസ്റ്റര്‍ വിവാഹം നടത്തി. എന്നാല്‍ ഈ വിവാഹത്തിന് വൈശാഖിന്റെ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. പിന്നീട് കല്യാണമായി നടത്താമെന്ന് പറഞ്ഞ് അവരെ സമ്മതിപ്പിക്കുകയായിരുന്നു. തുടര്‍ന്് ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലത്തെ പ്രധാന ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം ഗള്‍ഫിലേക്ക് പോയ വൈശാഖ് ഒരു മാസത്തിനുള്ളില്‍ തിരിച്ചെത്തി. പിന്നീട് നാട്ടില്‍ എഡ്യൂക്കേഷനല്‍ കണ്‍സള്‍ന്റായി പ്രവര്‍ത്തിക്കുകയായിരുന്നു. ബിസിനസ് ആവശ്യമെന്ന് പറഞ്ഞ് വസ്തു പണയപ്പെടുത്തിയും മറ്റും പല തവണയായി കൃതിയുടെ വീട്ടുകാരില്‍ നിന്നും വൈശാഖ് 25 ലക്ഷത്തിലധികം രൂപ വാങ്ങിയതായി വീട്ടുകാര്‍ പറഞ്ഞു.

മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന്‍ ഒളിവില്‍. സംഭവത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് അധ്യാപകന്‍ ഒളിവില്‍ പോയത്.

ഫാത്തിമയുടെ ബന്ധുക്കള്‍ കേസ് അന്വേഷിക്കുന്ന കോട്ടൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് അതില്‍ സുദര്‍ശന്‍ പത്മനാഭനാണ് തന്റെ മരണകാരണമെന്ന് ആരോപിക്കുന്ന കുറിപ്പ് കണ്ടെത്തിയത്. അതേസമയം ആത്മഹത്യക്കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് കോട്ടൂര്‍ പോലീസ് നല്‍കുന്ന വിശദീകരണം.

നിരുത്തരവാദപരമായാണ് കോട്ടൂര്‍ പോലീസ് സ്‌റ്റേഷന്‍ കേസില്‍ ഇടപെട്ടത്. ഐഐടി പ്രദേശത്തെ പോലീസ് സ്‌റ്റേഷനാണ് കോട്ടൂര്‍. എഫ്‌ഐആര്‍ വാങ്ങാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ അവിടെ മേശപ്പുറത്തിരിക്കുന്ന ഫോണുകളിലൊന്ന് ഫാത്തിമയുടേതാണെന്ന് ആയിഷ തിരിച്ചറിഞ്ഞിരുന്നു. ഫാത്തിമയുടെ മരണത്തിലെ സുപ്രധാന തെളിവായ ആ ഫോണ്‍ വളരെ നിരുത്തരവാദപരമായാണ് കൈകാര്യം ചെയ്തത്. ഞങ്ങള്‍ ഫോണ്‍ ആവശ്യപ്പെട്ടു. അത് കിട്ടിയപ്പോഴാണ് അതിനുള്ളില്‍ നിന്നും ആ ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. തുറക്കുമ്പോള്‍ തന്നെ സ്‌ക്രീനിലുണ്ടായിരുന്നത് അധ്യാപകനെതിരായ വാക്കുകളായിരുന്നു. ഈ അധ്യാപകനാണ് ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുന്നത്.

ഇതിനിടെ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ആത്മഹത്യക്കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഇന്റേണല്‍ മാര്‍ക്ക് കുറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും അവര്‍ പറയുന്നു. സുദര്‍ശന്‍ പത്മനാഭന്‍ കൈകാര്യം ചെയ്തിരുന്ന വിഷയത്തിന് 20ല്‍ 13 മാര്‍ക്കാണ് ഫാത്തിമയ്ക്ക് ലഭിച്ചത്. അഞ്ച് മാര്‍ക്കിന് കൂടി യോഗ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫാത്തിമ വകുപ്പ് മേധാവിയെ കണ്ടിരുന്നു. അന്ന് വൈകിട്ടാണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.

മൊബൈല്‍ ഫോണിലെ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ അധ്യാപകനെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറായിരുന്നില്ല. അതേസമയം സുദര്‍ശന്‍ പത്മനാഭനെതിരെയോ മറ്റേതെങ്കിലും അധ്യാപകര്‍ക്കെതിരെയോ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഐഐടി രജിസ്ട്രാര്‍ പറയുന്നത്.

മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യതയൊരുങ്ങുന്നു. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ അടിസ്ഥാനപരമായ ചില യോജിപ്പുകളില്‍ ഇതിനകം എത്തിയിട്ടുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രിസ്ഥാനം പകുതിവീതം കാലയളവില്‍ ശിവസേനയും എന്‍സിപിയും കൈവശം വെക്കും. ഉപമുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രസ്സിനായിരിക്കും.

കോണ്‍ഗ്രസ് ഭരണത്തില്‍ നേരിട്ട് പങ്കാളിയാകാതെ പുറത്തു നിന്നും പന്തുണയ്ക്കുമെന്ന രീതിയിലാണ് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ എന്‍ഡിടിവി നല്‍കുന്ന പുതിയ റിപ്പോര്‍ട്ട് പറയുന്നത് കോണ്‍ഗ്രസ് സര്‍ക്കാരിലുണ്ടാകുമെന്നാണ്. ഇതിനായി ശിവസേന എന്‍ഡിഎയില്‍ നിന്നും പുറത്തുപോരണമെന്ന ആവശ്യവും എന്‍സിപിയും കോണ്‍ഗ്രസ്സും മുമ്പോട്ടു വെക്കും.

അഞ്ച് വര്‍ഷത്തേക്ക് ഉപമുഖ്യമന്ത്രിസ്ഥാനം തങ്ങള്‍ക്ക് വേണമെന്നാണ് കോണ്‍ഗ്രസ്സിന്റെ ഡിമാന്‍ഡ്. കൂടാതെ സ്പീക്കര്‍ സ്ഥാനവും ആവശ്യപ്പെടും. മൂന്ന് കക്ഷികളും തുല്യമായാണ് മന്ത്രിസ്ഥാനങ്ങള്‍ വീതിച്ചെടുക്കുക. അതെസമയം ഇതില്‍ സുപ്രധാനമായ മന്ത്രിസ്ഥാനങ്ങള്‍ ആര്‍ക്കെല്ലാം കിട്ടുമെന്നത് സംബന്ധിച്ച് വ്യക്തത ഇപ്പോഴും വന്നിട്ടില്ല.

പ്രത്യയശാസ്ത്രപരമായ കാര്യങ്ങളിലുള്ള കടുത്ത വിയോജിപ്പിനെ എങ്ങനെ നേരിടുമെന്നതാണ് ചര്‍ച്ചകളില്‍ പ്രധാന വിഷയങ്ങളിലൊന്ന്. സഖ്യം നിലവില്‍ വന്നാല്‍ ശിവസേന തങ്ങളുടെ തീവ്ര ആശയഗതികള്‍ പ്രകടിപ്പിക്കുന്നതില്‍ നിന്നും പിന്‍വാങ്ങണമെന്നതാണ് കോണ്‍ഗ്രസ്സിന്റെയും എന്‍സിപിയുടെയും താല്‍പര്യം. ബാബരി പള്ളി വിഷയത്തില്‍ ശിവസേനയുടെ മുഖ്യമന്ത്രി പിന്നീട് പ്രതികരിക്കാന്‍ പാടുള്ളതല്ല. കഴിഞ്ഞദിവസം സുപ്രീംകോടതിയുടെ ബാബരി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ.

രാഷ്ട്രീയത്തിന്റെ ഗതി മാറുകയാണെന്നും ആശയപരമായ ഭിന്നിപ്പുകള്‍ മാറ്റിവെച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും കഴിഞ്ഞദിവസം താക്കറെ പറയുകയുണ്ടായി.

ശബരിമല വിധി പുനഃപരിശോധിക്കും. വിധി ഏഴംഗ ബഞ്ച് പുന:പരിശോധിക്കും. സുപ്രീംകോടതി ഏഴംഗ ഭരണഘടനാബെഞ്ചിനു വിട്ടു. വിവിധമതങ്ങളില്‍ സമാനപ്രശ്നങ്ങളുണ്ടെന്ന് സുപ്രീംകോടതി അഞ്ചംഗബെഞ്ച് നിരീക്ഷിച്ചു. മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശനവും വിശാലബെഞ്ച് പരിശോധിക്കും. വിധി വിയോജനത്തോടെയാണ്. ഏഴംഗ ബെഞ്ചിന് വിട്ടതിനോട് വിയോജിച്ച് രണ്ടു ജഡ്ജിമാര്‍ രംഗത്തെത്തി. നരിമാനും ചന്ദ്രചൂഢുമാണ് വിയോജിച്ച ജസ്റ്റിസുമാര്‍.

മതത്തിന്റെ പേരിൽ സ്ത്രീകളെ ഒഴിച്ചുകൂടാനാവാത്ത കാര്യമാണോയെന്ന് കോടതി ചോദിച്ചു. മതപരമായ ആചാരങ്ങൾ സദാചാരത്തിന് വിരുദ്ധമാകരുത്. സ്ത്രീയ്ക്കും-പുരുഷനും മതത്തിൽ തുല്യവകാശമാണെന്ന് വിധി പ്രസ്താവനയുടെ തുടക്കത്തിൽ കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ​് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. നാല് റിട്ട് ഹര്‍ജികളുള്‍പ്പെടേ അറുപത് ഹര്‍ജികളില്‍ തുറന്നകോടതിയില്‍ വാദം കേട്ട ശേഷമാണ് വിധി പറയാനായി ഇന്നത്തേക്ക് മാറ്റിയത്.

യുവതി പ്രവേശനം അനുവദിച്ച് 2018 സെപ്റ്റംബര്‍ 28നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ച് വിധിച്ചത്. ഇതിനെതിരായ 56 പുന:പരിശോധന ഹര്‍ജികളും നാല് റിട്ട് ഹര്‍ജികളിലും കഴിഞ്ഞ ഫെബ്രുവരി ആറിന് തുറന്നകോടതിയില്‍ വാദം കേട്ടു. ശബരിമല തന്ത്രി കണ്ഠര് രാജീവര്, എന്‍.എസ്.എസ്, പന്തളം കൊട്ടാരം നിര്‍വാഹക സംഘം, ശബരിമല ആചാര സംരക്ഷണ സമിതി, ദേവസ്വം ബോര്‍ഡ് മുന്‍അധ്യക്ഷന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരായിരുന്നു മുഖ്യഹര്‍ജിക്കാര്‍.
മറുവശത്ത് സംസ്ഥാന സര്‍ക്കാരും, ദേവസ്വം ബോര്‍ഡും, യങ് ഇന്ത്യന്‍ ലോയേഴ്സ് അസോസിയേഷന്‍, ഹാപ്പി ടു ബ്ലീഡ് പോലുള്ള സംഘടനകളും. യുവതി പ്രവേശ വിലക്ക് വിവേചനപരമോ, അയിത്തമോ അല്ല. നൈഷ്ഠിക ബ്രമ്ഹചാരിയെന്ന നിലക്കുള്ള പ്രതിഷ്ഠയുടെ സ്വഭാവം പരിഗണിച്ചാണ് പ്രത്യേക പ്രായ പരിധിയിലുള്ള സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് തുടങ്ങയവയാണ് ഹര്‍ജിക്കാരുടെ വാദങ്ങള്‍. വിലക്കിന്‍റെ അടിസ്ഥാനം അയിത്തവും, ആര്‍ത്തവം അശുദ്ധിയാണെന്ന കാഴ്ചപാടുമാണ്. യുവതി പ്രവേശവിലക്ക് ഒഴിവാക്കാന്‍ പറ്റാത്ത ആചാരമല്ലെന്നും എതിര്‍ കക്ഷികള്‍ വാദിച്ചു.
ഭരണഘടന ബെഞ്ചിലെ നാല് അംഗങ്ങളില്‍ മൂന്നു പേരും യുവതി പ്രവേശത്തെ അനുകൂലിച്ചിരുന്നു.

ശബരിമല വിധിയുടെ പേരില്‍ അക്രമത്തിന് മുതിര്‍ന്നാല്‍ കര്‍ശന നടപടി. സമൂഹമാധ്യമങ്ങളും ഗ്രൂപ്പുകളും നിരീക്ഷണത്തിലെന്ന് പൊലീസ്. യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച് 2018 സെപ്തംബര്‍ 28ന് സുപ്രിംകോടതി വിധിയെത്തിയപ്പോള്‍ ശബരിമലയും കേരളത്തിലെ തെരുവുകളും സംഘർഷഭരിതമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് കനത്ത ജാഗ്രത പുറപ്പെടുവിച്ചത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ശബരിമലയിലോ, നിലയ്ക്കലിലൊ, പമ്പയിലോ കടുത്ത നിയന്ത്രണങ്ങള്‍ ഒന്നുമില്ല. സുഗമമായ ദര്‍ശനം കഴിഞ്ഞാണ് തീര്‍ഥാടകര്‍ മടങ്ങുന്നത്. അതുകൊണ്ടുതന്നെ സന്നിധാനത്ത് ഇത്തവണ വനിതാപൊലീസിനെ വിന്യസിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നത്തെ വിധിയോടെ ഇതിനൊക്കെ മാറ്റം വന്നക്കാം. യുവതി പ്രവേശവിധിക്കുശേഷം പലപ്പോഴും സംഘര്‍ഷഭൂമിയായിരുന്നു ശബരിമല. തീര്‍ഥാടനകാലം അശാന്തിയുടെതായി. വരാനിരിക്കുന്ന വിധിയനുസരിച്ച് സുരക്ഷയും നിയന്ത്രണവും കടുപ്പിപ്പിച്ചേക്കാം.

സുപ്രീം കോടതി വിധിഎന്തായാലും അംഗീകരിക്കുമെന്ന് നിലപാടുപറയുന്നുണ്ടെങ്കിലും, യുവതിപ്രവേശത്തിന് കളമഒരുങ്ങിയാല്‍ സംഘടനകളുടെ നിലപാട് മാറിയേക്കാം.

തെലുങ്ക് സൂപ്പർ താരം രാജശേഖർ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. വിജയവാഡയില്‍ നിന്നും ഹൈദരാബാദിലേക്കുള്ള യാത്രാ മധ്യേയാണ് നടന്‍റെ വാഹനം അപകടത്തിൽ‌ പെടുന്നത്. രാജശേഖര്‍ സഞ്ചരിച്ച മേഴ്സിഡസ് ബെന്‍സ് രാത്രി ഒന്നരയോടെ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു കയറുകയായിരുന്നു. തലനാരിഴയ്ക്കാണ് നിസാര പരുക്കുകളോടെ നടൻ രക്ഷപെട്ടത്

അപകടം കണ്ടെത്തിയ വഴിയാത്രക്കാരാണ് താരത്തെ കാറിനുള്ളിൽ നിന്ന് വലിച്ച് പുറത്തിറക്കിയത്. കാറിൻറെ ചില്ല് തകർത്തായിരുന്നു രക്ഷാപ്രവർത്തനം. വാഹനത്തിലുള്ളത് രാജശേഖർ ആണെന്ന് ഇവർ തിരിച്ചറിഞ്ഞിരുന്നു.

അപകടത്തിൽ തനിക്ക് കാര്യമായ പരുക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് നടൻ തന്നെ വെളിപ്പെടുത്തലുമായി എത്തി.. എന്നാൽ കാറിന് കാര്യമായ തകരാറുകൾ സംഭവിച്ചിട്ടുണ്ട്. അപകടം നടക്കുമ്പോൾ വാഹനത്തിൻറെ ഡ്രൈവറും നടനും മാത്രമായിരുന്നു വണ്ടിക്കുള്ളിൽ ഉണ്ടായിരുന്നത്. അമിത വേഗതയിൽ എത്തിയതാണ് അപകട കാരണമെന്നാണ് കണക്കാക്കുന്നത്.

അപകട വിവരം അറിഞ്ഞ് പൊലീസ് എത്തിയെങ്കിലും രാജശേഖറിന്റെ ഭാര്യ എത്തി അദ്ദേഹത്തെ മറ്റൊരു കാറില്‍ കൊണ്ടുപോകുകയായിരുന്നു മദ്യപിച്ചാണോ വാഹനം ഓടിച്ചത് എന്നറിയാനായി അപകടം നടന്ന സ്ഥലത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.

‌തെലുങ്കിൽ നിരവധി ആരാധകരുള്ള മുതിർന്ന താരമാണ് രാജശേഖർ. 2017 ലും സമാനമായ രീതിയില്‍ രാജശേഖർ അപകടത്തിൽ പെട്ടിരുന്നു. മുപ്പത് വർഷത്തെ അഭിനയ ജീവിതത്തിൽ ഏകദേശം എൺപതിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.,

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വൻപ്രതിഷേധമാണ് ഉയരുന്നത്. ഫാത്തിമയ്ക്ക് നീതി തേടി സോഷ്യൽ മീഡിയ ക്യാംപെയിനും ആരംഭിച്ചു. ഇതിനൊപ്പം ആത്മഹത്യയ്ക്ക് പിന്നിൽ ജാതിവെറി എന്ന ആരോപണവും ശക്തമാവുകയാണ്.‘എന്റെ പേരു തന്നെ പ്രശ്നമാണ്‌ വാപ്പിച്ചാ..’ എന്ന് ഫാത്തിമ കുറിച്ച വരികൾ ജാതിവെറിയിലേക്ക് വിരൽചൂണ്ടുകയാണ്. സുദർശന്‍ പത്മനാഭൻ എന്ന അധ്യാപകനാണ് മരണത്തിനു കാരണക്കാരനെന്ന് ഫാത്തിമ കുറിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം രംഗത്തെത്തി. രോഹിത്‌ വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ വിമർശനം.

സംഭവത്തില്‍ പൊലീസ് ഇതുവരെ അന്വേഷണം തുടങ്ങിയില്ല. അസ്വഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്യുക മാത്രമാണുണ്ടായത്. ആത്മഹത്യാകുറിപ്പ് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും രക്ഷിതാക്കള്‍ പരാതി ഉന്നയിക്കുന്നത് സ്വാഭാവികമാണെന്നുമാണ് ചെന്നൈ കോട്ടൂര്‍പുരം പൊലീസിന്റെ വിശദീകരണം

ശനിയാഴ്ചയാണ് മദ്രാസ് ഐ.ഐ.ഐ.ടിയിലെ ഒന്നാം വര്‍ഷ എം.എ വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ ഹോസ്റ്റലില്‍ വച്ച് ആത്മഹത്യ ചെയ്തത്. മരണത്തിനുത്തരവാദി അധ്യാപകനാണെന്ന് മൊബൈല്‍ ഫോണില്‍ കുറിപ്പെഴുതിയതിനു ശേഷമായിരുന്നു ആത്മഹത്യ. എന്നാല്‍ കസ്റ്റഡിയിലിരിക്കുന്ന ഫോണില്‍ ഇത്തരം കുറിപ്പ് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഫാത്തിമയുടെ ഫോണിലെയും ലാപ്ടോപിലെയും തെളിവുകള്‍ നശിപ്പിക്കപെടുമെന്ന ഭയമുണ്ടെങ്കില്‍ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ബന്ധുക്കള്‍ക്ക് ഫോറന്‍സിക് പരിശോധന ആവശ്യപെടാമെന്നും കേസ് അന്വേഷിക്കുന്ന കോട്ടൂര്‍പുരം പൊലീസ് വിശദീകരിച്ചു.
അതേ സമയം വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപെട്ട കേസില്‍ പൊലീസുമയി സഹകരിക്കുമെന്ന് ഐ.ഐ.ടിയിലെ ഫാത്തിമ പഠിച്ചിരുന്ന ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് വകുപ്പിന്റെ വിശദീകരണം.അധ്യാപകനെതിരെയുള്ള ആരോപണത്തെ കുറിച്ച് അറിയില്ലെന്നും വകുപ്പ് േമധാവിയടക്കമുള്ളവര്‍ വിശദീകരിക്കുന്നു.

ഫാത്തിമയുടെ മരണത്തെ തുടര്‍ന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ഥികൾക്ക് ഒന്നരമാസത്തെ അവധി നല്‍കി. സെമസ്റ്റര്‍ പരീക്ഷകള്‍ പോലും മാറ്റിവച്ചു അവധി നല്‍കിയത് ദുരൂഹതയുണ്ടാക്കുന്നു. പരസ്പരം താരതമ്യം ചെയ്തു മാര്‍ക്കിടുന്ന പഠന രീതിയാണ് മാനസിക സമ്മര്‍ദമുണ്ടാക്കുന്നതെന്ന ആരോപണവുമായി വിദ്യാര്‍ഥികള്‍ രംഗത്ത് വന്നിട്ടുണ്ട്.

 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

എന്റെ പേര്‌ തന്നെയാണ്‌ എന്റെ പ്രശ്നം വാപ്പിച്ചീ..
2016 ജനുവരി 17 ന്‌ സ്വന്തം ജീവിതം അവസാനിപ്പിക്കുമ്പോൾ രോഹിത്‌ വെമുല കുറിച്ച്‌ വച്ചത്‌ ഈ വാക്കുകളായിരുന്നു.എന്റെ ജന്മമാണ്‌ എന്റെ കുറ്റം.
മൂന്നര വർഷത്തിന്‌ ശേഷം ഫാത്തിമ ലത്തീഫ്‌ എന്ന ഐ.ഐ.ടി വിദ്യാർത്ഥിനി തന്റെ ആത്മഹത്യാകുറിപ്പിലെഴുതിയിരിക്കുന്നു,

എന്റെ പേരു തന്നെ പ്രശ്നമാണ്‌ വാപ്പിച്ചാ..നിങ്ങളോർക്കണം, ദക്ഷിണേന്ത്യയിലെ, മദ്രാസിലെ ,ഒരു കാമ്പസിനകത്ത്‌ പോലും ഇതാണ്‌ ജീവിതമെങ്കിൽ ഉത്തരേന്ത്യൻ കാമ്പസുകളിലെ ജാതിവെറിയിൽ എങ്ങിനെയാകും ഇനി കുട്ടികൾ പിടിച്ച്‌ നിൽക്കുക?

രോഹിത്‌ വെമുലക്ക്‌ വേണ്ടി ഉയർന്ന പ്രതിഷേധങ്ങൾ പോലും ഇനി ഉയരില്ല. ഭയം അഡ്മിൻ ഓൺലികളാക്കിയ മനുഷ്യരിൽ നിന്ന് എന്ത്‌ പ്രതിഷേധ സ്വരമാണ്‌ പ്രതീക്ഷിക്കാനാവുക?മനുഷ്യരെ പച്ചക്ക്‌ അടിച്ച്‌ കൊന്ന് വീഡിയോ ഷൂട്ട്‌ ചെയ്തവർക്ക്‌ വീര ചക്രം കൊടുത്ത്‌ ആനയിക്കപ്പെടുന്ന കാലമാണിത്‌. നീതി ചവിട്ടിക്കൂട്ടി കൊട്ടയിലെറിയുന്ന നേരമാണിത്‌. തിളച്ച്‌ മറിയേണ്ട തെരുവുകളിൽ മഞ്ഞ്‌ മലകളാണുള്ളത്‌. ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ പോലെ കുട്ടികൾ ഇനിയും ആത്മഹത്യാ കുറിപ്പുകൾ എഴുതുന്നത്‌ തടയേണ്ടേ?പുതപ്പിനുള്ളിൽ നിന്ന് ഇനി ഞെട്ടിയുണരുക എന്ത്‌ കേൾക്കുമ്പോഴാണ്‌?
നാട്ടിൽ ഇനി പ്രതിഷേധങ്ങളുയർത്താനുള്ള ചങ്കുറപ്പ്‌ ആർക്കാണുള്ളത്‌?ഇത്‌ ആൾക്കൂട്ട കൊലപാതകങ്ങളുടെ കാമ്പസ്‌ വേർഷനാണ്‌. ജനാധിപത്യം ഊർദ്ധശ്വാസം വലിക്കുന്ന ഈ ഘട്ടത്തിൽ മനുഷ്യത്വമുള്ളവർ ഒന്നിച്ചിറങ്ങിയില്ലെങ്കിൽ നമുക്ക്‌ അനുശോചനം രേഖപ്പെടുത്താൻ പോലും ആരും ബാക്കിയുണ്ടാവില്ല.

മദ്രാസ് ഐ.ഐ.ടിയിലെ ഹോസ്റ്റല്‍ മുറിയില്‍ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തത്. അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതു തെളിയിക്കുന്ന കുറിപ്പ് ഫാത്തിമ ലത്തീഫിന്റെ മൊബൈല്‍ ഫോണില്‍ നിന്നു ലഭിച്ചിട്ടുണ്ട്. എന്നാൽ കുറ്റക്കാരായ അധ്യാപകരെ സംരക്ഷിക്കുന്ന നിലപാടാണ് തമിഴ്നാട് പൊലീസ് സ്വീകരിക്കുന്നത്. മൃതദേഹം ഏറ്റുവാങ്ങാനായി ചെന്നൈയില്‍ പോയ കൊല്ലം മേയര്‍ ഉള്‍പ്പടെയുള്ളവരോട് പൊലീസ് മോശമായാണ് പെരുമാറിയതെന്നും കുടുംബം ആരോപിക്കുന്നു.മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരിട്ടും പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് ഇമെയിലിലും പരാതി നല്‍കി.ഐ.ഐ.ടിയിലേക്കുള്ള പ്രവേശന പരീക്ഷയിൽ ഉയര്‍ന്ന റാങ്ക് നേടിയാണ് ഫാത്തിമ ലത്തീഫ് വിജയിച്ചത്.

 

ശബരിമല യുവതി പ്രവേശവിഷയത്തില്‍ മറ്റൊരുവിധിക്കുകൂടി കാതോര്‍ത്ത് കേരളം. യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച് 2018 സെപ്തംബര്‍ 28ന് സുപ്രിംകോടതി വിധിയെത്തിയപ്പോള്‍ ശബരിമലയും കേരളത്തിലെ തെരുവുകളും പ്രതിഷേധത്താല്‍ നിറഞ്ഞു. വിധി തിരുത്തപ്പെടുമെന്ന കരുതുതുന്ന പ്രതിഷേധക്കാരുടെ നിലപാടിനും, സുപ്രിംകോടതി വിധിയെന്തായാലും അതുറപ്പാക്കാന്‍ നില്‍ക്കുന്ന സര്‍ക്കാര്‍ നിലപാടിനും നിര്‍ണായകമാകും നാളത്തെ തീരുമാനം.

കഴിഞ്ഞ ഏതാനും മാസങ്ങളായി ശബരിമലയിലോ, നിലയ്ക്കലിലൊ, പമ്പയിലോ കടുത്ത നിയന്ത്രണങ്ങള്‍ ഒന്നുമില്ല. സുഗമമായ ദര്‍ശനം കഴിഞ്ഞാണ് തീര്‍ഥാടകര്‍ മടങ്ങുന്നത്. അതുകൊണ്ടുതന്നെ സന്നിധാനത്ത് ഇത്തവണ വനിതാപൊലീസിനെ വിന്യസിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നാളത്തെ വിധിയോടെ ഇതിനൊക്കെ മാറ്റം വന്നക്കാം. യുവതി പ്രവേശവിധിക്കുശേഷം പലപ്പോഴും സംഘര്‍ഷഭൂമിയായിരുന്നു ശബരിമല. തീര്‍ഥാടനകാലം അശാന്തിയുടെതായി. വരാനിരിക്കുന്ന വിധിയനുസരിച്ച് സുരക്ഷയും നിയന്ത്രണവും കടുപ്പിപ്പിച്ചേക്കാം.

ശബരിമലവിധി അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. സുപ്രീം കോടതി വിധിഎന്തായാലും അംഗീകരിക്കുമെന്ന് നിലപാടുപറയുന്നുണ്ടെങ്കിലും, യുവതിപ്രവേശത്തിന് കളമഒരുങ്ങിയാല്‍ സംഘടനകളുടെ നിലപാട് മാറിയേക്കാം.

കൊല്ലം കുണ്ടറയില്‍ ഭര്‍ത്താവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കൃതി ഭര്‍ത്താവ് വൈശാഖിനെ ശരിക്കും ഭയന്നു കഴിയുകയായിരുന്നു എന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. സ്വത്തിനോടും പണത്തിനോടും ആര്‍ത്തിയുള്ള ഭര്‍ത്താവ് തന്നെ കൊലപ്പെടുത്തുമെന്നാിയരുന്നു അവള്‍ ഭയന്നിരുന്നത്. ഇക്കാര്യം വ്യക്തമാക്കി കൃതി എഴുതിയ കത്തും പുറത്തുവന്നു. താന്‍ മരണപ്പെടുമെന്ന് യുവതി ഭയപ്പെട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള കത്താണ് പുറത്ത് വന്നിരിക്കുന്നത്.

ഭര്‍ത്താവ് തന്നെ കൊലപ്പെടുത്തുമെന്ന ഭയമാണ് യുവതി കത്തില്‍ പങ്കുവെച്ചിരിക്കുന്നത്. ‘താന്‍ മരിച്ചാല്‍ സ്വത്തിന്റെ ഏക അവകാശി മകള്‍ മാത്രമായിരിക്കുമെന്നും രണ്ടാം ഭര്‍ത്താവിന് സ്വത്തില്‍ യാതൊരു അവകാശവും ഇല്ലെന്നും മകള്‍ ഭാവിയില്‍ ഒറ്റപ്പെട്ടു പോകരുത് എന്നുള്ളതുകൊണ്ടാണ് ഈ കത്ത് എഴുതുന്നത്’ എന്നും കൃതി കത്തില്‍ പറയുന്നു.

തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് യുവതിയെ കുണ്ടറയിലുള്ള വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫെബ്രുവരി മൂന്നിനായിരുന്നു കൃതിയുടെയും വൈശാഖിന്‍റെയും വിവാഹം. കൃതിയുടെ രണ്ടാം വിവാഹവും വൈശാഖിന്‍റെ ഒന്നാം വിവാഹവുമായിരുന്നു ഇത്. ആദ്യബന്ധത്തിൽ മൂന്നു വയസ്സുള്ള മകളും യുവതിയ്ക്കുണ്ട്.

ഭര്‍ത്താവ് വൈശാഖ് കൃതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് കൃതി സ്വന്തം വീട്ടിലായിരുന്നു നിന്നിരുന്നത്. ഇവിടെ വെച്ചായിരുന്നു യുവതിയുടെ മരണം. കൊലപാതകത്തിന് ശേഷം വൈശാഖ് പോലീസിനു മുന്നിൽ കീഴടങ്ങുകയും ചെയ്തു.

വിവാഹശേഷം വൈശാഖ് ജോലിതേടി വിദേശത്തേക്ക് പോയെങ്കിലും ഒന്നരമാസത്തിനുശേഷം തിരിച്ചെത്തി. കേരളത്തിനുപുറത്ത് പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് സീറ്റ് തരപ്പെടുത്തി നല്‍കുന്ന സംരംഭം ആരംഭിച്ചതായും പറയുന്നു. വായ്പയെടുത്തും മറ്റും 25 ലക്ഷം രൂപ കൃതിയുടെ മാതാപിതാക്കള്‍ വൈശാഖിന് നല്‍കിയിരുന്നു.

പിന്നീട് വീടിന്റെ ആധാരം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതേത്തുടര്‍ന്ന് പിണങ്ങിക്കഴിയുകയായിരുന്ന വൈശാഖ് തിങ്കളാഴ്ച വൈകീട്ട് മുളവനയിലെ വീട്ടിലെത്തി.

വൈശാഖില്‍നിന്ന് തനിക്ക് ഭീഷണിയുണ്ടായിരുന്നതായി കൃതി അമ്മയെ അറിയിച്ചിരുന്നു. കൃതിയുമൊത്ത് കിടപ്പുമുറിയില്‍ കയറിയെങ്കിലും വാതില്‍ അകത്തുനിന്ന് അടയ്ക്കാന്‍ കുടുംബാംഗങ്ങള്‍ സമ്മതിച്ചില്ല. രാത്രി 9.30-ഓടെ കൃതിയുടെ അമ്മ അത്താഴം കഴിക്കാനായി ഇരുവരെയും വിളിച്ചു. വാതില്‍തുറന്ന വൈശാഖ്, തങ്ങള്‍ സംസാരിക്കുകയാണെന്നും പിന്നീട് കഴിച്ചോളാമെന്നും അറിയിച്ചു. 10.45-ന് വീണ്ടും മുട്ടിവിളിച്ചു.

വാതില്‍തുറന്നപ്പോള്‍ കൃതി കട്ടിലില്‍ കിടക്കുകയായിരുന്നു. കുഴഞ്ഞുവീണതാണെന്നും ആശുപത്രിയില്‍ എത്തിക്കാമെന്നും വൈശാഖ് പറഞ്ഞെങ്കിലും കാര്‍ സ്റ്റാര്‍ട്ടുചെയ്ത് രക്ഷപ്പെടുകയായിരുന്നു.

ബോളിവുഡ് താരം സെയ്ഫ് അലി ഖാനൊപ്പം തന്നെ പ്രശസ്തമാണ് അദ്ദേഹത്തിന്റെ പട്ടൗഡി പാലസും. പട്ടൗഡി കുടുംബത്തിലെ ചെറിയ നവാബ് എന്നറിയപ്പെടുന്ന സെയ്ഫിന്റെ പട്ടൗഡി പാലസിനു പിന്നിലും അധികമാരും അറിയാത്ത ചില കഥകളുണ്ട്. അടുത്തിടെ ഒരു മാധ്യമത്തോടു സംസാരിക്കവേ സെയ്ഫ് അക്കാര്യങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.

പട്ടൗഡി പാലസ് തനിക്ക് പൈതൃകമായി ലഭിക്കുകയായിരുന്നില്ലെന്നും ഇടക്കാലത്ത് നഷ്ടപ്പെട്ട കൊട്ടാരം അഭിനയത്തില്‍ നിന്നും ലഭിച്ച പ്രതിഫലം ഉപയോഗിച്ച് വാങ്ങുകയായിരുന്നുവെന്നുമാണ് സെയ്ഫ് പറഞ്ഞത്. ഇന്ന് 800 കോടി വിലമതിക്കുന്ന പട്ടൗഡി പാലസ് നീമ്റാണ ഹോട്ടല്‍സ് നെറ്റ്​വര്‍ക്കിനു പാട്ടത്തിന് കൊടുത്തിരിക്കുകയായിരുന്നു. അച്ഛന്‍ മന്‍സൂര്‍ അലി ഖാന്‍ മരിച്ചതോടെയാണ് കൊട്ടാരം പാട്ടത്തിനു നല്‍കേണ്ടി വന്നത്.

പിന്നീട് പാലസ് തിരികെ ലഭിക്കണമെങ്കില്‍ വലിയ തുക നല്‍കണമെന്നും ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. ശേഷം സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് താന്‍ കൊട്ടാരം തിരികെ സ്വന്തമാക്കിയതെന്നും സെയ്ഫ് പറയുന്നു. അങ്ങനെ 2014ല്‍ സെയ്ഫ് പട്ടൗഡി പാലസിന്റെ പൂര്‍ണ അവകാശം തിരികെ നേടിയെടുക്കുകയായിരുന്നു. ഇന്ന് സെയ്ഫിനും കുടുംബത്തിനും അവധിക്കാലം ആഘോഷിക്കാനുള്ളയിടമാണ് പട്ടൗഡി പാലസ്.

ഹരിയാനയിലെ ഗുഡ്ഗാവിലാണ് പട്ടൗഡി പാലസ് സ്ഥിതി ചെയ്യുന്നത്. സെയ്ഫ് അലി ഖാന്റെ പിതാവും പട്ടൗഡിയിലെ നവാബുമായിരുന്ന മന്‍സൂര്‍ അലിഖാന്റെ പിതാവും പട്ടൗഡിയിലെ എട്ടാമത്തെ നവാബുമായിരുന്ന ഇഫ്തിക്കര്‍ അലിഖാന്‍ പട്ടൗഡി പണികഴിപ്പിച്ചതാണ് ഈ വീട്.

1900ത്തില്‍ പണികഴിപ്പിച്ച പട്ടൗഡി പാലസ് 2005 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ലക്ഷുറി ഹോട്ടലായി നീമ്റാണ ഹോട്ടല്‍സ് നെറ്റ് വര്‍ക്കിനു വേണ്ടി പാട്ടത്തിനു നല്‍കിയിരുന്നു.

ഏഴ് ബെഡ്റൂമുകള്‍, ഏഴ് ഡ്രസ്സിങ് റൂം, ഏഴ് ബില്യാര്‍ഡ്സ് റൂമുകള്‍, ഡ്രോയിങ് റൂം, ഡൈനിങ് റൂം തുടങ്ങി നൂറ്റിയമ്പതോളം മുറികളാണ് ഇവിടെയുള്ളത്.

കൊളോണിയല്‍ മാതൃകയില്‍ പണികഴിപ്പിച്ച ഈ കൊട്ടാരത്തിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയത് റോബര്‍ട്ട് ടോര്‍ റൂസല്‍, കാള്‍ മോള്‍ട്ട് വോണ്‍ ഹെയിന്‍സ് എന്നീ ആര്‍ക്കിടെക്റ്റുമാരായിരുന്നു.

പത്ത് ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന പട്ടൗഡി കൊട്ടാരത്തിനു മുറ്റത്ത് വിശാലമായൊരു നീന്തല്‍ കുളവും പൂന്തോട്ടവും ക്രമീകരിച്ചിട്ടുണ്ട്.

Copyright © . All rights reserved