ഹോസ്റ്റലിന്റെ മതപരമായ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ബിരുദ വിദ്യാർത്ഥിനികൾക്ക് അടിവസ്ത്രമഴിപ്പിച്ച് ആർത്തവ പരിശോധന. ഗുജറാത്തിലെ ബുജ്ജിലെ ശ്രീ സഹജാനന്ദ് ഗേൾസ് ഇന്സ്ടിട്യൂട്ടിലാണ് സംഭവം. 68 ബിരുദ വിദ്യാർത്ഥിനികളെയാണ് അധികൃതർ അപമാനകരമായ പരിശോധനയ്ക്ക് വിധേയമാക്കിയത്.

കച്ച് യൂണിവേഴ്സിറ്റിക്ക് കീഴിൽ‌ പ്രവർത്തിക്കുന്ന കോളേജാണ് ശ്രീ സഹജാനന്ദ് ഗേൾസ് ഇന്സ്ടിട്യൂട്ട്. ഹോസ്റ്റൽ‌ വാർഡന്റെ പരാതിയെ തുടർന്ന് പ്രിൻസിപ്പൽ റിത റാണിൻഗയാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയതെന്നാണ് വിവരം.

കോളേജിനും ഹോസ്റ്റലിലും അടുത്ത് ക്ഷേത്രമുണ്ട്. ആർത്തവ സമയത്ത് പെൺകുട്ടികൾ അടുക്കളയിലും അമ്പലത്തിലും പ്രവേശിക്കാൻ പാടില്ലെന്നുമാണ് ഇവിടെയുള്ള ചട്ടം. ആർത്തവ സമയത്ത് മറ്റു കുട്ടികളെ സ്പർശിക്കാനും പാടില്ല എന്നും നിർദേശം നിലനില്‍ക്കുന്നുണ്ട്. . ഈ നിയമം ചിലർ ലംഘിച്ചുവെന്ന പേരിൽ പെൺകുട്ടികളെ ശുചിമുറിയിലേക്ക് വിളിച്ചു വരുത്തി പരിശോധിപ്പിക്കുകയായിരുന്നു.

1500 ഓളം പേർ പഠിക്കുന്ന വനിതാ കോളേജിൽ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന കുട്ടികൾക്കാണ് ദുരവസ്ഥ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടിളാണ് ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നത്. മുന്‍പും ഇവിടങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, സംഭവത്തെ കുറിച്ച്

ആരും പരാതിപ്പെട്ടില്ലെന്നാണ് വിവരം. എന്നാൽ വാർത്തകൾ പുറത്ത് വന്നതോടെ ക്രാന്തിഗുരു ശ്യാംജി കൃഷ്ണ വർമ കച്ച് സർവകലാശാലയുടെ വൈസ് ചാൻസലർ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടു. കമ്മറ്റിയെ രൂപീകരിച്ചാണ് അന്വേഷണം നടത്താനാണ് നിർദേശം. ബുജ്ജിലെ സ്വാമിനാരയൺ മന്ദിർ അനുഭാവികൾ 2012ൽ ആരംഭിച്ചതാണ് ഈ കോളേജ്.