India

ജനപ്രിയ നായകൻ ദിലീപ് നായകനായി ഒരുങ്ങുന്ന ചിത്രമാണ് പ്രൊഫസ്സർ ഡിങ്കൻ. ഏതാനും വർഷങ്ങളായി ചിത്രീകരണത്തിൽ ഇരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാതാവിനെതിരെ ഇപ്പോൾ തട്ടിപ്പിന് കേസ് ഫയൽ ചെയ്തിരിക്കുകയാണ്. പ്രൊഫസ്സർ ഡിങ്കൻ നിർമാതാവ് സനൽ തോട്ടത്തിനു എതിരെയാണ് കോടികളുടെ തട്ടിപ്പിന് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ പേര് പറഞ്ഞു അഞ്ചു കോടി രൂപയാണ് ഇയാൾ പരാതിക്കാരനിൽ നിന്ന് വാങ്ങിയത്. ഇത് കൂടാതെ ഈ സിനിമയുടെ പേരിൽ പലരിൽ നിന്നായി കോടികൾ ഇയാൾ തട്ടിയെടുത്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ചിത്രം ഇപ്പോഴും പൂർത്തിയായിട്ടും ഇല്ല. ഈ സാഹചര്യത്തിലാണ് ഇയാൾക്കെതിരെ കേസുമായി ഇരിങ്ങാലക്കുട സ്വദേശശിയും എൻ ആർ ഐയുമായ റാഫേൽ തോമസ് മുന്നോട്ടു വന്നിരിക്കുന്നത്.

ഏകദേശം രണ്ടു വർഷം മുൻപ് ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രം ഇപ്പോൾ മുടങ്ങി കിടക്കുകയാണ്. പ്രശസ്ത ക്യാമറാമാൻ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രൊഫസ്സർ ഡിങ്കൻ. ഒരു ത്രീഡി ചിത്രമായാണ് അദ്ദേഹം ഇത് ഒരുക്കുന്നത്. പ്രശസ്ത രചയിതാവായ റാഫി തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ നമിതാ പ്രമോദ് ആണ് ദിലീപിന്റെ നായികയായി എത്തുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, അജു വർഗീസ്, സുരാജ്, റാഫി എന്നിങ്ങനെ വലിയ താര നിരയാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്.

രാമചന്ദ്ര ബാബു തന്നെ ക്യാമറയും ചലിപ്പിച്ച ചിത്രത്തിന്റെ പോസ്റ്ററുകളും അതുപോലെ ഒരു ത്രീഡി ടീസറും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. എന്നാൽ ചിത്രം പൂർത്തിയാക്കാൻ നിർമ്മാതാവ് സനൽ തോട്ടം തയ്യാറാവാത്ത സാഹചര്യത്തിൽ ആണ് അദ്ദേഹത്തിന് പണം കടം കൊടുത്തവർ ഇപ്പോൾ കേസുമായി മുന്നോട്ടു പോകുന്നത്.

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തത് അധ്യാപകരുടെ മാനസിക പീഡനം മുലമെന്ന് ആരോപണവുമായി സുഹൃത്തുക്കള്‍. തന്റെ മരണത്തിന് കാരണം അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണെന്ന് പെണ്‍കുട്ടി മൊബൈലിലെഴുതിയ ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയാതായി സുഹൃത്തുക്കൾ ആരോപിച്ചു. ഈ മാസം ഒമ്പതിനാണ് കൊല്ലം സ്വദേശി ഫാത്തിമയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഫോണിന്റെ സ്‌ക്രീന്‍ സേവറായിട്ടായിരുന്നു പെണ്‍കുട്ടി അധ്യാപകനെതിരെ പരാമര്‍ശം ഉന്നയിച്ചിരുന്നതെന്നാണ് സുഹൃത്തുക്കളിൽ ചിലർ സോഷ്യൽ മീഡിയയിൽ ഫോണിന്റെ ചിത്രം സഹിതം ആരോപണം ഉന്നയിച്ചത്.

ഐ.ഐ.ടി സോഷ്യല്‍ സയന്‍സ് സയന്‍സ്, ഹ്യൂമാനിറ്റിസ് അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍ കരഹ്, മിലിന്ദ് ബ്രഹ്മേ എന്നിവരാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് ഫാത്തിമ തന്റെ ഫോണില്‍ എഴുതിയ ആത്മഹത്യാകുറിപ്പില്‍ പറയുന്നു.

കേരള സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഫാത്തിമയുടെ കുടുംബം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. വിഷയം അതീവഗുരുതരം ആണെന്നും എത്രയും പെട്ടെന്ന് നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി അവര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, എം.എല്‍.എ.മാരായ എം. മുകേഷ്, എം. നൗഷാദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.

ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് എന്‍ട്രന്‍സില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്കോടെയാണ് ഫാത്തിമ ഐഐടി പ്രവേശനം നേടിയത്.അധ്യാപകനായ സുദര്‍ശന്‍ പത്മനാഭന്റെ വര്‍ഗീയമായ പകയെക്കുറിച്ച് ഫാത്തിമ സൂചിപ്പിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. ഈ സംഭവത്തില്‍ വര്‍ഗീയവികാരം പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നത് ഇനിയും കൂടുതലായി പുറത്തുവരേണ്ടതുണ്ടെന്ന് ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ് ഫാത്തിമയുടെ സുഹൃത്തും ഫാത്തിമ പഠിച്ച വിദ്യാലയത്തിലെ അധ്യാപകനുമായ എം ഫൈസല്‍.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഫാതിമ ലതീഫ് എന്ന വിദ്യാര്‍ത്ഥി ഞാന്‍ ജോലി ചെയ്യുന്ന വിദ്യാലയത്തിലാണ് പഠിച്ചിരുന്നത്. ഞാന്‍ അവളെ പഠിപ്പിച്ചിട്ടില്ല. രണ്ടുകാര്യങ്ങളാണ് എന്നെ ആ കുട്ടിയിലേക്ക് ആകര്‍ഷിച്ചത്. ഒന്ന് നിരന്തരമായി സ്‌കൂളിനകത്തും പുറത്തുമുള്ള ക്വിസ് മത്സരങ്ങളില്‍ എത്തുന്നവളായിരുന്നു ഫാതിമ. രണ്ടാമത്തെ കാര്യം അവളുടെ വായനയുടെ ആഴവും പരപ്പുമായിരുന്നു. അവള്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി കാണുന്നത്. അത് ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയ സന്ദര്‍ഭത്തിലാണ്. അതേ കാലത്തുതന്നെ ഞാന്‍ കുടുംബസമേതം റിയാദിലെ അവരുടെ വീട്ടില്‍ പോകുകയുണ്ടായി. അവളുടെ പുസ്തകശേഖരം കണ്ട് ഞങ്ങള്‍ വിസ്മയിച്ചിട്ടുണ്ട്. ആ ദിവസങ്ങളില്‍ അവള്‍ വായിച്ചിരുന്ന പുസ്തകം അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ് ആയിരുന്നു. ആ സമയത്തേ, ലോക ക്ലാസിക്കുകളിലൂടെ അവള്‍ കടന്നുപോകുന്നുണ്ട്. ഈ വര്‍ഷം ഐ ഐ ടിയിലെ ഹുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് എന്‍ട്രന്‍സ് എക്‌സാമിനേഷനില്‍ അഖിലേന്ത്യാതലത്തില്‍ ഒന്നാം റാങ്കോടെ അവള്‍ക്ക് പ്രവേശനം ലഭിച്ചു. ജൂലൈ മാസത്തില്‍ അവള്‍ക്ക് ക്ലാസ് തുടങ്ങി. അതിനിടക്ക് ഞങ്ങള്‍ കാര്യമായി സംസാരിക്കുകയുണ്ടായിട്ടില്ല. എന്നാല്‍ ചില പുസ്തക വാര്‍ത്തകള്‍ പങ്കുവെക്കുമായിരുന്നു. ഈ മാസം എട്ടിന് ഞാന്‍ അവളെ വാട്‌സപില്‍ ബന്ധപ്പെട്ടു. ആ ഫോണ്‍ അവളുടെ ഉമ്മ സാജിതയുടെ കൈവശമായിരുന്നു. സാജിത എനിക്ക് ഫാതിമയുടെ നമ്പര്‍ തന്നു. അങ്ങനെയാണ് ഞാന്‍ ഈ വെള്ളിയാഴ്ച അവളോട് സംസാരിക്കുന്നത്. അവളുടെ കോഴ്‌സിന്റെ കരിക്കുലം വിശദാംശങ്ങള്‍, പ്രവേശനപരീക്ഷാ രീതി തുടങ്ങിയ കാര്യങ്ങള്‍ ഞാന്‍ അന്വേഷിച്ചു. അതിന് വ്യക്തമായ വിവരങ്ങള്‍ തന്നു. സര്‍, ഇത് ആര്‍ക്കു വേണ്ടിയാണ് എന്ന് ചോദിച്ചു. എന്റെ മകന്‍ അഖിലിനു വേണ്ടിയാണ് എന്നു പറഞ്ഞു. തുടര്‍ന്ന് കുടുംബങ്ങളുടെ കാര്യങ്ങള്‍ സംസാരിച്ചു. പക്ഷേ, ഏതാനും മണിക്കൂറുകൊണ്ട് അവള്‍ സ്വയം ജീവിതം അവസാനിപ്പിച്ച് കടന്നുപോയി.

ഫാതിമയുടേത് ആത്മഹത്യയാണെന്ന് ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. അതിന്റെ കാരണവും ആത്മഹത്യ കുറിപ്പില്‍ നിന്ന് ലഭിച്ചുകഴിഞ്ഞു. സുദര്‍ശന്‍ പത്മനാഭന്‍ എന്ന അദ്ധ്യാപകന്റെ വര്‍ഗീയമായ പകയെ പറ്റി ഫാതിമ സൂചിപ്പിച്ചിട്ടുണ്ടത്രെ. സുദര്‍ശന്‍ പത്മനാഭനാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുറിപ്പ് പറയുന്നു. (ഇന്റേണല്‍ അസസ്‌മെന്റ് നിലനില്‍ക്കുന്ന പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത് വര്‍ഗീയത മാത്രമല്ല, നിരവധി ചൂഷണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.) ഇന്ത്യയുടെ അത്യുന്നതനിലവാരമുള്ള ഐ ഐ ടിക്കകത്ത് സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ വിഷവിത്തുകള്‍ വ്യാപകമാകുന്നതായി ചില സുഹൃത്തുക്കള്‍ ഇതിനകം ഉദാഹരണങ്ങളോടെ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ സംഭവത്തില്‍ വര്‍ഗീയവികാരം പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നത് ഇനിയും കൂടുതലായി പുറത്തുവരേണ്ടതുണ്ട്. ഫാതിമയുടെ വാപ്പ ലതീഫിക്ക വര്‍ഗീയതയുടെ ഉള്ളടക്കം ആവര്‍ത്തിച്ച് സൂചിപ്പിക്കുന്നുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഫാതിമയുടെ വേര്‍പാട് ഞങ്ങളെ പ്രത്യക്ഷത്തില്‍ ബാധിച്ച വേദനയാണ്. അതുകൊണ്ടുതന്നെ സംഭവം ഉണ്ടായതിനു ശേഷം എനിക്കോ, ബീനക്കോ സാധാരണ നിലയിലേക്ക് പൂര്‍ണമായി വരാനായിട്ടില്ല. എന്തിലേക്കൊക്കെ പോയാലും ഒടുവില്‍ ഈ വേദനയില്‍ തിരിച്ചെത്തുന്നു. ഇന്ന് സ്‌കൂളില്‍ രാവിലെ ഈ വിഷയത്തില്‍ കുട്ടികളെ അഭിസംബോധന ചെയ്തപ്പോഴും നിയന്ത്രണം വിടാതിരിക്കാന്‍ ആവതും നോക്കി. അതിനിടയില്‍ ഈ ദുരന്തം വാര്‍ത്താമാദ്ധ്യമങ്ങളിലെത്തിക്കാന്‍ ഞങ്ങള്‍ രണ്ടുപേരും ശ്രമിച്ചു. സൗഹൃദവലയത്തിലുള്ള ഒന്നുരണ്ട് മാദ്ധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പങ്കുവെച്ചു. അവര്‍ അത് ഗൗരവമായി എടുക്കുകയും ചെയ്തു. ഇപ്പോള്‍ ദേശീയമാദ്ധ്യമങ്ങളില്‍ വരെ പ്രാധാന്യത്തോടെ വാര്‍ത്തകള്‍ വരുന്നുണ്ട്. ഫാതിമ നഷ്ടമായി. എന്നാല്‍ ഇനിയും നമ്മുടെ മക്കള്‍ വലിയ സ്വപ്നങ്ങളോടെ, അവരുടെ സ്വന്തം കഴിവിന്റെ മാത്രം തിളക്കത്തില്‍, കരുത്തില്‍ ഇത്തരം സ്ഥാപനങ്ങളില്‍ പ്രവേശനം നേടും. എന്നാല്‍ അവിടെ പതിയിരിക്കുന്ന കൊടുംവിഷവിത്തുകള്‍ നമ്മുടെ മക്കള്‍ക്ക് ഈ വിധിയാണ് സമ്മാനിക്കുന്നതെങ്കില്‍ ഏതുതരം രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന ചോദ്യം കൂടുതല്‍ പ്രസക്തമാകുന്നു. മതവര്‍ഗീയത വെച്ചുപുലര്‍ത്തുന്നവര്‍ക്ക് എല്ലാ പിന്തുണയും ലഭ്യമാകുന്ന ഈ കാലത്ത് ഇത്തരക്കാര്‍ക്ക് ഏത് സ്ഥാപനങ്ങളിലും കയറിപ്പറ്റാനും അവിടെ വാഴാനും എല്ലാ സൗകര്യങ്ങളും ഉണ്ടാകും. മൊബൈലിലെ ചെറു നോട്ടില്‍ ഫാതിമ മരണകാരണം വ്യക്തമാക്കുന്നതായി കാണാം. കൂടാതെ വിശദാംശങ്ങള്‍ നോട്പാഡിലുണ്ടെന്നും പറയുന്നു. ഇതില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണ്.

എന്നോട് ഒരു ദിവസം എന്റെ ഒരു സ്‌നേഹിത ചോദിച്ചു, ഇന്ത്യയില്‍ ജീവിക്കാന്‍ ഭയം തോന്നുന്നുണ്ടോ എന്ന്. ഞാന്‍ പറഞ്ഞു, ഉണ്ട്.

ഇപ്പോള്‍ ആ ഭയം പല കാരണങ്ങളാല്‍ ഏറുന്നു. ഇന്ത്യന്‍ വിദ്യാഭ്യാസമികവിന്റെ ഏറ്റവും ഉല്‍കൃഷ്ടമാതൃകയായ ഐ ഐ ടിയുടെ കഥ ഇതാണെങ്കില്‍ നമ്മളിനി ആരില്‍ പ്രതീക്ഷ അര്‍പ്പിക്കണം? ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും ദളിത്-പിന്നോക്ക വിഭാഗങ്ങളില്‍ നിന്നും പെണ്‍-ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളില്‍ നിന്നും കുട്ടികള്‍ ഇത്തരം സ്ഥാപനങ്ങളിലേക്ക് കടന്നുവരാതിരിക്കാന്‍ ഭയം സൃഷ്ടിക്കുക എന്നതും ഇത്തരം ക്രൂരതയ്ക്ക് കാരണമാകാം. ഈ രോഗത്തിന് ചികിത്സ നല്‍കാന്‍ നമ്മള്‍ ഏത് ഭിഷഗ്വരനോടാണ് പറയുക?

കർണാടകയിൽ 17 എംഎൽഎമാരുടെ അയോഗ്യത ശരിവച്ച് സുപ്രീംകോടതി. സ്പീക്കറുടെ നടപടി സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു. മുൻ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണു വിധി. അതേസമയം അയോഗ്യരാക്കപ്പെട്ടവർക്ക് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും കോടതി വ്യക്തമാക്കി. രാജിയും അയോഗ്യതയും തമ്മിൽ ബന്ധമില്ലെന്നും കോടതി പറഞ്ഞു.

കോടതിവിധി ഭരണകക്ഷിയായ ബിജെപിക്ക് ആശ്വാസമാണ്. മുൻ സ്പീക്കർ രമേഷ് കുമാറിന്റെ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ഹർജി. നിയമസഭയുടെ കാലാവധി തീരുന്ന 2023 വരെ മത്സരിക്കുന്നതിൽ നിന്നു 17 എംഎൽഎമാരെ വിലക്കിയായിരുന്നു ഉത്തരവ്.

കോൺഗ്രസ് എംഎൽഎമാർ 13, ദൾ 3, ഒരു കെപിജെപി എംഎൽഎയും കൂടിയാകുമ്പോൾ മൊത്തം അയോഗ്യർ 17. അയോഗ്യതാ നടപടി ബിജെപിക്കു പരോക്ഷമായി ഗുണകരമാണ്. 224 അംഗ നിയമസഭയുടെ അംഗബലം ഇതോടെ 207 ആയി. ഭൂരിപക്ഷത്തിനു വേണ്ടത് 104 വോട്ട്. ബിജെപിക്ക് 105 പേരുടെ പിന്തുണയുണ്ട്.

കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യതാ വിഷയം ഭരണഘടനാ ബെഞ്ചിനു കൈമാറണമെന്നാണു മുൻ സ്പീക്കർ രമേഷ് കുമാറിനു വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചത്. നിയമസഭയിൽ നിന്ന് ഒഴിവാകാനല്ല, അടുത്ത സർക്കാരിൽ മന്ത്രിസ്ഥാനം ലഭിക്കാനാണ് അയോഗ്യരായ എംഎൽഎമാർ രാജി വച്ചത്. ഒരു എംഎൽഎക്കു രാജിവച്ച് മറ്റൊരു കക്ഷിയിൽ ചേരാൻ പാടില്ലേയെന്നു കോടതി ചോദ്യമുന്നയിച്ചു. നടപ്പു നിയമസഭയുടെ കാലാവധി അവസാനിക്കുന്ന 2023 വരെ ഇവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് എങ്ങനെയാണു വിലക്കിയതെന്നും കോടതി ചോദിച്ചിരുന്നു.

കൂറുമാറിയ എംഎൽഎമാരുടെ രാജി യാന്ത്രികമായി പരിഗണിക്കാൻ മുൻ സ്പീക്കർക്ക് കഴിയുമായിരുന്നില്ലെന്നും സമഗ്രമായാണ് അദ്ദേഹം ഇക്കാര്യം കൈകാര്യം ചെയ്തതെന്നും മുൻ മുഖ്യമന്ത്രി കുമാരസ്വാമിക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ വാദിച്ചു. നിയമസഭാംഗത്തിനു രാജിവയ്ക്കാനുള്ള അവകാശം ഭരണഘടന നിഷേധിക്കുന്നില്ലെന്നും സ്പീക്കർ അത് അംഗീകരിക്കണമെന്നും ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചിനെ സോളിസിറ്റർ ജനറൽ ധരിപ്പിച്ചു. ഭരണഘടനയിലെ 190(3) വകുപ്പു പ്രകാരം, സ്വമേധയായല്ലാത്ത രാജി മാത്രമേ തള്ളേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കോൺഗ്രസ്- ദൾ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിക്ക് കൂട്ടു നിന്നതിനാണ് 17 എംഎൽഎമാരെ മുൻ സ്പീക്കർ രമേഷ് കുമാർ അയോഗ്യരാക്കിയത്.

പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ 30നു മുൻപ് അയോഗ്യത നീങ്ങിയില്ലെങ്കിൽ ഈ നിയമസഭയുടെ കാലത്തു മത്സരിക്കാനുള്ള അവസരവും നഷ്ടമാകും. അയോഗ്യത നേരിടുന്ന എംഎൽഎമാരുടെ ബന്ധുക്കളെ സ്ഥാനാർഥികളാക്കാനാണു ബിജെപി നീക്കം. തിരഞ്ഞെടുപ്പു കേസുകൾ കർണാടക ഹൈക്കോടതിയിൽ ഉള്ളതിനാലാണ് 2 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കാത്തത്

കുഞ്ഞനുജത്തിക്ക് ഏറ്റവും പ്രിയപ്പെട്ട കരടിപ്പാവയെ ജൊവാനയുടെ മൃതദേഹത്തിനരികിൽ വച്ചപ്പോൾ മൂത്ത സഹോദരൻ ജോയൽ വിതുമ്പി. പിതാവ് റിജോഷിനൊപ്പം ഒരേ കുഴിയിലായിരുന്നു ജൊവാനയുടെയും അന്ത്യവിശ്രമം. മുംബൈ പൻവേലിലെ ലോഡ്ജിൽ അമ്മ ലിജിയും അമ്മയുടെ സുഹൃത്ത് വസീമും ചേർന്ന് വിഷം നൽകി കൊലപ്പെടുത്തിയ ജൊവാന(2)യുടെ മൃതദേഹം പുത്തടിയിലെ റിജോഷിന്റെ കുടുംബവീട്ടിൽ എത്തിച്ചപ്പോൾ ഗ്രാമം വിതുമ്പി.

വീട്ടുകാരും നാട്ടുകാരും ‘കുഞ്ഞൂസ്’ എന്നു വിളിക്കുന്ന ജൊവാനയ്ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു കരടിപ്പാവ. മൃതദേഹം അടക്കം ചെയ്ത പെട്ടിക്കു മുകളിൽ പതിച്ച, ജൊവാനയുടെ ചിരിക്കുന്ന ചിത്രത്തിനടുത്തായി കരടിപ്പാവയെ ഇരുത്തി. പാവയെ കുഞ്ഞനുജത്തിയുടെ ശവകുടീരത്തിൽ വച്ചശേഷമാണു ജോയൽ കണ്ണീരോടെ പള്ളിയിൽ നിന്നു മടങ്ങിയത്. കരടിപ്പാവയെ ചേർത്തുപിടിച്ച് കരഞ്ഞുകൊണ്ട് മൃതദേഹത്തിനരികിൽ നിന്ന സഹോദരങ്ങളായ ജോയലും ജോഫിറ്റയും കണ്ടുനിന്നവരുടെ കണ്ണുകളെയും ഇൗറനണിയിച്ചു.

ജൊവാനയുടെ മൃതദേഹം ശാന്തൻപാറ ഇൻഫന്റ് ജീസസ് പള്ളിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. സംസ്കാര ശുശ്രൂഷകൾക്ക് ലത്തീൻ സഭ കൊല്ലം രൂപതാധ്യക്ഷൻ ഡോ. പോൾ മുല്ലശേരി മുഖ്യകാർമികത്വം വഹിച്ചു.

അന്ത്യകർമങ്ങൾക്ക് സഹ കാർമികത്വം വഹിക്കാനുള്ള നിയോഗമായിരുന്നു ഫാ.വിജോഷ് മുല്ലൂരിന്. വിജയപുരം രൂപതയിലെ വൈദികൻ ആയ ഫാ.വിജോഷ് മുല്ലൂർ, കൊല്ലപ്പെട്ട റിജോഷിന്റെ മൂത്ത സഹോദരൻ ആണ്. ഒപ്പീസ് ചൊല്ലുമ്പോൾ പലപ്പോഴും ഫാ.വിജോഷിന്റെ വാക്കുകൾ ഇടറി.

ജൊവാനയുടെ അന്ത്യ കർമങ്ങൾക്കിടെ കരഞ്ഞു തളർന്ന് വീണു പോയ മാതാവ് കൊച്ചുറാണിയെ താങ്ങി എഴുന്നേൽപിച്ചതും ഫാ.വിജോഷ് ആണ്. ജൊവാനയുടെ ചേട്ടായി ജോയലിനേയും കുഞ്ഞേച്ചി ജോഫിറ്റയേയും ചേർത്തു പിടിച്ച് സമാധാനിപ്പിച്ചു. റിജോഷിന്റെ മരണാനന്തര ചടങ്ങുകളിലും സഹ കാർമികത്വം വഹിച്ചത് ഫാ.വിജോഷ് ആയിരുന്നു. ഫാ.വിജോഷും ഇളയ സഹോദരൻ ജിജോഷും ചേർന്നാണ് ജൊവാനയുടെ മൃതദേഹം ഏറ്റു വാങ്ങാൻ ശനിയാഴ്ച രാത്രി മുംബൈയിൽ എത്തിയത്.

കുഞ്ഞു ജൊവാനയെ അവസാനമായി കാണാൻ ലിജിയുടെ പിതാവും ബന്ധുക്കളും ഇന്നലെ റിജോഷിന്റെ വീട്ടിൽ എത്തി. പുത്തടി, കല്ലിങ്കൽ കുര്യന്റെ മകളാണ് ലിജി. ലിജിയുടെ അമ്മ വർഷങ്ങൾക്ക് മുൻപ് 3 വയസ്സ് ഉള്ള ഇളയ കുട്ടിയുമായി കുര്യനെയും മകളെയും ഉപേക്ഷിച്ച് പോയിരുന്നു. അതിനു ശേഷം രണ്ടാനമ്മയാണ് ലിജിയെ വളർത്തിയത്. റിജോഷുമായുള്ള വിവാഹത്തിന് ശേഷം കുടുംബവുമായി ലിജി നല്ല ബന്ധത്തിൽ ആയിരുന്നില്ല.

നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതികരണം ഭയന്ന് റിജോഷിന്റെ മരണാനന്തര ചടങ്ങുകളിൽ ലിജിയുടെ പിതാവും ഉറ്റ ബന്ധുക്കളും പങ്കെടുത്തിരുന്നില്ല. ലിജിയുമായി തങ്ങൾക്ക് ഇനി ഒരു ബന്ധവും ഇല്ലെന്ന് ഇവർ പറഞ്ഞു.

അച്ഛനു പിന്നാലെ ഈ ലോകം വിട്ടുപോയ പിഞ്ചു ജൊവാനയ്ക്ക് ചാച്ചൻ ജിജോഷിന്റെ വേദനയിൽ കുതിർന്ന യാത്രാമൊഴി. ഫെയ്സ്ബുക്കിൽ കുറിച്ച വിയോഗക്കുറിപ്പിലാണ് കൊല്ലപ്പെട്ട ജൊവാനയുടെ പിതാവ് റിജോഷിന്റെ സഹോദരൻ ജിജോഷ് വേദന പങ്കുവയ്ക്കുന്നത്.

ഫെയ്സ്ബുക് കുറിപ്പിന്റെ പൂർണ രൂപം

കുഞ്ഞുസേ സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ പ്രാത്ഥിക്കണേ.. അവിടെ നിന്നെ നോക്കാൻ നിന്റെ പപ്പാ നിനക്ക് മുൻപേ പോയി വഴി ഒരുക്കീന്നു ചാച്ചൻമാർക്ക് അറിയാം.. അല്ലേലും പണ്ടു മുതലേ കുഞ്ഞൂനെ കൂട്ടാതെ പപ്പാ എങ്ങും പോയിട്ടില്ലല്ലോ… കളിയും ചിരിയും വരകളും നിറഞ്ഞ ലോകത്തു നിന്നു മാലാഖമാരും എല്ലാവരും ഉള്ള പറുദീസയിലേക്കാണല്ലോ കുഞ്ഞു പോയത്. അവിടെ പിന്നെ ചതിയും വഞ്ചനയും ഇല്ലല്ലോ.. അല്ലേലും പപ്പാ എന്ന് പറഞ്ഞാൽ നിനക്കും ജീവനാണല്ലോ. എവിടെ പോയാലും റിജോ പപ്പാനെ മാത്രം മതീല്ലോ..

സ്നേഹിച്ചു കൊതി തീർന്നില്ലാലോ കുഞ്ഞുസേ നിന്നെ.. വിടരുന്നതിനെ മുൻപേ അടർത്തി എടുത്തല്ലോ നിന്നെ..
ചാച്ചൻ നോക്കിയേനേലോ, പൊന്നു പോലെ നോക്കിയേനേലോ നിന്നെ.. എല്ലാ ദിവസം ഓടിവന്നു കുഞ്ഞിചാച്ചാ വല്യചാച്ചാ എന്ന വിളിയോടയല്ലേ തുടങ്ങാറ്. ആ വിളി എങ്ങോ എവിടെന്നോ ഒക്കെ കേൾക്കുന്ന പോലെ.. ആദ്യമായും അവസാനമായും ബോംബെ ഒക്കെ കാണാൻ പറ്റിയല്ലോ നിനക്ക്‌.. ഡോക്ടർ ആകണം എന്ന ആഗ്രഹം സാധിച്ചു തരാൻ പറ്റിയില്ലല്ലോ..
റിജോ പപ്പയുടെ അടുത്ത് ഏറ്റവും സേഫ് ആണെന്ന് ചാച്ചൻമാർക്കറിയാം.. അല്ലേലും ഈ ലോകത്തിലെ കപട സ്നേഹത്തിൽ നിന്നു നിന്റെ പപ്പാ നിന്നെ രക്ഷിച്ചല്ലോ.. നിന്റെ ചേട്ടായിയും ചേച്ചിയും എന്നും അന്വേഷിക്കാറുണ്ട് നിന്നെ.. പപ്പയോടു പറഞ്ഞേരെ അവരെ പൊന്നുപോലെ ചാച്ചന്മാര് നോക്കൂന്ന്.
സ്നേഹത്തോടെ കുഞ്ഞിചാച്ചൻ

ഭാര്യയെ കിടപ്പുമുറിയിൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയശേഷം ഭർത്താവ് കാറിൽ കടന്നു കളഞ്ഞു. മുളവന കശുവണ്ടി ഫാക്ടറി ജംക്‌ഷൻ ചരുവിള പുത്തൻവീട്ടിൽ പഞ്ചായത്ത് വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ മോഹനന്റെയും ബ്യൂട്ടീഷ്യയായ ബിന്ദുവിന്റെയും ഏകമകൾ കൃതി മോഹൻ (25) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് കൊല്ലം കോളജ് ജംക്‌ഷൻ എംആർഎ 12 ബി ദേവിപ്രിയയിൽ വൈശാഖ് ബൈജു (28) ആണ് കാറിൽ രക്ഷപ്പെട്ടത്. ഇയാൾ പിന്നീട് കുണ്ടറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണു സംഭവം.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:

കൃതി മോഹൻ നാലു വർഷം മുൻപു തലച്ചിറ സ്വദേശിയെ വിവാഹം ചെയ്തിരുന്നു. അതിൽ മൂന്നു വയസുള്ള മകളുണ്ട്. പിന്നീട് ഭർത്താവുമായി പിണങ്ങി വിവാഹബന്ധം വേർപെടുത്തി. കുടുംബസുഹൃത്തു വഴി വൈശാഖിന്റെ ആലോചന വന്നു. കഴിഞ്ഞ ഫെബ്രുവരി രണ്ടിനു വൈശാഖുമായുള്ള വിവാഹം നടന്നു. വൈശാഖിന്റേത് ആദ്യ വിവാഹമാണ്. ഗൾഫിലേക്കു പോയ വൈശാഖ് ഒരു മാസം കഴിഞ്ഞു മടങ്ങി. ഇതര സംസ്ഥാനങ്ങളിൽ പ്രഫഷനൽ കോഴ്സുകൾക്കു പ്രവേശനം നേടി കൊടുക്കുന്ന ഏജന്റായി പ്രവർത്തിക്കുകയായിരുന്നു.

ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞു കൃതിയുടെ വീട്ടുകാരിൽ നിന്നു വസ്തു പണയപ്പെടുത്തി 10 ലക്ഷം രൂപ വാങ്ങിയതായി സൂചനയുണ്ട്. രണ്ടാഴ്ച മുൻപു വസ്തുവിന്റെ പ്രമാണം ആവശ്യപ്പെട്ടെങ്കിലും കൃതി നൽകിയില്ല. ഇതിന്റെ പേരിൽ ഇരുവരും പിണങ്ങി. വീട്ടിൽ ബഹളം കൂട്ടിയ ശേഷം വൈശാഖ് കൊല്ലത്തേക്കു പോയി. ഒരാഴ്ചയായി മുളവനയിലെ വീട്ടിലേക്ക് എത്തിയിരുന്നില്ല. തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെ മുളവനയിലെ വീട്ടിലെത്തി. കുറച്ചു സമയം എല്ലാവരുമായി സംസാരിച്ച ശേഷം കിടപ്പുമുറിയിലേക്കു പോയി.

വീട്ടുകാർ ടിവി കാണുകയായിരുന്നു. രാത്രി 9.30ന് ബിന്ദു കതകിൽ തട്ടി ആഹാരം കഴിക്കാൻ വിളിച്ചെങ്കിലും കുറച്ചു കഴിഞ്ഞു മതിയെന്നു പറഞ്ഞു. രാത്രി പത്തര കഴിഞ്ഞിട്ടും രണ്ടാളെയും കാണാത്തതിനെ തുടർന്നു ബിന്ദു വീണ്ടും വിളിച്ചു. വൈശാഖ് കതക് തുറന്നു. അപ്പോൾ കൃതി കട്ടിലിൽ കിടക്കുകയായിരുന്നു. ഭാര്യയ്ക്ക് എന്തോ അസ്വസ്ഥതയാണെന്നും ആശുപത്രിയിൽ കൊണ്ടുപോകാമെന്നും പറഞ്ഞ് കട്ടിലിൽ നിന്നും എടുത്തപ്പോൾ വീട്ടുകാർക്കു സംശയം തോന്നി. വൈശാഖ് പെട്ടെന്നു തന്നെ കൃതിയെ തറയിൽ കിടത്തി മുറ്റത്തേക്കിറങ്ങി.

ഈ സമയം കൃതിയുടെ പിതാവ് പിന്നാലെ ഓടിയെത്തി. വൈശാഖ് കാറിൽ കയറി സ്റ്റാർട്ടാക്കിയപ്പോൾ മോഹനൻ വണ്ടിയുടെ മുന്നിൽ തടസ്സം നിന്നു. ഇടിച്ചു വീഴ്ത്തുന്ന തരത്തിൽ വണ്ടി മുന്നോട്ട് എടുത്തപ്പോൾ ഭയന്നു മാറി. തുടർന്നു വൈശാഖ് അമിത വേഗത്തിൽ കാറോടിച്ചു പോവുകയായിരുന്നു. ഉടനെ വീട്ടുകാർ കുണ്ടറ പൊലീസിൽ വിവരമറിയിച്ചു. പൊലീസും വാർഡ് മെമ്പർ സിന്ധു രാജേന്ദ്രനും സ്ഥലത്തെത്തി. ചൊവ്വാഴ്ച രാത്രി കുണ്ടറ പൊലീസ് സ്റ്റേഷനിൽ എത്തിയ വൈശാഖ് കീഴടങ്ങുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി.

ആലപ്പുഴ വെണ്മണിയിൽ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. ബംഗ്ലാദേശ് സ്വദേശികളായ ലബാലു, ജുവൽ എന്നിവരെ വിശാഖപട്ടണത്തുവച്ച് ആർപിഎഫ് പിടികൂടുകയായിരുന്നു. വീട്ടിൽനിന്ന് കാണാതായ സ്വർണവും ഇവരുടെ പക്കൽനിന്ന് പിടിച്ചെടുത്തു. പ്രതികളെ ഉടൻ കേരളപൊലീസിന് കൈമാറുമെന്ന് ആർപിഎഫ് അറിയിച്ചു

കോറമണ്ഡൽ എക്സ്പ്രസിൽ ഹൗറയിലേക്കുള്ള യാത്രാമധ്യേയാണ് പ്രതികൾ കുടുങ്ങിയത്. എസ് വൺ കോച്ചിൽ യാത്രചെയ്തിരുന്ന ഇരുവരെയും വിശാഖപട്ടണത്തുവച്ച് ആർപിഎഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന ബാഗിൽനിന്ന് സ്വർണം കണ്ടെത്തിയതായും, ഇതിന്റെ അളവ് തിട്ടപ്പെടുത്തിയിട്ടില്ലെന്നും ആർപിഎഫ് അറിയിച്ചു. ദമ്പതികളെ കൊലപ്പെടുത്തി വീട്ടിൽനിന്ന് കവർന്ന സ്വർണമാണിതെന്നാണ് നിഗമനം. കവർച്ചാശ്രമത്തിനിടെ ഇരട്ടകൊലപാതകം നടത്തിയ പ്രതികൾ, സംസ്ഥാനം വിട്ടേക്കാമെന്നു പൊലീസിന് ആദ്യമേ സൂചനയുണ്ടായിരുന്നു.

ആദ്യം കസ്റ്റഡിയിലെടുത്ത രണ്ട് ഇതരസംസ്ഥാന തൊഴിലാളികളിൽ നിന്നാണ് ഈ സൂചന ലഭിച്ചത്. തുടർന്ന് ലുക് ഔട്ട് നോട്ടീസ് ഇറക്കി അന്വേഷണം ഊർജിതമാക്കി മണിക്കൂറുകൾക്കകമാണ് പ്രതികൾ വലയിലായത്. നടപടികൾ പൂർത്തിയാക്കി കേരളപൊലീസിന് കൈമാറുമെന്ന് ആർപിഎഫ് അറിയിച്ചു.

ഇന്നലെ രാവിലെയാണ് എഴുപത്തിയഞ്ചുകാരനായ ചെറിയാനെയും, ഭാര്യ ലില്ലിയെയും വീടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. തലയിൽ ആഴത്തിൽ മുറിവേറ്റ് ചോരവാർന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. പ്രാഥമിക പരിശോധനയിൽതന്നെ കവർച്ചശ്രമത്തിനിടെയുണ്ടായ കൊലപാതകം എന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. പിടിയിലായവർ നേരിട്ടാണോ കൃത്യംനടത്തിയത്, മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഇനി ഉത്തരം ലഭിക്കണം.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : യുകെ പൊതുതിരഞ്ഞടുപ്പ് പ്രചാരണത്തിൽ ഇടപെടരുതെന്ന് ഹിന്ദു ദേശീയ പാർട്ടിക്ക് ബ്രിട്ടീഷ് ഇന്ത്യക്കാരുടെ മുന്നറിയിപ്പ്. ഇന്ത്യയുടെ ഭരണകക്ഷിയായ ബിജെപിയുടെ യുകെ സപ്പോർട്ട് ഗ്രൂപ്പ് തങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ബ്രിട്ടനിലെ ഇന്ത്യക്കാർ പറയുന്നു. കഴിഞ്ഞയാഴ്ച, ഇന്ത്യയുടെ ഭരണകക്ഷിയായ ഹിന്ദു ദേശീയ പാർട്ടിയായ ബിജെപിയുടെ യുകെ സപ്പോർട്ട് ഗ്രൂപ്പ്, 48 സീറ്റുകളിൽ ടോറികൾക്കായി പ്രചാരണം നടത്തുകയുണ്ടായി. ലേബർ പാർട്ടിക്കെതിരെ വോട്ടുചെയ്യാൻ പ്രേരിപ്പിച്ച് ബ്രിട്ടീഷ് ഹിന്ദുക്കൾക്കിടയിൽ വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും പ്രചരിച്ചിരുന്നു. യുകെയിൽ ഗുജറാത്തി ഹിന്ദുക്കൾ കൂടുതലുള്ള വടക്ക്-പടിഞ്ഞാറൻ ലണ്ടൻ നഗരപ്രാന്തമായ ഹാരോയിലെ ആളുകൾ, യുകെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപി നടത്തുന്ന ഇടപെടലിനെ വിമർശിച്ചു.’ അവർ ഇവിടുത്തെ രാഷ്ട്രീയത്തിൽ ഇടപെടേണ്ടതില്ല.’ 67 കാരനായ സുരേഷ് മോർജാരിയ പറഞ്ഞു. ഇന്ത്യയിൽ അവർക്ക് ഇഷ്ടമുള്ളത് ചെയ്യാൻ കഴിയുമെന്നും എന്നാൽ ഇത് മറ്റൊരു രാജ്യം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2011 ലെ സെൻസസ് അനുസരിച്ച് ഹാരോ പ്രദേശത്തെ ജനസംഖ്യയുടെ 26.4% ബ്രിട്ടീഷ് ഇന്ത്യക്കാരാണെന്നതിനാൽ, ബിജെപി വ്യക്തമായി ലക്ഷ്യമിടുന്ന പ്രദേശം കൂടിയാണിത്. എന്നാൽ അവിടുത്തെ ഒട്ടുമിക്ക എല്ലാവരും ബിജെപിയുടെ ഗ്രൂപ്പിന്റെ ഇടപെടലിനെ വിമർശിക്കുകയാണ് ചെയ്തത്. “ഇത് തെറ്റാണ്,” 34 കാരനായ കമലേഷ് നായി പറഞ്ഞു. ബിജെപി സപ്പോർട്ട് ഗ്രൂപ്പിന്റെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങളുടെ സ്വാധീനത്തെക്കുറിച്ചും ജനങ്ങൾ ആശങ്കാകുലരാണ്. മുതിർന്നവരെയാണ് ഇത് കൂടുതൽ സ്വാധീനിക്കുന്നതെന്ന് അവർ വെളിപ്പെടുത്തുകയുണ്ടായി. വംശീയമോ മതപരമോ ആയ വോട്ട് ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കരുതെന്ന് 78കാരിയായ സൈറ അൻവർ പറഞ്ഞു. ആളുകൾ സ്വയം ചിന്തിച്ചാണ് വോട്ട് രേഖപ്പെടുത്തുന്നതെന്നും അതിനാൽ തന്നെ ഏത് പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് അവർ ഇപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുന്നുവെന്നും അവർ പറഞ്ഞു.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

കേംബ്രിഡ്ജിലെ ഇന്ത്യൻ റിസർച്ച് സ്കോളർ ആയ ആസിയ ഇസ്ലാം, ഹോം ഓഫീസിൽ നൽകിയ ലീവ് എക്സ്റ്റൻഷൻ ആപ്ലിക്കേഷൻ ലെറ്റർ ആണ്, കൂടുതൽ കാലം യുപിഎയുടെ പുറത്താണ് ചെലവഴിച്ചത് എന്ന കാരണത്താൽ ഓഫീസ് അധികൃതർ നിരസിച്ചത്. അനിശ്ചിതകാലത്തേക്ക് ലീവ് നീട്ടി ചോദിച്ചുകൊണ്ട് യുകെ ഹോം ഓഫീസിലാണ് ആസിയ കത്തയച്ചത്. എന്നാൽ യുകെയിലെ സ്ഥിരതാമസം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ തള്ളിക്കൊണ്ട് ആസിയക്ക് ഓഫീസ് മറുപടി കത്ത് നൽകി. ഇതിൽ പ്രതിഷേധിച്ച് നൂറുകണക്കിന് അക്കാദമിക്കുകളും വിദ്യാർത്ഥികളും ഗവേഷകരും ഒപ്പിട്ട കത്ത് യുകെ ഹോം ഓഫീസിലേക്ക് അയച്ചു. നടപടി പിൻവലിക്കണമെന്നും മിസ്സ്‌ ഇസ്ലാമിന് തുടർന്നും യുകെയിലെ സ്ഥിരതാമസത്തിന് സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്.

31 കാരിയായ ആസിയ പറയുന്നു” ജൻഡർ ക്ലാസ്സ് ആൻഡ് ലേബർ ഇൻ ന്യൂ എക്കോണമി ഓഫ് അർബൻ ഇന്ത്യ എന്ന വിഷയത്തിൽ തന്റെ റിസർച്ച് ആവശ്യത്തിനു വേണ്ടിയാണ് കൂടുതൽ സമയം ന്യൂഡൽഹിയിൽ ചിലവഴിക്കേണ്ടി വന്നത്. ഇത് സംബന്ധിച്ച രേഖകൾ ഹോം ഓഫീസിൽ സമർപ്പിച്ചതും ആണ് എന്നാൽ അത് ചെവിക്കൊള്ളാൻ അധികൃതർ തയ്യാറല്ല. ഇത് സംബന്ധിച്ച് ഞെട്ടലും ദുഃഖവും അവർ ട്വിറ്ററിലൂടെ രേഖപ്പെടുത്തി. ഐ എൽ ആർ ആപ്ലിക്കേഷന് വേണ്ടി അവർക്ക് ഏകദേശം 3500 ഓളം പൗണ്ട് ചെലവായിട്ടുണ്ട്.

 

ഇന്ത്യയിലേക്ക് മടങ്ങി പോയി പഴയ സൗഹൃദങ്ങൾ ഒക്കെ പൊടിതട്ടിയെടുത്ത് അവിടെത്തന്നെ താമസിക്കാനാണ് അധികൃതർ നൽകിയ കത്തിൽ പറയുന്നത്.ലീവ് നീട്ടി കൊടുക്കുന്നതിനേക്കാൾ നല്ലത് എന്നെന്നേക്കുമായി മടങ്ങി പോകുന്നതാണ് എന്നും കത്തിൽ പരാമർശിക്കുന്നു.

10 വർഷത്തോളമായി യുകെയിൽ താമസിക്കുന്ന ഗവേഷകയെ അപമാനിക്കരുത് എന്നും, യുകെ വളർത്തിക്കൊണ്ടുവന്ന മിടുക്കിയായ സ്കോളറെ തിരികെ പറഞ്ഞയക്കുന്നത് രാജ്യത്തിനുതന്നെ നഷ്ടമാണെന്നും, ഈ പ്രവൃത്തി യുകെ ഗവൺമെന്റിന്റെ ആഗോള ബ്രിട്ടൺ എന്ന ദർശനത്തിന് എതിരാണെന്നും അക്കാദമിക സമൂഹം നൽകിയ തുറന്ന കത്തിൽ പറയുന്നു.

അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി യിൽ നിന്നും അക്കാദമിക മികവിന് സക്കീർഹുസൈൻ മെഡൽ വാങ്ങിയ ആസിയയ്ക്ക് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് മികച്ച ഡിഗ്രി പെർഫോമൻസിനുള്ള അവാർഡും ലഭിച്ചിരുന്നു. ആസിയ ഇപ്പോൾ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗേറ്റ് സ്കോളർ ആണ്.

19 ദിവസം നീണ്ട നിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണം. കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശയില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ആറ് മാസത്തേക്കാണ് രാഷ്ട്രപതി ഭരണം. നിയമസഭാ പിരിച്ചുവിടാതെയാണ് രാഷ്ട്രപതിഭരണം.

സര്‍ക്കാര്‍ രൂപീകരണം സാധ്യമായില്ലെന്നും ഭരണഘടനയുടെ അനുച്ഛേദം 356 പ്രകാരം നടപടി വേണമെന്നും കാണിച്ചാണ് ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് കേന്ദ്രമന്ത്രിസഭയും അംഗീകരിച്ചു. സര്‍ക്കാരുണ്ടാക്കാന്‍ എന്‍.സി.പിക്ക് ഇന്നുരാത്രി എട്ടരവരെ സമയം അനുവദിച്ചിരിക്കെയാണ് രാഷ്ട്രപതിഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ നല്‍കിയത്.

അതേസമയം സര്‍ക്കാര്‍ രൂപീകരണത്തിന് 48 മണിക്കൂര്‍ കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി ഗവര്‍ണര്‍ക്ക് കത്തുനല്‍കി. സര്‍ക്കാര്‍ രൂപീകരണത്തിന് സമയം അനുവദിച്ചതില്‍ അപാകതയുണ്ടെന്ന് കാണിച്ച് ശിവസേന സൂപ്രീംകോടതിയെ സമീപിച്ചു. തങ്ങള്‍ക്ക് 24 മണിക്കൂര്‍ മാത്രം അനുവദിച്ച ഗവര്‍ണര്‍ ബിജെപിക്ക് 48 മണിക്കൂര്‍ അനുവദിച്ചതില്‍ വിവേചനമുണ്ടെന്നാണ് ആക്ഷേപം. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ശിവസേനയ്ക്കുവേണ്ടി ഹാജരായേക്കും.

ചെങ്ങന്നൂരിലെ വൃദ്ധദമ്പതികളുടെ കൊലപാതകത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് ബംഗ്ലാദേശ് പൗരന്മാർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ഇവർ കേരളംവിട്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊഴുവല്ലൂർ ആഞ്ഞിലിമൂട്ടിൽ ചെറിയാൻ, ഭാര്യ ലില്ലി എന്നിവരെ കൊലപ്പെടുത്തിയത് കവർച്ചാശ്രമത്തിനിടെയാണെന്നാണ് പൊലീസ് നിഗമനം.

ഇന്ന് പുലർച്ചെയാണ് എഴുപത്തിയഞ്ചുകാരനായ ചെറിയാനെയും അറുപത്തിയെട്ടുകാരിയായ ഭാര്യ ലില്ലിയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ ആഴത്തിൽ മുറിവേറ്റ് ചോരവാർന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. പ്രാഥമിക പരിശോധനയിൽതന്നെ കവർച്ചശ്രമത്തിനിടെയുണ്ടായ കൊലപാതകം എന്ന് പൊലീസ് ഉറപ്പിച്ചു. തുടർന്ന് നേരത്തെ വീട്ടിൽ ജോലിക്കെത്തിയ രണ്ട് ഇതരസംസ്ഥാനക്കാരായ തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.

ഇവരിൽനിന്നാണ് പ്രതികളെന്ന് സംശയിക്കുന്നവരെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചത്. കസ്റ്റഡിയിൽ എടുത്തവർക്കൊപ്പം താമസിച്ചിരുന്ന, ബംഗ്ലാദേശ് സ്വദേശികളായ ലബാലു, ജുവൽ എന്നിവർക്കായി പൊലീസ് പിന്നീട് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. കൃത്യത്തിനുശേഷം ഇവർ ട്രെയിൻമാർഗം സംസ്ഥാനം വിട്ടതായാണ് സൂചന. റെയിൽവേ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. രാവിലെ അയൽവാസികളാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന പികാസും മൺവെട്ടിയും വീടിനു സമീപത്ത് നിന്ന് പൊലീസ് കണ്ടെത്തി. വൃദ്ധദമ്പതികൾ മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. മക്കൾ ഇരുവരും വിദേശത്താണ്.

Copyright © . All rights reserved