India

ശാന്തൻപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരൻ റിജോഷിനെ
കൊലപ്പെടുത്തിയ കേസിലെ പ്രതി ഫാം ഹൗസ് മാനേജർ വസീമിന്റെ(32) നില അതീവ ഗുരുതരം. റിജോഷിന്റെ ഭാര്യ ലിജി അപകടനില തരണം ചെയ്തു. ജൊവാനയെ ഒരു മാലാഖയാക്കണമെന്ന് റിജോഷിന്റെ സഹോദരൻ ഫാദർ വിജേഷ് മുള്ളൂർ ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം:

ഈശോയേ, പറ്റുമെങ്കിൽ അവളെ ഒരു മാലാഖയാക്കണം, ബോധമില്ലാത്ത ഞങ്ങളുടെ കുടുംബങ്ങൾക്ക് ഒരു സംരക്ഷണമായി, ഓർമപ്പെടുത്തലായി. കളകൾ പറിക്കണ്ട , ഒരു പക്ഷെ നിങ്ങൾ വിളയും കൂടെ പറിക്കാൻ ഇടയാകും എന്ന് പറഞ്ഞിട്ട് , എന്തിനാണീശോ ഈ മാലാഖ കുഞ്ഞിനെ കളകളോടൊപ്പം നീ വിട്ടുകൊടുത്തത്.‘

മഹാരാഷ്ട്ര പൊലീസാണ് ഒന്നാം പ്രതി വസീമിനെയും റിജോഷിന്റെ ഭാര്യ ലിജിയെയും വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കും മുന്‍പെ റിജോഷിന്റെ രണ്ടര വയസ്സുള്ള മകള്‍ മരിച്ചു.

ഇടുക്കി, രാജകുമാരിയിൽനിന്ന് വസീമിനൊപ്പം കടന്നപ്പോൾ കുട്ടിയെയും ലിജി ഒപ്പം കൂട്ടിയിരുന്നു. ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലുള്ള റിജോഷിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെത്തിയത്. റിജോഷിനെ കൊലപ്പെടുത്തിയത് താനാണെന്ന് വസീം വെളിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

റിജോഷിനെ കാണാതായതിനു പിന്നാലെ ഭാര്യ ലിജിയെയും മകളേയും കാണാനില്ലായെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. കൊലപാതകത്തിനു ശേഷം വസീമിനൊപ്പം ലിജി മകളേയും കൂട്ടി മുംബൈയിലേക്ക് കടക്കുകയായിരുന്നു. റിജോഷിനെ കാണാനില്ലെന്ന് ലിജിയും പരാതി നൽകിയിരുന്നു. സംഭവത്തിൽ ലിജിക്കും അറിവുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇരുവരുടേയും ആരോഗ്യനില ഗുരുതരമാണ്.

രാത്രി വേളാങ്കണ്ണിയാത്രയിൽ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി യുവതിയുടെ കുറിപ്പ്. ആനി ജോൺസണെന്ന യുവതിയുടെ കുറിപ്പ് സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. പോസ്റ്റിങ്ങനെ:

തമിഴ്നാട്ടിൽ രാത്രി സഞ്ചാരികൾ സൂക്ഷിക്കുക. എന്റെ അനുഭവം പങ്കുവെക്കുന്നു – ഞാൻ ഇന്ത്യ മുഴുവനും രാത്രിയോ പകലോ എന്നു നോക്കാതെ സ്വയം വണ്ടിയോടിച്ചു പോയിട്ടുള്ള ആളാണ്. കാശ്മീരിലോ നാഗാലാൻഡിലോ അരുണാചൽ പ്രാദേശിലോ ഒരിക്കലും ഉണ്ടാകാത്ത ഒരു അനുഭവം ഈയടുത്ത വേളാങ്കണ്ണി യാത്രയിൽ ഉണ്ടായി.

സ്വയം കാറോടിച്ചു പോവുകയായിരുന്നു. ഏകദേശം രാത്രി പത്തരയ്ക്കുശേഷം തഞ്ചാവൂരിൽ ചായ കുടിക്കുവാൻ വണ്ടി നിർത്തി. ഇനി ബാക്കി ഏകദേശം ദൂരം 90 കി.മി. മാത്രം. അതുകൊണ്ട് പാതിരക്കു മുൻപ് വേളാങ്കണ്ണിയിൽ എത്തി ഏതെങ്കിലും ഹോട്ടലിൽ കിടന്നുറങ്ങാം എന്നുവിചാരിച്ചു. ചായകുടിച്ചതിനു ശേഷം പിന്നീടുള്ള യാത്രയിൽ ഞാൻ സാധാരണ സ്പീഡിൽ എത്തുന്നതിനു മുൻപേ (വേറെ വണ്ടികളൊന്നും എന്നെ ഓവർ ടേക്ചെയ്യാറില്ല), മുൻപിൽ ഉണ്ടായിരുന്ന ഒരു ചെറിയ വാനിൽനിന്നും മണലു പോലുള്ള എന്തോ കാറ്റിൽ പറന്നെത്തി എന്റെ കാറിന്റെ ചില്ലിൽ പതിച്ചു. അപ്പോൾ അസ്വഭാവികത ഒന്നും തോന്നിയില്ല. ആ വാനിനെ ഞാൻ അനായാസം ഓവർ ടേക് ചെയ്ത് ഓടിച്ചു പോയി.

കുറെ ദൂരം ചെന്നപ്പോൾ വണ്ടിയുടെ ചില്ലിലൂടെ മുൻപോട്ടു കാഴ്ച കുറഞ്ഞു വന്നു. ആദ്യം എ.സി. ഞാൻ മുൻപിലെ ചില്ലിലേക്കു തിരിച്ചു വെച്ചു. പക്ഷെ മിസ്റ്റിങ് കൂടിക്കൂടി വന്നു. മുൻപിൽ നിന്നും ഒരു വണ്ടി വന്നപ്പോൾ ഒന്നും കാണാൻ മേലാത്ത അവസ്ഥ. അപ്പോൾ വൈപ്പർ ഓപ്പറേറ്റ് ചെയ്തു. വെള്ളം വീണപ്പോൾ ചില്ലു തീർത്തും സുതാര്യമല്ലാതായി. ഞാൻ വണ്ടി സൈഡിൽ നിർത്തി മുൻ സീറ്റിൽ ഉറങ്ങി കൊണ്ടിരുന്ന സുഹ്രത്തിനെ ഇറക്കി ഗ്ലാസ്സു തുടക്കുവാൻ വിട്ടു. തീർത്തും വിജനമായ സ്ഥലം ആയതു കൊണ്ട് വളരെ പെട്ടന്ന് ചില്ലു തുടച്ചു ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി. പക്ഷെ പെട്ടന്ന് വീണ്ടും ചില്ലിൽ മഞ്ഞു വെള്ളം പിടിച്ചു മങ്ങി. അപ്പോൾ തോന്നി സംഗതി പന്തിയല്ല എന്ന്. ആ വാനിൽ നിന്നും എന്തോ കെമിക്കൽ ഇട്ടതാണ് എന്നു മനസിലായി.

അങ്ങനെ ആണെങ്കിൽ അവരുടെ ആൾക്കാർ വഴിയിൽ എവിടെയോ കാത്തിരിപ്പുണ്ട്, അല്ലെങ്കിൽ അവർ ഉടനെ പുറകെ എത്തും. പക്ഷെ വീണ്ടും ചില്ലു തുടക്കാതിരിക്കുവാനും പറ്റില്ല. അങ്ങനെ വണ്ടി വീണ്ടും നിർത്തി ചില്ലു തുടച്ചു. ആരെങ്കിലും ആക്രമിക്കുവാൻ വന്നാൽ അവർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മറുപടി കൊടുക്കുവാൻ മനസുകൊണ്ട് ഒരുങ്ങിയിരുന്നു. എന്നാലും പിന്നീടുള്ള യാത്ര അതീവ ദുരിതമായിരുന്നു. ഒരു പത്തു പ്രാവശ്യമെങ്കിലും ചില്ലു തുടക്കേണ്ടി വന്നു. സഹയാത്രികൻ നീളമുള്ള കയ്കൊണ്ടു വണ്ടിയിൽ ഇരുന്നു ഓടിച്ചു കൊണ്ട് തന്നെ ചില്ലു തുടക്കുവാൻ പഠിച്ചു. അവസാനം ഞങ്ങൾ വേളാങ്കണ്ണിയിൽ എത്തിയത് വെളുപ്പിനെ മൂന്നു മണിക്ക്.

യാത്രയുടെ അവസാനം വിശദമായി നിർത്തി പരിശോധിച്ചപ്പോൾ വണ്ടിയുടെ മുകളിലും ബോണറ്റിലും എല്ലാം നെറയെ വെള്ളം പിടിച്ചിരിക്കുന്നു, ഒരു വെളുത്ത പൊടിപോലുള്ള അവശിഷ്ടവും കണ്ടു. എന്തു കെമിക്കൽ ആണെങ്കിലും സംഗതി വളരെ ഫലവത്താണ്. എന്റെ സ്പീഡും, ഉടനെ വൈപ്പർ ഉപയോഗിക്കാതിരുന്നതും, പിന്നെ വേളാങ്കണ്ണി മാതാവിന്റെ അനുഗ്രഹവും കൊണ്ടായിരിക്കും ആ ഹൈവേ കൊള്ളക്കാരിൽ നിന്നും രക്ഷപെട്ടത്. പോലീസിൽ പരാതി കൊടുത്തില്ല. ഈ വഴി രാത്രി കാർ യാത്രക്കാർ എല്ലാവരും സൂക്ഷിക്കുക, ഷെയർ ചെയ്യുക.

ഇന്ത്യന്‍ തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ സമൂല പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്ന മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന്‍ അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ചെന്നൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ്. 1990 മുതല്‍ 96 വരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് പ്രക്രിയയെ സുതാര്യവത്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് നല്‍കിയ സംഭാവനയ്ക്ക്, റമോണ്‍ മാഗ്‌സസെ പുരസ്‌കാരം നേടിയിട്ടുണ്ട്.

രാജ്യത്തിന്റെ പത്താമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന അദ്ദേഹത്തിന്റെ കാലത്താണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ അധികാരങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് തുടങ്ങിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സുതാര്യതയ്ക്കും കര്‍ശനമായ പരിശോധനയ്ക്കുമുള്ള ശ്രമങ്ങളാണ് ശേഷന്റെ നേതൃത്വത്തില്‍ നടന്നത്. ഏകാംഗ കമ്മീഷന് പകരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കൊപ്പം മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെക്കൂടി ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാര്‍ വിപുലീകരിച്ചത് തന്നെ ടി എന്‍ ശേഷനെ നിയന്ത്രിക്കാനാണ് എന്ന് അഭിപ്രായമുയര്‍ന്നിരുന്നു.

1932 ഡിസംബർ 15ന് പാലക്കാട് തിരുനെല്ലായിയിലാണ്, തിരുനെല്ലായ് നാരായണ ശേഷന്‍ എന്ന ടി എന്‍ ശേഷന്റെ ജനനം. പാലക്കാട് ബിഇഎം സ്കൂളിലും വിക്ടോറിയ കോളേജിലും മദ്രാസ് ക്രിസ്ത്യൻ കോളേജിലുമായി വിദ്യാഭ്യാസം. സിവിൽ സർവീസ് പാസായതിന് ശേഷം യുഎസിലെ ഹാർവാർഡ് യൂണിവേഴ് സിറ്റിയിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് ബിരുദം നേടി. 1955ല്‍ തമിഴ്‌നാട് കേഡര്‍ (മദ്രാസ്) ഉദ്യോഗസ്ഥനായി ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ ചേര്‍ന്നു. തമിഴ്‌നാട് സര്‍ക്കാരിലും കേന്ദ്ര സര്‍ക്കാരിലും വിവിധ വകുപ്പുകളില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ടി എൻ ശേഷനെ കാബിനറ്റ് സെക്രട്ടറിയായി നിയമിച്ചു. ആസൂത്രണ കമ്മീഷൻ അംഗമായും അദ്ദേഹം പ്രവർത്തിച്ചു.

1990ൽ ടി എൻ ശേഷൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശേഷനെ ഇന്ത്യന്‍ ബ്യൂറോക്രസിയുടെ ഐക്കണ്‍ ആയി മാറ്റിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ, കമ്മീഷൻ്റെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാന്‍ ടി എന്‍ ശേഷന് കഴിഞ്ഞു. 1997ൽ കെ ആർ നാരായണന് എതിരെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ശേഷൻ്റെ തിരഞ്ഞെടുപ്പ് കമ്മീഷനിലെ പ്രവർത്തനങ്ങളും നേട്ടങ്ങളും

.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കാന്‍ ശ്രമിച്ചു.

.വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തി.

.സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചിലവുകള്‍ക്ക് പരിധി നിശ്ചയിച്ചു.

.തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ സ്വയംഭരണാധികാരങ്ങൾ ഫലപ്രദമായി ഉപയോഗിക്കപ്പെട്ടു.

.വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നത് നിയന്ത്രിക്കാൻ കഴിഞ്ഞു.

.ഔദ്യോഗിക സംവിധാനങ്ങൾ തിരഞ്ഞെടുപ്പിൽ ദുരുപയോഗം ചെയ്യുന്നത് ഒരു പരിധി വരെ തടയാനായി.

.ആരാധനാലയങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് അവസാനിപ്പിച്ചു.

.പ്രചാരണത്തിന്റെ ഭാഗമായി മുന്‍കൂര്‍ അനുമതിയില്ലാതെ ലൗഡ് സ്പീക്കറുകളും മറ്റും ഉപയോഗിക്കുന്നത് തടഞ്ഞു.

.രാത്രികാല പ്രചാരണം നിർത്തലാക്കി.

.ഒരു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ തിരഞ്ഞെടുപ്പ് നടക്കാത്ത ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയമിച്ച് തുടങ്ങിയത് ശേഷന്റെ കാലത്താണ്.

മഹാരാഷ്ട്രയിൽ ശിവസേന – എൻസിപി സർക്കാരിനെ കോൺഗ്രസ് പിന്തുച്ചേക്കുമെന്ന് റിപ്പോർട്ട്. കോൺഗ്രസ് ദേശീയ നേതൃത്വത്തോട്, സേനയുമായി സഹകരിക്കണമെന്ന് ആവശ്യം സംസ്ഥാന നേതാക്കൾ ആവർത്തിച്ച് ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാരിന് പുറത്ത് നിന്ന് പിന്തുണ നൽകാൻ കോൺഗ്രസ് ആലോചിക്കുന്നത്. കോൺഗ്രസ് ദേശീയ നേതൃത്വവും പ്രസിഡൻ്റ് സോണിയ ഗാന്ധിയും സേനയുമായി സഹകരിക്കുന്നതിൽ ഒട്ടും താൽപര്യമില്ല. സോണിയയുടെ നിലപാട് മൂലം എൻസിപി അധ്യക്ഷൻ ശരദ് പവാറും സേനയുമായി സഖ്യമില്ല എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്ന് 18 ദിവസമായിട്ടും സർക്കാർ രൂപീകരിക്കാൻ കഴിയാത്ത പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് എൻസിപിയും കോൺഗ്രസും പുനരാലോചന നടത്തുന്നത്

അതിനിടെ ഇന്നലെ നടന്ന ശിവസേന യോഗത്തിൽ എംഎൽഎമാർ ഉയർത്തിയ അഭിപ്രായം ആദിത്യ താക്കറെയല്ല, ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയാകണം എന്നാണ്. അങ്ങനെ വന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ലാത്ത ഉദ്ധവ് താക്കറെ അടുത്ത ആറ് മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പിനെ നേരിട്ട് നിയമസഭയിലെത്തേണ്ടി വരും. ഉദ്ധവിൻ്റെ മകനും യുവസേന നേതാവുമായ ആദിത്യ താക്കറെ വർളി മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ശിവസേന മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമ്പോൾ ആദിത്യ താക്കറെ മുഖ്യമന്ത്രിയാകും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ബാൽ താക്കറെയുടെ കുടുംബത്തിൽ നിന്ന് ആദ്യമായി തിരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് വന്നത് ആദിത്യ താക്കറെയാണ്. എന്നാലിപ്പോൾ പാർട്ടി അധ്യക്ഷനായ ഉദ്ധവ് തന്നെ മുഖ്യമന്ത്രിയാകട്ടെ എന്ന അഭിപ്രായമാണ് എംഎൽഎമാർക്ക്. ഇതിനോടുള്ള ഉദ്ധവ് താക്കറെയുടെ പ്രതികരണം വ്യക്തമല്ല.

ശിവസേനയുമായി ചേർന്ന് സർക്കാരുണ്ടാക്കില്ലെന്നും പ്രതിപക്ഷത്തിരിക്കുമെന്നും എൻസിപി അധ്യക്ഷൻ ശരദ് പവാർ ആവർത്തിച്ച് പറഞ്ഞിരുന്നു. കോൺഗ്രസ് പ്രസിഡൻ്റ് സോണിയ ഗാന്ധിയുമായും ശിവസേന എം പി സഞ്ജയ് റാവുത്തുമായും നടത്തിയ ചർച്ചകൾക്ക് പിന്നാലെ പവാർ ഇക്കാര്യം പറഞ്ഞിരുന്നു. ജനവിധി ബിജെപി – ശിവസേന സഖ്യത്തിന് അനുകൂലമാണെന്നും മഹാരാഷ്ട്രയിലെ പ്രതിസന്ധി പരിഹരിക്കാൻ ഇരു പാർട്ടികളും ചേർന്ന് എത്രയും പെട്ടെന്ന് സർക്കാർ രൂപീകരിക്കണമെന്നും പവാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇരു പാർട്ടികൾക്കുമിടയിൽ ഒരു തരത്തിലുള്ള സമവായവുമുണ്ടായില്ല.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. ഇക്കാര്യം അദ്ദേഹം മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കണ്ട് അറിയിക്കുകയും ചെയ്തു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവലഭൂരിപക്ഷം തങ്ങള്‍ക്കില്ലെന്നായിരുന്നു ഫട്‌നാവിസ് ഗവര്‍ണറെ അറിയിച്ചത്.

ശിവസേനയുമായുള്ള ബന്ധം അവസാനിച്ചെന്ന് അദ്ദേഹം പിന്നീട് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. മുന്നണിയായി മത്സരിച്ചശേഷം പിന്നില്‍ നിന്നും കുത്തുകയാണ് ശിവസേന ചെയ്തതെന്ന് ഫട്‌നാവിസ് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ഗവര്‍ണറെ അറിയിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പട്ടീലും വ്യക്തമാക്കി. സംസ്ഥാനത്ത് ജനം വിധിയെഴുതിയത് ബിജെപി-ശിവസേന സഖ്യത്തിനാണ്. എന്നാല്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിനൊപ്പം ചേര്‍ന്ന് ജനങ്ങളെ അപമാനിക്കാനാണ് ശിവസേനയുടെ താല്‍പര്യമെന്നും അദ്ദേഹം ആരോപിക്കുന്നു. അതാണ് താല്‍പര്യമെങ്കില്‍ ശിവസേനയ്ക്ക് എല്ലാ ആശംസകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിക്കൂറുകള്‍ നീണ്ട കോര്‍കമ്മിറ്റി യോഗത്തിന് ശേഷമാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്നും പിന്മാറാന്‍ ബിജെപി തീരുമാനിച്ചത്.

അതേസമയം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന തയ്യാറായി കഴിഞ്ഞു. അവകാശവാദവുമായി ഗവര്‍ണറെ സമീപിക്കുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് അറിയിച്ചു. ശിവസേന മുഖ്യമന്ത്രിയാകും ഇനി ഉണ്ടാകുകയെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു. ശിവസേനയ്ക്ക് മുഖ്യമന്ത്രി പദവിയും എന്‍സിപിയ്ക്ക് ഉപമുഖ്യമന്ത്രി പദവിയും നല്‍കിയുള്ള സമവായത്തിനാണ് കളമൊരുങ്ങുന്നത്. ഇതിനിടെ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ പഠിക്കാന്‍ എഐസിസി പ്രത്യേക നിരീക്ഷണ സംഘത്തെ മഹാരാഷ്ട്രയിലേക്ക് അയച്ചിരിക്കുകയാണ്.

കയ്യിലൊരു ഒഴിഞ്ഞ അലൂമിനിയം പാത്രവുമായി നീല കുര്‍ത്തയും നിക്കറും ധരിച്ച് ക്ലാസ്മുറിയിലേക്ക് ഒളിഞ്ഞുനോക്കുകയായിരുന്നു അവള്‍. തന്റെ പ്രായക്കാരായ കുട്ടികള്‍ നീല സ്‌കൂള്‍ യൂണിഫോമിലിരുന്ന് പഠിക്കുന്ന ക്ലാസ് മുറിയെ അവള്‍ ക്ലാസ് തീരുന്നതും കാത്ത് ശല്യപ്പെടുത്താതെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് തെലുങ്ക് പത്രമായ ഈനാടിന്റെ ഫോട്ടോഗ്രാഫര്‍ അവുല ശ്രീനിവാസിന്റെ കണ്ണുകളില്‍ അവള്‍ പതിഞ്ഞത്. നവംബര്‍ ആറാം തിയതി ഡങ്കിപ്പനിയെ കുറിച്ച് ഫോട്ടോഫീച്ചര്‍ ചെയ്യാനായി ഹൈദരാബാദിനടുത്തുള്ള ഗുദിമാല്‍ക്കാപുരിലെ ദേവല്‍ ഝാം സിംഗ് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെത്തിയ ശ്രീനിവാസിലെ ഫോട്ടോ ജേണലിസ്റ്റ് ഉണര്‍ന്നതോടെ അവള്‍ അദ്ദേഹത്തിന്റെ ക്യാമറക്കണ്ണുകളിലും പതിഞ്ഞു. പിറ്റേന്ന് തന്നെ ഈനാടില്‍ ‘വിശപ്പിന്റെ നോട്ടം’ എന്ന തലക്കെട്ടോടെ ഈനാടില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ചിത്രം മോത്തി ദിവ്യ എന്ന കുഞ്ഞിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.

സ്‌കൂളിലെ വിദ്യാര്‍ത്ഥിയല്ലാത്ത മോത്തി ദിവ്യ എല്ലാദിവസവും ഉച്ചയോടെ അവര്‍ താമസിക്കുന്ന പുറമ്പോക്കിലെ വീടിന് 300 മീറ്റര്‍ അകലെ മാത്രമുള്ള സ്‌കൂളില്‍ ഒഴിഞ്ഞ പാത്രവുമായി എത്തിയിരുന്നു. സര്‍ക്കാര്‍ നല്‍കുന്ന മുട്ടയുള്‍പ്പെടെയുള്ള പോഷകാഹാരം നിറഞ്ഞ ഉച്ചക്കഞ്ഞി അവിടെ നിന്നും കഴിച്ചാണ് അവള്‍ വിശപ്പടക്കിയിരുന്നത്. തെലുങ്കാനയിലെ പട്ടികവര്‍ഗ്ഗ വിഭാഗമായ ബുദഗ ജംഗം വിഭാഗത്തിലാണ് മോത്തി ദിവ്യയുടെ കുടുംബം ഉള്‍പ്പെടുന്നത്.

ഒരു ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളായതിനാല്‍ ഡെങ്കിപ്പനിയുടെ ആങ്കിളിലുള്ള ചിത്രമായിരുന്നു തന്റെ മനസിലെന്ന് ശ്രീനിവാസ് ന്യൂസ് മിനിറ്റ് വെബ്‌സൈറ്റിനോട് പറഞ്ഞു. സ്‌കൂള്‍ പരിസരത്തെ അടിസ്ഥാന സൗകര്യങ്ങളും ശുചിത്വവും പകര്‍ത്തുകയായിരുന്നു ലക്ഷ്യം. ബൈക്ക് പാര്‍ക്ക് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ദിവ്യ പിന്നിലൂടെ നടന്ന് സ്‌കൂളിലേക്ക് കയറിപ്പോയത്. ഒഴിഞ്ഞ പാത്രവുമായി നടന്നു പോയ അവള്‍ ക്ലാസ് മുറിക്ക് വെളിയില്‍ കാത്തുനിന്നപ്പോഴാണ് എന്റെ ക്യാമറ പ്രവര്‍ത്തിച്ചത്. ചിത്രം പകര്‍ത്തിയ ശേഷം താന്‍ അവളോട് സംസാരിച്ചതായും ശ്രീനിവാസ് വ്യക്തമാക്കുന്നു. പതിവായി അവള്‍ സ്‌കൂളിലെ ഉച്ചക്കഞ്ഞിക്കായി വരാറുണ്ടെന്ന് അങ്ങനെയാണ് മനസിലാക്കിയത്.

ചിത്രം കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ മാമിഡിപ്പുഡി വെങ്കടരങ്കയ്യ ഫൗണ്ടേഷന്റെ ശ്രദ്ധയില്‍പ്പെട്ടു. സംഘടനയുടെ കണ്‍വീനര്‍ ആര്‍ വെങ്കട്ട് റെഡ്ഡി തങ്ങളുടെ കോര്‍ഡിനേറ്ററെ കുട്ടിയെയും കുടുംബത്തെയും കണ്ടെത്താനായി നിയോഗിക്കുകയും ചെയ്തു. ദിവ്യയുടെ മാതാപിതാക്കള്‍ മാലിന്യം ശേഖരിച്ചാണ് ഉപജീവനം നടത്തിയിരുന്നത്. മകളെ വീട്ടിലാക്കിയാണ് ലക്ഷ്മണനും ഭാര്യ യശോധയുടെ മാലിന്യ ശേഖരിക്കാന്‍ പോയിരുന്നത്. രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ ഇവര്‍ക്ക് ജോലി ചെയ്യേണ്ടിയിരുന്നു. ദിവ്യ ഇവരുടെ ഇളയകുട്ടിയാണ്. ഈവര്‍ഷം തുടക്കത്തില്‍ കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അഞ്ച് വയസ്സ് തികയാത്തതിനാല്‍ അതിന് സാധിച്ചിരുന്നില്ല. ഇവരുടെ മൂത്ത മകള്‍ ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്നുണ്ട്.

തുടര്‍ന്ന് സംഘടന സ്‌കൂള്‍ അധികൃതരുമായി സംസാരിച്ചു. അവള്‍ക്ക് സ്‌കൂള്‍ യൂണിഫോം മറ്റും നല്‍കി ഇതേ സ്‌കൂളില്‍ അഡ്മിഷനും നേടിക്കൊടുക്കുകയും ചെയ്തു. വ്യാഴാഴ്ച മുതല്‍ തന്റെ മകള്‍ സ്‌കൂളില്‍ പോയി തുടങ്ങിയെന്ന് കുട്ടിയുടെ ലക്ഷ്മണന്‍ ന്യൂസ് മിനിറ്റിനോട് പറഞ്ഞു.

മധ്യപ്രദേശിൽ നഴ്സിങ് വിദ്യാർഥിനിയായിരുന്ന മലയാളി നവവധു മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ഭർത്താവ് 5 വർഷത്തിനു ശേഷം അറസ്റ്റിൽ. കോട്ടയം അതിരമ്പുഴ നെടുംതൊട്ടിയിൽ റോയ് ജോസഫിന്റെ മകൾ ഹണി മോൾ റോയ് (24) മരിച്ച സംഭവത്തിലാണ് ഭർത്താവ് കല്ലറ ചെരുവിൽ പുത്തൻപുരയിൽ ലിനു തോമസിനെ (30) ഭോപാൽ പൊലീസ് അറസ്റ്റ് ചെയ്തത്. 2014 ലെ സംഭവത്തിനു ശേഷം ഒളിവിൽ കഴിയുകയായിരുന്നു ലിനു.

ഭോപാലിൽ നഴ്സിങ് വിദ്യാർഥിനിയായിരുന്ന ഹണി മോളെ വിവാഹം കഴിഞ്ഞ് 3 മാസത്തിനകം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്ത്രീധന പീഡനം മൂലമാണു മരണമെന്നാരോപിച്ച് പിതാവ് റോയ് ജോസഫ് പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ലിനു നാടുവിട്ടു. ഭോപാലിലെ സ്കൂൾ ബസിൽ ഡ്രൈവറായിരുന്നു ഇയാൾ.

പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പള്ളി വികാരിയെ തടഞ്ഞ് വെച്ച് വിശ്വാസികള്‍. പാളയം ഇടവകയ്ക്ക് കീഴിലുള്ള പാറ്റൂര്‍ സെമിത്തേരിയില്‍ മറ്റൊരു ഇടവകാംഗത്തിന്റെ മൃതദേഹം സംസ്കരിക്കാന്‍ വികാരി പണം വാങ്ങി അനുമതി നല്‍കിയെന്ന് ആരോപിച്ചാണ് പളളി വികാരി ഫാ. നിക്കോളാസിനെ വിശ്വാസികള്‍ തടഞ്ഞുവെച്ചത്. നിരവധി ആളുകളാണ് വൈദികനെതിരെ പ്രതിഷേധവുമായി തടിച്ച്‌ കൂടിയിത്. 10വര്‍ഷം മുന്‍പ് വെട്ടുകാട് ഇടവകയിലെ നിതിന്‍ മാര്‍ക്കോസ് വാഹനാപകടത്തെ തുടര്‍ന്ന് മരണപ്പെട്ടു.

തുടര്‍ന്ന് വെട്ടുകാട് സെമിത്തേരിയില്‍ സംസ്കരിച്ച മൃതദേഹം സ്ഥലപരിമിതിയെ തുടര്‍ന്ന് അടുത്തിടെ പാളയം കത്തീഡ്രലിന്‍റെ കീഴിലുള്ള പാറ്റൂര്‍ സെമിത്തേരിയിലേക്ക് മാറ്റിയിരുന്നു. പാറ്റൂര്‍ സെമിത്തേരിയില്‍ സംസ്‍കരിക്കുന്നതിന് പണം വാങ്ങി പള്ളിവികാരി കൂട്ടു നിന്നു. വിശ്വാസികളറിയാതെ കളക്ടറുടെ അനുവാദം ഇല്ലാതെ വികാരി മാത്രമെടുത്ത തീരുമാനമാണിത്. എല്ലാ സഭാ വിശ്വാസങ്ങളെയും മറികടന്നാണ് തീരുമാനമെടുത്തിരിക്കുന്നതെന്നും പണത്തിന്റെ ഇടപാടാണ് നടന്നതെന്നുമാണ് വിശ്വാസികള്‍ ആരോപിക്കുന്നു

ബിജെപിയേയും മഹാരാഷ്ട്രയില്‍ കാവല്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനേയും കടന്നാക്രമിച്ചും പരിഹസിച്ചും വീണ്ടും ശിവേസന എംപി സഞ്ജയ് റാവുത്ത്. ഹിറ്റ്‌ലര്‍ മരിച്ചു. അടിമത്ത ഭീഷണി ഇല്ലാതായി. ആര്‍ക്കും ഞങ്ങളുടെ എംഎല്‍എമാരെ വിലക്ക് വാങ്ങാനാവില്ല. മഹാരാഷ്ട്രയില്‍ ഇത്തരം ഇടപാടുകളൊന്നും നടക്കില്ല – സഞ്ജയ് റാവുത്ത് പറഞ്ഞു. ശിവസേന മുഖപത്രമായ സാംനയില്‍ രോക് ഥോക്ക് എന്ന കോളത്തിലാണ് സഞ്ജയ് റാവുത്ത് ഇക്കാര്യം പറയുന്നത്.

അതേസമയം കോണ്‍ഗ്രസിനെ ശിവസേന നേതാവ് പ്രശംസിച്ചു. ദേശീയ പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസുമായി ഞങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടായേക്കാം. എന്നാല്‍ ഞങ്ങള്‍ പരസ്പരം യോജിക്കുന്ന പ്രശ്‌നങ്ങളുമുണ്ട്. കോണ്‍ഗ്രസ് ഞങ്ങളുടെ ശത്രുക്കളല്ല. ശിവസേനയെ പിന്തുണക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അനുകൂല സമീപനമുണ്ടെങ്കില്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ അതിനെ പൂര്‍ണമനസ്സോടെ സ്വാഗതം ചെയ്യുമെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശിവസേന അധിക്ഷേപിച്ചു എന്ന് ആരോപിച്ച ദേവേന്ദ്ര ഫഡ്‌നാവിസിന് സഞ്ജയ് റാവുത്ത് മറുപടി നല്‍കി. ആരാണ് ധാര്‍മ്മികതയെക്കുറിച്ചൊക്കെ സംസാരിക്കുന്നത് എന്ന് പരിഹാസപൂര്‍വം റാവുത്ത് ചോദിച്ചു.

എല്ലാ ദിവസവും വ്യഭിചാരം നടത്തുന്നവരാണ് ധാര്‍മ്മികതയെക്കുറിച്ച് സംസാരിക്കുന്നത്. ജനങ്ങളുടെ തലച്ചോര്‍ മരവിച്ചു എന്നാണ് ഇവരുടെ വിചാരം. ഡല്‍ഹിയുടെ അടിമയല്ല മഹാരാഷ്ട്ര. ഡല്‍ഹിയിലെ അന്തരീക്ഷം മലിനമാണ്. മഹാരാഷ്ട്രയുടെ രാഷ്ട്രീയ കാര്യങ്ങള്‍ മഹാരാഷ്ട്രയില്‍ നോക്കിയാല്‍ മതി. ഇത്തവണ ആര് മുഖ്യമന്ത്രിയാകണം എന്ന് ഉദ്ധവ് താക്കറെ തീരുമാനിക്കും. മഹാരാഷ്ട്രയുടെ തല മുതിര്‍ന്ന നേതാവായ ശരദ് പവാര്‍ മന്ത്രിസഭാ രൂപീകരണത്തില്‍ പ്രധാന പങ്ക് വഹിക്കുമെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു.

പല കോണ്‍ഗ്രസ് എംഎല്‍എമാരും സോണിയ ഗാന്ധിയെ കണ്ടിട്ടുണ്ട്. മഹാരാഷ്ട്രയുടെ തീരുമാനം മഹാരാഷ്ട്രയില്‍ തന്നെ ഉണ്ടാവണം എന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര ഒറ്റ ശബ്ദത്തില്‍ പറയുന്നത് ഇതാണ് – എന്തൊക്കെ സംഭവിച്ചാലും ഒരു ബിജെപി സര്‍ക്കാര്‍ ഇവിടെ ഉണ്ടാകാന്‍ പാടില്ല. അടിമത്ത രാഷ്ട്രീയവും പ്രതികാരബുദ്ധിയോടെയുള്ള രാഷ്ട്രീയ നീക്കങ്ങളും അവസാനിക്കണം എന്നതിനാലാണിത്. അഞ്ച് വര്‍ഷം മറ്റുള്ളവരെ പേടിപ്പിച്ച് നടന്നവര്‍ ഇപ്പോള്‍ പേടിച്ച് നടക്കുകയാണ്. ഇത് പ്രത്യാക്രമണമാണ് – സഞ്ജയ്റാവുത്ത് പറഞ്ഞു.

ബാബ്‌റി മസ്ജിദ് കേസ് വിധിയില്‍ പ്രതികരിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ഇതുപോലെ തന്ത (തള്ളയും) ഇല്ലാത്തൊരു വിധി സുപ്രീംകോടതിയുടെ ചരിത്രത്തിലുണ്ടോ?.(പച്ച മലയാളമാണ്, അശ്ലീലമോ നിലവാരക്കുറവോ ആല്ല. ആര്‍ക്ക് പിറന്ന വിധിയാണിത്?) എന്നാണ് ഹരീഷിന്റെ പ്രതികരണം.

അയോധ്യയില്‍ തര്‍ക്ക ഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്ക് നല്‍കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി പുറത്തുവന്നത്. തര്‍ക്കഭൂമി കേന്ദ്രം ഏറ്റെടുത്ത് ക്ഷേത്രം പണിയാനുള്ള ട്രസ്റ്റിന് മൂന്നു മാസത്തിനകം രൂപം നല്‍കണം.

കേസില്‍ ഹര്‍ജി നല്‍കിയിരുന്ന നിര്‍മോഹി അഖാഡയെ സമിതിയില്‍(ബോര്‍ഡ് ഓഫ് ട്രസ്റ്റി) ഉള്‍പ്പെടുത്തണമെന്നും സുപ്രീം കോടതിയുടെ ഉത്തരവില്‍ പറയുന്നു. മുസ്ലിങ്ങള്‍ക്കു അയോധ്യയില്‍ തര്‍ക്കഭൂമിക്കു പുറത്ത് പകരം അഞ്ച് ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാരോ കേന്ദ്രമോ കണ്ടെത്തി നല്‍കണം.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. ഏകകണ്ഠമായിരുന്നു വിധി.

Copyright © . All rights reserved