കൊടുങ്ങല്ലൂർ: കഴിഞ്ഞ ദിവസമാണ് തൃശ്ശൂരിനെ നടുക്കിയ കൂട്ട ആത്മഹത്യ പുറംലോകം അറിഞ്ഞത്. കോഴിക്കട ബസ് സ്റ്റോപ്പിനു പടിഞ്ഞാറ് പുഞ്ചപ്പറമ്പ് റോഡ് തൈപ്പറമ്പത്ത് വിനോദ് (46), ഭാര്യ രമ (40), മക്കളായ നയന (17), നീരജ് (9) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.

ഡിസൈനറായ വിനോദിനെ മൂന്നു ദിവസമായി ജോലിസ്ഥലത്തു കാണാതായതോടെ സഹപ്രവർത്തകൻ അന്വേഷിച്ചെത്തിയപ്പോഴാണ് മരണ വിവരം പുറത്തറിഞ്ഞത്. ഇന്നലെ വൈകിട്ട് 5.45നാണു നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. മരിച്ചിട്ടു മൂന്നു ദിവസമായെന്നാണ് പൊലീസ് നിഗമനം.

വീട് അടഞ്ഞു കിടക്കുന്നതു കണ്ടപ്പോൾ സുഹൃത്തുക്കൾ മൊബൈൽ ഫോണിൽ വിളിച്ചു. അകത്ത് മൊബൈൽ ബെല്ലടിക്കുന്നുണ്ടായിരുന്നു. അയൽവാസികളോടു കാര്യം തിരക്കിയതോടെ ഇവരും ബന്ധുക്കളും എത്തി വീടിനു ചുറ്റും തിരഞ്ഞപ്പോഴാണ് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപെട്ടത്. പൊലീസെത്തി വാതിൽ തകർത്താണ് അകത്തു കയറിയത്. വിനോദിന്റെ മൃതദേഹം ഹാളിൽ ഫാനിലും മകൻ നീരജിന്റെ മൃതദേഹം ജനലിലുമാണു കാണപ്പെട്ടത്.

സമീപത്തെ രണ്ടു മുറികളിലായി രമയേയും നയനയേയും ജനലിൽ തൂങ്ങിയ നിലയിലും കണ്ടെത്തി. കൊടുങ്ങല്ലൂരിലെ സ്റ്റേഷനറി കടയിലെ ജീവനക്കാരിയാണു രമ. ഉടമ സ്ഥലത്തില്ലാത്തതിനാൽ ഒരു മാസമായി കട ഏറ്റെടുത്തു നടത്തുകയായിരുന്നു. കരൂപ്പടന്ന ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ് നയന. നീരജ് ചാപ്പാറ ലേബർ എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയുമായിരുന്നു