India

നികുതി വെട്ടിപ്പ് നടത്താന്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോഴാണ് അരക്കോടിയോളം രൂപ നികുതി അടച്ച് പൃഥ്വിരാജ് ആ സമയത്ത് മാതൃകയായത്. എന്നാൽ ഇപ്പോൾ നികുതി വെട്ടിപ്പ് നടത്താനുള്ള ശ്രമം നടത്തിയെന്ന ആരോപണമാണ് പൃഥ്വിരാജ് നേരിടുന്നത്.

രജിസ്ട്രേഷനു വേണ്ടി ഡീലര്‍ എറണാകുളം ആർടി ഓഫിസിൽ ഓൺലൈനിൽ നൽകിയ അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച ബില്ലിൽ ആഢംബര കാറിന്റെ വില 1.34 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയത്. അതിനുള്ള നികുതിയും അടച്ചിരുന്നു.

എന്നാൽ 1.64 കോടി രൂപയുടെ ആഡംബര കാറിന് വില 1.34 കോടി രൂപയെന്ന് കുറച്ചുകാണിച്ചാണ് റോഡ് നികുതി അടച്ചത്. അതേസമയം 30 ലക്ഷം രൂപ ‘സെലിബ്രിറ്റി ഡിസ്കൗണ്ട്’ ഇനത്തിൽ വില കുറച്ചു നൽകിയതാണെന്നാണ് ഡീലര്‍ പറയുന്നത്. പക്ഷേ ഡിസ്‍കൗണ്ട് നൽകിയാലും ആഡംബര കാറുകൾക്കു യഥാർഥ വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം.ഇത് പറഞ്ഞാണ് മോട്ടോർ വാഹന വകുപ്പ് വാഹന രജിസ്ട്രേഷൻ തടഞ്ഞിരിക്കുന്നത്. ഒമ്പത് ലക്ഷത്തോളം രൂപ കൂടി അടയ്ക്കാതെ വാഹനം രജിസ്ട്രേഷൻ ചെയ്യാനാകില്ലെന്ന നിലപാടിലാണ് മോട്ടോർവാഹന വകുപ്പ്.

അതേസമയം പൃഥ്വിരാജിന്റെ അറിവോടെയുള്ള കാര്യമല്ല , ഡീലറുടെ ഭാഗത്തുനിന്ന് വന്ന വീഴ്ചയാണ് ,കേരളത്തിൽ മുഴുവൻ നികുതി അടക്കുന്ന വ്യക്തികളിൽ ഒരാളാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെ വാഹനങ്ങളെല്ലാം കേരള രജിസട്രേഷനാണ്, റീജിയണൽ ആർടി ഒ വ്യക്തമാക്കുന്നു.

ശാന്തന്‍പാറയില്‍ യുവാവിനെ കൊന്നുകുഴിച്ചുമൂടിയ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജി, മുഖ്യപ്രതി വസീം എന്നിവരുടെ ഫോണ്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. വസീമിന്റെ സഹോദരനും രണ്ടു സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിലാണ്.

പൊലീസ് അന്വേഷണം ഉൗർജ്ജിതമായതോടെ വസീം ലിജിയെയും മകളെയും കൂട്ടി തമിഴ്നാട്ടിലേയ്ക്ക് കടന്നതായും സൂചനയുണ്ട്. കൊല്ലപ്പെട്ട റിജോഷിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തും. മദ്യത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിക്കുകയും, തുടര്‍ന്ന് അവശേഷിച്ച ശരീരം ചാക്കില്‍കെട്ടി കുഴിച്ചുമൂടുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.

ശാന്തൻപാറ പുത്തടി മൂല്ലൂർ വീട്ടിൽ റിജോഷിന്റെ മൃതദേഹം പുത്തടിക്കു സമീപം മഷ്റൂം ഹട്ട് ഫാം ഹൗസിന്റെ കൃഷിയിടത്തിൽ നിന്നു കണ്ടെത്തിയതോട തൃശൂര്‍‍ ഇരിങ്ങാലക്കുട സ്വദേശിയായ ഫാം ഹൗസ് മാനേജര്‍ വസീമിന്റെ കുറ്റം ഏറ്റുപറഞ്ഞുള്ള വിഡിയോ സന്ദേശം പൊലീസിന് ലഭിച്ചിരുന്നു. താനാണ് പ്രതിയെന്നും അനിയനെയും കൂട്ടൂകാരെയും വെറുതെ വിടണമെന്നുമായിരുന്നു വസീം വിഡിയോയിൽ പറഞ്ഞത്.

കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയുടെ വസീമുമായുള്ള ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന പൊലീസ് സംശയം ഇതോടെ വ്യക്തമായി. ഇളയ മകൾ രണ്ടു വയസ്സുള്ള ജൊവാനയുമായാണ് ലിജിയും കാമുകൻ വസീമും ഈ മാസം 4 മുതല്‍ ഒളിവിൽ പോയത്. മൂവരെയും കാണാതായതിനു ശേഷം വസീം നെടുങ്കണ്ടത്ത് ഉള്ള എടിഎമ്മിൽ നിന്നു പണം പിൻവലിച്ചിട്ടുണ്ട്. തുടർന്ന് ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫ് ആയി. കേസ് വഴി തിരിച്ചു വിടാൻ ശ്രമിച്ച വസീമിന്റെ സഹോദരനും രണ്ടു സുഹൃത്തുക്കളും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

റവന്യൂ ജില്ലാ സ്‌കൂള്‍ കായികളമേളയ്ക്കിടെ ഹാമര്‍ പൊട്ടി വിദ്യാര്‍ഥിയുടെ കൈ വിരലുകള്‍ക്ക് പരിക്കേറ്റു. മീഞ്ചന്ത ആര്‍.കെ മിഷന്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി മുഹമ്മദ് നിഷാനാണ് പരിക്കേറ്റത്.

ഏഴര കിലോ വിഭാഗത്തിലായിരുന്നു നിഷാന്‍ മത്സരിച്ചത്. പക്ഷെ എറിയുന്നതിനിടെ ബാലന്‍സ് തെറ്റി വീഴുകയായിരുന്നുവെന്ന്‌ നിഷാന്‍ പറഞ്ഞു.

വീഴ്ചയ്ക്കിടെ നിലത്തേക്ക് കൈകുത്തി വീണതിനാല്‍ വിരലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ട്. നിഷാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അരക്കിണര്‍ സ്വദേശിയാണ് പരിക്കേറ്റ മുഹമ്മദ് നിഷാന്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ടൈം മാഗസിനില്‍ ‘ഡിവൈഡര്‍ ഇന്‍ ചീഫ്’ എന്ന തലക്കെട്ടില്‍ ലേഖനമെഴുതിയ എഴുത്തുകാരന്‍ ആതിഷ് തസീറിന്റെ പൗരത്വം ഇന്ത്യ റദ്ദാക്കി. ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ആണ് റദ്ദാക്കിയത്. അടിസ്ഥാന വിവരങ്ങള്‍ നല്‍കാത്തതിനാലാണ് പൗരത്വം റദ്ദാക്കിയത് എന്നും ടൈം മാഗസിന്‍ ലേഖനവുമായി നടപടിക്ക് ബന്ധമില്ലെന്നും ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു. പിഐഒ (പേഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍) അപേക്ഷ നല്‍കുമ്പളോള്‍ പിതാവ് പാകിസ്താന്‍കാരനാണ് എന്ന വിവരം നല്‍കിയില്ല എന്നതാണ് ആഭ്യന്തര മന്ത്രാലയം പ്രധാനമായും പറയുന്നത്. ടൈം മാഗസിന്റെ മേയ് ലക്കത്തിലാണ് Divider in Chief എന്ന പേരില്‍ തസീര്‍ ലേഖനമെഴുതിയത്.

അതേസമയം ചോദിച്ച കാര്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇന്ത്യ ഗവണ്‍മെന്റ് സമയം തന്നില്ല എന്ന് ആതിഷ് തസീര്‍ പ്രതികരിച്ചു. തന്റെ ഒസിഐ (ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ) റദ്ദാക്കിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആതിഷ് തസീര്‍ അറിയിച്ചു. പിഐഒ അപേക്ഷ നല്‍കുമ്പോള്‍ പിതാവ് പാകിസ്താന്‍ വംശജനാണ് എന്ന കാര്യം ആതിഷ് തസീര്‍ മറച്ചുവച്ചു – ആഭ്യന്തര മന്ത്രാലയ വക്താവ് വസുധ ഗുപ്ത പറഞ്ഞു. തസീറിന് ആവശ്യമായ സമയം നല്‍കിയിരുന്നതായും വക്താവ് പറഞ്ഞു. അതേസമയം സര്‍ക്കാരിന്റെ വാദം വസ്തുതാവിരുദ്ധമാണ് എന്ന് ആതിഷ് തസീര്‍ പ്രതികരിച്ചു.

ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ആതിഷ് തസീറിന്റെ അമ്മ ഇന്ത്യക്കാരിയും അച്ഛന്‍ പാകിസ്താന്‍കാരനുമാണ്. ഇന്ത്യക്കാരിയായ മാധ്യമപ്രവര്‍ത്തക തവ്‌ലീന്‍ സിംഗിന്റേയും പാകിസ്താനി ബിസിനസുകാരനും രാഷ്ട്രീയക്കാരനുമായ സര്‍മാന്‍ തസീറിന്റേയും മകന്‍.

വിദേശ പൗരത്വമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് നല്‍കുന്നതാണ് ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ. ഒസിഐ ഉള്ളവര്‍ക്ക് വിസയില്ലാതെ ഇന്ത്യയിലെത്താം. ഇന്ത്യയില്‍ താമസിക്കുകയും ജോലി ചെയ്യുകയും ആവാം. യുകെ പൗരനായ ആതിഷ് തസീറിന് 2015 വരെ ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡ് ഉണ്ടായിരുന്നു. ഇത് ഒസിഐ കാര്‍ഡുമായി സര്‍ക്കാര്‍ ബന്ധിപ്പിച്ചിരുന്നു.

ഇന്ത്യയ്ക്ക് അഞ്ച് വര്‍ഷം കൂടി മോദി ഭരണം സഹിക്കാനാവുമോ എന്ന് ആതിഷ് തസീര്‍ ടൈം മാഗസിന്‍ കവര്‍ സ്‌റ്റോറി ആക്കിയ ലേഖനത്തില്‍ ചോദിച്ചിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ലേഖനം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം മുമ്പെന്നത്തേക്കാളുമേറെ വിഭജിക്കപ്പെട്ടിരിക്കുന്നു. ആള്‍ക്കൂട്ട കൊലകള്‍, മാലേഗാവ് സ്‌ഫോടന കേസ് പ്രതി പ്രഗ്യ സിംഗ് ഠാക്കൂറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്, യോഗി ആദിത്യനാഥിനെ യുപി മുഖ്യമന്ത്രിയാക്കിയത് – ഇതെല്ലാം ആതിഷ് തസീര്‍ പരാമര്‍ശിച്ചിരുന്നു. പാകിസ്താനി കുടുംബത്തില്‍ നിന്നുള്ള ആതിഷിന് വിശ്വാസ്യത ഇല്ല എന്നായിരുന്നു മോദിയുടെ പ്രതികരണം.

പൊന്നാമറ്റം വീട്ടിലുണ്ടായ മൂന്ന് കൊലപാതകങ്ങളും പുറത്തറിയാതിരിക്കാനാണ് മാത്യു മഞ്ചാടിയിലിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയതെന്ന് കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി. കൊയിലാണ്ടി പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് തനിക്ക് തടസമായി തീര്‍ന്നേക്കാവുന്ന ഭര്‍ത്താവിന്റെ മാതൃസഹോദരനെ വേഗത്തില്‍ കൊലപ്പെടുത്തിയതെന്ന് ജോളി സമ്മതിച്ചു. ആദ്യശ്രമത്തില്‍ തന്നെ മാത്യു മഞ്ചാടിയിലിനെ മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി വകവരുത്തിയതെന്നും ജോളി മൊഴി നല്‍കി.

റോയ് തോമസ് മരിച്ചതിന് പിന്നാലെ പോസ്റ്റുമോര്‍ട്ടമെന്ന ആവശ്യത്തില്‍ മാത്യു ഉറച്ചുനിന്നു. റോയിയുടെ സഹോദരന്‍ റോ‍ജോയെക്കൂടി സമ്മതിപ്പിച്ച് എല്ലാ കാര്യങ്ങള്‍ക്കും മുന്നിട്ടിറങ്ങിയത് മാത്യുവാണ്. സയനൈഡ് ഉള്ളില്‍ച്ചെന്നാണ് റോയി മരിച്ചതെന്ന് ഉറപ്പായതോടെ മാത്യുവിന്റെ സംശയമുന തനിക്ക് നേരെ തിരിഞ്ഞതായി ജോളി പറഞ്ഞു. അങ്ങനെയാണ് മാത്യുവിനെ വകവരുത്താന്‍ തീരുമാനിച്ചത്. പലതവണ ഇതിനുള്ള വഴികള്‍ ആലോചിച്ചു.

മാത്യുവുമായി കൂടുതല്‍ സൗഹൃദത്തിലാകാന്‍ ബോധപൂര്‍വം ശ്രമിച്ചു. മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി ആദ്യ ശ്രമത്തില്‍ത്തന്നെ മാത്യുവിന്റെ മരണം ഉറപ്പാക്കാനായെന്നും ജോളി മൊഴി നല്‍കി. മാത്യുവിനെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ബന്ധുക്കള്‍ക്കൊപ്പം കട്ടപ്പനയിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്. വിമുക്തഭടനെന്ന നിലയില്‍ കിട്ടിയിരുന്ന മദ്യം തനിക്കും പലതവണ മാത്യു കൈമാറിയിരുന്നു.

റോയിയെ കൊലപ്പെടുത്തുന്നതിനായി എം.എസ്.മാത്യു നല്‍കിയ സയനൈഡിന്റെ ബാക്കിയാണ് മാത്യുവിനെ ഇല്ലാതാക്കാനും ഉപയോഗിച്ചത്. ഈ കൊലപാതകത്തിന് ശേഷം സയനൈഡ് ഉപേക്ഷിക്കാന്‍ ആലോചിച്ചെങ്കിലും കൈയ്യില്‍ സൂക്ഷിക്കുകയായിരുന്നു

കൊലപാതകത്തെക്കുറിച്ച് എം.എസ്.മാത്യുവിനോട് പോലും പറഞ്ഞിരുന്നില്ലെന്നും ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ഒറ്റയ്ക്കാണെന്നും ജോളി അന്വേഷണസംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്. മാത്യുവിന്റെ മരണത്തോടെ താന്‍ പൂര്‍ണമായും സ്വതന്ത്രയായെന്ന് കരുതിയെങ്കിലും പിന്നീട് രണ്ടുപേരെക്കൂടി തനിക്ക് കൊലപ്പെടുത്തേണ്ടി വന്നെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്.

പേരിലെ സാമ്യം രൂപത്തിലും പറയണോ…! ഗൾഫിൽ ജോലി ചെയ്തിരുന്ന യുവാവ്, നാട്ടിൽ മുക്കുപണ്ടം പണയം വച്ചു പണം തട്ടിയെന്ന കേസിൽ പ്രതിയായി. യഥാർഥ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതോടെ യുവാവ് മാനക്കേടിൽ നിന്ന് രക്ഷപ്പെട്ടു.

നാലുകോടിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്തെന്ന പരാതിയിൽ തൃക്കൊടിത്താനം ചക്രാത്തിക്കുന്ന് ചിറപ്പുരയിടത്തിൽ ചാഞ്ഞോടി ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന മുഹമ്മദ് ഷാമോനെ (30) തൃക്കൊടിത്താനം പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് ഒരു കുടുംബം മാനക്കേടിൽ നിന്ന് രക്ഷപ്പെട്ടത്.

എഎസ്പി ചമഞ്ഞ് മൂന്നാറിലെ ഹോട്ടലിൽ തട്ടിപ്പ് നടത്തിയത് ഉൾപ്പെടെയുള്ള കേസുകളിൽ ഷാമോൻ പ്രതിയാണ്. തൊടുപുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘത്തിലെ അംഗമാണെന്ന് പൊലീസ് പറഞ്ഞു. ഡിവൈഎസ്പി എസ്.സുരേഷ് കുമാറിന്റെ നിർദേശപ്രകാരം തൃക്കൊടിത്താനം സിഐ സാജു വർഗീസ്, എസ്ഐ സാബു, ജിജു തോമസ്, പി.എം.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

മുക്കുപണ്ടംവച്ച് 95,000 രൂപ ഷാമോൻ തട്ടിയെടുത്തെന്നാണ് പരാതി. സ്ഥാപന ഉടമ പൊലീസിൽ പരാതി നൽകി. സ്വർണപ്പണയം സ്വീകരിക്കുന്ന വിവിധ സ്ഥാപന ഉടമകൾ ഉൾപ്പെട്ട വാട്സാപ് ഗ്രൂപ്പുകളിലും ഇതു സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചിരുന്നു.

വാട്സാപ്പിൽ പങ്കുവച്ച അടയാളമുള്ള ഒരാൾ കോന്നിയിലെ ഒരു സ്ഥാപനത്തിൽ സ്വർണം പണയം വയ്ക്കാൻ എത്തിയതായി കണ്ടെത്തിയതോടെ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അന്വേഷണത്തിൽ ഷാമോൻ ആണു പ്രതി എന്നു മനസ്സിലായി. പൊലീസിൽ നിന്ന് പ്രതിയുടെ പേരു മനസ്സിലാക്കിയ സ്ഥാപന ഉടമ ഫെയ്സ്ബുക്കിൽ പേര് തിരഞ്ഞതോടെ ഫാത്തിമാപുരം സ്വദേശി ഷാമോന്റെ പ്രൊഫൈൽ കണ്ടെത്തി.

കടയുടമ ഫാത്തിമാപുരം സ്വദേശി ഷാമോന്റെ ഫോട്ടോ കാണിച്ച് അന്വേഷണം നടത്തുകയും സമൂഹമാധ്യമങ്ങളിൽ ഫോട്ടോ വച്ച് പോസ്റ്റ് ഇടുകയും ചെയ്തു. വിദേശത്ത് ജോലി ചെയ്യുന്ന ഷാമോൻ പൊലീസുമായി ബന്ധപ്പെട്ട് നിരപരാധിത്വം ബോധ്യപ്പെടുത്തി.

തീര്‍ഥാടന കേന്ദ്രമായ തമിഴ്നാട് രാമനാഥപുരത്തെ ഏര്‍വാടിയില്‍ മലയാളി പെണ്‍കുട്ടി കൂട്ടബലാൽസംഘത്തിനു ഇരയായി. മനോദൗര്‍ബല്യത്തിനു ചികില്‍സതേടിയെത്തിയ കൊല്ലം സ്വദേശിനിക്കാണ് ദുരനുഭവമുണ്ടായത്. സംഭവുമായി ബന്ധപെട്ടു ഏഴു കൗമാരക്കാര്‍ അറസ്റ്റിലായി.

മാനോദൗര്‍‍ബല്യമുള്ള പെണ്‍കുട്ടി മാതാപിതാക്കളോടപ്പമാണ് ഏര്‍വാടി കാട്ടുപെട്ടി ഹക്കീം ഡോക്ടര്‍ ദര്‍ഗയില്‍ ചികില്‍സ തേടിയെത്തിയത്. ശുചിമുറിയില്‍ പോകുന്നതിനായി ചൊവ്വാഴ്ച രാത്രി പുറത്തിറങ്ങിയതായിരുന്നു. പിന്നീട് കുട്ടിയെ കാണാതായി. മണിക്കറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ദര്‍ഗയ്ക്കു പിന്നിലെ കാട്ടില്‍ നിന്ന് പൂര്‍ണനഗ്നായായ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തി.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഏഴു കൗമാരക്കാര്‍ അറസ്റ്റിലായത്. ദര്‍ഗനടത്തിപ്പുമായി ബന്ധപെട്ടവരുടെ മക്കളാണ് പിടിയിലായത്. ഇവരെ പിന്നീട് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി തിരുന്നല്‍വേലിയിലെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കു അയച്ചു.

ഫാം ഹൗസ് ജീവനക്കാരൻ റിജോഷിനെ മദ്യത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയതാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 31 ന് വൈകിട്ട് ഫാം ഹൗസിനു സമീപം റിജോഷ് മദ്യപിച്ചിരുന്നു. ഫാം ഹൗസിനു 100 മീറ്റർ അകലെ ജലസംഭരണിയുടെ സമീപത്ത് 6 അടി താഴ്ചയുള്ള കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫാമിലെ ഒരു പശുക്കുട്ടി ചത്തു എന്നും അതിനെ കുഴിച്ചിട്ട ഭാഗത്ത് കുറച്ച് മണ്ണു കൂടി ഇടണമെന്നും സമീപവാസിയായ, മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്ററോട് വസീം പറഞ്ഞിരുന്നു.

ഈ മാസം 2 ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴി കൂടുതൽ മണ്ണിട്ടു നികത്തുകയും ചെയ്തു. മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററുടെ മൊഴി അനുസരിച്ചാണ് പൊലീസ് ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യന്റെ സാന്നിധ്യത്തിൽ ഇന്നലെ മണ്ണു മാറ്റി പരിശോധന നടത്തിയത്. ഇൻ‌ക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

ജോയൽ, ജോഫിറ്റ എന്നിവരാണ് റിജോഷ്–ലിജി ദമ്പതികളുടെ മറ്റു മക്കൾ. മൂന്നാർ ഡിവൈഎസ്പി എം. രമേഷ്കുമാർ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി: പയസ് ജോർജ്, ശാന്തൻപാറ സിഐ ടി.ആർ.പ്രദീപ്കുമാർ, രാജാക്കാട് സിഐ എച്ച്.എൽ.ഹണി, എസ്ഐമാരായ പി.ഡി.അനൂപ്മോൻ, വി.വിനോദ്കുമാർ, ജോബി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ആദ്യ ശ്രമത്തിൽ തന്നെ റിജോഷിന്റെ മൃതദേഹം കുഴിച്ചു മൂടിയ സ്ഥലം തിരിച്ചറിഞ്ഞ് ഇടുക്കി ഡോഗ് സ്ക്വാഡിലെ ജെനി എന്ന പെൺ നായ അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രശംസ നേടി.റിജോഷിന്റെ മൃതദേഹം ഫാം ഹൗസിന്റെ കൃഷിയിടത്തിൽ കുഴിച്ചിട്ടിട്ടുണ്ട് എന്ന സൂചന ലഭിച്ചതോടെ ശാസ്ത്രീയ പരിശോധന നടത്താൻ ഇടുക്കി ഡോഗ് സ്ക്വാഡിലെ ജെനി എന്ന നായയെ സ്ഥലത്ത് എത്തിച്ചിരുന്നു.

ഇന്നലെ 10 മണിയോടെ ഫാം ഹൗസിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ ഉള്ള റിജോഷിന്റെ വീട്ടിൽ ജെനിയെ എത്തിച്ചു തെളിവെടുത്തു. റിജോഷിന്റെ വസ്ത്രത്തിന്റെ ഗന്ധം തിരിച്ചറിഞ്ഞ ജെനി നേരെ പോയത് ഫാം ഹൗസിലേക്ക്. അവിടെ നിന്ന് 100 മീറ്റർ അകലെ ജലസംഭരണിയുടെ സമീപം റിജോഷിന്റെ മൃതദേഹം കുഴിച്ചിട്ടിരുന്ന സ്ഥലത്ത് ജെനി പല തവണ വലം വച്ച് മണം പിടിച്ചതോടെ ഉദ്യോഗസ്ഥരും സ്ഥലം ഇതാണ് എന്ന് ഉറപ്പിച്ചു. തുടർന്ന് ഇവിടെ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മണ്ണു നീക്കി.

ഒരാഴ്ച മുൻപ് കാണാതായ ശാന്തൻപാറ പുത്തടി മുല്ലൂർ വീട്ടിൽ റിജോഷ്(31)ന്റെ മൃതദേഹം സ്വകാര്യ ഫാം ഹൗസിനു സമീപത്തെ കൃഷിയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ട സംഭവത്തിന്റെ ‍ഞെട്ടലിലാണ് റിജോഷിന്റെ ബന്ധുക്കളും നാട്ടുകാരും. റിജോഷിന്റെ മരണത്തോടെ അനാഥരായ ഇവരുടെ മക്കൾ 10 വയസ്സുള്ള ജോയലും 8 വയസ്സുള്ള ജോഫിറ്റയും നാടിന്റെ ദുഃഖമായി. ഇളയ മകൾ രണ്ട് വയസ്സ് ഉള്ള ജൊവാനയെയും കൊണ്ടാണ് ലിജിയും കാമുകൻ വസീമും ഒളിവിൽ പോയത്.

ഭാര്യയും കാമുകൻ വസീമും ചേർന്ന് റിജോഷിനെ കൊലപ്പെടുത്തി എന്നാണ് പൊലീസ് നൽകുന്ന വിവരം. ഒരു വർഷം മുൻപ് ആണ് റിജോഷും ഭാര്യ ലിജിയും മഷ്റൂം ഹട്ട് എന്ന ഫാം ഹൗസിൽ ജോലിക്കു പോയി തുടങ്ങിയത്. ഫാമിലെ മൃഗങ്ങളെ പരിപാലിക്കുന്നത് റിജോഷും കൃഷിയിടത്തിലെ വിവിധ ജോലികൾ ചെയ്യുന്നത് ലിജിയും ആയിരുന്നു. 4 വർഷം മുൻപ് ആണ് ഇരിങ്ങാലക്കുട സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ള ഫാം ഹൗസിൽ മാനേജരായി തൃശൂർ ഇരിങ്ങാലക്കുട, കോണാട്ടുകുന്ന് കുഴിക്കണ്ടത്തിൽ വസീം(32) എത്തുന്നത്.

വസീമും ലിജിയുമായുള്ള ബന്ധം റിജോഷ് അറിഞ്ഞതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സൂചന. വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് മദ്യപിക്കാത്ത വസീം മിക്ക ദിവസങ്ങളിലും മദ്യം വാങ്ങാൻ പണം നൽകിയിരുന്നതായി സമീപവാസികൾ പറഞ്ഞു. ഇതോടെ റിജോഷ് സ്ഥിരം മദ്യപാനിയായി. 12 വർഷം മുൻപ് റിജോഷും ലിജിയും സ്നേഹിച്ച് വിവാഹം ചെയ്തവരാണ്.

പ്രതികളിലേക്കു എത്തിയത് ഭാര്യയുടെ കള്ളമൊഴി

റിജോഷിനെ കാണാതായതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥർക്ക് റിജോഷിന്റെ ഭാര്യ ലിജി മൊഴി നൽകി. ഏതാനും ദിവസം മുൻപ് കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ നിന്ന് റിജോഷ് തന്റെ ഫോണിലേക്ക് വിളിച്ചിരുന്നു എന്ന ലിജിയുടെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് ഇൗ ഫോൺ നമ്പറുകളുടെ ഉടമകളെ കണ്ടെത്തിയത് കേസിൽ നിർണായകമായി. കേസ് വഴി തിരിച്ചു വിടാൻ ഫാം ഹൗസ് മാനേജർ വസീമിന്റെ സഹോദരൻ ഏർപ്പെടുത്തിയവരാണ് ഇവർ എന്ന് പൊലീസ് പറഞ്ഞു. ഇവർ പൊലീസിന്റെ കസ്റ്റഡിയിലാണെന്നറിഞ്ഞതോടെയാണ് പ്രതി വസിമിന്റെ വീഡിയോ സന്ദേശമെത്തിയത്.

പൊലീസ് അന്വേഷണം ഉൗർജ്ജിതമായതോടെ വസീം ലിജിയെയും മകളെയും കൂട്ടി നാടു വിട്ടു എന്നാണ് വിവരം. മൂവരെയും കാണാതായതിനു ശേഷം വസീം നെടുങ്കണ്ടത്ത് ഉള്ള എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചിട്ടുണ്ട്. തുടർന്ന് ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫ് ആയി.

ഫാമിലെ ഒരു പശു കുട്ടി ചത്തു എന്നും അതിനെ കുഴിച്ചിട്ട ഭാഗത്ത് കുറച്ച് മണ്ണ് കൂടി ഇടണം എന്നും സമീപവാസിയായ മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററോട് വസീം പറഞ്ഞിരുന്നു. ഈ മാസം 2 ന് മണ്ണുമാന്തി ഉപയോഗിച്ച് ഭാഗികമായി മൂടിയ കുഴി മണ്ണ് ഇട്ട് നികത്തുകയും ചെയ്തു. മണ്ണു മാന്തി യന്ത്രം ഓപ്പറേറ്ററുടെ മൊഴി അനുസരിച്ച് ആണ് പൊലീസ് ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യന്റെ സാന്നിധ്യത്തിൽ മണ്ണ് മാറ്റി പരിശോധന നടത്തിയത്. ഇൻ‌ക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഫാ. ബിജു കുന്നയ്ക്കാട്ട്

കെറ്ററിംഗ്‌: അപ്രതീക്ഷിത വിയോഗത്തിലൂടെ യൂകെയിലെ മലയാളിസമൂഹത്തിന് വേദനയും നടുക്കവും നൽകി കെറ്ററിംഗിൽ മലയാളി വൈദികൻ റെവ. ഫാ. വിൽസൺ കൊറ്റത്തിൽ MSFS അന്തരിച്ചു. അമ്പത്തൊന്നു വയസ്സായിരുന്ന അദ്ദേഹം നോർത്താംപ്ടൺ രൂപതയിലെ, കെറ്ററിംഗ്‌ സെൻറ്‌ എഡ്വേർഡ് പള്ളിയിൽ സഹവികാരിയായും സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ സെൻറ്‌ ഫൗസ്റ്റീന മിഷൻ ഡയറക്ടർ ആയും സേവനം ചെയ്തുവരികയായിരുന്നു. ചങ്ങനാശ്ശേരി അതിരൂപതയിലെ അയർക്കുന്നം സ്വദേശിയായ അദ്ദേഹം ആറുമാനൂർ ഇടവകഅംഗവും MSFS സന്യാസസഭാഅംഗമാണ്.

ആകസ്മികമായി തങ്ങളിൽ നിന്നും വേർപിരിഞ്ഞ പ്രിയ ഇടയനെ പ്രാർത്ഥനാപൂർവ്വം ഓർമ്മിക്കാൻ ഇന്നലെ വൈകിട്ട് നാല് മുപ്പതിന് നോർത്താംപ്ടൺ, കേറ്ററിംഗ്, കോർബി, മറ്റു സമീപപ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്നായി നിരവധിപേർ അദ്ദേഹം സേവനം ചെയ്യുകയായിരുന്ന സെന്റ് എഡ്വേർഡ് ദൈവാലയത്തിൽ ഒത്തുചേർന്നു. 4: 30 നു നടന്ന വി. കുർബാനയ്ക്കും ഒപ്പീസുപ്രാർത്ഥനയ്‌ക്കും ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകി. വികാരി ജനറാൾമാരായ റെവ. ഫാ. ജോർജ്ജ് ചേലക്കലും റെവ. ഫാ. ജിനോ അരീക്കാട്ടും ചാൻസിലർ റെവ. ഫാ. മാത്യു പിണക്കാട്ടും സെക്രട്ടറി റെവ. ഫാ. ഫാന്സുവ പത്തിലും MSFS സഭാഅംഗങ്ങളായ വൈദികരും സമീപ പ്രദേശങ്ങളിൽ നിന്നുള്ള മറ്റു നിരവധി വൈദികരും വിശ്വാസസമൂഹവും പ്രാർത്ഥനാശുശ്രുഷകളിൽ പങ്കുചേർന്നു. നേരത്തെ മാർ ജോസഫ് സ്രാമ്പിക്കൽ, ഫാ. വിത്സൻറെ ഭൗതികശരീരം സൂക്ഷിച്ചിരുന്ന കെറ്ററിംഗ്‌ ജെനെറൽ ആശുപത്രിയിലെത്തി ഒപ്പീസുപ്രാർത്ഥന നടത്തി. ഇന്നലെ മൂന്നു മണി മുതൽ നാല് മണി വരെ പൊതുദർശനത്തിന് ഹോസ്പിറ്റലിൽ സൗകര്യമൊരുക്കിയിരുന്നു.

ഈശോയ്ക്കുവേണ്ടി വഴിയൊരുക്കാൻ വന്ന സ്നാപകയോഹന്നാനെപ്പോലെ, തൻ്റെ ദൗത്യം വിജയകരമായി പൂർത്തിയാക്കി ബഹു. വിത്സനച്ചൻ പിൻവാങ്ങിയെന്ന് ദിവ്യബലിമധ്യേയുള്ള അനുശോചനസന്ദേശത്തിൽ മാർ സ്രാമ്പിക്കൽ അനുസ്മരിച്ചു. തന്നെ ദൈവം വിളിക്കുന്നുവെന്ന തോന്നലിൽ, ഇടവക വൈദികരുടെ മധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ സ്ഥലമായ ഫ്രാൻസിലെ ആർസിൽ പോയി ധ്യാനിച്ചൊരുങ്ങിയും വി. കുമ്പസാരം സ്വീകരിച്ചും അദ്ദേഹം ആത്മീയമായി നന്നായി ഒരുങ്ങിയിരുന്നെന്നും മാർ സ്രാമ്പിക്കൽ പറഞ്ഞു. യുകെയിൽ വച്ചുനടന്ന വൈദികരുടെ ധ്യാനത്തിലും വിത്സൺ അച്ചന്റെ സാന്നിധ്യം ഉണ്ടായിരുന്നു.

ഏറ്റുമാനൂരടുത്തുള്ള ആറുമാനൂർ ഇടവകയിൽ കൊറ്റത്തിൽ കുടുംബത്തിൽ പതിനാറുമക്കളിൽ പതിമൂന്നാമനായാണ് 1968 ൽ വിൽസൺ അച്ചന്റെ ജനനം. 1985 ൽ ഏറ്റുമാനൂർ MSFS സെമിനാരിയിൽ വൈദികപഠനത്തിനു ചേർന്നു. 1997 ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം പിന്നീട് കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്മ്യൂണിക്കേഷനിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. പൗരോഹിത്യ സ്വീകരണത്തിനുശേഷം വൈവിധ്യമാർന്ന വൈദികശുശ്രുഷകളിലൂടെ അദ്ദേഹം വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തു. ചങ്ങനാശ്ശേരി സെൻറ്‌ ജോസഫ്‌സ് മീഡിയ വില്ലേജിൽ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ് തലവൻ, ആലുവായിലുള്ള MSFS സെമിനാരി റെക്ടർ, ബാംഗ്ലൂർ MSFS കോളേജ് പ്രിൻസിപ്പാൾ തുടങ്ങിയവയായിരിന്നു പ്രധാന ശുശ്രുഷാരംഗങ്ങൾ. ബാംഗ്ലൂർ MSFS കോളേജ് പ്രിൻസിപ്പാളായി സേവനം ചെയ്തുവരവെയാണ് യുകെയിൽ നോർത്താംപ്ടൺ രൂപതയിൽ ലത്തീൻ, സീറോ മലബാർ രൂപതകളിൽ അജപാലന ശുശ്രുഷയ്ക്കായി അദ്ദേഹം നിയമിതനായത്. കഴിഞ്ഞ മൂന്നു വർഷത്തിലധികമായി കേറ്ററിങിലുള്ള സെന്റ് എഡ്വേർഡ് ദേവാലയത്തിലും സെന്റ് ഫൗസ്റ്റീന സീറോ മലബാർ മിഷനിലും അദ്ദേഹം സേവനം ചെയ്തുവരികയായിരുന്നു.

തുടർനടപടികൾക്കായി കെറ്ററിംഗ്‌ ജനറൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികദേഹം, നടപടികൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുമെന്ന്, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവഹിക്കാനായി MSFS സന്യാസസഭ നിയമിച്ചിരിക്കുന്ന റെവ. ഫാ. ബെന്നി വലിയവീട്ടിൽ MSFS അറിയിച്ചു. നടപടികൾ പൂർത്തിയാകാൻ രണ്ടാഴ്ചയെങ്കിലും കാലതാമസം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഹൃദ്യമായ പെരുമാറ്റം കൊണ്ടും ആഴമേറിയ പാണ്ഡിത്യവും ജീവിതവിശുദ്ധിയും കൊണ്ടും ഇടവക ജനങ്ങൾക്കെല്ലാം അദ്ദേഹം പ്രിയങ്കരനായിരുന്നെന്ന് വിശ്വാസികൾ അനുസ്മരിച്ചു. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ എല്ലാ വി. കുർബാന കേന്ദ്രങ്ങളിലും ബഹു. വിൽസൺ അച്ചനുവേണ്ടി അനുസ്മരണപ്രാർത്ഥന നടത്തണമെന്ന് ഗ്രേറ്റ് ബ്രിട്ടൺ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ. ആൻ്റണി ചുണ്ടെലിക്കാട്ട് അഭ്യർത്ഥിച്ചു. ബഹു. വിൽസൺ കൊറ്റത്തിലച്ചന്റെ ആകസ്മിക വേർപാടിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയ്ക്കുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ദുഖാർത്ഥരായ കുടുംബാങ്ങങ്ങളെയും വിശ്വാസി സമൂഹത്തെയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

ഫാ. വിൽസൺ കൊറ്റത്തിലിൻറെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അനുശോചനങ്ങള്‍.

RECENT POSTS
Copyright © . All rights reserved