ന്യൂഡൽഹി ∙ അടച്ചുപൂട്ടിയ ബസ്സിനുള്ളിൽനിന്ന് അവർ വീണ്ടും വീണ്ടും കൃതജ്ഞതയുടെ കൈ വീശി. അപ്പോഴും ഒരുവശത്ത് ശാന്തരായി നടക്കുകയായിരുന്നു അജോ ജോസും ശരത്തും – ഇന്ത്യയുടെ വുഹാൻ രക്ഷാ ദൗത്യസംഘത്തിന്റെ ഭാഗമായ മലയാളി നഴ്‌സുമാർ.

കൊറോണവൈറസ് ഭീതിയുടെ പ്രഭവകേന്ദ്രമായ വുഹാനിൽനിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ ഒരു മടിയും ആശങ്കയുമില്ലാതെ പ്രത്യേക വിമാനത്തിൽ പുറപ്പെട്ടവർ. 2012 ൽ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ വന്നകാലം മുതൽ ഇരുവരും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ രക്ഷാദൗത്യങ്ങളുടെ ഭാഗമാണ്. ആദ്യം സ്വമേധയാ രംഗത്തിറങ്ങിയെങ്കിൽ ഇപ്പോൾ സർക്കാർ ഇവരെ തിരഞ്ഞുപിടിച്ചു നിയോഗിക്കുന്നു. നേപ്പാളിലെയും ഇന്തൊനീഷ്യയിലെയും ഭൂകമ്പ രക്ഷാദൗത്യങ്ങളിലും ശ്രീലങ്കയിൽ ഭീകരാക്രമണങ്ങൾക്കു ശേഷമുള്ള രക്ഷാപ്രവർത്തനങ്ങളിലും ഇന്ത്യൻ സംഘത്തിന്റെ ഭാഗമായി. ഡൽഹിയിലായിരിക്കെ, കേരളത്തിലെ 2 ദൗത്യങ്ങളിൽ പങ്കാളികളായി – നിപ്പ പരിചരണത്തിലും 2018 ലെ പ്രളയക്കെടുതിയിലും.

എയിംസിൽ അസി. നഴ്സിങ് സൂപ്രണ്ടായി വിരമിച്ച അമ്മ ആനിയുടെ അനുഭവപാഠങ്ങളാണു തൃശൂർ പറമ്പൂർ സ്വദേശിയായ അജോയുടെ കരുത്ത്. വൈക്കം ചെമ്പ് സ്വദേശിയായ ശരത്തിന്റെ ഭാര്യ സിമി എയിംസിലെ നഴ്‌സാണ്. വുഹാൻ രക്ഷാദൗത്യം കഴിഞ്ഞെത്തിയ അജോക്കും ശരത്തിനും ഇനി രണ്ടാഴ്ചത്തേക്കു ജോലിക്കു പോകാനില്ല. മുൻകരുതലിന്റെ ഭാഗമായി വീട്ടിൽ തന്നെ മാറിത്താമസിക്കണം.

‘അഭിമാനകരമായ നിമിഷമാണു ഞങ്ങൾക്കെല്ലാം. വുഹാനിൽ നിന്ന് ഒരു സംഘത്തെ ഇവിടേക്ക് എത്തിക്കാനായി. ഇന്ത്യയിൽ ഒരുപക്ഷേ, എയർ ഇന്ത്യയ്ക്കു മാത്രം കഴിയുന്ന ദൗത്യം. ഈ വെല്ലുവിളി ഏറ്റെടുക്കാൻ സർക്കാർ ആവശ്യപ്പെട്ടപ്പോൾ, ഒരാൾ പോലും മറിച്ചു പറഞ്ഞില്ല. ‘യെസ്’ എന്നു തന്നെയായിരുന്നു ആദ്യ ഉത്തരം.’ – ദേവദാസ് പിള്ള (എയർ ഇന്ത്യയുടെ സെക്യൂരിറ്റി മാനേജർ, ആലപ്പുഴ സ്വദേശി)