India

കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപപ്രദേശത്തെ കിണറ്റിൽ കണ്ടെത്തിയ മൃതദേഹം കാണാതായ യുവാവിന്‍റേതാണെന്ന് തിരിച്ചറിഞ്ഞു. നാൽപ്പത്തിയാറ് ദിവസം മുമ്പ് കാണാതായ മുണ്ടിക്കൽ താഴം മേലേപുതിയോട്ടിൽ രാജന്റെ മകൻ രൂപേഷിന്റെ(33) മൃതദേഹമാണ് പൈങ്ങോട്ടാപുറത്തെ ആൾപ്പാർപ്പില്ലാത്ത പറമ്പിലെ കിണറ്റിൽ കണ്ടെത്തിയത്.

അഴുകി അസ്ഥിമാത്രമായ നിലയിലായിരുന്ന മൃതദേഹം. മെഡിക്കൽ കോളേജ് പൊലീസെത്തി ഇൻക്വസ്റ്റ് നടത്തി. മായനാട്നാഗങ്കോട് കുന്നുമ്മൽ നിർമ്മാണത്തിലിരിക്കുന്ന വുഡ്എർത്ത് കമ്പനിയുടെ സ്ഥലത്തെ കിണറിലാണ് മൃതദേഹം കണ്ടത്. ഇവിടെ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ പറമ്പിൽ വീണു കിടക്കുന്ന നാളികേരം പെറുക്കുന്നതിനിടെ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം അഴുകിയ നിലയിൽ കാണുന്നത്.

തുടർന്ന്.മെഡിക്കൽ കോളെജ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. രൂപേഷ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. പ്രസന്ന മാതാാവും ഷാരോൺ കുമാർ സഹോദരനുമാണ്.

ജീവിക്കാന്‍ വേണ്ടി പലരും പല പണികളും ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുണ്ട് എന്നാല്‍ ഒരു സ്ത്രീ ജീവിക്കാന്‍ വേണ്ടി കുടുംബം പൊട്ടാന്‍ വേണ്ടി ചെയ്യുന്ന ജോലികള്‍ കണ്ടാല്‍ ഒരു നിമിഷം നിങ്ങളെ ചിന്തിപ്പിക്കും ഇങ്ങനെയുള്ള ജോലികള്‍ ആണുങ്ങള്‍ മാത്രം ചെയ്യുന്നത് ഈ ജോലികള്‍ക്ക് അത്യാവശ്യം ആരോഗ്യം വേണം എന്നതിനാലാണ്  .

‘ഇതൊക്കെ ആണുങ്ങളുടെ പണിയാണ്, നമ്മളെകൊണ്ട് കൂട്ടിയാല്‍ കൂടൂല എന്ന് പറയുന്ന പെണ്ണുങ്ങളോട് എനിക്കൊന്നും പറയാനില്ല. ഏറ്റവും കുറഞ്ഞത് പെരുന്നാളിന് പുറത്ത് പോകുമ്പോഴെങ്കിലും ചുറ്റുമുള്ള മനുഷ്യന്മാരുടെ ജീവിതം കാണാന്‍ ശ്രമിക്കണം. ഇതൊരു വല്ലാത്ത ലോകമാണ്. ഇവിടെ ആണിനെപ്പോലെ പെണ്ണിനും എല്ലാ പണിയും എടുത്ത് ജീവിക്കാന്‍ സാധിക്കും. പടച്ചോന്‍ നമ്മള്‍ക്കെല്ലാം തന്ന ഉള്‍ക്കരുത്തുണ്ട്. അത് കാണാതെ പോകരുത്.’ സ്വയം ശപിച്ച ഒരു രാത്രിയാത്രയില്‍ പടച്ചവനെപ്പോലെ സഹായിച്ച ആയിഷുമ്മയുടെ വാക്കുകളാണിത്.

മലപ്പുറത്തെ മങ്കടയില്‍നിന്ന് സുഹൃത്തിന്റെ കല്ല്യാണ പാര്‍ട്ടി കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ രാത്രി ഒമ്പതു മണി കഴിഞ്ഞിരുന്നു. ഒന്നിന് പിറകെ ഒന്നായി മഴത്തുള്ളികള്‍ മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട്. മഴക്കോട്ട് ധരിച്ചിട്ടുണ്ടെങ്കിലും കുറച്ച് മുന്നോട്ട് പോയപ്പോഴേക്കും മഴസംഭരണിപോലെ കോട്ടിനുള്ളില്‍ വെള്ളം നിറഞ്ഞു. വഴിയിലൊന്നും ഒറ്റ മനുഷ്യനില്ല. ഞായറാഴ്ചയായതിനാല്‍ ചുറ്റും അടഞ്ഞ കടകള്‍ മാത്രം. കനത്ത മഴയും പരിചയമില്ലാത്ത വഴിയും ഇരുട്ടില്‍ അസ്വസ്ഥതപ്പെടുത്തി. ആകെ ആശ്വാസം ഇടക്കിടെ കടന്നുപോകുന്ന ലോറികളായിരുന്നു. കുറച്ചുകൂടെ പോയപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. കുഴികളില്‍ ചാടുമ്പോള്‍ ബൈക്ക് ഒരു വശത്തേക്ക് പോകുന്നു. റോഡരികിലേക്ക് നിര്‍ത്തി. പിന്നിലെ ടയര്‍ പഞ്ചറായിരിക്കുന്നു.

കൂരിരുട്ടിനൊപ്പം പെയ്യുന്ന മഴക്കൊപ്പം നിസ്സഹായത എന്നെ അലിയിച്ചു കളയുന്ന പോലെ തോന്നി. മുന്നോട്ട് പോവുക എന്നല്ലാതെ മറ്റൊരു വഴിയും ഇല്ല. മഴക്കോട്ട് അഴിച്ച് സീറ്റിന് മുകളിലേക്കിട്ട ശേഷം ലക്ഷ്യമില്ലാതെ ബൈക്ക് തള്ളി തുടങ്ങി. പഞ്ചര്‍ അടക്കാനുള്ള വിദൂര സാധ്യത പോലും ഇല്ല എന്ന് ഉറപ്പിച്ചു. മിനിറ്റുകളോളം മുന്നോട്ട് പോയപ്പോഴാണ് ദൂരെ നിന്നും ഒരു ഉന്തുവണ്ടി വരുന്നത് കണ്ടത്.

മുകളില്‍ പെട്രോമാക്സ് വിളക്ക് തൂങ്ങിയാടുന്നുണ്ട്. വളരെ വേഗം അത് അടുത്തേക്ക് വന്നു. ഇരുട്ടിനും വെളിച്ചത്തിനും ഇടക്ക് അത് ഉന്തി വരുന്ന മനുഷ്യനെ കാണാന്‍ കഴിയുന്നുണ്ട്. തലയില്‍ വെള്ളത്തൊപ്പി വച്ച് ഓട്ടയുള്ള ബനിയന്‍ ധരിച്ച വൃദ്ധനായ ഒരാള്‍. എന്നെ കണ്ടതും ഉന്തുവണ്ടി റോഡരികിലേക്ക് ചേര്‍ത്ത് നിര്‍ത്തി. ഉന്തുവണ്ടിക്ക് മുകളിലെ മണ്ണെണ്ണ സ്റ്റവ്വും ഇരുമ്പിന്റെ വലിയചീനച്ചട്ടിയും കണ്ടപ്പോഴെ കടലക്കച്ചവടം നടത്തുന്ന ആളാണെന്ന് മനസ്സിലായി.

പഞ്ചറായി അല്ലേ, ഇതിവിടെ പതിവാണ്… അമ്മാതിരി റോഡല്ലേ മോനെ. അദ്ദേഹത്തിന് ഒന്നും പറയാതെ കാര്യം മനസ്സിലായി. പേടിക്കാന്‍ ഒന്നുമില്ലെന്നും വേഗം പോയാല്‍ നമ്മടെ ആയിഷ ശരിയാക്കിത്തരും എന്ന് പറഞ്ഞു. ആയിഷ എന്ന വ്യക്തിക്ക് പഞ്ചര്‍ കട ഉണ്ടെന്നും അത് അടുത്താണെന്നും മാത്രം മനസ്സിലായി. കുറെ നേരം മഴ കൊണ്ട് ബൈക്ക് തള്ളിയ ക്ഷീണം നന്നായി ഉണ്ടായിരുന്നു. അത് കണ്ടിട്ടാകണം അദ്ദേഹം പ്ലാസ്റ്റിക്ക് ഷീറ്റിന് അടിയില്‍ നിന്ന് കടലാസ്സില്‍ പൊതിഞ്ഞ് വച്ച കടലപ്പൊതിയില്‍ ഒന്നെടുത്ത് എനിക്ക് നേരെ നീട്ടിയത്.

എന്റെ അടുത്ത് വേറൊന്നുല്ല, ഇപ്പൊ ഇത് കഴിച്ചൊ തല്‍ക്കാലം സമാധാനം കിട്ടും. മോളുടെ മക്കളായ സുറുമിക്കും ഉമ്മുവിനും കരുതിയതാണ’. ആ സ്നേഹത്തിനും പരിഗണനക്കും മുന്നില്‍ വേണ്ട എന്ന് പറയാന്‍ മനസ്സ് വന്നില്ല. സന്തോഷത്തോടെ അത് വാങ്ങി. അദ്ദേഹത്തോട് യാത്ര പറഞ്ഞ് പഞ്ചര്‍കട ലക്ഷ്യമാക്കി വേഗത്തില്‍ ബൈക്ക് ആഞ്ഞ് തള്ളി. പേരു ചോദിക്കാന്‍ മറന്ന കാര്യം പിന്നീടാണ് ഓര്‍ത്തത്. എങ്കിലും സ്നേഹം പൊതിഞ്ഞ കടലമണികള്‍ മാത്രം മതി ആ മുഖം മറക്കാതിരിക്കാന്‍.

അരികിലൂടെ കടന്നു പോയ ലോറിയുടെ വെളിച്ചത്തിലാണ് വലിയ ടയറില്‍ മഞ്ഞ പെയ്ന്റ്‌കൊണ്ട് പഞ്ചര്‍ കട എന്ന്എഴുതിയത് കണ്ടത്. സര്‍വ്വ ശക്തിയുമെടുത്ത് വേഗത്തില്‍ കടക്കരികിലേക്ക് ബൈക്ക് തള്ളി. എന്നാല്‍ എല്ലാം കൈ വിട്ട് പോയിരുന്നു. കാരണം കട പൂട്ടി ഒരു സ്ത്രീ ചാവി ഊരി എടുക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നെ കണ്ടപ്പോള്‍ പുറത്തെ ഓഫാക്കിയ ലൈറ്റ് ഓണ്‍ ചെയ്ത് വരാന്‍ ആംഗ്യം കാണിച്ചു.

മനസ്സ് മടുത്ത് അവശനായി അവര്‍ക്കരികിലേക്ക് ചെന്നു. ഇപ്പൊവരാം എന്ന് പറഞ്ഞ് അവര്‍ കടക്ക് പിറകിലെ ഇരുട്ടിലേക്ക് മറഞ്ഞു. ഒരു പിടിയും കിട്ടാതെ ഞാന്‍ മിനിറ്റുകളോളം അവിടെത്തന്നെ നിന്നു. തിരിച്ചുവന്ന അവരുടെ കൈയില്‍ പാത്രത്തില്‍ മൂടിവച്ച എന്തോ ഉണ്ടായിരുന്നു. അവര്‍ ആ പാത്രത്തില്‍നിന്നും ആവി പറക്കുന്ന കട്ടന്‍ ചായ സ്റ്റീല്‍ ഗ്ലാസ്സിലേക്ക് പകര്‍ന്ന് തന്നു. കുടിക്ക് തണുപ്പൊക്കെ മാറട്ടെ, എന്ന് പറഞ്ഞ് പൂട്ടിയ കടയുടെ ഷട്ടര്‍ വീണ്ടും തുറന്നു.

ജോലിക്കാരൊക്കെ പോയില്ലേ ഇനി എന്ത് ചെയ്യാന്‍ പറ്റും എന്ന ചോദ്യത്തിന് ചിരിയായിരുന്നു മറുപടി. അവര്‍ പറഞ്ഞത് പ്രകാരം ബൈക്ക് സെന്റര്‍ സ്റ്റാന്റ് ഇട്ട് കയറ്റിവച്ചു. മഴകൊള്ളാതെ കടയിലേക്ക് കയറി ചായ കുടിക്കാന്‍ പറഞ്ഞ്, അവര്‍ടൂള്‍ ബോക്സ് എടുത്ത് പുറത്ത് വന്നു. അപ്പോഴാണ് ആ പഴയ ചിരിയുടെ അര്‍ത്ഥം മനസ്സിലായത്. അവരാണ് ആ കടയിലെ തൊഴിലാളിയും ഉടമസ്ഥനും എല്ലാം.

പരുക്കനായ കൈയില്‍ സ്പാനര്‍ നിന്ന് കറങ്ങി. അതിവേഗം ടയര്‍ ഊരി ട്യൂബ് പുറത്തിട്ടു. അതിനിടക്ക് എന്റെ വീടും നാടും അടക്കം ഒരു ചെറിയ ബയോഡാറ്റ തന്നെ അവര്‍ ചോദിച്ച് മനസിലാക്കിയിരുന്നു. ഒപ്പം അവരുടെ ജീവിതവും പറയാന്‍ തുടങ്ങി.

ഒറ്റവാക്കില്‍ പറഞ്ഞാല്‍ ആയിഷ എന്ന് പറയുന്ന നാട്ടുകാരുടെ പഞ്ചര്‍ താത്ത അത്ഭുതങ്ങളുടെ സ്ത്രീ രൂപമാണ്. മങ്കടയ്ക്ക് സമീപമുള്ള വെള്ളില കോഴിക്കോട്ടുപറമ്പില്‍ വഴിയില്‍ കുടുങ്ങി ആരും നില്‍ക്കാതെയായതിന് കടയോളം കാലപ്പഴക്കമുണ്ട്.

puncture thatha

അതിജീവനത്തിന്റെ മലപ്പുറം വേര്‍ഷന്‍

ഇനി പറയാന്‍ പോകുന്നത് അധ്വാനിച്ചു ജീവിക്കുന്ന മലപ്പുറത്തെ മുസ്ലിം സ്ത്രീയുടെ ജീവിതമാണ്. മലപ്പുറത്തെ മുന്‍ ധാരണകളാല്‍ കാണുന്ന കണ്ണട വച്ച് വായിച്ചാല്‍ അത് പൊട്ടിപ്പോകും. അത്രമേല്‍ ആ നാട് ആയിഷ എന്ന ഉറച്ച നിലപാടിനൊപ്പം നിന്നിട്ടുണ്ട്. കൂടപ്പിറപ്പുകളുടെ ജീവിതത്തിന്റെ കാറ്റൊഴിഞ്ഞ് പോകാതിരിക്കാനാണ് ആയിഷ പഞ്ചറൊട്ടിച്ച് തുടങ്ങിയത്. എന്നാല്‍ ജീവിതം ടയര്‍ പോലെ അവര്‍ക്ക് മുന്നില്‍ അനായാസമായി വഴങ്ങിയിരുന്നില്ല.

ഇനിയും തീരാത്ത ജീവിത പ്രാരാബ്ധങ്ങള്‍ ടയറുകള്‍ക്കൊപ്പം അടുക്കി വച്ചിട്ടുണ്ട്. കൂടപ്പിറപ്പുകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാനായി ഓടിയപ്പോള്‍ സ്വന്തം ജീവിതം ഗട്ടറില്‍ വീണത് മറന്നു പോയിരുന്നു. എന്നാല്‍ ഇന്നവര്‍ ശക്തയാണ്. കാരണം ജീവിതത്തെ കഠിനാധ്വാനം കൊണ്ട് മെരുക്കി എടുക്കാന്‍ അവര്‍ ശീലിച്ചിരിക്കുന്നു. ആ ശീലങ്ങള്‍ സ്ത്രീ സമൂഹത്തിനാകെ മാതൃകാപരമായ പാഠങ്ങളാണ്. വഴിയില്‍ വീണ് പോയ ജീവിതങ്ങള്‍ക്ക് മുന്നോട്ട് കുതിക്കാന്‍ കരുത്ത് കിട്ടുന്ന മരുന്നാണ് യഥാര്‍ത്ഥത്തില്‍ ആയിഷത്താത്തയുടെ ജീവിതം.

കൊടും പട്ടിണിയും അക്ഷരങ്ങളും

കഞ്ഞിയില്‍ നിന്നും ഒറ്റ വറ്റെങ്കിലും ഏഴ് മക്കളില്‍ ആര്‍ക്കെങ്കിലും കിട്ടുന്നത് ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ്. അത്രമേല്‍ കഷ്ടതകളുടെ പേമാരിയായിരുന്നു ആയിഷയുടെ കുട്ടിക്കാലത്ത്. കൂലിപ്പണിക്കാരനായ ഉപ്പയെ ഒന്നിന് പുറകെ ഒന്നായി അസുഖങ്ങള്‍ വേട്ടയാടുകയും ചെയ്തതോടെ കാര്യങ്ങള്‍ കൈവിട്ട് പോയി. അമ്മയാണ് പിന്നീട് കുടുംബത്തെ അന്നമൂട്ടിയത്.

അടുക്കളക്ക് പിറകില്‍ തകരഷീറ്റ് കൊണ്ടുണ്ടാക്കിയ കോഴിക്കൂട്ടില്‍ ഒരു പൂവന്‍ കോഴിയും ആറു പിടക്കോഴിയും ഉണ്ടായിരുന്നു. ഇതിലെ പൂവനോട് നേരം വെളുത്ത കാര്യം പറയാറ് ആയിഷയുടെ ഉമ്മയാണത്രേ. അത്രമേല്‍ പുലര്‍ച്ചക്ക് എഴുന്നേറ്റ് വീട്ടിലെ പണിയൊക്കെ തീര്‍ത്താണ് നാട്ടുപണിക്ക് അവര്‍ പോയിരുന്നത്. അധ്വാനത്തിന്റെ അസാമാന്യമായ സ്ത്രീ മാതൃക ആദ്യമായി ആയിഷ കണ്ടതും ഉമ്മയിലായിരുന്നു.

ഉപ്പയെപ്പോലെ സ്ഥിരം അസുഖമായിരുന്നു ചെറുപ്പത്തില്‍ ആയിഷക്കും. അതുകൊണ്ടുതന്നെ മിക്ക ദിവസങ്ങളിലും കളിക്കാന്‍പോലും പുറത്ത് പോകാന്‍ പറ്റാതെ വീട്ടില്‍ തളര്‍ന്ന് ഇരിക്കയാവും. തന്നെക്കാള്‍ പ്രായം കുറഞ്ഞവര്‍ വിദ്യാലയത്തില്‍ പോയപ്പോഴും വിട്ടുമാറാത്ത അസുഖങ്ങള്‍ ആയിഷയെ അതിന് അനുവദിച്ചില്ല. അങ്ങിനെ പത്താമത്തെ വയസ്സിലാണ് അക്ഷരങ്ങള്‍ കൂട്ടുകാരാകുന്നത്.

മിക്ക ദിവസങ്ങളിലും ക്ലാസ്സില്‍ പോകാന്‍ സാധിച്ചിരുന്നില്ല. കാരണം അഞ്ചു പശുക്കള്‍ക്കും ഏഴു മനുഷ്യര്‍ക്കും വേണ്ട വെള്ളം വീടിന് താഴെയുള്ള പൊതുകിണറില്‍ നിന്ന് കൊണ്ടുവരേണ്ട ജോലി ആയിഷയുടേതാണ്. രണ്ട് തവണയാണ് ചുറ്റുമതില്‍ ഇല്ലാത്ത കിണറിലേക്ക് വെള്ളമെടുക്കുമ്പോള്‍ വീണത്. ഓര്‍മ്മകളില്‍ പോലും ആയാസകരമായ ഒന്നുമില്ല അവര്‍ക്ക്.

നാള്‍ക്കുനാള്‍ ഏറിവന്ന പട്ടിണി വിടാതെ പിടിച്ചപ്പോള്‍ അക്ഷരങ്ങളെ വേദനയോടെ പിണക്കേണ്ടി വന്നു. അത് പിന്നീട് അഞ്ചാം ക്ലസ്സില്‍വച്ച് പഠനം അവസാനിപ്പിക്കുന്നത് വരെ എത്തി. എന്നാല്‍ ആയിഷയുടെ പ്രിയപ്പെട്ട മാധവന്‍ മാഷ് അതിന് സമ്മതിച്ചിരുന്നില്ല. എല്ലാ ചെലവും അദ്ദേഹം ഉള്‍പ്പെടുന്ന അധ്യാപകര്‍ വഹിച്ചു കൊള്ളാം എന്നറിയിച്ചു.

പക്ഷെ മറ്റൊരാള്‍ക്ക് ബാധ്യതയാകാന്‍ ആയിഷ തയ്യാറല്ലായിരുന്നു. അങ്ങിനെ വേലായുധന്‍ മാഷേയും അസീസ് മാഷേയും മാധവന്‍ മാഷേയും സ്നേഹപൂര്‍വ്വം നിരസിക്കേണ്ടി വന്നു. എങ്കിലും അക്ഷരങ്ങള്‍ക്കൊപ്പം നെഞ്ചേറ്റിയ അധ്യാപകരെ ഇന്നും ആയിഷ മറവിക്ക് വിട്ടുകൊടുക്കാതെ ചേര്‍ത്ത് നിര്‍ത്തിയിട്ടുണ്ട്. വേലായുധന്‍ മാഷ് അമ്പലത്തില്‍ പോകുന്ന ദിവസങ്ങളില്‍ ഇന്നും തന്റെ പ്രിയപ്പെട്ട ശിഷ്യയുടെ അരികിലെത്താറുണ്ട്.

മധുരമുള്ള പ്രസാദം കയ്യിലുണ്ടെങ്കില്‍ അതില്‍ നിന്ന് ഒരുപങ്ക് ആയിഷക്ക് കൊടുത്തിട്ടേ വീട്ടില്‍ കൊണ്ട് പോകാറുള്ളു. അതുകൊണ്ട് തന്നെ ഇപ്പോഴും സ്നേഹത്തിന്റെയും പരിഗണനയുടെയും മധുരിക്കുന്ന ഒട്ടേറെ അനുഭവങ്ങളാണ് അവര്‍ക്ക് വിദ്യാലയം. അതാവണം ഇനി ഒരു സാധ്യത കിട്ടിയാല്‍ തീര്‍ച്ചയായും പഠിക്കും എന്നവര്‍ ഉറപ്പിച്ച് പറയുന്നത്.

ജീവിതത്തിന്റെ പഞ്ചറൊട്ടിക്കാന്‍ എളുപ്പമല്ല

പ്രായവും കഠിനാധ്വാനവും ഉമ്മയെ വേഗം തളര്‍ത്തി. വീണ്ടും വിശപ്പ് ഗതി കിട്ടാത്തവനെപ്പോലെ ഇല്ലിക്കല്‍ വീട്ടില്‍ ആകെ അലഞ്ഞു നടന്നു. അങ്ങിനെയാണ് അന്നത്തിനായി മറ്റൊരടുക്കളയില്‍ പണിക്ക് പോകേണ്ടി വന്നത്. എന്നാല്‍ കടുത്ത അവഗണയായിരുന്നു അവിടെ അനുഭവിക്കേണ്ടി വന്നത്. ഒട്ടും താമസിയാതെ അവിടെ നിന്നും സലാം പറഞ്ഞ് ഇറങ്ങി.

എന്ത് ചെയ്യും എന്നോര്‍ത്ത് അസ്വസ്ഥത പെട്ടിരിക്കുമ്പോഴാണ് കവലയില്‍ പുതുതായി തുടങ്ങിയ പെട്രോള്‍ പമ്പിനെ കുറിച്ച് അയല്‍വാസി പറയുന്നത്. അവിടെ പെട്രോളടിക്കുന്നത് മുതല്‍ എല്ലാം ചെയ്യുന്നത് സ്ത്രീകളാണത്രെ. അതുകൂടി കേട്ടപ്പോള്‍ വേഷം പോലും മാറാതെ പമ്പിലേക്ക് വച്ചുപിടിച്ചു. ആ ഉത്സാഹം കണ്ട പമ്പുടമ ജോലിയും കൊടുത്തു. എന്നാല്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെ കോട്ടയത്തുകാരനായ ഉടമ എല്ലാ സ്ത്രീകളെയും പിരിച്ചു വിട്ടു.

രോഷവും സങ്കടവും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. പെണ്ണുങ്ങളെ ഇനി പണിക്ക് വേണ്ട എന്ന് മാത്രമായിരുന്നു പമ്പുടമയുടെ മറുപടി. ഏറെ കാലം അത് ആയിഷയുടെ മനസ്സിനെ വല്ലാതെ ഉലച്ചു. ആ മറുപടി ഉള്ളില്‍ കിടന്ന് നീറിപ്പുകഞ്ഞു. സ്ത്രീയെ ഇത്ര നിസ്സാരമായി കാണുന്ന മനുഷ്യര്‍ക്ക് ജീവിതം കൊണ്ട് തന്നെ മറുപടി നല്‍കണമെന്ന് അവര്‍ മനസ്സില്‍ ഉറപ്പിച്ചു.

ജീവിതം പിന്നെയും ചോദ്യചിഹ്നമായി മാറി. അപ്പോഴാണ് പെട്രോള്‍ പമ്പില്‍വച്ച് അറിയാവുന്ന ഒരു സുഹൃത്ത് തൊട്ടടുത്ത ഹോട്ടലിലേക്ക് പാചകക്കാരിയായി ക്ഷണിക്കുന്നത്. വിറക് വെട്ടുന്നത് മുതല്‍ പൊറോട്ട ഉണ്ടാക്കുന്നത് വരെ ചെയ്യേണ്ടി വന്നു. എന്നിട്ടും കൂലി ലഭിക്കാത്ത അവസ്ഥയായിരുന്നു. തുടര്‍ന്ന് ഹോട്ടലിലെ മറ്റ് ജീവനക്കാര്‍ ഓരോരുത്തരായി സ്ഥലം വിട്ടു. ഒടുവില്‍ എല്ലാം ചെയ്യേണ്ട അവസ്ഥ വന്നു. പക്ഷേ കാലപ്പഴക്കം കൊണ്ട് നിലം പൊത്താറായ ഹോട്ടലിലേക്ക് ആളുകള്‍ വരാതെയായി. അതോടെ ആ വരുമാനവും നിന്നു.

അങ്ങിനെയാണ് ഹോട്ടലിന്റെ തൊട്ടടുത്തുള്ള ടയര്‍ പഞ്ചര്‍ കടയിലേക്ക് ജോലിക്ക് പോകാന്‍ തീരുമാനിച്ചത്. എന്നാല്‍ അവിടെയും അള്ളുവക്കാന്‍ ഒട്ടേറെ പേര്‍ ഉണ്ടായിരുന്നു. പ്രധാനമായും ഉയര്‍ന്നുവന്ന ചോദ്യം ഒരു സ്ത്രീക്ക് ഇത്തരം ഭാരപ്പെട്ട ജോലി ചെയ്യാന്‍ സാധിക്കുമോ എന്നായിരുന്നു. എന്നാല്‍ ആയിഷയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ടയര്‍ അനായാസമായി വഴങ്ങി.

വളരെ വേഗം പഞ്ചര്‍ അടയ്ക്കാന്‍ പഠിച്ച ആയിഷയോട് കൂടെ ജോലിചെയ്യുന്ന ചെറുപ്പക്കാരന് താത്പര്യമില്ലാതെയായി .അവരെ കടയില്‍ നിന്ന് ഒഴിവാക്കാന്‍ ആവുന്ന പണി എല്ലാം എടുത്തു. അപ്പോഴേക്കും ആയിഷ നാട്ടുകാരുടെയും കടയുടമയുടെയും പ്രിയപ്പെട്ടവളായിരുന്നു. കാരണം അത്ര വേഗതയിലായിരുന്നു ഓരോ ജോലിയും ചെയ്ത് തീര്‍ത്തിരുന്നത്.

പടച്ചവന്‍ കൂടെയുണ്ട്

കുടുംബത്തിലെ കഷ്ടപ്പാടുകളെല്ലാം അപ്പോഴും അധ്വാനത്തിന് മുകളിലായിരുന്നു. ആയിടക്കാണ് പഞ്ചര്‍ കട ഉടമയുടെ ഭാര്യയും തന്റെ കുടുംബ സുഹൃത്തുമായ ഫാത്തിമ വീട്ടില്‍ വരുന്നത്. വീടിന്റെ അവസ്ഥ കണ്ട് മനസ്സിലാക്കിയ അവര്‍ അധികമാര്‍ക്കും എടുക്കാനാവാത്ത തീരുമാനവുമായിട്ടാണ് അവിടെനിന്നും മടങ്ങിയത്. ഭര്‍ത്താവായ കുഞ്ഞി മുഹമ്മദിനെകൊണ്ട് ആയിഷയെ കല്ല്യാണം കഴിപ്പിക്കുക.

ഞെട്ടലോടെയാണ് കുഞ്ഞിമുഹമ്മദ് ഉള്‍പ്പെടയുള്ള ആളുകള്‍ അതിനോട് പ്രതികരിച്ചത്. ഒടുവില്‍ അദ്ദേഹത്തിന് സമ്മതിക്കേണ്ടി വന്നു. അങ്ങിനെ കുടുംബത്തിലെ ഏതാനും അംഗങ്ങളെയും കുഞ്ഞിമുഹമ്മദിന്റെ കൂടെവന്ന നാല് സുഹൃത്തുക്കളെയും സാക്ഷിയാക്കി ആയിഷ നാല്‍പ്പത്തിമൂന്നാം വയസ്സില്‍ മണവാട്ടിയായി.

പക്ഷെ അവിടെയും ജീവിതം പ്രതിസന്ധികളുടെ വാതിലാണ് ആയിഷയ്ക്ക് മുന്നില്‍ തുറന്ന് കൊടുത്തത്. കാരണം വിവാഹത്തിന് കാരണക്കാരിയായ അദ്ദേഹത്തിന്റെ മുന്‍ ഭാര്യ അവസാന നിമിഷം മനസ്സ് മാറി. തുടര്‍ന്ന് വീട്ടില്‍ പോകാന്‍ സാധിക്കാത്ത അവസ്ഥയായി. അങ്ങിനെ മണവാട്ടിയായ ആയിഷയെയും കൂട്ടി കുഞ്ഞുമുഹമ്മദിന് ടയര്‍ കടയിലേക്ക് പോകേണ്ടി വന്നു.

ടയറുകള്‍ക്കിടയില്‍ അങ്ങിനെ മണിയറ ഒരുങ്ങി. ഒരാഴ്ച്ചയോളം അവിടെ താമസിക്കേണ്ടി വന്നു. ഒടുവില്‍ സമീപത്തായി ഒരു വാടക വീട് കിട്ടി. എന്നാല്‍ മഴ പെയ്യുമ്പോള്‍ അതിനേക്കാള്‍ ശക്തിയില്‍ ആ വീടാകെ നിന്ന് പെയ്യുമായിരുന്നു. ഇപ്പോള്‍ മറ്റൊരു വാടക വീടെടുത്ത് താമസിക്കുകയാണ്. ഒരുപാട് പേരുടെ സ്വപ്നങ്ങള്‍ക്കായി ജീവിച്ച ആയിഷയ്ക്ക് സ്വന്തമായി തലചായ്ക്കാനൊരു വീടുവേണം എന്നതാണ് ആകെയുള്ള സ്വപ്നം.

പടച്ചവന്റെ അനുഗ്രഹം കൊണ്ടാണ് ഇത്രമേല്‍ പ്രയാസകരമായ ജോലി അനായാസം ചെയ്യാന്‍ സാധിക്കുന്നതെന്നാണ് അവരുടെ വിശ്വാസം. ആരുമില്ലെങ്കിലും പടച്ചവന്‍ ഒരു വഴി കാണിക്കും എന്നു തന്നെയാണ് അവരുടെ പ്രതീക്ഷയും.

ജീവിതം പറയുന്നതിനിടക്ക് പഞ്ചറൊട്ടിച്ച് ടയര്‍ ഫിറ്റ് ചെയ്ത് കഴിഞ്ഞു. കൈയിലെ ചായ അസാമാന്യ ജീവിത അനുഭവങ്ങള്‍ കേള്‍ക്കുന്നതിനിടക്ക് കുടിക്കാന്‍ മറന്നു പോയിരുന്നു. അത് ചൂട് പോയി തണുത്തിരിക്കുന്നു. എന്നാല്‍ ആ തണുപ്പുള്ള രാത്രിയിലും അധ്വാനത്തിന്റെ വിയര്‍പ്പ് അവരുടെ മുഖമാകെ പടര്‍ന്നിരുന്നു.

ജീവിതത്തില്‍ എപ്പോഴെങ്കിലും പ്രതീക്ഷ ചോര്‍ന്നു പോകുന്നു എന്ന് തോന്നിയാല്‍ ആയിഷത്താത്തയുടെ ആ പഞ്ചര്‍കടക്കരികില്‍ പോയി നിന്നാല്‍ മതിയാകും.

മുർഖനെയും അണലിയേയും പെരുമ്പാണിനെയും മാത്രം കണ്ട് ശീലിച്ച അടിമാലിക്കര്‍ക്ക് മുന്നില്‍ ഇന്നലെയൊരു പൊളപൊളപ്പന്‍ കളര്‍ഫുള്‍ പാമ്പെത്തി.അതോടെ കാണാന്‍ നാട്ടുകാര്‍ തടിച്ചുകൂടി. വനാന്തരങ്ങളില്‍ മാത്രം കണ്ടുവരുന്ന പറക്കാന്‍ കഴിവുള്ള ക്രിസോഫീലീയ ഓര്‍ണാട്ടാ എന്ന പാമ്പിനത്തെയാണ് അടിമാലി കാംകോ ജംഗ്ഷനില്‍നിന്നു കണ്ടെത്തിയത്. ജംഗ്ഷനിലെ ഒരു മരത്തില്‍ തൂങ്ങിക്കിടന്നിരുന്ന പാമ്പിനെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു വനപാലകരെത്തി പിടികൂടി കാട്ടില്‍ തുറന്നുവിട്ടു.

പറക്കും അണ്ണാനെപ്പോലെ പറക്കുന്ന ഒരിനമാണ് നാഗത്താന്‍ പാമ്പ്. പറക്കും പാമ്പ് എന്നും അറിയപ്പെടുന്നു. പൊന്നിന്റെ നിറവും ചുവപ്പും കറുപ്പും വരകളും കുറികളുമൊക്കെയാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. മരംകയറി പാമ്പുകളായ ഇവ മുകളില്‍ നിന്നു താഴേക്ക് തെന്നി പറന്നിറങ്ങാറുണ്ട്. പ്രധാനമായും സഹ്യപര്‍വതനിരകളിലെ കാടുകളിലാണ് കാണപ്പെടുന്നത്. പല്ലികളും ഓന്തുകളുമാണ് പ്രധാന ഭക്ഷണം. ശരാശരി ഒന്നര മീറ്ററോളം നീളമുള്ള ഇവയ്ക്ക് അലങ്കാരപ്പാമ്പ് എന്നൊരു പേരുകൂടിയുണ്ട്.

നാഗത്താന്‍ പാമ്പുകളുടെ ഇളം പച്ചനിറമുള്ള ഉപരിഭാഗത്തു വിലങ്ങനെ കൃത്യമായി ഇടവിട്ടുള്ള കറുപ്പുവരകളുണ്ട്. വരകളുടെ സ്ഥാനത്തുള്ള ചെതുമ്പലുകളുടെ അരികുകള്‍ കറുത്തിരിക്കും. അടുത്തടുത്തുള്ള ചെതുമ്പലുകളുടെ കറുത്ത അരികുകള്‍ തുടര്‍ച്ചയായ ഒരു വരപോലെ തോന്നിക്കുന്നു. ചില പാമ്പുകള്‍ക്കു മുതുകിലെ നടുവരിയിലുള്ള ചെതുമ്പലുകളില്‍ മഞ്ഞനിറത്തിലുള്ള പുള്ളികള്‍ കാണപ്പെടാറുണ്ട്. മരം കയറാന്‍ ഉപകരിക്കത്തക്കവിധം വയറിന്റെ അരികു മടങ്ങിയാണിരിക്കുന്നത്. വായില്‍ 20, 22 പല്ലുകളുണ്ട്. വിഷമുണ്ടെങ്കിലും പൊതുവേ മനുഷ്യര്‍ക്ക് ഹാനികരമല്ല.

വളരെ ഉയരമുള്ള മരക്കൊമ്പില്‍ നിന്നുപോലും ഇവ എടുത്തുചാടും. വേഗത്തിലുള്ള ഈ ചാട്ടം കണ്ടാല്‍ പാമ്പ് പറക്കുകയാണെന്ന് തോന്നും. ചാടുമ്പോള്‍ ഇവ വാരിയെല്ലുകള്‍ വികസിപ്പിച്ച ശേഷം അടിഭാഗം ഉള്ളിലേക്കു വലിച്ചു ശരീരം ഒരു ചെറിയ ഗ്ലൈഡര്‍ പോലെ ആക്കി മാറ്റുന്നു. ഇങ്ങനെ നേരിട്ട് താഴേക്കു വീഴാതെ രക്ഷപ്പെടുകയും ചെയ്യുന്നു.

യമുനാ നദിയില്‍ വിഷനുരകള്‍ പൊങ്ങിയ കാഴ്ച ഭയാനകം. ഫോട്ടോകള്‍ വൈറലാകുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ഛാത് പൂജ ആഘോഷവേളയില്‍ ആയിരക്കണക്കിന് ഭക്തര്‍ ഒത്തുകൂടിയപ്പോള്‍ ഫോട്ടോ എടുക്കാനുള്ള തിരക്കുകളിലായിരുന്നു. യമുനാ നദി മേഘം പോലെ മൂടിയിരിക്കുന്ന കാഴ്ച.

ഐസ് പാളികളോ മഞ്ഞോ അല്ല, പതഞ്ഞു പൊങ്ങുന്ന വിഷ പതകളാണിത്. നമ്മുടെ നദി മലിനമാകുന്ന കാഴ്ച. സെല്‍ഫിക്ക് പോസ് ചെയ്തും ഫോട്ടോയെടുത്തും ഭക്തര്‍ മടങ്ങി. ഈ നദിയില്‍ ഇറങ്ങിയാണ് ഭക്തര്‍ ഛാത് പൂജ ദിനത്തില്‍ പ്രാര്‍ത്ഥനകള്‍ നടത്തിയത്. വായു മലിനീകരണം ഉയര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യ തലസ്ഥാന നഗരിയുടെ അവസ്ഥ ഭയാനകം.

വായു മലിനീകരണ സൂചികയില്‍ 250 കടന്നാല്‍ തന്നെ അപായ മുന്നറിയിപ്പാണ്. എന്നാല്‍, കഴിഞ്ഞദിവസം ഇത് 900 നു മുകളില്‍ എത്തി എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ദിവസം മുഴുവന്‍ ദില്ലി പുകയില്‍ മുങ്ങിക്കിടന്നു. പലരും മാസ്‌കുകള്‍ ധരിച്ചാണു പുറത്തിറങ്ങിയത്. പലര്‍ക്കും കണ്ണെരിച്ചിലും ശ്വസിക്കുന്നതില്‍ വൈഷമ്യവും അനുഭവപ്പെട്ടു.

രാജ്യ തലസ്ഥാനത്ത് മലിനീകരണ തോത് അപകടകരമാം വിധം തുടരുകയാണ്. പുകമഞ്ഞ് കൂടിയതോടെ റോഡ്, റെയില്‍, വ്യോമ ഗതാഗതമാര്‍ഗങ്ങള്‍ തടസ്സപ്പെട്ടിരുന്നു. പുകമഞ്ഞ് മൂടിയത് കാഴ്ചാ ദൂരപരിധിയേയും കുറച്ചിരിക്കുകയാണ്. ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മാധ്യമപ്രവര്‍ത്തകനും നാടക നടനുമായ ജോസ് തോമസ് (58) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കിളിമാനൂരിലുണ്ടായ വാഹനാപകടത്തിലാണ് അന്ത്യം. കോട്ടയം കുടമാളൂര്‍ സ്വദേശിയാണ്.

ദയ, ഉണ്ണിക്കുട്ടന് ജോലി കിട്ടി തുടങ്ങിയ നിരവധി സിനിമകളിലും ഒട്ടേറെ ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. അന്‍പതിലേറെ ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളും ടെലിവിഷന്‍ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസില്‍ ദീര്‍ഘകാലം മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്. സംസ്‌കാരം പിന്നീട്.

ക്യാമറാമാൻ വേണുവിന്റെ പിതാവിന്റെ ശവസംസ്കാരം കഴിഞ്ഞു ഏറ്റുമാനൂരിൽ നിന്ന് വരുന്ന വഴി എംസി റോഡിൽ വച്ചാണ് അപകടമുണ്ടായത്. ജോസ് മുൻ സീറ്റിലായിരുന്നു ഇരുന്നിരുന്നത്. അപകട സമയത്ത് കാറിലുണ്ടായിരുന്ന മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്.

രാജ്യം കാത്തിരിക്കുന്ന അയോധ്യ ഭൂമിത്തർക്ക കേസിൽ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസിൽ വിധി പറഞ്ഞത്. രാവിലെ 10.30 നാണ് വിധി പ്രസ്‌താവം ആരംഭിച്ചത്. 40 ദിവസം നീണ്ടുനിന്ന തുടര്‍വാദങ്ങള്‍ക്കു ശേഷമാണ് വിധി പറയുന്നത്. രാജ്യമെങ്ങും വന്‍ സുരക്ഷാ സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്.

തര്‍ക്കഭൂമി മുസ്ലിംകള്‍ക്കില്ലെന്ന് സുപ്രീംകോടതി. പള്ളി നിര്‍മിക്കാന്‍ പകരം ഭൂമി നല്‍കണമെന്നും വിധി. പള്ളി നിര്‍മിക്കാന്‍ പകരം അ‍ഞ്ചേക്കര്‍ ഭൂമി നല്‍കണം. സുന്നി വഖഫ് ബോര്‍ഡിന് വാദം തെളിയിക്കാനായില്ലെന്ന് സുപ്രീംകോടതി. മൂന്നുമാസത്തിനുള്ളില്‍ കേന്ദ്രം പദ്ധതി തയ്യാറാക്കണം.

അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീം കോടതി വിധി പറയുന്നു. അയോധ്യക്കേസില്‍ ഏകകണ്‌ഠനെയാണ് അഞ്ച് ജഡ്ജിമാരും വിധി പറഞ്ഞത്. വിധി ഏകകണ്ഠമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിധി പൂര്‍ണമായി വായിക്കാന്‍ 30 മിനിറ്റ് വേണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കും. വിശ്വാസം അംഗീകരിക്കുമെന്ന് കോടതി പറഞ്ഞു. ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാന്‍ കോടതിക്കാവില്ല.

1. ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാന്‍ കോടതിക്കാവില്ല

2. നിര്‍മോഹി അഖാഡയുടെ ഹര്‍ജി നിലനില്‍ക്കില്ല

3. രാമജന്മഭൂമിക്ക് നിയമവ്യക്തിത്വം ഇല്ല

4. ശ്രീരാമദേവന് നിയമവ്യക്തിത്വം ഉണ്ട്

5. ആര്‍ക്കിയോളജിക്കല്‍ സര്‍വെ റിപ്പോര്‍ട്ട് തള്ളിക്കളയാനാവില്ല

6. ഖനനത്തില്‍ ക്ഷേത്രസ്വഭാവമുള്ള കെട്ടിടാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് ASI റിപ്പോര്‍ട്ട്

7. ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല

8. അയോധ്യ രാമജന്മഭൂമിയെന്നാണ് ഹൈന്ദവവിശ്വാസമെന്ന് ചരിത്രരേഖയും സാക്ഷിമൊഴിയുമുണ്ട്

9. രാം ചബൂത്രയിലും സീത രസോയിലും ഹിന്ദുക്കളുടെ പൂജ ആരും തടഞ്ഞില്ലെന്നതിന് രേഖയുണ്ട്

10. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഉടമസ്ഥത തീരുമാനിക്കാനാവില്ല, രേഖ വേണം

11. പള്ളി നിലനിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ മുസ്ലിംകള്‍ക്കായില്ല

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പ്രത്യേക സിറ്റിങ് ചേർന്നാണ് വിധി പറയുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ.ബോബ്ഡെ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരായിരുന്നു െബഞ്ചിലെ അംഗങ്ങൾ.

അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി രാംലല്ല, നിർമോഹി അഖാഡ, സുന്നി വഖഫ് ബോർഡ് എന്നീ മൂന്ന് കക്ഷികൾക്ക് തുല്യമായി വീതിച്ചുനൽകാനുള്ള 2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിലാണ് പരിഗണിച്ചത്.

സുപീം കോടതി പരിസരത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്, കോടതിയിലേക്കുള്ള റോഡുകളെല്ലാം അടച്ചു. രാവിലെ ഏഴരയോടെ തന്നെ മാധ്യമപ്രവര്‍ത്തകരെ സുപ്രീം കോടതിയില്‍ പ്രവേശിപ്പിച്ചു. പതിവിലും നേരത്തെ റജിസ്ട്രാര്‍ എത്തിയതിനെത്തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകരെ കടത്തിവിട്ടത്. വിധി വരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പൊതുപരിപാടികള്‍ റദ്ദാക്കി. 10.30ന് ബിജെപി നേതൃയോഗവും ചേരും.

ബോധവല്‍ക്കരണങ്ങള്‍ അവഗണിച്ച് യാത്രക്കാര്‍ നടപ്പാത ഉപയോഗിക്കാതെ പാളങ്ങള്‍ മുറിച്ച് കടക്കുന്നത് തുടരുന്ന സാഹചര്യത്തില്‍ ‘കാലനെ’ ട്രാക്കിലിറക്കി റെയില്‍വേ. റെയില്‍വേ മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. റെയില്‍വേ പാളങ്ങള്‍ മുറിച്ചുകടക്കാന്‍ സ്റ്റേഷനുകളിലെ നടപ്പാത ഉപയോഗിക്കണമെന്ന നിര്‍ദ്ദേശമാണ് യാത്രക്കാര്‍ പലരും അവഗണിക്കുന്നത്.

അശ്രദ്ധമായ ഈ പാളം മുറിച്ചുകടക്കല്‍ യാത്രക്കാരുടെ മരണത്തിന് പോലും കാരണമാകാറുണ്ട്. ഇതിന് പിന്നാലെയാണ് ബോധവല്‍ക്കരണത്തിനായി പശ്ചിമ റെയില്‍വേ കാലനെ ട്രാക്കിലിറക്കിയത്. പാളങ്ങള്‍ മുറിച്ചുകടക്കുന്നത് ശിക്ഷാര്‍ഹമാണ് എന്നിരിക്കെയാണ് നിരവധിയാളുകള്‍ പാളങ്ങള്‍ അശ്രദ്ധമായി മുറിച്ചുകടന്ന് അപകടത്തില്‍പ്പെടുന്നത്.

കറുത്ത നീളമുള്ള നീളന്‍ കുപ്പായവും ഗദയും കിരീടവുമായി ഭയപ്പെടുത്തുന്ന രൂപത്തിലാണ് കാലന്‍ ട്രാക്കിലിറങ്ങിയത്. ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നവരെ കാലന്‍ തോളിലെടുത്ത് തിരികെ പ്ലാറ്റ്‌ഫോമില്‍ എത്തിക്കാന്‍ തുടങ്ങിയതോടെയാണ് യാത്രക്കാര്‍ ഇത് ശ്രദ്ധിച്ചത്. മുംബൈയിലെ തിരക്കേറിയ റെയില്‍വേ സ്‌റ്റേഷനുകളായ മലാഡ്, അന്ധേരി തുടങ്ങീ പല സ്റ്റേഷനുകളിലും ഇത്തരത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. റെയില്‍വേ പോലീസുകാരനാണ് ഇത്തരത്തില്‍ കാലന്റെ വേഷത്തിലെത്തുന്നത്. കാലന്റെ നേരിട്ടുള്ള ബോധവല്‍ക്കരണത്തില്‍ സ്ഥിരം നിയമലംഘകരുടെ മനം മാറുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ.

ശാന്തൻപാറയില്‍ ഫാം ഹൗസ് ജീവനക്കാരൻ കൊല്ലപ്പെട്ട കേസിൽ പൊലീസ് തിരയുന്നയാളുടെ സഹോദരൻ അറസ്റ്റിൽ. ഒളിവില്‍ പോയ കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിക്കും, ഫാം ഹൗസ് മാനേജര്‍ വസീമിനും വേണ്ടിയിള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. എന്നാല്‍ ബന്ധുക്കള്‍ പരാതി നല്‍കിയപ്പോള്‍തന്നെ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നെങ്കില്‍ പ്രതികള്‍ രക്ഷപെടില്ലായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു

തൃശൂർ ഇരിങ്ങാലക്കുട കുഴിക്കണ്ടത്തിൽ ഫഹാദ് ആണു അന്വേഷണ സംഘത്തിന്റെ പിടിയിലായത്. റിജോഷിന്റെ കൊലപാതകത്തെ തുടർന്നു ഒളിവിൽ പോയ ഫാം ഹൗസ് മാനേജർ വസീമിന്റെ സഹോദരൻ ആണു ഫഹാദ്. കേസ് അന്വേഷണം വഴി തിരിച്ചു വിടാൻ ശ്രമിച്ചതിനും പ്രതികളെ രക്ഷപെടാൻ സഹായിച്ചതിനും ആണ് ഫഹാദിന് എതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. റിജോഷിനെ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ കഴിഞ്ഞ 1 ന് ശാന്തൻപാറ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു ശേഷം രണ്ട് തവണ റിജോഷിന്റെ ഭാര്യ ലിജിയുടെ ഫോണിലേക്ക് കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ നിന്ന് ഫഹാദിന്റെ സുഹൃത്തുക്കൾ വിളിച്ചിരുന്നു. റിജോഷ് ജീവനോടെ ഉണ്ട് എന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വസീം, സഹോദരൻ ഫഹാദ്, റിജോഷിന്റെ ഭാര്യ ലിജി എന്നിവർ ചേർന്ന് നടത്തിയ ശ്രമം ആയിരുന്നു ഇത്. ഇൗ ഫോണുകളുടെ ഉടമസ്ഥരെ പൊലീസ് കണ്ടെത്തിയതോടെ ആണ് സത്യാവസ്ഥ പുറത്തു വന്നത്. .

കയറോ തുണിയോ പോലുള്ള വസ്തു ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണു റിജോഷിനെ കൊലപ്പെടുത്തിയത് എന്നു പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടില്‍ വ്യക്തമാണ് . ശരീരത്തിൽ മറ്റ് മുറിവുകൾ ഇല്ല. മരണ സമയത്ത് റിജോഷ് അർ‌ധ ബോധാവസ്ഥയിൽ ആയിരുന്നു . മൃതദേഹത്തിന് 4 ദിവസത്തിൽ അധികം പഴക്കം ഉണ്ട്. ഫാം ഹൗസ് മാനേജർ വസീം, റിജോഷിന്റെ ഭാര്യ ലിജി, റിജോഷിന്റെ ഇളയ മകൾ ജൊവാന എന്നിവരെ കഴിഞ്ഞ 4 മുതൽ കാണാനില്ല എന്ന് ബന്ധുക്കൾ ശാന്തൻപാറ പൊലീസിൽ പരാതി നൽകിയിരുന്നു. അന്ന് പൊലീസ് വ്യക്തമായി അന്വേഷിച്ചിരുന്നെങ്കില്‍ പ്രതികള്‍ രക്ഷപെടില്ലായിരുന്നെന്നാണ് നാട്ടുകാരുടെ ആരോപണം.

റിജോഷിന്റെ കൊലപാതകത്തിൽ ഭാര്യ ലിജിക്കും പങ്ക് ഉണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സംഭവത്തിനു ശേഷം പൊലീസ് അന്വേഷണം ആരംഭിച്ചതോടെ വസീം, ലിജി എന്നിവർ കുട്ടിയുമായി കേരളം വിട്ടതായി ആണ് സൂചന. പൊലീസ് അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ചൊവ്വാഴ്ച ഇരുവരും പാലായില്‍ എത്തിയിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. പ്രതികൾ സംസ്ഥാനം വിട്ടുവെന്നാണ് പൊലീസ് നിഗമനം. വസീമിന്റെ സ്വദേശമായ തൃശൂരിലും തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടാകാമെന്ന സംശയത്തില്‍ അതിര്‍ത്തി മേഖലകളിലുമെല്ലാം തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. മദ്യത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തിയതാകാമെന്നും പൊലീസ് പറയുന്നു. കുറ്റസമ്മതം നടത്തിയുള്ള വസീമിന്റെ വീഡിയോ സന്ദേശവും ഇന്നലെ ലഭിച്ചിരുന്നു.

അയോധ്യാ കേസില്‍ സുപ്രീംകോടതി വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാവൂ എന്ന് എല്ലാവരും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാബറി മസ്ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്.

കേരളത്തിന്റെ പ്രബുദ്ധത ഉയർത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂർവ്വമായുള്ള ആ പ്രതികരണം. വിധി ഒരു തരത്തിലുമുള്ള വിദ്വേഷ പ്രചാരണത്തിന് ഹേതുവാക്കരുത്. ഉയർന്ന മതനിരപേക്ഷ മൂല്യങ്ങളാലാവണം, ഐക്യബോധത്താലാവണം നാം നയിക്കപ്പെടേണ്ടത്. വിധി വരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണം എന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

അയോധ്യ കേസിൽ സുപ്രീം കോടതി ഇന്നു വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. നാൽപ്പത് ദിവസം തുടർച്ചയായി വാദം കേട്ടതിനു ശേഷമാണ് കേസിൽ വിധിപറയാൻ കോടതിയൊരുങ്ങുന്നത്. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. 2.77 ഏക്കർ ഭൂമി മൂന്നായി വിഭജിക്കാൻ ആയിരുന്നു 2010 ലെ അലഹബാദ് ഹൈക്കോടതി വിധി. ഇത് ചോദ്യം ചെയ്തുള്ള അപ്പീലുകളിൽ ആണ് അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പറയുക. വിധിക്ക് മുന്നോടിയായി രാജ്യം അതീവ ജാഗ്രതയിലാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ ആരംഭിച്ച ഒരു വലിയ തര്‍ക്കത്തില്‍ പരമോന്നത കോടതിയുടെ അന്തിമ തീര്‍പ്പ് എന്താണെന്നറിയാനുള്ള ആകാംക്ഷയിലാണ് രാജ്യം.

പലതലത്തില്‍ പലകാലങ്ങളിലായി കോടതിമുറികളെ പ്രകമ്പനം കൊള്ളിച്ച അയോധ്യ കേസിന് സ്വതന്ത്ര ഇന്ത്യയൂടെ രണ്ടിരട്ടി പ്രായമുണ്ട്. ഒക്ടോബർ 16 നാണ് കേസിൽ അന്തിമവാദം പൂർത്തിയായത്. ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്നു. അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. യുപിയിലേക്ക് 4,000 സായുധ സൈനികരെ വിന്യസിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വിധിക്ക് മുന്നോടിയായുള്ള സുരക്ഷാ മുന്നൊരുക്കങ്ങള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിലയിരുത്തി. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി രാജേന്ദ്രകുമാര്‍ തിവാരി, പൊലീസ് മേധാവി ഓം പ്രകാശ് സിങ് എന്നിവരെ വെള്ളിയാഴ്ച വൈകിട്ട് ചേംബറില്‍ വിളിച്ചുവരുത്തി ചീഫ് ജസ്റ്റിസ് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. വിധി വരുന്ന പശ്ചാത്തലത്തില്‍ ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങള്‍ യോഗത്തിൽ വിലയിരുത്തി.

അയോധ്യ കേസിൽ വിധി എന്തുതന്നെയായാലും സൗഹാര്‍ദം കാത്തുസൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിധി ആരുടെയും പരാജയമല്ല, രാജ്യത്തിന്റെ ഐക്യമാണ് പ്രധാനം. രാജ്യ നന്മയ്ക്ക് കരുത്തുപകരുന്നതാകും വിധിയെന്ന് പ്രതീക്ഷിക്കാം.

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ ആരംഭിച്ച ഒരു വലിയ തര്‍ക്കത്തില്‍ പരമോന്നത കോടതിയുടെ അന്തിമ തീര്‍പ്പ് എന്താണെന്നറിയാനുള്ള ആകാംക്ഷയിലാണ് രാജ്യം. പലതലത്തില്‍ പലകാലങ്ങളിലായി കോടതിമുറികളെ പ്രകമ്പനം കൊള്ളിച്ച അയോധ്യ കേസിന് സ്വതന്ത്ര ഇന്ത്യയുടെ രണ്ടിരട്ടി പ്രായമുണ്ട്.

1528ല്‍ നിര്‍മ്മിക്കപ്പെട്ടുവെന്ന് കരുതുന്ന ബാബറി മസ്ജിദ് രാമജന്മഭൂമിയാണെന്ന അവകാശവാദം ഉയരുന്നത് 1850ഓടെ. 1885 ജനുവരി 29 തര്‍ക്കം ആദ്യമായി കോടതികയറി. മഹന്ത് രഘുബര്‍ദാസ് തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഫൈസാബാദ് സബ്കോടതി തള്ളി. ഇതിനെതിരെ നല്‍കിയ അപ്പീലുകള്‍ 1886 മാര്‍ച്ച് 18ന് ജില്ലാകോടതിയും നവംബര്‍ 1ന് ജുഡീഷ്യല്‍ കമ്മീഷണറും തള്ളിയതോടെ ബ്രിട്ടീഷ് കാലത്തെ നിയമപോരാട്ടം അവസാനിച്ചു.

1949 ഓഗസ്റ്റ് 22 പള്ളിയില്‍ രാമവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടു. 1949 ഡിസംബര്‍ 29 തര്‍ക്കഭൂമി ജില്ലാ മജിസ്ട്രേറ്റ് ജപ്തി ചെയ്തു. ഇതിനെതിരെ 1950 ജനുവരി 16ന് ഗോപാല്‍ സിങ് വിഷാരദെന്ന ശ്രീരാമ ഭക്തന്‍ ഫൈസാബാദ് കോടതിയില്‍ ഹര്‍ജി നല്‍കി. അയോധ്യ തര്‍ക്കത്തില്‍ സ്വതന്ത്ര ഇന്ത്യയിലെ നിയമപോരാട്ടം ഇവിടെ തുടങ്ങുന്നു. 1959ല്‍ സുന്നി വഖഫ് ബോര്‍ഡും 1961ല്‍ നിര്‍മോഹി അഖാഡയും ഹര്‍ജി നല്‍കി. 1986 ജനുവരി 31, പള്ളി ഹിന്ദുക്കള്‍ക്കായി തുറന്നുകൊടുക്കാന്‍ ഫൈസാബാദ് മജിസ്ട്രേറ്റ് കോടതി ഉത്തരവ്. തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ അവസാനിച്ചത് 1992ലെ ഡിസംബര്‍ ആറിന് ബാബറി മസ്ജിദിന്‍റെ തകര്‍ക്കലില്‍.

1993 ജനുവരി 7, തര്‍ക്കഭൂമി ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാര്‍ നിയമം. തര്‍ക്കഭൂമിയുടെ കാര്യത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ സുപ്രീംകോടതിക്ക് രാഷ്ട്രപതിയുടെ റഫറന്‍സും. 1994 ഒക്ടോബര്‍ 24, റഫറന്‍സിന് മറുപടി നല്‍കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി വിധി. വിഷയം അലഹബാദ് ഹൈക്കോടതിയിലേക്ക്. 2010 സെപ്റ്റംബര്‍ 30, തര്‍ക്കഭൂമി മൂന്നായി വിഭജിക്കാന്‍ ഹൈക്കോടതി വിധി. 2010 മെയ് 9 വിധിക്ക് സുപ്രീംകോടതി സ്റ്റേ.

2019 ജനുവരി 08 ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകള്‍ ഭരണഘടന ബെഞ്ചിന്. 2019 മാര്‍ച്ച് 08 സമവായ ചര്‍ച്ചക്ക് സുപ്രീംകോടതി ഉത്തരവ്. ചര്‍ച്ച പരാജയപ്പെട്ടതോടെ 2019 ഓഗസ്റ്റ് 06 ഭരണഘടന സുപ്രീംകോടതിയില്‍ അന്തിമവാദം. 2019 ഒക്ടോബര്‍ 16 40 ദിവസത്തെ വാദംത്തിന് ശേഷം ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി.

Copyright © . All rights reserved