India

കൂടത്തായി കൊലപാതക കേസിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് കേസിലെ പരാതിക്കാരനും കൊല്ലപ്പെട്ട റോയിയുടെ
സഹോദരനുമായ റോജോ തോമസ്. ജീവിച്ചിരിക്കുന്നവർക്കും ആത്മാക്കൾക്കും നീതി കിട്ടണം.പരാതി കൊടുത്താൽ തിരികെ വരാനാകുമോ എന്ന പേടി തനിക്കും ഉണ്ടായിരുന്നു. കേസ് പിൻവലിപ്പിക്കാൻ ജോളി സമ്മർദ്ദം ചെലുത്തിയെന്നും റോജോ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിന് മൊഴി നൽകിയത് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റോജോ. നാളെയും കേസിൽ റോജോയുടെ മൊഴിയെടുപ്പ് തുടരും.

കൂടത്തായി കൊലപാതക പരമ്പര കേസിലെ നിർണായകമായ ഘട്ടത്തിലൂടെയാണ് അന്വേഷണസംഘം നീങ്ങുന്നത്. പരാതിക്കാരനായ റോജോയുടെയും സഹോദരി റെഞ്ചിയുടേയും മൊഴി വിശദമായി ഇന്ന് പൊലീസ് രേഖപ്പെടുത്തി. രാവിലെ പത്തരക്ക് തുടങ്ങിയ മൊഴിയെടുപ്പ് പത്തര മണിക്കൂർ പിന്നിട്ട് രാത്രി 9 മണി വരെ നീണ്ടു.

റോജോയുടെയും സഹോദരി റെഞ്ചിയുടെയും മൊഴി വടകര റൂറൽ എസ്പിയുടെ ഓഫീസിൽ വച്ചാണ് രേഖപ്പെടുത്തിയത്. ഇതോടൊപ്പം തന്നെ ജോളിയുടെ മക്കളുടെ മൊഴിയും പൊലീസ് ശേഖരിച്ചു. പയ്യോളിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ വച്ചാണ് ജോളിയുടെ മക്കളുടെ മൊഴി എടുത്തത്. ജോളിയെ വടകര റൂറൽ എസ്പിയുടെ ഓഫീസിൽ എത്തിച്ച് ജോളിയേയും റോജോയേയും ഒന്നിച്ചിരുത്തിയും അന്വേഷണസംഘം ചോദ്യം ചെയ്തു. ഇതു വഴി നിർണായകമായ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് പൊലീസ്.

കേസിലെ പ്രതികളായ ജോളി, മാത്യു, പ്രജികുമാർ എന്നിവരുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കസ്റ്റഡി കാലാവധി നീട്ടാൻ ആവശ്യപ്പെട്ട് നാളെ അന്വേഷണസംഘം കോടതിയെ സമീപിക്കും. പുതിയ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തത് ചൂണ്ടിക്കാട്ടിയാണ് താമരശേരി കോടതിയിൽ കൂടുതൽ സമയം ചോദിക്കുക. നിലവിൽ റോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം നടക്കുന്നത്.

ഇതോടൊപ്പം തന്നെ വ്യാജരേഖ നി‌‌ർമ്മിച്ച കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. സ്വത്ത് തട്ടിയെടുക്കാനായി മരണപ്പെട്ട ടോം തോമസിന്റെ പേരിൽ ജോളി തയ്യാറാക്കിയ വ്യാജവിൽപത്രത്തിന്റെ പകർപ്പ് പുറത്തു വന്നിരുന്നു. ടോം തോമസിന്റെ പേരിൽ രണ്ട് വിൽപത്രങ്ങളാണ് ജോളി തയ്യാറാക്കിയത്. ഇതിലൊന്ന് ആദ്യഭർത്താവ് റോയിയുടെ മരണത്തിന് മുൻപും മറ്റൊന്ന് റോയ് മരണപ്പെട്ട ശേഷവും തയ്യാറാക്കിയതാണ്.റവന്യു വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നുള്ള തെളിവെടുപ്പ് നാളെയും തുടരും.

അതേസമയം ജോളിയുമായും റോയിയുമായും ബന്ധമുണ്ടെന്ന് കരുതുന്ന കട്ടപ്പനയിലെ ജോത്സ്യന്‍ കൃഷ്ണകുമാറിനോട് ചോദ്യം ചെയ്യല്ലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടീസ് നല്‍കി. മരണപ്പെടുന്ന സമയത്ത് റോയിയുടെ ശരീരത്തില്‍ കാണപ്പെട്ട ഏലസ് സംബന്ധിച്ച അന്വേഷണത്തിന്‍റെ ഭാഗമായാണ് കൃഷ്ണകുമാറിനെ പൊലീസ് വിളിച്ചു വരുത്തുന്നതെന്നാണ് സൂചന. ജോളിയേയും കൃഷ്ണകുമാറിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ജോളിയേയോ കൃഷ്ണകുമാറിനേയോ തനിക്ക് അറിയില്ലെന്ന് ജോത്സ്യന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.

അച്ഛൻ ടോം തോമസ്, അമ്മ അന്നമ്മ, സഹോദരൻ റോയ് എന്നിവരുൾപ്പെടെ കുടുംബത്തിലെ ആറ് അംഗങ്ങളുടെ ദുരൂഹ മരണങ്ങളെക്കുറിച്ച് റോജോ കോഴിക്കോട് റൂറൽ എസ്പിക്ക് പരാതി നൽകിയതോടെയാണ് കൂടത്തായ് സംഭവത്തിൽ അന്വേഷണം തുടങ്ങിയത്. റോജോ ഇന്നലെയാണ് അമേരിക്കയിൽ നിന്നും നാട്ടിലെത്തിയത്. റോയിയുടെ സഹോ​ദരനായ റോജോയെ കേസന്വേഷണത്തിനായി അമേരിക്കയിൽ നിന്ന് അന്വേഷണ സംഘം നാട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

തൃശൂരിലെ പമ്പുടമ മനോഹരനെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മുഖം പൊത്തിപ്പിടിച്ചായിരുന്നു ക്രൂരത. മനോഹരന്റെ കാര്‍ മലപ്പുറം അങ്ങാടിപ്പുറത്ത് കണ്ടെത്തി കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് മനോഹരനെ കാര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തിയത്. മൃതദേഹം ഗുരുവായൂരില്‍ വഴിയരികില്‍ തള്ളിയ ശേഷം കൊലയാളികള്‍ കാറുമായി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പമ്പിലെ കളക്ഷൻ പണം തട്ടിയെടുക്കാനാണ് കൊലയെന്ന് പൊലീസ്. പ്രതികളെ ചോദ്യം ചെയ്യുകയാണ്.

കഴിഞ്ഞ ദിവസം രാത്രിയാണ് മനോഹരൻ പമ്പിൽ നിന്ന് പുറപ്പെട്ടത്. ഇടയിൽ മനോഹരനെ മകൾ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ഫോൺ എടുത്തയാൾ അച്ഛൻ ഉറങ്ങുകയാണെന്ന് പറഞ്ഞ് ഫോൺ പൊടുന്നനെ വെച്ചു. ഇതിനെത്തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. മനോഹരന്റെ വാച്ചും മാലയും കാറും കാണാനില്ല.മനോഹരന്‍റെ മൃതദേഹം ഗുരുവായൂരില്‍ വഴിയരുകിലാണ് കണ്ടെത്തിയത്. പമ്പില്‍ നിന്ന് കാറില്‍ തിരിച്ച മനോഹരനെയാണ് കാണാതായത്.

മുംബൈ: വിവാദമായ പിഎംസി ബാങ്കില്‍ 90 ലക്ഷത്തിലധികം നിക്ഷേപമുള്ളയാള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഓഷിവാര സ്വദേശിയായ 51 കാരനായ സഞ്ജയ് ഗുലാത്തിയാണ് മരിച്ചത്. തിങ്കളാഴ്ച കോടതിക്ക് പുറത്ത് നിക്ഷേപകര്‍ നടത്തിയ പ്രതിഷേധത്തില്‍ ഇയാള്‍ പങ്കെടുത്തിരുന്നു. 80 വയസ്സിലുള്ള പിതാവിനൊപ്പമാണ് ഇയാള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയത്.

രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇയാള്‍ക്ക് ഹൃദയാഘാതമുണ്ടായത്. ജെറ്റ് എയര്‍വേസ് ജീവനക്കാരനായിരുന്നു ഗുലാത്തി. കമ്പനി പ്രതിസന്ധിയിലായതോടെ ജോലിയും നഷ്ടമായിരുന്നു. രോഗിയായ മകനുണ്ട് ഇയാള്‍ക്ക്. കുട്ടിയുടെ ചികിത്സയ്ക്കായി വലിയ ചെലവുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.

ആര്‍ബിഐ നിര്‍ദേശത്തെ തുടര്‍ന്ന് പിഎംസി ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് വിലക്കുണ്ട്. 40,000 രൂപ വരെ മാത്രമേ പിന്‍വലിക്കാനാകൂ. ആദ്യം 1000 രൂപ മാത്രമേ പിന്‍വലിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. തിങ്കളാഴ്ചയാണ് പരിധി 40,000 ആയി ഉയര്‍ത്തിയത്.

എടത്വാ:ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ ആന്റപ്പൻ അമ്പിയായത്തിന്റെ സ്മരണ നിലനിർത്തുന്നതിന് നിലകൊള്ളുന്ന ആന്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ ഏർപെടുത്തിയ *കർമ്മ ശ്രേഷ്ഠ പുരസ്ക്കാരത്തിന്* ചങ്ങനാശേരി സമരിറ്റൻ ഹോസ്പിറ്റൽ ഡയറക്ടർ ഡോ.ലീലാമ്മ ജോർജ് അർഹയായി.

ആറാമത് വാർഷികത്തിന്റെ ഭാഗമായിട്ട് ആതുര ശുശ്രുഷ രംഗത്ത് മികച്ച സംഭാവനകൾ നല്കുന്നവർക്ക് വേണ്ടി ആൻറപ്പൻ അമ്പിയായം ഫൗണ്ടേഷൻ ഏർപെടുത്തിയ പുരസ്ക്കാരത്തിനാണ് ഡോ. ലീലാമ്മ ജോർജ് അർഹയായത്. ഫലകവും,10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ സ്ഥാപകൻ അഭി.മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്ത പുരസ്ക്കാരവും പ്രശസ്തി പത്രം യൂണിവേഴ്സൽ റിക്കോർഡ് ഫോറം ഇൻറർനാഷണൽ ജൂറി ഗിന്നസ് ഡോ. സുനിൽ ജോസഫും ഒക്ടോബർ 19ന് എടത്വായിൽ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള അറിയിച്ചു.പ്രസിഡന്റ് ബിൽബി മാത്യം അദ്ധ്യക്ഷത വഹിക്കും.

അബുദാബി സിറ്റി മെഡിക്കൽ സെന്ററിന്റെ ഡയറക്ടർ കൂടിയായ ഡോ. ലീലാമ്മ ജോർജ് കേരളത്തിലെ വിവിധ ജില്ലകളിൽ സാധാരണക്കാർക്ക് വേണ്ടി നിരവധി സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, സാമൂഹ്യ ക്ഷേമ ജീവകാരുണ്യ ആതുര സേവന പ്രവർത്തനങ്ങൾ നടത്തി വരുന്നു.കൂടാതെ പഠനത്തിൽ സമർത്ഥരും നിർധനരുമായ അനേകം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്ക്കോളർഷിപ്പും നല്കി വരുന്നു. ചങ്ങനാശേരിയിലെ അതിപുരാതനമായ ഡോക്ടേർസ് ടവറിന്റെ ഉടമ കൂടിയാണ്.

1978 മുതൽ അബുദാബിയിൽ നടത്തുന്ന സേവന പ്രവർത്തനങ്ങളെ പരിഗണിച്ച് അബുദാബി – കേരള മുസ്ലീം കൾച്ചറൽ സെൻറർ മികച്ച സേവനത്തിനുളള പുരസ്ക്കാരം നല്കി ആദരിച്ചിരുന്നു.

ഡോ.ജോർജ് പീടിയേക്കൽ ആണ് ഭർത്താവ്.താക്കോൽ ദ്വാരം ശസ്ത്ര ക്രിയയിൽ വിദഗ്ദ്ധനായ പ്രൊഫ. ഡോ.റോബിൻസൺ ജോർജ് ,കോസ്മറ്റോളജിസ്റ്റ് ആയ ഡോ. എലിസബത്ത് അനിൽ, സന്ധി മാറ്റൽ ശസ്ത്രത്രക്രിയയിൽ വിദഗ്ദ്ധനായ ഡോ.ജഫേർസൺ ജോർജ് എന്നിവർ മക്കളും ഷിനോൾ റോബിൻസൺ, ഡോ.അനിൽ ഏബ്രഹാം, ഡോ.നിഷാ ജഫേഴ്സൻ മരുമക്കളും ആണ്.

കഴിഞ്ഞ 4 പതിറ്റാണ്ടായി സാമുഹ്യ-ക്ഷേമ – ജീവകാരുണ്യ ആതുര ശുശ്രുഷ രംഗത്ത് നിലകൊള്ളുന്ന ഡോ.ലീലാമ്മ ജോർജ് എടത്വാ സെന്റ് അലോഷ്യസ് കോളജ് പൂർവ്വ വിദ്യാർത്ഥിനി കൂടിയാണ്.വീണ്ടും ദൈവകൃപയിൽ ആശ്രയിച്ച് അശരണരായവർക്ക് പരമാവധി സേവനം ചെയ്യുവാനാണ് ഡോ. ജോർജ് – ലീലാമ്മ കുടുംബം ലക്ഷ്യമിടുന്നത്. സാമൂഹ്യ പ്രവർത്തകനും വള്ളംകളി പ്രേമിയും ആയിരുന്ന പരേതനായ കെ.എം തോമസിന്റെ (പാണ്ടിയിൽ കുഞ്ഞച്ചൻ) മകളാണ് ഡോ. ലീലാമ്മ ജോർജ്.

മലപ്പുറം: വിമര്‍ശിച്ച സ്ത്രീയെ വേശ്യയെന്ന് വിളിച്ച ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിനെതിരെ സമൂഹമാധ്യമത്തില്‍ പ്രതിഷേധം കനക്കുന്നു. മഞ്ചേശ്വരത്തെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്തതിന് ഫിറോസിനെ കെഎസ്യു മുന്‍ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്‍റ് ജസ്ല മാടശ്ശേരി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പേര് പറയാതെ ഫിറോസ് ജസ്ലയ്ക്കെതിരെ രംഗത്തെത്തിയത്. ഫേസ്ബുക്ക് ലൈവില്‍ എത്തിയായിരുന്നു ഫിറോസിന്‍റെ അധിക്ഷേപം. അതേസമയം തന്നെ അപമാനിച്ച ഫിറോസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജസ്ല മാടശ്ശേരി പറഞ്ഞു.

രാഷ്ട്രീയ കക്ഷിയുമായി തനിക്ക് ബന്ധമില്ലെന്ന് പറഞ്ഞ ഫിറോസ് മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാര്‍ത്ഥി എംസി ഖമറുദ്ദീന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്തതിനെയായിരുന്നു ജസ്ല വിമര്‍ശിച്ചത്. ഇതില്‍ നല്‍കിയ വിശദീകരണ വീഡിയോയിലാണ് സഭ്യമല്ലാത്ത ഭാഷയില്‍ ഫിറോസ് ജസ്ലയ്ക്കെതിരെ രംഗത്തെത്തിയത്.

‘എന്നെ കുറിച്ച് വളരെ മോശമായ രീതിയില്‍ ഒരു സ്ത്രീ അവരുടെ ഫേസ്ബുക്ക് പേജില്‍ എഴുതിയത് കണ്ടു. ഒരു സ്ത്രീ എന്ന് പറയുമ്പോള്‍ ഒരു കുടുംബത്തില്‍ ഒതുങ്ങാത്ത സ്ത്രീ, നാട്ടുകാര്‍ക്ക് മുഴുവന്‍ മോശമായ സ്ത്രീ, മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ, അത്തരം സ്ത്രീ എനിക്കെതിരെ വന്ന് എന്തെങ്കിലും പറഞ്ഞാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. മാന്യതയുള്ള ആരെങ്കിലുമാണ് ഇത് പറയുന്നതെങ്കില്‍ ആളുകള്‍ക്ക് ഒരു രസമൊക്കെ തോന്നിയേനെ.

എന്നാല്‍ അതല്ലാതെ ഒരാള്‍ക്കും ജീവിതത്തില്‍ ഉപകാരമില്ലാത്ത, അവനവന്‍റെ ശരീര സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന മോശപ്പെട്ട സ്ത്രീ എനിക്കെതിരെ പോസ്റ്റിട്ടത് കൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല, എന്നെ മാത്രമല്ല അവര്‍ പ്രവാചകനെ പോലും അവരുടെ പേജിലൂടെ അവഹേളിച്ച സ്ത്രീയാണ്’ എന്നായിരുന്നു ഫിറോസ് വീഡിയോയില്‍ പറഞ്ഞത്.

ഇതിന് പിന്നാലെ തന്നെ ഫിറോസിന് മറുപടിയുമായി ജസ്ലയും പ്രതികരിച്ചു. ഫിറോസിന് രാഷ്ട്രീയം പാടില്ലെന്ന് പറയുന്നില്ല. മറിച്ച് വാക്കൊന്നും പ്രവൃത്തി മറ്റൊന്നുമാകുമ്പോഴാണ് അത് ചോദ്യം ചെയ്യപ്പെടുന്നതെന്നും ജസ്ല പ്രതികരിച്ചു. പ്രവാചകനെ വരെ വിമര്‍ശിക്കുന്നത് വിമര്‍ശനത്തിന് ആരും അതീതരല്ല എന്നത് കൊണ്ടാണെന്നും ജസ്ല ഫേസ്ബുക്ക് ലൈവിലൂടെ മറുപടി നല്‍കി.

കുഴിമന്തി കഴിച്ച ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച മൂന്ന് വയസുകാരി മരിച്ചു. ചടയമംഗലം കള്ളിക്കോട് അംബികാ വിലാസത്തില്‍ സാഗറിന്റെ മകളായ ഗൗരി നന്ദനയാണ് മരിച്ചത്. ചടയമംഗലത്തെ ഫൈവ് സ്പൂണ്‍ തടവറ എന്ന ഹോട്ടലില്‍ തയ്യാറാക്കിയ കുഴിമന്തി കുടുംബാംഗങ്ങള്‍ക്കൊപ്പം കുട്ടിയും കഴിച്ചിരുന്നു.

ഭക്ഷണം കഴിച്ചതിന് തൊട്ടുപിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ച മൂന്ന് വയസുകാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ ഹോട്ടലില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തി. അതേസമയം, ഭക്ഷ്യ വിഷബാധയാണോ മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ വ്യക്തമാകുകയുള്ളു.

കപ്പിനും ചുണ്ടിനുമിടയിൽ കിവീസിൽ നിന്ന് ലോകകപ്പ് നഷ്ടമാക്കിയ നിയമം ഒടുവിൽ ഐസിസി പിൻവലിക്കുന്നു. മത്സരത്തിലും സൂപ്പർ ഓവറിലും വിജയികളെ കണ്ടെത്താനാകാതെ വന്നാൽ, ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയ ടീമിനെ വിജയിയായി പ്രഖ്യാപിക്കുന്ന നിയമമാണ് റദ്ദാക്കിയത്. ഒരു ടീം വിജയിക്കുന്നത് വരെ സൂപ്പർ ഓവർ ഇനി തുടരും.

മത്സരത്തിലും സൂപ്പർ ഓവറിലും ഒരേ റൺസ് രണ്ട് ടീമുകളും നേടിയപ്പോൾ ബൗണ്ടറികളുടെ എണ്ണത്തിൽ ഇംഗ്ലണ്ടിനെ ലോകകപ്പ് വിജയിയായി പ്രഖ്യാപിച്ച ഐസിസി വലിയ വിവാദത്തിലാണ് പെട്ടത്. മുൻ താരങ്ങളും കമന്റേറ്റർമാരും ആരാധകരും ഉൾപ്പടെ ഐസിസിയെ വിമർശിച്ചു. ഇതിന് പിന്നാലെയാണ് നിയമം പുനപരിശോധിച്ച ഐസിസി ബൗണ്ടറി എണ്ണി വിജയിയെ കണക്കാക്കുന്ന നിയമം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

ബൗണ്ടറി എണ്ണൽ നിയമം പിൻവലിക്കുകയാണ് എന്ന് ഐസിസി പ്രഖ്യാപിച്ചതിന് പിന്നാലെ മുൻകിവീസ് താരങ്ങൾ കടുത്ത വിമർശനങ്ങളും പരിഹാസവുമായി രംഗത്തെത്തി. ‘അൽപ്പം വൈകിപ്പോയി ഐസിസി’ എന്ന് മക്മില്ലൻ ട്വീറ്റ് ചെയ്തപ്പോൾ കുറച്ച് കടുപ്പിച്ച് ‘അടുത്ത അജൻഡ: ടൈറ്റാനിക്കിൽ ഐസ് മലകൾ കണ്ടെത്താനുള്ള ദൗത്യം നിർവഹിക്കുന്നവർക്ക് കൂടുതൽ മികച്ച ബൈനോക്കുലറുകൾ’ – എന്നാണ് ലോകകപ്പ് ടീമിലുണ്ടായിരുന്ന ജിമ്മി നീഷം കുറിച്ചത്.

ലോകകപ്പ് ഫൈനലിൽ കിവീസ് കുറിച്ച 243 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ 242 എന്ന ന്യൂസിലൻഡ് സ്കോറിൽ എത്തുകയായിരുന്നു. ഇതോടെ കളി സൂപ്പർ ഓവറിലേക്ക് നീങ്ങി. സൂപ്പർ ഓവറിലെ റൺസും തുല്യമായതോടെ മത്സരത്തിലാകെ ഏറ്റവുമധികം ബൗണ്ടറികൾ നേടിയ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

കൂടത്തായി കൊലപാതക പരമ്പരയില്‍ ഓരോ ദിവസം കഴിയുംതോറും ട്വിസ്റ്റ് കൂടുകയാണ്. ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത് ബിഎസ്എന്‍എല്‍ ജീവനക്കാരനായ കക്കയം വലിയപറമ്പില്‍ വീട്ടില്‍ 55 കാരനായ ജോണ്‍സനാണ്. ജോളിയുമായി 5 വര്‍ഷമായി അടുപ്പത്തിലായിട്ട്. സംസ്ഥാന സര്‍ക്കാരിന്റെ വിരമിക്കല്‍ പ്രായം 56 ആണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ ആയതുകൊണ്ട് കുറച്ച് വര്‍ഷം കൂടി കിട്ടും. അങ്ങനെ വരുമ്പോള്‍ ഈ റിട്ടയര്‍മെന്റ് പ്രായത്തില്‍ എന്തിനാ പാവം ജോണ്‍സനെ ജോളി ജോസഫ് വലയില്‍ വീഴ്ത്തിയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

കാണാന്‍ വലിയ ലുക്കും ഇല്ല. എല്ലാവരും നല്ല സൗന്ദര്യവാനും ചുറുചുറുക്കുമുള്ള ജോണ്‍സണേയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഫോട്ടോ വന്നതോടെ ഈ പാവം പിടിച്ച ഗൃഹനാഥനെ എന്തിന് വട്ടം ചുറ്റിച്ചു എന്ന് തോന്നിപ്പോകും. അത് തന്നെയാണ് ജോണ്‍സന്റെ വീട്ടുകാര്‍ക്കും പറയാനുള്ളത്. ജോളിയോട് അടുത്തതോടെ ചിലവിന് പോലും കാശ് വീട്ടില്‍ കൊടുക്കില്ലത്രെ. ജോളിയുടെ ഒട്ടുവിദ്യയില്‍ ജോണ്‍സന്‍ മയങ്ങിപ്പോയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്തായാലും ജോളി അകത്തായതോടെ ഏറ്റവുമധികം ആശ്വസിക്കുന്നത് ജോണ്‍സന്റെ ഭാര്യയും മക്കളുമാണ്.

കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി മൂന്നാമതൊരു വിവാഹത്തിനായി രണ്ടാം ഭര്‍ത്താവ് പൊന്നാമറ്റത്തില്‍ ഷാജു സക്കറിയയെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടതായി പോലീസ് കണ്ടെത്തിയതോടെയാണ് ജോണ്‍സന്‍ കളം നിറയുന്നത്. പോലീസിന്‍ന്റെ സംശയ ലിസ്റ്റിലുള്ള ജോണ്‍സനെ സ്വന്തമാക്കാനായാണു ഷാജുവിനെ അപായപ്പെടുത്താന്‍ ആഗ്രഹിച്ചതെന്നാണ് ജോളിയുടെ മൊഴി. ശാസ്ത്രീയ തെളിവുകള്‍ നിരത്തിയുള്ള അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിലാണിക്കാര്യം ജോളി വെളിപ്പെടുത്തിയത്.

ഷാജുവിനെ അപായപ്പെടുത്താന്‍ തീരുമാനിച്ചതിന് പിന്നില്‍ ആശ്രിത നിയമനവും മുന്നില്‍ കണ്ടിരുന്നതായും ജോളി സമ്മതിച്ചു. ഇതിനായി ബിഎസ്എന്‍എല്‍ ജീവനക്കാരന്റെ ഭാര്യയായ അധ്യാപികയേയും കൊലപ്പെടുത്താന്‍ ശ്രമം നടത്തി. ഭാഗ്യംകൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. മുക്കം ആനയാംകുന്ന് സ്‌കൂളിലെ അധ്യാപകനായ ഷാജു മരിച്ചാല്‍ തനിക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുമെന്നതിനാലാണ് അപായപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് ജോളിയുടെ മൊഴി. അതേസമയം ഗൂഢാലോചനയില്‍ ആര്‍ക്കെല്ലാം പങ്കുണ്ടെന്നത് സംബന്ധിച്ച് ജോളി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഷാജുവിനെ അപായപ്പെടുത്താനും മൂന്നാമത് വിവാഹം ചെയ്യാനും തീരുമാനിച്ചതിനെ സാധൂകരിക്കുന്ന നിരവധി തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ജോണ്‍സണോടൊപ്പം ജോളി ബംഗളൂരു, കോയമ്പത്തൂര്‍, തിരുപ്പുര്‍ തുടങ്ങി പലയിടങ്ങളിലേക്കും യാത്ര നടത്തിയതായും ഒരുമിച്ച് താമസിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. ശാസ്ത്രീയമായ ടവര്‍ ഡംപ് പരിശോധനയിലാണ് ജോളിയും ഇയാളും തമ്മില്‍ പലസ്ഥലങ്ങളിലും ഒരുമിച്ച് യാത്രചെയ്തതിന്റെ വിശദാംശം ക്രൈംബ്രാഞ്ചിനു ശേഖരിച്ചത്.

ഇരുവരും കുടംബാംഗങ്ങളൊത്ത് പലതവണ വിനോദസഞ്ചാരത്തിനും സിനിമയ്ക്കും പോയി. പിന്നീട് ജോളിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബിഎസ്എന്‍എല്‍ ജീവനക്കാരന്റെ ഭാര്യ ജോളിയുമായുള്ള സൗഹൃദം ഒഴിവാക്കുകയും ഭര്‍ത്താവിനെ താക്കീത് ചെയ്യുകയും ചെയ്തു. തൃക്കരിപ്പൂരില്‍ ജോലിയുണ്ടായിരുന്ന ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ഒന്നരവര്‍ഷം മുന്‍പ് കോയന്പത്തൂരിന് സ്ഥലം മാറിപ്പോയശേഷം ഇരുവരും തമ്മില്‍ കൂടുതല്‍ അടുക്കുകയായിരുന്നു. ജോളിയുമായുള്ള ബന്ധം ജോണ്‍സന്റെ കുടുംബത്തിലും അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയതായി അന്വേഷണസംഘം കണ്ടെത്തി. ഇയാളുടെ ഭാര്യയുടെ ബന്ധുക്കള്‍ ഇക്കാര്യത്തില്‍ പലപ്പോഴും താക്കീത് ചെയ്തിരുന്നതായും ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു. ബന്ധം ഒഴിവാക്കണമെന്ന് പലരും ആവശ്യപ്പെട്ടെങ്കിലും അത് തുടര്‍ന്നു. അതാണ് ഇപ്പോള്‍ പുറത്തായത്.

പ്രഭു എന്ന ചെറുപ്പക്കാരന്റെ ജീവിതത്തില്‍ നടന്ന സംഭവ ബഹുലമായ യാഥാര്‍ത്ഥ്യങ്ങള്‍ ആണ് ഇന്നലെ വൈകുന്നേരം മുതല്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ച്‌ ആ കുറിപ്പില്‍ അദ്ദേഹത്തിന്റെ ചരിത്രവും ജീവിതവും പാഠവും എല്ലാമുണ്ട്.

കുറിപ്പിന്റെ പൂർണ്ണ രൂപം

“ക്യാന്‍സര്‍ വന്നത് കാരണം 27 വര്‍ഷം എന്നെ കൊണ്ട് നടന്ന എന്റെ കാലുപോയി.കാലുപോയത് കാരണം കരളു പങ്കിട്ടു സ്നേഹിച്ച പെണ്ണും പോയി.പിന്നെയും ഒരുപാടൊരുപാട് പോയി.ഞാനേറെ സ്നേഹിച്ച എന്നെ ഏറെ സ്നേഹിച്ച കളിക്കളവും ഫുട്‌ബോളും കബഡിയും എന്നെ വിട്ടുപോയി.കുടുംബത്തിന്റെ വരുമാനം പോയി.അതുവരെയുള്ള സമ്പാദ്യം പോയി. ഞാനെന്ന ശരീരത്തില്‍ നിന്ന് ജീവന്‍ പോലും പുറത്തു പോകാന്‍ വെമ്പൽ കൊണ്ടു.

പക്ഷെ ഇതൊക്കെ പോയപ്പോഴും ഞാന്‍ പിടിച്ചു നിന്നു.ജീവന്‍ തന്ന് കൂടെയുണ്ടാകുമെന്ന് പറഞ്ഞവള്‍ ഒരു കാലില്ലാത്ത എന്നെ വേണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി.പല രാത്രികളിലും എന്റെ തലയിണകള്‍ നനഞ്ഞു കുതിര്‍ന്നു.രണ്ടുകാലില്‍ നിന്നപ്പോള്‍ ഞാന്‍ വാങ്ങി കൊടുത്ത കുപ്പിവളകളും വസ്ത്രങ്ങളും ഒക്കെ അവള്‍ക്ക് ഒത്തിരി ഇഷ്ടമായിരുന്നു. നിറഞ്ഞ ഭാരമുള്ള ഗ്യാസ് സിലിണ്ടര്‍ ലോറിയിലേക്ക് കയറ്റുന്ന ജോലി ചെയ്ത് ചോര നീരാക്കി ഞാനുണ്ടാക്കിയ പൈസ അവളുടെ ഓരോരോ ആവശ്യങ്ങള്‍ക്ക് കൊടുക്കുമ്പോൾ എന്റെ മനസ്സില്‍ ഒരു ഭര്‍ത്താവിന്റെ സന്തോഷമായിരുന്നു. കയ്യും നടുവും വേദനിച്ചു ചൂടുവെള്ളത്തില്‍ ആശ്വാസം കണ്ടെത്തുമ്പോഴും അവള്‍ക്ക് ഒരു കുറവും വരരുത് എന്നത് എന്നിലെ ആണിന്റെ വാശിയായിരുന്നു.എന്തിനേറെ പറയുന്നു അവളുടെ പീരിയഡ്സ് സമയത്ത്‌ അവള്‍ക്ക് വേണ്ട നാപ്കിന്‍ വാങ്ങാന്‍ പോലും അവളുടെ വീട്ടുകാരെ ഞാന്‍ സമ്മതിച്ചിരുന്നില്ല. പക്ഷെ അവളെന്നോട് പറഞ്ഞ വാക്കുകള്‍ ഒരു വെള്ളിടി പോലെ എന്റെ കാതില്‍ ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നു.ഈ ഒരു കാലില്‍ നിങ്ങള്‍ എന്തു ചെയ്യാനാണ്.”

“സ്വന്തം കാര്യത്തിന് പോലും ഇനി മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്ന നിങ്ങള്‍ക്ക് എങ്ങനെ എന്നെ സംരക്ഷിക്കാന്‍ കഴിയും.ഈ ഒറ്റക്കാലുള്ള നിങ്ങളെ ഞാന്‍ കല്യാണം കഴിച്ചാല്‍ നമ്മളെങ്ങനെ മുന്നോട്ട് ജീവിക്കും.ഞാന്‍ കുറച്ചു പ്രാക്ടിക്കല്‍ ആകുകയാണ്.എന്നു പറഞ്ഞിട്ട് ഞാന്‍ വാങ്ങിക്കൊടുത്ത പുടവയും ഉടുത്തുകൊണ്ട് അവള്‍ മറ്റൊരാളുടെ ജീവിതത്തിലേക്ക് നടന്നുകയറി.ഞാന്‍ ആ ഹതഭാഗ്യന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.അവളെ ഒരു മാലാഖയെപ്പോലെ നോക്കിയ എന്നെ സ്നേഹിക്കാത്ത അവള്‍ നിന്നെയെങ്കിലും ആത്മാര്‍ത്ഥമായി സ്നേഹിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.പ്രാക്ടിക്കല്‍ ആയി ചിന്തിക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ നിങ്ങളുടെ രണ്ടാളുടെയും ലൈഫില്‍ ഉണ്ടാകരുതെ എന്നും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.”

“നിന്റെ വാക്കുകള്‍ എനിക്കൊരു ഊര്‍ജ്ജമാണ് തന്നത് മോളേ.നല്ല നട്ടെല്ലുള്ള ആണ്‍പിള്ളേര്‍ക്ക് ഒരു കാല്‍ തന്നെ ധാരാളമാണ് മുത്തേ.രണ്ടു കാലില്‍ നിന്നതിനെക്കാള്‍ സ്‌ട്രോങ് ആണ് ഇപ്പോഴത്തെ ഞാന്‍.ഇനി എന്റെ ഓരോ വിജയങ്ങളും നീ കണ്ണ് തുറന്ന് കണ്ടോളൂ.എന്നെ ഉപേക്ഷിച്ചു പോയപ്പോള്‍ ഞാനങ്ങു തകര്‍ന്നു പോകുമെന്ന് നീ കരുതിയല്ലേ.ഞാന്‍ അധികനാള്‍ ജീവിക്കില്ല എന്നു നീ വിചാരിച്ചിട്ടുണ്ടാകും അല്ലേ.ജീവനെടുക്കാന്‍ വന്ന ക്യാന്‍സറിനെ തോല്‍പ്പിച്ച്‌ ഇങ്ങനെ നെഞ്ചു വിരിച്ചു നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ മരണത്തിനെ പോലും പേടിയില്ലാത്ത മനസ്സ് വാര്‍ത്തെടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ നിനക്ക് എന്നെ തകര്‍ക്കാന്‍ പോയിട്ട് ഒന്നു തളര്‍ത്താന്‍ പോലും ആകില്ല.നിന്നോട് എനിക്കൊന്നേ പറയാനുള്ളൂ പെണ്ണേ.എന്റെ ഒപ്പം ജീവിക്കാനുള്ള യോഗ്യത നിനക്കില്ല.”

“നിന്റത്ര തൊലിവെളുപ്പും ഭംഗിയും ഇല്ലെങ്കിലും മനസ്സ് കൊണ്ട് ദേവിയായ ഒരു കുട്ടി എന്നെങ്കിലും എന്റെ ജീവിതത്തിലേക്കും വരും.അവളുടെ കാലില്‍ തൊടാനുള്ള യോഗ്യത പോലും നിനക്കില്ല.എന്നെ തള്ളിപ്പറഞ്ഞ നിന്റെ വായ് കൊണ്ട് എന്നെ നഷ്ടപെടുത്തിയത്തിന് നീ കരയുന്ന ഒരു ദിവസം വരും.ഒരു പക്ഷെ പ്രണയത്തേക്കാള്‍ ആത്മാര്‍ത്ഥത സൗഹൃദത്തിനാണെന്ന് എന്റെ കൂട്ടുകാരും വേണ്ടപ്പെട്ടവരും എന്നെ പഠിപ്പിച്ചു.ഇന്ന് ഞാനിങ്ങനെ ജീവനോടെ ചിരിച്ചു നില്‍ക്കുന്നത് ആ സ്നേഹം ഒന്നുകൊണ്ടു മാത്രമാണ്. ചങ്ക് തന്ന് നമ്മളെ സ്നേഹിക്കാന്‍ നമ്മുടെ കൂട്ടുകാര്‍ കൂടെയുണ്ടെങ്കില്‍ എന്ത് ക്യാന്‍സര്‍.എന്തിന് കാല്.”

രാജ്യത്ത് വീണ്ടും നോട്ട് നിരോധനമോ? 2000 ന്റെ നോട്ട് കുറഞ്ഞു തുടങ്ങിയതോടെയാണ് റിസര്‍വ് ബാങ്ക് വിശദീകരണവുമായി രംഗത്തെത്തിയത്. 2000 നോട്ടുകളുടെ അച്ചടി നിറുത്തിയെന്നതാണ് വസ്തുത. രാജ്യത്തെ കളളപ്പണ ഇടപാടുകള്‍ തടയുന്നതിന്റെ ഭാഗമായുള്ള നടപടിയെ തുടര്‍ന്ന് 2000 രൂപ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് അവസാനിപ്പിച്ചു.

വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.2019-20 സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ ഒരു നോട്ടുപോലും ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡ് അച്ചടിച്ചിട്ടില്ലെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്.

എടിഎമ്മുകളില്‍ അനുഭവപ്പെട്ട 2000 രൂപ നോട്ടിന്റെ ക്ഷാമത്തിന് പിന്നാലെയാണ് വിവരാവകാശ അപേക്ഷയില്‍ അച്ചടി നിര്‍ത്തിയതായുളള റിസര്‍വ് ബാങ്കിന്റെ തീരുമാനം പുറത്തുവന്നത്. ഘട്ടം ഘട്ടമായാണ് നോട്ടിന്റെ അച്ചടി നിര്‍ത്താനായി റിസര്‍വ് ബാങ്ക് തീരുമാനിക്കുന്നത്. ആദ്യം നോട്ട് അച്ചടിച്ച് ഇറക്കുന്നതില്‍ കുറവ് വരുത്തി പിന്നീടത് പൂര്‍ണമായും നിര്‍ത്തുകയായിരുന്നു.

ഈ തീരുമാനത്തിന്റെ തുടര്‍ച്ചയായി 2000 രൂപയുടെ നോട്ടുകള്‍ പ്രചാരണത്തില്‍ നിന്നും പിന്‍വലിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 2000ത്തിന്റെ 3,542,991 മില്യണ്‍ നോട്ടുകളാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്. 2017-18 സാമ്പത്തിക വര്‍ഷമാകട്ടെ ഇതിന്റെ 5 ശതമാനം മാത്രമാണ് പുറത്തിറക്കിയതെന്നും ആര്‍ബിഐ രേഖകള്‍ വ്യക്തമാക്കുന്നു.

2016 ഡിസംബര്‍ 8ന് 500, 1000 നോട്ടുകള്‍ രാജ്യത്ത് നിരോധിച്ചതിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ട് അവതരിപ്പിച്ചത്. കള്ളപ്പണവും കൈക്കൂലിയും ഒഴിവാക്കാനാണ് നോട്ട് നിരോധനമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം.ഇത് രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു.

Copyright © . All rights reserved