മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്സാണ്ടറിനു നേരെ കല്ലേറ്. കാറിനു നേരെയാണ് കല്ലെറിഞ്ഞത്. ജോര്‍ജ് അലക്സാണ്ടര്‍ പരുക്കുകളോടെ കൊച്ചിയിലെ ആശുപത്രിയിലാണ്. ആക്രമിച്ചത് സിഐടിയു ഗുണ്ടകളെന്ന് മുത്തൂറ്റ് പ്രതിനിധി. ‘വലിയ കല്ലുകള്‍ വലിച്ചെറിയുകയായിരുന്നു, കരുതിക്കൂട്ടി ആക്രമിച്ചു. സിഐടിയു ബോധപൂര്‍വം സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും മുത്തൂറ്റ് പ്രതിനിധി ആരോപിച്ചു.

മുത്തൂറ്റ് കൊച്ചി കോര്‍പറേറ്റ് ഓഫിസില്‍ ഇന്നലെ ജീവനക്കാരെ തടഞ്ഞിരുന്നു. ആയുധം കൊണ്ടല്ല ആശയപരമായാണ് നേരിടേണ്ടതെന്ന് വി ഗാർഡ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. ജീവനക്കാരെ പിരിച്ചുവിട്ടെങ്കില്‍ കോടതിയെ സമീപിക്കണമെന്നും ചിറ്റിലപ്പിള്ളി പറഞ്ഞു.

അതേസമയം, മുത്തൂറ്റ് ഫിനാൻസിൽ നിന്ന് പിരിച്ചുവിട്ട 166 ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം കടുപ്പിച്ച് സമരസമിതി. ജോലിക്കെത്തിയ ജീവനക്കാരെ സമരക്കാർ തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി. സാമ്പത്തികമായി നഷ്ടത്തിലായ ബ്രാഞ്ചുകളാണ് പൂട്ടിയതെന്ന നിലപാടിലാണ് മാനേജ്മെന്റ്.

കഴിഞ്ഞ മാസം ഏഴിനാണ് 166 ജീവനക്കാരെ മുത്തൂറ്റ് ഫിനാൻസ് പിരിച്ചുവിട്ടത്. വേതന വർധനയടക്കമുള്ള ആവശ്യങ്ങളുമായി അൻപത്തിരണ്ട് ദിവസം നീണ്ട സമത്തിൽ പങ്കെടുത്തവരെയാണ് പിരിച്ചുവിട്ടതെന്നും ഇത് ഒത്തുതീർപ്പ് വ്യവസ്ഥകളുടെ ലംഘനമാണെന്നും ആരോപിച്ചാണ് ഈ മാസം രണ്ടാം തീയതി വീണ്ടും സമരം തുടങ്ങിയത്.

സാമ്പത്തികമായി നഷ്ടത്തിലായ നാൽപത്തിമൂന്ന് ബ്രാഞ്ചുകൾ പൂട്ടിയതിനാലാണ് ജീവനക്കാർക്ക് ജോലി പോയതെന്ന് മുത്തൂറ്റ് ഫിനാൻസ്. തുടർച്ചയായ സമരങ്ങൾ മൂലം കേരളത്തിലെ ബിസിനസിൽ വൻ ഇടിവുണ്ടായി. ബ്രാഞ്ചുകൾ പൂട്ടിയത് പ്രതികാര നടപടിയല്ലെന്നും റിസർവ് ബാങ്കിന്റെയടക്കം അനുമതി വാങ്ങിയ ശേഷമാണ് നടപടിയെന്നും എം.ഡി. ജോർജ് അലക്സാണ്ടർ പറഞ്ഞു. മുന്നൂറോളം ജീവക്കാരിൽ 250 പേർക്കു മാത്രമാണ് ജോലിക്കെത്താനായതെന്ന് മാനേജ്മെന്റ് അറിയിച്ചു.

വഴിയില്‍ കിടന്ന വലിയ കല്ലെടുത്ത് ഓടിവന്ന് കാറിനുമുകളിലേക്ക് എറിയുകയായിരുന്നു. നീല ഷര്‍ട്ടും മുണ്ടും ധരിച്ചയാളാണ് അക്രമി. കാറിന്റെ മുൻസീറ്റിൽ, ഇടതു വശത്ത് ഇരിക്കുകയായിരുന്ന ജോർജ് അലക്സാണ്ടറിന്റെ തലയ്ക്കാണ് ഏറ് കൊണ്ടത്.

മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സ്കാനിങ്ങിനു വിധേയനാക്കി. സിഐടിയുവിന്റെ നേതൃത്വത്തിൽ മൂത്തൂറ്റ് ഫിനാൻസ് കോർപറേറ്റ് ഓഫിസിനു മുന്നിൽ 4 ദിവസമായി സമരം നടക്കുകയാണ്. ഡിഐജി ഓഫിസിനു മുന്നിൽ കേന്ദ്രീകരിച്ച്, ജീവനക്കാരുമായി കോർപറേറ്റ് ഓഫിസിലേക്കു നീങ്ങുന്നതിനിടെ, ഡിഐജി ഓഫിസിനു മുന്നിൽ വച്ചാണ് ആക്രമണം.

ആക്രമിച്ചത് സിഐടിയു ഗുണ്ടകളെന്ന് മുത്തൂറ്റ് പ്രതിനിധി. ‘വലിയ കല്ലുകള്‍ വലിച്ചെറിയുകയായിരുന്നു, കരുതിക്കൂട്ടി ആക്രമിച്ചു. സിഐടിയു ബോധപൂര്‍വം സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും മുത്തൂറ്റ് പ്രതിനിധി ആരോപിച്ചു.