നേപ്പാളിൽ വിനോദയാത്രക്കെത്തിയ സംഘത്തിലെ നാലു കുട്ടികളടക്കം എട്ട് മലയാളികൾ ശ്വാസംമുട്ടി മരിച്ചു. മരിച്ചത് തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ പ്രബിൻ കുമാർ നായർ (39), ശരണ്യ (34), രഞ്ജിത് കുമാർ (39), ഇന്ദു രഞ്ജിത് (34), ശ്രീ ഭദ്ര (9), അബിനബ് സൊറായ (ഒമ്പത്), അബി നായർ (ഏഴ്), വൈഷ്ണവ് രഞ്ജിത് (രണ്ട്) എന്നിവരാണ് മരിച്ചത്.
നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽനിന്ന് 55 കിലോമീറ്റർ അകലെ മാകവൻപുർ ജില്ലയിലെ ദാമനിലെ റിസോർട്ടിലാണ് സംഭവം. ഹോട്ടലിലെ മുറിയിൽവെച്ച് ശ്വാസം മുട്ടിയാണ് മരണമെന്ന് മാകവൻപുർ എസ്.പി സുശീൽ സിങ് രാത്തോർ പറഞ്ഞു. റൂമിലെ ഗ്യാസ് ഹീറ്ററിൽനിന്നുള്ള കാർബൺ മോഡോക്സൈഡ് ശ്വസിച്ചതാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനമായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ഇവരെ വിമാന മാർഗം കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റി. കാഠ്മണ്ഡുവിലെ ദുംബരാഹിയിലെ ആശുപത്രിയിൽ അടിയന്തര വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ത്രിഭുവൻ യൂനിവേഴ്സിറ്റി ടീച്ചിങ് ആശുപത്രിയിലേക്ക് മാറ്റും.
ബ്രിട്ടീഷുകാരില്‍ നിന്ന് മോചിതരാകുന്നതിനുമുന്‍പ് വരെ ഇന്ത്യയെന്ന ആശയം ഉണ്ടായിരുന്നില്ലെന്ന് ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍. അടുത്തിടെ ബോക്‌സോഫീസ് ഹിറ്റായി മാറിയ സെയ്ഫ് അലി ഖാന്റെ ചിത്രം താനാജിയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുമ്പോഴായിരുന്നു സെയ്ഫിന്റെ പരാമര്‍ശം.
ചിത്രത്തില്‍ വരച്ചുകാട്ടിയ ചരിത്രത്തിനെതിരെ നിരവധി പേര്‍ രംഗത്തുവന്നിരുന്നു. ഇന്ത്യ എന്ന ആശയം എന്നു പറഞ്ഞു കൊണ്ട് സെയ്ഫ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദങ്ങള്‍ക്ക് ഇടയാക്കി. അഭിമുഖത്തില്‍ അവതാരക ചോദിച്ച ചോദ്യങ്ങളില്‍ നിന്നാണ് ഇങ്ങനെയൊരു പോസ്റ്റ് സെയ്ഫ് ഇടാന്‍ കാരണവും.
താനാജിയിലെ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുന്നതല്ലേ എന്ന് അവതാരക ചോദിച്ചപ്പോള്‍ സെയ്ഫ് പറഞ്ഞ മറുപടി ഇങ്ങനെ.. ഈ ചിത്രത്തിലുള്ള യഥാര്‍ത്ഥ ചരിത്രമാണെന്ന് ഞാന്‍ കരുതുന്നില്ല. ബ്രിട്ടീഷ് ഇവിടം വിട്ട് പോകുന്നതിനു തൊട്ടുമുന്‍പ് വരെ ഇന്ത്യയെന്ന ആശയം ഇല്ലായിരുന്നുവെന്നും താരം പറഞ്ഞു. ഇതിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങള്‍ എത്തി.
തനിക്ക് ചരിത്രം നന്നായി അറിയാമെന്ന് പറഞ്ഞ് സെയ്ഫ് ചരിത്ര ഭൂപടം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. താനാജി എന്ന ചിത്രത്തില്‍ ചരിത്രത്തെ മാറ്റി കുറിച്ചത് ഞാന്‍ എതിര്‍ത്തിട്ടില്ല. ചില കാരണങ്ങള്‍ കൊണ്ട് അത്തരമൊരു നിലപാട് എടുക്കാന്‍ സാധിച്ചില്ല. അടുത്ത തവണ സാധിച്ചേക്കുമെന്നും സെയ്ഫ് പറയുകയുണ്ടായി.
ഇത് ചരിത്രമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ അംഗീകരിക്കില്ല. ചരിത്രത്തെക്കുറിച്ച് തനിക്ക് നന്നായി അറിയാമെന്നും താരം പറയുന്നു. ഇന്ത്യയെന്ന സങ്കല്‍പ്പം ബ്രിട്ടീഷുകാര്‍ നമുക്ക് സ്വാതന്ത്ര്യം നല്‍കുന്നതുവരെ ഉണ്ടായിരുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അതിനെക്കുറിച്ച് ഉറക്കെ തര്‍ക്കിക്കാനൊന്നും താല്‍പര്യമില്ലെന്നും താരം പറഞ്ഞു.
ഈസ്റ്റ് ഇന്ത്യാ കമ്പനി 1600ല്‍ സ്ഥാപിതമായിട്ടുണ്ടെന്നും, കൊളംമ്പസ് ഇന്ത്യ കണ്ടുപിടിക്കാന്‍ 1492ല്‍ പോയിട്ടുണ്ടെന്നും, ഇന്ത്യന്‍ മഹാസമുദ്രം എന്ന പേര് 1515മുതല്‍ ഉണ്ടെന്നും സെയ്ഫിന് അറിയാമല്ലോ എന്ന വിമര്‍ശകന്‍ ചോദിക്കുന്നു. സെയ്ഫ് പറഞ്ഞത് ശരിയാണെന്നും കൊളംമ്പസ് പോകിസ്താന്‍ കണ്ടുപിടിക്കാനാണ് ഇറങ്ങിയതെന്നും, 1400 വര്‍ഷത്തോളം പഴക്കമുണ്ട് പാകിസ്ഥാനെന്നും, ഇന്ത്യ ചരിത്ര പുസ്തകം തിരുത്തിയെന്നുമാണ് മറ്റൊരു പരിഹാസം.
#saifalikhan should look this images long back before freedom(republish 1987) this map was exist so read history before quoting it mr. Saif see the places and their names. We have map which were 1000’s of year back but this is enough for u right now pic.twitter.com/HBCTPVk2rm
— Rahul kumar verma 🇮🇳 🇮 (@Rahul_rkverma) January 19, 2020
ഹൃത്വിക് റോഷനെയും അമിതാഭ് ബച്ചനെയും വരെ ഞെട്ടിച്ച ചുവടുകളുമായെത്തിയ ആ ഡാന്‍സർ ഒടുവിൽ മിനി സ്ക്രീനിൽ. മുക്കാലാ എന്ന ഗാനത്തിന് അമ്പരപ്പിക്കുന്ന എയർവാക്ക് നടത്തിയത് ബാബ ജാക്സണെന്ന് അറിയപ്പെടുന്ന യുവരാജ് ആയിരുന്നു. ഇന്ത്യാസ് ബെസ്റ്റ് ഡാൻസറിന്റെ ഓഡിഷനിലാണ് യുവരാജ് പ്രത്യക്ഷപ്പെട്ടത്. ബോളിവുഡ് പാട്ടിന് സാക്ഷാൽ മൈക്കൽ ജാക്സന്റെ ചുവടുകൾ വയ്ക്കാനാണ് തനിക്ക് ആഗ്രഹമെന്ന് യുവരാജ് പറയുന്നു.
ടിക്ടോക്കിൽ പത്ത് ലക്ഷത്തിലേറെ ആരാധകരാണ് യുവരാജിനുള്ളത്. അവസാനം വരെ കാണുകയെന്ന കുറിപ്പോടെ യുവരാജിന്റെ ആരാധകരിലൊരാൾ ട്വീറ്റ് ചെയ്ത വിഡിയോയിൽ ഹൃത്വികിനെയും പ്രഭുദേവയയും ടാഗ് ചെയ്തതോടെയാണ് വിഡിയോ വൈറലായത്. വിഡിയോ പിന്നീട് ഹൃത്വികും അമിതാഭ് ബച്ചനും രവീണ ടണ്ടനുമെല്ലാം പങ്കുവച്ചിരുന്നു. യുവരാജിനെ കണ്ടെത്താൻ സഹായിക്കൂ എന്നായിരുന്നു ഹൃത്വികിന്റെ ട്വീറ്റ്. തന്നെ പ്രോത്സാഹിപ്പിച്ച താരങ്ങൾക്കും ആരാധകർക്കും യുവരാജ് നന്ദി അറിയിച്ചു.
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷ പേ ചര്‍ച്ചയ്‌ക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. വിദ്യാർഥികളെ വെറുതെ വിടണമെന്നും പരീക്ഷാക്കാലത്തെ അവരുടെ വിലപ്പെട്ട സമയമാണ് പ്രധാനമന്ത്രി പാഴാക്കുന്നതെന്നുമാണ് കപിൽ സിബൽ ആരോപിക്കുന്നത്.
‘പ്രധാനമന്ത്രി വിദ്യാര്‍ഥികളെ ഒറ്റയ്ക്ക് വിടുകയാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം. കാരണം ഇതവര്‍ക്ക് പരീക്ഷയ്ക്ക് പഠിക്കാനുള്ള സമയമാണ്. അവരുടെ സമയം അദ്ദേഹം പാഴാക്കരുത്’. കപില്‍ സിബല്‍ എ.എന്‍.ഐ യോട് പറഞ്ഞു. ജനങ്ങൾക്ക് അവരുടെ ബിരുദത്തെപ്പറ്റി തുറന്ന് സംസാരിക്കാനുള്ള അവസരമാണ് വേണ്ടത്. ഏത് ബിരുദമാണ് അവര്‍ കരസ്ഥമാക്കിയതെന്ന് അവര്‍ തുറന്ന് പറയട്ടെ അങ്ങനെയാണെങ്കില്‍ ഒരാള്‍ക്ക് പോലും വ്യാജ ബിരുദമുണ്ടാക്കാന്‍ പറ്റില്ല.’ കപിൽ സിബൽ തുറന്നടിക്കുന്നു.
പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാര്‍ഥികളുടെ സമ്മര്‍ദ്ദം കുറയക്കാന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 2000ത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത പരീക്ഷ പേ ചര്‍ച്ചയില്‍ പ്രധാനമന്ത്രി ഇന്ന് സംവദിച്ചിരുന്നു.
കോയമ്പത്തൂരിൽ ഭർത്താവിന്റെയും കൂട്ടുകാരുടെയും ഒപ്പം ട്രെക്കിങ് പരിശീലനത്തിനു പോയ മലയാളി യുവതി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. ഗണപതി മാനഗറിൽ വ്യാപാരിയായ ഒറ്റപ്പാലം പാലപ്പുറം ‘കീർത്തി’ വീട്ടിൽ പ്രശാന്തിന്റെ ഭാര്യ ആലത്തൂർ പുതിയങ്കം സ്വദേശിനി ഭുവനേശ്വരിയാണ് (40) മരിച്ചത്.
ഇന്നലെ രാവിലെ എട്ടംഗ സംഘത്തിനൊപ്പമാണ് ഭുവനേശ്വരി കവുണ്ടംപാളയത്തിനു സമീപം പാലമല വനപ്രദേശത്തേക്കു ട്രെക്കിങ് പരിശീലനത്തിനു പുറപ്പെട്ടത്. ഏഴരയോടെ പാലമല അടിവാരത്തുനിന്ന് പാലമല കുഞ്ചൂർ റോഡിലെ പശുമണിയിലെത്തിയപ്പോൾ സംഘം കാട്ടാനയ്ക്കു മുന്നിൽപ്പെട്ടു. സംഘാംഗങ്ങൾ ചിതറി ഓടിയപ്പോൾ ഒറ്റപ്പെട്ട ഭുവനേശ്വരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു.
പ്രശാന്തും സംഘവും വിവരമറിയിച്ചതിനെ തുടർന്നു വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പെരിയനായ്ക്കൻപാളയം പൊലീസ് ഭുവനേശ്വരിയുടെ മൃതദേഹം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഭുവനേശ്വരിയും സംഘവും അനുമതിയില്ലാതെയാണു വനത്തിലേക്കു ട്രെക്കിങ്ങിനു പോയതെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു. 15 വർഷമായി ശരവണംപട്ടി ശങ്കര നേത്രാശുപത്രിയിൽ അഡിമിനിസ്ട്രേറ്റിവ് ഓഫിസറാണ് ഭുവനേശ്വരി. മക്കൾ: നവനീത്, നവ്യ.
288 കോടി രൂപയുടെ വിേദശനാണയവിനിമയച്ചട്ടം ലംഘിച്ചെന്ന കേസില്‍ പ്രവാസി വ്യവസായിയും മലയാളിയുമായ സി.സി.തമ്പിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറകട്റേറ്റ് അറസ്റ്റ് ചെയ്തു. ഇന്ത്യയിലും യു.എ.ഇയിലുമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അടക്കം വന്‍നിക്ഷേപമുള്ള ഹോളിഡേ ഗ്രൂപ്പിന്‍റെ ഉടമയാണ്.
തമ്പിയുടെ ഉടമസ്ഥതയിലുള്ള ഹോളിഡേ സിറ്റി സെന്‍റര്‍, ഹോളിഡേ പ്രോപര്‍ട്ടീസ്, ഹോളിേഡ ബേക്കല്‍ റിസോര്‍ട്സ് എന്നീ കമ്പനികളുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചു.കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം നേരിടുന്ന റോബർട്ട് വാധ്‌രയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട് സി.സി. തമ്പിയെ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്് ചോദ്യം ചെയ്തിരുന്നു.
ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സുഭാഷ് വാസു വന്‍സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പളളി ആരോപിച്ചു. തന്റെ കളളയൊപ്പിട്ട് 5 കോടി രൂപ ബാങ്കില്‍ നിന്ന് വായ്പയെടുത്തു.
സുഭാഷ് വാസുവിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത് വലിയ അബദ്ധമായി. സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടുമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. രാജിക്ക് തയാറായില്ലെങ്കില്‍ ബി.ജെ.പി കേന്ദ്രനേതൃത്വത്തെ സമീപിക്കുമെന്നും തുഷാർ പറഞ്ഞു.
കോഴ വാങ്ങി നിയമനങ്ങള്‍ നടത്തിയതിലൂടെ എസ്എൻഡിപിയോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കോടികള്‍ സമ്പാദിച്ചെന്ന് സുഭാഷ് വാസു ആരോപിച്ചിരുന്നു. തുഷാർ വെള്ളപ്പള്ളിക്കെതിരെയും സുഭാഷ് വാസു അഴിമതി ആരോപണവുമായി രംഗത്തെത്തിയിരുന്നു.
കുവൈറ്റില്‍ മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . പാലക്കാട് സ്വദേശി സജീര്‍ ആണ് മരിച്ചത്. 29 വയസ്സായിരുന്നു. കുവൈറ്റിലെ റൗദയില്‍ സ്വദേശിയുടെ വീട്ടില് ഡ്രൈവറായി ജോലി ചെയ്തിരുന്ന യുവാവിനെ കൂടെയുള്ള ഡ്രൈവര്‍മാരാണ് ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച രാത്രിയില്‍ ഫുട്‌ബോള്‍ കളി കഴിഞ്ഞ് തിരിച്ചെത്തിയ ഉടനായിരുന്നു സംഭവമെന്നാണ് റിപ്പോര്‍ട്ട്.
ബിജെപിയെ നയിക്കാന്‍ ഇനി ജെപി നദ്ദ. ബിജെപി ദേശീയ അധ്യക്ഷനായി നദ്ദയെ തെരഞ്ഞെടുത്തു. ബിജെപിയുടെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തു നിന്നാണ് അദ്ദേഹം അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി പദവിയിലേക്ക് അമിത് ഷാ മാറിയ പശ്ചാത്തലത്തിലാണ് പുതിയ അധ്യക്ഷനായി നദ്ദയെ തെരഞ്ഞെടുത്തത്. പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ജനുവരി 22ന് ബിജെപി ആസ്ഥാനത്തുവെച്ച് നടക്കുന്ന ചടങ്ങിലാകും നദ്ദ അദ്ധ്യക്ഷ സ്ഥാനമേല്‍ക്കുക.
ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നേതാവാണ് ജെ.പി നദ്ദ. ഒന്നാം മോദി സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായിരുന്ന അദ്ദേഹം മുന്‍പ് യുവ മോര്‍ച്ചയുടെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തല ഉയര്‍ത്തി നില്‍ക്കുന്ന ഗജരാജവീരന്മാരോട് ആരാധനയും ഇഷ്ടവുമൊക്കെ ഏറെയുണ്ട് പലര്‍ക്കും. ഇത്തരത്തില്‍ ആനപ്രേമികള്‍ ധാരാളമുള്ളതുകൊണ്ടുതന്നെ ആനക്കഥകള്‍ക്കും നാട്ടില്‍ പഞ്ഞമില്ല. ആനകളുടെ രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്.
തുമ്പിക്കൈകൊണ്ട് ചക്ക പറിച്ച് കഴിക്കുന്ന ആനയും മാമ്പഴം പറിക്കാന്‍ മതിലു ചാടിക്കടന്ന ആനയുമെല്ലാം അടുത്തിടെ സൈബര്‍ലോകത്ത് ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഒരു ആനയുടെയും ആനപാപ്പാന്റെയും സ്‌നേഹപ്രകടനമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരേ ഇലയില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ആനയും പാപ്പാനുമാണ് വീഡിയോയിലെ താരങ്ങള്‍.
ആനയുടെ സമീപത്തിരുന്ന് പൊതിച്ചോറ് കഴിക്കുകയായിരുന്നു പാപ്പാന്‍. ആനയ്ക്ക് കഴിക്കാന്‍ ആവശ്യമായ ഓല സമീപത്തുണ്ടെങ്കിലും ഗജരാജവീരന്‍ അതൊന്നും കാര്യമാക്കുന്നില്ല. പാപ്പാന്‍ ഇലപ്പൊതിയില്‍ നിന്നും ഒരു ഉരുള ചോറ് കഴിക്കുമ്പോള്‍ ആനയും അതേ പൊതിച്ചോറില്‍ നിന്നും അല്‍പം കഴിക്കുന്നു. വ്യത്യസ്തവും മനോഹരവുമായ സൗഹൃദം നിറഞ്ഞ ഈ സ്‌നേഹക്കാഴ്ച സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്.