സോഷ്യൽ മീഡിയയിലൂടെ അനേകലക്ഷം ആസ്വാദകർ ഹൃദയത്തിലേറ്റിയ അനുഗ്രഹിത ഗായകൻ അഭിജിത്ത് വിജയന്‍ (അഭിജിത്ത് കൊല്ലം) വിവാഹിതനാകുന്നു. വധു വിസ്മയ ശ്രീ. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.
യേശുദാസുമായുള്ള ശബ്ദ സാമ്യത കൊണ്ടാണ് യുവ ഗായകന്‍ അഭിജിത്ത് വിജയന്‍ ആദ്യം ശ്രദ്ധ നേടിയിരുന്നത്.
പത്ത് വര്‍ഷത്തിലേറെയായി സോഷ്യല്‍ മീഡിയയിലും ഗാനമേള വേദികളും നിറസാനിധ്യമായി നില്‍ക്കുന്ന അഭിജിത്ത് അടുത്തിടെയാണ് സിനിമകളില്‍ പാടിത്തുടങ്ങിയത്.
പി.വി സിന്ധുവിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി 70കാരൻ കലക്ടറുടെ മുൻപിലെത്തി. നിവേദനം വായിച്ച് കലക്ടർ ഞെട്ടി. സിന്ധുവിനെ വിവാഹം കഴിക്കണമെന്നും അതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുമെന്നും നിവേദനത്തിൽ പറയുന്നു. തമിഴ്‌നാട് രാമനാഥപുരം ജില്ലക്കാരനായ മലൈസാമിയാണ് ഇത്തരമൊരു ആവശ്യമായി ജില്ലാ ഭരണകൂടത്തെ സമീപിച്ചത്.
പൊതുജനങ്ങൾ പരാതികളും അപേക്ഷകളും സമർപ്പിക്കാനുള്ള പ്രതിവാര യോഗത്തിലാണ് മലൈസാമി വിചിത്ര നിവേദനവുമായി എത്തിയത്. ബാഡ്മിന്റൺ താരമായ സിന്ധുവിന്റെ ചിത്രത്തോടൊപ്പം മലൈസാമിയുടെ ചിത്രവും ഇയാൾ കത്തിനൊപ്പം നൽകി. 24കാരിയായ സിന്ധുവിന്റെ കരിയറിൽ താൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും ഇയാൾ പറയുന്നു. തനിക്ക് 16 വയസ് മാത്രമാണ് പ്രായമെന്നും 2004 ഏപ്രില്‍ 4 നാണ് തന്റെ ജനനമെന്നും മലൈസാമി അവകാശപ്പെട്ടു.
തിരുവനന്തപുരം: മരട് ഫ്ളാറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി വിധിയെ പിന്തുണച്ചു സിപിഐ. ശബരിമല വിധി നടപ്പാക്കിയെങ്കിൽ എന്തുകൊണ്ട് ഈ വിധി നടപ്പാക്കിക്കൂടായെന്ന്, മരട് ഫ്ളാറ്റുകൾ പൊളിച്ചുമാറ്റുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച സർവ്വകക്ഷിയോഗത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചോദിച്ചു.
മരട് വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കരുതെന്ന് ആർക്കും പറയാനാകില്ലെന്നു കാനം നേരത്തെയും പറഞ്ഞിരുന്നു. അതേസമയം, സിപിഎമ്മും കോണ്‍ഗ്രസും ഫ്ളാറ്റ് ഉടമകൾക്ക് അനുകൂലമായി നിലപാടാണു സ്വീകരിച്ചത്.
മരട് ഫ്ളാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവു മറികടക്കാനുള്ള സാധ്യത തേടിയാണു സംസ്ഥാന സർക്കാർ സർവകക്ഷി യോഗം വിളിച്ചത്. നിയമക്കുരുക്കിൽപ്പെട്ട മരട് ഫ്ളാറ്റ് പൊളിക്കൽ ഉത്തരവുമായി ബന്ധപ്പെട്ടു വിവിധ രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം അറിഞ്ഞശേഷം തുടർനടപടി സ്വീകരിക്കാനാണു സർക്കാർ തീരുമാനം.
ഫ്ളാറ്റ് പൊളിക്കൽ ഉത്തരവുമായി ബന്ധപ്പെട്ടു സർവകകക്ഷി യോഗം വിളിക്കണമെന്നാവശ്യപ്പെട്ടു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യം കത്ത് നൽകിയത്. മരടിലെ ഫ്ളാറ്റ് പൊളിക്കാതിരിക്കാൻ സർക്കാർ ഇടപെടണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടിരുന്നു. സിപിഎം, ഫ്ളാറ്റ് ഉടമകൾക്കൊപ്പമാണെന്നും മരട് സന്ദർശിച്ച കോടിയേരി പ്രഖ്യാപിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഫ്ളാറ്റ് ഉടമകൾക്ക് അനുകൂലമായി രംഗത്തെത്തി. സർക്കാർ അടിയന്തരമായി ഇടപെട്ടു പ്രതിസന്ധി പരിഹരിക്കണമെന്നാണു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. മൂന്നംഗ സമിതി സോണ്‍ നിശ്ചയിച്ചതിലെ വീഴ്ച സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുക, ഫ്ളാറ്റുടമകളുടെ ഭാഗം കേൾക്കുക, പൊളിച്ചേ തീരൂവെങ്കിൽ പുനരധിവാസം ഉറപ്പാക്കി തുര്യമായ നഷ്ടപരിഹാരം നൽകുക എന്നീ നിർദേശങ്ങൾ മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു.
ഉത്തരവ് നടപ്പാക്കി ഇരുപതിനകം സംസ്ഥാന സർക്കാർ റിപ്പോർട്ട് സമർപ്പിക്കാനാണു സുപ്രീംകോടതി നിർദേശം. ഇതിനു തൊട്ടുപിന്നാലെയാണു വിധി മറികടക്കാനും കോടതി വിധി നടപ്പാക്കുന്നതു നീട്ടിവയ്ക്കുന്നതിനുള്ള നിർദേശങ്ങൾ സമാഹരിക്കുന്നതിന്റെയും ഭാഗമായി സർക്കാർ സർവകകക്ഷി യോഗം വിളിച്ചത്.
മരട് ഫ്ളാറ്റ് നിലനിൽക്കുന്ന മേഖലയെ സിആർഇസഡ്- മൂന്നിന്റെ (തീരദേശ നിയന്ത്രണ നിയമം) പരിധിയിൽനിന്നു രണ്ടിലേക്കു മാറ്റി വിജ്ഞാപനം ഇറക്കാൻ കേന്ദ്രസർക്കാരിനോടു ശിപാർശ ചെയ്യാൻ സംസ്ഥാനത്തിനു കഴിയും. സിആർഇസഡ് രണ്ടിലുള്ള പ്രദേശത്തു സ്ഥിതിചെയ്യുന്ന ഫ്ളാറ്റ് പൊളിക്കേണ്ടതില്ല.
ഗോഡ: മതപരിവര്‍ത്തനം ആരോപിച്ച് ജാര്‍ഖണ്ഡില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഫാ. ബിനോയ് ജോണിന് ജാമ്യം ലഭിച്ചു. ഗോഡ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. മതപരിവര്‍ത്തനം, ആദിവാസി ഭൂമി കയ്യേറ്റം എന്നീ കുറ്റങ്ങളാരോപിച്ച് കഴിഞ്ഞ ആറിനാണ് തൊടുപുഴ വെട്ടിമറ്റം സ്വദേശിയും ഭാഗല്‍പൂര്‍ രൂപതാ വൈദികനുമായ ഫാ. ബിനോയ് ജോണിനെ ദിയോദാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് ഗോഡ ജില്ലാ ജയിലില്‍ റിമാന്‍റിലായിരുന്നു. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന വൈദികന്‍റെ വാദം അംഗീകരിച്ചാണ് ഗോഡ സിജെഎം കോടതി ജാമ്യം അനുവദിച്ചത്. നിയമ സഹായവുമായി ഇടുക്കി എംപി ഉള്‍പ്പടെയുള്ളവര്‍ ഗോഡയിലെത്തിയിരുന്നു.
കേസ് കെട്ടിച്ചമച്ചതാണെന്നും വിഷയത്തില്‍ ഇടപെടണമെന്നുമാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് കേന്ദ്രസര്‍ക്കാരിനും മനുഷ്യാവാകാശ, ന്യൂനപക്ഷ കമ്മീഷനുകള്‍ക്കും കത്ത് നല്‍കിയിരുന്നു.
വൈദികന്‍റെ ആരോഗ്യപ്രശ്നങ്ങള്‍ പൊലീസ് കോടതിയെ അറിയിച്ചില്ലെന്നും ഇടുക്കി എംപി കത്തില്‍ ചൂണ്ടിക്കാട്ടി. ഇന്നലെ വൈകിട്ടോടെ വൈദികനെ ജയിലില്‍ നിന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
69-ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകളറിയിച്ച് സോഷ്യല്‍ മീഡിയയും. മോദിയുടെ അഭ്യുദയകാംഷികളും അനുഭാവികളുമടക്കമുള്ളവര്‍ ആശംസകളുമായെത്തിയതോടെ പ്രധാനമന്ത്രിയുടെ ജന്മദിനം ട്വിറ്റര്‍ ട്രെന്‍ഡിങിലേക്ക്.
ഏഴ് വ്യത്യസ്ത ഹാഷ്ടാഗുകളിലാണ് ട്വിറ്ററില്‍ മോദിക്കുള്ള പിറന്നാളാശംസകള്‍ നിറയുന്നത്. അമുലിന്‍റെ #happybirthdaynarendramodi എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ ഒന്നാമത്. 69 അടി നീളമുള്ള കേക്ക് മുറിച്ചാണ് ഭോപ്പാലിലെ ബിജെപി പ്രവര്‍ത്തകര്‍ മോദിയുടെ ജന്മദിനം ആഘോഷിച്ചത്. മോദിയുടെ വരവ് പ്രമാണിച്ച് നര്‍മ്മദയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ബഹുവര്‍ണമണിഞ്ഞിരുന്നു.
പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ വിദ്യാലയങ്ങളിൽ പ്രത്യേക ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അഹമ്മദാബാദിൽ എത്തുന്ന മോദി പതിവ് പോലെ അമ്മ ഹീരാബെന്നിനെ സന്ദർശിക്കും. തുടർന്ന് സർദാർ സരോവർ അണക്കെട്ടും ഏകതാ പ്രതിമയും സന്ദർശിക്കുന്ന പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ നിർമാണ പുരോഗതി വിലയിരുത്തും.’നമാമി നർമദാ മഹോത്സവം’ ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി കേവഡിയായിലെ ചടങ്ങിൽ വച്ചു ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും.
#Amul wishes the Hon. PM Shri Narendra Modi @narendramodi a very happy 69th birthday! #happybirthdaynarendramodi pic.twitter.com/E039hOXwlT
— Amul.coop (@Amul_Coop) September 16, 2019
ബെംഗളൂരു: വിവാദ പ്രസ്താവന നടത്തി കര്‍ണാടകയിലെ ബിജെപി മന്ത്രി. ബിജെപിക്ക് വോട്ട് ചെയ്യാത്ത മുസ്ലീങ്ങള്‍ പാക്കിസ്ഥാനെ സ്‌നേഹിക്കുന്നവരാണെന്നും അവര്‍ രാജ്യസ്‌നേഹത്തിന് എതിരാണെന്നും കര്‍ണാടകയിലെ ഗ്രാമ വികസന വകുപ്പ് മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കെ.എസ്.ഈശ്വരപ്പ പറഞ്ഞു.
രാജ്യസ്‌നേഹമുള്ള മുസ്ലീങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യും. എന്നാല്‍ രാജ്യസ്‌നേഹമില്ലാത്ത, പാക്കിസ്ഥാന്‍ പക്ഷം പിടിക്കുന്ന മുസ്ലീങ്ങള്‍ ബിജെപിയെ എതിര്‍ക്കും ഈശ്വരപ്പ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളെ ഹിജഡകള്‍ എന്നും ഈശ്വരപ്പ പ്രസംഗത്തിനിടയില്‍ വിശേഷിപ്പിച്ചു. “തങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ എത്തും മുന്‍പ് ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ താല്‍പര്യം കാണിച്ചു. എന്നാല്‍, 50,000 മുസ്ലീങ്ങള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യില്ലെന്നും തിരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്നും അവര്‍ ഭയപ്പെട്ടു. അടിയ്ക്കടി വാക്കുമാറുന്ന ഇവര്‍ക്ക് ഹിജഡകളുടെ സ്വഭാവമാണ്” – വിവാദ പ്രസംഗത്തില്‍ ഈശ്വരപ്പ പറഞ്ഞു.
ഏതെങ്കിലും ഒരു സമൂഹത്തെയോ മതവിഭാഗത്തെയോ സന്തോഷിപ്പിക്കാനോ തൃപ്തിപ്പെടുത്താനോ താന്‍ ശ്രമിച്ചിട്ടില്ലെന്നും എന്നാല്‍, അവരുടെയൊക്കെ വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിച്ചെന്നും ഈശ്വരപ്പ പ്രസംഗത്തിനിടെ പറഞ്ഞു.
ഇതിനു മുന്‍പും നിരവധി വിവാദ പ്രസംഗങ്ങള്‍ നടത്തിയിട്ടുള്ള നേതാവാണ് ഈശ്വരപ്പ. ബിജെപിയില്‍ വിശ്വാസമില്ലാത്ത മുസ്ലീങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ലെന്ന് ഈശ്വരപ്പ പറഞ്ഞിരുന്നു. ഇതും ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചു. ഇപ്പോള്‍ മന്ത്രി നടത്തിയിരിക്കുന്ന ഹിജഡ പരാമര്‍ശത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം മന്ത്രിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചതിനാല്‍ അങ്കത്തിന് തിരികൊളുത്തുന്ന് കാണാന്‍ ആരാധകര്‍ ഒരു ദിവസം കൂടി കാത്തിരിക്കേണ്ടി വരും. ഇതിനിടെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. മലയാളി താരം സഞ്ജു സാംസണിനെ ചൂണ്ടിക്കാണിച്ചാണ് ഗംഭീറിന്റെ മുന്നറിയിപ്പ്.
”ഋഷഭ് പന്ത് എന്നും ആവേശം പകരുന്ന താരമാണ്. പക്ഷെ എന്റെ ഫേവറേറ്റായ സഞ്ജുവിനെ അവന്‍ ശ്രദ്ധിക്കണം. സഞ്ജു ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്” ഗംഭീര്‍ പറയുന്നു. നേരത്തെ തന്നെ സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്ക് എടുക്കണമെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടിരുന്നു.
ധോണിയ്ക്ക് പകരക്കാരനായി ഇന്ത്യന്‍ ടീം നോക്കി കാണുന്നത് പന്തിനെയാണ്. ഈ സാഹചര്യത്തിലാണ് ഗംഭീറിന്റെ പ്രസ്താവന. പന്ത് സ്ഥിരത പുലര്‍ത്താത്തതാണ് ഗംഭീറിനെ മാറി ചിന്തിപ്പിക്കുന്നത്. ഐപിഎല്ലിലേയും ഇന്ത്യ എയ്ക്ക് വേണ്ടിയുള്ള പ്രകടനങ്ങളുമാണ് സഞ്ജുവിനെ ദേശീയ ശ്രദ്ധയിലെത്തിക്കുന്നത്.
അതേസമയം, ഇന്ത്യന്‍ ടീമിലേക്കുള്ള വിളി വരുമെന്ന് പ്രതീക്ഷയുണ്ടെന്ന് സഞ്ജു സാംസണ്‍ പറയുന്നു. എപ്പോള്‍ വേണമെങ്കില്‍ വേണമെങ്കിലുമൊരു വിളി വരാമെന്നും അതിനായി തയ്യാറായി ഇരിക്കാനാണ് ശ്രമിക്കുന്നതെന്നും സഞ്ജു പറഞ്ഞു. കാര്യവട്ടത്ത് ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ മത്സരത്തിലെ പ്രകടനമാണ് സഞ്ജുവിന് ആത്മവിശ്വാസം നല്‍കുന്നത്.
തന്നെ കുറിച്ച് മുന്‍ താരങ്ങളായ ഗൗതം ഗംഭീര്‍, ഹര്‍ഭദന്‍ സിങ് തുടങ്ങിയവര്‍ സംസാരിക്കുന്നത് കാണുമ്പോള്‍ കരിയറില്‍ താന്‍ എവിടെ എത്തി നില്‍ക്കുന്നുവെന്നത് ബോധ്യപ്പെടുന്നുണ്ടെന്നും സഞ്ജു. അവരുടെ പിന്തുണ ആത്മവിശ്വാസം പകരുന്നതാണെന്നും താരം പറഞ്ഞു.
സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ രേഖപ്പെട്ടുത്തിയ ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്കിലെ (ജിഡിപി) ഇടിവ് ഗുരുതരമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. പ്രതീക്ഷിച്ചതിലും വലിയ ഇടിവാണ് രേഖപ്പെട്ടുത്തിയത്. ആഭ്യന്തര ഉത്പാദന നിരക്ക് അഞ്ച് ശതമാനമായി കുറഞ്ഞതില്‍ അമ്പരപ്പ് തോന്നുന്നെന്നും എന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പ്രതികരിച്ചു. സിഎൻബിസി- ടിവി 18 ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ജിഡിപി ഇടിവ് സംബന്ധിച്ച് ആശങ്ക രേഖപ്പെടുത്തിയത്.
ജിഡിപി വളര്‍ച്ചാ നിരക്ക് 5.5 ശതമാനത്തില്‍ കുറയില്ലെന്നായിരുന്നു കണക്കു കൂട്ടല്‍. ആർബിഐ 5.8 ശതമാനം വളർച്ചാ നിരക്കാണ് പ്രവചിച്ചത്. എന്നാല്‍, തീർത്തും അപ്രതീക്ഷിതമായിട്ടാണ് അഞ്ച് ശതമാനമായി കുറഞ്ഞത്. എല്ലാ പ്രവചനങ്ങളെക്കാളും നിരക്കിലുണ്ടായ കുറവ് എന്തുകൊണ്ട് സംഭവിച്ചുവെന്നത് വിലയിരുത്തി വരികയാണെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി. എന്നാൽ തിരിച്ചടിയിൽ നിന്നും കരകയറാനാവുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുള്ള സാമ്പത്തിക ഉത്തേജക നടപടികളിലാണ് അദ്ദേഹം പ്രതീക്ഷ പുലർത്തുന്നത്. സർക്കാർ നീക്കങ്ങൾ സാമ്പത്തിക രംഗം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും ശക്തികാന്ത ദാസ് പറഞ്ഞു. രാജ്യം സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സൂചന നൽകിയ അദ്ദേഹം വളർച്ചാനിരക്ക് ശരിയായ ദിശയിലേക്ക് കൊണ്ടുവരുന്നതിനാകണം സർക്കാരിന്റെ പ്രഥമ പരിഗണന വേണ്ടതെന്നും പറഞ്ഞു.
അതേസമയം, സൗദി അറേബ്യയിലെ രണ്ട് എണ്ണ നിലയങ്ങൾക്ക് നേരെ നടത്തിയ ഡ്രോൺ ആക്രമണം ആഗോള എണ്ണ വിതരണത്തെ ബാധിക്കുകയും എണ്ണവില 10 ശതമാനത്തിലധികം ഉയരുകയും ചെയ്ത സാഹചര്യത്തെയും അദ്ദേഹം വിലയിരുത്തുന്നുണ്ട്. സൗദി അറേബ്യയിലെ അരാംകോയിലെ ഉത്പാദന വെട്ടിക്കുറവ് കറന്റ് അക്കൗണ്ട് കമ്മി (സിഎഡി)യെ ബാധിച്ചേക്കാം, നിലവിലെ സ്ഥിതി നീണ്ടുനിൽക്കുന്നെങ്കിൽ സാമ്പത്തിക രംഗത്ത് വിണ്ടും പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട കണക്കു പ്രകാരം ഇന്ത്യയുടെ ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് (ജിഡിപി) കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിന്നായിരുന്നു റിപ്പോർട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ജിഡിപി വളര്‍ച്ചാ നിരക്ക് വെറും അഞ്ച് ശതമാനം മാത്രമാണെന്നും രാജ്യത്തെ സാമ്പത്തികാവസ്ഥ അതീവ ഗുരുതരമാണെന്നും ചൂണ്ടിക്കാട്ടുന്നതായിരുന്നു ഓഗസ്റ്റ് 30 ന് പുറത്ത് വിട്ട റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്.
പ്രമുഖ നടൻ സത്താർ (67)അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ കാലമായി കരള്‍ രോഗത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.മലയാള സിനിമയില്‍ നായകനായും പ്രതിനായകനായും തിളങ്ങി.
തമിഴ് തെലുങ്ക് ഭാഷകളിൽ അഭിനയിച്ചു. ബെൻസ് വാസു, ഈ നാട്, ശരപഞ്ചരം എന്നിങ്ങനെ 80കളിലെ ഹിറ്റ്ചിത്രങ്ങളിൽ അഭിനയിച്ചു. 1976ൽ പുറത്തിറങ്ങിയ അനാവരണമാണ് നായകനായി എത്തിയ ആദ്യ ചിത്രം. 2014ൽ പുറത്തിറങ്ങിയ ‘പറയാൻ ബാക്കിവച്ചത്’ ആണ് അവസാന ചിത്രം.
1975ല്‍ ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ആയിരുന്നു അരങ്ങേറ്റം. 1976ല്‍ അനാവരണത്തിലൂടെ നായകനായി. വില്ലന്‍ വേഷങ്ങളിലും ശ്രദ്ധേയനായി. കബറടക്കം വൈകീട്ട് നാലുമണിക്ക് പടിഞ്ഞാറേ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍ നടക്കും.
ആലുവ യുസി കോളജിലെ പഠനത്തിനിടെ തോന്നിയ കൗതുകമാണ് കൊടുങ്ങല്ലൂരുകാരന്‍ സത്താറിനെ സിനിമയിലെ താരമാക്കിയത്. നായകനായും വില്ലനായും സിനിമയില്‍ നിന്നത് നാലുപതിറ്റാണ്ടുകാലം. ഉയര്‍ച്ചതാഴ്ചകള്‍ക്കിടയിലും പരാതികളില്ലാതെ സിനിമയ്ക്കൊപ്പം സഞ്ചരിച്ച സത്താറിനെ ഓര്‍ക്കാന്‍ നിരവധി കരുത്തുറ്റ വേഷങ്ങളുണ്ട് പ്രേക്ഷകമനസ്സില്‍.
പ്രേംനസീര്‍ സിനിമയിലേക്ക് പുതുമുഖത്തെ ആവശ്യമുണ്ട് എന്ന പരസ്യമാണ് സത്താറിന്റെ ജീവിതം മാറ്റിമറിച്ചത്. ആ അപേക്ഷ പരിഗണിക്കപ്പെട്ടത് വിന്‍സെന്റ് മാഷിന്റെ അനാവരണത്തിലെ നായകവേഷത്തിലേക്ക്. എഴുപതുകളുടെ മധ്യത്തിലെത്തിയ ചിത്രത്തിന്റെ വിജയം സത്താറിന്റെ മുന്നേറ്റത്തിന്റെ തുടക്കമായിരുന്നു. തുടര്‍ന്നെത്തിയ യത്തീമിലെ അസീസിലൂടെ പ്രേക്ഷകരെ ഒപ്പം നിര്‍ത്തി. തുടര്‍ന്ന് നായകനായും പ്രേംനസീര്‍ ഉള്‍പ്പെടെയുള്ളവരുടെ സിനിമകളില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെയും സത്താര്‍ നിറഞ്ഞുനിന്നു. ശരപഞ്ജരത്തില്‍ നായകവേഷം പങ്കിട്ട ജയന്‍ സൂപ്പര്‍താരമായി മാറിയതോടെ ഇരുവരും ഒന്നിച്ച് സിനിമകളുണ്ടായി. അതിനിടെയാണ് ബീനയില്‍ കൂടെ അഭിനയിച്ച മുന്‍തിര നായിക ജയഭാരതി ജീവിതസഖിയാകുന്നത്.
എണ്‍പതുകളില്‍ മമ്മൂട്ടി മോഹന്‍ലാല്‍ ദ്വയങ്ങളുടെ കടന്നുവരവോടെ സത്താര്‍ വില്ലന്‍വേഷങ്ങളിലേക്ക് മാറി. തൊണ്ണൂറുകളുടെ മധ്യത്തിലെത്തിയ ലോ ബഡ്ജറ്റ് കോമഡി സിനിമകളില്‍ സത്താര്‍ സ്ഥിരം സാന്നിധ്യമായി. തമിഴില്‍ മയില്‍ ഉള്‍പ്പെടെ നിരവധി സിനിമകള്‍ ചെയ്തു. 2012 ലെത്തിയ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം സത്താറിന്റെ മടങ്ങിവരവായിരുന്നു. കാഞ്ചി, നത്തോലി ചെറിയ മീനല്ല പോലുള്ള സിനിമകള്‍ സത്താറിലെ അഭിനേതാവിനെ പുതിയ തലമുറയ്ക്കും പരിചിതമാക്കി.
കട്ടപ്പന സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പരാതി. ബന്ധുക്കൾ ഭൂമി തട്ടിയെടുത്തതിൽ മനംനൊന്തു കട്ടപ്പന സ്വദേശി കെ.എൻ.ശിവൻ 2017 ഏപ്രിലിൽ ആത്മഹത്യ ചെയ്തിരുന്നു.വ്യാജ ആധാരമുണ്ടാക്കി ബന്ധുക്കൾ ഭൂമി തട്ടിയെടുത്തതായി അന്നു സബ് കലക്ടറായിരുന്ന ശ്രീറാമിനു ശിവൻ പരാതി നൽകി. എന്നാൽ ശ്രീറാം നടപടിയെടുത്തില്ലെന്നു ശിവന്റെ സഹോദര പുത്രൻ കെ.ബി.പ്രദീപ് ആരോപിച്ചു. തുടർനടപടിക്കായി ശ്രീറാം വെങ്കിട്ടരാമന്റെ ഓഫിസിൽ വിവരാവകാശം നൽകി.
പരാതിക്കാരനോടു ഹാജരാകാൻ ആവശ്യപ്പെട്ടു 4 തവണ നോട്ടിസ് നൽകിയിട്ടും എത്തിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ ഇതു ശ്രീറാം വ്യാജമായി ഉണ്ടാക്കിയതാണെന്നു പ്രദീപ് ആരോപിക്കുന്നു.ശിവൻ പരാതി നൽകുന്നതിനു മുൻപുള്ള തീയതിയിൽ പോലും നോട്ടിസ് അയച്ചതായാണു ശ്രീറാമിന്റെ മറുപടിയിൽ കാണുന്നത്. നടപടികൾ എടുക്കാതെ ഒഴിഞ്ഞു മാറിയ ശ്രീറാം, തട്ടിപ്പുകാരെ സഹായിക്കുകയായിരുന്നുവെന്നും മനംനൊന്താണ് ശിവൻ ആത്മഹത്യ ചെയ്തതെന്നും പ്രദീപ് ആരോപിച്ചു. അതിനാൽ ഭൂമി തട്ടിയെടുത്തവരെപ്പോലെ തന്നെ ശ്രീറാം വെങ്കിട്ടരാമനും കുറ്റക്കാരനാണെന്നും നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.