ഓണ്‍ലൈന്‍ മാധ്യമങ്ങളെ സർക്കാർ പേടിക്കുന്നുവോ . രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു

ഓണ്‍ലൈന്‍   മാധ്യമങ്ങളെ   സർക്കാർ പേടിക്കുന്നുവോ .  രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു
November 29 00:30 2019 Print This Article

ണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധിതമാക്കുന്ന നിയമ നിര്‍മാണത്തിനൊരുങ്ങി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം. നിലവില്‍ ദിനപത്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന മാതൃകയില്‍ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ രജിസ്ട്രാര്‍ (ആര്‍എന്‍ഐ) സമക്ഷം ഓണ്‍ലൈന്‍ മാധ്യമങ്ങളും രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമാക്കുന്ന നിയമ നിര്‍മാണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.

ഇതുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ ഓഫ് പ്രസ് ആന്റ് പീരിയോഡിക്കല്‍ (ആര്‍പിപി) ബില്‍ -2019 ന്റെ കരട് രൂപം ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിലുള്ള 1867 ലെ പ്രസ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്‌സ് (പി.ആര്‍.ബി) ചട്ടങ്ങള്‍ ഇതോടെ ഒഴിവാക്കപ്പെടും.

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനം നിയമാനുസൃതമാണെന്ന് ഉറപ്പാക്കുന്നതിനാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. രജിസ്‌ട്രേഷനില്ലാത്ത വാര്‍ത്താ വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം പുതിയ നിയമം നിലവില്‍ വരുന്നതോടെ നിയമവിരുദ്ധമായിമാറും. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും മാധ്യമസ്ഥാപന ഉടമ വാര്‍ത്തകള്‍ക്കെല്ലാം ഉത്തരവാദിയാവുകയും ചെയ്‌തേക്കും..

അതേസമയം നേരത്തെ തന്നെ ആര്‍എന്‍ഐയില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ദിനപത്രങ്ങളുടെ വെബ്‌സൈറ്റുകള്‍ക്ക് വീണ്ടും പ്രത്യേകം രജിസ്‌ട്രേഷന്‍ ആവശ്യമുണ്ടോ എന്ന് ബില്‍ വ്യക്തമാക്കുന്നില്ല.

ഇന്റര്‍നെറ്റ്, മൊബൈല്‍ നെറ്റ് വര്‍ക്ക്, കംപ്യൂട്ടര്‍ എന്നിവ വഴി പ്രചരിക്കുന്ന ടെക്‌സ്റ്റ്, ശബ്ദം, വീഡിയോ, ഗ്രാഫിക്‌സ് ഉള്‍പ്പെടുന്ന വാര്‍ത്താ ഉള്ളടക്കങ്ങള്‍ എന്നര്‍ത്ഥമാക്കുന്ന ‘ന്യൂസ് ഓണ്‍ ഡിജിറ്റല്‍ മീഡിയ’ എന്ന വിശാലാര്‍ഥത്തിലുള്ള നിര്‍വചനമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ബില്ലില്‍ നല്‍കിയിരിക്കുന്നത്.

ഇനി മുതല്‍ ഒരു പ്രസ് രജിസ്ട്രാര്‍ ജനറല്‍ എന്ന നിയന്ത്രണാധികാരി ഉണ്ടാവും. മാധ്യമങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തല്‍, രജിസ്‌ട്രേഷന്‍ പിന്‍വലിക്കല്‍ എന്നിവ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ രജിസ്ട്രാര്‍ ജനറലിന്റെ ചുമതലയാവും. ‘പ്രസ് ആന്റ് രജിസ്‌ട്രേഷന്‍ അപ്പല്ലേറ്റ് ബോര്‍ഡ്’ എന്ന പേരില്‍ അപ്പീല്‍ നല്‍കാനുള്ള പ്രത്യേക ബോര്‍ഡ് രൂപീകരിക്കാനും കരട് ബില്‍ വ്യവസ്ഥ ചെയ്യുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles