India

റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി അപ്പുണ്ണി പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു…. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവേയാണ് രക്ഷപ്പെട്ടത്… താന്‍ ജയില്‍ ചാടുമെന്ന് ഇയാള്‍ പൂജപ്പുര ജയിലില്‍ ഒപ്പമുള്ളവരോട് നേരത്തെ പറഞ്ഞിരുന്നതായി അറിഞ്ഞതിനെ തുടര്‍ന്ന് അപ്പുണ്ണി ജയില്‍ ചാടാന്‍ സാധ്യതയുള്ളതായി സപെഷ്യല്‍ ബ്രാഞ്ച് അറിയിപ്പും നല്‍കിയിരുന്നു.

മാവേലിക്കര കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകും വഴിയാണ് ഇയാള്‍ പോലീസില്‍ നിന്ന് രക്ഷപ്പെട്ടത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അപ്പുണ്ണിയെ ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുകയായിരുന്നു. എന്നാല്‍ ഭക്ഷണം കഴിച്ച് പോലീസ് പണം കൊടുക്കുന്ന തക്കം നോക്കി ഇയാള്‍ കടന്നു കളയുകയായിരുന്നു. അപ്പുണ്ണി ജയില്‍ ചാടാന്‍ സാധ്യതയുള്ളതായി സപെഷ്യല്‍ ബ്രാഞ്ച് അറിയിപ്പും നല്‍കിയിരുന്നു.

എന്നാല്‍ അറിയിപ്പു ലഭിച്ചിട്ടും ഇയാളെ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെയാണ് കോടതിയിലേക്ക് കൊണ്ടു പോയത്. ക്വട്ടേഷന്‍ ടീം അംഗമായ അപ്പുണ്ണി രാജേഷ് കൊലപാതകക്കേസില്‍ വിചാരണ നടപടികള്‍ നടന്നു കൊണ്ടിരിക്കെയാണ് ഇപ്പോള്‍ രക്ഷപ്പെട്ടത്.

കർണാടകയിലെ ഭരണം പിടിക്കാൻ വിമത കോൺഗ്രസ് ജെഡിഎസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിക്കൊണ്ട് നടത്തിയ നടപടി പാര്‍ട്ടി അധ്യക്ഷൻ അമിത് ഷായുടെ അറിവോടെയെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്താൻ കോൺഗ്രസ്-ജെഡിഎസ് എം‌എൽ‌എമാര്‍ നടത്തിയ “ത്യാഗം” ചിലർ അംഗീകരിക്കുന്നില്ല. കർണാടകയിലെ സർക്കാറിനെ സംരക്ഷിക്കാൻ സംസ്ഥാനത്തെ ചില ബിജെപി നേതാക്കൾ രംഗത്തെത്തുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

അയോഗ്യരായ എം‌എൽ‌എമാർ തന്നിൽ വിശ്വാസമർപ്പിച്ചെത്തുകയും അവരുടെ പിന്തുണയിൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുകയും ചെയ്ത സംഭവത്തെ ഒരു “കുറ്റകൃത്യം” ചെയ്തതായാണ് ചിലർ കാണുന്നതെന്നും യെഡിയൂരപ്പ പറഞ്ഞു. ഹുബള്ളിയിൽ അടുത്തിടെ നടന്ന പാർട്ടി യോഗത്തിലായിരുന്നു നേതാക്കൾക്കെതിരെ യെഡിയൂരപ്പയുടെ ആക്ഷേപം. ഡിസംബർ 5 ൽ നടക്കാനിരിക്കുന്ന 15 നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി അയോഗ്യരായ കോൺഗ്രസ്-ജെഡിഎസ് എം‌എൽ‌എമാർക്ക് ടിക്കറ്റ് നൽകുന്നതിനെതിരെയുള്ള എതിർപ്പിന് എതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതിരോധം.

വിമത കോൺഗ്രസ്- ജെഡിഎസ് എം‌എൽ‌എമാരെ മുൻ നിർത്തിയുള്ള സഖ്യസർക്കാരിനെതിരായ നീക്കം അവസാന ദിവസങ്ങളിൽ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ നിരീക്ഷണത്തിലായിരുന്നെന്നും പ്രസംഗത്തിന്റെ ഓഡിയോയിൽ അദ്ദേഹം വ്യക്തമാക്കുന്നതായി റിപ്പോർട്ട് പറയുന്നു.

ചില നേതാക്കൾ സംസാരിച്ച രീതി സർക്കാരിനെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് തോന്നുന്നില്ല. 17 എം‌എൽ‌എമാരെ സംബന്ധിച്ച തീരുമാനം യെഡിയൂരപ്പയോ മറ്റേതെങ്കിലും സംസ്ഥാന നേതാവോ എടുത്തിട്ടില്ലെന്ന് നിങ്ങൾക്കറിയാം. ആ തീരുമാനം ദേശീയ പ്രസിഡന്റിന് അറിയാമായിരുന്നു, രണ്ടര മാസത്തോളം അവരെ മുംബൈയിൽ പാർപ്പിക്കുകയും, പിന്നീട് സംഭവിച്ച കാര്യങ്ങളും നിങ്ങൾക്കെല്ലാവർക്കും അറിയാം, ശരിയല്ലേ? മുഖ്യമന്ത്രി പറയുന്നു.

2.5 മുതൽ 3 മാസം വരെ അവർ തങ്ങളുടെ നിയോജകമണ്ഡലത്തിൽ പോകുകയോ കുടുംബത്തെ കാണുകയോ ചെയ്തിട്ടില്ല. നിങ്ങൾക്കത് അറിയാം, ശരിയല്ലേ? ഡിസംബർ അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പോടെ സർക്കാർ ഭരണം ഉറപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അയോഗ്യരായ എം‌എൽ‌എമാർക്ക് ബിജെപിയിൽ നിന്ന് മത്സരിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ടിക്കറ്റുകൾ നൽകുമെന്ന് യെദ്യൂയൂരപ്പയുടെ നേരത്തെയുള്ള പ്രഖ്യാപനം പാർട്ടി നേതാക്കളുടെ എതിർപ്പ് ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

സംഭവം തൊടുപുഴ കരിങ്കുന്നം ഗവ. എൽപി സ്കൂളിൽ ‘പോകരുതേ ടീച്ചർ…’ തേങ്ങിക്കരഞ്ഞ് വിദ്യാർഥികൾ അപേക്ഷിച്ചപ്പോൾ സ്കൂളിന്റെ പടിയിറങ്ങുന്ന അമൃതയ്ക്ക് സങ്കടം അടക്കാനായില്ല. താൽക്കാലിക അധ്യാപിക തൊടുപുഴ ആനക്കൂട് സ്വദേശി കെ.ആർ. അമൃതയെ തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ എ.അപ്പുണ്ണി ഉത്തരവിലൂടെ പുറത്താക്കുകയായിരുന്നു. കെ.ആർ.അമൃത, സ്കൂളിന്റെ പടിയിറങ്ങിയപ്പോൾ കുട്ടികൾ കൂട്ടത്തോടെ കരഞ്ഞ് പ്രധാന ഗേറ്റിലേക്കോടി വന്നത് നാടകീയ രംഗങ്ങൾക്കിടയാക്കി.

കുട്ടികളെ അമൃത മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ചില കുട്ടികളുടെ രക്ഷിതാക്കൾ വിദ്യാഭ്യാസ ഉപഡയറക്ടർക്കു വ്യാഴാഴ്ച പരാതി നൽകിയിരുന്നു. അമൃതയെ കൂടാതെ സ്കൂളിലെ പ്രധാനാധ്യാപിക പി.എസ്. ഗീതയും താൽക്കാലിക അധ്യാപിക ജിനില കുമാറും കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു. തുടർന്ന് പ്രധാനാധ്യാപിക ഗീതയെ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ഇന്നലെ സസ്പെൻഡ് ചെയ്യുകയും അമൃതയെയും ജിനില കുമാറിനെയും പുറത്താക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് പുറത്താക്കിയെന്നും ഇനി മുതൽ ജോലിക്കു വരേണ്ടെന്നും സ്കൂൾ അധികൃതർ അമൃതയെ അറിയിച്ചത്.

ഉത്തരവ് വാങ്ങിയ ശേഷം ക്ലാസിലെത്തിയ അമൃത പൊട്ടിക്കരഞ്ഞു. ടീച്ചർ പോകരുതെന്നു പറഞ്ഞ് കുട്ടികൾ വളഞ്ഞതോടെ അമൃത ക്ലാസിൽ നിന്നു പുറത്തിറങ്ങി. ഇതിനിടെ സ്കൂളിലെ ചില അധ്യാപികമാർ അമൃതയുടെ അടുത്തെത്തി പരുഷമായി സംസാരിച്ചു. ഈ സമയം ചില പിടിഎ അംഗങ്ങൾ സ്കൂളിലെത്തി അമ‍ൃതയെ കൂവി വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. പിടിഎ അംഗങ്ങളുടെ അധിക്ഷേപത്തിൽ മനം നൊന്ത് അമൃത സ്കൂളിനു പുറത്തേക്ക് ഓടിയപ്പോൾ കുട്ടികളും പ്രധാന ഗേറ്റ് വരെ എത്തി.

ഒരിക്കൽ പോലും ടീച്ചർ തല്ലിയിട്ടില്ലെന്നു കുട്ടികൾ മാധ്യമപ്രവർത്തകരോടും നാട്ടുകാരോടും പറഞ്ഞു. മാധ്യമപ്രവർത്തകരെ കണ്ടതോടെ ചില പിടിഎ അംഗങ്ങൾ ഇവരെ ആക്രമിക്കാനും ക്യാമറ പിടിച്ചു വാങ്ങാനും ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. ഇടത് അധ്യാപക സംഘടനയിലെ അധ്യാപകർ മാനസികമായി പീഡിപ്പിക്കുകയും മനഃപൂർവം പരാതികൾ കെട്ടിച്ചമയ്ക്കുകയും ചെയ്താണെന്ന് അമൃത പറഞ്ഞു. സീനിയർ അധ്യാപകർ മാനസികമായി പീ‍ഡിപ്പിക്കുന്നു എന്ന് ആരോപിച്ച് ജില്ലാ വിദ്യാഭ്യാ ഉപഡയറക്ടർക്ക് പരാതി നൽകിയതിന്റെ പ്രതികാരം തീർക്കാനാണ് സംഘടനയിലെ അധ്യാപകർ കള്ളപ്പരാതി ഉണ്ടാക്കിയതെന്നും അമൃത ആരോപിച്ചു.

എന്നാൽ, നടപടി എടുത്ത അധ്യാപികമാർ ഉൾപ്പെടെയുള്ളവരുടെ പേരിൽ പതിനേഴോളം കുറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസ ഉപഡയറക്ടർ നേരിട്ട് സ്കൂളിലെത്തി അന്വേഷണം നടത്തിയതിന്റെ ബാക്കിയാണ് അച്ചടക്ക നടപടിയെന്നും എഇഒ എ. അപ്പുണ്ണി പറഞ്ഞു. പിടിഎ അംഗങ്ങൾ ആരെയും ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അധ്യാപികയോടൊപ്പം വന്നവരാണു പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്നും പിടിഎ വൈസ് പ്രസിഡന്റ് കെ. ഷാജി പറഞ്ഞു.

മണർകാട് പള്ളി പിടിച്ചെടുക്കാനുള്ള ഓർത്തഡോക്സ് സഭയുടെ ഏതൊരു നീക്കത്തെയും നാനാജാതി മതസ്ഥരുടെ കൂട്ടായ്മയോടെ ചെറുത്തു നില്ക്കുമെന്ന് മണർകാട് സെന്റ് മേരീസ് പള്ളി ഭാരവാഹികൾ വ്യക്തമാക്കി. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.


പിറവം, കോതമംഗലം പള്ളിക്കു ശേഷം മണർകാട് സെന്റ് മേരീസ് യാക്കോബായ പള്ളി പിടിച്ചെടുക്കുമെന്നാണ് ഓർത്തഡോക്സ് സഭാ അധികൃതർ പ്രചരിപ്പിക്കുന്നത്. എന്നാൽ ഭൂരിപക്ഷവും യാക്കോബായക്കാർ മാത്രമുള്ള മണർകാട് പള്ളി സ്വന്തമാക്കാൻ അവർക്ക് യാതൊരു അവകാശവുമില്ല. ഇത്തരം ഒരു നീക്കത്തിൽ നിന്നും അവർ പിന്തിരിയണം. ഞങ്ങൾക്ക് ആരുടെയും പള്ളി സ്വത്തുക്കൾ വേണ്ട. ഞങ്ങളുടെ പള്ളിയും സെമിത്തേരിയും സംരക്ഷിക്കാൻ സമാധാനപൂർണ്ണമായ പ്രതിരോധം സൃഷ്ടിക്കുമെന്നും പള്ളി അധികൃതർ പറഞ്ഞു. ഇത്തരം ഒരു നീക്കത്തിനെതിരെ പ്രതിഷേധിക്കുവാനും സഭ നേരിടുന്ന പ്രതിസന്ധികൾ അതിജീവിക്കാനുമായി അടുത്ത ഞായറാഴ്ച വിശ്വാസ സംരക്ഷണ മനുഷ്യച്ചങ്ങല നടത്തുമെന്ന് അവർ അറിയിച്ചു.

ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് മണർകാട് പള്ളിയിൽ നിന്നും ആരംഭിച്ച് കോട്ടയം ഗാന്ധിസ്ക്വയറിൽ സമാപിക്കുന്ന വിശ്വാസ സംരക്ഷണ ചങ്ങലയിൽ ആയിരക്കണക്കിന് വിശ്വാസികളും നാനാജാതി മതസ്ഥരും സാമൂഹിക- സാംസ്ക്കാരിക- രാഷ്ട്രീയ നേതാക്കളും കണ്ണികളാകുമെന്നും സഹവികാരി ഫാദർ കുര്യാക്കോസ് കോർ എപ്പിസ്കോപ്പ, ഫാദർ തോമസ് മറ്റത്തിൽ, ചീഫ് ട്രസ്റ്റി സി.പി ഫിലിപ്പ് ചെമ്മാത്ത്, പുബ്ലിസിറ്റി സമിതി കൺവീനർ സാജു എബ്രഹാം മൈലക്കാട്ട്, ട്രസ്റ്റി രഞ്ജിത് മാത്യു ഒറ്റപ്ലാക്കൽ എന്നിവർ പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ മകന് ഒത്താശ ചെയ്ത മാതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍. കരവാരം ചാത്തമ്പാറ തവക്കൽ മൻസിലിൽ സെനിത്ത് നൌഷാദിന്‍റെ ഭാര്യ ഹയറുന്നിസ(47)യാണ് അറസ്റ്റിലായത്. കേസിൽ ഒന്നാം പ്രതിയും ഹയറുന്നിസയുടെ മകനുമായ ഷിയാസ് ഒളിവിലാണ്.

ഇവരുടെ അകന്ന ബന്ധുവായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയാണ് ഷിയാസ് പീഡിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചാത്തമ്പാറയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് ഹയറുന്നിസയായിരുന്നു. ഇവരുടെ അറിവോടെയാണ് ഷിയാസ് പെൺകുട്ടിയെ പീഡിപ്പിച്ചത്. എന്നാൽ പീഡനത്തിനുശേഷം ഷിയാസും ഹയറുന്നിസയും വിവാഹവാഗ്ദാനത്തിൽനിന്ന് പിൻമാറിയതോടെ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തിൽ കിളിമാനൂർ പൊലീസ് കേസെടുത്തതോടെ ഹയറുന്നിസയും ഷിയാസും ഒളിവിൽ പോയി.

ഏറെക്കാലമായി ഒളിവിലായിരുന്ന ഹയറുന്നിസ കഴിഞ്ഞ ദിവസം നാട്ടിൽ എത്തിയതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷിയാസിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് കിളിമാനൂർ പൊലീസ് അറിയിച്ചു.

പീഡനവിവരം പിന്നീട് പെണ്‍കുട്ടിയുടെ വീട്ടിലും അറിഞ്ഞിരുന്നു. ഇത് വീട്ടിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഷിയാസും ഒരുക്കമായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തിയത്. പതിനേഴ് വയസിലും മുന്‍പ് തന്നെ പെണ്‍കുട്ടിയുമായി ഷിയാസിന് ബന്ധമുണ്ട്. പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

കരമനയിലെ മരണങ്ങളില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു. ശാസ്ത്രീയ പരിശോധനാഫലം പുറത്ത് വരുമ്പോള്‍ മരണങ്ങള്‍ കൊലപാതകം ആയിരിക്കാമെന്ന സൂചനയാണ് നല്‍കുന്നത്. ജയമാധവന്‍ നായരുടെ മരണകാരണം തലയ്ക്കേറ്റ ക്ഷതമെന്നു മെഡിക്കല്‍ കോളജിന്റെ റിപ്പോര്‍ട്ട്. തലയില്‍ രണ്ട് മുറിവുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

2017 ഏപ്രിൽ 2-നാണ് കൂടത്തിൽ കുടുംബത്തിലെ സ്വത്തുക്കളുടെ അവകാശി ജയമാധവന്‍ മരിച്ചത്. മുറിവുണ്ടാകാനിടയായ സാഹചര്യം അന്വേഷിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. മുറിയില്‍ വീണ് കിടന്നെന്നായിരുന്നു ആരോപണവിധേയനായ കാര്യസ്ഥന്‍ രവീന്ദ്രൻ നായരുടെ മൊഴി.

എന്നാൽ കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരുടെ മരണവുമായി ബന്ധപ്പെട്ട് മുൻകാര്യസ്ഥൻ സഹദേവന്റെയും രവീന്ദ്രൻനായരുടെയും മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

കട്ടിലിൽനിന്ന് വീണ് പരിക്കേറ്റ് തറയിൽ അബോധാവസ്ഥയിൽ കിടന്ന ജയമാധവൻ നായരെ സഹദേവന്റെ സഹായത്തോടെ വിളിച്ച ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചെന്നാണ് രവീന്ദ്രൻ നായരുടെ മൊഴി. എന്നാൽ ഇക്കാര്യം തനിക്കറിയില്ലെന്നാണ് സഹദേവന്റെ മൊഴി.

കൂടത്തില്‍ തറവാട്ടിലെ ഏഴു പേരാണ് നിശ്ചിത ഇടവേളകളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. നഗരത്തില്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളുമാണ് കുടുംബത്തിനുള്ളത്. തറവാട്ടിലെ കാരണവൻമാരിൽ ഒരാളായ വേലുപിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരിയാണ് പരാതിക്കാരി. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരനായ അനില്‍കുമാറും പരാതി നല്‍കിയിരുന്നു.

‘മഹ’ ചുഴലിക്കാറ്റില്‍ കടല്‍ പ്രക്ഷുബ്ധമായപ്പോള്‍ തീരത്തടിഞ്ഞത് സി.പി.ഐ.എം പ്രവര്‍ത്തകന്റെ ബൈക്ക്. മലപ്പുറം തിരൂരില്‍ പറവണ്ണ വേളാപുരം കടല്‍ത്തീരത്താണ് ബൈക്ക് തീരത്തടിഞ്ഞത്.

സി.പി.ഐ.എം പ്രവര്‍ത്തകനായ ഉനൈസിന്റെതാണ് ബൈക്ക്. മൂന്നുമാസം മുമ്പാണ് ബൈക്ക് കാണാതായത്.

ഇന്നലെ പെയ്ത കനത്ത മഴയില്‍ മണല്‍ത്തിട്ടയിടിഞ്ഞ് ഇളകിയതോടെയാണ് ബൈക്ക് കണ്ടെത്തിയത്. ബൈക്ക് കടലില്‍ തള്ളിയതിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നാണ് പൊലീസ് നിഗമനം.

ബൈക്ക് കടലില്‍ തള്ളിയതാണെന്ന് നേരത്തേ നാട്ടില്‍ പ്രചാരണമുണ്ടായിരുന്നു. തിരൂര്‍ പൊലീസ് ബൈക്ക് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി തിരൂര്‍ എസ്.ഐ ജലീല്‍ അറിയിച്ചു.

കേരള കോൺഗ്രസ്(എം) അധികാര തർക്ക കേസിൽ ജോസ്. കെ. മാണിക്ക് കനത്ത തിരിച്ചടി. ജോസ് കെ. മാണി കേരള കോൺഗ്രസ് (എം) ചെയർമാൻ അല്ലെന്നു കട്ടപ്പന സബ് കോടതി വിധി. കേരള കോൺഗ്രസ്(എം)ചെയർമാനായി ജോസ് കെ. മാണിയെ തിരഞ്ഞെടുത്തതിനെതിരെയുള്ള വിലക്ക് തുടരും. ചെയർമാന്റെ അധികാരം തടഞ്ഞ ഇടുക്കി മുൻസിഫ് കോടതി വിധി കട്ടപ്പന സബ് കോടതി ശരിവച്ചു.

ഇടുക്കി മുൻസിഫ് കോടതി വിധിക്കെതിരെ ജോസ് കെ. മാണി സമർപ്പിച്ച അപ്പീലും സബ് കോടതി തള്ളി. ഇടുക്കി മുൻസിഫ് കോടതിയുടെ ഇടക്കാല ഉത്തരവ് തുടരും. അന്തിമ വിധിക്കായി ഇടുക്കി മുൻസിഫ് കോടതിയിൽ ഈ മാസം 22 ന് കേസിൽ തുടർന്നുള്ള വാദം ആരംഭിക്കും.

ജൂണിലാണ് ജോസ് കെ. മാണി വിഭാഗം വിളിച്ചുചേർത്ത കേരള കോൺഗ്രസ് (എം) സംസ്ഥാന സമിതി യോഗം അദ്ദേഹത്തെ ചെയർമാനായി തിരഞ്ഞെടുത്തത്. സംസ്ഥാന സമിതിയിൽ 437 അംഗങ്ങളിൽ 312 പേരും പങ്കെടുത്ത യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. എന്നാൽ 10 ദിവസം മുൻപു നോട്ടിസ് നൽകാതെ വിളിച്ചുചേർത്ത യോഗം നിയമപരമായി നിലനിൽക്കില്ലെന്നും ചട്ടം ലംഘിച്ചാണ് തിരഞ്ഞെടുപ്പ് നടന്നതെന്നും ആരോപിച്ച് ജോസഫ്‌ വിഭാഗം ഇടുക്കി മുൻസിഫ് കോടതിയിൽ ഹർജി സമീപിച്ചിരുന്നു.

ചെയർമാൻ തിരഞ്ഞെടുപ്പ് ഇതോടെ ഇടുക്കി മുൻസിഫ് കോടതി സ്റ്റേ ചെയ്തു. എന്നാൽ കേരള കോൺഗ്രസ്(എം) ചെയർമാനായി ജോസ്.കെ.മാണി പ്രവർത്തിക്കുന്നതിന് എതിരെ പി.ജെ.ജോസഫ് വിഭാഗം സമ്പാദിച്ച സ്റ്റേ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പന സബ്‌കോടതിയിൽ ജോസ് കെ.മാണിയും കെ. ഐ. ആന്റണിയുമാണ് അപ്പീൽ നൽകിയിരുന്നു. ഇതിലാണ് ഇപ്പോൾ കോടതി ജോസ് കെ. മാണിക്കെതിരെ വിധി പറഞ്ഞിരിക്കുന്നത്.

കേരള കോൺഗ്രസിൽ ഉടലെടുത്ത ചെയർമാൻ സീറ്റ് തർക്കത്തിൽ വിധി ഇന്ന്. കട്ടപ്പന സബ് കോടതിയാണ് ഇന്ന് വിധി പറയുന്നത്.

ജോസ് കെ മാണി പാർട്ടി ചെയർമാനായി പ്രവർത്തിക്കുന്നത് തടഞ്ഞ് ഇടുക്കി മുൻസിഫ് കോടതി ഉത്തരവായിരുന്നു. ഇതിനെതിരെ ജോസ് വിഭാഗം സമർപ്പിച്ച അപ്പീലിലാണ് കട്ടപ്പന കോടതി ഇന്ന് വിധി പറയാനിരിക്കുന്നത്.

ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തുള്ള ബദൽ സംസ്ഥാന കമ്മിറ്റി നിയമവിരുദ്ധമാണെന്നും, കമ്മിറ്റിയിൽ പങ്കെടുത്തത് വ്യാജ അംഗങ്ങളെന്നുമാണ് ജോസഫ് പക്ഷത്തിന്റെ വാദം. ഇത് അംഗീകരിച്ചാണ് ഇടുക്കി കോടതി സ്റ്റേ നൽകിയത്. ഇതിനെതിരെയാണ് ജോസ് കെ മാണി കട്ടപ്പന കോടതിയിൽ അപ്പീൽ നൽകിയത്.

കേസിൽ വിധി തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ജോസഫ് വിഭാഗം. അതിനാൽ തന്നെ നിയമസഭകക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ ജോസഫ് വിഭാഗം ഇന്ന് തിരുവനന്തപുരത്ത് പാർലമെന്‍ററി പാർട്ടി യോഗം വിളിച്ചിട്ടുണ്ട്.

ഒരു ഫോൺ കോളിനപ്പുറം പൊട്ടിക്കരഞ്ഞ് ബിനീഷ് ബാസ്റ്റിൻ എന്ന നടൻ പറയുകയാണ്. ഇയാൾ വേദിയിലുണ്ടെങ്കിൽ ഞാൻ ഇരിക്കില്ല, സംസാരിക്കില്ല. എന്റെ സിനിമകളിൽ ചാൻസ് ചോദിച്ചു വന്ന ഒരുമൂന്നാംകിട നടനൊപ്പം വേദി പങ്കിടാൻ എനിക്ക് പറ്റില്ല.. സംവിധായകൻ അനിൽ രാധാകൃഷ്ണമേനോന്റെ ഇൗ വാക്കുകളാണ് ബിനീഷിനെ തളർത്തിയത്.

വേദനിപ്പിച്ച സംഭവത്തെപറ്റി ബിനീഷിന്റെ വാക്കുകളിലൂടെ

പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ ഒരു പരിപാടിക്ക് അതിഥിയായിട്ടാണ് ഞാൻ പോയത്. എസ്എഫ്ഐ യൂണിയന്റെ പരിപാടിയാണ്. ചടങ്ങിൽ അനിൽ സാറും ഉണ്ടായിരുന്നു. വൈകിട്ട് ആറുമണിയോടെയായിരുന്നു പരിപാടി. ഞാൻ കൃത്യ സമയത്ത് തന്നെ എത്തി. എന്നാൽ പരിപാടി തുടങ്ങുന്നതിന് മുൻപ് യൂണിയൻ ചെയർമാൻ വന്നുപറഞ്ഞു. ബിനീഷേട്ടാ ഒരു പ്രശ്നമുണ്ട്. നിങ്ങളുണ്ടെങ്കിൽ പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് അനിൽ സാർ പറയുന്നത്. ചാൻസ് ചോദിച്ച് നടക്കുന്ന ഒരുത്തനൊപ്പം വേദി പങ്കിടാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടെന്ന്. സത്യം പറഞ്ഞാൽ ‍ഞാൻ ആകെ തളർന്നുപോയി. ചേട്ടൻ അനിൽ സാർ പോയിട്ട് വന്നാ മതി. അപ്പോൾ കുഴപ്പമില്ലെന്നും ചെയർമാർ പറഞ്ഞു.

എന്നാൽ അങ്ങനെ അടങ്ങി ഇരിക്കാൻ എനിക്കായില്ല. പരിപാടി നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ സംഘാടകരുടെ വാക്ക് ലംഘിച്ച് ‍ഞാൻ വേദിയിലെത്തി. പ്രിൻസിപ്പൽ അടക്കം എന്നെ തടഞ്ഞു. ഒടുവിൽ പൊലീസിനെ വിളിക്കുമെന്ന് പ്രിൻസിപ്പൽ എന്നോട് പറഞ്ഞു. അതിഥിയായി എത്തിയ എന്നെ വേദിയിൽ കയറ്റാതെ പൊലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ അതു വകവച്ചില്ല. വേദിയിൽ അനിൽ സർ പ്രസംഗിക്കുമ്പോൾ തന്നെ ‍ഞാൻ എത്തി.

കസേരയിലിരിക്കാതെ അദ്ദേഹത്തിന് മുന്നിൽ നിലത്തിരുന്ന് ഞാൻ പ്രതിഷേധിച്ചു. മൈക്ക് തരാനും സംഘാടകർ തയാറായില്ല. ഞാൻ വന്നപ്പോൾ നിറഞ്ഞ കയ്യടിയാണ് അവിടുത്തെ വിദ്യാർഥികൾ തന്നത്. അവരോട് മൈക്ക് ഇല്ലാതെ തന്നെ ‍ഞാൻ കാര്യം പറഞ്ഞു. സത്യം പറഞ്ഞാൽ ഇക്കാര്യങ്ങളൊന്നും വിദ്യാർഥികൾ അറിഞ്ഞിരുന്നില്ല. ചാൻസ് ചോദിച്ച് നടക്കുന്ന ഒരുത്തൻ തന്നെയാണ് പക്ഷേ ആ വേദിയിൽ ‍ഞാൻ അവർ വിളിച്ച അതിഥിയല്ലേ.. ആ മാന്യത പോലും അവർ തന്നില്ല. അനിൽ സാറിനെ പോലെ മേൽജാതിക്കാരനല്ല ഞാൻ.. കൂലിപ്പണിക്കാരനാണ്.. അതുകൊണ്ടാണ് ഇങ്ങനെ..ടീമേ കണ്ണുനിറഞ്ഞുപോയി..ബിനീഷ് പറഞ്ഞു.

അദ്ദേഹത്തിന്റെ സിനിമയിൽ ചാൻസ് ചോദിച്ച് പോയിട്ടില്ലെന്നും ബിനീഷ് വ്യക്തമാക്കുന്നു. ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി എന്ന സിനിമയിൽ ഒരു വേഷമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം പറഞ്ഞിട്ടാണ് അണിയറപ്രവർത്തകർ എന്നെ വിളിച്ചത്. 40 ദിവസത്തോളം ആ ചിത്രത്തിന് വേണ്ടി ഞാൻ പോയിരുന്നു. എന്നാൽ സിനിമ വന്നപ്പോൾ സെക്കൻഡുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിൽ സങ്കടമില്ല. സിനിമ അങ്ങനെയാണ്. പക്ഷേ ഒരു മൂന്നാംകിട നടനായി എനിക്കൊപ്പം വേദിയിൽ സംസാരിക്കാൻ പറ്റില്ലെന്ന് പറഞ്ഞത്. വല്ലാതെ വേദനയായി.. കണ്ണുനിറഞ്ഞുപോയി. ഞങ്ങൾ എന്നും കൂലികളായി നടന്നാമതിയെന്നാണോ… ബിനീഷ് ചോദിക്കുന്നു.

RECENT POSTS
Copyright © . All rights reserved