അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെ, ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ മുന്‍ റീജിയണല്‍ തലവന്‍ കെ കെ മുഹമ്മദ് നാഗ്പൂരിലെ ആര്‍എസ് എസ് ആസ്ഥാനം സന്ദര്‍ശിച്ചു. ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗെവാറിന്റെ പ്രതികമയില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു.

അയോധ്യയിലെ ബാബ്‌റി മസ്ജിദ് പണിതത് ക്ഷേത്രം തകര്‍ത്താണെമന്ന് നിരന്തരം വാദിച്ച വ്യക്തിയാണ് കെ കെ മുഹമ്മദ്. ആര്‍ക്കിയോളജിക്കല്‍ സര്‍വെയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥാനായ ഇദ്ദേഹത്തിന്റെ വാദം ആര്‍എസ്എസ് അവരുടെ പ്രചരണത്തിന് ഉപയോഗിക്കുകയും ചെയ്തിരുന്നു.

അയോധ്യയില്‍ ബാബ്‌റി മസ്ജിദ് പണിഞ്ഞത് കെട്ടിടാവശിഷ്ടങ്ങള്‍ക്ക് മുകളിലാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് പണിതതെന്ന കാര്യം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതെതെന്ന നിലപാടിലായിരുന്നു ആര്‍എസ്എസ്സിനെ പോലെ കെ കെ മുഹമ്മദും.

ബാബ്‌റി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയാന്‍ അനുമതി നല്‍കിയ സുപ്രീം കോടതി വിധിയെ അങ്ങേയറ്റം ഉചിതമായ നടപടിയാണെന്നായിരുന്നു നേരത്തെ കെ കെ മുഹമ്മദ് പറഞ്ഞത്. ഇതിനെ ഇക്കാര്യത്തില്‍ താന്‍ എടുത്ത നിലപാടിനുളള അംഗീകാരമായാണ് കെ. കെ മുഹമ്മദ് വ്യാഖ്യാനിച്ചത്.

അയോധ്യകേസില്‍ സാധ്യമായ ഏറ്റവും നല്ല വിധിയാണ് ഉണ്ടായിരിക്കുന്നത്. ഇത്രയും ഉചിതമായ തീരുമാനമുണ്ടാകുമെന്ന ഞാന്‍ കരുതിരുന്നില്ല. ഹിന്ദുക്കളെ സംബന്ധിച്ച് അയോധ്യ മുസ്ലീങ്ങള്‍ക്ക് മെക്കപോലെയാണ്. പ്രവാചകനുമായി ബന്ധപ്പെട്ട സ്ഥലമല്ല, മുസ്ലീങ്ങള്‍ക്ക് അയോധ്യ’ കെ കെ മുഹമ്മദ് പറഞ്ഞു

അതേസമയം അയോധ്യയിലെ ഖനനവുമായി ബന്ധപ്പെട്ട ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ടീമില്‍ കെ കെ മുഹമ്മദ് ഉണ്ടായിരുന്നില്ലെന്ന് ആരോപണവും ഇതോടൊപ്പം പുറത്തുവന്നിരുന്നു.
ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍ സുപ്രീം കോടതിയുടെ വിധിയില്‍ നിര്‍ണായകമായിരുന്നു. ഇതോടൊപ്പം പള്ളി പണിയുന്നതിന് മുമ്പ് തന്നെ ഹിന്ദുക്കള്‍ ഈ പ്രദേശത്തെ രാമന്റെ ജന്മസ്ഥലമായി കണക്കാക്കി ആരാധിച്ചിരുന്നുവെന്ന് വിശ്വാസത്തെയും കോടതി പരിഗണിച്ചു
ആര്‍എസ്എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയതെന്തിനാണെന്ന് കെ കെ മുഹമ്മദ് വിശദീകരിച്ചിട്ടില്ല.