സൗദി അറേബ്യ: സൗദി അറേബ്യയുടെ വടക്കന്‍ പ്രവിശ്യയായ അറാറിന് സമീപം ഒഖീല എന്ന പ്രദേശത്ത് ഇന്നലെ (ബുധനാഴ്ച) ( 25/12/2019) ഉണ്ടായ വാഹനാപകടത്തില്‍ തിരുവല്ല സ്വദേശിയായ നേഴ്‌സ് മരണപ്പെട്ടു. തിരുവല്ല ആഞ്ഞിലിത്താനം ജ്യോതി മാത്യു (30 വയസ്സ്) ആണ് മരിച്ചത്.
ഔദ്യോഗിക ആവശ്യാർത്ഥം ഇവര്‍ ജോലി ചെയ്തു വന്നിരുന്ന സ്ഥാപനത്തിന് പുറത്തുള്ള ഒരു ക്യാമ്പിൽ നിന്ന് മടങ്ങുന്ന വഴിയാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്ഥാപനത്തിന്റെ വാഹനമാണ് അപകടത്തില്‍ പെട്ടത്. ജ്യോതിയുടെ മരണം സംഭവസ്ഥലത്തു വെച്ചുതന്നെയായിരുന്നു. മൂന്നു വര്‍ഷമായി ഓഖീലയിലെ ഒരു ഡിസ്‌പെന്‍സറിയില്‍ നേഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു.
ജോലിയുടെ കോണ്‍ട്രാക്ട് രണ്ടു മാസം കൂടി ബാക്കിയുള്ളത്. തീരുന്നതോടെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങാന്‍ തീരുമാനി ചിരിക്കേ ആണ് ദാരുണമായ സംഭവം ഉണ്ടായിരിക്കുന്നത്.
കോയിക്കല്‍ മാത്യു – തെയ്യമ്മ ദമ്പതികളുടെ മകളാണ് ജ്യോതി. ഭര്‍ത്താവ്: മാത്യു.
ഒഖീല ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉടൻ നാട്ടിലെത്തിക്കും എന്നാണ് അറിയുന്നത്. ഇതിനുള്ള നടപടികള്‍ അറാര്‍ പ്രവാസി സംഘത്തിനു കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി സഹപ്രവർത്തർ അറിയിച്ചു.
മൂര്‍ഖന്‍ പാമ്പിനെ കഴുത്തിലിട്ടും പാല് കൊടുത്തും അദ്ഭുതശക്തിയുണ്ടെന്ന് അവകാശപ്പെട്ടും ആളുകളെ ആകർഷിച്ചിരുന്ന സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ. തമിഴ് നാട്ടിലെ കാഞ്ചീപുരത്ത് നിന്നാണ് കബില എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തത്. പാമ്പിനെ വെച്ച പൂജ ചെയ്ത ദൃശ്യങ്ങള്‍ പുറത്തായതോെട വനം വകുപ്പ് അധികൃതര്‍ വീട്ടിലെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നൂറുകണക്കിനു പേരാണ് ചികില്‍സയ്ക്കും പ്രശ്നപരിഹാരങ്ങൾക്കുമായി കബിലയുടെ വീട്ടിൽ എത്തിയിരുന്നത്. വീട്ടിലെ ക്ഷേത്രത്തിനുള്ളിലെ പ്രതിഷ്ഠയില്‍ പാമ്പിനെ വിട്ടാണ് ആളുകളെ ആകര്‍ഷിക്കുന്നത്. ഇങ്ങനെ കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു പൂജയുടെ ദൃശ്യങ്ങൾ വൻതോതിൽ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു.
ഇതിനു പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തുകയായിരുന്നു. സംരക്ഷിത വന്യജീവിയായ പാമ്പിനെ വീട്ടില്‍ വളര്‍ത്തിയതിനും പ്രദര്‍ശിപ്പിച്ചതിനുമാണ് കേസ്. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. കബിലയെ കാഞ്ചിപുരം കോടതി പിന്നീട് റിമാന്‍ഡ് ചെയ്തു.
വലയ സൂര്യഗ്രഹണ പ്രതിഭാസം രാജ്യമെങ്ങും കണ്ടു. രാജ്യത്ത് പല ഭാഗങ്ങളില്‍ നിന്നുള്ള സൂര്യഗ്രഹണ ഫോട്ടോകള്‍ സമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു. അതിനിടയിലാണ് വിചിത്രമായ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ എത്തിയത്. കര്‍ണാടകത്തില്‍ നിന്നുള്ള വീഡിയോയാണിത്.
ഗ്രഹണ സമയത്ത് കുട്ടികളെ കുഴികുത്തി മണ്ണിട്ട് മൂടിയിരിക്കുകയാണ് ഗ്രാമവാസികള്‍. കര്‍ണാടകത്തിലെ കര്‍ബുര്‍ഗിയിലെ ഗ്രാമത്തില്‍ നിന്നുമുള്ളതാണ് വീഡിയോ. മണ്ണില്‍ കുഴി കുത്തിയ ശേഷം കുട്ടികളെ അതില്‍ ഇറക്കി നിര്‍ത്തി, തലമാത്രം പുറത്താക്കി ഉടല്‍ മുഴുവന്‍ മണ്ണിട്ട് മൂടുകയാണ് ചെയ്തിരിക്കുന്നത്.
ഗ്രഹണ സമയത്ത് ഇങ്ങനെ ചെയ്താല്‍ കുട്ടികള്‍ക്ക് ചര്‍മ്മ രോഗങ്ങള്‍ പിടിപെടില്ല എന്നാണ് വിശ്വാസം.കുട്ടികള്‍ക്ക് അംഗവൈകല്യങ്ങള്‍ ഉണ്ടാകില്ല എന്ന ഒരു വിശ്വാസവുമുണ്ട്.
#Karnataka
At TajSulthanpur in Kalburgi, kids burried til neck level during solar eclipse. Kids upto 10 yrs are burried , they believe by doing this they can avoid skin diseases & not become physically challenged @Ramkrishna_TNIE @santwana99 @NewIndianXpress @gsvasu_TNIE pic.twitter.com/XFs364U4Jc— TNIE Karnataka (@XpressBengaluru) December 26, 2019
സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യരുടെ പ്രസ്താവന കുറച്ചു കൂടിപോയിരുന്നു. സോഷ്യല്‍മീഡിയയിലടക്കം സന്ദീപ് വാര്യക്കെതിരെയുള്ള പോസ്റ്റുകളും ട്രോളുകള്‍ നിരന്നു. ഇപ്പോള്‍ ബിജെപിയും സന്ദീപ് വാര്യരെ തള്ളി. കേന്ദ്രത്തെ വിമര്‍ശിക്കുന്നവരോട് പകപോക്കുന്ന സമീപനം ബിജെപിക്കില്ലെന്ന് എംടി രമേശ് വ്യക്തമാക്കുന്നു. സന്ദീപ് വാര്യരുടെ പ്രതികരണം വ്യക്തിപരമാണ്.
ഫേസ്ബുക്ക് പോസ്റ്റ് വ്യക്തിപരമാണെന്നും പാര്‍ട്ടി നിലപാടായി കണക്കാക്കേണ്ടതില്ലെന്നും എംടി രമേശ് പറയുന്നു. മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്ന സിനിമാക്കാര്‍, പ്രത്യേകിച്ച് നടിമാര്‍ കണ്ണീരൊഴുക്കേണ്ടിവരുമെന്നാണ് സന്ദീപ് വാര്യര്‍ പറഞ്ഞത്.
ഗായികയും അവതാരകയുമായ ജാഗി ജോണിന്‍റെ മരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പൊലീസ് തീരുമാനം. തലയ്‍ക്കേറ്റ ഗുരുതരപരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. ഇന്നലെ വൈകിട്ട് കുറവൻകോണത്തെ വീട്ടിലെ അടുക്കളയ്ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയ വീടും പരിസരവും പൊലീസും ഫൊറൻസിക് സംഘവും വീണ്ടും പരിശോധിച്ചു. പോസ്റ്റുമോർട്ടത്തിൽ തലക്ക് പിന്നിലേറ്റ പരിക്കാണ് മരണകാരണമെന്നാണ് നിഗമനം. പിടിച്ച് തള്ളി വീഴുമ്പോഴോ, തെന്നിവീണ് ശക്തമായി നിലത്തടിച്ചാലോ ഉണ്ടാകാവുന്ന പരിക്കെന്നാണ് ഫൊറൻസിക് വിദഗ്‍ദരുടെ നിഗമനം. ജാഗിയും മാനസിക അസ്വാസ്ഥ്യമുള്ള അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്‍റെ ഗേറ്റ് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. സുഹൃത്തുക്കളെയും ആരാധകരെയും ഞെട്ടിച്ച് കൊണ്ടായിരുന്നു ജാഗി ജോണിന്‍റെ അപ്രതീക്ഷിത മരണം.
അമ്മ അറിയിച്ചതുനസരിച്ച് അയൽവാസികള്‍ വീട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മകള്‍ അടുക്കളയിൽ ഉറങ്ങി കിടക്കുന്നുവെന്നും ഭക്ഷണം ലഭിച്ചില്ലെന്നും അമ്മ പറഞ്ഞുവെന്നാണ് അയൽവാസികളുടെ മൊഴി. മരണം ഇന്നലെ സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ആന്തരികാവയങ്ങളുടെ പരിശോധനാഫലം അടക്കമുള്ള കൂടുതൽ ശാസ്ത്രീയവിവരങ്ങൾ കിട്ടാൻ കാത്തിരിക്കുകയാണ് പൊലീസ്.
കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു മരിച്ച മലയാളി യുവാക്കളുടെ മൃതദേഹങ്ങൾ ഇന്നു നാട്ടിലേക്കു കൊണ്ടുപോകും. ക്രിസ്മസ് ദിനത്തിൽ പുലർച്ചെ നടന്ന ദുരന്തം മലയാളി സമൂഹം ഞെട്ടലോടെയാണ് കേട്ടത്. ദുബായ് ഗ്രീൻസ് ഗാർഡൻസ് വില്ല 336ൽ താമസിക്കുന്ന തിരുവനന്തപുരം കവടിയാർ കേശവസദനത്തിൽ ആനന്ദ് കുമാർ (നന്ദു), രാജേശ്വരി(രാജി) ദമ്പതികളുടെ മകൻ ശരത് കുമാർ (21), ഗ്രീൻസ് ഗാർഡൻസിൽ തന്നെ താമസിക്കുന്ന തൊടുപുഴ ആനക്കൂട് സ്വദേശി കൃഷ്ണകുമാറിന്റെ മകൻ രോഹിത് കൃഷ്ണകുമാർ (19) എന്നിവരാണ് ഇന്നലെ അപകടത്തിൽ മരിച്ചത്.
ഇന്നലെ പുലർച്ചെ ഇരുവരുടെയും വീടിന് ഒരു കിലോമീറ്റർ സമീപത്താണ് അപകടമുണ്ടായത്. റോഡിന്റെ തിട്ടയിൽ ഇടിച്ച് ഉയർന്ന കാർ പതിനഞ്ച് മീറ്ററോളം അകലെയുള്ള മരത്തിൽ ഇടിച്ച് തകരുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ ഇരുവരും മരിച്ചു. കാർ പൊളിച്ചാണ് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. ശരത്താണ് കാർ ഓടിച്ചിരുന്നത്. ഇരുവരുടെയും കഴുത്തിന്റെ ഭാഗത്താണ് ആഴത്തിൽ ക്ഷതമുണ്ടായത്. കാർ അമിത വേഗത്തിലായിരുന്നെന്നാണു പൊലീസ് റിപ്പോർട്ട്.
ദുബായ് ഡിപിഎസ് സ്കൂളിലെ പഠന കാലം മുതൽ സുഹൃത്തുക്കളായ ഇരുവരും മരണത്തിലും ഒന്നിച്ചു. ശരത് അമേരിക്കയിലെ ബോസ്റ്റൺ യൂണിവഴ്സിറ്റിയിലും രോഹിത് യുകെയിലെ മാഞ്ചസ്റ്റർ യൂണിവഴ്സിറ്റിയിലും ഉന്നത വിദ്യാഭ്യാസം ചെയ്യുകയായിരുന്നു. ഇരുവരും അവധിക്ക് ദുബായിൽ എത്തിയതാണ്. സൃഹൃത്തുക്കളായ മറ്റ് രണ്ടുപേരെയും കണ്ട ശേഷം എല്ലാവരും ഡിസ്കവറി ഗാർഡൻസിൽ നിന്ന് ആഹാരവും കഴിച്ചു. ഒരു സൃഹൃത്ത് സ്വന്തം കാറിൽ വീട്ടിലേക്ക് പോയതിനെ തുടർന്ന് മറ്റ് മൂന്നുപേരും കാറിൽ ഗാർഡൻസിലേക്കു പുറപ്പെടുകയായിരുന്നു. ഒരാളെക്കൂടി വീട്ടിൽ എത്തിച്ച ശേഷം രോഹിതിനെ വീട്ടിലാക്കാൻ പോകുമ്പോഴായിരുന്നു അപകടം. പുലർച്ചെ മൂന്നോടെയാണ് അപകടം ഉണ്ടായതെങ്കിലും വീട്ടുകാർ വിവരം അറിഞ്ഞത് രാവിലെ എട്ടിനു ശേഷമാണ്. മക്കൾ കൂട്ടുകാരന്റെ വീട്ടിൽ ഉറങ്ങുകയാകുമെന്നാണ് ഇരുവീട്ടുകാരും കരുതി.
ഇരു കൂട്ടുകാരും ഇന്ന് കേരളത്തിലേക്കു പോകാൻ ടിക്കറ്റും ബുക്കു ചെയ്തിരുന്നതാണ്. എന്നാൽ വീടുകൾക്ക് വെറും ഒരുകിലോ മീറ്റർ അകലെ വച്ച് ഇരുവരെയും മരണം കവർന്നു. പഠനത്തില്‍ സമർഥരായിരുന്ന ഇരുവരെയും കുറിച്ച് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പറയാൻ നല്ലതു മാത്രം. വ്യവസായിയായ ആനന്ദ് കുമാറിന്റെ ഏക മകനാണ് ശരത്. കൃഷ്ണകുമാറിന്റെ രണ്ടു മക്കളിൽ ഇളയ ആളാണ് രോഹിത്. ഇന്ന് നാട്ടിലെത്തി നാളെ തന്റെ മകനൊപ്പം ശബരിമലയിൽ പോകാനിരിക്കുകയായിരുന്നെന്നും മരണവാർത്ത വിശ്വസിക്കാനായില്ലെന്നും തിരുവനന്തപുരം കെബിപിൽ ഉദ്യോഗസ്ഥനും ആനന്ദ്കുമാറിന്റെ ബന്ധുവുമായ സൂരജ് പറഞ്ഞു.
ഇന്നലെ രാത്രി തന്നെ ആനന്ദ് തിരുവനന്തപുരത്ത് നിന്ന് ദുബായിലെത്തി. ഇന്ന് വൈകിട്ട് നാലിന് എംബാമിങിന് ശേഷം ശരത്തിന്റെ മൃതദേഹം രാത്രി ഒൻപതിന് എമിറേറ്റ്സ് വിമാനത്തിൽ തിരുവനന്തപുരത്തേക്കു കൊണ്ടുപോകും. രോഹിതിന്റെ മൃതദേഹം കൊച്ചിയിലേക്കും കൊണ്ടുപോകും. ശരത്തിന്റെ സംസ്കാരം നാളെ വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ എംബാമിങ് പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാനുള്ള നടപടികൾ പുരോഗമിക്കുന്നു.
ഗ്രീൻസിലെ വില്ലയിൽ രാജിക്കൊപ്പം താമസിക്കുന്ന രാജിയുടെ മാതാവിനെ ചെറുമകന്റെ മരണ വിവരം ഇന്നലെ അറിയിച്ചിരുന്നില്ല. ഇന്നു രാവിലെ അറിയിച്ചാൽ മതിയെന്ന തീരുമാനത്തിലാണ് ബന്ധുക്കൾ. മുത്തശ്ശിയും ചെറുമകനും തമ്മിൽ നല്ല ആത്മബന്ധമായിരുന്നു.
തിരുവനന്തപുരം ∙ മോട്ടർ വാഹന ഉദ്യോഗസ്ഥരുടെ കണ്ണിൽ പെടാതെയും ഹെൽമറ്റ് ധരിക്കാതെയും വാഹനം ഓടിച്ച ശേഷം വീട്ടിലെത്തുമ്പോൾ പരിശോധനയിൽ നിന്നു രക്ഷപ്പെട്ടു എന്ന് ആശ്വസിക്കാൻ വരട്ടെ. നിയമലംഘനം കണ്ടെത്തിയ മോട്ടർ വാഹന വകുപ്പിന്റെ നോട്ടിസ് വീട്ടിലെത്തിയേക്കും. ദേശീയ, സംസ്ഥാന പാതകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളാണു വകുപ്പിന്റെ മൂന്നാം കണ്ണായി പ്രവർത്തിക്കുന്നത്.
ഇവയിൽ പതിയുന്ന ചിത്രങ്ങളിൽ നിന്നു ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്തി, വാഹന റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഉടമയ്ക്കു നോട്ടിസ് അയയ്ക്കുകയാണു വകുപ്പ്. ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യുന്ന ചിത്രം അടക്കമുള്ള നോട്ടിസുകളാണ് ഉടമകൾക്ക് അയച്ചു നൽകുന്നത്. നോട്ടിസ് ലഭിച്ച് 15 ദിവസത്തിന് അകം 500 രൂപ പിഴ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരും.
പിഴ അടയ്ക്കാത്തവരുടെ വാഹനങ്ങളെ സംബന്ധിച്ച സേവനങ്ങൾ വാഹൻ സോഫ്റ്റ്‌വെയർ വഴി തടയും. ക്യാമറകളിൽ പതിയുന്ന ചിത്രങ്ങൾ വകുപ്പിന്റെ എറണാകുളത്തെ കൺട്രോൾ റൂം വഴി ശേഖരിച്ചാണു നോട്ടിസുകൾ അയയ്ക്കുന്നത്. ഇതിനു പുറമെ ഉദ്യോഗസ്ഥർ സ്വന്തം ക്യാമറകളിൽ പകർത്തുന്നതും ഇമെയിൽ, വാട്സാപ് മുഖേന പൊതുജനങ്ങൾ അയയ്ക്കുന്നതുമായ മോട്ടർവാഹന ലംഘനങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളും അതത് ആർടിഒമാർ ശേഖരിച്ചു നോട്ടിസ് അയയ്ക്കുന്നുണ്ട്. വകുപ്പിന്റെ ഓഫിസുകളിൽ നേരിട്ടോ ഓൺലൈൻ ആയോ പിഴ അടയ്ക്കാം. അക്ഷയ കേന്ദ്രങ്ങൾ വഴിയും അടയ്ക്കാൻ സൗകര്യമുണ്ട്.
ചെറുകിട ഇടത്തരം വ്യവസായ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്കു സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയേക്കുന്ന മികച്ച വനിതാ സംരംഭകക്കുള്ള ജില്ലാതല അവാർഡ് കമേലിയ ഗാർമെൻറ്സ് ഉടമ ശ്രീമതി ബിന്ദു സജിക്ക് ലഭിച്ചിരിക്കുന്നു… 2019 ഡിസംബർ 11നു വൈകിട്ട് 4.30നു തിരുവനന്തപുരം മസ്കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ ബഹു. വ്യവസായ, വാണിജ്യ മന്ത്രി ശ്രീ. ഇ. പി. ജയരാജൻ അവാർഡ് വിതരണം നിർവഹിച്ചു.
അഡ്വ .പി . എസ്. ശ്രീധരൻപിള്ള , മിസോറാം ഗവർണർ
ക്രിസ്തുമസിനോട് അനുബന്ധമായുള്ള ഓർമ്മകൾ തുടങ്ങുന്നത് എന്റെ ഗ്രാമമായ വെണ്മണിയിൽ നിന്നാണ്. എല്ലാ മതവിഭാഗത്തിൽപ്പെട്ടവരും ഇടകലർന്നു ജീവിക്കുന്ന എൻെറ നാട്ടിൽ സ്വാഭാവികമായും ക്രിസ്തുമസിനോട് ബന്ധപ്പെട്ടിട്ടുള്ള ആഘോഷങ്ങളിൽ എല്ലാവരും വളരെ സജീവമായിരുന്നു.വെണ്മണിയിൽ വൈ എം സി എ തുടങ്ങിയ കാലം തൊട്ടുള്ള ക്രിസ്തുമസ് പരിപാടികളിൽ ഞാൻ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള ബന്ധങ്ങളിലൂടെയാണ് ക്രിസ്തുവിനെ കുറിച്ചും ക്രിസ്തുമസ്സിനെക്കുറിച്ചുമുള്ള ആശയങ്ങൾ ചെറിയ പ്രായത്തിൽ തന്നെ എന്നിലേയ്ക്ക് സന്നിവേശിക്കപ്പെട്ടത്. പിന്നീട് കൂടുതൽ പ്രായമായപ്പോൾ ക്രിസ്തുമസിന്റെ സന്ദേശങ്ങൾ സാമൂഹിക തലത്തിലൂള്ള ചിന്തകൾ എന്നിലേയ്ക്ക് കടന്നു വരുവാൻ കാരണമായി.
ജീസസ് ക്രൈസ്റ്റ് ദൈവപുത്രനാണ് എന്ന വിശ്വാസത്തിലാണ് ക്രിസ്തീയ വിശ്വാസം തന്നെ ഉണ്ടായിട്ടുള്ളത്. രമ്യഹർമ്മങ്ങളിലോ രാജകൊട്ടാരത്തിലോ അല്ല മറിച്ച് എളിമയുടെ പ്രതീകമായ കാലിത്തൊഴുത്തിലെ പുൽക്കൂട്ടിലാണ് ക്രിസ്തു ജനിച്ചത്. അതുകൊണ്ടുതന്നെ ക്രിസ്തീയ വിശ്വാസത്തെ സംബന്ധിച്ച് മൂന്നു കാര്യങ്ങളാണ് പ്രധാനമായും ഉള്ളത്. ഒന്നാമതായി സ്നേഹം. സ്നേഹമാണ് ദൈവം എന്ന മഹത്തായ സന്ദേശം. രണ്ടാമതായി ദയയാണ്. മനുഷ്യരോടും സഹജീവികളോടും ഉള്ള ദയ. മൂന്നാമതായി സമാധാനം. ഈ മൂന്നു മഹത്തായ സന്ദേശങ്ങളാണ് ക്രിസ്തുവിന്റെ തിരുപ്പിറവിയോടു കൂടി ലോകത്തിന് ലഭിച്ചത്.
ലോകത്തിലെ അറിയപ്പെടുന്ന എല്ലാ മതങ്ങളെയും സ്വീകരിക്കുകയും അവയ്ക്ക് വളരാനും വികസിക്കാനും അവസരം ഉണ്ടാക്കി കൊടുക്കുകയും ചെയ്ത പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. നമ്മുടെ അടിസ്ഥാനപരമായ സങ്കല്പം തന്നെ സർവ്വ ധർമ്മ സമഭാവമാണ്. മതേതരത്വം എന്ന സങ്കല്പം ഭരണഘടനയിൽ വരുന്നതിന് വളരെ മുൻപ് തന്നെ യുഗയുഗാന്തരങ്ങളായി ഈ സമഭാവനയിൽ രൂപപ്പെട്ട നാടാണ് നമ്മുടേത്. എല്ലാ മതങ്ങളുടെയും നല്ല വശങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു പോകാൻ നമ്മൾക്ക് കഴിയണം.
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം എന്ന് പറയുമ്പോൾ വിശ്വത്തിന് മുഴുവൻ സമാധാനം എന്ന വിശ്വമാനവികതയുടെ മഹത്തായ സന്ദേശമാണ് ക്രിസ്തുമസ് നൽകുന്നത്. വളരെ മുൻപുതന്നെ ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള പല പരിപാടികളിലും ക്രിസ്മസ് സന്ദേശങ്ങൾ ഞാൻ നൽകിയിട്ടുണ്ട്. ഞാൻ പഠിച്ച എം. റ്റി .എച്ച് .എസ്. മാർത്തോമാ ഹൈസ്കൂളിൽ തന്നെ ക്രിസ്മസ് പരിപാടികളിൽ പ്രസംഗിച്ചിട്ടുണ്ട്.അപ്പോഴെല്ലാം പരസ്പര സൗഹാർദ്ദത്തിന്റെയും സ്നേഹത്തിൻെറയും അനുരണനങ്ങളാണ് എന്റെ മനസ്സിൽ നിറയുന്നത് .
ആത്യന്തികമായി സത്യം ഒന്നാണ്. ആ സത്യത്തിലേക്ക് വ്യത്യസ്ത വഴികളിലൂടെ നമ്മൾ യാത്ര ചെയ്യുന്നു. ഈ ഒരു കാഴ്ചപ്പാടിലാണ് ഭാരതീയ ആത്മീയ ജീവിതം തന്നെ ഉള്ളത്. അതു കൊണ്ടു തന്നെ ക്രിസ്തു ജീവിതത്തിന്റെ നന്മ സ്വാംശീകരിക്കാനുള്ള അവസരമാണ് ക്രിസ്തുമസ്.
നമ്മുടെ രാജ്യം വലിയ പുരോഗതിയിലേയ്ക്ക് എത്തിച്ചേരാൻ ഒരു മനസ്സോടെ ഏകോദര സോദരരായി പ്രവർത്തിക്കാം. അതിൽ പരസ്പര വിശ്വാസവും സ്നേഹവും ഉണ്ടാകണം. കൂടുതൽ കരുത്തോടെ 2020 ൽ ഭാരതത്തിന് മുന്നോട്ടുപോകാൻ ക്രിസ്തുമസും പുതുവത്സരവും സഹായകമാകട്ടെ എന്ന പ്രാർത്ഥനയും ആശംസയും ആണ് എനിക്കുള്ളത്.
വളരെ സന്തോഷത്തോടും പ്രാധാന്യത്തോടും ക്രിസ്തുമസ്സ് ആഘോഷിക്കുന്ന സമൂഹമാണ് മിസോറാമിൽ ഉള്ളത്.ക്രിസ്തുമസ്സിനോടനുബന്ധിച്ച് അഞ്ചു പൊതുഅവധികൾ തന്നെ മിസോറമിലുണ്ട് . ഏതാണ്ട് രണ്ടാഴ്ചക്കാലത്തോളം എല്ലാവരും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും തിരക്കിലായിരിയ്ക്കും . മിസോറാം രാജ്യഭവനിൽ തൊണ്ണൂറ് സ്റ്റാഫ് അംഗങ്ങളാണ് ഉള്ളത് .രാജ്യ ഭവനിലെ എല്ലാവർക്കും സമ്മാനങ്ങളും മധുരവും നൽകി ക്രിസ്തുമസ് ആഘോഷം ഞാൻ നടത്തിയിരുന്നു . എല്ലാവർക്കും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആശംസകൾ.

മിസോറാം ഗവർണറായി അഡ്വ .പി . എസ്. ശ്രീധരൻപിള്ള സത്യപ്രതിജ്ഞ ചെയുന്നു .
ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം
കള്ളപ്പണം തടയുന്നതിന് ലക്ഷ്യമിട്ട നോട്ടുനിരോധനം കൊണ്ട് അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അമ്മ മക്കൾ മുന്നേട്ര കഴകം ജനറൽ സെക്രട്ടറിയുമായ വി.കെ.ശശികല കോടികൾ സമ്പാദിച്ചതായി ആദായ നികുതി വകുപ്പ്. വിശദമായ അന്വേഷണത്തിനു ശേഷം മദ്രാസ് ഹൈക്കോടതിയിൽ ആദായ നികുതി വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിലാണ് റദ്ദാക്കിയ നോട്ടുകൾ ശശികല എന്തിനുവേണ്ടി ഉപയോഗിച്ചു എന്ന് വ്യക്തമാക്കുന്നത്. ഈ പണം ഉപയോഗിച്ച് വിവിധ മേഖലകളിലാണ് നിരവധി സ്ഥാപനങ്ങൾ സ്വന്തമാക്കുകയാണ് ശശികല ചെയ്തത്. രണ്ട് ഷോപ്പിങ് മാളുകൾ, ഒരു സോഫ്റ്റ്‌വെയർ കമ്പനി, ഷുഗർ മിൽ, റിസോർട്ട്, പേപ്പർ മിൽ, 20 കാറ്റാടിപാടങ്ങൾ തുടങ്ങിയവ ഇത്തരത്തിൽ ശശികല സ്വന്തമാക്കിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
രണ്ട് വർഷങ്ങൾക്കു മുൻപ് ശശികലയുടെ അടുത്ത ബന്ധുവിന്റെയും അഭിഭാഷകന്റെയും വീടുകളിൽ നടന്ന റെയിഡിലാണ് ശശികല അനധികൃതമായി നടത്തിയ ഇടപാടുകളുടെ വിവരങ്ങൾ ആദായ നികുതി വകുപ്പിന് ലഭിക്കുന്നത്. അന്വേഷണം ശശികലയ്ക്കു നേരെ തിരിയുമെന്ന് ഉറപ്പായതോടെ രേഖകൾ ഇവർ നശിപ്പിച്ചിരുന്നു. എന്നാൽ കത്തിക്കുന്നതിന് മുൻപായി രേഖകളുടെ ഫോട്ടോകൾ ഫോണുപയോഗിച്ച് എടുത്തതാണ് തെളിവായത്. ബന്ധുവിന്റെ ഫോണിൽ നിന്നും ഉദ്യോഗസ്ഥർ ഇത് വീണ്ടെടുക്കുകയായിരുന്നു. വ്യവസായികളുടെ പേരും തുകയും അടങ്ങിയ ലിസ്റ്റും കണ്ടെടുത്തു. ബിനാമി പേരിലുള്ള ശശികലയുടെ സ്വത്തുക്കൾ ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിട്ടുണ്ട്.