ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ ഒരുക്കിയ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡില്‍ വന്‍ പിഴവ് .ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ഫ്ളക്സ് ബോർഡിലാണ് പിഴവ്.2014 മുതല്‍ ദേശീയ തലത്തില്‍ മെഡല്‍ നേടിയ താരങ്ങളെ അഭിനന്ദിക്കുന്ന ചടങ്ങിനായി ഒരുക്കിയ ഫ്ളക്സ് ബോർഡിലാണ് സാനിയ മിര്‍സയുടെ ചിത്രം നല്‍കി അതിന് താഴെ പി.ടി ഉഷ എന്ന്എഴുതിയത്.
ഇതോടെ ഈ ഫ്‌ളക്‌സിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിരവധി പേര്‍ സര്‍ക്കാറിന്റെ കായിക രംഗത്തെ അജ്ഞതയെക്കുറിച്ച് പരിഹസിച്ച് രംഗത്തെത്തി. പിടി ഉഷയാണോ സാനിയ മിര്‍സയാണോ മികച്ച താരമെന്ന് സര്‍ക്കാറിന് സംശയമുള്ളതിനാലാണ് ഇങ്ങനെ ഫ്‌ളക്‌സ് അച്ചടിച്ചതെന്നും ചിലര്‍ ചോദിച്ചു.
ചടങ്ങ് നടക്കുന്ന വേദിക്ക് സമീപത്തായിരുന്നു ഫ്‌ളക്‌സ് സ്ഥാപിച്ചത്. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി, കായിക മന്ത്രി അവന്തി ശ്രീനിവാസ് എന്നിവരുടെ ചിത്രവും ഫ്‌ളക്‌സ് ബോര്‍ഡിലുണ്ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പരിപാടി മാറ്റിവെച്ചു.
കോയമ്പത്തൂർ എട്ടിമട റെയിൽവേ സ്റ്റേഷനിൽ മലയാളിയായ വനിതാ സ്റ്റേഷൻമാസ്റ്ററെ അജ്ഞാത യുവാവ് കുത്തി പരിക്കേൽപ്പിച്ചു. ഇന്നലെ രാത്രി നടന്ന സംഭവത്തിൽ ആറന്മുള സ്വദേശി അഞ്ജനയ്ക്കാണ് പരുക്കേറ്റത്. കഴുത്തിന് നേരിയ പരുക്കുള്ള അഞ്ജന പാലക്കാട് റെയിൽവേ ആശുപത്രിയിൽ ചികിൽസയിലാണ്.
ഇന്നലെ രാത്രി ഒന്നിന് എട്ടിമട റയിൽവേ സ്റ്റേഷനിൽ, സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് മുറിയിലേക്ക് കയറി വന്ന യുവാവാണ് സ്റ്റേഷൻ മാസ്റ്ററായ അഞ്ജനയെ കത്തികൊണ്ട് ആക്രമിച്ചത്. കഴുത്തിനും കൈക്കും പരുക്കേറ്റ യുവതിയെ പാലക്കാട് റയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി 7.20 ന് ശേഷം എട്ടിമടയിൽ ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാത്തതിനാൽ യാത്രക്കാർ ആരും സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല. മോഷണശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. അക്രമിയെ കണ്ടെത്താനായി പോത്തന്നൂർ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.നേരത്തെ എട്ടിമട, മദുക്കര പ്രദേശങ്ങളിൽ ട്രെയിനുകൾക്ക് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാർക്ക് പരുക്കേറ്റ സംഭവം ഉണ്ടായിട്ടുണ്ട്.
മലയാളിയായ യുവാവിന് ഭാര്യ നൽകിയ കിടിലൻ സർപ്രൈസാണ് സോഷ്യൽ ലോകത്ത് വൈറലാവുന്നത്. വിവാഹശേഷമുളള ആദ്യ ജന്മദിനത്തിൽ ഭർത്താവിനെ ഞെട്ടിക്കാൻ കടൽ കടന്നാണ് ഭാര്യ എത്തിയത്.
കൂട്ടുകാർക്കൊപ്പം യുവാവ് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഭാര്യ എത്തിയത്. നാട്ടിലുളള ഭാര്യയെ മസ്കറ്റിൽ കണ്ടപ്പോൾ യുവാവ് സ്തബ്ധനായി. എന്തു ചെയ്യണമെന്ന് അറിയാതെ യുവാവ് നിൽക്കുമ്പോൾ ഭാര്യ പൂക്കൾ നൽകിയശേഷം സ്നേഹ ചുംബനം നൽകി. സന്തോഷത്താൽ ഭാര്യയെ ആലിംഗനം ചെയ്ത യുവാവിന് എന്താണ് നടക്കുന്നതെന്ന് വീണ്ടും വിശ്വസിക്കാനായില്ല. ജന്മദിനത്തിൽ ഭാര്യയെ നേരിട്ട് കാണാൻ കഴിഞ്ഞതിന്റെ സന്തോഷവും ഒപ്പം അമ്പരപ്പും യുവാവിന്റെ മുഖത്ത് പ്രകടമായിരുന്നു.
മസ്കറ്റിലായിരുന്നു ജന്മദിനാഘോഷം.ഒരു പ്രവാസിക്ക് ഇത്രയും നല്ലൊരു ജന്മദിന സർപ്രൈസ് ഒരുക്കിയ കൂട്ടുകാർക്ക് സോഷ്യൽ മീഡിയ നിറഞ്ഞ മനസോടെ കൈയ്യടിക്കുകയാണ്.
ഇന്ത്യയിലെ നിർമിത ബുദ്ധിയുള്ള ആദ്യ ഇലക്ട്രിക് ബൈക്ക് ആർവി 400 വിപണിയിൽ. ഇലക്ട്രിക് ടൂ-വീലർ നിർമാണ സ്റ്റാർട്ടപ്പായ റിവോൾട്ട് ഇന്റലികോർപ്പാണ് ആർവി 400 ന്റെ നിർമ്മാതക്കൾ. ജൂൺ 18ന് ആർവി 400 രാജ്യത്ത് അവതരിപ്പിച്ചിരുന്നു. ജൂൺ 25 മുതൽ ബൈക്കിന്റെ പ്രീബുക്കിങ്ങും ആരംഭിച്ചിരുന്നു. ഇതിനോടകം 2500ലധികം ബൈക്കുകൾ പ്രീബുക്ക് ചെയ്യപ്പെട്ടതായും കമ്പനി അവകാശപ്പെടുന്നു.
ഇന്ത്യൻ സാഹചര്യങ്ങളെ കുറിച്ച് രണ്ട് വർഷം നീണ്ടുനിന്ന പഠനങ്ങൾക്ക് ശേഷമാണ് റിവോൾട്ട് ഇലക്ട്രിക്ക് ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. മനേസറിലെ നിർമ്മാണ യൂണിറ്റിലാണ് ആർവി 400 നിർമ്മിക്കുന്നത്. രാജ്യത്ത് ഒന്നിലധികം മോട്ടോർ സ്കൂട്ടറുകൾ ഓടുന്നുണ്ടെങ്കിലും ഒരു ബൈക്ക് ആദ്യമായാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്.
പ്രതിമാസം 3,499 രൂപ അടച്ച് ആർവി 400 സ്വന്തമാക്കാം. 37 മാസ കാലയളവിലായിരിക്കും തുക അടക്കേണ്ടത്. ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വരെ എക്സഷോറും വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതൊടൊപ്പം തന്നെ ആർവി 300 മോഡൽ 2999 രൂപ പ്രതിമാസ അടവിൽ സ്വന്തമാക്കാം.
ഒറ്റനോട്ടത്തിൽ ഒരു സ്പോർട്സ് ബൈക്ക് എന്ന് തോന്നുമെങ്കിലും സാധാരണ ഉപഭോക്താക്കളെ ലക്ഷ്യംവച്ച് തന്നെയാണ് റിവോൾട്ട് ആർവി 400 എത്തുന്നത്. 3kW മിഡ്-ഡ്രൈവ് മോട്ടോറിൽ പ്രവർത്തിക്കുന്ന ബൈക്കിന്റെ ബാറ്ററി പാക്ക് 72V ലിഥിയം ഐൺ ആണ്. ഒറ്റ ചാർജിൽ 156 കിലോമീറ്റർ വരെ ഓടിക്കാൻ സാധിക്കും. കുറഞ്ഞത് നാല് മണിക്കൂറാണ് ഒരു തവണ ബാറ്ററി ഫുൾ ചാർജാകാൻ വേണ്ടി വരുന്നത്. റിമൂവബൾ ബാറ്ററി എവിടെ വേണമെങ്കിലും ചാർജ് ചെയ്യാൻ സാധിക്കും. റീചാർജ്ജഡ് ബാറ്ററീസ് അധികമായി വാങ്ങാനും സാധിക്കും. 85 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മാക്സിമം സ്‌പീഡ്.
തുടക്കത്തിൽ ഏഴ് നഗരങ്ങളിലാണ് റിവോൾട്ട് ആർവി 400 ലഭ്യമാകുക. ഡൽഹി-എൻസിആർ, പൂനെ, ബെംഗലൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളിലായിരിക്കും ആർവി 400 എത്തുക.
റിവോൾട്ട് മൊബൈൽ ആപ്ലിക്കേഷൻ വഴിയും ബൈക്ക് പ്രവർത്തിപ്പിക്കാൻ സാധിക്കും. ബൈക്കിന്റെ ശബ്ദം മാറ്റാവുന്നത് പോലെ നിങ്ങളുടെ ശബ്ദം ഉപയോഗിച്ച് ഗൂഗിൾ അസിസ്റ്റന്റിന്റെ സഹായത്തോടെ ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ വരെ സാധിക്കും. ഒരു ബാറ്ററി അഞ്ച് വർഷം വരെ ഉപയോഗിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു.
മൈക്രോമാക്സ് ഇൻഫോമാറ്റിക്സ് സഹസ്ഥാപകൻ രാഹുൽ ശർമ്മയാണ് റിവോൾട്ട് ഇന്റലികോർപ്പിന്റെയും സ്ഥാപകൻ. റേബൽ റെഡ്, കോസ്മിക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് റിവോൾട്ട് ആർവി 400 എത്തുന്നത്.
ആലപ്പുഴ: വള്ളംകളിയുടെ ഭാഗമായി മൂന്ന് ദിവസം ആലപ്പുഴയുടെ ആകാശ കാഴ്ചകൾ കാണാം. കുട്ടനാടിന്‍റെ സൗന്ദര്യവും കായലോര കാഴ്ചകളും നുകരാം. ഡി.ടി.പി.സിയാണ് ജനങ്ങള്‍ക്കായി ഹെലികോപ്ടർ സഞ്ചാരമൊരുക്കുന്നത്. നെഹ്റു ട്രോഫി വള്ളംകളിയുടെയും പ്രഥമ സിബിഎല്ലിന്‍റെയും ഭാഗമായി സഞ്ചാരികളെ ആലപ്പുഴയിലേക്ക് ആകർഷിക്കുകയാണ് ഡി.ടി.പി.സിയുടെ ലക്ഷ്യം. ആദ്യ വരുമാനം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനം.
ആലപ്പുഴ ബീച്ചിന് സമീപത്തെ റിക്രീയേഷൻ മൈതാനത്ത് 30, 31,1 തിയതികളിലായി പത്ത് മിനിട്ട് ദൈർഘ്യമുള്ള ഹെലികോപ്റ്റർ സഞ്ചാരമാണ് ഒരുക്കുന്നത്. 2500 രൂപയാണ് ടിക്കറ്റ് നിരക്ക്. ആദ്യ ദിവസത്തിലെ ആദ്യ അഞ്ച് മണിക്കൂറിലെ വരുമാനം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഡി.ടി.പി.സി. സംഭാവന ചെയ്യുമെന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ള, ഡി.ടി.പി.സി. സെക്രട്ടറി എം.മാലിൻ എന്നിവർ അറിയിച്ചു.
ചിപ്സൻ ഏവിയേഷനുമായി ചേർന്നാണ് യാത്ര ഒരുക്കുന്നത്. ഒരേ സമയം പത്ത് പേർക്ക് യാത്ര ചെയ്യാം. 30 ന് വൈകിട്ട് നാലു മുതൽ ആറ് വരെയും 31, 1 തിയതികളിൽ രാവിലെ എട്ടു മുതൽ പത്തുവരെയുമാണ് സർവീസ് നടത്തുന്ന സമയം. ഹെലികോപ്ടർ ടൂറിസം സഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുമെന്ന പ്രതീക്ഷയിലാണ് ഡി.ടി.പി.സി. ഇതിലൂടെ കൂടുതൽ സഞ്ചാരികളെ ആലപ്പുഴയിൽ എത്തിക്കുകയെന്നതാണ് ലക്ഷ്യം.
കോഴിക്കോട് കൊയിലാണ്ടി എ.ആര്‍ ക്യാപിലെ എസ്.ഐ ജി.എസ്.അനിലിനെയാണ് പയ്യോളി പൊലിസ് അറസ്റ്റ് ചെയ്തത്. മകനെ അപായപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
പയ്യോളി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പരാതിയില്‍ പറയുന്നതിങ്ങനെയാണ്.മകനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം തുടങ്ങിയത്. 2017 സെപ്റ്റബര്‍ മുതല്‍ നിരവധി തവണ ഇത് തുടര്‍ന്നു. തലശേരിയിലെ ലോഡ്ജില്‍ എത്തിച്ചാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് വടകര, കൊയിലാണ്ടി, പയ്യോളി എന്നിവിടങ്ങളിലും എത്തിച്ചു.യുവതിയെ നിരന്തരം എസ്.ഐ ഭീഷണിപ്പെടുത്തിയിരുന്നു.കഴിഞ്ഞ ദിവസം യുവതിയെ മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിപ്പറക്കാന്‍ ശ്രമിക്കുകയും ചെയ്തു.
മര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോള്‍ സംശയം തോന്നി പൊലിസ് നടത്തിയ അന്വേഷണത്തിലാണ് യുവതി പീഡന വിവരം പുറത്തു പറഞ്ഞത്. പീഡനം,. ശാരീരിക മര്‍ദനം, തട്ടികൊണ്ടുപോകല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും പാക്കിസ്ഥാനോ മറ്റു വിദേശ രാജ്യങ്ങളോ അതിൽ ഇടപെടേണ്ടെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കശ്മീരിൽ ജനങ്ങൾ മരിച്ചു വീഴുകയാണെന്ന് ആരോപിച്ച് പാക്കിസ്ഥാൻ മനുഷ്യാവകാശ മന്ത്രി ഷിറീൻ മസാരി ഐക്യരാഷ്ട്ര സംഘടനയ്ക്ക് എഴുതിയ കത്തിൽ തന്റെ പേരു പരാമർശിച്ചതിനു പിന്നാലെയാണു രാഹുലിന്റെ പ്രതികരണം.
കശ്മീരിൽ അക്രമങ്ങൾ തുടരുകയാണെന്നും അവിടെ ജനങ്ങൾ മരിക്കുകയാണെന്നും രാഹുൽ അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ നേതാക്കൾ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നു സൂചിപ്പിച്ചു ഷിറീൻ അയച്ച കത്ത് വിവാദമായതിനു പിന്നാലെയാണ്, രാഹുൽ ട്വിറ്ററിൽ നിലപാട് വ്യക്തമാക്കിയത്.
‘വിവിധ വിഷയങ്ങളിൽ എനിക്കു കേന്ദ്ര സർക്കാരിനോടു വിയോജിപ്പുണ്ട്. പക്ഷേ, ഒരു കാര്യം വ്യക്തമാക്കട്ടെ – കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. പാക്കിസ്ഥാനോ മറ്റു വിദേശ രാജ്യങ്ങളോ അതിൽ ഇടപെടേണ്ട. കശ്മീരിൽ അക്രമങ്ങൾ അഴിച്ചുവിടുന്നതു പാക്കിസ്ഥാനാണ്. ആഗോളതലത്തിൽ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യമാണു പാക്കിസ്ഥാൻ’ – രാഹുൽ പറഞ്ഞു.
രാജ്യാന്തര വേദികളിൽ കശ്മീരിനെക്കുറിച്ചു നുണപ്രചാരണം നടത്തുന്ന പാക്കിസ്ഥാൻ രാഹുലിനെ അനാവശ്യമായി വിവാദത്തിലേക്കു വലിച്ചിഴയ്ക്കുകയാണെന്നു കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആരോപിച്ചു. പാക്ക് അധിനിവേശ കശ്മീരിലെ (പിഒകെ) മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു പാക്കിസ്ഥാൻ പ്രതികരിക്കണം.
ഭീകര സംഘടനകൾക്കു രാഷ്ട്രീയവും സൈനികവുമായ അഭയം നൽകുന്ന രാജ്യമാണു പാക്കിസ്ഥാനെന്നും അദ്ദേഹം പറഞ്ഞു.
മോഹനന്‍ വൈദ്യരുടെ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. പൊലീസ് അന്വേഷണം നടത്തി കർശന നടപടിയെടുക്കാൻ കത്തിൽ ആവശ്യപ്പെട്ടെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
പ്രൊപ്പിയോണിക് അസിഡീമിയ എന്ന രോഗം ബാധിച്ച കുഞ്ഞിന് ഓട്ടിസം ആണെന്നുപറഞ്ഞാണ് മോഹനൻ വൈദ്യർ ചികിത്സിച്ചത് എന്ന് കുട്ടിയെ അവസാനനിമിഷം ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞിരുന്നു. മോഹനന്റെ നാട്ടുവൈദ്യത്തിനെതിരെ ഇതാദ്യമായല്ല ഗുരുതര ആരോപണങ്ങൾ ഉയരുന്നത്. ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം സോഷ്യൽ മീഡിയയിലുൾപ്പെടെ ശക്തമാണ്.
ആരോഗ്യമന്ത്രിയുടെ കുറിപ്പ് വായിക്കാം:
മോഹനന്‍ വൈദ്യര്‍ എന്നറിയപ്പെടുന്ന വ്യക്തിയുടെ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്നര വയസുള്ള കുട്ടി മരണമടഞ്ഞെന്ന ആരോപണത്തെപ്പറ്റി പോലീസ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഈ സംഭവം സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവരും ഡോക്ടര്‍മാരുടേയും വിദ്യാര്‍ത്ഥികളുടേയും സംഘടനകളും ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ രംഗത്തെത്തിയിരുന്നു. പോലീസ് അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കാന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട വണ്ടിച്ചെക്ക് കേസില്‍ ഇടപെട്ടിട്ടില്ലെന്ന് വ്യവസായി എം.എ.യൂസഫലി. കേസില്‍ തുഷാറിന് ജാമ്യത്തുക നല്‍കി എന്നത് മാത്രമേ ഉള്ളൂ.യുഎഇ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ ബാഹ്യ ഇടപെടല്‍ സാധ്യമാകില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും യൂസഫലിയുടെ ഓഫീസ് അറിയിച്ചു
ചെക്കുകേസിൽ നാട്ടിലേക്കു മടങ്ങാനുള്ള തുഷാർ വെള്ളാപ്പള്ളിയുടെ നീക്കത്തിനു തിരിച്ചടിയായി ജാമ്യവ്യവസ്ഥിൽ ഇളവു തേടി അജ്മാൻ കോടതിയിൽ സമർപ്പിച്ച അപേക്ഷ തള്ളിയിരുന്നു. യുഎഇ പൌരൻറെ ആൾജാമ്യത്തിൽ നാട്ടിലേക്കു മടങ്ങാനുള്ള തുഷാറിൻറെ നീക്കമാണ് കോടതി തടഞ്ഞത്.
യുഎഇ പൌരൻറെ പാസ്പോർട്ട് ആൾജാമ്യമായി കോടതിയിൽ സമർപ്പിച്ചു സ്വന്തം പാസ്പോർട് തിരികെ വാങ്ങി നാട്ടിലേക്കു മടങ്ങാനായിരുന്നു തുഷാറിൻറെ നീക്കം. ഇതിനായി കോടതിയിൽ സമർപ്പിച്ച ഹർജി അജ്മാൻ പബ്ളിക് പ്രോസിക്യൂട്ടർ തള്ളി. ഇനി കേസിൽ ഒത്തുതീർപ്പുണ്ടാകുന്നതു വരേയോ വിചാരണ പൂർത്തിയാകുന്നതുവരേയോ തുഷാറിനു യുഎഇ വിടാനാകില്ല. പബ്ളിക് പ്രൊസിക്യൂട്ടറുടെ വിവേചനാധികാരത്തിലൂടെയാണ് തുഷാറിൻറെ ഹർജിയിൽ തീരുമാനമെടുത്തത്. കേസിലെ സാമ്പത്തിക ബാധ്യതകൾ സ്വദേശിപൌരനു ഏറ്റെടുക്കാനാകുമോയെന്ന ആശങ്കയുളളതിനാലാണ് അപേക്ഷ തള്ളിയത്.
പാസ്പോർട്ട് ഉടൻ തിരികെ ലഭിക്കില്ലെന്നുറപ്പായതോടെ എത്രയും പെട്ടെന്നു ഒത്തുതീർപ്പു നടത്തി കേസവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങാനാകും ഇനി തുഷാറിൻറെ നീക്കം. നാസിൽ ആവശ്യപ്പെട്ട തുക കൂടുതലാണെന്നു തുഷാറും തുഷാർ വാഗ്ദാനം ചെയ്യുന്ന തുക കുറവാണെന്നു നാസിലും നിലപാടു തുടരുന്നതിനാൽ നേരിട്ടുള്ള ഒത്തുതീർപ്പു ചർച്ചകൾ വഴിമുട്ടിയിരിക്കുകയാണ്. ബിസിനസ് സുഹൃത്തുക്കൾ വഴിയുള്ള മധ്യസ്ഥ ചർച്ചകൾ പുരോഗമിക്കുകയാണ്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനാപകടത്തിനു സമാനമായ സാഹചര്യം കൃത്രിമമായി സൃഷ്ടിച്ചു സമ്പൂർണ എമർജൻസി മോക്ഡ്രിൽ നടത്തി. അടിയന്തര സാഹചര്യം നേരിടാൻ സജ്ജമാണോയെന്നു പരിശോധിക്കുകയായിരുന്നു ലക്ഷ്യം. വിമാനം ടേക് ഓഫ് ചെയ്യുന്നതിനു തൊട്ടുമുമ്പ് എൻജിനിൽ തീപിടിത്തമുണ്ടായെന്നു വരുത്തി ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു മോക്ഡ്രിൽ. ഇൻഡിഗോയുടെ എയർബസ് 320 വിമാനമാണ് ഇതിനായി ഉപയോഗിച്ചത്. ഒമ്പത് ജീവനക്കാർ ഉൾപ്പെടെ 166 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. വിമാനത്തിൽ പുക പടർന്നതോടെ എൻജിനിൽ തീപിടിത്തമുണ്ടായതായി ക്യാപ്റ്റൻ, എയർ ട്രാഫിക് കൺട്രോൾ റൂമിൽ അറിയിച്ചു. അതോടെ വിമാനത്താവളത്തിൽ സന്പൂർണ എമർജൻസി പ്രഖ്യാപിക്കപ്പെട്ടു.
സിയാൽ അഗ്നിരക്ഷാ വിഭാഗം അത്യാധുനിക ഉപകരണങ്ങളുമായി രണ്ടു മിനിറ്റിനകം വിമാനത്തിന് അരികിലെത്തി. എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായരുടെ നേതൃത്വത്തിൽ മൊബൈൽ കമാൻഡ് കൺട്രോൾ സജ്ജമായി. ഇന്ത്യൻ നേവിയുടെ ഹെലികോപ്ടർ വിമാനത്താവളത്തിലെത്തി യാത്രക്കാരെ ഒഴിപ്പിക്കുന്നതിൽ പങ്കുചേർന്നു. “അപകടത്തിൽ’ പരിക്കേറ്റവരുമായി ഇരുപതോളം ആംബുലൻസുകൾ കുതിച്ചു. അസി. കമാൻഡന്റ് അഭിഷേക് യാദവിന്റെ നേതൃത്വത്തിൽ സിഐഎസ്എഫ് സുരക്ഷാ ചുമതല ഏറ്റെടുത്തു.
കമാൻഡ് പോസ്റ്റിൽനിന്നുള്ള നിർദേശങ്ങൾക്ക് അനുസരിച്ചു രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ എമർജൻസി കൺട്രോൾ റൂം, അസംബ്ലി ഏരിയ, സർവൈവേഴ്സ് റിസപ്ഷൻ ഏരിയ, മീഡിയ സെന്റർ എന്നിവയും പ്രവർത്തനം തുടങ്ങി. ഉച്ചകഴിഞ്ഞു 2.46ന് തുടങ്ങിയ രക്ഷാദൗത്യം മൂന്നരയോടെ വിജയകരമായി അവസാനിച്ചു. മോക് ഡ്രില്ലിനുശേഷം വിശദമായ അവലോകനം നടത്തിയെന്നും രക്ഷാപ്രവർത്തനത്തിൽ വിമാനത്താവളത്തിന്റെ കാര്യക്ഷമത വിലയിരുത്തിയെന്നും എയർപോർട്ട് ഡയറക്ടർ പറഞ്ഞു. വിവിധ ആശുപത്രികളും ആംബുലൻസ് സർവീസുകളും സർക്കാർ വകുപ്പുകളും പങ്കെടുത്തു. സങ്കീർണമായ മോക് ഡ്രിൽ മികവോടെ നടത്തിയതിനു വിവിധ ഏജൻസികളെയും ഉദ്യോഗസ്ഥരെയും സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ അഭിനന്ദിച്ചു.