പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട റേഡിയോ ജോക്കി കൊലക്കേസ് പ്രതി അപ്പുണ്ണി കൊച്ചിയിൽ പിടിയിൽ. കാക്കനാടുള്ള വാടക വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന അപ്പുണ്ണി ഇന്ന് പുലർച്ചെയാണ് പിടിയിലായത്. പോലീസ് എത്തിയതോടെ എയർ ഗണ്ണുമായി ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രതിയെ ബലമായി കീഴടക്കി.

പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും മാവേലിക്കര കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ ഈ മാസം ഒന്നിനാണ് പോലീസുകാരെ കബളിപ്പിച്ച് അപ്പുണ്ണി കടന്നു കളഞ്ഞത്. അപ്പുണ്ണിക്ക് ഭക്ഷണം വാങ്ങി നൽകിയതിന്റെ പണം നൽകാൻ പോലീസുകാരൻ പോയപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. സംഭവത്തിൽ രണ്ട് പോലീസുകാർ സസ്പെൻഷനിലുമായി. ഇതിനിടയിലാണ് അപ്പുണ്ണി കൊച്ചിയിൽ ഒളിവിൽ കഴിയുകയാണെന്ന വിവരം ലഭിച്ചത്. കാക്കനാട്ടെ വീട്ടിലെത്തിയ പൊലീസിനെ പ്രതിരോധിക്കാൻ ആദ്യം നായ്ക്കളെ അഴിച്ചുവിട്ടു.തുടർന്ന് കയ്യിലുള്ള എയർ ഗൺ ഉപയോഗിച്ച് ആത്മഹത്യ ഭീഷണി മുഴക്കി.

മണിക്കൂറുകൾ ശ്രമിച്ചാണ് ഇയാളെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക സംഘം കീഴ്പെടുത്തിയത്. തുടർന്ന് മാവേലിക്കര പോലീസിന് കൈമാറി. 2018ലാണ് കിളിമാനൂരിലെ സ്റ്റുഡിയോയിൽ കയറി അപ്പുണ്ണിയും സംഘവും റേഡിയോ ജോക്കി രാജേഷിനെ വെട്ടി കൊലപ്പെടുത്തുന്നത്. കേസിൽ മൂന്നാം പ്രതിയായ അപ്പുണ്ണി അടക്കമുള്ളവരുടെ വിചാരണ തിരുവനന്തപുരം ജില്ലാ കോടതിയിൽ തുടങ്ങിയിട്ടുണ്ട്.