India

കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്നും രണ്ടു വയസ്സു പ്രായമുള്ള കൊച്ചുമകളെ താഴേക്ക് എറിഞ്ഞ് മുത്തശ്ശി കൊലപ്പെടുത്തി. മുംബൈയിലെ മലാദിലാണ് ക്രൂര സംഭവം നടന്നത്. ഉറങ്ങി കിടന്ന കുഞ്ഞിനെയാണ് അച്ഛന്റെ അമ്മ താഴേക്ക് എറിഞ്ഞത്.

സംഭവത്തിൽ പ്രതിയായ രുക്സാന ഒബെദുല്ല അൻസാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ അപ്പ പാഡ പ്രദേശത്തെ താമസക്കാരാണ് കുട്ടിയുടെ മൃതദേഹം ആദ്യം കാണുന്നത്. ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന്റെ പരിസരത്താണ് കുട്ടി വീണ് കിടന്നത്. കെട്ടിടത്തിന്റെ ആറാം നിലയിലെ അപ്പാർട്ട്മെന്റിലാണ് കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. മാതാപിതാക്കളെ പരിസരവാസികൾ വിവരം അറിയിച്ചു. ഇതിനെ തുടർന്ന് താഴേക്ക് ഓടിയെത്തിയ അവർ കണ്ടത് കുഞ്ഞിന്റെ ജിവനറ്റ ശരീരമാണ്. തലയിടിച്ച് വീണ കുഞ്ഞ് ചോരയിൽ കുതിർന്ന നിലയിലാണ് കിടന്നത്.

വീട്ടുകാർ ഉറക്കത്തിലായിരിക്കുമ്പോൾ കുഞ്ഞ് അബദ്ധത്തിൽ താഴേക്ക് വീണതാകാം എന്നാണ് ആദ്യം പൊലീസ് കരുതിയത്. എന്നാൽ കൃത്യം നടന്ന സ്ഥലത്ത് നിന്നും ചില് സംശയാസ്പദമായ സൂചനകൾ ലഭിച്ചതാണ് കൊലപാതകമാണെന്ന് കണ്ടെത്താൻ വഴിവച്ചത്. കുട്ടി താഴേക്ക് വീഴാൻ കാരണമായ വാതിൽ അടച്ച നിലയിലാണ് കണ്ടത്. ഇതോടെ കുടുംബത്തിലെ എല്ലാവരെയും പൊലീസ് ചോദ്യം ചെയ്തു. അപ്പോഴാണ് മുത്തശ്ശിയുടെ മൊഴിയിൽ വൈരുദ്ധ്യം കണ്ടെത്തിയത്. സംശയം ജനിപ്പിച്ചുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാനും ആദ്യം ആവർ തയ്യാറായില്ല. എന്നാൽ കൂടുതൽ വിശദമായ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.
മരുമകളുമായി വഴക്കുണ്ടായെന്നും ആ ദേഷ്യത്തിനാണ് കൊച്ചുമകളെ താഴേക്ക് എറിഞ്ഞതെന്നുമാണ് അവർ പറഞ്ഞത്.

എല്ലാവരും ഉറങ്ങി കിടന്നപ്പോഴാണ് കുഞ്ഞിനെ ഇവർ താഴേക്ക് എറിഞ്ഞത്. ശേഷം ഇവർ ഉറങ്ങാൻ പോയെന്നും പൊലീസ് പറയുന്നു. മകന്റെ ഭാര്യയുമായി ഇവർ സ്ഥിരം കലഹിക്കുമായിരുന്നുവെന്ന് പരിസര വാസികളും പൊലീസിനോട് വ്യക്തമാക്കി. രുക്സാനയെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

തോട്ടയ്ക്കാട്ടുകര അക്കാട്ട് ലെയ്നിലെ അപ്പാർട്മെന്റിൽ യുവതിയും യുവാവും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ദുരൂഹത നീങ്ങുന്നു. ഇരുവരുടെയും ആത്മഹത്യയാണെന്നു പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചതായി പൊലീസ്. എന്നാൽ ആത്മഹത്യയ്ക്ക് ഇവർ അവലംബിച്ച മാർഗം വ്യക്തമായിട്ടില്ല. മരണത്തിനു മറ്റാരുടെയെങ്കിലും ഇടപെടൽ കാരണമായിട്ടുണ്ടോ എന്നും അന്വേഷിക്കും. മരിച്ച മോനിഷയും രമേശുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച ചിലരെ ചോദ്യം ചെയ്യും. ഗവ. മെഡിക്കൽ കോളജിൽ 3 ഡോക്ടർമാരുടെ നേതൃത്വത്തിലാണ് 6 മണിക്കൂർ നീണ്ട പോസ്റ്റ്മോർട്ടം നടന്നത്.

മൂന്നു ദിവസം പഴക്കമുള്ള മൃതദേഹങ്ങളിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടില്ല. ഫിലിം സ്റ്റുഡിയോ ബിസിനസ് പങ്കാളികളായിരുന്ന ഇവരെ ശനിയാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ഡോക്ടർമാരുടെ നിർദേശപ്രകാരം പൊലീസ് അപ്പാർട്മെന്റിൽ വീണ്ടും പരിശോധന നടത്തി.

വിശാഖ് എസ് രാജ്‌ , മലയാളം യുകെ ന്യൂസ് ടീം

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ബുധനാഴ്ച്ച തുടങ്ങാനിരിക്കെ എല്ലാവരും ഉറ്റുനോക്കുന്നത് രോഹിത് ശർമയിലേയ്ക്കാണ്. ടെസ്റ്റ് ഓപ്പണറായുള്ള രോഹിതിന്റെ അരങ്ങേറ്റം എങ്ങനെയുണ്ടാകുമെന്ന ആകാംഷയിലാണ് ക്രിക്കറ്റ് പ്രേമികൾ.

ലോകേഷ് രാഹുൽ ടെസ്റ്റിൽ തുടർച്ചയായി പരാജയപ്പെടുകയും ടീമിൽ നിന്ന് പുറത്താകുകയും ചെയ്തതാണ് രോഹിത് ശർമ്മയുടെ ടെസ്റ്റ് ക്രിക്കറ്റിലേയ്ക്കുള്ള തിരിച്ചു വരവ് സാധ്യമാക്കിയത്. ടെസ്റ്റിൽ അഞ്ചാം നമ്പറിലാണ് ഈ വലംകൈയ്യൻ ബാറ്റ്‌സ്മാൻ ഇതിന് മുൻപ് ബാറ്റ് ചെയ്തുകൊണ്ടിരുന്നത്. അജിങ്കെ രഹാനെയും ഹനുമാ വിഹാരിയും മികച്ച ബാറ്റിംഗ് പ്രകടനങ്ങളിലൂടെ മധ്യനിരയിലെ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചപ്പോൾ രോഹിതിന് വളരെ കാലം ടീമിന് പുറത്തിരിക്കേണ്ടി വന്നു. ഓപ്പണറായുള്ള സ്ഥാനക്കയറ്റമാണ് രോഹിതിന്റെ ഏകദിന കരിയർ മാറ്റി മറിച്ചത്. അത്തരത്തിലുള്ള പ്രകടനം ടെസ്റ്റ് മത്സരങ്ങളിലും പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈ മുംബൈക്കാരൻ.

എന്നാൽ ദക്ഷിണാഫ്രിക്കക്കയ്ക്ക് എതിരെ കഴിഞ്ഞ ദിവസം നടന്ന ത്രിദിന പരിശീലന മത്സരത്തിൽ രോഹിത് പൂജ്യത്തിന് പുറത്തായത് രോ-ഹിറ്റ്-മാൻ ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. സ്വിങ് ചെയ്യുന്ന പന്തുകൾ കളിക്കുന്നതിലെ പോരായ്മയാണ് പലപ്പോഴും രോഹിതിനെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അകറ്റി നിർത്തിയത്. പന്തിന്റെ സ്വിങ് ഏത് ദിശയിലേയ്ക്കാണെന്ന് തിരിച്ചറിയുന്നതിൽ രോഹിത് നിരന്തരമായി പരാജയപ്പെടുന്നു. ഏകദിനങ്ങളിൽ രോഹിത് ഏറ്റവും കുറവ് റൺ എടുത്തിട്ടുള്ളത് ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങൾക്കെതിരെ ആണ്. ട്രെന്റ് ബോൾട്ട് , രാബാദ പോലുള്ള മികച്ച സ്വിങ് ബൗളർമാരുടെ പന്തുകളിൽ അദ്ദേഹം നിലയുറപ്പിക്കാൻ പാടുപെടുന്നു. ആദ്യ പത്ത് ഓവറുകൾക്കുള്ളിൽ പുറത്താകുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ടെസ്റ്റിൽ ഓപ്പണിങ് സ്ഥാനത്തേയ്ക്ക് വരുമ്പോൾ മുൻപത്തേതിലും വലിയ പ്രതിസന്ധികളാകും രോഹിതിനെ കാത്തിരിക്കുന്നത്. പഴകും തോറും പന്തിന്റെ സ്വിങ് കുറയുകയാണ് ചെയ്യുക. അഞ്ചാമതോ ആറാമതോ ബാറ്റ് ചെയ്യാനെത്തുന്ന ബാറ്റ്സ്മാനെ സംബന്ധിച്ച് സ്വിങ് കാര്യമായ വെല്ലുവിളിയല്ല. എന്നാൽ ഓപ്പണിങ് ബാറ്റസ്മാന്റെ കാര്യം അങ്ങനെയല്ല. ന്യൂ ബോളിന് വേഗതയും സ്വിങ്ങും കൂടുതലായിരിക്കും. എത്ര വലിയ ബാറ്റ്‌സ്മാൻ ആണെങ്കിലും , എത്ര നല്ല ബാറ്റിങ് പിച്ച് ആണെങ്കിലും ആദ്യത്തെ കുറച്ചു ഓവറുകൾ അതിജീവിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. ആ വെല്ലുവിളി രോഹിത് എങ്ങനെ ഏറ്റെടുക്കുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

മറ്റൊന്ന് അദ്ദേഹം പുറത്താകുന്ന രീതിയാണ്. കുറച്ചധികം ഡോട്ട് ബോളുകൾ ഉണ്ടായാൽ രോഹിത് സമ്മർദത്തിന് അടിപ്പെടുകയും തുടർന്ന് അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്താകുകയും ചെയ്യുന്നു. കോഹ്ലിയെപ്പോലെ സിംഗിളുകളിലൂടെ ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്ന ബാറ്റിങ് രീതിയല്ല രോഹിതിന്റേത്. പലപ്പോഴും ക്ഷമ നശിച്ച് വിക്കറ്റ് വലിച്ചെറിയുന്ന രോഹിത് ശർമയെയാണ് നമ്മുക്ക് കാണാനാകുക.

പ്രതിഭയുടെ കാര്യത്തിൽ രോഹിത് ശർമയെ ആരുംതന്നെ സംശയിക്കില്ല. മൂന്ന് ഏകദിന ഡബിൾ സെഞ്ചുറികളും നാല് ട്വന്റി ട്വന്റി സെഞ്ചുറികളും ഉള്ള ഒരു കളിക്കാരന്റെ കഴിവിനെ കുറച്ചു കാണേണ്ട കാര്യമില്ല. പരിമിത ഓവർ മത്സരങ്ങളുടെ കാര്യമെടുത്താൽ ഇന്നുള്ളതിൽ ഏറ്റവും മികച്ച അഞ്ച് കളിക്കാരിൽ ഒരാൾ രോഹിത് ശർമ്മ ആയിരിക്കും. വിരമിച്ച മുൻതാരങ്ങളെല്ലാം രോഹിതിനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തണം എന്ന് നിരന്തരം ഓർമ്മിപ്പിക്കുന്നതിന് കാരണം ക്രിക്കറ്റിന്റെ മൂന്ന് ഫോമാറ്റിലും ആ പ്രതിഭ അടയാളപ്പെടണം എന്ന ആഗ്രഹമുള്ളതുകൊണ്ടാണ്. എന്നാൽ അതേ രോഹിത് ശർമ്മയുടെ ടെസ്റ്റ് മത്സരങ്ങളിലെ ശരാശരി 39.5 ശതമാനം മാത്രമാണ്. പ്രതിഭയുടെ നിഴൽ മാത്രമായ സംഖ്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള പരമ്പര അദ്ദേഹത്തിന്റെ പ്രതിഭ തേച്ചു മിനുക്കിയെടുക്കുന്നതിനുള്ള ഉത്തമ വേദിയാകുമെന്ന് പ്രതീക്ഷിക്കാം.

 

കൊച്ചി മരട് ഫ്ളാറ്റ് ഒഴിപ്പിക്കല്‍ പ്രതിസന്ധി തുടരുന്നു. കുടുംബങ്ങളെ പകരം താമസിപ്പിക്കാന്‍ ഫ്ളാറ്റുകളില്ല. ജില്ലാ ഭരണകൂടം കണ്ടെത്തിയ ഫഌറ്റുകളില്‍ ഒഴിവില്ലെന്ന്
ഫ്ളാറ്റ് ഉടമകള്‍. വിളിച്ചന്വേഷിക്കുമ്പോള്‍ കിട്ടുന്നത് മോശം മറുപടിയെന്ന് ആക്ഷേപം.

മാറി താമസിക്കാന്‍ തയ്യാറായവര്‍ ഇതോടെ പ്രതിസന്ധിയിലായി. ഒക്ടോബര്‍ മൂന്നിനുള്ളില്‍ താമസക്കാര്‍ ഒഴിയുമെന്നാണ് പറഞ്ഞിരുന്നത്. കലക്ടര്‍ എസ് സുഹാസാണ് ഇക്കാര്യം അറിയിച്ചത്. മൂന്നാം തീയതിക്ക് മുന്‍പായി ഒഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. മൂന്നിനുള്ളില്‍ ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ 11 മുതല്‍ ഫഌറ്റുകള്‍ പൊളിച്ചു തുടങ്ങാനാണ് തീരുമാനം.

മുംബൈ: മുംബൈയിൽ വൻ ആയുധവേട്ട. 13 കോടിയുടെ വന്‍ ആയുധ ശേഖരവും കോടികള്‍ വില വരുന്ന മയക്കുമരുന്നുകളും പിടിച്ചെടുത്തു. അറസ്റ്റിലായ രണ്ടുപേരില്‍ നിന്നും 80 ലക്ഷം രൂപയും കണ്ടെടുത്തു. ഹെറോയിനും ബ്രൗണ്‍ഷുഗറുമടക്കം രാജ്യത്തിന് പുറത്തുനിന്നെത്തിച്ച മയക്കുമരുന്നുകളാണ് കണ്ടെടുത്തത്. അറസ്റ്റിലായവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നിന്നാണ് എകെ 47 തോക്കുകകളടക്കം 13 കോടിരൂപയുടെ ആയുധങ്ങള്‍ പിടിച്ചെടുത്തത്. സംഘത്തിന്റെ കൈയില്‍ നിന്നും മയക്കുമരുന്നും പൊലീസ് പിടികൂടി. മഹാരാഷ്ട്ര- ഗുജറാത്ത് അതിര്‍ത്തിയില്‍ നടത്തിയ തെരച്ചിലിലാണ് ഇവര്‍ പിടിയിലാത്. ഇനിയും ആളുകള്‍ ഈ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരത്തെതുടര്‍ന്ന് പൊലീസ് തെരച്ചില്‍ തുടരുകയാണ്. ഇതുവരെ പിടികൂടിയതില്‍ വെച്ച്‌ ഏറ്റവും വലിയ ആയുധവേട്ടയാണ് സംസ്ഥാനത്ത് നടന്നതെന്ന് മഹാരാഷ്ട്ര പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു

 

ജീവിക്കാന്‍ വേണ്ടിയാണ് അബുദാബിയിലെത്തിയതെന്നും ഭീകരവാദ സംഘത്തില്‍ ചേരാനല്ലെന്നും ഡല്‍ഹിയില്‍നിന്ന് കാണാതായ മലയാളി പെണ്‍കുട്ടി. സെപ്റ്റംബര്‍ 18നാണ് കോഴിക്കോട് സ്വദേശിയും സിയാനി ബെന്നിയെന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സിയാനിയെ തട്ടിക്കൊണ്ട് പോയതാണെന്നും ഭീകര സംഘടനയില്‍ ചേരാന്‍ യുഎഇയിലേക്ക് കടന്നതാണെന്നുമുള്ള പ്രചരണങ്ങള്‍ എത്തിയിരുന്നു.

19-കാരിയായ പെണ്‍കുട്ടി തനിക്ക് പ്രായപൂര്‍ത്തിയായതായും സ്വന്തം ഇഷ്ടപ്രകാരം യുഎഇയിലെത്തിയതാണെന്നുമാണ് ഗള്‍ഫ് ന്യൂസ് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്. തനിക്കെതിരെ അപവാദ പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്നും യുവതി ആവശ്യപ്പെട്ടിട്ടുണ്ട്.

കോഴിക്കോട് നിന്ന് പെണ്‍കുട്ടിയുടെ പിതാവും മാതാവും സഹോദരനും ഇവരെ കാണാന്‍ യുഎഇയിലേക്ക് തിരിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം തിരിച്ച് പോകില്ലെന്നും വിവാഹിതയായി അബുദാബിയില്‍ കഴിയാനാണ് താല്‍പര്യമെന്നുമാണ് യുവതി പറയുന്നത്. 24ാം തീയതി അബുദാബി കോടതിയില്‍ ഹാജരായ സിയാനി സ്വന്തം ഇഷ്ടപ്രകാരം മതം മാറിയെന്നും ആയിഷ എന്ന പേര് സ്വീകരിച്ചിരിക്കുന്നുവെന്നും അറിയിച്ചിരുന്നു.

സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട കാസര്‍ഗോഡ് സ്വദേശിയുമായി സിയാനി കഴിഞ്ഞ ഒമ്പത് മാസമായി പ്രണയത്തിലായിരുന്നുവെന്നും അബുദാബിയില്‍ ജോലി ചെയ്യുന്ന ഇയാളുടെ അടുത്തേക്കാണ് സിയാനി എത്തിയതെന്നുമാണ് വിവരങ്ങള്‍. ഡല്‍ഹി ജീസസ് ആന്റ് മേരി കോളേജില്‍ പഠിച്ചിരുന്ന സിയാനി 18-ാം തീയതി വരെ ക്ലാസില്‍ എത്തിയിരുന്നു. അതിനുശേഷമാണ് യുഎഇയിലേക്ക് പോയത്.

(വീഡിയോ കാണാം – ciyani benny)

കോഴിക്കോട് കൊടുവള്ളിയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ 74കാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാവാട് മൂഴിക്കുന്ന് സ്വദേശിയായ കണ്ണന്‍കൊറ്റിയെയാണ് പുഴയോരത്തിനരികിലുള്ള കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ശരീരമാസകലം മുറിവുകളുണ്ട്.

ഞായറാഴ്ച്ച ഉച്ചയോടെ കാണാതായ 74കാരിയുടെ മൃതദേഹം തിങ്കളാഴ്ച്ച പൂനൂര്‍ പുഴയോരത്താണ് കണ്ടെത്തിയത്. കഴുത്തിന്‍റെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ട്. ഇതാകാം മരണകാരണമെന്നാണ് നിഗമനം. ഇതിനു പുറമേ ഇരുകാലുകളിലും ഒന്നിലധികം മുറിവുകളുണ്ട്. റോഡരികിലാണെങ്കിലും കണ്ണന്‍കൊറ്റിക്ക് തനിച്ച ഈ ഭാഗത്തേയ്ക്ക് എത്താനാകില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

മകള്‍ക്കൊപ്പം താമസിക്കുന്ന കണ്ണന്‍കൊറ്റി സമീപത്തെ വീടുകളില്‍ ചെറു ജോലികള്‍ ചെയ്താണ് കഴിഞ്ഞിരുന്നത്. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.

ഭർത്താവ് ഫിറോസിന്റെ വാദങ്ങളെ തള്ളിയാണ് വഫ രംഗത്ത്. മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടവും തുടർന്നുണ്ടായ സംഭവങ്ങളും വലിയ വിവാദമാണ് ഉണ്ടാക്കിയത്. ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസും വഫാ ഫിറോസും സഞ്ചരിച്ച കാറിടിച്ചാണ് ബഷീർ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ വഫ ഫിറോസില്‍നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ് ഫിറോസ് വക്കീൽ നോട്ടിസ് അയച്ചിരുന്നു. ഇതിന് സമൂഹമാധ്യമത്തിലൂടെ എണ്ണിയെണ്ണി മറുപടി നൽകിയിരിക്കുകയാണ് വഫ ഇപ്പോൾ

വിവാഹ ജീവിതം ആരംഭിച്ചതു മുതല്‍ അപകടം നടന്നതുവരെയുള്ള കാലയളവില്‍ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ വഫ വിഡിയോയില്‍ പറയുന്നു. ‘ഫിറോസ് നാട്ടിലെത്തിയ ശേഷമാണ് ഇങ്ങനെ മാറിയത്. ഇത്രയും വർഷം ഒരുമിച്ച് ജീവിച്ചിട്ടും അദ്ദേഹത്തിന് എന്നെ മനസിലാക്കാൻ കഴിഞ്ഞില്ല. ചെറുപ്പം മുതൽ അറിയാവുന്ന ആളാണ്. എന്നിട്ടും ഇൗ വിവാദസമയത്ത് തുടക്കം ഒപ്പം നിന്നെങ്കിലും പിന്നീട് വിവാഹമോചനം തേടി നോട്ടീസ് അയച്ചു. അദ്ദേഹം അതിൽ പറയുന്ന വാദങ്ങളെല്ലാം തെറ്റാണ്. ഞാൻ മദ്യപിക്കില്ല, ഡാൻസ് പാർട്ടികളിൽ പോയിട്ടില്ല. എനിക്ക് 16 വയസുള്ള മകളുണ്ട്. ശ്രീറാം എന്റെ സുഹൃത്താണ്.

അദ്ദേഹം വിളിച്ചപ്പോൾ ഞാൻ ഒരു മണിക്ക് കാറെടുത്ത് ഇറങ്ങിപ്പോയി എന്നത് ശരിവയ്ക്കുന്നു. എന്നാൽ അതിന് മോശപ്പെട്ട ഒരു അർഥമില്ല. അങ്ങനെയാണെങ്കിൽ ഞാൻ എന്റെ മകളോട് പറഞ്ഞിട്ട് പോകുമോ?. എനിക്ക് ഡ്രൈവിങ് വലിയ ഇഷ്ടമാണ്. അതുകൊണ്ടു കൂടിയാണ് കാറെടുത്ത് പോയത്. പക്ഷേ ആക്സിഡന്റായി പോയി..’ വഫ വിഡിയോയില്‍ പറയുന്നു. ഈ വിഡിയോകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരമാണ് ലഭിക്കുന്നത്.

ട്രെയിനിടിച്ച് ഗുരുതര പരുക്കേറ്റത്തിനെത്തുടർന്ന് പാളത്തിലൂടെ ഇഴഞ്ഞുനീങ്ങിയ ആനയുടെ ദൃശ്യം ഓർമയില്ലേ. കൊടിയ വേദനകൾക്കൊടുവിൽ ഇന്നലെ ആ ആന ചരിഞ്ഞു. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിൽവെച്ചാണ് സിലിഗുരി ദുബ്രി ഇന്‍റര്‍ സിറ്റി എക്സ്പ്രസ് പാളം മുറിച്ചു കടന്ന ആനയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ആനയുടെ പിൻകാലുകളും ട്രെയിനിന്റെ എൻജിനും തകർന്നു.

പരുക്കേറ്റ് നടക്കാനാവാതെ പാളത്തിലൂടെ ഇഴഞ്ഞുനീങ്ങിയ ആനയുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങൾക്കും ചർച്ചയ്ക്കും വഴിയൊരുക്കിയിരുന്നു. വനത്തിനുള്ളിലൂടെയാണ് ബാനര്‍ഹട്ട് നാഗ്രകട്ട റയിൽവെ പാത കടന്നുപോകുന്നത്. നിരവധി ആനത്താരകൾ മുറിച്ചുകടന്നാണ് ഈ വഴി ട്രെയിൻ കടന്നുപോകുന്നത്.

കാട്ടാനകൾ നിരന്തരം അപകടത്തിൽപ്പെടുന്നതിനാൽ 2015-2016 വർഷങ്ങളിൽ 25 കിലോമീറ്ററായി കുറച്ചിരുന്നു. 2004ലാണ് മീറ്റര്‍ ഗേജായിരുന്ന ഈ പാത ബ്രോഡ് ഗേജാക്കിയത്. പാത ബ്രോഡ് ഗേജ് ആയതോടെയാണ് കാട്ടാനകളെ ഇടിക്കുന്ന സംഭവം തുടർക്കഥയാകുന്നത്.

ഗുജറാത്തിലെ ബനസ്കാന്തില്‍ ബസ് അപകടത്തില്‍ 21 പേര്‍ മരിച്ചു. ബനസ്കന്ദ ജില്ലയിലെ അമ്പാജിയിലെ തൃശൂല്യ ഘട്ടിലെ മലയിടുക്കിലെ റോഡിലാണ് ബസ് മറിഞ്ഞത്. ആദ്യ റിപ്പോര്‍ട്ടില്‍ 3 പേര്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കുപറ്റിയെന്നുമാണ് വന്നത്. 50 പേരാണ് ബസില്‍ ഉണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. കനത്ത മഴയെ തുടര്‍ന്ന് റോഡില്‍ തെന്നല്‍ അനുഭവപ്പെട്ട് ഡ്രൈവര്‍ക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രഥമിക റിപ്പോര്‍ട്ട്.

പിന്നീട് ജില്ല ഹെല്‍ത്ത് ഓഫീസര്‍ എസ്.ജി ഷാ 21 പേര്‍ മരിച്ചെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അപകടസ്ഥലത്ത് എത്തിയ പൊലീസ് രക്ഷപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതെയുള്ളൂ. അപകടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ സംസ്ഥാന അധികൃതരുമായി ബന്ധപ്പെട്ടതായി കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായും അറിയിച്ചു.

Copyright © . All rights reserved