ജയമാധവന്‍നായര്‍ വീണു മരിച്ചെന്നാണു സ്വത്തുക്കള്‍ എഴുതി വാങ്ങിയ രവീന്ദ്രന്‍നായരുടെ മൊഴി. വീണു പരുക്കേറ്റപ്പോള്‍ തറയിലും കട്ടിലിലും രക്തക്കറ ഉണ്ടായെന്നു സമ്മതിക്കാമെങ്കിലും തടിക്കഷണത്തില്‍ രക്തം പുരണ്ടതിനു വിശദീകരണമില്ല. ജോലിക്കാരി ലീലയാണു വീടു വൃത്തിയാക്കിയത്. വീടു വൃത്തിയാക്കാന്‍ തടിക്കഷണത്തിന്റെ ആവശ്യവുമില്ല. ഇതൊക്കെ സംശയത്തിന് കാരണമാകുന്നു.
ജയമാധവന്‍നായരുടെ തലയിലും മുഖത്തുമാണു പരുക്കേറ്റത്. അബോധാവസ്ഥയിലായിരുന്ന ജയമാധവന്‍നായരെ താനാണ് ആദ്യം കണ്ടതെന്നു രവീന്ദ്രന്‍നായര്‍ മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മുന്‍ കാര്യസ്ഥന്‍ സഹദേവനും സ്ഥലത്ത് എത്തിയിരുന്നെന്നു കണ്ടെത്തി.

ജയമാധവന്‍നായരെ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയതു സഹദേവനാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയപ്പോള്‍ ജയമാധവന്‍നായര്‍ മരിച്ചു. പിന്നാലെ രവീന്ദ്രന്‍ നായരും ജോലിക്കാരി ലീലയും ആശുപത്രിയില്‍ എത്തി. മരണം സ്ഥിരീകരിച്ചപ്പോള്‍ രവീന്ദ്രന്‍ നായരും ലീലയും കരമന പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി മരണവിവരം അറിയിച്ചു. ഉടന്‍ പൊലീസുകാര്‍ ആശുപത്രിയിലേക്കു പോയി.

ലീലയുമായി ഉമാമന്ദിരത്തില്‍ എത്തിയ രവീന്ദ്രന്‍ ഉടന്‍ വീടു വൃത്തിയാക്കാന്‍ നിര്‍ദേശിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ഉമാമന്ദിരത്തില്‍ പൊലീസ് എത്തുമ്പോഴേക്കും തെളിവുകള്‍ നീക്കം ചെയ്തിരുന്നു. ജയമാധവന്‍നായരുടെ വസ്ത്രങ്ങളും നശിപ്പിച്ചു. വീട്ടിലെ കട്ടിളപ്പടിയില്‍ തലയിടിച്ചു വീണ ജയമാധവന്‍നായരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെന്നാണു രവീന്ദ്രന്‍നായര്‍ അന്നു മൊഴി നല്‍കിയത്.