തിരുനക്കര ക്ഷേത്ര മഹാദേവ ക്ഷേത്രത്തിലെ കൊമ്പന്‍ തിരുനക്കര ശിവന്‍ ഇടഞ്ഞോടി. സ്വകാര്യ ബസ് കുത്തിമറിക്കാന്‍ ശ്രമിച്ച ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു. ഒന്നാം പാപ്പാന്‍ വിക്രം (26) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ അല്‍പശി ഉത്സവത്തിന്റെ ആറാട്ട് എഴുന്നെള്ളത്തിന് ശേഷം ആനയെ ചെങ്ങളത്ത് കാവില്‍ തളയ്ക്കാനായി കൊണ്ടു വരികയായിരുന്നു. ഇല്ലിക്കല്‍ ആമ്പക്കുഴി ഭാഗത്ത് വച്ച് ആന ഇടയുകയായിരുന്നു.

ആന ഇടഞ്ഞത് കണ്ട് ബസ് സ്റ്റോപ്പില്‍ നിര്‍ത്തി. ഈ സമയം അക്രമാസക്തനായ ആന ബസിന്റെ മുന്നില്‍ കുത്തി ബസ് ഉയര്‍ത്തി. ബസിനുള്ളില്‍ നിറയെ യാത്രക്കാര്‍ ഇരിക്കുമ്പോഴായിരുന്നു പരാക്രമം. ബസിന്റെ മുന്നിലെ ചില്ല് പൂര്‍ണമായും തകര്‍ത്ത ആന ബസ് കുത്തിപ്പൊക്കുകയും ചെയ്തു. ഈ സമയം വിക്രം ആനപ്പുറത്ത് ഇരിക്കുകയായിരുന്നു. ആനയെ പിടികൂടാന്‍ ആനപ്പുറത്ത് നിന്ന് ചങ്ങലയില്‍ തൂങ്ങി വിക്രം താഴേയ്ക്ക് ഇറങ്ങി ഈ സമയം പോസ്റ്റില്‍ വച്ച് ആന വിക്രമിനെ അമര്‍ത്തി.

ആനയ്ക്കും പോസ്റ്റിനും ഇടയില്‍ ഇരുന്ന് കുരുങ്ങിയ പാപ്പാനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപെടുത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് ചെങ്ങളം ഭാഗത്തേയ്ക്ക് ഓടിയ ആന, മരുതന ഇടക്കേരിച്ചിറ റോഡില്‍ കയറി നില ഉറപ്പിച്ചു. ഈ സമയം നാട്ടുകാരും പ്രദേശത്ത് തടിച്ച് കൂടി. ഇവിടെ ഒരു വീട്ടില്‍ നിന്ന് വെള്ളം കുടിക്കുകയാണ് ആന.

പാപ്പാന്‍ മാറിയതിനെ തുടര്‍ന്ന് ആനയെ ചെങ്ങളത്ത് കാവില്‍ ചട്ടം പഠിപ്പിക്കാന്‍ കെട്ടിയിരിക്കുകയായിരുന്നു. മദപ്പാടിലായിരുന്ന ആനയെ ദിവസങ്ങള്‍ക്ക് മുന്‍പാണ് എഴുന്നെള്ളിച്ചത്.