India

മഹാരാഷ്ട്ര നിയമസഭാതിരഞ്ഞെടുപ്പ് പോര് മുറുക്കി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ അഴിമതി ആരോപണം. നിർദിഷ്ട ശിവാജി സ്മാരകവുമായി ബന്ധപ്പെട്ട് 1300 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്ന് കോൺഗ്രസും എൻസിപിയും ആരോപിച്ചു. ഇതുസംബന്ധിച്ച രേഖകൾ പ്രതിപക്ഷം പുറത്തുവിട്ടു.

മുംബൈ മറൈൻ ഡ്രൈവിനോട് ചേർന്ന് അറബിക്കടലിൽ നിർമിക്കുന്ന ശിവാജി സ്മാരകത്തിന്റെ ടെൻഡർ നടപടികളിൽ അഴിമതി നടന്നുവെന്നാണ് ആരോപണം. 2500 കോടി രൂപയുടെ പദ്ധതി 3800 കോടി രൂപയ്ക്കു ടെൻഡർ നൽകാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അധ്യക്ഷനായ സമിതി തീരുമാനിച്ചെന്ന് പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര വിജിലൻസ് കമ്മിഷന്റെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നതെന്നും ആരോപണമുണ്ട്. വിഷയത്തിൽ സി.എ.ജി ഓഡിറ്റിങ് നടത്തണമെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ്-എൻസിപി നേതാക്കൾ വ്യക്തമാക്കി. അതേസമയം, മഹാരാഷ്ട്രയുടെ വികാരമായ ഛത്രപതി ശിവാജിയെപോലും പ്രതിപക്ഷം തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു.

ഭൂമി വിള്ളലിനൊപ്പം മണ്ണിരയും ചത്തൊടുങ്ങിത്തുടങ്ങിയതോടെ വയനാട്ടിൽ പ്രളയാനന്തര പ്രതിഭാസങ്ങൾ ആവർത്തിക്കുന്നു. വയനാട്ടിൽ ഇക്കുറിയും പ്രളയത്തിനു ശേഷം മണ്ണിര കൂട്ടത്തോടെ ചത്തൊടുങ്ങുന്നതു കാലാവസ്ഥ തകിടം മറിയുന്നതിന്റെ സൂചന. മുൻ വർഷങ്ങളിൽ മഴ മാറി ആഴ്ചകൾക്ക് ശേഷമാണ് മണ്ണിരകൾ ചത്തിരുന്നതെങ്കിൽ ഇക്കുറി മഴ പൂർണമായും മാറും മുൻപ് തന്നെ മണ്ണിരകൾ ചത്തൊടുങ്ങുകയാണ്. മഴ മാറിയതിനു ശേഷം ഇടയ്ക്ക് മഴയുണ്ടെങ്കിലും ശക്തമായ ചൂട് തന്നെയാണ് മണ്ണിര കൂട്ടത്തോടെ ചാകുന്നതിനു കാരണം. മഴയ്ക്ക് ശേഷം കാലാവസ്ഥ തകിടം മറിയുന്നതോടെയാണ് മണ്ണിര കൂട്ടത്തോടെ ചാകുന്നത്.

മണ്ണിന്റെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങൾ മൂലം സുരക്ഷിത സ്ഥാനം തേടി കുടിയേറ്റം നടത്തുമ്പോഴാണ് മണ്ണിരകളുടെ കൂട്ടമരണങ്ങളുണ്ടാകുന്നത് എന്ന് എംജി സർവകലാശാലയിലെ സീനിയർ റിസർച്ച് അസോഷ്യേറ്റ് ഡോ. പ്രശാന്ത് നാരായണൻ കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. നെൽവയലുകൾ വ്യാപകമായി തരം മാറ്റി മറ്റു കൃഷികളിലേക്കു മാറിയതോടെ മണ്ണിന്റെ ജലസംഭരണ ശേഷിയിൽ മാറ്റംവന്നു. മഴ നിലച്ചു പൊടുന്നനെ വെയിൽ വന്നതോടെ മണ്ണിലെ ഈർപ്പം കുറഞ്ഞു. ഈർപ്പം കുറഞ്ഞ മണ്ണിൽ മണ്ണിരകൾക്കു ജീവിക്കാനാകില്ല. ചൂടുകുറഞ്ഞ രാത്രികാലങ്ങളിൽ ഇവ മണ്ണിനു പുറത്തെത്തി സുരക്ഷിതസ്ഥാനങ്ങൾ തേടിപ്പോകും. എന്നാൽ, സുരക്ഷിതസ്ഥാനത്തേക്കു എത്തുന്നതിന് മുൻപു നേരം പുലരുകയും വെയിൽ ആവുകയും ചെയ്യുന്നതോടെയാണ് ഇവ ചാകുന്നത്.

4 വർഷം മുൻപും കഴിഞ്ഞ 2 വർഷവും ഇതേ പ്രതിഭാസമുണ്ടായിട്ടുണ്ട്. മണ്ണ് ചുട്ടുപൊള്ളുന്നതാണ് മണ്ണിര ചാകുന്നതിന് കാരണമെന്ന് കഴിഞ്ഞ വർഷം അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രവും സ്ഥിരീകരിച്ചിരുന്നു. ചൂടിനനുസരിച്ച് വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നത് ഡക്കാൻ പീഠഭൂമി പ്രദേശത്തെ മണ്ണിന്റെ സവിശേഷതയാണ്. ഇതിന്റെ ഭാഗമായി മണ്ണു വിണ്ടുകീറി മേൽ മണ്ണിന്റെ ഈർപ്പം നഷ്ടപ്പെടുമ്പോൾ തണുപ്പു തേടി മണ്ണിനുള്ളിലേക്ക് നീങ്ങുകയാണ് മണ്ണിരകളുടെ പതിവ്. എന്നാൽ, ഇതിന് വിപരീതമായി മുകളിലേക്ക് വരുമ്പോൾ കൊടുംചൂടിൽ ചത്തൊടുങ്ങുന്നു. കളനാശിനിയും മറ്റും അമിതമായി പ്രയോഗിച്ച സ്ഥലങ്ങളിൽ മണ്ണിരകൾ കൂട്ടമായി ചത്തൊടുങ്ങുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ, ചൂടുകാരണം ഇങ്ങനെ സംഭവിക്കുന്നത് ഇപ്പോൾ എല്ലാം വർഷവും തുടരുകയാണ് എന്നും പറയപ്പെടുന്നു. കഴിഞ്ഞ പ്രളയ ശേഷമുണ്ടായ പ്രതിഭാസങ്ങൾ തന്നെയാണ് ഇക്കുറിയും കാണുന്നത്.

കേരളത്തില്‍ ആദ്യമായി നടന്ന വാഹനാപകട മരണം ഓര്‍മപ്പെടുത്തി കേരള പൊലീസ്. 105 വര്‍ഷം മുമ്പ് 1914ല്‍ കായംകുളത്ത് നടന്ന അപകടത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് പൊലീസ് ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്നത്. സെപ്തംബര്‍ 22ന് നടന്ന അപകടത്തില്‍ കേരള കാളിദാസന്‍ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ മരിച്ചിരുന്നു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ കുറുകെ ചാടിയ പട്ടിയെ കണ്ട് ഡ്രൈവര്‍ കാര്‍ വെട്ടിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്.

കേരളാ പൊലീസ് ഫേസ്ബുക്ക് പേജിലിട്ട കുറിപ്പ്

കേരളത്തിലെ ആദ്യ വാഹനാപകട മരണത്തിന്‌ 105 വർഷം. 1914 സെപ്‌തംബർ 20ന്‌ കായംകുളത്തിനടുത്തായിരുന്നു അപകടം. അപകടത്തിൽ മരണപ്പെട്ടത് കേരള കാളിദാസൻ കേരളവർമ വലിയ കോയിത്തമ്പുരാൻ. സെപ്റ്റംബർ 22ന്‌ അദ്ദേഹം മരിച്ചു. വൈക്കം ക്ഷേത്രദർശനം കഴിഞ്ഞ്‌ തിരുവനന്തപുരം കൊട്ടാരത്തിലേക്ക്‌ മടങ്ങവേ കായംകുളം കുറ്റിത്തെരുവ്‌ ജങ്‌ഷനിലാണ്‌ കാർ മറിഞ്ഞത്‌. മരുമകൻ കേരള പാണിനി എ ആർ രാജരാജവർമയും കൂടെയുണ്ടായിരുന്നു.

ചികിത്സയിലിരിക്കെ എ ആർ രാജരാജവർമയുടെ മാവേലിക്കരയിലെ കൊട്ടാരത്തിലായിരുന്നു അന്ത്യം. നായ കുറുകെ ചാടിയതോടെ ഡ്രൈവർ കാർ വെട്ടിച്ചതാണ്‌ അപകടത്തിനിടയാക്കിയത്‌. ‘‘അടുത്ത വീട്ടിലെത്തിച്ച്‌ വെള്ളം നൽകി വിശ്രമിച്ചശേഷമാണ്‌ മാവേലിക്കര കൊട്ടാരത്തിലെത്തിച്ചത്‌’’

എ ആർ രാജരാജവർമയുടെ ഡയറികുറിപ്പിൽ അപകടത്തെക്കുറിച്ച്‌ ഇങ്ങനെ പറയുന്നു. ‘ആണ്ടുതോറുമുള്ള വൈക്കം ക്ഷേത്രദർശനത്തിന്‌ കൊല്ലത്തെത്തിയപ്പോഴേ മടക്കയാത്രയ്‌ക്ക്‌ കാറുമായി വരണമെന്ന്‌ തമ്പുരാൻ പറഞ്ഞു. കുറ്റിത്തെരുവുപാലം കഴിഞ്ഞതോടെ നായ കുറുകെ ചാടി. അമ്മാവൻ ഇരുന്ന ഭാഗത്തേക്ക്‌ കാർ മറിഞ്ഞു. നെഞ്ചിന്റെ വലതുഭാഗം കാറിലോ നിലത്തോ ഇടിച്ചിട്ടുണ്ടാവാം. പുറമെ പരിക്കില്ലായിരുന്നു. പരിചാരകൻ തിരുമുൽപാടിന്റെ കാലൊടിഞ്ഞു. എനിക്കോ ഡ്രൈവർക്കോ പരിക്കേറ്റില്ല. ഉടനെ കൊട്ടാരത്തിലെത്തി വലിയത്താൻ ഡോക്ടറെ കാണിച്ചു. രണ്ടാംദിവസമാണ്‌ ശ്വാസോഛ്വാസത്തിനു വേഗത കൂടിയതും എന്റെ കൈകളിലേക്കു ചാരി അന്ത്യശ്വാസം വലിച്ചതും.’

എ ആറിന്റെ മക്കൾ ഭാഗീരഥി അമ്മ തമ്പുരാനും എം രാഘവവർമ രാജായും ചേർന്നെഴുതിയ ‘എ ആർ രാജരാജവർമ’ പുസ്‌തകത്തിലാണ്‌ ഡയറിക്കുറിപ്പുള്ളത്‌.

കേന്ദ്ര പരിസ്ഥിതി സഹമന്ത്രി ബാബുൽ സുപ്രിയോ ജാദവ്പൂർ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയെ കയ്യേറ്റം ചെയ്യുന്നതിന്റെ ഫോട്ടോ ‘ദി ടെലിഗ്രാഫ്,’ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്ന് ബാബുൽ സുപ്രിയോ ‘ദി ടെലിഗ്രാഫ്’ ദിനപത്രത്തിന്റെ പത്രാധിപരും മലയാളിയുമായ ആർ. രാജഗോപാലിനെ ഭീഷണിപ്പെടുത്തി. ശനിയാഴ്ചയാണ് ബാബുൽ സുപ്രിയോ പത്രാധിപരെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. അതേസമയം ബാബുൽ സുപ്രിയോ എഡിറ്റർ ആർ. രാജഗോപാലിനെ ഭീഷണിപ്പെടുത്തി തൊട്ടടുത്ത ദിവസം തന്നെ മന്ത്രിയുടെ ഭീഷണി തന്നെ വാർത്തയാക്കി ‘ദി ടെലിഗ്രാഫ്’ തിരിച്ചടിച്ചു.

ശനിയാഴ്ച വൈകുന്നേരം, ടെലിഗ്രാഫിന്റെ സായാഹ്ന വാർത്താ യോഗത്തിനിടെ, രാജഗോപാലിന് ബാബുൽ സുപ്രിയോയിൽ നിന്ന് ഒരു കോൾ ലഭിച്ചു, തുടർന്ന് മന്ത്രി പത്രാധിപരിൽ നിന്നും പത്രത്തിൽ നിന്നും ‘സൗഹാര്‍ദ്ദപരമായ ക്ഷമാപണം’ ആവശ്യപ്പെടുകയായിരുന്നു. പത്രത്തിന്റെ എഡിറ്ററെ ഫോണിൽ വിളിച്ചിരുന്നതായി ബാബുൽ സുപ്രിയോ തന്നെ ട്വീറ്റിൽ പ്രഖ്യാപിച്ചു. “ദി ടെലിഗ്രാഫ് പത്രത്തിന്റെ അഹങ്കാരിയായ എഡിറ്റർ മിസ്റ്റർ രാജഗോപാലിനെ ഞാൻ ടെലിഫോണിൽ വിളിക്കുകയും അദ്ദേഹം വൃത്തികെട്ട ഭാഷയിൽ എന്നെ അധിക്ഷേപിക്കുകയും ചെയ്തു. ഒരു ജെ‌.യു വിദ്യാർത്ഥിയുടെ കുത്തിന് ഞാൻ പിടിച്ചെന്ന തെറ്റായ വാർത്ത ഒന്നാം പേജിൽ തന്നെ പത്രം കൊടുത്തു, യഥാർത്ഥത്തിൽ സംഭവിച്ചത് നേരെ തിരിച്ചായതിനാൽ തന്നെ ഒരു ചെറിയ ക്ഷമാപണം അച്ചടിക്കണമെന്ന് ആവശ്യപ്പെട്ടതിനായിരുന്നു ഇത്,” കേന്ദ്രസഹമന്ത്രി ശനിയാഴ്ച ട്വീറ്റ് ചെയ്തു.

ദി ടെലിഗ്രാഫിൽ നിന്ന് ക്ഷമാപണം ബാബുൽ സുപ്രിയോ ആവശ്യപ്പെട്ടതായി ദി ടെലിഗ്രാഫിൽ ഞായറാഴ്ച വന്ന ലേഖനത്തിൽ പറയുന്നു. എന്തിനാണ് ക്ഷമാപണം നടത്തേണ്ടതെന്ന് പത്രാധിപർ ആർ. രാജഗോപാൽ അദ്ദേഹത്തോട് ചോദിച്ചപ്പോൾ, “ഞാൻ ആരെയും കുത്തിന് പിടിച്ചിട്ടില്ല, പകരം എന്റെ ഷർട്ട് വലിച്ചുകീറി എന്നെ തള്ളിമാറ്റുകയായിരുന്നു. അത് ഒരു പെൺകുട്ടിയായിരുന്നില്ല മറിച്ച് വീഡിയോയിൽ വ്യക്തമായി കാണുന്നതുപോലെ താടിയുള്ള ഒരു പയ്യനായിരുന്നു. തെറ്റായതും പക്ഷപാതപരവുമായ റിപ്പോർട്ടിംഗിന് ടെലിഗ്രാഫ് നാളെ ക്ഷമ ചോദിക്കുന്നില്ലെങ്കിൽ, ഞാൻ കേസെടുക്കും ” എന്ന് ബാബുൽ സുപ്രിയോ പറഞ്ഞു.

സംഭാഷണത്തിന്റെ ഒരു ഘട്ടത്തിൽ, താൻ ഒരു കേന്ദ്രമന്ത്രിയോട് സംസാരിക്കുന്നതെന്ന് ബാബുൽ സുപ്രിയോ എഡിറ്ററെ ഓർമ്മപ്പെടുത്തി, എന്നിട്ട് രാജഗോപാലിനോട് ചോദിച്ചു, “നിങ്ങൾ ഒരു മാന്യനല്ലേ?” ഇതിന് എഡിറ്റർ ഇങ്ങനെ മറുപടി നൽകി: “ഞാൻ ഒരു മാന്യനല്ല, ഞാൻ ഒരു പത്രപ്രവർത്തകനാണ്…. നിങ്ങൾ ഒരു കേന്ദ്ര മന്ത്രിയാകാം, പക്ഷേ ഞാൻ ഈ രാജ്യത്തെ ഒരു പൗരനാണ്. ”

ടെലിഗ്രാഫ് പറയുന്നതനുസരിച്ച്, മറ്റൊരു ഘട്ടത്തിൽ, മന്ത്രി രാജഗോപാലിനോട് ചോദിച്ചു, “നിങ്ങളെ ആരെങ്കിലും വിലക്കെടുത്തിരിക്കുകയാണോ? (“Are you sold out? Are you f***ing sold out?”) തുടർന്ന് പ്രസിദ്ധീകരണം ഇരുവരുടെയും സംഭാഷണത്തെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിക്കുമെന്ന് പ്രസ്താവിച്ചുകൊണ്ട് എഡിറ്റർ കോൾ വിച്ഛേദിച്ചു.

സംഭാഷണം രണ്ട് വ്യക്തികൾ തമ്മിലുള്ള ആശയവിനിമയത്തിന് അപ്പുറത്തേക്ക് പോയതിനാലാണ് ലേഖനം പ്രസിദ്ധീകരിക്കുന്നതെന്ന് ടെലിഗ്രാഫ് അറിയിച്ചു. ഒരു ചെറിയ ക്ഷമാപണത്തിനായുള്ള അഭ്യർത്ഥനയിൽ തുടങ്ങി “ഒരു പത്രത്തെ വരുതിയിലാക്കാൻ“ സർക്കാരിന്റെ ഒരു പ്രതിനിധി ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നതെങ്ങനെ എന്ന് ഇതിൽ നിന്നും വ്യക്തമാണെന്നും ടെലിഗ്രാഫ് പറയുന്നു.

ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ എ.ബി.വി.പി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ ബാബുല്‍ സുപ്രിയോയെ ഇടതുപക്ഷ വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് വിദ്യാര്‍ഥികളുമായി ഉണ്ടായ തര്‍ക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

കൗണ്ടറുകൾ തുറന്ന് രണ്ട് ദിവസത്തിനുള്ളിൽ ഐ‌.ആർ‌.സി‌.ടി‌.സി ഓടിക്കുന്ന ആദ്യത്തെ ട്രെയിനായ തേജസ് എക്സ്പ്രസിൽ ലഖ്‌നൗ മുതൽ ന്യൂഡൽഹി വരെയും തിരിച്ചും രണ്ടായിരത്തിലധികം യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

തേജസ് ട്രെയിനുകളുടെ ബുക്കിംഗ് – ലഖ്‌നൗവിൽ നിന്ന് ഡൽഹിയിലേക്കുള്ള 82501, ഡൽഹിയിൽ നിന്ന് ലഖ്‌നൗവിലേക്കുള്ള 82502 നമ്പർ ശനിയാഴ്ച ആരംഭിച്ചു.

ഞായറാഴ്ച വൈകുന്നേരം വരെ, ലഖ്‌നൗവിൽ നിന്ന് ദില്ലിയിലേക്കുള്ള തേജസ് ട്രെയിനിൽ 749 ബുക്കിംഗുകളാണുള്ളത്. മടക്കയാത്രയിൽ 1,549 യാത്ര, നവംബർ 20 വരെ എടുക്കാനുണ്ടെന്നു അധികൃതർ അറിയിച്ചു.

മിക്ക ബുക്കിങ്ങുകളും ദീപാവലിക്ക് തൊട്ടുമുമ്പുള്ള ഒക്ടോബർ 23 നും ഒക്ടോബർ 26 നും ഇടയിലാണ്.

ഇന്ത്യൻ റെയിൽ‌വേയുടെ അനുബന്ധ സ്ഥാപനമായ ഐ‌ആർ‌സി‌ടി‌സി (ഇന്ത്യൻ റെയിൽ‌വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ) പൂർണ്ണമായും പ്രവർത്തിപ്പിക്കുന്ന ആദ്യ ട്രെയിനാണിത്, കൂടാതെ ചില ട്രെയിനുകളുടെ സ്വകാര്യവൽക്കരണത്തിലേക്കുള്ള ഇന്ത്യൻ റെയിൽവെയുടെ ആദ്യ പടികൂടിയാണിത്.

ലോകോത്തര പാസഞ്ചർ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി സ്വകാര്യ ഓപ്പറേറ്റർമാരെ കൊണ്ടുവരുമെന്ന് രണ്ടാം മോദി സർക്കാരിനന്റെ ആദ്യ 100 ദിവസത്തെ ഭരണത്തിന് കീഴിൽ ഉള്ള റെയിൽ‌വേയുടെ അജണ്ടയിൽ പ്രഖ്യാപിച്ചിരുന്നു. ചില ട്രെയിനുകൾ സ്വകാര്യ കമ്പനികൾക്ക് കൈമാറാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്.

തേജസ് എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാർക്ക് ആദ്യമായി കോംബോ ഭക്ഷണം തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും – എസി ചെയർ കാറിന് 185 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 245 രൂപയും ആയിരിക്കും ലഖ്‌നൗ മുതൽ ഡൽഹി വരെ മുഴുവൻ യാത്ര ദൈർഘ്യത്തിനും ഉള്ള കാറ്ററിംഗ് ചാർജുകൾ. ഇത് ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പരമാവധി നിരക്ക് (ഡൽഹി മുതൽ ലഖ്‌നൗ വരെ) യഥാക്രമം 340 രൂപയും 385 രൂപയും ആയിരിക്കും.

രണ്ട് കാറ്റഗറി യാത്രക്കാർക്കും ട്രൈനിൽ കയറിയ ഉടൻ ഉന്മേഷ പാനീയങ്ങൾ ലഭിക്കും. ഇതിൽ രണ്ട് ഓപ്ഷനുകൾ ഉണ്ടായിരിക്കും – ടീ / കോഫി (പ്രീ-മിക്സ് കിറ്റ്), കുക്കികൾ (ചെയർ കാർ), എക്സിക്യൂട്ടീവ് ക്ലാസ്സിന് പ്രീമിയം കുക്കികൾ.

ഓപ്ഷൻ 2 – കുക്കികൾ (സിസി) ഉള്ള പ്രീ-പാക്കേജുചെയ്ത നിംബൂ പാനി; എക്സിക്യൂട്ടീവ് ക്ലാസിലെ നിംബൂ പാനിക്ക് പകരമായി ഫ്ലേവർഡ് ലസ്സി.

പ്രഭാതഭക്ഷണത്തിനായി, യാത്രക്കാർക്ക് വെജിറ്റേറിയൻ കോംബോയിൽ നിന്ന് രണ്ട് പച്ചക്കറി കട്ട്ലുകളും പോഹയോ തിരഞ്ഞെടുക്കാം. മറ്റേതിൽ വെർമിസെല്ലി, തേങ്ങ ചട്ണി എന്നിവയുള്ള പച്ചക്കറി ഊത്തപ്പം രണ്ടെണ്ണം. മറ്റ് കോംബോയിൽ മെഡു വാഡയുടെ രണ്ട് കഷണങ്ങളും സുജി ഉപ്മയും തേങ്ങ ചട്ണിയും ഉൾപ്പെടുന്നു. നോൺ-വെജിറ്റേറിയൻ ഓപ്ഷനും ലഭ്യമാണ്, ഇതിൽ മസാല ഓംലെറ്റ്, സൗട്ട് (sautéd) പച്ചക്കറികൾ എന്നിവ ഉൾപ്പെടുന്നു.

ഈ എല്ലാ കോമ്പോകളിലും എക്സിക്യൂട്ടീവ് ക്ലാസ് യാത്രക്കാർക്ക് അധിക കോൺ‌ഫ്ലെക്കുകൾ, പഞ്ചസാര സാച്ചെറ്റ്, പാൽ എന്നിവ നൽകും. ബ്രാൻഡഡ് മിഷ്തി ദഹി / മാമ്പഴ ദഹി, രണ്ട് കഷ്ണം ബ്ര ൺ ബ്രെഡ്, വെണ്ണ, തക്കാളി കെച്ചപ്പ്, ബ്രാൻഡഡ് ഫ്രൂട്ട് ജ്യൂസ്, ടീ / കോഫി കിറ്റ്, ഉപ്പും കുരുമുളകും, മൗത്ത് ഫ്രെഷനർ എന്നിവയും യാത്രക്കാർക്ക് ഓർഡർ ചെയ്യാവുന്നതാണ്.

യാത്ര അവസാനിക്കുന്നതിന് തൊട്ടുമുമ്പ്, യാത്രക്കാർക്ക് പ്രീമിക്സ് ചായ / കോഫി ചെറിയ മസാല സമോസ / ബ്രാൻഡഡ് കുക്കികൾ പോലുള്ള ലഘു ഉന്മേഷം നൽകും; എക്സിക്യൂട്ടീവ് ക്ലാസ്സിന് ഇതോടൊപ്പം അധികമായി മഫിൻ / കേക്ക് കഷ്ണം എന്നിവ നൽകും.

തേജസ് എക്സ്പ്രസ് ഒക്ടോബർ 4 ന് കന്നിയാത്ര തുടങ്ങുകയും അടുത്ത ദിവസം മുതൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യും

പാല ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തന്നെ തുടരുമെന്ന്് എക്‌സിറ്റ്‌പോള്‍ ഫലം. 48 ശതമാനം വോട്ടുകള്‍ നേടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം വിജയിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസും എ ഇസഡ് റിസര്‍ച്ച് പാര്‍ട്‌ണേഴ്‌സും ചേര്‍ന്ന് പാലായില്‍ നടത്തിയ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 32 ശതമാനം വോട്ടുകള്‍ നേടാനേ സാധിക്കൂ. ബിജെപി 19 ശതമാനവും മറ്റുള്ളവര്‍ ഒരു ശതമാനവും വോട്ടുകള്‍ നേടും.

പാലയില്‍ 2016നെക്കാളും വികച്ച വിജയം യു.ഡി.എഫ് കരസ്ഥമാക്കുമെന്നും വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കുമെന്നും എക്‌സിറ്റ്‌പോളില്‍ പറയുന്നു. 2016 ല്‍ 42 ശതമാനം വോട്ടുവിഹതം കരസ്ഥമാക്കിയ യു.ഡി.എഫ് ഇത്തവണ 48 ശതമാനമായി വോട്ടുവിഹിതം ഉയര്‍ത്തും.

ഇതേ സമയം ഇടതുപക്ഷത്തിന്റെ വോട്ടുവിഹിതത്തില്‍ വലിയ കുറവുണ്ടാകുമെന്നും പറുന്നു. 2016 ല്‍ 39 ശതമാനം വോട്ടുവിഹിതം നേടിയടത്ത് ഇത്തവണ 32 ശതമാനമായി കുറയുമെന്നും പറയുന്നു.

പാലായില്‍ ആകെ 1,79,107 വോട്ടര്‍മാരാണ് ഉള്ളത്. 2016 ല്‍ കെ.എം മാണ് 58,884 വോട്ടുകളും മാണി സി കാപ്പന്‍ 54,181 വോട്ടുകളും എന്‍. ഹരി 24,821 വോട്ടുകളും നേടിയിരുന്നു.

യു.ഡി.എഫ് വിജയം സുനിഛിതമാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പ്രതികരിച്ചു. പാല യു.ഡി.എഫിന്റെയും മാണി സാറുടെയുമാണ്. ഇക്കാലവും അത് നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

പാല ഉപതെരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ആറുമണി വരെ 71.41 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കനത്ത മഴയെ അവഗണിച്ചും ഒരുപാട് ആളുകള്‍ വോട്ട് ചെയ്യാനെത്തി. അവസാന മണിക്കൂറുകളിലാണ് താരതമ്യേന പോളിങ്ങ് ശതമാനം കുറഞ്ഞത്.

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിങ്. അന്തിമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നിലവില്‍ 71.43 ശതമാനമാണ് പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 27നാണ് വോട്ടെണ്ണല്‍. മണ്ഡലത്തിലെ 176 ബൂത്തുകളിലും വിവിപാറ്റ് മെഷീന്‍ ഉപയോഗിച്ചു.

ആകെ 1,79,107 വോട്ടര്‍മാരാണ് പാലായിലുള്ളത്. ഇതില്‍ 1,27,942 പേര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍, യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം, എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ ഹരി എന്നിവരടക്കം 13 പേരാണ് മത്സര രംഗത്ത്.

മാണി സി കാപ്പന്‍ കാനാട്ടുപാറ ഗവ.പോളിടെക്നിക്ക് കോളേജിലെ 119ാം ബൂത്തില്‍ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി. ഭാര്യ ആലീസ്, മക്കളായ ടീന, ദീപ എന്നിവരും അദ്ദേഹത്തോടൊപ്പം വോട്ട് ചെയ്യാനെത്തിയിരുന്നു.

പാലായില്‍ എല്‍ഡിഎഫിന് വന്‍ വിജയമുണ്ടാകുമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. കെ എം മാണിക്ക് ശേഷം പാലായെ മറ്റൊരു മാണി നയിക്കുമെന്നും വോട്ടെണ്ണല്‍ ദിവസവും ഇതേ സന്തോഷത്തോടെ പ്രതികരിക്കുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മാണി സി കാപ്പന്‍ പ്രതികരിച്ചു.

ഉപതെരഞ്ഞെടുപ്പ് നടന്ന പാലായില്‍ വോട്ടെടുപ്പിന് പിന്നാലെ പ്രാദേശിക നേതാവിനെ ബിജെപിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പാലാ നിയോജക മണ്ഡലം പ്രസിഡന്റ് കൂടിയായ ബിനു പുളിക്കക്കണ്ടത്തിന് എതിരെയാണ് നടപടിയുണ്ടായത്.

പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ് എന്‍ ഹരിയാണ് നടപടിയെടുത്തത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് അന്വേഷണ വിധേയമായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

കൊച്ചി നഗരസഭയുടെ അഗതിമന്ദിരത്തില്‍ സ്ത്രീകള്‍ക്ക് ദേഹോപദ്രവം ഏല്‍പിച്ച കേസില്‍ പ്രതിയായ സൂപ്രണ്ട് അന്‍വര്‍ ഹുസൈന്‍ അറസ്റ്റില്‍. സംഭവത്തില്‍ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കാന്‍ ജില്ല കലക്ടര്‍ നേരത്തെ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. അഗതിമന്ദിരത്തിലെ അന്തേവാസിയായ മകളെയും അമ്മയെയും ദേഹോപദ്രവമേല്‍പ്പിച്ചുവെന്നാണ് കേസ്.

ചേർത്തല സ്വദേശിയായ അമ്മയ്ക്കും മകൾക്കുമാണ് അഗതിമന്ദിരത്തിലെ സൂപ്രണ്ടിന്റെ മർദ്ദനമേറ്റത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മകളെ, അമ്മ കുറച്ചുനാൾ മുൻപ് കൊച്ചി കോർപ്പറേഷന് കീഴിലെ അഗതിമന്ദിരത്തിൽ എത്തിച്ചിരുന്നു. അസുഖം മാറിയ മകളെ അഗതിമന്ദിരത്തിലെ സുപ്രണ്ട് അൻവർ ഹുസൈൻ അനധികൃതമായി സ്വന്തം വീട്ടിലെ ജോലികൾ ചെയ്യിപ്പിക്കുന്നതായും എടിഎം കാർഡിൽ നിന്ന് പണം പിൻവലിച്ചിരുന്നതായും പരാതിയുണ്ട്. ഇതേക്കുറിച്ച് ചോദിക്കാനെത്തിയ അമ്മയേയും മകളേയും സൂപ്രണ്ട് മുറിക്കുള്ളിൽ നിന്ന് പിടിച്ചുതള്ളുകയും മർദ്ദിക്കുകയും ചെയ്തു.

ഈ മാസം പതിനാറിന് സൂപ്രണ്ടിനെതിരെ കൊച്ചി നഗരസഭ മേയർക്ക് മകൾ പരാതി നൽകിയിരുന്നു. സ്ത്രീകളെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനും കെ കെ ശൈലജ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. സംഭവത്തിന്റെ റിപ്പോർട്ട് നൽകാൻ പൊലീസിനോട് ജില്ലാ കളക്ടറും ആവശ്യപ്പെട്ടിരുന്നു.

ദുബായ് എക്സ്പോ ട്വൻറി ട്വൻറിയിലെ ഇന്ത്യൻ പവലിയൻറെ നിർമാണത്തിനു തുടക്കം. കേന്ദ്രവാണിജ്യ റയിൽ മന്ത്രി പിയൂഷ് ഗോയലിൻറെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം എക്സ്പോ വേദി സന്ദർശിച്ചു. ദുബായ് എക്സ്പോയിലെ ഏറ്റവും വലിയ പവലിയനുകളിലൊന്നായിരിക്കും ഇന്ത്യയുടേത്.

അടുത്തവർഷം ഒക്ടോബർ 20 മുതൽ 2022 ഏപ്രിൽ പത്തുവരെ നീളുന്ന എക്സ്പോയിൽ ഇന്ത്യ അടക്കം 192 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. 4,800 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നാലു നിലകളിലായുള്ള ഇന്ത്യൻ പവലിയൻ 484 കോടിയോളം രൂപാ ചെലവിലാണ് നിർമിക്കുന്നത്. സാങ്കേതികമേഖലകളിലടക്കമുള്ള ഇന്ത്യയുടെ മുന്നേറ്റവും സാംസ്കാരിക വൈവിധ്യവും അവതരിപ്പിക്കുന്നതായിരിക്കും പവലിയനെന്നു വാണിജ്യ റയിൽ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.

ഓപ്പർച്യൂണിറ്റി മേഖലയിൽ പ്ലാസ, പവലിയൻ എന്നീ രണ്ടു കെട്ടിട സമുച്ചയങ്ങളാവും ഉയരുക. എക്സ്പോ തീരുന്നതോടെ പ്ലാസ പൊളിച്ചുനീക്കും. സ്ഥിരം നിർമിതിയായ പവലിയൻ വാണിജ്യ, വ്യാപാര, സാംസ്കാരിക കേന്ദ്രമായി തുടരും. പവലിയൻറെ പ്രവേശനകവാടത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമസ്ഥാപിക്കും. ഇന്ത്യൻ സ്ഥാനപതി നവ് ദീപ് സിങ് സുരി, കോൺസൽ ജനറൽ വിപുൽ, പ്രവാസിവ്യവസായികളായ എം.എ.യൂസഫലി, ബി.ആർ.ഷെട്ടി, ആസാദ് മൂപ്പൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Copyright © . All rights reserved